കരച്ചിലും ചോരയും ചേർന്ന്
എന്റെ ഉടലിൽ
ഒരു കുപ്പായം
വരച്ചുചേർത്തിരുന്നു.
വേദനയും നിരാശയും
ചേർന്ന് ശിരസ്സിൽ
ഇരുട്ട് കത്തിച്ചിരുന്നു.
മഴനൂലിനാൽ വാനം
എന്റെ മുറിവുകൾ തുന്നുന്നു
പ്രണയം പുതപ്പിച്ച് കാറ്റ്
നെറുകയിൽ മുത്തുന്നു.
മിഴികളടയുന്നു
കിനാക്കൾ മറയുന്നു.
ഞാൻ
ഒരു സ്ഫടിക നൗകയിൽ കയറി
വിജനമായ
ഹരിതദ്വീപിലേക്കടുക്കുന്നു.
ഇപ്പോൾ ഒരു
കാട് കാണുകയാണ്.