അത്യാവശ്യം ചുറ്റിക്കളികളുമായി കറങ്ങിനടന്ന അളിയനെ ഉപരിപഠനത്തിനായാണ് ബാംഗ്ലൂർക്കയച്ചത്. ഓരോ പ്രാവശ്യം അവധിക്ക് വരുമ്പോഴും മകൻ കൂടുതൽക്കൂടുതൽ ഗൗരവമുള്ളവനായി മാറുന്നതും ദീനിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലു
ത്തുന്നതും കണ്ട് ബാപ്പ സന്തോഷിച്ചു.
”കുതരവ്ട്ട്‌നടന്ന ചെക്കന് അവടെച്ചെന്ന്ട്ടിച്ചി മാറ്റൊക്കെണ്ട്‌ലെ ലൈലാബ്യേ”.
ഉമ്മയും അതിൽ തൃപ്തയാ യിരുന്നു. മാസങ്ങൾ പലതു കഴിഞ്ഞു. മകൻ പഠനം മുഴുമിക്കാതെ ഒരുനാൾ തിരിച്ചുവരുന്നതുകണ്ട് വീട്ടുകാർ അന്തിച്ചുനിന്നു. ക്ലീൻഷേവ് ചെയ്ത് പാന്റും ടീ ഷർട്ടും ധരിച്ച് ചെത്തിനടന്ന ചെക്കൻ തൊപ്രത്താടിയും വെളുത്ത് നീണ്ട ജുബ്ബയും മടക്കിക്കുത്താൻ കഴിയാത്തത്ര ഇറക്കം കുറഞ്ഞ മുറിമുണ്ടും വെള്ളത്തൊപ്പിയും വച്ച് വരുന്നതുകണ്ട് ഞാൻ
മൂക്കത്ത് വിരൽവച്ചു. അൽപ്പം അന്ധാളിപ്പോടെ ഞാനവനോട്‌ചോദിച്ചു.
”എന്താ മുനീറേ ഈ വേഷം?”
”ഞമ്മളെ വേശോം ജീവിതോന്നും ശെര്യല്ലള്യാക്കാ, ഞമ്മള് ഇസ്ലാമല്ലേ, മറ്റു സമുദായങ്ങളെപ്പോലെ ജീവിച്ചാൽപോര. എന്തിനും ഒരു മാറ്റം വേണം” അവൻ നിസംഗതയോടെ മറുപടി പറഞ്ഞു.
ഞാനമ്പരന്നു. ഇപ്പോഴവന് ഒരു മുപ്പത് വയസ്സെങ്കിലും കൂടുതലുള്ളതുപോലെ തോന്നി. ഞാനവനോട് ചോദിച്ചു.
”ഈ തൊപ്രത്താടി വടിക്കരുതോ?”
അവൻ പറഞ്ഞു: ”പാടില്ല, നബി താടി വടിച്ചിരുന്നില്ല”.
”എന്നാൽ ഇതൊന്നു ചീകി ഒതുക്കി ഡ്രസ് ചെയ്യരുതോ”.
”അതും പാടില്ല. നബി താടിയുടെ അറ്റം വലിച്ചുപിടിച്ച് കത്തികൊണ്ട് മുറിക്കുകയാണ് ചെയ്തിരുന്നത്”.
അതു കേട്ടെനിക്ക് ചിരിവന്നു.
”ആയിരത്തഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്നത്തത്ര സാങ്കേതികവിദ്യകളൊന്നും പുരോഗമിച്ചിരുന്നില്ല. അന്ന് സ്വിസ് ബ്ലൈഡോ, ഗില്ലറ്റ് ഷേവിംഗ് സെറ്റോ, കത്രികകളോ ഒന്നുമില്ലാത്തതിനാൽ നബി താടി വലിച്ചു പിടിച്ച് കത്തിയുപയോഗിച്ച് മുറിച്ചു.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നീയിതു തുടരുന്നതിൽ ഒരർത്ഥവുമില്ല”.
അവനും വിട്ടുതരാൻ തയ്യാറായിരുന്നില്ല.
”അള്യാക്കാക്കറ്യാഞ്ഞിട്ടാണ്. ഞമ്മളെ ഇസ്ലാമൊന്നും ഇസ്ലാമല്ല. അള്യാക്കാക്ക് കംമ്പ്യൂട്ടററ്യോ? ഇന്റർനെറ്ററ്യോ? ലോകത്ത് എത്രതരം ഇസ്ലാമുണ്ടെന്നും ഏറ്റവും ശെര്യായതേതാണെന്നും
ഇന്റർനെറ്റിലൂടെ ഞമ്മക്ക് മനസ്സിലാകും. നബിന്റെുമ്മത്തീങ്ങള്
കിയാമന്നാളിന്റെ മുമ്പായി എയ്‌വത്തേയ് കൂട്ടരായി പിരിംന്നും,
അയ്‌ലൊര് കൂട്ടര്‌ക്കേ സ്വർഗൊള്ളൂന്നും മുത്ത്‌നബ്യെന്നെ പറഞ്ഞ് ക്ക്ണ്. നബിനെ അതേപടി പിൻപറ്റലാണ് ശെരിക്ക്ള്ളസ്ലാം”.
കംപ്യൂട്ടറും ഇന്റർനെറ്റുമൊന്നും വശമില്ലാത്തതിനാൽ ഞാൻ മിണ്ടാതിരുന്നു. ഇന്റർനെറ്റ് ഇസ്ലാമിനെക്കുറിച്ചും, യുവാക്കൾ അതിലാകൃഷ്ടരായി തൊപ്രത്താടിയും, തൊപ്പിയും വച്ച് നബിയെ
അനുകരിക്കുന്നെന്നവ്യാജേന കൂട്ടമായി ആടിനെത്തീറ്റി നടക്കുന്നതിനെയും, നബി ഒട്ടകപ്പാല് കുടിച്ചിരുന്നതിനാൽ സുന്നത്താണെന്ന് പറഞ്ഞ് ഒട്ടകത്തെക്കൊണ്ടുവന്ന് കറന്ന് ഒട്ടകപ്പാല് കുടിക്കുന്നതിനെയുമൊക്കെ അലസന്മാരെന്നു പറഞ്ഞ് വിമർശിച്ചുനടന്ന എനിക്ക് സ്വന്തം അളിയൻതന്നെ ഇന്റർനെറ്റിസ്ലാമായിത്തീർന്നതിൽ ദു:ഖം തോന്നി. ഞാനവനോടു ചോദിച്ചു.
”നിന്റത്ര വല്യ നിസ്‌കാരത്തഴമ്പില്ലെങ്കിലും അഞ്ച് വക്തും
മുടങ്ങാതെ നിസ്‌കരിക്കുന്ന നിന്റെ ഉമ്മിം ഉപ്പിം ഇസ്ലാമല്ലേ”.
”ഓലെ കാര്യം കാഫിറീങ്ങളെക്കാൾ കഷ്ടാണ്. നരകക്കുണ്ടിലേക്കാണ് ഓലെ പോക്ക്. കാഫിറീങ്ങക്ക് ഇസ്ലാമെന്താന്ന് അറ്യാഞ്ഞിട്ടാണ്. ഞമ്മളത് അറീണോലാണ്. റസൂലിനെ അതേപടി പിൻപറ്റാനാണ് അള്ള പറഞ്ഞത്. അറിഞ്ഞിട്ടും അത് ചെയ്യാത്തതാണ് ഏറ്റവും വല്യ തെറ്റ്”.
എനിക്ക് ദേഷ്യവും സങ്കടവും വന്നു.
”ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിലൊരാളായിരുന്നു പ്രവാചകൻ. ആ ജാഹിലീയ കാലത്തും പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കാൻ ധൈര്യം കാണിച്ച്, ഖുറൈശികളിൽനി
ന്ന് നിരവധി പീഡനങ്ങളും, ത്യാഗങ്ങളുമേറ്റുവാങ്ങേണ്ടിവന്ന ആ തിരുനബിയെ ലോക ജനതയ്ക്കു മുൻപിൽ ഇകഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന നിന്നെപ്പോലുള്ളവരാണ് യഥാർത്ഥ കാഫിരീങ്ങൾ”.
ഞാനവനെ സൂക്ഷിച്ചുനോക്കി. നബി ഇതുപോലായിരുന്നു എന്നാണോ? ബിൻലാദന്റേതിനു സമാനമായ താടിയും ജുബ്ബയും. പോക്കറ്റിൽ പേന കുത്തുന്ന സ്ഥലത്ത് ഒരു കോല് കണ്ട് ആകാംക്ഷയോടെ ഞാനതെടുത്തുനോക്കി. അതിന്റെ അറ്റം നനഞ്ഞിരുന്നു. ഒരു ഉളുമ്പിയമണം. ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു.
”ഇതെന്താണ്?”
”മിസ്‌വാക്ക്, നബി ഇതുകൊണ്ടാണ് പല്ലുതേച്ചിരുന്നത്”.
സംസാരത്തിനിടെ മിസ്‌വാക്കെടുത്ത് അവൻ പല്ല് രാകിക്കൊണ്ടേയിരുന്നു. കഴുകാതെതന്നെ അത് വീണ്ടും പോക്കറ്റിലിട്ടു. എനിക്ക് ഓക്കാനം വന്നു. അത് കഴുകാത്തതെന്താണെന്ന് ഞാൻ
ചോദിച്ചില്ല. നബി കഴുകിയിരുന്നില്ല എന്നാകും അവന്റെ മറുപടി. വെള്ളമില്ലാത്ത മരുഭൂമിയും ജലസമൃദ്ധമായ നമ്മുടെ നാടും
തമ്മിലുള്ള അന്തരം അവനെ ബോധ്യപ്പെടുത്താനോ, അജയ്ക്വസ്റ്റും ഓറൽ-ബി യും ക്ലോസപ്പും അവനെ പരിചയപ്പെടുത്താനോ ഞാൻ മെനക്കെട്ടില്ല. സംസാരത്തിനിടെ ബാംഗ്ലൂരിൽനിന്നും കൊണ്ടുവന്ന തെസ്ബീഹ് മാല അവനെനിക്ക് സമ്മാനിച്ചു. ചിന്തകളാണ് വഴിതെറ്റിക്കുന്നതെന്നും, വേണ്ടാത്ത ചിന്തകൾ വരുമ്പോൾ സ്വലാത്ത് ചൊല്ലാനും അവനുപദേശിച്ചു. പിന്നെ ബാംഗ്ലൂരിൽനിന്നും കൊണ്ടുവന്ന നാലായിരം രൂപ വിലയുള്ള
ശ്രേഷ്ഠം ജുബ്ബയും, ആയിരത്തഞ്ഞൂറ് രൂപ വിലയുള്ള നെല്ലി ഒറ്റമുണ്ടും, രണ്ടായിരത്തഞ്ഞൂറൂ രൂപയുടെ വുഡ്‌ലാന്റ് ചപ്പലും, ഇടത് കൈവിരലിൽ വലിയ പച്ചക്കല്ലുള്ള വെള്ളിമോതിരവുമിട്ട് പുത്തൻ പൾസർ ബൈക്കിൽ കേറി അവനെങ്ങോട്ടോ പറന്നു.
എളിമയോടെ ജീവിച്ച നബിതിരുമേനിയെ അതേപടി പിൻപറ്റുന്നവനെന്നവകാശപ്പെടുന്നവന്റെ പോക്കിനെക്കുറിച്ച് ഞാനോർത്തു. നബി നഗ്നപാദനായിരുന്നു. പൊള്ളുന്ന മരുഭൂമിയിലൂടെ നടന്നോ, ഒട്ടകപ്പുറത്തോ ആയിരുന്നു തിരുമേനിയുടെ യാത്ര. നീ ഒട്ടകപ്പുറത്ത് പോകാത്തതെന്തെന്ന് എനിക്കവനോട് ചോദിക്കാൻ തോന്നി. പട്ടുമെത്തയ്ക്കു പകരം ഈന്തപ്പനയോലയിലായിരുന്നു നബിതിരുമേനിയുടെ നിദ്ര. താടിയും തൊപ്പിയും വേണ്ടാത്ത ഫ
ത്ത്‌വകളുമായി ആ തിരുനബിയെ കുറച്ചുകാണിക്കുന്നവരെ ചാട്ടവാറിനടിക്കാൻ ഇവിടെ ആരുമില്ലല്ലോയെന്നോർത്ത് എനിക്ക് ദു:ഖം തോന്നി.
ഓന്റെയീ കൊമ്മലത്തരങ്ങളൊക്കെ മാറിക്കോളുമെന്ന് ഉമ്മ ബാപ്പാനെ സമാധാനിപ്പിച്ചു. അതിനുവേണ്ടി ഞാനും ചില ശ്രമങ്ങൾ നടത്തിനോക്കി. വായിക്കാൻ പുസ്തകങ്ങൾ കൊടുത്തു,
സിനിമയ്ക്ക് ക്ഷണിച്ചു, പന്തു കളിക്കാൻ വിളിച്ചു, ഒരുപാടുപദേശിച്ചു. പക്ഷെ അവൻ എന്റെ സ്വഭാവം മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ടി.വി കാണാൻ പാടില്ല. സിനിമ കാ
ണാനോ, വായിക്കാനോ, ചിത്രംവരയ്ക്കാനോ, എന്തിന് ഒരു മൂളിപ്പാട്ടുപാടാൻ പോലും പാടില്ല. എല്ലാം ഹറാമാണ്. സ്ത്രീകളുള്ള ഓഫീസുകളിലോ, സ്ത്രീകളുമായി സമ്പർക്കം പുലർത്തേ
ണ്ടിവരുന്നതായ ജോലികളോ പാടില്ലെന്നവൻ കാര്യകാരണസഹിതം ശഠിച്ചു. നിന്റെ പെങ്ങളും കുട്ടികളും പട്ടിണിയാകില്ലേയെന്ന എന്റെ ചോദ്യത്തിന് ‘പടച്ചോനാണ് ബല്യോൻ, ഒക്കെ പടച്ചറബ്ബ് നോക്കിക്കോളും’ എന്ന അവന്റെ മറുപടി കേട്ട് ഞാൻ തരിച്ചുപോയി. ഇത്രേം വല്യ ഈ അണ്ഡകടാഹത്തിലെ കോടാനുകോടി ജീവജാലങ്ങൾക്കിടയിൽ നിന്റെ പെങ്ങളിം കുട്ട്യോളിം കാര്യം കൂടി പടച്ചോനെയേല്പിച്ച് നിന്നെപ്പോലെ ഞാനും ഉത്തരവാദിത്വങ്ങളിൽനിന്നൊഴിഞ്ഞുനിൽക്കുന്നത്, ഞാൻ പടച്ചോനോട് ചെയ്യ്ണ നീതികേടല്ലേയെന്ന എന്റെ ചോദ്യമവൻ കേട്ടില്ലെന്നു നടിച്ചു.
അതിനിടെ അവന് പെണ്ണ് കെട്ടാനൊരു പൂതി കേറി. അവനത് ബാപ്പയോട് തുറന്നു പറയുകയും ചെയ്തു.
”കൂലീംവേലീല്ലാത്ത അനക്ക് എന്തൊലക്ക കണ്ട്ട്ടാ പെണ്ണ് കെട്ടിച്ച് തെര്ണത് കള്ളഹിമാറെ” ബാപ്പ ചൂടായി.
”കൂലീം വേലീല്ലാത്തോലൊന്നും പെണ്ണ് കെട്ട്ണ്‌ല്ലെ?” അവൻ തിരിച്ചടിച്ചു
”ബാപ്പാ പടച്ചോനാണ് ബല്യോൻ, ഒരാണിന് പെണ്ണ് കെട്ടാന് പെണ്ണിന്റ തന്തേന്റെ സമ്മതല്ലാതെ വേറെ ആരെ അനുവാദോം മാണ്ട. പറ്റിയ പെണ്ണിനെ നിക്കാഹ് കയ്ച്ച് ഞാങ്ങട്ട് കൊണ്ട്വോരും”.
വീട്ടുകാരുടെ അനുവാദമില്ലാതെ അവൻ ആരെയെങ്കിലും കൊണ്ടുവന്നാലുള്ള മാനഹാനി ഭയന്നും, പെണ്ണ് കെട്ട്യാലെങ്കിലും ഓന്റെ സ്വഭാവത്തിനൊരു മാറ്റം വരുമെന്ന ഉമ്മയുടെ കണ്ടെത്തലിലും അവസാനം വിവാഹത്തിന് സമ്മതമായി. പർദയിടുന്ന, മഫ്തയിടുന്ന, മുഖത്ത് നിഖാബ് കെട്ടുന്ന, കൈയിൽ ഗ്ലൗസും, കാലിൽ സോക്‌സും ധരിക്കുന്ന, തർക്കുത്തരം പറയാത്ത, നല്ല അടക്കവും ഒതുക്കവും അനുസരണയുമുള്ള ഒരുത്തി.
”ലാ… ഹൗലവലാ…. ഇപ്പത്തെക്കാലത്ത് ഇങ്ങനെ ആരേങ്കിലും കിട്ട്വോ?” അവന്റെ ഡിമാന്റ്‌കേട്ട് ഉമ്മ താടിയിൽ കൈയൂന്നി മൂക്കത്ത് വിരൽ വച്ച് ചോദിച്ചു.
”നൂറാളെ മാണെങ്കിക്കിട്ടും” അവൻ സധൈര്യം മൊഴിഞ്ഞു.
എനിക്ക് ദേഷ്യം വന്നു. ഞാനവനോട് ചോദിച്ചു: ”ഒരാണിന് എന്തുകൊണ്ട് പർദ നിർബന്ധമില്ല?”
”ആണിന്റെ ഔറത്ത് മുട്ട് പുക്കിളിന്റെ എടീല്ള്ള ഭാഗാണ്, സ്ത്രീ മുഴുവൻ ഔറത്താണ്”.
”എന്തുകൊണ്ട്?”
”ഒരു പെണ്ണിന്റെ മുഖമോ, മുടിയോ, കൈയോ എന്തെങ്കിലും കണ്ടാൽതന്നെ ഒരാണിന് വേണ്ടാത്ത ചിന്തകളുണരില്ലേ? അതറ്യാന് ഖുർആനും ഹദീസൊന്നും അറ്യേണ്ട”.
അവന്റെ മനസിനെ ബാധിച്ച കുഷ്ഠം ചെത്തിക്കളയാനാവില്ലല്ലോയെന്നോർത്ത് എനിക്ക് വിഷമം തോന്നി.
ഞാൻ പറഞ്ഞു: ”ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ അറബിനാട്ടിൽ ആണും പെണ്ണും പർദ ധരിക്കാറുണ്ട്, ശക്തമായ പൊടിക്കാറ്റിൽനിന്നും സംരക്ഷണം ലഭിക്കാൻ വേണ്ടി മാത്രമായിരുന്നു ആ രീതിയിലുള്ള വസ്ത്രസംസ്‌കാരം അവർ ആരംഭിക്കുന്നത്. ആണിനെയും പെണ്ണിനെയും തിരിച്ചറിയാൻ വേണ്ടി മാത്രം പുരുഷൻ വെളുപ്പും സ്ത്രീ കറുപ്പും വസ്ത്രം ധരിക്കുന്നെന്നുമാത്രം. പിന്നെ, ഒരാണിന്റെ മുടിയോ, മുഖമോ, ശരീരവടിവോ കണ്ടാൽ ഒരു പെണ്ണിനും നീ പറഞ്ഞ ആ വേണ്ടാത്ത ചിന്തകളുണരരുതോ? പർദ ശരിക്കും ഒരു പുരുഷന്റെ ആശയമല്ലേ? നിന്റെ
ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരടിമയെയാണോ നിനക്കാവശ്യം?”
അവനത് സമ്മതിച്ചു. ”ആണിന്റെ അടിമ്യാണ് പെണ്ണ്, എന്താ സംശയം”.
”ലോകത്ത് ഒരടിമയും ചങ്ങലയെ സ്‌നേഹിച്ചിട്ടില്ല, ഉടമയെ അതെന്നും വെറുത്തിട്ടേയുള്ളൂ”.
വളരെ പാവപ്പെട്ട ഒരു ദരിദ്ര കുടുംബത്തിലെ മൂത്ത മകളായി
രുന്നു സാഹിറ. സ്ത്രീധനം ആവശ്യപ്പെടാതെ വന്ന ആ വിവാഹത്തിന് മുമ്പും പിമ്പും നോക്കാതെ ആ വൃദ്ധപിതാവ് സമ്മതം മൂളുകയായിരുന്നു. പെണ്ണിന്റെ സമ്മതം മാത്രം ആർക്കും ആവശ്യമില്ലാത്തതിനാൽ ആരും അതന്വേഷിച്ചില്ല. അവൻ പറഞ്ഞതുപോലെ നല്ല അടക്കവും ഒതുക്കവും അനുസരണയുമുള്ള കുട്ടി.
ഞാനോ, മൂത്തച്ഛനോ, അവന്റെ സ്വന്തം ജ്യേഷ്ഠന്മാരോ, മാത്രമല്ല അവളുമായി വിവാഹബന്ധം നിഷിദ്ധമായ അവന്റെ എളാപ്പമാരോ, അവളുടെ ആങ്ങളമാരോ, മറ്റേതെങ്കിലും പുരുഷ ജീവി
യോ ആ വീട്ടിലുള്ളപ്പോൾ അവൾക്ക് ആ മുറിവിട്ട് പുറത്തിറങ്ങാനനുവാദമില്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഞാനവനോട് സംസാരിച്ചു.
”സ്ത്രീയോട് മുൻകൈയും മുഖവുമൊഴിച്ച് ബാക്കി ഭാഗം മറയ്ക്കാനല്ലേ കിതാബിൽ പറഞ്ഞിട്ടുള്ളൂ, നിസ്‌കാരക്കുപ്പായം പോലും മുൻകൈയും മുഖവും മറയ്ക്കുന്നില്ലല്ലോ? മരിച്ചാൽപോലും മുഖം കാണിച്ച് കെടുക്കുന്നില്ലേ?”
ഭ്രാന്തമായ ഒരാവേശത്തോടെ അവനെന്നെ നേരിട്ടു. ”പെണ്ണി
ന്റെ സ്ഥാനം പെരേന്റെുള്ളിന്റുള്ളിലാണ്. പെരേന്റുള്ളിലാണെങ്കിലും ഔറത്ത് ജിന്നാളും മലക്കാളും ഇബ്‌ലീസും കാണൂലെ”.
സ്വന്തം ബാപ്പപോലും മകൻ കെട്ട്യ പെണ്ണിനെക്കാണുന്നത് അത്രയ്ക്ക് ഉചിതമല്ലെന്ന അവന്റെ ഇസ്ലാമിന്റെ വിധി കേട്ട് എനിക്കവനോട് വെറുപ്പ് തോന്നി. അടിച്ചുവാരുന്നതും അടുക്കളജോലി ചെയ്യുന്നതുമെന്നു വേണ്ട എന്ത് ജോലി ചെയ്യുമ്പോഴും അവൾ പർദയിട്ട്, മഫ്തയിട്ട്, മുഖത്ത് നിഖാബും കെട്ടിയിരിക്കും.
നിഖാബിന്റെ രണ്ട് പാളികളിൽ പുറമേയുള്ള പാളിക്ക് നടുവിൽ കണ്ണിന്റെ ഭാഗത്ത് കറുത്ത നെറ്റ് പിടിപ്പിച്ചതിനാൽ അവൾക്ക് പുറത്തുള്ളതെല്ലാം കാണാമെങ്കിലും, അവളുടെ കണ്ണുകൾപോലും
ആർക്കും കാണാൻ കഴിയില്ല. എന്നാൽ അകത്തുള്ള പാളിയിൽ കണ്ണിന്റെ ഭാഗത്തുള്ള വിടവിൽ നെറ്റ് വയ്ക്കാത്തതിനാൽ മുനീർ വീട്ടിലില്ലാത്ത അത്യപൂർവം നിമിഷങ്ങളിൽ മാത്രം നിഖാബിന്റെ പുറമേയുള്ള കർട്ടൻ അവൾ തലയിലേക്ക് മറിച്ചുവയ്ക്കുന്നതിനാൽ, ആ കറുത്ത പർദയ്ക്കും മുഖത്തെ മറച്ച നിഖാബിനുമകത്തെ നിസ്സഹായത അവളുടെ ദൈന്യതയാർന്ന ആ വിടർന്ന കണ്ണുകളിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
വൈകാതെ മുനീറൊരുപ്പയാകാൻ പോകുന്നെന്നറിഞ്ഞ് വീട്ടുകാരെല്ലാം സന്തോഷിച്ചു.
ഉമ്മ പറഞ്ഞു.
”നാളെത്തന്നെ ആ ബിന്ദുഡോക്ടറെ പോയി കാണണം”.
മുനീറിന് ദേഷ്യം വന്നു. ”നെബീന്റെ കാലത്തൊക്കെ ഡോക്ടർമാര്ണ്ടായ്ട്ടല്ലേ പെണ്ണ്ങ്ങള് പെറ്റീന്യേത്? പടച്ചോമ്പിജാര്ച്ചാല് ഒര് കേടൂല്ലാതെ ഓള് പെറും. മറിച്ചാണ് പടച്ചോന് കെര്‌ത്യേത്ച്ചാല് ഏത് ഡോക്ടറ് ബിജാരിച്ചാലും ഒരു കാര്യോണ്ടാകൂല. തവക്കൽതു അലള്ളാ, അള്ള ബിജാരിച്ച മാതിരി നടക്കും. പിന്നെ ആസ്പത്രീന്ന് പെറ്റാല് കുട്ടിന്റെ ചെവീല് ബാങ്ക് കൊട്ക്കാമ്പറ്റ്വോ? പെറ്റാല് കുട്ടി ആദ്യം കേൾക്ക ഡോക്ടർമാരിം നെയ്‌സ്മ്മാരിം ചിരീം ബർത്താനോം ആകും. ആരെന്ത് പറഞ്ഞ്ട്ടും കാര്യല്ല, ആസ്പത്രീന്ന് ആ പരിപാടി നടക്കൂല” മുനീർ തീർത്തു പറഞ്ഞു.
”ഏത് കുഞ്ഞും ആദ്യം കേൾക്കുക പെറ്റ ഉമ്മാന്റെ കരച്ചിലാകും, അത് കേൾപ്പിക്കാതെ ബാങ്ക് കേൾപ്പിക്കാന് ആര് വിജാരിച്ചാലും കഴിയില്ല മുനീറേ, അതൊരു നിയോഗാണ് – പടച്ചോന്റെ
തീരുമാനം”.
കെട്ടിയ പെണ്ണിന്മേലുള്ള സർവ അധികാരങ്ങളും ഭർത്താവിനാണെന്ന പതിവു പല്ലവിയിൽ വീട്ടുകാർ വഴങ്ങി. പ്രസവം ഇസ്ലാമികമാക്കാൻ പ്രസവം കഴിയുന്നതുവരെ അവൾ അവളുടെ
വീട്ടിലേക്ക് പോകരുതെന്നും മുനീറുത്തരവിട്ടു.
മാസങ്ങൾ പലതു കഴിഞ്ഞു. സാഹിറയുടെ പെരുവയർ പർദയുടെ കറുത്ത സീമകളെ ലംഘിച്ച് പതുക്കെപ്പതുക്കെ പുറത്തേക്ക് തള്ളിത്തള്ളിവന്നു. അവളെ നിഖാബ് കെട്ടിയും പുറത്തേക്ക്
തീരെ കാണാതായി. ദേഹമാസകലം നീരു വന്നും, മറ്റ് പ്രസവസംബന്ധമായ അസുഖങ്ങളാലും അവൾ വളരെയധികം ക്ഷീണിതയും ദു:ഖിതയുമാണെന്ന് എന്റെ ഭാര്യ മുഖേന ഞാനറിഞ്ഞു. അവളുടെ പ്രസവം ഇന്നോ നാളെയോ എന്ന നിലയിലേക്കെത്തി. കുഞ്ഞിന്റെ ചെവിയിൽ ഏത് നിമിഷവും ബാങ്ക് വിളിക്കാൻ മുനീർ വുളുവെടുത്ത് ഒരുങ്ങിനിന്നു.
അതിനിടെ സാഹിറയുടെ മുറിയിൽനിന്നും പതിഞ്ഞ ഏങ്ങലും കരച്ചിലും കേൾക്കാറായി. അത് കൂടിക്കൂടി പെരുംകരച്ചിലായി. അവൾക്ക് പേറ്റുനോവ് തുടങ്ങിയിരിക്കുന്നു. അവൾക്കാശുപത്രീൽ പോണം. അവളാർത്തു കരഞ്ഞു.
”ഇമ്മാ ഞ്ഞെ ആശോത്രീ കൊണ്ടോകീ…. ലാ ഹൗലവലാ…
ബദ്‌രീങ്ങളേ ഞ്ഞെക്കാത്തോൾണേ…… ഇമ്മാ മണ്ട്യെരീ…. ഞാപ്പം മര്ചുംമ്മാ ….. റബ്ബില്ലാലമീനായ തമ്പുരാനേ….. ഞ്ഞീം ഞ്ചെകുട്ടിനീം കാത്തോൾണേ…. കോജരാജാവായ തമ്പുരാനേ, അള്ളാന്റിം റസൂലിന്റിം പേരില് പെണ്ണ്ങ്ങളെ എടങ്ങേറാക്ക്ണത് കാണ്ണ്‌ല്ലേ… ആരേങ്കിലും ഞ്ഞെ ആശോത്രീകൊണ്ടോകീ….”
അവസാനം ഞാനവളുടെ ആങ്ങളമാരെ വിവരമറിയിച്ചു. ഉടൻതന്നെ അവർ വണ്ടി വിളിച്ച് സ്ഥലത്തെത്തി. തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ അടി വീഴുമെന്ന ഘട്ടം വന്നപ്പോൾ മുനീർ സമ്മതിച്ചു.
ഡോക്ടർ പറഞ്ഞു: ”ഉടനെ ഓപ്പറേഷൻ വേണം, ബി. പോസററീവ് രക്തം വേണം”.
മുനീറിന് ദേഷ്യംവന്നു.
”ഓപ്പറേഷനോ… നടക്കൂല. നബീന്റെ കാലത്തൊക്കെ ഈ കീറിമുറിച്ചല്‌ണ്ടോ?”
പക്ഷെ, അവളുടെ ഉപ്പയും ആങ്ങളമാരും ഓപ്പറേഷന് വേണ്ടതെല്ലാം ഉടനെതന്നെ ഒരുക്കിയിരുന്നു.
മണിക്കൂറുകൾക്കുശേഷം ‘ള്ളേ..’ ‘ള്ളേ…’ എന്ന മധുര സംഗീതം കേട്ട് എല്ലാവരും സന്തോഷിച്ചു. സുന്ദരനായ ഒരാൺകു
ഞ്ഞ്. ‘അൽ ഹംദുലില്ലാ’, മുനീർ പടച്ചോനെ സ്തുതിച്ചു. അവൻ കുഞ്ഞിന്റെ വലത്തെ ചെവിയിൽ ബാങ്കും ഇടത്തെ ചെവിയിൽ ഇഖാമത്തും കൊടുത്തു.
ആശുപത്രി വിട്ട് വീട്ടിലെത്തിയ സാഹിറ വസ്ത്രങ്ങളെല്ലാം വാരി സഞ്ചിയിലാക്കി. പിന്നെ മുഖത്തെ മറച്ച ആ കറുത്ത നിഖാബൂരി അടുപ്പിലെ എരിതീയിലെറിഞ്ഞു. അത് കറുത്ത പുകയോടെ ആളിക്കത്തി അടുക്കളയിലെ കരിപുരണ്ട് ഇരുണ്ടുപോയ അന്തരീക്ഷത്തിലേക്ക് വെളിച്ചം പകർന്നു. ഞാനാ മുഖത്തേക്കൊന്നു നോക്കി. തനിത്തങ്കം പോലെ തേജസ്വിയായ ഒരു പെണ്ണ്. അവൾ മുനീറിന്റെ മുഖത്ത് നോക്കി സ്ഥാനഭ്രഷ്ടനായ രാജാവിനോട് പീഡിതയായ പ്രജയെന്ന കണക്കെ പറഞ്ഞു: ”ഇഞ്ഞെക്കൊണ്ടാകൂല ഈ നൊകം പേറി നടക്കാൻ”.
”കെട്ട്യോന്റെ മോത്ത് നോക്കി വർത്താനം പറീണൊ?” മുനീർ അന്തംവിട്ടു. ”ഇജ്ജൊക്കെ നരകത്തിലെ ബറകാണ്. മാപ്പളനെ ധിക്കരിച്ചോൾക്ക് പടച്ചോനൊരിക്കലും പൊറ്ത്ത് തരൂല. പാമ്പിന്റിം തേളിന്റ്യൊപ്പം ജ്ജ് നരകത്തിന്റെ അടീത്തത്തട്ടിലാകും”.
”ഞാനൊരുമ്മ്യാണ്. ൻക്ക് ന്റെ മോനാ വൽത്. മറ്റൊന്നും ൻക്ക് പ്രശ്‌നല്ല”.
ഇത്രനാളും നിഖാബ് കെട്ടിമൂടി വച്ച അവളുടെ കണ്ണുകളിലെ തീക്ഷ്ണതയേറ്റ് മുനീർ ദഹിക്കുന്നതായിത്തോന്നി.
”ഇഞ്ഞെ ധിക്കരിച്ചോണ്ട് ഇഞ്ഞീപ്പടി കേറാന്ന് കെര്തണ്ടട്ടൊ സാഹിറാ, ഇപ്പത്തന്നെ മൂന്നും ചൊല്ലി അന്റെ കാര്യങ്ങട്ടൊയ്‌വാക്കും”.
”ഇങ്ങക്കെത്രണ്ണം മാണെങ്കിലും കെട്ടാലോ, എപ്പംമാണെങ്കിലും ഒയ്‌വാക്കും ചെജ്ജാലോ. ഇക്കാക്കാ, കാലം മാറി. കോലംകെട്ടി നടന്നാലൊന്നും ഇസ്ലാമാകൂല. തൊപ്പീം താടീം ബെച്ചാലൊന്നും നെബ്യാകൂല. നിസ്‌കാരത്തഴമ്പിനും, തൊപ്പിക്കും, താടിക്കുമപ്പുറത്ത് മന്‌സനായി ജീവിക്കാനാണ് റസൂല് പറഞ്ഞത്. നല്ലൊരു മന്‌സനേ നല്ലൊരു മുസ്ലിമാകാമ്പറ്റൂ. അയ്‌ന് മനസ്സ് നന്നാകണം. നല്ലൊരു മതത്തെ വക്രീകരിച്ച് ഇത്രീം കുട്‌സാക്കി കളീണത് ഇങ്ങളെപ്പോലെള്ള തൊപ്പീം താടീം ബെച്ച ഇബ്‌ലീസാളാണ്.
ഇഞ്ഞ് ഞാമ്പടെന്നാല് ദീനിന്റെ പേരും പറഞ്ഞ് ഇഞ്ഞീം, ഞ്ചെമോനീങ്ങള് കൊല്ലൂലാന്നെന്താ ഒരൊറപ്പ്? പട്ടിണിം പരിവട്ടൊക്ക്യാണെങ്കിലും ന്റെ പെരീല്ൻക്ക് സമാധാനണ്ടെയ്‌നിം. ഇസ്ലാമാണ്ന്നുംപറഞ്ഞ് കോലംകെട്ടാന് ഞ്ഞ് ന്നെ കിട്ടൂല. ന്റെ കുട്ടീനെ ഞാനൊരു നല്ല ഇസ്ലാമാക്കി വളർത്തും, കോലങ്ങളും ചിഹ്നങ്ങള്വൊന്നൂല്ലാത്ത നല്ലൊരു മുസ്ൽമാനാക്കി, നല്ലൊരു മന്‌സനാക്കി വളർത്തും”.
അത് പറയുമ്പോൾ സാഹിറ കരയുന്നുണ്ടായിരുന്നെങ്കിലും, പെറ്റെണീറ്റ ഒരീറ്റപ്പുലിയുടെ വീറും ശൗര്യവും ആ മുഖത്ത് പ്രകടമായിരുന്നു. ഒരു കൈയിൽ കുഞ്ഞും, മറുകൈയിലൊരു മാറാപ്പുമായി ആ വീടുപേക്ഷിച്ചിറങ്ങുമ്പോൾ പരിഭവം കലർന്ന സ്വരത്തിൽ ആരോടെന്നില്ലാതെ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
”ന്റെ മോനെ ഞാനൊരാണാക്കി വളർത്തും….. ഒര് മുസിൽമാക്കി…… ഒര് മൻസനാക്കി…. നല്ലൊരു മൻസനാക്കി വളർത്തും….”
ക്രൂരനായ സ്വേച്ഛാധിപതിയിൽനിന്നും മോചനം നേടിയ ഒരടിമയുടെ സായൂജ്യത്തോടെ, സാഹിറയും കുഞ്ഞും പടികളിറങ്ങി കൺവെട്ടത്തുനിന്നും മാഞ്ഞുമാഞ്ഞുപോയി. ഞാനോർത്തു. ഇന്നലെവരെ അവളൊരു ഭാര്യ മാത്രമായിരുന്നു, ഇന്നവളൊരമ്മയാണ്. ഒരുസ്ത്രീ അമ്മയാകുന്നതോടുകൂടി അവളാർജിക്കുന്ന അഭൂതപൂർവമായ ധൈര്യവും, ഊർജവും, അവകാശബോധവും കണ്ട് ഞാനന്ധാളിച്ചിരുന്നുപോയി.
Phone: 9495251547