കപ്പൽ തുറമുഖം വിട്ടപ്പോൾ താര ഡെക്കിൽ നിന്നു. എല്ലിസ്
ഐലണ്ട് കണ്ണുകളിൽ നിന്ന് അകന്നു പോവുന്നു.
വർഷങ്ങൾക്കു മുമ്പ് കുടിയേറ്റക്കാർ വന്നിറങ്ങിയതിന്റെ
ഓർമകളിലേക്ക് ദീപം തെളിച്ച് പ്രൗഢഗംഭീരമായി നിൽക്കുന്ന
സ്റ്റാച്യു ഓഫ് ലിബേർട്ടി. നേരിയ ഇരുട്ടിലൂടെ സൂക്ഷിച്ച്
നോക്കിയാൽ അവിടെ വന്നിറങ്ങുന്ന കുടിയേറ്റക്കാരെ
കാണാമെന്ന് അവൾക്ക് തോന്നി. തുറമുഖത്ത് എത്തിച്ചേരുവാ
ൻ വെമ്പുന്ന ചെറുബോട്ടുകൾ. കാർ മേഘങ്ങൾ ആകാശത്ത്
ചാര കമ്പിളി വിരിച്ചു തുടങ്ങിയിരുന്നു. ഒന്നുരണ്ട്
മഴനീർത്തുള്ളികൾ അവളുടെ കവിളിൽ പതിച്ചു.
തന്റെ പെൺസുഹൃത്തുക്കളെയും കൂട്ടി ഒരു കപ്പൽ യാത്രയ്ക്ക്
പ്രേരിപ്പിച്ചത് കുട്ടികളാണ്, അരുണും കിരണും. അവൾ
വളരെയധികം സങ്കോചത്തോടെയാണ് ഈ കപ്പൽ യാത്രയ്ക്ക്
സമ്മതിച്ചത്. കുറച്ചു ദിവസത്തേക്ക് മാറി നിന്നാൽ മനസ് ഒരു
ഇന്ദ്രജാലക്കാരൻ ആയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു
തീരുമാനങ്ങളെല്ലാം. ഈ ഡെക്കിൽ നിൽക്കുമ്പോൾ
സന്തോഷുമൊന്നിച്ച് നടത്തിയ പല കപ്പൽയാത്രകളും ഓർമ
വരുന്നു. ഹവായിലേക്ക്, കരീബിയനിലേക്ക്… അന്തമില്ലാത്ത
കടലിലൂടെ….സുഗന്ധികൾ പൂത്തുലഞ കാലം.
”നീ വരുന്നോ? തണുക്കുന്നു, ഞങ്ങൾ മുറിയിലേക്ക്
പോവുന്നു”.
ശാന്തിയും രശ്മിയും അവളെ തനിച്ചാക്കിയിട്ട് മുറിയിലേക്ക്
പോവുമ്പോഴും താര അനന്തമായ കടലിലേക്ക് നോക്കി
നിൽക്കയായിരുന്നു. വൈകീട്ട് ഡിന്നറിനുശേഷം തുടങ്ങിയ
നില്പാണ്. ഹോട്ട് റ്റബ്ബിൽ ചൂടുവെള്ളത്തിലേക്കിറങ്ങുന്ന ഒരു
യുവാവും യുവതിയും. അവർ ഭാര്യാഭർത്താക്കന്മരാവാം
അല്ലെങ്കിൽ കമിതാക്കളാവാം. അവൻ ചുംബനങ്ങൾ
കൊണ്ടവളെ പൊതിയുന്നു. ഓർമകൾ ആളിക്കത്തി. അവൾ
കണ്ണുകൾ തിരികെയെടുത്ത് ആകാശത്തിലേക്ക് നോക്കി.
നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നു. അതിലൊരു നക്ഷത്രം
തന്നെ നോക്കി കണ്ണു ചിമ്മിയോ? മരിച്ചവർ നക്ഷത്രങ്ങളായി
മാറുമോ? അതിലൊന്ന് സന്തോഷായിരിക്കുമോ? അവളുടെ
നനഞ്ഞ കണ്ണുകൾ ആ നക്ഷത്രത്തെ നോക്കി നിന്നു. ഈറൻ
കാറ്റടിച്ചപ്പോൾ സ്വിമ്മിങ് പൂളിൽനിന്ന് കയറിവന്ന സന്തോഷി
ന്റെ തണുത്ത ശരീരത്ത് തൊടാമെന്ന് തോന്നി. മനസ്സ്
ചിലപ്പോൾ അങ്ങനെയാണ്. കാണുവാൻ
ഇഷ്ടപ്പെടുന്നതൊക്കെ തോന്നലുകളാവും. മറക്കുവാൻ
ശ്രമിക്കുന്ന ഓർമകളൊക്കെ കൂടുതൽ കൂടുതൽ
തെളിഞ്ഞുവരും. ഇപ്പോൾ എല്ലാം ഓർമയിൽ തെളിയുന്നു……
അടുത്ത കുറച്ചുദിവസങ്ങളിൽ ഓഫീസ് അടവായതിനാൽ
ജോലിതീർത്ത് വൈകിയാണ് സന്തോഷ് ഓഫീസിൽ
നിന്നിറങ്ങിയത്. അന്നൊരു താങ്ക്സ്ഗിവിങ്ങിെന്റ
തലേദിവസമായിരുന്നു. ട്രെയിനിൽ കയറിയപ്പോൾ അതിന്റെ
ഒരു ഗമ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലല്ലോ! ജോലി
നഷ്ടപ്പെട്ടതിലുള്ള നിരാശയും വിദ്വേഷവും വിഭ്രാന്തിയും
ബാധിച്ച അയാൾ ട്രെയിനിന്റെ ആ കംപാർട്മെന്റിൽ
കയറിയതും ആൾക്കാർക്ക് നേരെ നിറയൊഴിച്ചതും
സന്തോഷിന് വെടിയേറ്റതും വിധിയെന്നു വിശ്വസിച്ച്
സമാധാനിക്കുവാൻ അവൾക്കായില്ല.
അയാൾക്കുമുണ്ടായിരുന്നു ഭാര്യയും കുട്ടികളും. കൂട്ടത്തിൽ
കാറിന്റെയും വീടിന്റെയും കടങ്ങളും. അയാളുടെ കൊച്ചുകുട്ടികൾ
പ്രതീക്ഷയോടെ ക്രിസ്മസിനായി കാത്തിരുന്നിരിക്കണം.
അവർക്കു വേണ്ടിയിരുന്ന ക്രിസ്മസ് സമ്മാനങ്ങളുടെ ലിസ്റ്റുകൾ
തയ്യാറാക്കിയിരുന്നിരിക്കണം. അയാൾ നല്ലവനും ശാന്തനും
മിതഭാഷിയും ആയിരുന്നു, ജോലി നഷ്ടപ്പെട്ടപ്പോൾ സമനില
തെറ്റിക്കാണും എന്ന് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞതായി
പിന്നീടുള്ള ദിവസങ്ങളിൽ പത്രങ്ങൾ പറഞ്ഞു.
എല്ലാം ദൈവവിധി എന്ന് പള്ളീലച്ചനും പ്രായമുള്ള
ആൾക്കാരും അർത്ഥമില്ലാതെ പറഞ്ഞപ്പോഴും അവൾ
വിശ്വസിച്ചില്ല. നഷ്ടമായത് അവൾക്കും കുട്ടികൾക്കും,
അയാളുടെ മരണം കൊണ്ട് അയാളുടെ കുടുംബത്തിനും.
തിരികെ മുറിയിൽ എത്തുമ്പോഴേക്കും ശാന്തിയും രശ്മിയും
ഉറങ്ങിയിരുന്നു, അവളെ വീണ്ടും ചിന്തകളുടെ
വലയ്ക്കുള്ളിലാക്കിക്കൊണ്ട്.
ദു:ഖങ്ങളും സ്വപ്നങ്ങളും കാമനകളും കുത്തിനിറച്ച
തലയിണയിൽ അവൾ മുഖമമർത്തി കിടന്നു. കണ്ണീരിന്റെ
ഉപ്പുരസത്തിൽ തലയിണ നനഞ്ഞു. രാത്രിയിൽ എപ്പോഴോ
അവളുറങ്ങി. ഉറക്കത്തിൽ സന്തോഷ് അടുത്തുകിടന്നു.
അയാളുടെ തണുപ്പുള്ള അധരങ്ങളെ അവളറിഞ്ഞു. അവളുടെ
പിൻകഴുത്തിലെ പ്രണയഞരമ്പിൽ അയാളുടെ അധരങ്ങൾ
ഇഴഞു. അയാളുടെ വിരലുകൾ അവളുടെ നഗ്നമായ
ചുമലുകളിൽ. പിന്നെ അവളുടെ വയറിൽ, നാഭിച്ചുഴിയിൽ…..
അവൾ ഞെട്ടിയുണർന്നു. കരച്ചിലടക്കാൻ കഴഞ്ഞില്ല.
”നീയെന്താ പേക്കിനാവു കണ്ടു കരഞ്ഞോ?” ഉണർന്ന് ബങ്ക്
ബെഡിൽ നിന്നും രശ്മി ചോദിച്ചു.
”എന്നെ ആരോ ഡെക്കിൽ നിന്നും തള്ളിയിടുന്നെന്ന് ഒരു
സ്വപ്നം” നാണക്കേട് മറയ്ക്കുവാൻ കള്ളം പറഞ്ഞു.
അവൾ ജാലകത്തിലൂടെ നോക്കി. ജലപ്പരപ്പിനെ
പ്രണയിക്കുന്ന നിലാവ്. ഈ ജലപ്പരപ്പും പ്രണയനിലാവും
മനസ്സിന്റെ വാതിലിൽ മുട്ടിവിളിക്കുന്ന ശൃംഗാരക്കാറ്റും എല്ലാം
എന്റേതുമാണ്. അവളുടെ ദേഹം തരിച്ചു. ഹൃദയം പിടഞ്ഞു.
രശ്മിയും ശാന്തിയും ആഹ്ലാദത്തിമിർപ്പോടെ കപ്പലിൽ ഓടി
നടന്നു. അവരുടെ ഇടയിൽ ഒരു രസംകൊല്ലിയാവാതിരിക്കാൻ
അവളും കൂട്ടത്തിൽ കൂടി.
”നടുക്കടലിന് എന്തൊരു ശാന്തത, അല്ലേ?” പിന്നെ കുറച്ചു
നിമിഷങ്ങൾ നിർത്തിയിട്ട് അയാൾ പറഞ്ഞു, ”നിങ്ങളുടെ മനസ്സ്
ശാന്തമാണന്ന് മുഖം പറയുന്നില്ലല്ലോ!”
ഏകാന്തമായി ജലപ്പരപ്പ് നോക്കിനിൽക്കയായിരുന്നവൾ.
പരിസരബോധങ്ങളിലേക്ക് തിരികെ വന്ന് ശബ്ദത്തിന്റെ
ഉത്ഭവം തേടി. തന്നിൽനിന്ന് നാലഞ്ച് അടി
മാറിനിൽക്കുന്നയാളിൽ ചെന്ന് കണ്ണുകൾ പതിച്ചു.
”ഹായ് ഞാൻ രവി” അയാൾ പരിചയപ്പെടുത്തി. ”നിങ്ങൾ
പലപ്പോഴും ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത്
ശ്രദ്ധിക്കുന്നു”.
മുഖമെന്ന കണ്ണാടിയെക്കുറിച്ചവൾ ബോധവതിയായി.
പാസ്സായിട്ടും ഇതുവരെ ജോലികിട്ടിയിട്ടില്ലാത്ത അരുൺ,
കിരൺ കോളേജ് തുറക്കുമ്പോഴേക്കും കൊടുക്കേണ്ട ഭാരിച്ച
ട്യൂഷൻ ഫീ, ഇതെല്ലാം അവളെ അലട്ടിയിരുന്നു.
അവൾ വൈകീട്ട് കുട്ടികളെ വിളിച്ച് അവരുടെ ക്ഷേമങ്ങൾ
അന്വേഷിച്ചു. ഡിന്നർ കഴിഞ്ഞോ എന്നു തിരക്കി. സ്നേഹമുള്ള
കുട്ടികൾ! അവൾക്ക് അവരും അവർക്ക് അവളും അല്ലാതെ
ആരുണ്ട്? നമുക്ക് നാം മാത്രം എന്നൊരു സ്ഥിതി.
പിന്നീട് പലപ്പോഴും കപ്പലിന്റെ പല ഭാഗത്തു വച്ച് അയാളെ
കണ്ടു, സംസാരിച്ചു. ചിലപ്പോൾ രശ്മിയും ശാന്തിയും ഉള്ളപ്പോ
ൾ, മറ്റുചിലപ്പോൾ ഡെക്കിൽ ഒറ്റയ്ക്കു നിൽക്കുമ്പോൾ. അവൾ
2013 ഏടഭഴടറസ ബടളളണറ 1 2
സന്തോഷിന്റെ ഓർമയിൽ ഇരുമ്പാണി പോലെ
തുരുമ്പിച്ചിരിക്കയായിരുന്നു. അയാളുടെ ശബ്ദം കാന്തമായി
അയാളിലേക്ക് അടുപ്പിച്ചു.
”വൈകീട്ടു വേറെ പ്ലാനൊന്നും ഇല്ലെങ്കിൽ നമുക്കൊന്നിച്ച്
ഡിന്നർ കഴിക്കാം” രാവിലെ കണ്ടപ്പോൾ അയാൾ പറഞ്ഞു.
രശ്മിയും ശാന്തിയും അയാളോടൊത്തു സമയം
ചെലവാക്കുന്നതിന് അവളെ പ്രോത്സാഹിപ്പിച്ചതേയുള്ളൂ.
അവളുടെ കുട്ടികൾ താമസിയാതെ വീട് വിടുമെന്നും പിന്നെ
അവൾ തനിച്ചാവുമെന്നും അവൾ ഭയന്നിരുന്നു. ”കുട്ടികളല്ലെ,
അവർ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കും. അവർ ഒരു
ജോലി കിട്ടുവാൻ വേണ്ടി കാത്തിരിക്കുവാ” അവൾ പറഞ്ഞു.
സമയത്തിന് മുമ്പെ അവർ ഇരുവരും പറഞ്ഞ സ്ഥലത്ത്
എത്തിയിരുന്നു. അനന്തമായ കടൽ അവർക്കടുത്തുള്ള കണ്ണാടി
ജാലകങ്ങൾക്കപ്പുറത്തുണ്ടായിരുന്നു. അയാളെ ഉപേക്ഷിച്ച്
പഴയ കാമുകനോടൊപ്പം പോയ ഭാര്യയെക്കുറിച്ച് അയാൾ
ഉള്ളുതുറന്നു. അയാൾക്ക് പരാതികൾ ഇല്ലായിരുന്നു. യഥാർത്ഥ
സ്നേഹത്തിനോട് അയാൾക്ക് ആദരവ് മാത്രം. പാതി പാടിയ
രാഗമായി മറഞ്ഞ ഭർത്താവിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഓ
ർക്കാപ്പുറത്ത് വഴുതിവീണ ഓടക്കുഴലായി മാറിയവൾ. അപ്പോ
ൾ അവൾ കാലങ്ങൾക്കും ദേശങ്ങൾക്കും അപ്പുറമുള്ള ഏതോ
കാടിെന്റ വന്യതയിൽ ഒറ്റപ്പെടുകയാണെന്നയാൾക്ക് തോന്നി.
അവിടെ മുളങ്കാടുകളെ തൊട്ടുണർത്തുന്ന കാറ്റിന്റെ
സംഗീതമില്ല, ഊഷരഭൂമിയിലെന്നപോലെ ചൂട് മാത്രം.
ചിലപ്പോൾ വിധവയുടെ വിലാപം പോലെ പെയ്യുന്ന മഴ.
അവളുടെ കണ്ണുകളിൽ അയാൾ വേറൊരു കടൽ കണ്ടു,
അവിടെ ആർദ്രതയും കാരുണ്യവും തിരയടിച്ചു. ഹൃദയത്തിൽ
കൊത്തിയെടുക്കുവാൻ ധാരാളം സ്നേഹവും.
അയാൾ, സ്വന്തം സൗരഭ്യത്തിൽ മയങ്ങിക്കിടക്കുന്ന പൂവല്ല
എന്നവൾക്ക് മനസ്സിലായി.
അവർ സെൽ നമ്പറുകൾ കൈമാറി. അയാളുടെ നമ്പർ അവ
ൾ സെൽഫോണിൽ സേവ് ചെയ്തു.
പിരിഞ്ഞുപോകുമ്പോൾ അവളുടെ നെറുകയിൽ ഒരു
ശലഭമായി അയാൾ പറന്നിരുന്നു, ഒരു നിശാശലഭം.
പകൽസ്വപ്നങ്ങളിൽ അയാൾ വന്നു. മനസിൽ സ്വപ്നച്ചിറകുള്ള
തുമ്പികൾ പാറി.
അവിചാരിതങ്ങളല്ലേ ജീവിതത്തിനെ ആഘോഷമാക്കി
മാറ്റുന്നത്.
ശാന്തിക്കും രശ്മിക്കും അവളെക്കുറിച്ച് ആശങ്കയുണ്ടായിരു
ന്നു. അവളിങ്ങനെ തനിച്ച് എത്രനാൾ? ജീവിക്കാൻ മറന്ന്….
ആണായാലും പെണ്ണായാലും ജീവിതത്തോട് ഒറ്റയായി
പൊരുതുമ്പോൾ ചാരിനിൽക്കാൻ ഒരു തോളു വേണം,
വഴികാട്ടാൻ ഒരു വിളക്കു വേണം.
അവർ വീണ്ടും വീണ്ടും കണ്ടു. അവൾ രവിയെക്കുറിച്ച് തന്റെ
ആൺകുട്ടികളോട് സംസാരിക്കുന്നതിനെക്കുറിച്ച് കാര്യമായി
ചിന്തിച്ചു.
കപ്പലിലെ നാലാം ദിവസത്തിന്റെ അവസാനം ഡെക്കിൽ
നിൽക്കുമ്പോൾ, മാനത്തൊരു നക്ഷത്രം അവർക്കു നേരെ
കണ്ണുചിമ്മിയപ്പോൾ സ്നേഹത്തിനു മതമില്ലെന്നു രവി
ചന്ദ്രശേഖരൻ താര മാത്യൂസിനെ മനസ്സിലാക്കി.
കപ്പൽ തുറമുഖത്ത് തിരിച്ചെത്തി, അവർക്ക് ഇറങ്ങാൻ
സമയമായി, ഒരാഴ്ച കടന്നുപോയതറിഞ്ഞില്ല. കുട്ടികൾ
അവളെയും കാത്തുനിന്നിരുന്നു.
വീട്ടിലേക്കുള്ള യാത്രയിൽ കാറിന്റെ ബാക്ക്സീറ്റിൽ ഇരിക്കുമ്പോൾ
അയാളുടെ വാക്കുകൾ അവളോർത്തു. വിളിക്കുമല്ലോ.
കുട്ടികളുടെ മുന്നിൽ വച്ച് വിളിക്കുവാൻ
ആലോചനയില്ലെങ്കിലും അവൾ സെൽഫോൺ ബാഗിൽ
പരതി, കാണാഞ്ഞപ്പോൾ പരിഭ്രാന്തയായി. അവൾ കുട്ടികളെ
കപ്പലിൽ നിന്ന് വിളിച്ചതാണല്ലോ! അവൾക്ക് അയാളുടെ നമ്പർ
ഓർമയില്ല. നമ്പർ ആകെയുണ്ടായിരുന്നത് സെൽഫോണിൽ
മാത്രം. രവി ചന്ദ്രശേഖരൻ 32 അറ്റ് യാഹു.കോം അതോ രവി
ചന്ദ്രശേഖരൻ 42 അറ്റ് ഹോട്ട് മെയിൽ.കോം.
എത്രയാലോചിച്ചിട്ടും അവൾക്ക് അയാളുടെ ഈമെയിൽ ഓർമ
കിട്ടുന്നില്ല. അവൾ അസ്വസ്ഥയാകുന്നത് കുട്ടികൾ ശ്രദ്ധിച്ചു,
ബാഗ് മുഴുവൻ പലതവണ പരിശോധിക്കുന്നതും.
”എന്റെ സെൽഫോൺ കളഞ്ഞുപോയീന്നാ തോന്നുന്നത്”
അവൾ പറഞ്ഞു.
”നന്നായി, കളഞ്ഞു പോകട്ടെ അമ്മെ, പഴയ സ്റ്റൈൽ
ഫോണായിരുന്നില്ലേ? ഇപ്പൊ ആരെങ്കിലും അങ്ങനത്തെ
ഫോൺ കൊണ്ടുനടക്കുമോ? അമ്മ ഇനിയൊരു സ്മാർട്
ഫോൺ വാങ്ങൂ” അവർ പറഞ്ഞു. അവർക്ക് എപ്പോഴും ഹൈ
ടെക്നോളജിയെക്കുറിച്ച് മാത്രമെ ചിന്തയുള്ളൂ. അവർക്ക്
അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസിലാവില്ലല്ലോ!
വീട്ടിലെത്തിയതും അവൾ പെട്ടിയിലിലെ സാധനങ്ങൾ
ആകെ നിലത്തു കുടഞ്ഞിട്ടു, സെൽഫോൺ അതിൽ വരുവാൻ
യാതൊരു സാദ്ധ്യതയും ഇല്ലെന്നറിയാമായിരുന്നിട്ടും.
”എന്താണമ്മേ സ്യൂട്ട്കേസിൽ ഇത്ര ധൃതിയിൽ തപ്പുന്നത്?”
കിരൺ ചോദിച്ചു.
”എനിക്കു നഷ്ടപ്പെട്ടു പോയിട്ട് തിരികെക്കിട്ടിയ എന്തോ
ഒന്ന്” അവൾ മറുപടി പറഞ്ഞു.