സീൻ ഒന്ന്
സൂസന്റെ വീട്
രാവിലെ
ഇൻഡോർ
ഒരു കാസറോൾ ടിഫിൻ ബോക്സിൽ വാട്ടിയ വാഴയില വച്ചി
രിക്കുന്നു. അതിലേക്ക് വന്നുവീഴുന്ന പോർക്ക് ഉലത്തിയത്.
മൊബൈലിന്റെ റിങ്ങിങ് സൗണ്ട് പശ്ചാത്തലത്തിൽ കേൾ
ക്കാം. അത് ഒരു ക്രിസ്തീയ ഭക്തിഗാനമാണ്. മൊബൈൽ ഇരി
ക്കുന്ന സൈഡ് ടേബിളിൽ അമേരിക്കയിലെ വീടിന്റെ മുന്നിൽ
നിൽക്കുന്ന ഒരു മദ്ധ്യവയസ്കന്റെയും ഭാര്യയുടെയും ഫോട്ടോ
ഉണ്ട്. മൊബൈലിന്റെ പാട്ട് കേട്ട ഭാവംപോലും കാണിക്കാതെ
കാസറോളിന്റെ മൂടി അടച്ച് ഒരു ചെറിയ കുപ്പിയിലേക്ക് കാച്ചിയ
മോര് ഒഴിക്കുന്ന അന്നക്കുട്ടി. ആരോഗ്യമുള്ള ക്രിസ്ത്യൻ ചേടത്തി.
വയസ്സ് 65. ചട്ടയും മുണ്ടും വേഷം. അന്നക്കുട്ടിയെ ഒരു പത്തുപന്ത്രണ്ട്
വയസ്സ് പ്രായം തോന്നിക്കുന്ന ജോലിക്കാരിക്കുട്ടി ലഞ്ച്
പായ്ക്ക് ചെയ്യാൻ സഹായിച്ചുകൊണ്ട് അടുത്തുനില്പുണ്ട്.
മൊബൈലിന്റെ പാട്ട് ഉച്ചത്തിലാവുന്നു. അത് ശ്രദ്ധിച്ച് മൊബൈലെടുത്ത്
കൊടുക്കാൻ നീങ്ങുന്ന ജോലിക്കാരിക്കുട്ടിക്ക് ഒന്നു
കൊടുത്ത് അവിടെ നിർത്തി ജോലി എടുപ്പിക്കുന്ന അന്നക്കുട്ടി.
കോടതിയിലേക്ക് പോകാൻ വസ്ര്തം ധരിക്കുന്ന സൂസൻ അന്ന
മാത്യു. വയസ്സ് 25-26. വെളുത്ത്, തടിച്ച ഒരു അസ്സൽ അച്ചായത്തി.
സാരിയുടെ പ്ലീറ്റുകൾ ശരിയാക്കുന്നതിനിടയിൽ ഉച്ചത്തിലുള്ള നിർ
ത്താതെയുള്ള മൊബൈലിന്റെ പാട്ടു കേട്ട് അസ്വസ്ഥയാകുന്ന
സൂസൻ.
പാതിയുടുത്ത സാരിയുമായി സൂസൻ റൂമിന്റെ പുറത്തേക്ക്.
സൂസൻ വന്ന് നോക്കുമ്പോൾ മൊബൈലിനെ തെല്ലും വകവ
യ്ക്കാതെ ചോറുപാത്രത്തിന്റെ തട്ടിലേക്ക് നല്ല മട്ട അരിയുടെ ആവി
പറക്കുന്ന ചോറ് കോരിയിടുന്ന അന്നക്കുട്ടി.
കലം സൗകര്യത്തിന് ചെരിച്ചു പിടിച്ചു നിൽക്കുന്ന ജോലിക്കാരിക്കുട്ടി.
ഉറക്കെ,
സൂസൻ: വല്യമ്മച്ചീ…
വല്യമ്മച്ചി ‘എന്തേ’ എന്ന് ആംഗ്യത്തിൽ ചോദിക്കുന്നു. ജോലി
യിൽതന്നെയാണ് ശ്രദ്ധ.
സൂസൻ: മൊബൈൽ എടുത്തേ. ഡാഡിയായിരിക്കും. ഇന്ന്
അവിടെ ഞായറാഴ്ചയല്യോ.
വല്യമ്മച്ചി: നിന്റെ ഡാഡിയുടെ വിളിയൊക്കെ കാലത്തേ കഴി
ഞ്ഞു. ഇത് വേറെയാരാണ്ടാ. ഇപ്പൊ ഞാൻ അതെടുക്കാൻ ചെന്നാ
നീ ചോറെടുക്കാതെ പോവുകേലേ. അത് ശരിയാവത്തില്ല.
സംസാരത്തിനിടെ പാട്ട് ഒന്ന് നിറുത്തിയ മൊബൈൽ വീണ്ടും
പാടിത്തുടങ്ങുന്നു. സൂസൻ ഓടിച്ചെന്ന് മൊബൈലെടുക്കുന്നു.
സൂസൻ: അതിനല്ലേ വല്യമ്മച്ചി ഈ സൂത്രം. ഞാൻ എത്രവട്ടം
പറഞ്ഞുതന്നിട്ടുള്ളതാ.
ജോലിക്കാരിക്കുട്ടി അമർത്തിപ്പിടിച്ച് ചിരിക്കുന്നു.
വല്യമ്മച്ചി അവളെ ഭീഷണിപ്പെടുത്തി ഒന്ന് നോക്കിയിട്ട്
ഫോണെടുക്കുന്നു. സ്പീക്കർമോഡിലിട്ട ഫോണിൽനിന്നും ഒരു പുരുഷശബ്ദം.
: ഹലോ
സൂസൻ ബാക്കി ഒരുക്കത്തിനായി തിരികെ മുറിയിലേക്ക്.
നമ്മൾ സൂസന്റെ പുറകെ.
വല്യമ്മച്ചി: ആ പൗളിയായിരുന്നോ. ഞാനേ, സൂസന് ചോറ്
പൊതിയുവാ.
സാരിയുടുപ്പ് പൂർത്തിയാക്കി മുടി ചീകാൻ തുടങ്ങുന്ന സൂസൻ.
പൗളി: (ശബ്ദം മാത്രം) സ്പെഷ്യൽ എന്നതാ ചേടത്തീ?
വല്യമ്മച്ചി: ഓ… എന്തോന്ന് സ്പെഷ്യൽ? ഇവളൊന്നും തിന്നുകേലാ.
ഡയറ്റിങ്ങാ. മെലിയാൻ വേണ്ടി ഏതാണ്ട് ഹെൽത് ക്ലബീ
പോയി പത്തിരുപത്തയ്യായിരം രൂപ കൊടുത്തേക്കുവാ. അവര് ഒരു
മാസംകൊണ്ട് പത്തു കിലോ കൊറച്ചുകൊടുക്കുമെന്ന്.
മുടി കെട്ടി തീർത്ത സൂസൻ സാരി ഒതുക്കിപ്പിടിച്ച് കണ്ണാടിയിൽ
വയറ് കുറഞ്ഞോയെന്ന് നോക്കുന്നു. ബാഗും കേസ്ഫയലുകളും
ഗൗണും കയ്യിലെടുത്ത് പുറത്തേക്ക്.
വല്യമ്മച്ചി: ഇവടെ ചാച്ചനും അമ്മച്ചിയും അമേരിക്കേല്
കെടന്ന് തിന്നാതേം കുടിക്കാതേം ഒണ്ടാക്കുന്ന കാശൊക്കെ ഇവള്
മെലിയാൻ കൊടുക്കുവാ….
വല്യമ്മച്ചിയുടെ സംസാരം കേട്ട് പുഞ്ചിരിച്ചുകൊണ്ട് സൂസൻ
ജോലിക്കാരിക്കുട്ടിയെ കൈ കാട്ടി വിളിക്കുന്നു. അവൾ ഓടിവന്ന്
കുനിയാതെ നിൽക്കുന്ന സൂസന്റെ കാലിൽ ചെരുപ്പ് എടുത്തുവച്ച്
സ്ട്രാപ്പ് ഇട്ട് കൊടുക്കുന്നു.
പൗളി: (ശബ്ദംമാത്രം) ചേടത്തി ഇനി കോരമംഗലത്തോട്ട്?
വല്യമ്മച്ചി: അത് പറയാൻ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരി
ക്കുവായിരുന്നു. ഞാൻ ഞായറാഴ്ച വരുന്നുണ്ട്. നീ കാണുകേലേ
വീട്ടില്?
പുറത്ത് ഒരു കാറ് വന്നുനിൽക്കുന്ന ശബ്ദവും, ഹോണടിയും.
സൂസൻ തിടുക്കത്തിൽ വല്യമ്മച്ചിക്ക് ഒരു മുത്തം കൊടുത്ത്
പുറത്തേക്ക്. പുറകെ പാത്രങ്ങളുമായി ജോലിക്കാരിക്കുട്ടി.
സീൻ രണ്ട്
സൂസന്റെ വീടിന്റെ മുൻവശം
രാവിലെ
എക്സ്റ്റീരിയർ…
ഒരു പരമ്പരാഗത ക്രിസ്ത്യൻ വീട്. വീടിന്റെ മുന്നിൽ സൂസൻ
അന്ന മാത്യു. അഡ്വക്കേറ്റ് എന്ന ബോർഡുണ്ട്. വീടിന്റെ മുന്നിൽ
നിൽക്കുന്ന കാർ. ഡ്രൈവിംഗ് സീറ്റിൽ ഒരു സ്ര്തീയാണ്. രമ്യ. രമ്യ
നായർ. വയസ്സ് 30. വെളുത്ത്, മെലിഞ്ഞ ഒരു ഒറ്റപ്പാലം നായർ
ലുക്കുള്ള സ്ര്തീ. കഴുത്തിൽ താലി. നെറ്റിയിൽ സിന്ദൂരം. വക്കീൽവേഷത്തിലാണ്
രമ്യയും. വീട്ടിൽനിന്നും ഓടിയിറങ്ങിവരുന്ന സൂസൻ.
പുറകെ രണ്ടു കയ്യിലും നിറയെ പാത്രങ്ങളുമായി ജോലിക്കാരി
ക്കുട്ടി. സൂസൻ മുൻവശത്തെ ഡോർ തുറന്നു കയറുന്നു.
പുറകിലെ ഡോർ പാത്രങ്ങൾ വയ്ക്കാൻ തുറന്നുകൊടുത്തുകൊ
ണ്ട്,
രമ്യ: എടോ, തന്നെ വെറുതെയല്ലാട്ടോ കോടതിയിലെല്ലാവരും
സഞ്ചരിക്കുന്ന റെസ്റ്റോറന്റ് എന്നു വിളിക്കണത്.
സൂസൻ: ലോ കോളേജില് എന്തോന്നായിരുന്നു എന്റെ പേര്?
ഫുഡ് കോർട്ട്!
അന്നൊക്കെ പത്തും പതിനഞ്ചും പേർക്കുള്ള ഫുഡ് ചുമന്നുകൊണ്ടുവന്ന്
സീനിയേഴ്സിന് കൊടുത്തിട്ടാ നിന്നെയും സംഗീ
തേനേം റാഗിംഗിൽപെടാതെ ഞാൻ രക്ഷിച്ചോണ്ടിരുന്നത്.
സ്മരണ വേണം. സ്മരണ.
രമ്യ ചിരിക്കുന്നു.
പിൻവാതിലടഞ്ഞതും വണ്ടി പതിയെ മുന്നോട്ട്.
സൂസൻ: ഇതെന്തോന്ന് പോക്കാ രമ്യേ? അരിച്ചരിച്ച്. സംഗീത
ഇന്റിപെന്റന്റായി കേസ് വാദിച്ചു തുടങ്ങുന്ന ദിവസല്ലേ ഇന്ന്.
2011 മഡളമഠണറ ബടളളണറ 5 2
അവളെ സമയത്തിന് കോടതിയിലെത്തിക്കേണ്ടേ?
അതുകേട്ട് പുഞ്ചിരിച്ച് ഗിയർ ചേഞ്ച് ചെയ്യുന്ന രമ്യ. പെട്ടെന്ന്
സ്പീഡെടുത്ത് പാഞ്ഞുപോകുന്ന കാറ്.
സീൻ മൂന്ന്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻവശം
രാവിലെ
എക്സ്റ്റീരിയർ.
ക്ഷേത്രത്തിന്റെ മുന്നിൽ കാത്തുനിൽക്കുന്ന സംഗീത നമ്പൂതി
രി. 25-26 വയസ്സ് പ്രായം. അവിവാഹിത. സുന്ദരിയാണ്.
മുടി കുളിപ്പിന്നൽ പിന്നി, നെറ്റിയിൽ ചന്ദനം. വക്കീൽവേഷ
ത്തിലാണ്.
കേസ്ഫയലുകൾ മറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. ആദ്യ
മായി സ്വതന്ത്രമായി കേസ് വാദിക്കുവാൻ പോകുന്നതിന്റെ ടെൻ
ഷൻ ഉണ്ട് മുഖത്ത്. അവളുടെ മുന്നിലേക്ക് വന്നുനിൽക്കുന്ന രമ്യ
യുടെ കാർ.
പിൻസീറ്റിലേക്ക് കയറുന്നതിനിടയിൽ,
സൂസൻ: ഇനിയും കഴിഞ്ഞില്ലേ നിന്റെ കേസ് പഠിത്തം?
സംഗീത: എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോന്ന് ഒരു ലാസ്റ്റ്
മിനിറ്റ് ചെക്കിംഗ്.
സംഗീത ചന്ദനം എടുത്ത് കാർ ഓടിക്കുന്ന രമ്യയുടെ നെറ്റിയിൽ
തൊട്ടുകൊടുക്കുന്നു.
ഒരു തൂക്കുപാത്രമെടുത്ത് സൂസന് കൊടുക്കുന്നു.
പാത്രം തുറന്ന്,
സൂസൻ: പായസം!
സംഗീത: ഇല്ലത്ത് രാവിലെ ഗണപതിഹോമം ഉണ്ടായിരുന്നു.
അതിന്റെ പ്രസാദാ.
സ്പൂണുകൊണ്ട് അല്പം എടുത്ത് രുചിച്ച്.
സൂസൻ: എന്റെ തടി അടുത്തകാലത്തൊന്നും കൊറയാൻ
പോണില്ല. ഹെൽത് ക്ലബിൽ കൊടുത്ത് ഇരുപത്തയ്യായിരം
പോയീന്ന് കൂട്ടിക്കോ.
ചിരിക്കുന്ന സംഗീത.
സൂസൻ: ഗണപതിഹോമം നടത്താൻ കോവിലിലെ പൂജാരി
വീട്ടിൽ വര്വോ? ഞങ്ങൾക്ക് വീട് വെഞ്ചരിക്കാൻ അച്ചൻ വരണപോലെ.
സംഗീത: അച്ഛൻതന്നെയാ ഹോമം നടത്തിയത്. എന്റെ
സ്വന്തം അച്ഛനാണെന്നു മാത്രം.
രമ്യ: ഞങ്ങള് നായന്മാര് അമ്പലത്തിലെ പൂജാരിയെ സംഘടി
പ്പിച്ചോണ്ട് വരും. ഇവര് നമ്പൂതിരിമാര് ഇതൊക്കെ തന്നത്താനങ്ങ്
ചെയ്യും.
സൂസൻ: എന്നാലേ പുള്ളിയോട് പറഞ്ഞ് ഗണപതിഹോമംപോലെ
ഒരു രുഗ്മിണിഹോമം നടത്തിക്ക്. അല്ലെങ്കിലേ കാര്യം
കൊഴഞ്ഞുപോകും.
രമ്യ: അതെന്താടോ?
സൂസൻ: രുക്മിണിയാ ഇവൾക്കെതിരെ കേസ് വാദിക്കുന്നത്.
രമ്യ: എന്റെ കൃഷ്ണാ!
സൂസൻ: മാറിവന്ന സർക്കാർ പുതുതായി അപ്പോയന്റ് ചെയ്ത
പബ്ലിക് പ്രോസിക്യൂട്ടറല്യോ. അതുകൊണ്ടുതന്നെ ആരംഭശൂരത്വം
കൂടും.
രമ്യ: അവള് റിസർവേഷനാണെന്ന് അറിയില്ലേ തനിക്ക്.
സൂസൻ: പിന്നേ! അല്ലെങ്കില് അവളെപ്പോലെ ഒരുത്തിക്ക് ഈ
പോസ്റ്റ് സ്വപ്നം കാണാൻ ഒക്കുവോ?
സംഗീ, എന്തായാലും നീ സൂക്ഷിച്ചോ. ഫെമിനിസം,
ദളിത്വാദം, കോ-ലിവിങ്, അവടെ കയ്യിലില്ലാത്തതൊന്നുമില്ല.
സീൻ നാല്
കോടതിമുറി
പകൽ
ഇന്റീരിയർ
ചെറിയ ഒരു കോടതിമുറി
രണ്ട് ബെഞ്ചുകളിലായി തിക്കിത്തിരക്കിയിരിക്കുന്ന വക്കീല
ന്മാർ. സാക്ഷികളും പ്രതികളും മറ്റും വാതിൽക്കലും ജനലിലും
നില്പുണ്ട്. ക്ലോക്കിൽ സമയം പന്ത്രണ്ടര. ക്ലാർക്ക് എഴുന്നേറ്റുനിന്ന്
കേസ് വിളിക്കുന്നു. സംഗീത എഴുന്നേൽക്കുന്നു. രുക്മിണിയും.
ഐശ്വര്യമുള്ള മുഖം, കറുത്ത നിറം, ചുരുണ്ട മുടി. ആൾ വളരെ
സ്മാർട്ടാണ്. രുക്മിണിയും സംഗീതയും മുന്നോട്ടു വരുന്നതിനോടൊപ്പം
സാക്ഷിക്കൂട്ടിലേക്ക് മദ്ധ്യവയസ്കനായ നാടൻവേഷത്തി
ലൊരാൾ കയറിനിൽക്കുന്നു. 50-55 വയസ്സ് പ്രായം തോന്നും.
പ്രതിക്കൂട്ടിലേക്ക് വെളുത്ത് തടിച്ച ഒരു നാല്പത് വയസ്സുകാരൻ
കയറിനിൽക്കുന്നു. രുക്മിണി കേസ് വിശദമാക്കുന്നു.
രുക്മിണി: 2007 ഏപ്രിൽ പതിനാലാം തീയതി സി.പി.
ഗോപാൽ മേനോൻ എന്ന പ്രതി ഈ നിൽക്കുന്ന കാപ്പക്കുട്ടിയുടെ
വീട്ടുപറമ്പ് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വഴിയായി ഉപയോഗിക്കുകയും
വീട്ടുപണിക്കാവശ്യമായ സാധനങ്ങൾ കൊണ്ടുപോവുകയും
ചെയ്തിരുന്നു.
സീൻ നാല് – എ
കാപ്പക്കുട്ടിയുടെ ചെറിയ വീടിന് മുൻവശത്തൂടെ പൊടി പറ
ത്തിക്കൊണ്ട് പാഞ്ഞുവരുന്ന ലോറിയും പിറകെ വരുന്ന കാറും.
ലോറിയിൽ വീടുപണിക്കുള്ള സാധനങ്ങളാണ്.
തിണ്ണയിലിരിക്കുന്ന കാപ്പക്കുട്ടി ധൃതിയിൽ പുറത്തിറങ്ങി വഴി
യിൽ കയറി നിൽക്കുന്നു. ലോറി നിൽക്കുന്നു, പുറകെ കാറും. കാറി
ൽനിന്ന് പുറത്തിറങ്ങുന്ന മേനോൻ.
കാപ്പക്കുട്ടി: (അടുത്തേക്ക് ചെന്ന്) സാറേ, ഇങ്ങനെ ദിവസോം
അഞ്ചും പത്തും ട്രിപ്പടിച്ചാ പൊടിയടിച്ചിട്ട് വീട്ടീ ഞങ്ങള് എങ്ങനെ
കെടന്നൊറങ്ങും?
മേനോൻ: കാപ്പക്കുട്ടി, ഈ പറമ്പിലൂടെ പോയില്ലെങ്കിൽ ദൂരം
എത്ര ചുറ്റണം ഇതൊക്കെ എന്റെ സ്ഥലത്തെത്തിക്കാൻ? പെട്രോളിനും
ഡീസലിനും ഇപ്പൊ എന്ത് വിലയാന്നറീല്യേ?
കാപ്പക്കുട്ടി: അങ്ങനെ പറഞ്ഞാ എങ്ങനെയാ സാറേ? പൊടി
യടിച്ചിട്ട് എളേ കൊച്ചിന് വലിവിന്റെ അസുഖമാ.
മേനോൻ: ഏതായാലും ഇത് വഴിയായിട്ട് ഞാൻ ഉപയോഗിച്ചുതുടങ്ങി.
ഒരാറുമാസം, ഏറിയാൽ ഒരു വർഷം. അതിനുള്ളിൽ തീരും
വീടുപണി. അത് വരെ ഇത് ഇങ്ങനെ നടക്കട്ടെ.
കാപ്പക്കുട്ടി: അത് പറ്റത്തില്ല മേനോൻ സാറെ. ഒരുതരത്തിലും
പറ്റത്തില്ല.
മേനോൻ: താനെന്നുതൊട്ടാടോ എന്റെ മുഖത്ത് നോക്കി പറ്റി
ല്ലാന്ന് പറയാൻ പഠിച്ചത്. എന്റെ അച്ഛന്റെ ഔദാര്യാ തന്റെ ഈ പറ
മ്പ്. അത് മറക്കണ്ട.
കാപ്പക്കുട്ടി: ഇത് അവകാശാ. കുടികിടപ്പവകാശം. അല്ലാതെ
ഔദാര്യമൊന്നുമല്ല.
മേനോൻ: അച്ഛനോട് ഞാനന്നേ പറഞ്ഞതാ കണ്ട പുലയനെയൊക്കെ
തലയിൽ കേറ്റിവച്ചാ ഗതി അധോഗതിയാവുംന്ന്.
കാപ്പക്കുട്ടി: എന്താ സാറ് വിളിച്ചത്?
2011 മഡളമഠണറ ബടളളണറ 5 3
മേനോൻ: എന്താടാ പുലയന്റെ മോനേ നിന്റെ പ്രശ്നം? കളി
എന്റെ അടുത്ത് എറക്കിയാലുണ്ടല്ലോ?
മേനോൻ കാപ്പക്കുട്ടിയെ തല്ലുന്നു. കാപ്പക്കുട്ടി തടുക്കാൻ ശ്രമി
ക്കുന്നു. ലോറിക്കാരും മേനോനും കൂടി കാപ്പക്കുട്ടിയെ മർദിച്ച് അവശനാക്കി
വണ്ടിയുമെടുത്ത് പോകുന്നു.
സീൻ നാല് – ബി
കോടതിപരിസരം
പകൽ
എക്സ്റ്റീരിയർ
ടിഫിൻബോക്സുകളുമായി ഭക്ഷണം കഴിക്കുന്നിടത്തേക്ക്
വരുന്ന സൂസനും രമ്യയും.
രമ്യ: ഇത്രയും ക്രൂരനാവാൻ ഒരു മേനോന് പറ്റുമെന്ന് എനിക്ക്
തോന്നുന്നില്ല.
സൂസൻ: നീ അങ്ങനെയേ പറയത്തുള്ളൂ. നായന്മാരും മേനോ
ന്മാരും ഒരേ കാറ്റഗറിയല്ലേ.
രമ്യ: എന്തായിരിക്കും നടന്നതെന്ന് ഞാൻ പറയട്ടെ?
സൂസൻ: പറ. നായന്മാർക്ക് പറയാനുള്ളത് കോടതി കേട്ടി
ല്ലെന്നു വേണ്ട.
രമ്യ: പറമ്പിൽ കൂടി വണ്ടി കൊണ്ടുപോകാൻ പറ്റില്ലെന്ന് കാപ്പ
ക്കുട്ടി പറഞ്ഞപ്പൊ മേനോന് ഹാലിളകി. ഒരു കീഴ്ജാതിക്കാരന്
ഇത്ര അഹങ്കാരമോ? നിന്റെ ഔദാര്യമില്ലാതെ ജീവിക്കാൻ
പറ്റ്വോന്ന് ഞാൻ നോക്കട്ടെ, — മോനേന്നും പറഞ്ഞ്, അങ്ങേര്
വേറെ ഒരിടപാടിനും നിക്കാതെ വണ്ടിയുമെടുത്ത് പൊയ്ക്കാണും.
സൂസൻ: പാവം മേനോൻ. ഇത്ര സമാധാനപ്രിയരാണോ നായ
ന്മാരും മേനോന്മാരും?
സീൻ നാല് – സി
കോടതിമുറി
ഇന്റീരിയർ
പകൽ
പാവത്താനെപ്പോലെ പ്രതിക്കൂട്ടിൽ നിൽക്കുന്ന ഗോപാൽ
മേനോൻ. ജഡ്ജി കേസ് വാദം കേൾക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക്
മാറ്റിവച്ചതായി അറിയിക്കുന്നു.
ജഡ്ജിയെ തൊഴുത് പരസ്പരം നോക്കാതെ മുറിയുടെ പുറത്തേക്ക്
രുക്മിണിയും സംഗീതയും. കാപ്പക്കുട്ടിയും മേനോനും പുറകെ.
സീൻ നാല് – ഡി
ഭക്ഷണം കഴിക്കുന്ന സ്ഥലം
പകൽ
ടിഫിൻബോക്സുകൾ തുറക്കുന്ന സൂസനും രമ്യയും
സൂസൻ: ജാതിപ്പേര് വിളിച്ചതിന്റെ കൂടെ വധശ്രമം കൂടി ചാർജ്
ചെയ്തേക്കുവാ. നയന്റിനയനിലെ എസ്.സി./എസ്.ടി. പ്രിവൻ
ഷൻ ഓഫ് അട്രോസിറ്റീസ് വകുപ്പനുസരിച്ച് മേനോന് പത്തുകൊല്ലംവരെ
ശിക്ഷ കിട്ടാം.
പെട്ടെന്ന് രമ്യയുടെ ഫോണടിക്കുന്നു.
രമ്യ ഫോണെടുക്കുന്നു.
രമ്യ: ഇല്ല, ഇല്ലെടോ. സമാധാനപ്പെട്.
ഫോൺ കട്ട് ചെയ്ത് ചിരിച്ചുകൊണ്ട്,
രമ്യ: സംഗി വിളിച്ചതാ. താൻ കൊണ്ടുവന്ന പോർക്ക് ഒലത്തി
യത് ഒറ്റയ്ക്ക് തിന്നുതീർക്കരുതെന്ന് പറയാൻ.
സൂസൻ: അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ. സത്യത്തിലവള്
നമ്പൂതിരിതന്നെയാണോ?
രമ്യ: സംഗിയുടെ ഗ്രാന്റ് പാരന്റ്സ് ഒക്കെ യോഗക്ഷേമക്കാരായിരുന്നു.
സൂസൻ: അതുകൊണ്ട്?
രമ്യ: അയ്യോ, ചരിത്രബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത തന്നോടാണല്ലോ
ഞാനിതൊക്കെ കെട്ടിയെഴുന്നള്ളിച്ചത്. യോഗക്ഷേമ
ക്കാരെന്ന് പറഞ്ഞാൽ നമ്പൂതിരിമാരിലെ റെവല്യൂഷനറിസ്റ്റുകളാ.
അമ്പലങ്ങൾക്ക് തീ വയ്ക്കാൻ പറഞ്ഞ പാർട്ടികളാ അവര്. അതും
പത്തെഴുപത് കൊല്ലം മുമ്പ്. പിന്നെയാ തന്റെ ഒലത്തിയ പോർക്ക്.
ഓടിക്കയറിവരുന്ന സംഗീത ആശ്വാസത്തോടെ,
സംഗീത: നിങ്ങള് തുടങ്ങീല്ല അല്ലേ? ഭാഗ്യം.
കേസുകെട്ട് ഒരിടത്തുവച്ച് പന്നിയിറച്ചിയുടെ പാത്രം കയ്യിലെടുത്ത്,
കുടഞ്ഞുകളഞ്ഞിട്ടും പോകുന്നില്ല മേനോൻ. ഓരോ സംശയവും
ചോദിച്ചങ്ങനെ ചുറ്റിത്തിരിഞ്ഞു നിക്കുവാ.
ഒരു കഷ്ണം പന്നിയിറച്ചി എടുത്ത് രുചിച്ച്,
സംഗീത: ഇന്ന് കസറിയിട്ടുണ്ട് നിന്റെ വല്യമ്മച്ചി?
രമ്യ: എങ്ങനെയുണ്ടായിരുന്നു രുഗ്മിണിസ്വയംവരം ആട്ടക്കഥ?
നിങ്ങള് വീണ്ടും മിണ്ടിത്തുടങ്ങിയോ?
സംഗീത: ഉം… ബെസ്റ്റ്. മുഖത്തോട് മുഖം നോക്കിയിട്ടുതന്നെ
കൊല്ലം ഒന്നായി.
സൂസൻ: അതെന്നതാ കാര്യം?
സീൻ അഞ്ച്
പടർന്ന് പന്തലിച്ചുനിൽക്കുന്ന വലിയ ഒരു മരത്തിന്റെ കീഴി
ലുള്ള ക്യാന്റീൻ
പകൽ
ഇന്റീരിയർ
ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്ന സംഗീത, രമ്യ, സതീഷ് വർമ,
ഷാജി, സാജിദ
സതീഷ് വർമ – സുമുഖനായ യുവാവ്.
ഷാജി – ചെറുപ്പക്കാരനായ മറ്റൊരു വക്കീൽ.
സാജിദ – വക്കീൽവേഷത്തിലാണെങ്കിലും തലയിൽ തട്ടമുണ്ട്.
യാഥാസ്ഥിതിക മുസ്ലിം ചെറുപ്പക്കാരി.
കുറച്ചകലെ ഒരു മേശയിൽ ഒറ്റയ്ക്കിരുന്ന് പുസ്തകം വായിച്ച്
ഭക്ഷണം കഴിക്കുന്ന രുക്മിണിയെ പശ്ചാത്തലത്തിൽ കാണാം.
സതീഷ്: സാജിദേ, പെരുന്നാളിന്റെ ചെലവ് എവിടെ?
സാജിദ: ബേജാറാവേണ്ട (ടിഫിൻ ബോക്സ് ചൂണ്ടി). കൊണ്ടുവന്നിട്ടുണ്ട്.
സംഗീത: ബിരിയാണി കോഴിയോ ആടോ മാടോ?
സാജിദ: ആട്. എങ്ങനെ മനസ്സിലായി ഇതിനകത്ത് ബിരിയാണി
ആണെന്ന്?
സംഗീത: തന്റെ മാത്രമല്ല, ഇവിടെ ഇരിക്കുന്ന എല്ലാവരുടെയും
ചോറ്റുപാത്രത്തിലെന്താണെന്ന് കണ്ണടച്ച് ഞാൻ പറയാം.
സതീഷ്: എന്നാ പറ. ശരിയാണോയെന്ന് നോക്കാലോ?
സംഗീത: സതീഷിന്റെ ടിഫിൻബോക്സില് നല്ല വെളുവെളാ
വെളുത്ത ചോറ്, സാമ്പാറ്, മെഴുക്കുപുരട്ടി, കൊണ്ടാട്ടമുളക്.
2011 മഡളമഠണറ ബടളളണറ 5 4
സതീഷ്: നോക്കട്ടെ.
പാത്രം തുറക്കുമ്പോൾ അതുതന്നെ ഭക്ഷണം. അമ്പരക്കുന്ന
സതീഷ്.
സംഗീത: ഷാജീടെ പാത്രത്തില് ചുവന്ന ചോറ്, കടല അല്ലെ
ങ്കിൽ പരിപ്പ്, മുളക് ഇട്ട് വറത്ത പപ്പടം.
ഷാജി തുറക്കുമ്പോൾ ചുവന്ന ചോറ്, പരിപ്പ്, പപ്പടം.
ഷാജി: താനിതെങ്ങനെ കണ്ടുപിടിച്ചു?
സതീഷ്: രാവിലെ എടുത്ത് തുറന്നുനോക്കിക്കാണും. കൊതി
ച്ചി.
സംഗീത: എനിക്ക് വേറെ പണിയുണ്ട്. ഇത് വളരെ സിമ്പിൾ
ആയ ഒരു ട്രിക്കാണ്. ഞാൻ നിരീക്ഷിച്ച് കണ്ടുപിടിച്ചതാ. പാചകം
ചെയ്യുന്ന ആളുടെ ജാതിയും മതവും കറികളിൽ ഉണ്ടാവും. ഉപ്പും
മഞ്ഞളും പോലെ.
രമ്യ: പിന്നേ…
സംഗീത: സത്യായിട്ടും ഉണ്ടാവും. നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോന്ന്
അറിയില്ല. ഓരോ ജാതിക്കാർക്കും അവരവരുടെ കറികളുണ്ട്. നായ
ന്മാർക്ക് മൊളകൂഷ്യം, അവിയൽ, മെഴുക്കുപുരട്ടി, കൂട്ടുകറി. ഈഴവർക്ക്
കടലക്കറി, മുതിരക്കറി. ക്രിസ്ത്യാനികൾക്ക് പോർക്ക് വരട്ടി
യത്, താറാവ് മപ്പാസ്. സാജിദയ്ക്ക് ബീഫ്, ആട് ബിരിയാണി,
ഈന്തപ്പഴ അച്ചാറ്. ഞങ്ങള് നമ്പൂതിരിമാർക്ക് മാമ്പഴ പുളിശ്ശേരി,
ഓലൻ, വേപ്പിലക്കട്ടി, കടുമാങ്ങ അച്ചാറ്.
സതീഷ്: ഇങ്ങനെ വിശകലനം ചെയ്ത് നോക്കിയാ ശരിയാ.
ഓരോ കറികൾക്കും നിറത്തിനും രുചിക്കും ഒപ്പം ഹെറിഡിറ്ററിയും
ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
സംഗീത: ഉണ്ടെന്നേ (ഒളികണ്ണിട്ട് രുക്മിണിയെ നോക്കി), ഇനി
എൽ.എൽ.ബി. അല്ല എൽ.എൽ.എം. പാസ്സായി പി.എച്ച്.ഡി.
എടുത്താലും രുക്മിണീടൊക്കെ പാത്രത്തീന്ന് വരുന്ന ചേറ്റുമീ
നിന്റെ ഉളുമ്പുമണം പോകില്ല. അതീ പറഞ്ഞ ഹെറിഡിറ്ററീടെ
ഫുഡിന് ഒരു ഹെറിഡിറ്ററി ഉണ്ടാക്കിയെടുക്കാൻ അവൾക്കൊന്നും
ഈ ജന്മത്ത് സാധിക്കില്ല.
സീൻ അഞ്ച് – എ
കോടതിപരിസരം
പകൽ
എക്സ്റ്റീരിയർ
ഊണുകഴിഞ്ഞ് പാത്രം കഴുകിക്കൊണ്ടിരിക്കുന്ന സൂസനും
സംഗീതയും രമ്യയും
രമ്യ: ആറുമാസത്തിനുള്ളിൽ ഞങ്ങടെ കൂട്ടത്തിലിരുന്ന് ഉണ്ടോ
ണ്ടിരുന്ന സതീഷ് വർമയെ രുക്മിണി വലയിൽ വീഴ്ത്തി. ഹെറി
ഡിറ്ററിയൊക്കെ മറന്ന് അവരൊന്നിച്ച് താമസോം തുടങ്ങി.
പ്രണയം തലയ്ക്ക് പിടിച്ചപ്പോ അവൻ ഈ നമ്പൂരിക്കൊച്ച് പറഞ്ഞ
തൊക്കെ ക്ലീനായി ഒറ്റിക്കൊടുത്തു. അതിനുശേഷം രുക്മിണി ഇവളുടെ
മുഖത്ത് നോക്കിയിട്ടില്ല.
സൂസൻ: കർത്താവേ! സംഗീ, നിന്റെ മേനോന്റെ കാര്യം
പോക്കാ. കണ്ണൂര് വേണോ പൂജപ്പുര മതിയോ എന്ന് ഇപ്പഴേ തീരുമാനിച്ചോളാൻ
പറ.
അല്പം പരിഭ്രമിച്ചുപോകുന്ന സംഗീത.
സൂസൻ: നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ലേ കൊച്ചേ. ഞാൻ
എഫ്.ഐ.ആർ. വായിച്ചു. ഇറ്റ്സ് വെരി സ്ട്രോങ്. സാക്ഷികളെ
സ്വാധീനിക്കയേ വഴിയുള്ളൂ.
സംഗീത: വിറ്റ്നസ് ഒക്കെ കാപ്പക്കുട്ടീടെ കൂടെ ഒറ്റാലു
വയ്ക്കണോരാ. അവരെ സ്വാധീനിക്കാൻ ഞാൻ മേനോനെ പറ
ഞ്ഞയച്ചിരുന്നു. ജാതിപ്പേര് വിളിച്ച് അപമാനിച്ചവനെ പാഠം പഠി
പ്പിക്കുമെന്നു പറഞ്ഞ് നിക്ക്വാ അവര്. ഇതൊന്നും പോരെങ്കില്
കാപ്പക്കുട്ടിയും രുക്മിണിയും റിലേറ്റീവ്സാ. വകയിലെ ഒരമ്മാവ
ൻ.
സൂസൻ: സവർണരോട് രുക്മിണിക്ക് ഇച്ചരെ വ്യക്തിവൈരാഗ്യം
ഉണ്ടാകാൻ വഴിയുണ്ട്. നമ്മള് സവർണർക്കിട്ട് പണിയാൻ
കിട്ടുന്ന ഒരവസരോം ആ ദളിതക്കാരി കളയൂന്ന് തോന്നണില്ല.
രമ്യ: എന്താ എന്താ പറഞ്ഞേ? നമ്മള് സവർണരോ? സുറി
യാനി ക്രിസ്ത്യാനികള് എപ്പം മുതലാ സവർണരായത്?
സൂസൻ: ഒന്നു പോടി കൊച്ചേ. ഇച്ചരെ ലോക്കൽ ഹിസ്റ്ററി
യൊക്കെ വല്യമ്മച്ചി എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ഞങ്ങളേ…
അസ്സല് നമ്പൂതിരിമാര് മാർക്കംകൂടി സുറിയാനികളായതാ. പറ
ഞ്ഞുവന്നാ ഞാനും സംഗിയും റിലേറ്റീവ്സാവും.
ചിരിക്കുന്ന രമ്യയും സംഗീതയും.
സൂസൻ: എടീ, രുക്മിണി വിചാരിച്ചാലേ ഈ കേസില് ഇനി
എന്തെങ്കിലും നടക്കൂ.
സംഗീത: എനിക്ക് അനുകൂലമായി അവള് ഒന്നും വിചാരിക്കാൻ
സാദ്ധ്യതയില്ല. ഒറപ്പാ. ആദ്യത്തെ കേസ്തന്നെ തോക്കൂലോ
ഈശ്വരാ!
രമ്യ: താൻ ഡെസ്പാവാതെ. നമുക്ക് നോക്കാം.
സീൻ ആറ്
സൂസന്റെ വീട് + രമ്യയുടെ വീട്
രാത്രി
സൂസന്റെ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്തുകൊടുക്കുന്ന
ജോലിക്കാരിക്കുട്ടി.
സൂസൻ പുസ്തകവായനയിലാണ്.
മൊബൈൽ റിങ് ചെയ്യുന്നു.
സൂസൻ: ഹലോ
സ്ക്രീനിൽ തെളിയുന്ന രമ്യ
രമ്യ: ഞാനാ.
സൂസൻ: കണ്ടോ?
രമ്യ: ആ
സൂസൻ: അവനെന്നാ പറഞ്ഞു?
രമ്യ: പോസിറ്റീവ് റെസ്പോൺസ് ആണ്. രുക്മിണിയെക്കൊണ്ട്
ഒരു സന്ധിസംഭാഷണത്തിന് വരാമെന്ന് സതീഷ് ഏറ്റി
ട്ടുണ്ട്. നാളെ ഉച്ചയ്ക്ക്. ഏതെങ്കിലും റെസ്റ്റോറന്റിൽ മീറ്റ് ചെയ്യാം.
സൂസൻ: ഓ, അത് വേണ്ട. കാശൊത്തിരി പൊടിയും.
രമ്യ: സംഗീടെ വീട്ടുകാര് എന്ത് യോഗക്ഷേമക്കാരാണെന്നു പറ
ഞ്ഞാലും രുക്മിണിയേയും കൊണ്ടുചെന്നാ മുഖം ചുളിക്കും.
ഇവിടെ എന്റെ ധഭഫടശല വന്നിട്ടുണ്ട്. അവര് വളരെ യാഥാസ്ഥിതി
കരാ.
സൂസൻ: എന്നാ ഇവിടെവച്ചാവാം. വല്യമ്മച്ചി രാവിലെ കോതമംഗലത്തോട്ട്
പോവും. പക്ഷേ ഇത്രപേർക്കുള്ള ഫുഡ്?
രമ്യ: ഡോണ്ട് വറി. അത് ഞാൻ അറേഞ്ച് ചെയ്തോളാം. എല്ലാവരും
അവരവരുടെ വീട്ടീന്ന് ഓരോ കറി കൊണ്ടുവരും. വിജാതീയ
വിഭവസമാഹരണമാണെന്ന് കൂട്ടിക്കോ. ഒരുതരം പന്തിഭോജനം.
സീൻ ഏഴ്
പകൽ
ഔട്ട്ഡോർ+ഇൻഡോർ
മാർക്കറ്റിലൂടെ ക്യാമറ
പച്ചക്കറി കട. കൂടയിലേക്ക് അവിയലിനു വേണ്ടുന്ന പച്ചക്കറി
കൾ തിരഞ്ഞെടുക്കുന്ന കൈകൾ.
ഇറച്ചിക്കട. കൊത്തിയരിഞ്ഞെടുക്കുന്ന ഇറച്ചിക്കഷ്ണങ്ങൾ.
താറാവിനെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്തു കൊണ്ടുവന്ന്
സൂസനെ ഏല്പിക്കുന്ന ജോലിക്കാരിക്കുട്ടി.
തുണികൊണ്ട് പൊതിഞ്ഞുവച്ച മൂടി അഴിച്ച് ഭരണിയിൽനിന്നും
പുറത്തെടുക്കുന്ന കടുമാങ്ങ അച്ചാർ.
പുഴയിലേക്ക് വല വീശുന്ന ഒരാൾ. വലയിൽ കിടന്നു പുളയുന്ന
ചേറ്റുമീനുകൾ.
തൊലിയുരിച്ചു വച്ച താറാവിനു സമീപം മപ്പാസിനുവേണ്ടി
ഉള്ളിയും പച്ചമുളകും അരിയുന്നു.
ഒരേ നീളത്തിൽ ഒരേ വണ്ണത്തിലുള്ള അവിയലിന്റെ കഷ്ണങ്ങ
ൾ.
ഒരു മൺചട്ടിയിലേക്ക് വന്ന് വീഴുന്ന ആറ്റുമീനിന്റെ കണ്ണുള്ള
തലയുൾപ്പെടുന്ന കഷ്ണങ്ങൾ കല്ലുപ്പിട്ട് വൃത്തിയാക്കിയെടുക്കു
ന്നു.
പഴപ്രഥമന് വേണ്ടി അരിയുന്ന പഴക്കഷ്ണങ്ങൾ. തേങ്ങ തിരു
മ്മി, മിക്സിയിലിട്ടടിച്ച്, പിഴിഞ്ഞ് പാലെടുക്കുന്നു.
മട്ട അരിയുടെ ചോറ് തവികൊണ്ട് എടുത്ത് ഞെക്കി വെന്തോ
എന്ന് നോക്കുന്നു.
സീൻ എട്ട്
സൂസന്റെ വീട്
ഇന്റീരിയർ+എക്സ്റ്റീരിയർ
പകൽ
അടുപ്പിൽനിന്ന് വേവുന്ന താറാവിന്റെ കഷ്ണങ്ങൾ. സൂസൻ,
രമ്യ, സംഗീത എന്നിവർ അടുത്തുനില്പുണ്ട്. എന്തോ ഓർത്ത് നിൽ
ക്കുന്ന ജോലിക്കാരിയുടെ തലയ്ക്കിട്ട് കിഴുക്കി,
സൂസൻ: സ്വപ്നം കാണാതെ പോയി ചോറ് ഊറ്റിയിട്. കണ്ണു
തെറ്റിയാ പണിയെടുക്കാതെ ചുമ്മാ നിന്നോളും, ശവം!
തല തിരുമ്മി കുട്ടി പുറത്തേക്ക്
പുറത്തേക്ക് വന്നുകൊണ്ട്,
സൂസൻ: എന്നാലും നമ്മുടെ തൃപ്പുണിത്തുറ തമ്പുരാൻ ആ ദളി
തക്കാരീടെ വലയിൽ വീണല്ലോന്ന് ഓർക്കുമ്പഴാ…
സംഗീത: പ്രേമത്തിന് എന്ത് ജാതിയും മതവും?
രമ്യ: അതൊക്കെയുണ്ട്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ
പുരോഗതി പിന്നോക്കജാതികളെ സവർണരുമായി ഐക്യ
പ്പെടാൻ മോഹിപ്പിക്കുന്നുണ്ട്.
സൂസൻ: തുടങ്ങി അവളുടെ തിയറി പറച്ചില്.
രമ്യ: എന്നാ വേണ്ട. കുറച്ച് ഗോസിപ്പ് പറയട്ടെ. സതീഷിന്
ഇപ്പൊ ഒരു അബദ്ധം പറ്റിയ മട്ടാ.
താൽപര്യത്തോടെ,
സൂസൻ: അവൻ എന്തോ പറഞ്ഞു?
രമ്യ: തെളിച്ചൊന്നും പറഞ്ഞില്ല. നമ്മുടെ വിശേഷങ്ങളൊക്കെ
ചോദിക്കുന്ന കൂട്ടത്തിൽ സംഗീടെ കല്യാണക്കാര്യം എന്തായീന്ന്
ചോദിച്ചു. അവനിവളെ ഒരു നോട്ടമുണ്ടായിരുന്നല്ലോ.
ചൂളുന്ന സംഗീത.
നല്ല നമ്പൂതിരി പയ്യന്മാരെ കിട്ടാത്തതുകൊണ്ട് കല്യാണം
ഒന്നും ഇതുവരെ ഒറച്ചില്ലാന്ന് ഞാൻ പറഞ്ഞു. അപ്പൊ സതീഷ്
പറയ്വാ പ്രേമം, കല്യാണം എന്നൊക്കെ വരുമ്പൊ സ്വന്തം ജാതി
തന്നെയാ നല്ലത്, അങ്ങനെ അല്ലാതെ പോയവരൊക്കെ അനുഭവിച്ചിട്ടേ
ഉള്ളൂന്ന്.
സൂസൻ: ചുരുക്കി പറഞ്ഞാ അവരുടെ കോ-ലിവിംഗ് അടിച്ചുപിരിയാറായി
എന്ന്.
രമ്യ: സതീഷ് ഉടനെ കാനഡയിലേക്ക് പോവ്വാ പി.എച്ച്.ഡി.
എടുക്കാൻ. അഞ്ചുവർഷം കഴിഞ്ഞേ തിരിച്ചുവരൂ.
സൂസൻ: അപ്പോഴേക്കും രുക്കു പുര നിറഞ്ഞുനിൽക്കുന്ന ഏതെ
ങ്കിലും ദളിതന്റെ തലയിൽ തൂങ്ങിയിട്ടുണ്ടാവും.
കാറിന്റെ ഹോൺ ശബ്ദം. സൂസൻ മുൻവശത്തേക്ക് പോകാൻ
ഒരുങ്ങുമ്പോൾ തടഞ്ഞുകൊണ്ട്,
രമ്യ: സതീഷിനോട് പി.എച്ച്.ഡിയെപ്പറ്റി ഒന്നും ചോദിക്കണ്ടാട്ടോ.
അവൻ പോകുന്ന വിവരം രുക്കുവിനോട് ഇതുവരെ മിണ്ടിയി
ട്ടില്ല.
കാറ് പാർക്ക് ചെയ്ത് ഇറങ്ങിവരുന്ന സതീഷ് വർമയും രുക്മിണി
യും. കൈയിൽ ടിഫിൻബോക്സുണ്ട്. സൂസൻ മുന്നോട്ടുവന്ന്
ടിഫിൻബോക്സ് വാങ്ങിക്കൊണ്ട്,
സൂസൻ: വാ… വാ… നിങ്ങള് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ
വിവരം അറിഞ്ഞ അന്നുതൊട്ട് വല്യമ്മച്ചി പറയുവാ രണ്ടുപേരെയും
വിരുന്നിന് വിളിക്കാൻ. എനിക്ക് വിളിക്കാനും നിങ്ങൾക്ക്
വരാനും ഇപ്പഴേ ഒത്തുള്ളൂ.
സൂസന്റെ പെർഫോമൻസിൽ വണ്ടറടിച്ചു നിൽക്കുന്ന രമ്യ.
സംഗീത എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നു. എല്ലാവരും
അകത്തേക്ക്.
സീൻ എട്ട്-എ
സൂസന്റെ വീട്
സ്വീകരണമുറി
പകൽ
ഇന്റീരിയർ
രുക്മിണിക്ക് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നീട്ടുന്ന സംഗീത. സംഗീ
തയ്ക്ക് ചമ്മലുണ്ട്. എടുക്കണോ വേണ്ടയോ എന്ന സംശയത്തിൽ
രുക്മിണി.
സംഗീത: അയ്യോ, ഇതെന്ത് പറ്റി?
സംഗീത പറയുന്നതുകേട്ട്ു രുക്മിണി ഡ്രസ്സിലേക്ക് നോക്കുന്നു.
രുക്മിണി: ടിഫിൻബോക്സിൽനിന്ന് ചാറ് തൂവിപ്പോയതാ.
സംഗീത: ഇപ്പൊതന്നെ കഴുകിയില്ലെങ്കിൽ കറയാവും. വാ,
ഞാൻ കാണിച്ചുതരാം ബാത്റൂം.
രുക്മിണിയും സംഗീതയും കണ്ണിൽനിന്ന് മഞ്ഞപ്പോൾ,
രമ്യ: സംസാരിച്ചോ? രുക്കുവിനോട്?
സതീഷ്: ആ. ആദ്യം സ്വല്പം കടുംപിടിത്തമായിരുന്നു. പിന്നെ
അയഞ്ഞു. രുക്കുവിന് നിങ്ങളാരോടും ഒരു വിരോധോല്യ. മാത്രമല്ല
നിങ്ങളോട് ഫ്രണ്ട്സ് ആവണംന്നുണ്ട് അവൾക്ക്. കേസ് മേനോന്
പ്രശ്നമില്ലാതെ സെറ്റിൽ ചെയ്യാമെന്ന് ഒരുവിധത്തിൽ സമ്മതിച്ചിട്ടു
ണ്ട്.
സൂസൻ: ഓ, അന്തോണീസ് പുണ്യാളൻ വർമാജീടെ രൂപ
ത്തിൽ അവതരിച്ചിരിക്കുവാണേ!
പന്തിഭോജനം ആരംഭിക്കുന്നു. അവിയൽ എല്ലാവരുടെയും
പ്ലേറ്റിൽ രമ്യ വിളമ്പുന്നു. കോഴി, മീൻ, പോർക്ക്, പച്ചക്കറികൾ
അങ്ങനെ എല്ലാവരുടെയും പ്ലേറ്റിൽ പൂക്കളം ഇട്ടപോലെ.
രമ്യ: 1917-ൽ ചേറായിൽ ഇതുപോലൊരു ശാപ്പാട് നടന്നിട്ടുണ്ട്.
സഹോദരൻ അയ്യപ്പന്റെ വീട്ടുപറമ്പിൽ. അതോടെ അയ്യപ്പൻ
ജാതീന്ന് ഔട്ടായി. വർഷം ഇത്ര കഴിഞ്ഞെങ്കിലും അതുമായി കംപയർ
ചെയ്താ, ഇത് വെറുമൊരു ലഞ്ചല്ല സാമുദായിക വിപ്ലവമാ.
രുക്മിണി മന്ദഹസിക്കുന്നു.
സൂസൻ: അല്ലെങ്കിലും ജാതി, മതം, സംവരണം ഇതൊക്കെ
നമ്മുടെ നാട്ടീന്ന് കെട്ടുകെട്ടിക്കേണ്ട സമയം കഴിഞ്ഞു. മറ്റ് ജീവജാലങ്ങൾപോലെതന്നെയല്ലേ
മനുഷ്യനും. പിന്നെ നമുക്കു മാത്രം
എന്തിനാ ഈ തരംതിരിവുകള്?
രുക്മിണി ഒരു പാത്രം തുറന്ന് സ്പെഷ്യലായി ‘മീൻതലക്കറി’
സംഗീതയുടെ പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുന്നു. സംഗീത അമ്പരന്ന്
സൂസനെയും രമ്യയെയും നോക്കുന്നു.
പിന്നെ മന:സാന്നിദ്ധ്യം വീണ്ടെടുത്ത് തല എടുത്ത് ചവച്ചുകഴിക്കുന്നു.
വല്ലാതാവുന്ന രമ്യയും സതീഷും സൂസനും. മറ്റുള്ളവരുടെ
പ്ലേറ്റിലേക്കും രുക്മിണി കറി വിളമ്പുന്നു.
സംഗീത: കേസ് നമുക്ക് കോംപ്രമൈസ് ആക്കാം, അല്ലേ
രുക്കൂ?
ഇപ്പോൾ ഭക്ഷണം കഴിഞ്ഞ് എല്ലാവരും ടെറസിൽ ഇരിക്കുകയാണ്.
രുക്മിണി: കാപ്പക്കുട്ടി മാമനോട് എന്ത് പറയുംന്നാ?
സതീഷ്: ഞാനെന്തെങ്കിലും നക്കാപ്പിച്ച ഒപ്പിച്ചുകൊടുത്ത്
സമ്മതിച്ചെടുക്കാം. നീ ചിത്രത്തിലേ വരണ്ട.
സൂസൻ: കാപ്പക്കുട്ടി അങ്കിൾ വിഷമം തീരുന്നത് വരെ ‘മേനോനെ,
മേനോനെ’ എന്ന് ജാതിപ്പേര് വിളിച്ചോട്ടെ. അപ്പൊ സമമായല്ലോ.
സൂസൻ സംഗീതയുടെ കൈകളിലേക്ക് രുക്മിണിയുടെ കൈവ
ച്ചുകൊണ്ട് ഡീൽ ഉറപ്പിക്കുന്നു.
സൂസൻ: അപ്പൊ എല്ലാം പറഞ്ഞതുപോലെ ഓക്കേ.
കാറ് തുറന്ന് രണ്ടുപേരും കയറുമ്പോൾ,
സൂസൻ: ഞങ്ങള് അടുത്ത ഞായറാഴ്ച ഒരു ഫിലിമിന്
പോവാൻ പ്ലാനുണ്ട്. രുക്കു വരുന്നുണ്ടോ?
രുക്കു സതീഷിനെ നോക്കുന്നു.
സതീഷ്: ഞാനില്ല. എനിക്കൊരു ക്ലയന്റിനെ മീറ്റ് ചെയ്യാനുണ്ട്.
രമ്യ: ഞാൻ തിരിച്ച് വീട്ടിൽ ഡ്രോപ് ചെയ്യാം.
രുക്മിണി ‘ശരി’ എന്ന് തലയാട്ടുന്നു. കാറ് നീങ്ങുന്നു. തിരിച്ചുനടക്കുമ്പോൾ
സൂസനോട്,
രമ്യ: താൻ കാര്യായിട്ടാ അവളെ സിനിമയ്ക്ക് വിളിച്ചത്?
സൂസൻ: ചുമ്മാ ഒരു നമ്പറ്. കേസ് കോംപ്രമൈസ് ആവുന്ന
തുവരെ, നമ്മള് ഫ്രണ്ട്സ് ആയീന്നൊരു തോന്നൽ ആ ദളിതകാരീടെ
മനസ്സീ കെടന്നോട്ടെ. ഉപകരിക്കും. എങ്ങനെയുണ്ട് അച്ചായ
ത്തീടെ ബുദ്ധി?
സംഗീതയ്ക്ക് എന്തോ ഒരു അസ്വസ്ഥതപോലെ. അവൾ അകത്തേക്ക്
ഓടുന്നു. പുറകെ സൂസനും രമ്യയും. ഛർദിക്കുന്ന സംഗീ
ത.
പുറംതടവിക്കൊണ്ട് സൂസൻ,
സൂസൻ: നീ ആ മീൻതല കടിച്ച് തിന്നണത് കണ്ടപ്പഴേ എനിക്ക്
തോന്നി. എവിടെ കെടന്ന മീനിനെ എങ്ങനെയാണാവോ കർ
ത്താവേ വച്ചുണ്ടാക്കീത്? (രമ്യയോട്) മനസ്സീപിടിക്കാഞ്ഞിട്ടാ?
സീൻ ഒൻപത്
റോഡ്
പകൽ
എക്സ്റ്റീരിയർ
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ സതീഷ് വർമയും
രുക്മിണിയും. രുക്മിണി സന്തുഷ്ടയാണ്.
രുക്മിണി: സതീഷ്, എന്നാ ഇവരൊക്കെ നമ്മുടെ വീട്ടില് ഒരു
ഊണിന് വരിക?
ഒന്നും പറയാതെ വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന സതീഷ് വർ
മ.
തെളിഞ്ഞുവരുന്ന ടൈറ്റിൽ
ജാതി ചോദിക്കരുത്, പറയരുത്
അത് അനുഭവിക്കാനുള്ളതാണ.