സ്ത്രീയുടെ പക്ഷത്തുനിന്നും മാധ്യമങ്ങളെ രണ്ടു രീതിയിൽ സമീപിക്കേണ്ടതുണ്ട്.
ഒന്ന് മാധ്യമങ്ങളിലെ സ്ത്രീയും മറ്റൊന്ന് മാധ്യ
മങ്ങൾ അവതരിപ്പിക്കുന്ന സ്ത്രീയും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ
ഏറ്റവും ക്രൂരവും അപലപനീയവുമായ രീതിയിൽ അതി
ക്രമങ്ങൾ നടക്കുന്ന കാലത്ത് ഇത്തരമൊരു പരിശോധനയ്ക്ക് ഏറെ
സാംഗത്യമുണ്ട്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വിഭിന്ന
മായ സാമൂഹ്യചുറ്റുപാടുകളും സാംസ്‌കാരിക നവീകരണവുമുള്ള
കേരളത്തിലെ ഇന്നത്തെ സ്ത്രീ അവസ്ഥകൾ തുറന്ന ചർച്ചയ്ക്ക്
വിധേയമാക്കേണ്ടതുണ്ട്. സ്ത്രീപീഡനങ്ങളും മറ്റ് അതിക്രമങ്ങളും
ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം.
മറ്റു സംസ്ഥാനങ്ങളിൽ ഇവ മൂടിവയ്ക്കപ്പെടുകയോ പരാതിപ്പെ
ടാൻ ശേഷിയില്ലാത്തതുകൊണ്ട് പുറംലോകം അറിയപ്പെടാതെ
പോവുകയോയാണ് സംഭവിക്കുന്നത്. പൊതുഇടങ്ങളിൽ നടക്കുന്ന
പല അതിക്രമ സംഭവങ്ങളും പൊതുമധ്യത്തിൽ മാധ്യമങ്ങൾ
എത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളിലും
റിപ്പോർട്ടിങ് തുടർച്ച സജീവമായി നടക്കുന്നുണ്ട്.
സൂര്യനെല്ലി മുതൽ ജിഷ വരെയും, മറ്റ് സമാനമായ കേസുകളി
ലും ഇത് നമ്മൾ കണ്ടതാണ്. എന്നാൽ ഈ വാർത്താ രീതികളി
ലും പ്രകടമായി കാണുന്നത് പുരുഷാധിപത്യസമൂഹത്തിന്റെ ചി
ന്താധാരകളാണ്. അതുതന്നെയാണ് ഇത്തരം വാർത്തകളുടെ ന്യൂനതയും.
അതിനൊരു പ്രധാന കാരണം ലിംഗാവബോധത്തിന്റെ
അഭാവമാണ്. സ്ത്രീപീഡനക്കേസുകളെ സമീപിക്കുന്നതുതന്നെ
അതൊരു സെൻസേഷണൽ വാർത്ത എന്ന രീതിയിലാണ്. സൂര്യനെല്ലി
കേസിന്റെ നാൾവഴികൾ പരിശോധിക്കുമ്പോൾ നമുക്കി
ത് ബോധ്യമാകും. തന്നെ അതിക്രൂരമായ പീഡനത്തിനിരയാക്കി
എന്ന പെൺകുട്ടിയുടെ മൊഴി വിശ്വാസ്യതയിൽ എടുത്തുള്ള ഒരനേ്വഷണമല്ല
അന്നുണ്ടായത്. മൊഴിക്ക് അത്ര സാധുത അന്നത്തെ
സ്ത്രീസംരക്ഷണ നിയമങ്ങളിൽ ഇല്ലായിരുന്നു എന്നത് വാസ്തവം.
അതേസമയം പെൺകുട്ടി ഇത്തരമൊരു ദുരന്തത്തിന് ഇരയായത്
അവളുടെ മാത്രം കുഴപ്പം കൊണ്ടാണെന്ന് വരുത്തിത്തീർക്കുന്ന
വാർത്താറിപ്പോർട്ടിങ് രീതി അത് സംബന്ധിച്ച വാർത്തകളുടെ
വരികൾക്കിടയിൽ വായിച്ചെടുക്കാനാകും. പ്രണയം, സ്വയം
വിവാഹ തീരുമാനം എന്നതൊക്കെ നല്ല പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ല
എന്ന പൊതുബോധം ശക്തമായതുകൊണ്ട് പഠി
ക്കാൻ വിട്ട കുട്ടി കാണിച്ച അതിസാമാർഥ്യമായി സൂര്യനെല്ലി
പെൺകുട്ടിയുടെ സംഭവത്തെ ചിത്രീകരിച്ച് മാധ്യമങ്ങളും ആ പൊതുബോധത്തോട്
ചേർന്നു നിൽക്കുകയാണുണ്ടായത്. മറ്റൊന്ന് ഒരു
കണ്ടക്ടറോട് അല്ലെങ്കിൽ ബസിലെ കിളിയോട് പ്രായപൂർത്തി
എത്തും മുൻപ് ഒരു പെൺകുട്ടി കാട്ടിയ ചാപല്യം എന്ന മട്ടിൽ അവളെ
പഴിക്കാനുള്ള എല്ലാ പഴുതുകളും പല റിപ്പോർട്ടിങ്ങുകളിലും
ഉണ്ടായി. കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കളോട് അവൾ ചെ
യ്ത കൊടുംചതിയായും ചിലർ ഇതിനെ എഴുതിപ്പിടിപ്പിച്ച് സമൂഹത്തിന്റെ
അവജ്ഞയ്ക്കും ശകാരങ്ങൾക്കും ഇടമുണ്ടാക്കി.
പതിനാറ് വയസുള്ള ഒരു പെൺകുട്ടിയുടെ ചെയ്തികളെ തി
കഞ്ഞ തോന്ന്യാസമായി ഇത്തരത്തിൽ സമർത്ഥിച്ചതു വഴി അത്
പൊതുസമൂഹത്തിൽ ഉണ്ടാക്കിയ പ്രതിരണനങ്ങൾ ആ കുടുംബത്തെ
സംബന്ധിച്ച് അങ്ങേയറ്റം ദൗർഭാഗ്യകരമായിപ്പോയി. പിറന്ന
മണ്ണും ജീവിതോപാധിയും സ്വത്തുമുപേക്ഷിച്ച് അവർക്ക് അവരുടെ
നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. സ്വന്തം മകളെ
ചതിച്ച മാന്യന്മാർ ഒരു പോറലും ഏൽക്കാതെ സമൂഹത്തിൽ തലയുയർത്തി
നിൽക്കുമ്പോഴാണ് ആ കുടുംബം ഹതാശയായ മകളേയും
ചേർത്തുപിടിച്ച് ജീവനുംകൊണ്ട് പലായനം ചെയ്തത്.
നാല്പത്തിയഞ്ചിൽപരം പുരുഷന്മാർ പ്രതികളായ കേസിൽ ഒരു
പ്രതിയുടെ പോലും കുടുംബചരിത്രമോ ഭൂതകാലമോ ഒരു മാധ്യ
മവും തേടിപ്പോയില്ല. പ്രണയിക്കുന്നു എന്ന് വിശ്വസിപ്പിച്ച് പതി
നാറു വയസുള്ള ഒരു പെൺകുട്ടിയെ സെക്‌സ് റാക്കറ്റുകൾക്ക് നിർ
ലജ്ജം വിറ്റ്, ആ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം
ചെയ്ത് ആഘോഷിച്ചവർക്ക് വല്ലാത്തൊരു സംരക്ഷണമാണ് പുറംലോകം
നൽകിയത്. മയക്കി, ഭീഷണിപ്പെടുത്തി, ബലം പ്രയോഗിച്ച്
അർധപ്രാണനാക്കിയ കൗമാരം തികയാത്ത പെൺകുട്ടിയോട്
തെളിവ് ചോദിച്ച് കെട്ടുകാഴ്ചയാക്കി നാടുനീളെ നടത്തിച്ചവരോ,
അതോ അവളുടെ 16 വയസിനിടയിലെ ചാരിത്ര്യമില്ലായ്മ
എടുത്തുകാട്ടി രക്ഷപ്പെടാൻ ശ്രമിക്കാത്തതിന് അവളെ കുറ്റപ്പെടുത്തി
വിധിപ്രസ്താവം ചെയ്ത ന്യായാധിപനോ, അതിനൊത്ത്
വാർത്ത പടച്ച മാധ്യമലോകമോ ആരാണ് കൂടുതൽ മിടുക്കന്മാർ?
വാർത്തകൾ ആർക്കുവേണ്ടി, അവയുടെ ധാർമികത എന്ത് എന്നതൊക്കെ
ആരും ചർച്ച ചെയ്യാത്ത അലിഖിതനിയമമാകുമ്പോൾ
വാർത്തകളുടെ ദയയ്ക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകൾ വെറും
സെൻസേഷണൽ വാർത്താ ഉല്പന്നമാവുക സ്വാഭാവികം. അതുകൊണ്ടാണ്
കുട്ടികളെ വീട്ടിൽ നിർത്തി, യുവതി ചെന്നൈയ്ക്ക്
പോയി, പോലീസ് പിടികൂടി ജയിലിലടച്ചു എന്നൊക്കെയുള്ള തലക്കെട്ടുകളോടുകൂടി
വാർത്തകൾ ഇവിടെ ഇപ്പോഴും ജനിച്ചുകൊണ്ടിരിക്കുന്നത്.
മദ്യപാനിയും മർദകനുമായ ഭർത്താവിന്റെ ശല്യം
സഹിക്കാതെ കുട്ടികളെ വളർത്താൻ ഗത്യന്തരമില്ലാതെ വീട്ടുജോലിക്ക്
ഇറങ്ങിപ്പുറപ്പെട്ട യുവതിയെ ക്രിമിനലാക്കുന്ന വാർത്താശൈലി
ഗൗരവമായി കാണണം. ഗാർഹിക പീഡനം കുടുംബവഴക്കായും
നിയമവിരുദ്ധ അറസ്റ്റ് പോലീസ് പിടികൂടുന്നതുമായി മാറുമ്പോൾ
ഉണ്ടാകുന്ന അർത്ഥവ്യത്യാസം ഒരു സ്ത്രീയുടെ ജീവിതത്തെ
എങ്ങനെ മാറ്റിമറിക്കുന്നു എന്ന് മനസ്സിലാക്കണം. മദ്യപാനിയെ
ഗാർഹിക പീഡനത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെ
യ്യാൻ ഇടംകൊടുക്കാതെ കുട്ടികളെ വളർത്താൻ ആ സ്ത്രീ ഒരുങ്ങിയത്
സമൂഹത്തിൽ മേൽക്കൈ നേടിയ സദാചാര ബോധത്തി
ലെ സ്ത്രീവിരുദ്ധത കാരണമാണ്. അതുകൊണ്ടുതന്നെയാണ് ശ്രീ
ധരന്റെ ഭാര്യ നളിനി മരണപ്പെടുന്നതും നളിനിയുടെ ഭർത്താവ് ശ്രീ
ധരൻ മരണപ്പെടാത്തതും. നമ്മുടെ പത്രങ്ങളിലെ ചരമപ്പേജുകളാണ്
ഏറ്റവും വലിയ ലിംഗഅനീതിയുടെ പ്രകടമായ മാതൃക.
ഇനി മാധ്യമങ്ങളിലെ സ്ത്രീ അവസ്ഥകളിലേയ്ക്ക് കടന്നാലോ,
അത് അതിനേക്കാൾ ദയനീയം. ഇവിടത്തെ തൊഴിലിടങ്ങ
ളിൽ നിലനിൽക്കുന്ന ലിംഗവിവേചനം കേരളത്തിന്റെ മറ്റ് പുരോഗമന
സൂചികകളുമായി ഒട്ടും ഇണങ്ങുന്നതല്ല. അഭിപ്രായമുള്ള
സ്ത്രീകൾക്കെതിരെ പ്രകടമായ അസഹിഷ്ണുത ഇവിടെ അതി
ശക്തമാണ്. സഹപ്രവർത്തകയോടുള്ള സമീപനങ്ങളിൽ നിരവധിയായ
പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. മാധ്യമമേഖലയിലെ തൊഴിലിന്റെ
പ്രതേ്യകതകൾ കാരണം, അസമയത്തും പരിമിതമായ
സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന ദുരനുഭവങ്ങൾ
പരിഹരിക്കാനുള്ള തുറന്ന അന്തരീക്ഷം പല മാധ്യമസ്ഥാപനങ്ങളിലുമില്ല.
വൈശാഖ കമ്മിറ്റി നിർദേശമനുസരിച്ചുള്ള ആഭ്യന്തര
ലൈംഗികാതിക്രമ പരിശോധന കമ്മിറ്റികൾ അതിന്റെ ശരിയായ
അർത്ഥത്തിൽ ഇനിയും ഭൂരിഭാഗം സ്ഥാപനങ്ങളിലും രൂപീകൃതമായിട്ടില്ല.
പത്ത് സ്ത്രീകൾ ജോലി ചെയ്യുന്നിടം മുതൽ
ഇത് വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. ആരോപണ
വിധേയരാകുന്നവർ മാനേജ്‌മെന്റിന് വേണ്ടപ്പെട്ടവരോ അല്ലെ
ങ്കിൽ മറ്റു രീതിയിൽ അപ്രമാദികളായവരോ ആകുമ്പോൾ വനി
താ മാധ്യമപ്രവർത്തകരുടെ പരാതി അട്ടിമറിക്കപ്പെടുകയോ, പരാതിക്കാരുടെ
രാജിക്ക് ഇടയാകുകയോ ആണ് സംഭവിക്കുന്നത്.
മംഗളം ചാനൽ സംഭവം, മാതൃഭൂമി ചാനൽ വിഷയം, ന്യൂസ് 18
ചാനൽ വിഷയം തുടങ്ങി സമീപകാലത്തുണ്ടായ പല സംഭവങ്ങ
ളിലും പൊതുവായി കണ്ട കാര്യം അടിസ്ഥാനപരമായി നിലനിൽ
ക്കുന്ന പുരുഷാധിപത്യ ധാർഷ്ട്യം തന്നെയാണ്. ഇരയ്ക്കുവേണ്ടി
വാർത്താലോകത്ത് തുടർക്കഥപോലെ പരമ്പരകൾ സൃഷ്ടിക്കുന്നവർ
അകത്ത് തരിമ്പുപോലും ലിംഗാവബോധമില്ലാത്തവരെന്ന്
മാത്രമല്ല അവിശ്വസനീയമാംവിധം ആൺമേൽക്കോയ്മാബോധമുള്ളവരുമാണെന്ന്
വരുമ്പോൾ മാധ്യമമേഖലയിലെ സ്ത്രീകൾ
നേരിടുന്ന സ്വത്വപ്രതിസന്ധി വിവരണാതീതമാണ്.
തുല്യജോലിക്ക് തുല്യവേതനമെന്ന മാർക്‌സിയൻ പ്രത്യയശാസ്ത്രത്തിന്റെ
ആപ്തവാക്യമാണ് ലോകത്തെ ആദ്യത്തെ ലിംഗനീതി
മുദ്രാവാക്യം. തുല്യജോലി നടപ്പിലാക്കപ്പെടുമ്പോഴും തുല്യ
വേതനം അനുവദിക്കുമ്പോഴും തുല്യതയുടെ വിടവ് കൂടിക്കൂടി വരുന്ന
കാഴ്ചയാണ് പക്‌ഷേ ഇന്ന് കാണുന്നത്. പ്രകടമായ സ്ത്രീ
വിരുദ്ധത അതിന്റെ എല്ലാ സീമകളും ലംഘിച്ച് താണ്ഡവമാടുന്ന
കാലമാണിത്. കൂടുതൽ സ്ത്രീകൾ പൊതുഇടത്തിലേയ്ക്ക് വന്ന
തോടെ തുടങ്ങിയ ഈ പ്രക്രിയ ഗാർഹിക പീഡനങ്ങൾ വർദ്ധിപ്പി
ച്ചുകൊണ്ട് പുരുഷാധിപത്യം തടയണ തീർക്കുന്നു. ഭരണഘടനയുടെ
മറ്റ് മൂന്ന് തൂണുകളായ ഭരണകൂടം, നീതിന്യായം, നിയമനിർ
മാണം എന്നിവയിൽ എന്നതുപോലെ നാലാം തൂണായ മാധ്യമരംഗത്തും
ഈ സ്ത്രീവിരുദ്ധത ശക്തിപ്രാപിക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ
തള്ളിച്ച നടക്കുന്ന ഈ കാലത്ത്, വിവരസാങ്കേതികതയുടെ
കുതിപ്പിന്റെ ഈ കാലത്ത്, മാധ്യമങ്ങൾ സ്ത്രീവിരുദ്ധമാകുന്നത്
വളരെ നിർഭാഗ്യകരവും അപകടകരവുമാണ്.