സൂചിപ്പഴുതുപോലുമില്ലാത്ത
തിരക്കവസാനിക്കാത്ത ലോക്കൽ കംപാർട്‌മെന്ററിലും
കവിതകൾ പിറന്നു വീഴാറുണ്ട്
ഇടി കൊണ്ട് സാൻഡ്‌വിച്ച് പരുവത്തിലാകുമ്പോൾ
നട്ടെല്ലു പൊട്ടാറാവുമ്പോൾ
രോഷം അണപൊട്ടുന്ന
താളം നഷ്ടപ്പെട്ട പുതു കവിതകളും.
ചിലപ്പോഴെല്ലാം ഭാവനയുടെ കയറു പൊട്ടിച്ച് വരുന്ന ബിംബ
ങ്ങൾ
ഇടി കൊണ്ട് ചതഞ്ഞരയും
ഒരക്ഷരം ഉരിയാടാനാവാതെ
ഇരിക്കാനിടം കിട്ടി സ്വപ്‌നങ്ങളിലേക്ക്
ഊൡിടുമ്പോൾ
പ്രണയ കവിതകളും യഥേഷ്ടം
താളം തെറ്റിയ ഭൂമിശാസ്ത്രഭൂവിലെ
നിരന്തര യാത്രാദുരിതങ്ങളിൽ
അറുതിയില്ലാത്ത ജോലിഭാരങ്ങളിൽ
വാക്കുകൾ ഓടിയൊളിക്കാറുണ്ട്
കവിയെ തനിച്ചാക്കി.
വൈകിയെത്തുന്ന ലോക്കലിൽ ചാടിക്കയറുമ്പോൾ
ലക്ഷ്യത്തിേലയ്ക്കടുക്കുന്ന വണ്ടിയിൽ നിന്ന് ചാടിയിറങ്ങുമ്പോൾ
ചിലപ്പോൾ ട്രാക്ക് ക്രോസ്സു ചെയ്ത് ഓടുമ്പോൾ
കവിതാശകലങ്ങൾ വീണുപോകുന്നതറിയുക പോലുമില്ല
എഴുതി വയ്ക്കാത്ത
വരികൾ മറന്നു പോയ
വികലമായ ബിംബങ്ങളുള്ള
ദുരിതയാത്രകളുടെ
ദുരന്തയാത്രകളുടെ
രക്തക്കറ പൂണ്ട കവിതകളാണധികവും.