ചരിത്രം നീ കശക്കിയെറിയും
നിറംപിടിപ്പിച്ച നുണകൾ നീ എഴുതും
എങ്കിലും….
ഖനി തുരന്നു ഞാൻ പോകും
എനിക്കറിയാം നിന്റെ വാക്കുകൾ
എന്നെ നിലംപരിശാക്കുമെന്ന്.
ആകാശം തുളച്ചു ഞാൻ പറക്കും
എനിക്കറിയാം നിന്റെ നോട്ടം
എന്നെ തുണ്ടുതുണ്ടാക്കുമെന്ന്.
മധുരമധുരമായി ഞാൻ പാടും
എനിക്കറിയാം നിന്റെ പരിഹാസം
എന്റെ നാദം പിഴുതെടുക്കുമെന്ന്.
എങ്കിലും ഞാൻ വരും
നോവുകളിൽ വേരു പടർത്തി
ഞാൻ വരും.
എന്റെ ഉല്ലാസത്തിൽ നീ വിളറിയോ
നനഞ്ഞയാമ്പൽ കണക്കെ കൂമ്പിയോ
എനിക്കു ചുറ്റും വസന്തമൊഴുകി നടന്നു
ഉച്ഛ്വാസത്തിൽ സുഗന്ധം നിറഞ്ഞു
മടിത്തട്ടിൽ പൂമ്പാറ്റകൾ ചേക്കേറി
കിളികൾ ചിലച്ചു, കുയിലുകൾ പാടി
കിഴക്കോട്ടും പിന്നെ പടിഞ്ഞാട്ടും
അരുവികൾ നിറഞ്ഞു തുളമ്പി.
വേലിയേറ്റത്തിൽ ഞാൻ മുങ്ങിപോയി
വേലിയിറക്കത്തിൽ ഞാൻ ഒഴുകിപോയി
തച്ചുടച്ച ശംഖുപോലെ ഞാൻ ഖിന്നയായി
എങ്കിലും ഞാൻ വരും.
മഴയിലുണർന്ന ചീവീടുപോലെ
കർണ്ണകഠോരമായി ഞാൻ പാടും
കാലുകൾ ഉരസി, കൈകൾ ഉയർത്തി
ഞാൻ പാടും.
കുനിഞ്ഞ തലയും കുഴിഞ്ഞ കണ്ണുകളും
മഴമരംപോലെ ഒടിഞ്ഞ ചുമലുകളും
നിന്റെ ചിത്രങ്ങൾ മികച്ചതായിരുന്നു.
ഉടഞ്ഞ കണ്ണാടിപോലെയോ
ചിതറിയ ആകാശംപോലെയോ
തകർന്നുപോയ എന്നെക്കുറിച്ച്
ഇതിഹാസങ്ങൾ നീ എഴുതി
എങ്കിലും ഞാൻ വരും.
പൊടിയിൽനിന്നുയിർകൊണ്ട
സർപ്പസന്തതിയായി ഞാൻ വരും.
ഞാൻ കറുത്തവൾ
കറുത്ത കടൽപോലെ
കറുത്തവൾ.
ആകാശത്തോളം ഞാൻ ഉയർന്നുപൊങ്ങും
പാതാളത്തോളം ഞാൻ ഒഴുകി പരക്കും
പേടികളെ ഞാൻ കഴുകിക്കളയും
ഭീഷണികളെ ഞാൻ പൊടിച്ചുകളയും
കവചകുണ്ഡലങ്ങളെ ഞാൻ അറുത്തുമാറ്റും
അഴിഞ്ഞുതീരാത്ത ഉടുപുടവയ്ക്കായി
കെഞ്ചുകില്ല ഇനിമേൽ ഞാൻ
വെളിച്ചമെന്റെ വാളാകും
ഇരുട്ടുകളെ ഞാൻ വെട്ടിമാറ്റും
നാഭിയിൽ കൊടുങ്കാറ്റുകൾ പിറവികൊള്ളും
കോട്ടകൊത്തളങ്ങളെ പിഴുതെടുക്കും
ഓർത്തുവയ്ക്കൂ, ഞാൻ വരും
തീർച്ച.