ഹിന്ദി മൂല കവിത: മംഗേലേഷ് ദബ്രൽ
പ്രിയപ്പെട്ട കുട്ടികളേ…
ഞങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവരല്ല
ഞങ്ങളുടെ വിലപ്പെട്ട സമയം
നിങ്ങൾക്കായ് വീതം വയ്ക്കണമെന്നും
നിങ്ങളെ ഞങ്ങളുടെ കളികളിൽ
കൂട്ടുകാരാക്കണമെന്നും
നിങ്ങളെപ്പോലെ ഞങ്ങളും
നിഷ്കളങ്കരാകണമെന്നും
നിങ്ങൾ ആഗ്രഹിക്കുന്നുവോ?
പ്രിയപ്പെട്ട കുട്ടികളേ
ജീവിതം നിരന്തരം
പൊരുതിക്കൊണ്ടിരിക്കേണ്ട
ഒരു യുദ്ധക്കളമാണെന്ന്
നിങ്ങളോട് പറഞ്ഞത്
ഞങ്ങൾതന്നെ ആയിരുന്നു
ആയുധം ഉണ്ടാക്കിയതും
വെറുപ്പും പകയും മൂത്ത്
യുദ്ധത്തെ തോണ്ടിവിളിച്ചതും
ഞങ്ങൾതന്നെ ആയിരുന്നു
പ്രിയപ്പെട്ട കുട്ടികളേ
ഞങ്ങൾ നിങ്ങളോട് പറഞ്ഞതത്രയും
തീർത്തും കളവായിരുന്നു.
വളരെ ദൈർഘ്യമേറിയ
ഒരു രാത്രിയാണിത്
നീളമുള്ള ഒരു തുരങ്കത്തിനുള്ളിലെ
ദൃശ്യമെന്നപോലെ
ഒരറ്റത്തിന് മറ്റേ അറ്റം വളരെ
അസ്പഷ്ടമായി മാത്രം കാണാവുന്നതാണ്.
അവിടെ കാണുന്നതോ
അറുംകൊലയും കരച്ചിലും മാത്രം
പ്രിയപ്പെട്ട കുട്ടികളേ
ഞങ്ങൾക്കു മാപ്പുതരിക
നിങ്ങളെ അങ്ങോട്ടയച്ചത്
ഞങ്ങൾ തന്നെ ആയിരുന്നു
ജീവിതമൊരു യുദ്ധക്കളമാണെന്നത്
ഞങ്ങൾ നിങ്ങളോട് പറഞ്ഞ
ഒരു പെരും നുണയായിരുന്നു
കുട്ടികളേ…
ജീവിതം ഒരു ഉത്സവമാണ്
തുറന്ന പുഞ്ചിരിപോലെ
നിങ്ങളതിൽ വ്യാപിച്ചുകിടക്കുന്നു
പടർന്നു പന്തലിച്ച ഒരു മരത്തിൽ കിളികൾ
എന്നപോലെ നിങ്ങളതിൽ
ചിറകടിച്ചു പറന്നു കളിക്കുന്നു.
കുറച്ചു കവികൾ പറഞ്ഞപോലെ
ഉയർന്നുപൊങ്ങുന്ന
ഒരു ഫുട്ബോളാണ് ജീവിതം
നിങ്ങളാകട്ടെ അതിനു ചുറ്റും
ഓടിക്കളിക്കുന്ന
ഊർജസ്വലതയുള്ള കളിക്കാരും
പ്രിയപ്പെട്ട കുട്ടികളേ…
അങ്ങനെയല്ലെങ്കിൽ
അങ്ങനെ ആയേ തീരൂ!