അമ്മിത്തറയ്ക്കും
അലക്കുകല്ലിനുമിടയിലിരുന്ന്
മത്തിവെട്ടിക്കഴുകുമ്പോഴാണ്
ചിതമ്പലിനടിയിൽ നിന്ന്
കണ്ണുകലങ്ങിയ
കടൽതുള്ളിയെന്നോട്
സങ്കടത്തോടെ സംസാരിച്ചത്.
പുലർച്ചേ
നീന്തലിനു പോയ
പെങ്ങമ്മാരെ കാത്താങ്ങളമാർ
ചിപ്പിത്തണലിലിപ്പോഴും
ഇരിപ്പുണ്ടാവുമെന്നും,
ഉപ്പുജാലകങ്ങളുടെ
മത്സ്യവീടുകളിൽ
അമ്മമാരുടെ അലറിക്കരച്ചിലിൽ
തിരകളാടിയുലയുന്നുണ്ടാവുമെന്നും
അത് പറഞ്ഞപ്പോൾ
ആന്തലോടെ ചട്ടിയിലേക്ക്
ഞാൻ നോക്കി,
കഴിഞ്ഞാഴ്ച
ജലനീലക്കണ്ണാടിക്ക്
മുന്നിലിരുന്ന
മൂന്ന് മത്സ്യപ്പെണ്ണുങ്ങളെ
കാണാതാവുമ്പോൾ
മുലകുടി മാറാത്ത
ഏഴെണ്ണമനാഥരായത്രെ
അവരുടെയാണുങ്ങളെ
അതിന്മുന്നേ
കാണാതായിരുന്നു.
കടലിപ്പോൾ
കെണികളുടെ കൂടാണ്
കപ്പൽവഴികളിൽ നിന്ന്
അനക്കമില്ലാത്ത
ഇരുട്ടുകലക്കങ്ങളൊഴുകി വരുന്നത്രെ.
എന്റെ
കയ്യീന്നൊരമ്മ വേവലാതിയോടെ
കത്തിയൂർന്നുപോയി.
കടലുമൂടുന്നു ശിരസ്സിലൂടെ
മകളുടെ
ചെകിളപ്പൂ
ചീകിയൊതുക്കുമ്പോളൊരു
വല
വെള്ളംമുറിച്ച് വിരിഞ്ഞ്
പറന്നിറങ്ങുന്നു.
അവളെ
നെഞ്ചോടടക്കിപ്പിടിച്ച്
നീന്തുകയാണിപ്പോൾ ഞാൻ.
പക്ഷേ
കണ്ണികൾ ചെറുതായി വരുന്ന
അപകടങ്ങൾക്കിടയിലൂടെ
കരയിൽ
ജീവിക്കാനാവില്ലയെന്നറിയുമ്പോഴുമൊരു
കരസുരക്ഷ മോഹിച്ച്..ക്.