”നമ്മുടെ സവർണ ശരീരങ്ങൾക്ക് പൊതുവേ ഒരു പ്രശ്നമുണ്ട്.
ഒരു പ്രായം കഴിഞ്ഞാ മസിലൊക്കെ തൂങ്ങി ശരീരം മൊത്തം
കൊഴകൊഴാന്നാവും…” മേശപ്പുറത്ത് ഊരി വച്ചിരുന്ന കണ്ണട
എടുത്തണിയാനുള്ള സാവകാശമെടുത്ത ശേഷം അയാൾ
പൂരിപ്പിച്ചു, ”അതാ ഞാൻ പറഞ്ഞത്, മാഡത്തിനെ കണ്ടപ്പോൾ
നമ്മുടെ ആളാണെന്നു തോന്നിയതേയില്ലെന്ന്…”
സുകന്യ ഇന്നലെയാണ് അയാളെ ആദ്യം കാണുന്നത്.
കോളേജ് കാലത്തു കണ്ട കാമ്പസ് സിനിമകളിലെ
സുകുമാരനാണല്ലോ മുന്നിലിരിക്കുന്നതെന്ന് അപ്പോഴേ അവൾ
അതിശയിച്ചിരുന്നു. ശബ്ദത്തിന് അത്ര ഗാംഭീര്യമില്ലെങ്കിലും
സാഹിത്യത്തിന്റെ മേമ്പൊടി ചേർത്തുള്ള സംസാരത്തിലൂടെ ആ
കുറവിനെ മറച്ചു പിടിക്കുന്നതിൽ അയാൾ വിജയിക്കുന്നുണ്ടെന്നും
തോന്നിയിരുന്നു. ഇസ്തിരി വടിവിലുള്ള എക്സിക്യുട്ടീവ്
ശൈലിയുടെ കൃത്രിമത്വം ഇടയ്ക്കു തല നീട്ടുമെങ്കിലും ഒരടുപ്പം
തോന്നിക്കുന്ന സംസാരം. പക്ഷേ ഇപ്പോഴീപ്പറഞ്ഞത്, ഒരു
കച്ചവടക്കാരന്റെ പുകഴ്ത്തൽ സൂത്രം. സുകന്യയ്ക്ക് അതത്രയ്ക്കങ്ങു
രുചിച്ചില്ല.
”ഇത്ര പെട്ടെന്ന് നിങ്ങളുടെ വിളി വരുമെന്ന്
പ്രതീക്ഷിച്ചതല്ല…”, അയാളെ അധികം പ്രോത്സാഹിപ്പിക്കേണ്ട
എന്നു കരുതി സുകന്യ വിഷയത്തിലേക്കു വന്നു.
”സത്യം പറയാലോ, ഞാനിന്നലെ ടൗണിലേക്കു വന്നതു
പത്രത്തിൽ പരസ്യം കൊടുക്കാനാ. അമ്മുവിന്റച്ഛൻ അങ്ങനയാ
പറഞ്ഞിരുന്നത്. ബസ്സിറങ്ങി ഓട്ടോ കിട്ടാണ്ട് വിഷമിച്ചിരിക്കുമ്പഴാ
നിങ്ങളുടെ ബോർഡ് കാണുന്നത്. നേരെ ഇങ്ങോട്ടു കയറി…”
രാത്രി വിളിച്ചപ്പോൾ അമ്മുവിന്റച്ഛൻ, പത്രത്തിൽ
കൊടുക്കാമെന്നല്ലേ പറഞ്ഞത്, പിന്നെന്തിനാണ് മാര്യേജ്
ബ്യൂറോവിൽ കൊടുത്തത്, അവർക്ക് പണം പിടുങ്ങാൻ പലവിധ
തട്ടിപ്പുകളുമുണ്ടെടീ എന്നൊക്കെ ഇത്തിരി ദേഷ്യപ്പെട്ടിരുന്നു.
തന്റെ നിർബന്ധം കൊണ്ടാണ് അമ്മുവിന് കല്യാണം
ആലോചിക്കാമെന്ന് ഏട്ടൻ സമ്മതിച്ചതു തന്നെ. അവളിപ്പോഴും
കൊച്ചുകുട്ടിയല്ലേ എന്നാണ് പുള്ളിക്കാരന്റെ ചോദ്യം. പ്രായം
കൊണ്ടല്ല ശരീരം കൊണ്ടാണ് പെൺകുട്ടികൾ വളരുന്നതെന്ന്
എന്തുകൊണ്ടാണീ അച്ഛന്മാർക്കു മനസ്നിലാവാത്തത്?
ഏട്ടന്റെ സംസാരം കേട്ടപ്പോൾ അല്പമൊന്നു പരിഭ്രമിച്ചു
എന്നതു നേര്. രാവിലെ ഇവിടെ നിന്നുള്ള വിളി വന്നപ്പോഴാണ്
സമാധാനമായത്.
”പത്രമൊക്കെ ആർക്കാണിപ്പോൾ വായിക്കാൻ നേരം.
പത്രങ്ങളിൽ പരസ്യം കൊടുക്കുന്ന ഏർപ്പാടൊക്കെ
ഞങ്ങളുപേക്ഷിച്ചിട്ട് കാലം കുറേയായി…”, ഗ്ലാസ് ടേബിളിൽ
കൈകൾ പിണച്ചു വച്ച് മുന്നോട്ടേക്കാഞ്ഞിരുന്നു കൊണ്ട് അയാൾ
പറഞ്ഞു. ഒരു വിജയിയുടെ ചിരി അപ്പോൾ ആ
മുഖത്തുണ്ടായിരുന്നു. ”നെറ്റിലാവുമ്പോ, എല്ലാം വളരെ
ഈസിയാ. ഇപ്പോത്തന്നെ, ആര്യയുടെ ഡീറ്റെയിൽസ് ഇന്നലെ
ഉച്ച കഴിഞ്ഞാണ് ഞങ്ങൾ പോസ്റ്റ് ചെയ്തത്. ദാ, നേരം ഇരുണ്ടു
വെളുത്തപ്പോഴേക്കും എത്ര ഹിറ്റാണെന്നാ! പത്തിരുപതു
എൻക്വയറിയുമുണ്ട്. സ്റ്റേറ്റ്സീന്നും ഓസ്ട്രേലിയേന്നുമൊക്കെയാ
പലതും…”
സുകന്യയുടെ ആകാംക്ഷയ്ക്കു മുന്നിലേക്ക് അയാൾ
മേശപ്പുറത്തിരുന്ന ലാപ്ടോപ്പിന്റെ മുഖം തിരിച്ചു വച്ചു.
”നോക്കിക്കോളൂ. നല്ല എൻക്വയറീസ് നമുക്ക് ഹസ്ബന്റിന്
ഫോർവേഡ് ചെയ്യാം…”
തിരുവോണം മാട്രിമോണിയൽസ് എന്ന സൈറ്റിലിരുന്ന് അമ്മു
സുകന്യയെ നോക്കി മന്ദഹസിച്ചു.
ആര്യ രാമാനുജം. 22 വയസ്ന്. എം.ബി.എ. വിദ്യാർത്ഥിനി…
കൊടുത്ത വിവരങ്ങളെല്ലാം ഭംഗിയായും വിശദമായും
നൽകിയിട്ടുണ്ട്.
അയാൾ കസേരയിന്റ നിന്നെഴുന്നേറ്റു.
”എങ്ങനെയുണ്ട് ഞങ്ങളുടെ സൈറ്റ്?”
സുകന്യ സംതൃപ്തി അറിയിക്കുന്ന ചിരിയോടെ തലയാട്ടി.
”ചില എൻക്വയറീസിന്റെ കാര്യം പറഞ്ഞിരുന്നല്ലോ…”
”ഉവ്വ്, അതൊക്കെ നിങ്ങളുടെ മെയിലിലേക്കാണ് ഞങ്ങൾ
ഫോർവേഡ് ചെയ്യുക…”
സുകന്യയുടെ പിന്നിൽ വന്നുനിന്ന് കമ്പ്യൂട്ടറിന്റെ മൗസ്
കൈക്കുള്ളിലാക്കിക്കൊണ്ട് അയാൾ ചോദിച്ചു.
”അല്ലാ, ഒന്നു ചോദിച്ചോട്ടെ. നിങ്ങളുടെ മകൾ ആര്യ, അവൾ
ആളെങ്ങനെയാ..?”
ചോദ്യത്തിന്റെ അർത്ഥം മനസ്നിലാവാതെ സുകന്യ കഴുത്തു
ചെരിച്ച് അയാളെ നോക്കി. അയാളുടെ മുഖത്ത് ഒട്ടിച്ചു വച്ചതു
പോലുള്ള ആ ചിരി മാത്രം.
”ഫോട്ടോ കാണുമ്പോഴറിയാലോ, അവൾ നിങ്ങളെപ്പോലെ
തന്നെ സുന്ദരിയാണെന്ന്. പക്ഷേ, ഞാൻ ചോദിച്ചതതല്ല. ഐ
മീൻ, അവളുടെ സ്വഭാവം…”
എന്തോ ഒരു ദു:സൂചനയില്ലേ ആ ചോദ്യത്തിൽ… സുകന്യയ്ക്ക്
സംശയമായി.
തിരുവോണത്തിന്റെ സൈറ്റ് മൈനസ് ചെയ്ത ശേഷം ഏതോ
ഫോൾഡർ തിരയുന്നതിനിടയിന്റ അയാൾ സുകന്യയുടെ
സന്ദേഹത്തെ ബലപ്പെടുത്തി:
”മകൾ എത്ര കാലമായി ഹോസ്റ്റലിൽ?”
നിങ്ങളെന്താണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന
ചോദ്യം സുകന്യയുടെ നാവിലേക്ക് ചവിട്ടിക്കുതിച്ചു വന്നു. പക്ഷേ,
മോണിറ്ററിൽ തെളിഞ്ഞ മകളുടെ ചിത്രം അവളുടെ മൂക്കും
വായയും പൊത്തി.
”ഇതെനിക്കൊരിടത്തുന്നു കിട്ടിയതാണ്…”
ശ്വാസം കിട്ടാതെ സുകന്യ വിറച്ചു. കണ്ണുകൾ തുറിച്ചു.
അടുത്തക്ഷണം അവൾ കുതറിച്ചാടി.
”യു ചീറ്റ്… ഇതു ഫെയ്ക്കാണ്…”
”ഏയ്, ഒച്ച വയ്ക്കണ്ട…”, അയാൾ ചിരിച്ചു കൊണ്ടു തന്നെയാണ്
പറഞ്ഞത്. ”ഫെയ്ക്കാണെന്ന് എനിക്കും നിങ്ങൾക്കും
മനസ്നിലാവും. പക്ഷേ, ഒരു പെൺകുട്ടിയുടെ ഭാവി തകരാൻ
ഇതുമതി…”
ആരെങ്കിലും മോശമായി പെരുമാറിയാൽ കരണക്കുറ്റിക്കു
നോക്കി ഒന്നു പൊട്ടിക്കാനുള്ള ധൈര്യമൊക്കെ
തനിക്കുണ്ടെന്നായിരുന്നു അഹങ്കരിച്ചിരുന്നത്. പക്ഷേ,
ഇതിപ്പോൾ… ചിലന്തിവലയ്ക്കുള്ളിൽപ്പെട്ട പ്രാണിയുടെ
നിസ്സഹായത പൊടുന്നനേ സുകന്യയെ തളർത്തി.
”എന്നുവച്ച്, അങ്ങനെയൊന്നും ചെയ്യണമെന്ന് എനിക്കില്ല,
കേട്ടോ… ഞാനായിട്ട് നിങ്ങളുടെ ദേഹത്തൊന്നു തൊടുക
പോലുമില്ല…”, എന്നെ വിശ്വസിക്കൂ എന്ന് കെഞ്ചുന്നതു പോലെ
അയാളുടെ കണ്ണുകൾ ഇറുകി നേർത്തു. ”പക്ഷേ, നിങ്ങൾ
എനിക്കൊരു ഫേവർ ചെയ്തു തരണം…”
ശ്രമിച്ചാൽ എഴുന്നേറ്റ് പുറത്തേക്കോടാം. തനിക്ക് രക്ഷപ്പെടാം.
പക്ഷേ, അമ്മുവിനോ?
സുകന്യയുടെ കണ്ണുകൾ കണ്ണാടിക്കൂടിനു പുറത്ത്
രക്ഷയ്ക്കുള്ള ഒരു പഴുത് തേടി. ഫലമുണ്ടായില്ല. ആ
ചെറുപ്പക്കാരന്റെ നോട്ടം കമ്പ്യൂട്ടറിൽ മാത്രമായിരുന്നു.
അയാൾ ശ്രദ്ധാപൂർവം സുകന്യയെ കസേരയ്ക്കൊപ്പം
തനിക്കഭിമുഖമായി തിരിച്ചു നിർത്തി. കസേരക്കാലുകൾ
നിലത്തുരഞ്ഞ് നിലവിളിക്കാൻ ശ്രമിച്ചെങ്കിലും ആരോ
തൊണ്ടയിൽ കയറിപ്പിടിച്ചതു പോലെ അത് നേർത്തൊരു ഞരക്കം
മാത്രമായി.
”പേടിക്കണ്ട, ഇവിടെ നടക്കുന്നതൊന്നും പുറത്തു കാണില്ല.
നിങ്ങൾക്കു സമ്മതമാണെങ്കിൽ മാത്രം…”
അയാൾ സുകന്യയുടെ കണ്ണുകളിൽ നിന്നും നോട്ടമെടുക്കാതെ
തന്നെ കണ്ണാടിവാതിലിന്റെ കുറ്റിയിട്ടു; അതുപോലുമറിയാത്തത്ര
മൃദുവും സൂക്ഷ്മവുമായി. ഫോണിന്റെ റിസീവറെടുത്ത്
മാറ്റിവച്ചു…
മുന്നിൽ നിവർന്നു നിന്ന അയാളുടെ മുഖത്തേക്ക് സുകന്യ
നോക്കിയില്ല.
ഇളംചൂടിൽ ജ്വലിച്ചു നിൽക്കുകയായിരുന്നു അത്. പക്ഷേ,
അതിൽ തൊട്ടപ്പോൾ ഒരൊച്ചിനെ സ്പർശിച്ചതു പോലെ
സുകന്യയ്ക്ക് കൈ തണുത്തു വഴുക്കി. കണ്ണുകൾ അടച്ചു പിടിച്ച്
അവൾ ധൃതിപ്പെട്ടു. ഫലമുണ്ടായില്ല. അത് തണുത്തു ചുരുണ്ട്
ഒരൊച്ചായി മാറുകയായിരുന്നു.
സുകന്യയ്ക്ക് ക്ഷമയറ്റു. കരഞ്ഞു പോകുമെന്നായപ്പോൾ
അവൾ അയാളെ തള്ളിമാറ്റി ചാടിയെഴുന്നേറ്റു. അയാളുടെ
മുഖത്ത് അപ്പോൾ ചിരിയുണ്ടായിരുന്നില്ല.
”ഇനി ഉപദ്രവിക്കരുത്…”
ശരീരം വിറച്ചിരുന്നെങ്കിലും സുകന്യയുടെ ശബ്ദത്തിന്
കനമുണ്ടായിരുന്നു.
മേശപ്പുറത്തു നിന്നും ഹാൻഡ്ബാഗ് വലിച്ചെടുത്ത്, വാതിൽ
തുറന്ന് അവൾ പുറത്തിറങ്ങി.
ഒച്ച്
