കണ്ണുകള്‍ വാതായനങ്ങളാണ്,
ചങ്കിന്റെ ദീപസ്തംഭം, മാര്‍ഗദര്‍ശി.
ചേരികളിലും വഴിയോരങ്ങളിലും
മുഷിഞ്ഞ പര്‍ദകള്‍ മറച്ചു വച്ച
പട്ടിണിയും, പരിവട്ടവും, പാതിമറച്ച
സീമന്തരേഖകളും, സിന്ദൂരക്കുറികളും
ഉത്സവ മേളങ്ങളും, വിവാഹങ്ങളും,
അടിയന്തരങ്ങളും വിഴുപ്പുകളും
വിതുമ്പലുകളും, മൊട്ടക്കുന്നുകളും
വറ്റിയ പുഴകളില്‍ ഒഴുകുന്ന
മണല്‍തോണികളും
ദല്ലാളന്മാരും കവര്‍ച്ചക്കാരും
മതങ്ങള്‍ക്കും മല്‍പിടിത്തതിനും ഇടയില്‍
അനാഥരായിപ്പോയ കുഞ്ഞുങ്ങളും,
മിണ്ടാപ്രാണികളും ചുമരെഴുത്തും സമരങ്ങളും,
എല്ലാം എനിക്ക് തുറന്നു കാണിച്ച,
എന്റെ കണ്ണുകള്‍ എന്റെ സത്യമാണ്,
എന്റെ കരുത്തും, കണ്ണട വച്ച് ഞാന്‍
മറച്ച എന്റെ ദൗര്‍ബല്യവും ആണ്.
ഓര്‍മകളുടെ ശവപ്പറമ്പില്‍ ഞാന്‍
കൊളുത്തി വച്ച കല്‍വിളക്കുകള്‍;
എന്റെ അത്ഭുതങ്ങള്‍, എന്റെ
കവിതകള്‍, എഴുതാത്ത എന്റെ വരികള്‍,
പറയാത്ത വാക്കുകള്‍, എന്റെ നോവുകള്‍,
എന്റെ ചിന്തകള്‍, എല്ലാം എന്റെ കണ്ണുകള്‍.
എന്റെ നേത്ര പടലങ്ങളില്‍
നിശബ്ദമായ ഉപ്പുപാടങ്ങള്‍,
കരിമഷി പടര്‍ന്ന ആകാശ തുണ്ടില്‍,
ഒരിക്കലും അണയാത്ത വിപ്ലവകാന്തി.
ഞാന്‍ കണ്ട കാഴ്ചകള്‍, കാണാത്ത
കാഴ്ചകള്‍, ഉള്‍ക്കൊണ്ട കാഴ്ചകള്‍
ഉടനീളം യാത്രയില്‍ എന്റെ കൂടെ
മഞ്ഞത്തും, മഴയത്തും, വേനല്‍ക്കാല
ഉച്ചകളിലും ഇരുട്ടിലും വെളിച്ചത്തിലും,
എന്നോടൊപ്പം, തളരാതെ, നഗരങ്ങളിലും,
നാട്ടിന്‍പുറത്തും, കാട്ടിലും, പച്ചച്ച
കുന്നിന്‍ ചെരുവിലും, കടലോരത്തും
ഒട്ടകങ്ങളെ ഗര്‍ഭം ധരിച്ച മരുഭൂമിയിലെ
പൊള്ളുന്ന ചൂടിലും, ഹിമാലയത്തില്‍ നിന്നു
ഉതിര്‍ന്നിറ്റിറ്റു വീഴുന്ന തീസ്തയുടെ തീരത്തും
പുസ്തകത്താളുകളിലെ വരികള്‍ക്കുള്ളിലും,
കെട്ടിട സമുച്ചയങ്ങളുടെ മുകളില്‍
ആകാശത്തിലേക്കു തുളച്ചു കയറാന്‍
വെമ്പുന്ന കമ്പികളില്‍ തട്ടാതെ, പക്ഷികളെപ്പോലെ,
കാറ്റിനെപോലെ, മഴപോലെ, മിന്നലുപോലെ,
സൂര്യതാപംപോലെ, നിലാവുപോലെ,
എന്റെ മനസ്സിനെ അലയാന്‍ വിട്ടു,
എന്നെ ഒരു ആട്ടിടയനെ പോലെ
സംരക്ഷിക്കുന്ന കണ്ണുകളേ നന്ദി.