ഇനിയുമെഴുതണം
രാത്രി കെട്ടുപോകും മുമ്പ്
ഭ്രാന്ത് ഉടഞ്ഞു തീരും മുമ്പ്!
പനി കെടുത്തിയ സന്ധ്യയിൽ
ചെവിയിൽ മൂളിയ കൊതുകുമായ്
മിണ്ടണം
മഴ വരും മുമ്പ്
ചോരയാൽ!
എന്തേ മടങ്ങുവാൻ
വൈകിയോ
പാല നിന്നിടം
നിഴലുകൾ
പൂത്തു നിൽക്കുന്നു പിന്നെയും!
നമ്മളൊന്നിച്ചിരുന്നതാം
രാവിനെ നീ മറന്നുവോ
വീഞ്ഞിനൊപ്പം
പകർന്നതാം
പ്രേമമെന്നോ പൊലിഞ്ഞുവോ ?
നീ നിശബ്ദയായ്
തീർന്നിടും
വേളയിൽ
ശൂന്യനാകിലും
ഞാൻ വരുന്നിതാ വീണ്ടുമാ
രാവിലേക്കു
മഴയുമായ്!
നീയെനിക്കു
മഴയെങ്കിലും
ഞാൻ നിനക്കൊരു
ശൂന്യത
വയ്യ വയ്യ മറയട്ടെ ഞാൻ
പെയ്‌തൊഴിഞ്ഞ
മഴയുമായ്.