”നിന്നെ ഞാൻ പ്രണയിക്കുന്നു”
എന്ന് ഞാൻ.
”കാലത്തിന്റെ യവനികയ്ക്കു പിന്നിൽ
ഈ കാതുകൾ കേൾക്കാൻ കൊതിച്ച വാക്കുകൾ”
എന്ന് അവൾ.
കാറ്റ്, മഴ, കൽപടവ്, കടൽതീരം
അലിഖിതമായ നിയമങ്ങളിലൂടെ ഋതുക്കൾ
പ്രണയത്തെ വലിച്ചിഴയ്ക്കുന്നു.
കണ്ണിൽ നോക്കാതെ
ശരീരത്തിന്റെ വടിവുകളിൽ നുള്ളി
ഇതാണനുരാഗമെന്ന് ആശ്വസിച്ച്
ആധുനികരായ നാം
പരസ്പരം തോന്നിയ വെറുപ്പ്
ഭംഗിയായി മറച്ച്
വെളുക്കെ ചിരിച്ച് യാത്രയായി.
പാവനമായ ഒരു ഉടമ്പടിയിലൂടെ
ബന്ധനസ്ഥരായവരാണ് നാം
എങ്കിലും ദിനരാത്രങ്ങളുടെ സഹശയനം
ഉടലുകളെ തമ്മിൽ അകറ്റിയിരിക്കുന്നു.
പക്ഷെ, പ്രകാശവർഷങ്ങൾക്ക് ഇരുപുറമിരുന്ന്
മധുരിക്കുന്ന വാക്കുകൾ കൊണ്ട്
ഞാനും നീയും ഗോപുരങ്ങൾ പണിയുമ്പോൾ,
കോൺക്രീറ്റ് പാളികൾക്കിടയിൽ
ആകെ അവശേഷിക്കുന്ന
പ്രാചീന മനുഷ്യന്റെ ഫോസിൽ
വികൃതയായ തന്റെ ഇണയുടെ ചുണ്ടിൽ നിന്
ഭൂഗോളത്തിന്റെ ഗർഭപാത്രം
പിളർത്തി വീണ മണ്ണ്
അവസാനവട്ടമെന്നോണം തുടച്ചുകളയുന്നുണ്ട്
ഇതൊരു ആവർത്തനമാണെന്നറിയാതെ….