വിളറിയ ഒരു ചിരി വീണ്ടെടുത്ത് ശാന്തിദീദി പറഞ്ഞു:നക്സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ടു. നിങ്ങളൊക്കെ പരിഹസിക്കുന്നതുപോലെ, ബംഗാളിലെ കർഷകർ അരനൂറ്റാണ്ടിനു മുമ്പ് എങ്ങനെയാണോ, ആ സ്ഥിതിക്ക് ഇന്നും മാറ്റം വന്നിട്ടില്ല.
മുളങ്കാടുകളും ചതുപ്പും ചേർന്ന് ഹൃദ്യമായൊരു വനപ്രകൃതി ചൂഴുന്ന ബാഗ്ഡോഗ്രാ
വിമാനത്താവളത്തിന്റെ ഒട്ടും പരിഷ്കൃതമല്ലാത്ത അവയവഘടനയിൽനിന്നും പതുക്കെ വിടുതൽ നേടി
ഞാൻ പുറത്തു കടന്നു. സിലിഗുഡിയിലേക്കുള്ള പാതയിലെത്തി. റോഡുനിയമങ്ങളിൽ
വലിയ താത്പര്യമില്ലെന്ന മട്ടിൽ വാഹനങ്ങൾ തിക്കിത്തിരക്കി പായുന്നു. മാഥിഗര പിന്നിട്ട് ടാക്സി നീങ്ങുകയാണ്. സിലിഗുഡിയുടെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന ഹിൽകാർട്ട് റോഡിലേക്ക് വാഹനം പ്രവേശിച്ചുകഴിഞ്ഞു. വിവിധ ഭാഗങ്ങളിലേക്കുള്ള വണ്ടികൾ പുറപ്പെടുന്നതും പര്യവസാനിക്കുന്നതും ഇവിടെയാണ്. സിലിഗുഡി ജങ്ഷന്റെ നേരെ മുമ്പിൽ കാണുന്നതാണ് മദ്രാസ് ഹോട്ടൽ. രവി പാലൂർ അവിടെ കാത്തുനില്പുണ്ടായിരുന്നു.
നിഗൂഢതകളുറങ്ങുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യകവാടമെന്ന നിലയിൽ വിരാജിക്കുന്ന ന്യൂ ജൽപായ്ഗുഡി എന്ന വിശാലമായ റെയിൽവേ സന്ധിപ്പിന്റെ വക്ഷസ്സിലുള്ള ഇടമാണ് സിലിഗുഡി. പക്ഷേ, പുൽപ്പള്ളിയിലും ശ്രീകാകുളത്തും ഖമ്മാമിലും ജീവിക്കുന്ന അനേകം പേർക്ക് ഈ സ്ഥലനാമം ഇന്നും മാടിവിളിക്കുന്ന വിപ്ലവത്തിന്റെ കാന്തവലയമാണ്. പോലീസിന്റെയും മാധ്യമങ്ങളുടെയും കണ്ണിൽ അതൊരു ‘റെഡ് സോൺ’ ആണ്. അപരിചിതർ സിലിഗുഡിയിൽ കാലുകുത്തുന്ന നേരത്തുതന്നെ അവരുടെ നേർക്ക് ഒളിവിടങ്ങളിൽനിന്ന് ക്യാമറക്കണ്ണുകളും തോക്കിൻകുഴലുകളും ഉന്നംപിടിക്കുവാൻ തുടങ്ങുമെന്ന് കൊൽക്കത്തയിലെ ഒരു ഉന്നത പത്രപ്രവർത്തകസുഹൃത്ത് ഇത്തിരി ഗൗരവത്തിൽ മുന്നറിയിപ്പു തന്നത് മറക്കാറായിട്ടില്ല.
മഴവെള്ളച്ചാലുകൾ മുറിച്ചുകടന്ന്, അടുത്തു കണ്ട ഒരു സത്രത്തിൽ മുറിയെടുത്ത്, മദ്രാസ് ഹോട്ടലിൽ മടങ്ങിയെത്തി. തെളിഞ്ഞ ചിരിയോടെയാണ് ഹോട്ടലുടമ വരവേറ്റത്. ശരിയായ പേര് സജിംകുമാർ എന്നാണെങ്കിലും കുട്ടൻ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സംസാരിച്ചുതുടങ്ങിയപ്പോൾ കുട്ടേട്ടൻ വളരെ അടുത്തു. അതിനു മറ്റൊരു കാരണംകൂടിയുണ്ട്. വർഷങ്ങൾക്കു മുമ്പ്, ഗാങ്ടോക്കിലേക്കുള്ള യാത്രയിൽ ഞാനും മോഹൻദാസും അന്തിയുറങ്ങിയത് ഇവിടെ അടുത്തുള്ള ഒരു സത്രത്തിലാണ്. അതിന്റെ നടത്തിപ്പ് കുട്ടേട്ടന്റെ പത്നീസഹോദരനായ
ശരത്താണ്. കോരിച്ചൊരിയുന്ന മഴയത്ത്, പട്ടണം ഇരുട്ടിലാണ്ട നേരത്ത്, മുറിക്കകത്ത് കയറിക്കൂടുകയും പിറ്റേന്ന് നേരം വെളുക്കും മുമ്പുതന്നെ സിക്കിമിലേക്കു പോവുകയും ചെയ്തിരുന്നു.
ആദ്യമായി കൊൽക്കത്തയിലെത്തിയപ്പോൾ, അന്തിത്താവളത്തിലെ സൗഹൃദസംഭാഷണത്തിനിടയിൽ നക്സൽബാരിവിഷയവും കടന്നുവന്നു. ചാരുമജുംദാറുടെ മകൻ അഭിജിത് മജുംദാർ സിലിഗുഡിയിൽ താമസിക്കുന്നുണ്ടെന്ന് അന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ ഫോൺനമ്പരും കിട്ടി. നാട്ടിൽനിന്ന് രണ്ടു തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇത്തവണത്തെ പ്രധാന ലക്ഷ്യം അദ്ദേഹത്തെ സന്ദർശിക്കുക എന്നതാണ്.
മഴത്തുള്ളികൾ ഈണമിടുന്ന സന്ധ്യാനേരത്ത് സിലിഗുഡിയിലെ ഒരു മുടുക്കിൽ സി.പി.ഐ. (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്റെ താവളം കണ്ടെത്തുക ദുഷ്കരമായിരുന്നു. ആയിരക്കണക്കിനാളുകൾ രഹസ്യമായും പരസ്യമായും വന്നുപോയ ഇടമായിരുന്നുവെങ്കിലും, ഇന്നും ആ സങ്കേതം ഒരു രാഷ്ട്രീ
യനിഗൂഢസ്ഥലിയാണെന്നു തോന്നി. പോലീസിന്റെ കണ്ണിൽ ഇതും ഒരു പ്രശ്നബാധയുള്ള ഇടമായതുകൊണ്ടാവാം,
ആളുകൾ ഞങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടിയോ സഹായമോ ചെയ്യാതിരുന്നത്. ഒന്നുരണ്ടു നമ്പരുകളിൽ ശ്രമം തുടർന്നു. ഒടുവിൽ, ഇരുട്ടിൽനിന്ന് ഒരാൾ വന്ന് ഞങ്ങളെ അരണ്ട വെളിച്ചത്തിലൂടെ കുടുസ്സുവഴിയിലേക്കു നയിച്ചു. ഒരു വീടിന്റെ പിന്നാമ്പുറത്തുള്ളുള്ള തകരഷെഡ്ഡിലെത്തി. ചാരുമജുംദാറിന്റെയും മറ്റും ചിത്രങ്ങൾ ചുവരിൽ തൂക്കിയിട്ടുണ്ട്. കൊടികളും ബാനറുകളും ലഘുലേഖകളും മാറ്റിവച്ച് അവർ ഞങ്ങൾക്ക് ഇരിപ്പിടമൊരുക്കി. ചാരുവിന്റെ അവസാനത്തെ ചിത്രമാണത്. അതിനു കീഴിലിരുന്ന് അഭിജിത് മജുംദാർ ഞങ്ങളോടു സംസാരിച്ചു. അദ്ദേഹം ഞങ്ങളെ കേട്ടു എന്നു പറയുന്നതാവും ശരി. ഒന്നിച്ചു പ്രവർത്തിച്ച്, കുറച്ചു കാലത്തിനു ശേഷം കനുസന്യാൽ ചാരുമജുംദാറിൽനിന്ന് വേർപെട്ടു പ്രവർത്തിച്ചിരുന്നു. നാലു പതിറ്റാണ്ടിനു ശേഷം ജീവത്യാഗം ചെയ്തു.
പാർട്ടിയിൽ ഇത്തരം പിളർപ്പുകളും ദാരുണമരണങ്ങളും സംഭവിക്കുമ്പോൾ, കുറ്റപ്പെടുത്താനും തള്ളിപ്പറയാനും ഒറ്റുകൊടുക്കുംവിധം പ്രവർത്തിക്കാനുമായിരിക്കും സാധാരണ ശ്രമിക്കുക. പക്ഷേ, അഭിജിത്തിന്റെ അഭിജാതമായ വാക്കുകളിൽ അത്തരം കറകളൊന്നും തീണ്ടിയിരുന്നില്ല. സിലിഗുഡി വിടുന്നതിനു മുമ്പ് തന്റെ വീട്ടിൽ ഒന്നു കയറിയിട്ടുപോകണമെന്നു ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം യാത്രയാക്കിയത്. വെറ്റിലക്കറ പിടിച്ച ചിരിയോടെ മുതിർന്ന സഖാക്കൾ അനുഗമിച്ചു.
സിലിഗുഡിയിലെ പ്രഭാതം. ഇന്നു മുഴുവൻ യാത്രയുള്ളതിനാൽ ചില മുന്നൊരുക്കങ്ങൾ
നടത്തിയിരുന്നു. അരനൂറ്റാണ്ടു മുമ്പ് വസന്തത്തിന്റെ വെള്ളിടി പൊട്ടിയ നക്സൽബാരിയിലേക്കാണ് പോകുന്നത്. രവി പാലൂർ നേരത്തേ ഉണർന്നിരുന്നു. ബംഗാളിന്റെ വിപ്ലവധ്വനികളിലാണ്ടുപോയ രവീന്ദ്രനാഥ് എന്ന ഈ മലയാളി സി.പി.ഐ. (എം.എൽ) റെഡ് സ്റ്റാർ അനുഭാവിയാകുന്നു. കൊൽക്കത്താനഗരത്തിൽ പത്രപ്രവർത്തകനായും ഔഷധവ്യാപാരിയായും നിലകൊള്ളുന്ന അദ്ദേഹം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയപ്രവർത്തകനാണ്. കുറേ വർഷത്തെ ബംഗാൾജീവിതംകൊണ്ട് അദ്ദേഹത്തിന്റെ ഉടുപ്പും നടപ്പുമെല്ലാം പൂർണമായും വംഗശൈലിയിലായിക്കഴിഞ്ഞു. സദാ വിപ്ലവത്തിന്റെ യുവത്വത്തെ സ്വപ്നം കാണുന്ന കഥാകൃത്ത് ഉദയശങ്കറും പ്രസരിപ്പിലാണിപ്പോൾ. വഴിവാണിഭക്കാരും അങ്ങാടികളും തിക്കിത്തിരക്കുന്ന സിലിഗുഡിപ്പട്ടണത്തിൽ നിന്ന് നക്സൽബാരിയിലെത്തുമ്പോഴേക്കും ഒരു ഗ്രാമത്തിന്റെ ഈർപ്പവും ഗന്ധവും നാം പരിചയിച്ചുതുടങ്ങുന്നു.
നക്സൽബാരിയിൽ റെയിൽവേ സ്റ്റേഷനുണ്ട്. ഹാത്തിയയിലേക്കുള്ള വണ്ടികൾ നക്സൽബാരി വഴിയാണ് കടന്നുപോകുന്നത്. ന്യൂജൽപായ്ഗുഡി-ഗുവാഹതി എന്ന പ്രധാന ലൈനിനു സമാന്തരമായിട്ടാണ് സിലിഗുഡി-ഹത്തിഹാർ പാത പ്രവർത്തിക്കുന്നത്. നക്സൽബാരിയുടെ മുഖമുദ്രയായി പലരും
എടുത്തുകാണിക്കുന്നത് ഈ റെയിൽവേസ്റ്റഷനും രക്തസാക്ഷിപ്രതിമകളുമാണ്. വണ്ടി ഖെംചിയിലെത്തി. പ്രധാന നിരത്തിൽനിന്ന് ഇടത്തോട്ടു തിരിയുന്ന പാതയിൽ ഗൗർ ബൈദ്യ കാത്തു നില്പുണ്ട്. സി.പി.ഐ. (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗമാണദ്ദേഹം. ഇടതുഭാഗത്തു കാണുന്ന വീട്ടിലേക്കാണ് ഞങ്ങൾക്കു പ്രവേശിക്കേണ്ടത്.
അയൽപക്കത്തെ ജനാലകളിലും മതിൽപ്പുറങ്ങളിലും ചില മുഖങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒച്ച താഴ്ത്തിയുള്ള ശബ്ദവും കേൾക്കാം. അപരിചിതരായ ഞങ്ങളോട് അവർ ഒന്നും ചോദിക്കുന്നില്ലെങ്കിലും അവിടെയുള്ള മനുഷ്യർ തമ്മിൽ ചില വിനിമയങ്ങൾ നടക്കുന്നുണ്ട്. നക്സൽബാരി ഉറക്കത്തിൽ നിന്ന് വിടുതൽ നേടിയിട്ടില്ലെന്നു തോന്നി.
ഞങ്ങൾ സിലിഗുഡിയിൽനിന്നും ഇവിടേക്കു പുറപ്പെട്ട സമയം മുതൽ ചിലർ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു. അവർ ഞങ്ങളോടു വഴി ചോദിച്ചുവെങ്കിലും ഞങ്ങളുടെ വഴി ഏതെന്നു ചോദിച്ചില്ല എന്നതാണ് രസകരം. മാത്രമല്ല, ഞങ്ങളുടെ കൈയിലെ ക്യാമറകളും ചെറിയ നോട്ടുബുക്കുകളും കണ്ടപ്പോൾ അവരുടെ സംശയം ദൂരീകരിക്കപ്പെട്ടുകാണും. മുളവേലി ഒരു വശത്തേക്കു മാറ്റിക്കൊണ്ട് ഒരു മനുഷ്യൻ സ്വാഗതം ചെയ്യുന്നു.
ഗൗർബൈദ്യ തെല്ലൊരു ആവേശത്തോടെ പരിചയപ്പെടുത്തി: ”ഇത് ഖോകൻ മജുംദാർ”.
നന്നേ പ്രായമായ അദ്ദേഹം ഷർട്ടും മാടിക്കുത്തിയ ലുങ്കിയും ധരിച്ചിരുന്നു. പനി ബാധിച്ചതുകൊണ്ടാണെന്നു തോന്നുന്നു, അദ്ദേഹത്തിന്റെ ശബ്ദം വിറച്ചിരുന്നു. കേൾവിക്കുറവും ഉണ്ട്. തകരപ്പാളികൾകൊണ്ടു നിർമിച്ച ആ വീട്ടിലേക്ക് ഞങ്ങൾ കടന്നു. അനുഭാവിയായ സുനീതാ ബിശ്വകർമാകാർ ചായയും ബിസ്കറ്റും കൊണ്ടുവന്നു. അവരുടെ വാക്കുകളിൽ നക്സൽബാരിയുടെ സമരചരിതം തുറക്കപ്പെട്ടു. നക്സൽബാരിയിൽനിന്നും ചൈനയിൽപ്പോയി മാവോയെ സന്ദർശിച്ചവരിൽ ഖോകൻ മജുംദാറും ഉൾപ്പെടുന്നുണ്ട്.ചാരു മജുംദാറിനും കനുസന്യാലിനും അസിം ചാറ്റർജിക്കും ഒപ്പംനിന്നു പ്രവർത്തിച്ച ഖോകൻ മജുംദാർ നക്സൽബാരി ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. വിനീതമായൊരു
ബംഗാളിഗ്രാമീണഭവനത്തിന്റെ നടപ്പുരീതികളെല്ലാം അവിടെ ഇണങ്ങിയിരുന്നു. വലിയൊരു തളത്തിലിരുന്നാണ് ഞങ്ങൾ സംസാരിച്ചത്. അതിന്റെ ഒരു ഭാഗം കിടപ്പുമുറിയായും, എതിരെയുള്ള ഭാഗം അടുക്കളയായും, മുൻഭാഗം സന്ദർശകർക്കുള്ള ഇരിപ്പിടമായും ഉപയോഗപ്പെടുത്തിയിരുന്നു.
ചാരുമജുംദാറുടെ വ്യക്തിപ്രഭയിൽ
ആകൃഷ്ടനായാണ് ഖോകൻ മജുംദാർ
പ്രസ്ഥാനത്തിലേക്കു വരുന്നത്. ഒരു പ്ര
സ്ഥാനത്തിന്റെ നിലനില്പിന് ചാരുവി
നെപ്പോലൊരു മനുഷ്യന്റെ ധൈര്യവും
നിശ്ചയദാർഢ്യവും അവശ്യമാണെന്ന്
അദ്ദേഹം മനസ്സിലാക്കി. ചൈനയുടെ
നിലപാടും മാവോ സേതുങ്ങിന്റെ ആഹ്വാനവും
നക് സൽബാരിവിപ്ലവത്തി
ന്റെ ചാലകശക്തിയാണെന്ന് ഖോകൻ
മജുംദാർ വിശ്വസിക്കുന്നു.
നക്സൽബാരി റെയിൽവേ ലൈനിന് അഭിമുഖമായിട്ടുള്ള ബൊംഗായി ഝോഠ് എന്ന ചെറിയൊരു മൈതാനത്താണ് ലെനിൻ, സ്റ്റാലിൻ, മാവോ, ലിൻബിയാവോ, ചാരു മജുംദാർ, സരോജ്ദത്ത, മഹാദേബ് മുഖർജി തുടങ്ങിയവരുടെ പ്രതിമകളും ഫലകവും സ്ഥാപിച്ചിരിക്കുന്നത്. 1967 മെയ് 25-ന് നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട പതിനൊന്നു പേരുടെ വിവരങ്ങളാണ് ഫലകത്തിലുള്ളത്. അന്നേ ദിവസം നക്സൽബാരിദിനമായി ആചരിച്ചുപോരുന്നു.
നക് സൽബാരി കലാപത്തെക്കുറിച്ചു പറയുമ്പോൾ, ആ വിവരം ലോകത്തിനു മുമ്പിൽ സമർപ്പിച്ച വിക്രമൻനായർ എന്ന മലയാളി പത്രപ്രവർത്തകനെപ്പറ്റി സൂചിപ്പിക്കുന്നത് അനുചിതമാകില്ലെന്നു കരുതുന്നു. അദ്ദേഹത്തിന്റെ ‘നക്സൽബാരിയുടെ നാലു മുഖങ്ങൾ’ എന്ന ലേഖനപരമ്പരയാണ് ഏറ്റവും ആധികാരികവും അപൂർവവുമായ പഠനരേഖ. അദ്ദേഹത്തിന്റെ ആഖ്യാനത്തിൽ ഉൾപ്പെടുന്ന നാലാമത്തെ പേരുകാരൻ ബിഗുൽ കിശാനാണ് എന്നറിഞ്ഞതോടെ ബംഗാളിലെ രാഷ്ട്രീയരംഗവും മാധ്യമരംഗവും ഇളകിമറിഞ്ഞു. ബിഗുൽ കിശാന്റെ ജീവിതരേഖയിലൂടെയാണ് വിക്രമൻ നായർ നക്സൽബാരിയെ ആഖ്യാനം ചെയ്യുന്നത്. ബിഗുൽ എന്ന ഈ കർഷകത്തൊഴിലാളിയുടെ കുടികിടപ്പവകാശം നിഷേധിച്ച ജന്മിയെ വധിച്ചുകൊണ്ടാണ് നക്സൽബാരി കലാപം തുടങ്ങിയത് എന്നോർക്കുക.
ഹാഥിഗിസയിലേക്കുള്ള യാത്രയ്ക്കിടെ ഇതെല്ലാം ഓർത്തു. ആനക്കാട് എന്നർത്ഥം വരുന്ന ഹാഥിഗിസയിലേക്കുള്ള പാത നേർത്ത വയൽവരമ്പാണ്. ഇപ്പോൾ മഴക്കാലമായതിനാൽ പല വരമ്പുകളും ഇടിഞ്ഞുതുടങ്ങിയിരിക്കുന്നു. ഒന്നുരണ്ടു തവണ കാറിൽനിന്നിറങ്ങി തള്ളിനീക്കേണ്ടിവന്നു. വയലിൽ കൃഷിപ്പണി തുടങ്ങിയിരിക്കുന്നു. തലയിൽ വട്ടത്തിലുള്ള ഓലക്കുട ചൂടി ഞാറുപറിക്കുന്നവരെയും, കാളയും കലപ്പയുമായി നിലമുഴുന്ന കർഷകരെയും കണ്ടു. കേരളവുമായി തട്ടിച്ചുനോക്കുമ്പോൾ, ഇതെല്ലാം കേവലം ഗൃഹാതുരചിത്രങ്ങളായി മാറുന്നു.
ബുറാഗഞ്ച്ഝോട്ടിൽ എത്തിയതോടെ മഴ ആഞ്ഞുപെയ്യാൻ തുടങ്ങി. ഖുദൻ മല്ലിക്കിന്റെ വീടിന്റെ വരാന്തയിലേക്ക് ഓടിക്കയറേണ്ടിവന്നു. മല്ലിക്ക് ആരുമായോ ഫോണിൽ സംസാരിക്കുന്നു. ഇരിപ്പിടങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം അല്പനേരം കൂടി ഫോൺസംഭാഷണം തുടർന്നു. ഞങ്ങൾ അഭിവാദ്യം ചെയ്തു. തികച്ചും ഒരു ചൈനക്കാരന്റേതുപോലുള്ള മുഖം. ആജാനുബാഹു. കവിളുകൾ ഒട്ടിയിരുന്നു; ശബ്ദത്തിനു പതർച്ചയും. എന്നാൽ, മല്ലിക്കിന്റെ മായാത്ത ആ ചിരി ഞങ്ങൾക്കിടയിലെ അപരിചിതത്വത്തെ പൊടുന്നനെ തുടച്ചുമാറ്റി. ആ മുറിയിൽ അമ്പും വില്ലും വേട്ടക്കാർ ഉപയോഗിക്കുന്ന വലിയ സേർച്ചുലൈറ്റുകളും ഉണ്ടായിരുന്നു. കൗതുകം അടക്കാൻ വയ്യാതായപ്പോൾ, അദ്ദേഹത്തോട് അമ്പും വില്ലുമെടുക്കാൻ പറഞ്ഞു. അദ്ദേഹമത് എയ്യുന്ന രീതിയിൽ പിടിച്ചു.
മല്ലിക്കിന്റെ സ്മൃതിപഥത്തിൽ നക്സൽബാരികാലം ഇന്നും സജീവം. ഒട്ടും അതിശയോക്തിയില്ലാതെ, അവകാശവാദമില്ലാതെ അദ്ദേഹം ആ കാലഘട്ടത്തെക്കുറിച്ച് പറഞ്ഞു. മായാത്ത ചിരി കൊണ്ടും, കഥനത്തിന്റെ മനുഷ്യപ്പറ്റു കൊണ്ടും ആ സംഭാഷണം ഒരു വലിയ വിപ്ലവകാരിക്കു മാത്രം സ്വന്തമാണെന്നു
തോന്നി.
നക്സൽബാരിയിൽനിന്ന് മൂന്നു മാസം കാൽനടയായി യാത്ര ചെയ്ത്
ചൈനയിലെത്തി മാവോയെ കാണുകയും
ഇന്ത്യൻ വിപ്ലവത്തിന്റെ ഗതിവിഗതികളെക്കുറിച്ചു
സംസാരിക്കുകയും ചെയ്ത ഒരു മനുഷ്യന്റെ മുമ്പിലാണ് ഇരിക്കുന്നത് എന്നത് ഭയഭക്ത്യാദരങ്ങളാൽ ഞങ്ങളെ തെല്ലിട വിറകൊള്ളിച്ചു. അതുകൊണ്ടുതന്നെ,
പുറത്തു പെയ്ത കനത്ത മഴയുടെ ആരവം ഞങ്ങൾ അറിഞ്ഞില്ല. വർഷങ്ങളുടെ കൂലംകുത്തിയൊഴുക്കിൽ ചീനാസന്ദർശനത്തിന്റെ മുഴുപ്പകർപ്പ് അവതരിപ്പിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, വിപ്ലവത്തിന്റെ കാതലിനെ
പ്പറ്റി മാവോ പറഞ്ഞ സൂത്രസമാനമായ വാക്യം ഖുദൻ മല്ലിക്ക് ഉദ്ധരിച്ചു: ”ചൈ
നയിലെ വിപ്ലവരീതി അതേപടി മറ്റൊരിടത്ത് പറിച്ചുനടുക അസാദ്ധ്യം; നിങ്ങൾ നിങ്ങളുടെ സാഹചര്യത്തിനനുസൃതമായ രീതി കൈക്കാൾക!”
ഉന്മൂലനസിദ്ധാന്തത്തിന്റെ കാര്യത്തിൽ ചാരുമജുദാറും കനുസന്യാലും ഇരുധ്രുവങ്ങളിലായിരുന്നു.
ചാരു അതിനെ അനുകൂലിച്ചു; കനുദാ നിഷേധിച്ചു. ഇത് സ്വാഭാവികമായും പിളർപ്പിലേക്കു നയിച്ചു. മനുഷ്യത്വഹീനമായി പെരുമാറുന്ന ഭൂവുടമകൾ ഇല്ലാതാകണമെന്നമെന്ന് ആഗ്രഹമുണ്ടെങ്കിലും കൊലപാതകം മല്ലിക്കിന്റെ ലക്ഷ്യമായിരുന്നില്ല. കനുസന്യാലും കൂട്ടരും മാവോയെ കാണുവാൻ ചൈനയിൽ പോയപ്പോൾ, പാർട്ടിരൂപീകരണത്തിൽ ശ്രദ്ധിച്ചിരുന്ന ചാരുമജുംദാർ മാവോയുടെ സൈനികപിൻബലം അഭ്യർത്ഥിച്ചിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, ചൈനയിൽനിന്ന് തിരിച്ചെത്തിയപ്പോൾ, സായുധവിപ്ലവമാണ് ശരി എന്ന നിലപാടിലേക്ക് കനുസന്യാൽ എത്തിക്കഴിഞ്ഞിരുന്നു.
കനത്ത മഴയിൽ വരമ്പുകൾക്കു ബലക്ഷയം സംഭവിച്ചതിനാൽ വന്ന വഴിയേ പോകുവാൻ സാദ്ധ്യമല്ലായിരുന്നു. പാനിടാങ്കിയിലേക്ക് ഇവിടെനിന്ന് അധികം ദൂരമില്ലെന്നു കേട്ടപ്പോൾ കൗതുകം തോന്നി. കാർഡ്രൈവറെ സംബന്ധിച്ചിടത്തോളം സിലിഗുഡിയിലേക്കുള്ള സുഗമമായ മാർഗവും അതുതന്നെ. വണ്ടി ഉത്സാഹത്തോടെ പാനിടാങ്കിയിലേക്ക് നീങ്ങി. വൃത്തി കുറഞ്ഞ നിരത്തുകളും വാണിഭത്തെരുവുകളും കൊണ്ട് മടുപ്പിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. മേചീ നദിക്കു കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തി. ഇതാണ് ഇന്ത്യയെയും നേപ്പാളിനെയും വേർതിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയാണ് പാനിടാങ്കി; നേപ്പാൾ അതിർത്തി കക്കർബിട്ട. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കള്ളക്കടത്ത് വ്യാപകമായിരിക്കുന്ന ഈ സ്ഥലം അധികാരികളുടെ സ്ഥിരം തലവേദനയാണ്. കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തി വിലപേശി പ്രലോഭിപ്പിക്കുന്ന ഏജന്റുമാരാണ് ഭൂരിഭാഗവും.
നക്സൽബാരിയുടെ മറ്റൊരു മുഖമായ സെഫ്തുലഝോഠിലെത്തി. സന്താളുകളുടെ ആ പ്രദേശം ഗ്രാമീണബംഗാളിന്റെ എളിമകൊണ്ടും തനിമകൊണ്ടും വ്യത്യസ്തമാകുന്നു. കനുസന്യാലിന്റെ ഭവനം കണ്ടെത്തി. നക്സൽബാരി കലാപത്തിന്റെ ജീവിച്ചിരിക്കുന്ന മറ്റൊരു ലെജണ്ടായ ശാന്തിമുണ്ട അധികം വൈകാതെ ഇവിടെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഞങ്ങൾ സെഫ്തുലഝോഠിലെത്തുമെന്ന് ഫോണിൽ സൂചിപ്പിച്ചപ്പോൾ, തനിക്ക് ദേഹാസ്വാസ്ഥ്യമാ
ണെന്ന് അവർ അറിയിച്ചിരുന്നു. ഞങ്ങൾ നിർബന്ധിച്ചില്ല. കനൂദായുടെ വീട് ഒരുനോക്ക് കണ്ടിട്ടുപോകാമെന്നു മറുപടി നൽകി. പക്ഷേ, നേപ്പാളിലേക്ക് അതിരുമുറിച്ചുപോകുന്ന പാഞ്ചാനദിയുടെ കൈവഴി എന്നു വിശേഷിപ്പിക്കാവുന്ന ഒരു വലിയ നീർച്ചാലിൽ ദേഹശുദ്ധി വരുത്തി, അൽപം കൂനുണ്ടെങ്കിലും ശാന്തമായ കാൽവയ്പുകളോടെ വരുന്ന അവരെ കണ്ടപ്പോൾ വിസ്മയം തോന്നി. വിപ്ലവത്തോടു മാത്രമല്ല, മനുഷ്യപക്ഷത്തോടുതന്നെയും അവർക്ക് കനിവുറ്റ പ്രതിബദ്ധതയുണ്ടെന്നു ബോദ്ധ്യമായി.
”ഇത്ര ദൂരത്തുനിന്നും വരുന്ന സഖാക്കളെ നിരാശരാക്കേണ്ടല്ലോ!” എന്നു പറ
ഞ്ഞാണ് അവർ അഭിവാദ്യം ചെയ്തത്. അവർ കനുദായുടെ വീടിന്റെ പടി
യും വാതിലും തുറന്നു. അത് ആർക്കും എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന രീതിയിലാണ്. അകവും പുറവും ഒന്നുതന്നെയായ ഒരു വിപ്ലവകാരിക്ക് അങ്ങനെയല്ലാതെ തരമില്ലായിരുന്നു. മിടിക്കുന്ന
ഹൃദയത്തോടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു. കനു സന്യാൽ രാഷട്രീയകാര്യാലയമായും ഭവനമായും ഉപയോഗിച്ചത് ഈ വസതിയാണ്. 2010-ൽ പ്രാണത്യാഗം ചെയ്തതും ഇവിടെവച്ചുതന്നെ.
ഒരു ചെറിയ തളമാണ് കനൂഭവനത്തിന്റെ മുഖ്യഭാഗം. ഭിത്തിയിൽ കനുദായുടെ പടം തൂക്കിയിട്ടിരുന്നു. അതിൽ രക്തഹാരം അണിയിച്ചിരുന്നു. കസേരകളിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന പുസ്തകങ്ങളും ലഘുലേഖകളും കരിമ്പടവും മറ്റും സൂക്ഷിച്ചിരുന്നു.
വിപ്ലവത്തിന്റെ സഹയാത്രിക എന്ന നിലയ്ക്കു മാത്രമല്ല ശാന്തിമുണ്ട നക്സൽബാരീചരിത്രത്തിൽ ഇടംപിടിക്കുന്നത്; വിപ്ലവത്തിൽ ഒരു സ്ത്രീക്ക് എത്രമാത്രം പങ്കാളിത്തമാകാം എന്ന കാര്യത്തിലും ആ അമ്മ തന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ പരിമിതികൾ മറികടന്ന് പ്രവർത്തിച്ചുവരികയാണ്. 1967 മെയ് 25-ലെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിലധികവും സ്ത്രീകളാണ് എന്ന വസ്തുതയാണ് ശാന്തിമുണ്ടയെ നീതിയുടെ പക്ഷം സംരക്ഷിക്കുവാനുള്ള വിപ്ലവദേവതയാക്കി മാറ്റിയത്.
കനുദായെക്കുറിച്ചുള്ള ഓർമകൾ സാന്ദ്രമായി നിൽക്കുന്ന ആ വീടിന്റെ ചാണകം മെഴുകിയ വരാന്തയിലിരുന്ന് അവർ പഴയ നാളുകളെപ്പറ്റി പറഞ്ഞു. ഭർത്താവ് കേശവ് സർക്കാർ ചാരുമജുംദാറിന്റെ പ്രിയപ്പെട്ട അനുയായി ആയിരുന്നു. കർഷകർക്ക് അവകാശപ്പെട്ട ഭൂമിപിടിച്ചെടുക്കുന്ന സമരത്തിൽ ഇരുവരും പങ്കാളികളായിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയുടെ ഉദരത്തിൽ ഇൻസ്പെക്ടർ വാങ്ഡി ചവിട്ടുന്നതു കണ്ടതോടെ ശാന്തിയുടെ വിപ്ലവവീര്യം ഉയരുകയും അയാളെ അമ്പെയ്തു കൊല്ലുവാൻ നിർദേശിക്കുകയും ചെയ്തു. വിപ്ലവം കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. ബംഗാളി
നോടു ചേർന്നുനിൽക്കുന്ന അയൽരാജ്യങ്ങളുടെ ഒളിത്താവളങ്ങളിലിരുന്ന് അവർ പ്രവർത്തിച്ചു. ആക്ഷൻസമയത്ത്ന ക്സൽബാരിയിലെത്തി സ്ത്രീകളെ സംഘടിപ്പിച്ച് വിപ്ലവത്തെ ജ്വലിപ്പിച്ചു. നക്സൽബാരിയുടെ കഥ പറയുന്ന ഒരു അമ്മയുടെ സാന്നിദ്ധ്യം ഞങ്ങൾ അനുഭവിച്ചു.
ത്യാഗശീലമെന്തെന്ന് അറിയാത്തവർ ത്യാഗികളോടു ചോദിക്കരുത് എന്നു പറയാറുണ്ടല്ലോ. വ്യക്തികളെ യെന്നപോലെ വിപ്ലവങ്ങളെയും സഹനത്തെയും
ബലിയെയും തുച്ഛമായ ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ അളക്കുന്നതു ശരിയല്ല. എങ്കിലും അറിയാതെ ഒരു ചോദ്യം ഉയർന്നുവന്നു:
”കൂട്ടിക്കിഴിച്ചുനോക്കിയാൽ, നക് സൽബാരി എന്തു സന്ദേശമാണ് നൽകുന്നത്?”
ശാന്തിദീദി പൊടുന്നനെ മൗനം പാലിച്ചു. ഞങ്ങൾക്ക് വിഷമം തോന്നി. വിളറിയ ഒരു ചിരി വീണ്ടെടുത്ത് അവർ പറഞ്ഞു: ”നക്സൽബാരി കലാപം തികച്ചും ഒരു കാർഷിക കലാപമാണ്. ചെറിയൊരു ഭൂപ്രദേശത്ത്, ചെറിയൊരു കാലയളവിൽ അത് ഒതുങ്ങിപ്പോയി. അത് ഇന്ത്യയിലാകമാനം പടർത്തുന്നതിൽ പരാജയപ്പെട്ടു. നിങ്ങളൊക്കെ പരിഹസിക്കുന്നതുപോലെ, ബംഗാളിലെ കർഷകർ അരനൂറ്റാണ്ടിനു മുമ്പ് എങ്ങനെയാണോ, ആ സ്ഥിതിക്ക് ഇന്നും മാറ്റം വന്നിട്ടില്ല.”
ബിഗുൽ കിശാന്റെ നാളുകളിൽനിന്ന് രാജ്യം രക്ഷപ്പെട്ടിട്ടില്ല എന്നല്ലേ ഇതിന്റെ അർത്ഥം?
ശാന്തിദീദിയുടെ ചിരിക്കു പിന്നിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു. ഞങ്ങൾക്ക് കുറ്റബോധം തോന്നി. യാത്ര പിരിയാൻനേരത്ത് ഒരു ചെറിയ സംഭാവന അവർക്കു നൽകാൻ ശ്രമിച്ചത് സ്നേഹപൂർവം നിരസിക്കപ്പെട്ടു. വിപ്ലവപ്രവർത്തനങ്ങൾക്ക് കൂലിയും പുരസ്കാരവുമില്ല എന്നായിരിക്കും അവർ ദ്യോതിപ്പിച്ചിരിക്കുക.
പെരുമഴയ് ക്കിടയിലും വന്നുപോയ ബംഗാളിന്റെ വെയിൽപരപ്പ് താണുകഴിഞ്ഞു. സിലിഗുഡി വിടുന്നതിനു മുമ്പ്പ്രൊ ഫ. അഭിജിത് മജുംദാറുടെ ഭവനം സന്ദർശിക്കേണ്ടതുണ്ട്. വൈകുന്നേരത്ത് ഞങ്ങൾ മഹാനന്ദാപാറയിലെ ആ വീട്ടിലെത്തി. അത് സാക്ഷാൽ ചാരുമജുംദാറുടെ ഭവനംതന്നെയാണ് എന്ന വസ്തുത ആഹ്ലാദിപ്പിച്ചു. രണ്ടുമൂന്ന് അടുക്കുകളുള്ള വിശാലവും മനോഹരവുമായ ഒരു തളത്തിലേക്ക് അഭിജിത് ഞങ്ങളെ സ്വാഗതം ചെയ്തു. മേശവിരിപ്പുകളും നിലത്തു വിരിച്ച കാർപെറ്റുകളും ആ വീടിന് മറ്റൊരു ഛായ പകർന്നു. പ്രശാന്തതയിലേക്കും വിഷാദത്തിലേക്കുമുള്ള മാനസസഞ്ചാരത്തിന് ആക്കമേകുന്ന നീലനിറത്തിന്റെ ഒരുപാട് ഷെയ്ഡുകൾ അവിടെ കണ്ടു.
ചാരുമജുംദാർ ഉപയോഗിച്ച കസേരയും മറ്റും ഭവ്യതയോടെ സൂക്ഷിച്ചിട്ടുള്ള ആ മുറി ആർക്കൈവ്സിന് മറ്റൊരു അർത്ഥം നൽകുന്നുണ്ട്. അഭിജിത്തും സഹോദരിമാരായ അനിതയും മധുമിതയുമാണ് ആ വീട്ടിലെ അന്തേവാസികൾ. നക്സലിസത്തിൽനിന്ന് മാവോയിസത്തിലേക്കുള്ള വിപ്ലവദൂരത്തെക്കുറിച്ചു ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. പക്ഷേ, അത്തരമൊരു ‘പരിണതി’യെ അദ്ദേഹം വിമർശിച്ചു. മാത്രമല്ല, നക്സൽ എന്ന വിളിപ്പേരിൽ അഭിമാനിക്കുന്നുണ്ടെങ്കിലും നക്സൽബാരി
വിപ്ലവത്തെ മാവോയിസവുമായി കൂട്ടിക്കെട്ടുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.
അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നതിനിടയിൽ അദ്ദേഹം ഇടറുന്നതു കണ്ടു. പിതൃവാത്സല്യം വേണ്ടത്ര അനുഭവിക്കാതെപോയ ഒരു കുഞ്ഞിന്റെ നൊമ്പരം അദ്ദേഹത്തിന്റെ വാക്കുകളിൽ പുരണ്ടിരുന്നു. വിപ്ലവത്തിനു ഹൃദയത്തിന്റെ ഭാഷയുണ്ടോ എന്ന സന്ദേഹത്തോടെയാണ് ആ
ഭവനത്തിൽനിന്നും പുറത്തു കടന്നത്.
ഖോകൻ മജുംദാർ, ഖുദൻ മല്ലിക്ക്, ശാന്തിമുണ്ട, അഭിജിത് മജുംദാർ എന്നിവരെ കണ്ട കണ്ണുകൾകൊണ്ട് കേരളത്തിലെത്തിയാൽ നമ്മൾ കുഴപ്പത്തിലാകും. ചില യാഥാർത്ഥ്യങ്ങൾ നമ്മെ അത്രമാത്രം നടുക്കുന്നുണ്ട്. ചെറിയ ജീവിതകാലയളവിൽ നിരവധി പ്രസ്ഥാനങ്ങളിൽ നുഴഞ്ഞുകയറുകയും അതിൽനിന്ന് ആവുന്നത്ര ഊറ്റിപ്പിഴിയുകയും കാറ്റിനനുസരിച്ച് പറന്നുപൊന്തുകയും തരം കിട്ടിയാൽ അപരനെയും തന്നെത്തന്നെയും ഒറ്റുകൊടുക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ പ്രത്യയശാസ്ത്രവിജൃംഭണത്തിൽ ലജ്ജ തോന്നാതിരുന്നില്ല.