അറുപത്തിയഞ്ചു വയസുള്ള ആർ.വി. ജനാർദനന്റെ അന്നത്തെ പ്രഭാതത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അയാളുടെ ഭാര്യയായ അറുപത്തി രണ്ടു വയസുള്ള എസ്.കെ. ജലജ
അന്നയാളെ വിളിച്ചുണർത്തിയില്ല. ചൂടുള്ള കാപ്പിയും വർത്തമാന പത്രവും കൊണ്ടുകൊടുത്തില്ല. ജനാർദനൻ സ്വയം എഴുന്നേറ്റു അടുക്കളയിൽ പോയി കാപ്പി ഉണ്ടാക്കി മുറ്റത്ത് നിന്നും പത്രമെടുത്ത് ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു.
പത്രത്തിൽ ജലജയുടെ ചരമവാർത്ത ഫോട്ടോ സഹിതം വന്നിട്ടുണ്ട്. ഫോട്ടോ കുറച്ചു പഴയതാണ്. കാർ വാങ്ങിയപ്പോൾ ലൈസൻസിനായി അവൾ ഏ വൺ സ്റ്റുഡിയോയിൽ പോയി എടുത്ത ഫോട്ടോ. ലൈസൻസ് സ്വന്തമാക്കിയതിന് ശേഷം ഒരിക്കലും അവൾ കാറിന്റെ വളയം പിടിച്ചില്ല. ആരായിരിക്കും ഈ ഫോട്ടോ പത്രത്തിൽ കൊടുത്തത്? രാജീവനോ അതോ രാകേഷോ? രാകേഷാവാനാണ് സാധ്യത. കാര്യങ്ങളെല്ലാം മുറ പോലെ ചെയ്യാനുള്ള കഴിവ് അവനാണല്ലോ. അമ്മയുടെ മരണമേല്പിച്ച ക്ഷതം മറച്ച് പിടിച്ച് എത്ര കാര്യക്ഷമതയോടെയാണ് അവൻ ഒരു മരണ വീടിനാവശ്യമായ കാര്യങ്ങൾ ചെയ്തുതീർത്തത്.
ജലജ മരിച്ചെന്നറിഞ്ഞപ്പോൾ ജനാർദനന് എന്തുകൊണ്ടോ ആദ്യം വിളിക്കാൻ തോന്നിയത് രാജീവനെയാണ്. അവൻ ആശുപത്രിയിലെത്തിയപ്പോഴേക്ക് ഡോക്ടർ മരണം ശരി വച്ച് ബോഡി പുറത്തു കൊണ്ടുവന്നിരുന്നു.
”ഇതെങ്ങനെയച്ഛാ?”
രാജീവന്റെ ചോദ്യത്തിന് മുന്നിൽ ജനാർദനൻ ഒരു നിമിഷം പതറി നിന്നു.
എന്ത് പറയാൻ? ഒരസുഖവുമില്ലാത്ത പൂർണ ആരോഗ്യവതിയായിരുന്നു ജലജ. പതിവ് പോലെ അത്താഴം കഴിച്ച് ടി.വി.യിൽ ന്യൂസ് കാണാൻ സോഫയിൽ വന്നിരുന്നു. നീളത്തിൽ ഒരു ഏമ്പക്കം വിട്ടു. കഴിഞ്ഞു.
രാജീവന് ഈ വിവരണം കേട്ട് തൃപ്തി പോരെന്ന് തോന്നി.
ഉഷ ഇതുവരെ എത്തിയിട്ടില്ല. പാലുമായി അവൾ സാധാരണയായി എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ജലജ ഇല്ലാത്ത തുകൊണ്ട് അവൾ വരാതിരിക്കുമോ? അവളുടെ അച്ഛനേക്കാൾ പ്രായമുണ്ടെങ്കിലും ഒരു പുരുഷൻ മാത്രം വസിക്കുന്ന വീട്ടിൽ വരാൻ അവൾക്ക് മടിയുണ്ടാവും.
ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ജനാർദനൻ നോക്കി. കയ്യിൽ പാൽക്കവറുമായി ഉഷതന്നെ. നാളെ മുതൽ വരുന്നില്ല എന്ന് പറയാൻ വരുന്നതാണെന്ന് അവളുടെ പതറിയ ചുവടുകൾ കണ്ടപ്പോൾ ജനാർദനന് തോന്നി.
ഉഷ അടുക്കളയിൽ പോയി ചായയുണ്ടാക്കി ജനാർദനന് കൊടുത്ത ശേഷം അയാളുടെ മുന്നിൽ പരുങ്ങി നിന്നു.
ഇവൾ പോയിക്കഴിഞ്ഞാൽ ഇനിയാരെ കണ്ടെത്തും എന്നായിരുന്നു ജനാർദനന്റെ ചിന്ത. ഗെയ്റ്റ് കടന്ന് ഏകദേശം നാല്പത് മീറ്റർ നടന്നാൽ ‘ബോംബെ ഹോട്ടൽ’ എന്ന തരക്കേടില്ലാത്ത ഭക്ഷണം കിട്ടുന്ന സ്ഥലമുണ്ട്. അവിടെ ഏല്പിച്ചാൽ അവിടുള്ള പയ്യൻ സൈക്കിളിൽ അതാത് സമയത്തെ ഭക്ഷണം എത്തിക്കും.
ഉഷയുടെ ശമ്പളമെത്രയെന്നാൽ ഇന്ന് കണക്ക് തീർത്ത് പറഞ്ഞു വിടാം.
പക്ഷെ ഉഷ അയാളുടെ മുൻവിധികളെ അപ്പാടെ ഉടച്ചു കളഞ്ഞു.
”സാർ, ചേച്ചി പോയെന്നു കരുതി ദയവായി എന്നെ പറഞ്ഞയയ്ക്കരുത്. എല്ലാം ഞാൻ പഴയതു പോലെ ചെയ്തോളാം”.
ജനാർദനന് സന്തോഷം തോന്നി.
ഉഷ വെള്ളയപ്പവും തേങ്ങാപ്പാലൊഴിച്ച ഉരുളക്കിഴങ്ങു കറിയും ഉണ്ടാക്കി ജനാർദനന് കൊടുത്തു. അയാൾ അത് ആർത്തിയോടെ തിന്നു. നല്ല വിശപ്പ്. ദിവസം രണ്ടായില്ലേ എന്തെങ്കിലും നേരാവണ്ണം വയറ്റിലോട്ടു ചെന്നിട്ട്. പതിനൊന്നരയോടു കൂടി എസ്.ജെ. ദാമോദരൻ എന്ന അറുപത്തിയഞ്ചുകാരൻ വന്നു. സ്കൂൾകാലം മുതലുള്ള സുഹൃത്താണെങ്കിലും ആ ദിവസത്തെ അയാളുടെ ആഗമനം ജനാർദനന്
അലോസരമുണ്ടാക്കി. കുറച്ച് ദിവസങ്ങൾ അയാൾ ഒറ്റയ്ക്ക് കഴിയാൻ ആഗ്രഹിച്ചു. പരിഭവങ്ങളും ചികയലുകളും ഒന്നുമില്ലാത്ത ഏകാന്തത അയാൾ അതീവമായി ഇച്ഛിച്ചു.
ദാമോദരൻ നല്ലവനാണ്. ജനാർദ്ദനന്റെ മനസ് വായിച്ചിട്ടെന്നോണം അയാൾ കുറച്ചു നേരം മൗനമവലംബിച്ചു. ഉഷ കൊടുത്ത കാപ്പി കുടിച്ച് അയാൾ പത്രവാർത്തകളിൽ മുഴുകിയിരുന്നു.
ദാമോദരൻ അവിവാഹിതനാണ്. തിരുച്ചെന്തൂരിൽ വിധവയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജനാർദനൻ അതന്വേഷിച്ചിട്ടില്ല. കാരണം തന്നോട് ഒന്നും ഒളിക്കാത്ത പ്രകൃതക്കാരനാണ് ദാമോദരൻ. അഥവാ അങ്ങനെയൊന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ദാമോദരൻ ആദ്യം അറിയിക്കുന്നത് തന്നെയായിരിക്കും എന്ന് ജനാർദനൻ വിശ്വസിച്ചു.
”താൻ മംഗലാപുരത്തേക്കുണ്ടോ?”- അപ്രതീക്ഷിതമായി ദാമോദരൻ ചോദിച്ചു.
മംഗലാപുരതെന്താ വിശേഷം?- ചോദിച്ചില്ല. അതിനു മുമ്പ് ദാമോദരൻ ശബ്ദമുണ്ടാക്കി ചിരിച്ചു.
”കുറെയായില്ലേ ഇങ്ങനെ ഭാര്യേടെ അടിമയായി കഴിയുന്നു. ഒന്ന് പുറത്തോട്ടിറങ്ങെടോ… ഒന്ന് സുഖിച്ചു വരാം”.
ജനാർദനൻ എന്ത് പറയാണെമെന്നറിയാതെ കുഴങ്ങി.
പാവം ജലജ മരിച്ച് തലയ്ക്കു മുകളിൽ നിൽക്കുന്നു. അപ്പോഴാ ഈ എമ്പോക്കി ജീവിതത്തിന്റെ ആസ്വാദനങ്ങളെക്കുറിച്ച് വാചകമടിക്കുന്നത്. സഞ്ചയനം പോലും കഴിഞ്ഞിട്ടില്ല. അതൊക്കെ ഈ ദാമോദരനോടോതിയിട്ട് എന്ത് കാര്യം? കെട്ടിയവളെന്തെന്നോ കുടുംബമെന്തെന്നോ ഇയാളെന്തെറിയുന്നു!
തന്റെ വർത്തമാനം ജനാർദനനിൽ പ്രതീക്ഷിച്ച ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ലന്നറിഞ്ഞ ദാമോദരൻ നിശബ്ദനായി. തന്റെ ഔചിത്യബോധമില്ലായ്മയിൽ അയാൾക്ക് ജാള്യതയനുഭവപ്പെട്ടു.
ഭൂമി ഉരുണ്ടതല്ല പരന്നതാണെന്നു വിശ്വസിക്കുന്നയാളാണ് ദാമോദരൻ. അത്തരത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടായ്മയുടെ തലവനാണ് അയാൾ. അവരുടെ വിശ്വാസ പ്രമാണങ്ങൾ സാധാരണക്കാരിൽ നിന്നും വിഭിന്നമാണ്. ഭൂമി സൂര്യനെയല്ല സൂര്യൻ ഭൂമിയെയാണ് ചുറ്റുന്നതത്രേ!
ഭാഗ്യത്തിന് ഇത്തവണ ദാമോദരൻ തന്റെ പരന്ന ഭൂമിശാസ്ത്രത്തിന്റെ വിശ്വാസ പ്രമാണങ്ങളൊന്നും നിരത്താതെ മടങ്ങിപ്പോയി.
ഉച്ചയൂണിന് പുളിശ്ശേരിയും മീൻ പൊരിച്ചതും പപ്പടവുമായി രുന്നു ഉഷ തയ്യാറാക്കിയത്. ജനാർദനൻ പുളിശേരിയൊഴിച്ചു ചോറ് കുഴച്ച് കഴിച്ചപ്പോൾ ഉഷ അടുക്കള വാതിൽക്കൽ നിന്ന് ആകാംക്ഷയോടെ ഒളികണ്ണിട്ടു നോക്കി. പുളിേശ്ശരിയുടെ രുചി നാവിലെ ത്തിയപ്പോൾ ജനാർദനൻ ഒരു നിമിഷം ചിന്തയിലാണ്ടു പോയി.
ജലജയുടെ പുളിേശ്ശരിയുടെ അതേ സ്വാദ്! ഉഷ എല്ലാം അവളിൽ നിന്നും പഠിച്ചിരിക്കുന്നു. ഊണുനേരത്ത് രാകേഷ് വന്നിരുന്നു.
ഉഷയുടെ സാമീപ്യം എന്തുകൊണ്ടോ അവനിൽ അസ്വസ്ഥതയുണ്ടാക്കുന്നതായി തോന്നി. ഊണ് കഴിക്കുമ്പോൾ അവന്റെ ശ്രദ്ധ മുഴുവനും അവളുടെ ചലനങ്ങളിലായിരുന്നു. പെട്ടെന്ന് കഴിച്ചെ
ന്നു വരുത്തി അവനെഴുന്നേറ്റ് മുറ്റത്തു നിന്ന് പുക വലിച്ചു.
ചോറുണ്ട ശേഷം ആലസ്യത്തോടെ കിടപ്പു മുറിയിലേക്ക് പോകാനൊരുങ്ങവേ മുറ്റത്ത് ചുറ്റിപ്പറ്റി നിൽക്കുന്ന രാകേഷിനെ കണ്ട ജനാർദനൻ അവന്റെ അരികിലേക്ക് ചെന്നു. സിഗരറ്റ് തെങ്ങിൻ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞ് അവൻ ബഹുമാനം കാട്ടി.
”അച്ഛന് പറ്റിയൊരു പയ്യനെ ഞാൻ നാളെ കൊണ്ടുവരാം”.
”എന്തിന്?”
”പാചകമുൾപ്പെടെ എല്ലാ കാര്യങ്ങളും അവൻ നോക്കിക്കൊള്ളും. രാത്രി ഇവിടെത്തന്നെ നിൽക്കുകേം ചെയ്യും”.
”ഓ… വേണ്ട. തത്കാലം ഉഷയുണ്ടല്ലോ”.
”അവളെയങ്ങ് പറഞ്ഞയച്ചേര്”.
”എന്തിന്?”
”ആൾക്കാരെന്ത് പറയും അച്ഛാ?”
അപ്രതീക്ഷിതമായ ചോദ്യം. ജനാർദനന് ഒരു നിമിഷം ഉത്തരം മുട്ടി. അയാൾ പറ്റിയൊരുത്തരത്തിനു വേണ്ടി പരതുന്നതിനിടയിൽ രാകേഷ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി.
ജലജ യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായിരുന്നു. പുസ്തകക്കൂമ്പാരത്തിനുള്ളിലെ ഒരു പഴഞ്ചൻ പുസ്തകത്തെപ്പോലെയായിരുന്നു അവൾ എന്നും. നിശബ്ദത പാലിക്കുക – എന്ന ഗ്രന്ഥശാലാ തത്വം അവൾ ജീവിതത്തിലുടനീളം പുലർത്തിപ്പോന്നിരുന്നു. ജനാർദനനോട് പോലും അവൾ മൗനം കൊണ്ട് മാത്രം സംസാരിച്ചു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അവളുടെ മൗനം അസഹ്യമായിത്തോന്നി നാട്ടിൻപുറത്തുകാരനായ വായാടി ജനാർദനന്. ഈ പ്രപഞ്ചത്തിലെ മുഴുവൻ രഹസ്യങ്ങളും ഉള്ളിലൊളിപ്പിച്ചിരിക്കുന്ന ഒരു കവചമാണവൾ എന്ന് എന്തു കൊണ്ടോ അയാൾക്ക് തോന്നി.
പെണ്ണ് കാണാൻ ചെന്നപ്പോൾ അവളുടെ ഗുണഗണങ്ങളെ വർണിക്കുന്നതിനിടയിൽ അവളുടെ പിതാവ് അക്കാര്യം അടിവരയിട്ട് പറഞ്ഞു. ”പത്ത് പറയേണ്ടിടത്ത് അവൾ ഒരു വാക്കേ ഉപയോഗിക്കൂ”.
ക്രമേണ ജനാർദനൻ അവളുടെ പരുക്കൻ നിശ്ശബ്ദതയുമായി പൊരുത്തപ്പെട്ടു കൊണ്ടിരുന്നു. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ച് സുഹൃത്തുക്കളുമായി സല്ലപിച്ചിരുന്ന അയാൾ ഏകാന്തതയുടെ കാവൽക്കാരനായി. ഒരു വീട്ടിൽ മൗനം കാക്കുന്ന രണ്ട് ആത്മാക്കളെപ്പോലെ അവർ കഴിഞ്ഞു. സുഹൃത്തുക്കൾ കളിയാക്കിക്കൊണ്ട് വീടിനു ‘വായനശാല’യെന്നു പേരിടാൻ പറഞ്ഞു.
ജലജ രഹസ്യങ്ങളുടെ കലവറയൊന്നുമല്ലെന്നും ഉള്ളു പൊള്ളയായ വെറുമൊരു തോട് മാത്രമാണെന്നും ജനാർദനൻ പിൽക്കാലത്ത് സമാധാനത്തോടെ മനസിലാക്കി. മൗനം അവളുടെ പാരമ്പര്യ സ്വത്താണെന്നും മരണപ്പെട്ടുപോയ അവളുടെ അമ്മയും മൗനിയായിരുന്നുവെന്നും അയാളറിഞ്ഞു.
ജലജയുടെ ചിതയെരിഞ്ഞപ്പോൾ അവളുടെ അസ്ഥികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി പൊട്ടിക്കൊണ്ടിരുന്നു. ഒരായുസ്സു മുഴുവൻ അമർത്തിവച്ചിരുന്ന വാക്കുകളും വാചകങ്ങളും അസ്ഥികൾ ഒച്ച വച്ച് ആവർത്തിച്ചുകൊണ്ടിരുന്നു.
എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അവളുടെ അവസാന നാളും. ചില്ലറ അടുക്കളപ്പണികളും ഉഷയുമായുള്ള ചെറുകുശലങ്ങളും കൊണ്ട് അവൾ ഉച്ച നേരം വരെ കഴിച്ചു കൂട്ടി. പതിവുള്ള ഉച്ചമയക്കം കഴിഞ്ഞ് വരാന്തയിലിരുന്ന ജനാർദനനോട് അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു. ദൈവവിശ്വാസിയല്ലാത്ത അയാൾ പതിവായി എന്തെങ്കിലും ഒഴികഴിവുകൾ പറയാറുണ്ടെങ്കിലും എന്തുകൊണ്ടോ അന്ന് വൈകുന്നേരം അയാളതിന് തയ്യാറായി. ഒരുപക്ഷെ കുറെ നാളായി പുറംലോകം
കാണാതെ കിടക്കുന്ന തന്റെ പഴഞ്ചൻ അംബാസിഡർ കാറിന് ഒരുണർവ് കിട്ടിക്കോട്ടെയെന്ന് കരുതിക്കാണും.
യാത്രയിലുടനീളം അവളൊന്നും മിണ്ടിയില്ല. ജലജ അമ്പലത്തിനുള്ളിലേക്ക് കയറിയപ്പോൾ അയാൾ പതിവുപോലെ അടുത്തുള്ള ചെവിയൻ ബക്കറിന്റെ ചായക്കടയിൽ കയറി ചായയും ചൂടുള്ള വാഴയ്ക്കയപ്പവും കഴിച്ചു.
ജലജയുടെ ഭക്തിയെ നിരീശ്വരനായ ജനാർദനൻ ഒരിക്കലും എതിർത്തില്ല. അയാളുടെ യുക്തിവാദത്തെ ജലജയും അലോസരപ്പെടുത്തിയില്ല. അങ്ങനെ എരിയും പുളിയുമൊന്നുമില്ലാത്ത രണ്ട് സർക്കാർ ജീവനക്കാരുടെ ലളിതമായ ദാമ്പത്യം. അമിതാഹ്ലാദങ്ങളും കൊടും ശോകങ്ങളും ആ മിഥുനങ്ങളെ തിരിഞ്ഞു നോക്കിയില്ല.
ക്ഷേത്രദർശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ ജനാർദനനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജലജ വാചാലയായി. കുങ്കുമപ്പൊട്ടിനു മുകളിൽ ചന്ദനക്കുറിയിട്ട് എണ്ണമണമുള്ള ഈറൻ മുടിയിൽ തുളസിയും അരളിപ്പൂവും തിരുകി വച്ച അവൾ പ്രസന്നവതിയായിരുന്നു. യൗവനത്തിലുള്ളതിനേക്കാൾ കൂടുതൽ സൗന്ദര്യം വാർ
ദ്ധക്യത്തിലാണവൾക്കെന്ന് ജനാർദനന് ഇടയ്ക്കിടെ തോന്നാറുണ്ട്. ഒരിക്കലയാളത് സൂചിപ്പിച്ചപ്പോൾ ഒരു കുലുങ്ങിച്ചിരിയായിരുന്നു മറുപടി.
അവൾ അന്ന് കുറെയധികം സംസാരിച്ചു. പത്ത് വരി പറയേണ്ടിടത്ത് അവൾ പത്ത് വരിതന്നെ പറഞ്ഞു. പുതുതായി ഒരു വിദേശ ഭാഷ പഠിച്ചെടുത്ത വിദ്യാർത്ഥിയുടെ ഉത്സാഹത്തോടെ അവൾ ഉരിയാടി.
ഭർത്താവിനെക്കുറിച്ച്, മക്കളെയും ചെറുമക്കളെയും കുറിച്ച്.ജനാർദനന് എന്തോ ഒരപാകത തോന്നാതിരുന്നില്ല. മൗനമുറങ്ങിക്കിടന്ന ആ വീട്ടിൽ പെട്ടെന്നവളുടെ ശബ്ദം പ്രതിധ്വനിച്ചപ്പോൾ
ചുവരുകൾ പോലും ജിജ്ഞാസയോടെ അവളെ തുറിച്ചു നോക്കി നിൽക്കുന്നതായി അയാൾക്ക് തോന്നി. അയാൾക്കവളെ തടയാൻ തോന്നിയില്ല. വിരസമായിത്തോന്നിയെങ്കിലും അയാൾ ഓരോ വാക്കുകളും ശ്രവിക്കുന്നതായി നടിച്ചു. മറുപടിയായി മുക്കിയും മൂളിയുമിരുന്നു. താനെന്തു മാത്രം മൗനിയായിത്തീർന്നിരിക്കുന്നുവെന്ന പരമാർത്ഥം ജനാർദനൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്. വാക്കുകൾ ഉച്ചരിക്കാൻ കഴിയാത്തവണ്ണം താൻ നിശ്ശബ്ദനായിക്കഴിഞ്ഞുവോ? അതോ അവൾ കൊണ്ടു നടന്ന മൗനം തന്നിലേക്ക് പരകായ പ്രവേശം ചെയ്യപ്പെടുകയും തന്റെ വാചാലത അവൾ തട്ടിയെടുക്കുകയും ചെയ്തുവോ? അയാൾ ചിന്തകളിൽ മുഴുകി ഒരു നല്ല ശ്രോതാവിന്റെ പൊയ്മുഖമണിഞ്ഞ് ഇരുന്നു.
അന്ന് വൈകുന്നേരം അയാൾ കാറോടിച്ച് അമ്പലത്തിൽ പോയി. അമ്പല നടയിൽ കാർ പാർക്ക് ചെയ്ത് അമ്പലത്തിനുള്ളിൽ ജലജയുണ്ടെന്ന് സങ്കല്പിച്ച് ബക്കറിന്റെ കടയിൽ നിന്ന് വാഴയ്ക്കയപ്പം വാങ്ങിത്തിന്ന് ചായ കുടിച്ചു. അവിടെ വച്ച് ശശിയമ്മാവനെ കണ്ടത് യാദൃച്ഛികം മാത്രം. ജനാർദനൻ ക്ഷേത്രത്തിൽ തൊഴാൻ വന്നതാണെന്ന് ശശിയമ്മാവൻ തെറ്റിദ്ധരിച്ച് ഒരുപാട് സന്തോഷിച്ചു. കാരണം അമ്പലത്തിൽ വരുന്നവർ മാത്രമേ ബക്കറിന്റെ കടയിൽ നിന്ന് ചായ കുടിച്ചിരുന്നുള്ളു. താനൊരു യുക്തിവാദി
യിൽ നിന്ന് ഈശ്വരഭക്തനായി മാറിയെന്ന ശശിയമ്മാവന്റെ തെറ്റിദ്ധാരണ തിരുത്താനൊന്നും ജനാർദനൻ മിനക്കെട്ടില്ല. ജലജയിൽ നിന്ന് കടമെടുത്ത മൗനത്തിന്റെ മുഖംമൂടിയണിഞ്ഞ് അയാൾ അമ്മാവൻ പറയുന്നതൊക്കെ കേട്ട് തലകുലുക്കിയിരുന്നു.
ഭാര്യ ഇഹലോകവാസം വെടിയുകയും ജീവിതത്തിൽ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്ന ഒരു പുരുഷന്റെ ദയനീയ സ്ഥിതിയെ ക്കുറിച്ച് പരിതപിച്ചു കൊണ്ടാണ് ശശിയമ്മാവൻ തുടങ്ങിയത്. പിന്നീടയാൾക്കവിടെ നിന്ന് ആത്മീയ തലങ്ങളിലേക്ക് പലായനം ചെയ്യാൻ അധിക നേരം വേണ്ടിവന്നില്ല. ശിഷ്ടകാലം ഈശ്വര ചിന്തകളോടെ കഴിയുകയാണ് വേണ്ടത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക. ആൾദൈവങ്ങളുൾപ്പെടെയുള്ള ഈശ്വരന്മാരുടെ അനുഗ്രഹം തേടുക എന്നിവയാണ് മുഖ്യ കർത്തവ്യം.
നേരമേറെ വൈകിയിരുന്നു. ബക്കറിന്റെ വാഴയ്ക്കയപ്പവും ശശിയമ്മാവന്റെ ഉപദേശങ്ങളും കൊണ്ട് വയർ നിറഞ്ഞിരുന്നു. ശശിയമ്മാവന്റെ വാചോടാപം കടുത്ത ചുമയിൽ അവസാനിച്ചു. അത് നിർത്താൻ കഴിയാതെ ചുമച്ച് ചുമച്ച് അയാൾ ഇരുട്ടിലേക്ക് മറഞ്ഞു.
വീട്ടിലെത്തിയ ശേഷം ജനാർദനൻ തന്റെ മുഖമൊന്ന് കണ്ണാടിയിൽ നോക്കി. തീർത്ഥാടനത്തിനുള്ള പ്രായമായോ തനിക്ക്? അയാൾ തന്റെ നരച്ച തലമുടിയും വരണ്ട തൊലിയും തടവി നോക്കി.
ഏകാന്തതയോളം തീവ്രമായ മറ്റൊരു ദു:ഖമില്ലെന്ന് കേട്ടിട്ടുണ്ട്. അതൊരു തരം മരവിപ്പാണ്. ചിതലരിക്കുന്ന അവസ്ഥയാണ്.
രാജീവനെ ഒന്ന് വിളിച്ചാലോ? അവനും ഒറ്റയ്ക്കല്ലേ? അവനും ഏതാണ്ട് തന്റെ അവസ്ഥയിലൂടെ കടന്നു പോകുന്നവനല്ലേ! ജലജയ്ക്കുണ്ടായിരുന്ന ഒരേയൊരു വ്യസനം രാജീവനായിരുന്നു. അവന്റെ തകർന്ന ദാമ്പത്യം. അതിനു ശേഷം അവനെടുത്തണിഞ്ഞ ഏകാകിയുടെ മൂടുപടം. സ്വയം മൗനിയെങ്കിലും രാ
ജീവന്റെ മൗനത്തെ അവൾ ഭയന്നു. അവന്റെ സാമീപ്യം അവളിൽ ഉത്കണ്ഠകളുടെ മുറിവുകളേല്പിച്ചുകൊണ്ടിരുന്നു. പുനർവിവാഹത്തിന് അവൻ തയ്യാറാവാതിരുന്നത് അവളെ തളർത്തി.
വിവാഹ സമയത്ത് രാജീവന് അധികം ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു. അതിസുന്ദരിയായ ഒരു പെണ്ണിനെ വേണം. അവന്റെയിംഗിതംപോലെ നടന്നു. കടഞ്ഞെടുത്ത വെണ്ണക്കല്ലു പോലൊരുത്തിയെ അവൻ കെട്ടി. രണ്ടു കൊല്ലം കുഴപ്പമൊന്നുമില്ലായിരുന്നു. ഒരു പെൺകുഞ്ഞ് ജനിച്ചു. അത് കഴിഞ്ഞവൾ പൊടി
യും തട്ടി സ്ഥലം വിട്ടു. കുഞ്ഞിനേയും കൊണ്ട് തന്റെ പൂർവ കാമുകനോടൊപ്പം.
വായനശാലയിൽ നിന്ന് എപ്പോഴോ പകുതി വായിച്ചുപേക്ഷിച്ച നിലവാരം കുറഞ്ഞ ഒരു നോവൽ പോലെ തോന്നി ജലജയ്ക്ക് രാജീവന്റെ കഥ. പക്ഷെ ആ കഥയിലെ ദുരന്തനായകൻ തന്റെ സ്വന്തം പുത്രനായത് അവളെ തീരാവ്യഥയിലാഴ്ത്തി.
യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ മനസ് കണ്ടെത്തുന്ന സമയ ദൈർഘ്യത്തെ എന്താണ് വിളിക്കുക? മരവിപ്പെന്നോ?
അതോ വ്യഥയെന്നോ? ചിലർ ആ കാലയളവിനെ അതിവേഗം അതിജീവിക്കുന്നു. ചിലർക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടി വരുന്നു. മറ്റ് ചിലർ അതിന് ഒരിക്കലും കഴിയാതെ ആയുഷ്കാലം മുഴുവനും അതേ അവസ്ഥയിൽ കഴിച്ചു കൂട്ടൂന്നു. വിയോഗങ്ങൾ ഏല്പിക്കുന്ന മുറിവുകൾക്കാവാം ഏറ്റവും വേദനയുള്ളത്.
ജലജയുടെ എന്നെന്നേക്കുമായുള്ള വിടവാങ്ങൽ തന്നിൽ എത്ര ആഴത്തിലാണ് മുറിവേല്പിച്ചിരിക്കുന്നതെന്ന് ജനാർദനൻ തിരിച്ചറിയുന്നു. ഈ വീടാകെ അവളുണ്ട്. അവളുടെ ഗന്ധവും ചലനങ്ങളും മൗനവും ചുവരുകൾക്കുളിൽ വീർപ്പുമുട്ടുന്നു. അവൾ തിരഞ്ഞെടുത്ത നിറങ്ങളാണ് ചുവരുകൾക്ക് നൽകിയിരുന്നത്. ആകർഷണീയത ഒട്ടുമില്ലാത്ത മങ്ങിയ നിറങ്ങൾ. പഴയ പുസ്തകങ്ങളുടെ ദ്രവിച്ചു തുടങ്ങിയ പുറംചട്ടകൾക്കുള്ളത് പോലെയുള്ള നിറങ്ങൾ. ജീർണിച്ച പുസ്തകത്താളുകളുടെ മണവും പേറി ആ
വിളർത്ത ചുവരുകൾ ജലജയെപ്പോലെ നിശ്ശബ്ദമായി നിലകൊള്ളുന്നു.
താൻ ജലജയെ സ്നേഹിച്ചിരുന്നുവോ? ഒരാൾ മറ്റൊരാളെ സ്നേഹിച്ചിരുന്നുവെന്ന് എങ്ങനെയാണറിയാൻ കഴിയുക? എന്നും പരസ്പരം മാന്യമായി മാത്രം പെരുമാറുന്നതാണോ സ്നേഹം? ഒരിക്കൽ പോലും കലഹിക്കാതെയും കുറ്റപ്പെടുത്താതെയും പരസ്പരം മനസ്സിലാക്കിയുള്ള ജീവിതമാണോ സുഖകരമായ ജീ
വിതം? സാർത്രിന്റെ രസകരമായ ഒരു വാചകം ഓർമ വരുന്നു – എങ്ങനെ ജീവിക്കണമെന്നതിനൊഴികെയുള്ള എല്ലാറ്റിനും നാം പരിഹാരം കണ്ടെത്തിയിരിക്കുന്നു.
കാറ്റേറ്റുലയാതെ ഒരു ദിശയിൽ മാത്രം സഞ്ചരിച്ചിരുന്ന തോണി പോലെയായിരുന്നു ജനാർദനന്റെ ജീവിതം. സമ്പന്ന ഗൃഹത്തിൽ ജനനം. പഠിക്കാൻ മിടുക്കനായി മാതാപിതാക്കളുടെ പ്രശംസകൾ കേട്ട് വളർന്നു. സുഹൃത്തുക്കളെല്ലാം പ്രേമത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്നിൽ പാഞ്ഞു നടന്നപ്പോൾ അതൊക്കെ
പുച്ഛത്തോടെ കണ്ട് പഠനത്തിൽ മാത്രം ശ്രദ്ധിച്ച് ഉയർന്ന മാർക്കുകളോടെ കോളേജ് ജീവിതം പൂർത്തിയാക്കി. പ്രവേശന പരീക്ഷകൾ അനായാസം പാസായി. ഇരുപത്തി മൂന്നാമത്തെ വയസിൽ
അഞ്ചക്ക ശമ്പളത്തിൽ ഉദ്യോഗസ്ഥനായി. കുറെ സ്ത്രീധനം വാങ്ങി ഒരു ധനിക പുത്രിയെ ജീവിത സഖിയാക്കി. അവളിൽ രണ്ട് മിടുക്കന്മാരായ ആൺകുട്ടികൾക്ക് ജന്മം നൽകി. അവരും അന്തേസ്സാടെ വിദ്യാഭ്യാസം കഴിച്ച് ഉന്നത ഉദ്യോഗങ്ങൾ കരസ്ഥമാക്കി.
ഇനിയെന്ത് വേണം തനിക്ക്? ഒരു സുഖകരമായ മരണവും കൂടി കിട്ടിയാൽ എല്ലാം പൂർണം. ജലജയുടേതുപോലെയുള്ള ഒരു അനായാസ മൃത്യു. പിറ്റേന്ന് പണിയെല്ലാം കഴിഞ്ഞ് ഉഷ മടങ്ങാൻ നേരം ജനാർദനൻ അവളെ തന്റെ കിടപ്പു മുറിയിലേക്ക് വിളിച്ചു. നിലം തുടയ്ക്കാനാവും എന്ന് കരുതി ബക്കറ്റിൽ വെള്ളവും ഒരു തുണിക്കഷ്ണവുമായി അവൾ അങ്ങോട്ട് ചെന്നു.
ജനാർദ്ദനൻ ഭാര്യയുടെ അലമാര തുറന്നു വച്ചു.
”ഈ സാരികളൊക്കെ നീയെടുത്തോ”.
ജനാർദനൻ പ്രതീക്ഷിച്ചതു പോലെ ഉഷയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കണ്ടില്ല. അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ”നിനക്കറിയാമല്ലോ… അവൾക്ക് വസ്ത്രങ്ങളിലൊന്നും വലിയ കമ്പമുണ്ടായിരുന്നില്ല. അതുകൊണ്ട് അധികമൊന്നുമുണ്ടാവില്ല”.
അവൾ ഒരു നിമിഷം അലമാരയ്ക്കുള്ളിൽ നോക്കി നിന്നു. നിറം മങ്ങിയ കുറെ സാരികൾ പുസ്തകങ്ങൾ പോലെ അടുക്കി വച്ചിരിക്കുന്നു. അവൾക്കെന്തോ ആശയക്കുഴപ്പം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതുപോലെ ജനാർദനൻ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു.
ഉഷ തിരിച്ചു പോകുമ്പോൾ അവളുടെ കൈവശം ഒരു വലിയ നിറഞ്ഞ സഞ്ചിയുണ്ടായിരുന്നു. ജനാർദനന് ആശ്വാസം തോന്നി. അവൾ എന്തെങ്കിലും ഒഴികഴിവുകൾ പറഞ്ഞ് തുണികളൊക്കെ ഉപേക്ഷിച്ചു പോകുമെന്നയാൾ ആകുലപ്പെട്ടിരുന്നു. ജലജയുടെ ബാക്കിയുള്ള ഓർമകൾ കൂടി സഞ്ചിയിലാക്കി ആരെയാണ് ഏല്പിക്കുക?
രാജീവന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാർ തിരിച്ചപ്പോൾ ഒരു അകാരണമായ ഉൾവലിവ് മനസ്സിൽ നിറഞ്ഞത് ജനാർദനൻ തിരിച്ചറിഞ്ഞു. ഒരേകാകി മറ്റൊരേകാകിയുടെ അരികിലേക്ക്. അവൻ സ്വന്തം മകനാണെന്നുപോലും താൻ മറന്നു പോയിരിക്കുന്നുവോ? ജലജയുടെ ഏറ്റവും പ്രിയപ്പെട്ടവൻ.
അമ്മയുടെ ചിതയെരിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വരണ്ടി രുന്നു. അവന്റെ കണ്ണുനീരെല്ലാം ഭാര്യയ്ക്കും മകൾക്കും വേണ്ടി ഒഴുകിപ്പോയിരുന്നു. സ്വന്തം അമ്മയുടെ ശരീരം ചാരമായ് മാറുമ്പോൾ പൊഴിക്കാൻ കഴിയാത്ത വിധം അവന്റെ കണ്ണുകൾ വരണ്ടു പോയിരിക്കുന്നു.
കാർ ഗെയ്റ്റിന് മുന്നിൽ നിർത്തി മുറ്റത്തു കൂടി നടക്കുമ്പോൾ തന്റെ കാലുകൾക്ക് ഭാരമനുഭവപ്പെടുന്നതുപോലെ തോന്നി ജനാർദനന്. ആരോ പിന്നിൽ നിന്ന് വലിച്ചു നിർത്താൻ ശ്രമിക്കു
ന്നതുപോലെ. മുറ്റത്ത് വീണു കിടക്കുന്ന വൃക്ഷങ്ങളുടെ നിഴലുകൾ കളങ്ങൾ പോലെ തോന്നിച്ചു. കറുപ്പിലും വെളുപ്പിലുമുള്ള ചതുരംഗക്കളങ്ങൾ. അവയിലൂടെ ഏകാന്തനായി ഒരു കാലാൾ
മറ്റൊരേകാന്തനായ കാലാളിന്റെയടുത്തേക്ക്. എന്തൊരു വിചിത്രമായ കളി! താൻ ഏതോ ഒരു അജ്ഞാതനായ കളിക്കാരന്റെ കൈയിലെ കരു മാത്രമല്ലേ?
രാജീവൻ പറമ്പിലുണ്ട്. രണ്ടു പണിക്കാർ നിന്ന് മൺവെട്ടി കൊണ്ട് കിളയ്ക്കുന്നു. ഏതൊക്കെയോ ചെടികളുടെ തൈകൾ ഒരിടത്തായി കൂട്ടിയിട്ടിരിക്കുന്നു. അപ്രതീക്ഷിതമായി അച്ഛനെക്കണ്ട് രാജീവൻ യാന്ത്രികമായി മന്ദഹസിച്ചു.
കഴിഞ്ഞ തവണ രാജീവനെ കാണാൻ ജനാർദനനും ജലജയും ഒരുമിച്ചാണ് വന്നത്. പട്ടാളത്തിലിരുന്ന് മരണപ്പെട്ട ഒരുദ്യോഗസ്ഥന്റെ വിധവയുമായുള്ള രാജീവന്റെ വിവാഹം ആലോചിക്കാൻ. പെണ്ണിന്റെ ഫോട്ടോ കാണാൻ പോലും അവൻ കൂട്ടാക്കിയില്ല. തിരിച്ചു പോരാൻ നേരം ജലജയുടെ ഉള്ള് വേദനിക്കുന്നത്
ജനാർദനൻ അറിഞ്ഞു. എന്നിട്ടും അയാൾ ഒന്നും മിണ്ടിയില്ല. ആരോടെന്ത് പറയാൻ? മകനെ രണ്ടാം വിവാഹം നിർബന്ധിച്ച് കഴിപ്പിക്കാൻ കഴിയുമോ? വിവാഹത്തിന് വഴങ്ങാത്ത മകനെയോർത്ത് വിഷമിക്കരുതെന്ന് അമ്മയോട് പറയാൻ കഴിയുമോ?
പരസ്പരം നിഴലുകളിൽ ചവിട്ടിക്കൊണ്ട് ജനാർദനനും മകൻ രാജീവനും കൂടി പറമ്പ് മുഴുവനും നടന്നു. രാജീവന്റെ ജോലിക്കാര്യത്തെക്കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ ധൈര്യം പോരെന്ന് തോന്നി. കോളേജധ്യാപകനായ അവൻ വിവാഹമോചന ശേഷം ജോലിയിൽ പ്രവേശിച്ചിട്ടില്ല. അവന് സഹപ്രവർ
ത്തകരെയും വിദ്യാർത്ഥികളെയും അഭിമുഖീകരിക്കാൻ പ്രയാസം.
പണ്ടേ…. അവൻ അങ്ങനാ….. തൊട്ടാവാടിയാ… ജലജ സമാധാനിച്ചു. സ്വന്തമായി അഭിപ്രായങ്ങൾ പരതി പരാജിതനായ ജനാർദനൻ മൗനം പാലിച്ചു.
ചുവരുകളെയും വസ്ത്രത്തെയും പോലെ ജലജയുടെ ഓർമകളും നിറം മങ്ങിക്കൊണ്ടിരുന്നു. അപൂർവമായി മാത്രം പുഞ്ചിരിക്കുന്ന അവളുടെ മുഖം മൂടൽമഞ്ഞില്ലെന്ന പോലെ അവ്യക്തമാവുകയാണ്. അവൾ അധികം ഉരിയാടാതിരുന്നത് ഒരു കണക്കിന് നന്നായെന്ന് തോന്നുന്നു ഇപ്പോൾ. ഇല്ലെങ്കിൽ അവളുടെ
സ്വരത്തിന്റെ പ്രതിധ്വനികൾ ഇപ്പോഴും ഈ വീടിനുള്ളിൽ മുഴങ്ങിയേനെ.
സഞ്ചയനത്തിന്റെ മേൽനോട്ടം മുഴുവനും രാകേഷ് ഏറ്റെടുത്തു. കാർഡടിയും പാചകക്കാരെ ഏർപ്പാടാക്കലും തുടങ്ങി എല്ലാ കാര്യങ്ങളും അവൻ ചുറുചുറുക്കോടെ ചെയ്തു. ഇന്നലെ രാത്രി അവൻ ഉറങ്ങിയിട്ടില്ല. ജനാർദനനോട് നേരത്തെ കിടക്കാൻ നിർേദശിച്ചിട്ട് അവൻ വീട്ടിലും പാചകപ്പുരയിലും ഓടിനടന്നു. പരന്ന ഭൂമിക്കാരൻ ദാമോദരൻ അവന്റെയൊരു സഹായിയെപോലെ എല്ലായിടത്തും ചുറ്റിപ്പറ്റി നിന്നു. സന്ധ്യയ്ക്ക് ഉഷയെത്തി പാചകക്കാരോടൊപ്പം കൂടി. പക്ഷെ ഏറെ വൈകും മുമ്പവൾ മടങ്ങിപ്പോയി. ഒരുപക്ഷെ അടുക്കളയിൽ നിന്ന് കിട്ടാറുള്ള സുരക്ഷിതത്വം ലഭിക്കുന്നില്ലെന്ന തോന്നലാവാം അവളുടെ പിൻവാങ്ങലിന്റെ കാരണം.
ഉച്ചതിരിഞ്ഞ് രാജീവൻ എത്തിയിരുന്നു. ഒരരൂപിയെപ്പോലെ നടന്ന് ജനാർദനന്റേയും ജലജയുടെയും കിടപ്പുമുറിയിൽ ചെന്നിരുന്നു. ആ മുറിയിൽ ഏകനായിരിക്കുമ്പോൾ അവന്റെ മനസ് ശാന്തമാകുന്നതുപോലെ ജനാർദനന് തോന്നി. രാത്രി അവൻ അവിടെ ഉറങ്ങട്ടെ. അവന്റെ അത്താഴം ആ മുറിയിൽ വിളമ്പാൻ നിർദേശിച്ചിട്ട് ജനാർദനൻ മറ്റൊരു മുറിയിൽ കിടന്നുറങ്ങി.
നേരം വെളുത്തു തുടങ്ങുമ്പോൾതന്നെ മുറ്റത്തും വഴിവക്കിലും പുരുഷന്മാർ കൂടി നിന്ന് പിറുപിറുക്കാനും പുക വലിക്കാനും തുടങ്ങിയിരുന്നു. ആൾക്കാരോട് മിണ്ടിയും പറഞ്ഞും ഔപചാരികതകൾ പുലർത്തി രാകേഷ് മുറ്റത്തുതന്നെയുണ്ടായിരുന്നു. ശേഷക്രിയകളെല്ലാം രാജീവൻ ഒരു യന്ത്രമനുഷ്യനെപ്പോലെ ചെയ്തു
തീർത്തു. അസുഖകരമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ബലിക്കാക്കകളെത്തി. തങ്ങളിലേല്പിച്ച ഉത്തരവാദിത്വമുള്ള ഏതോ കർത്തവ്യം നിറവേറ്റുന്നതുപോലെ അവ ബലിച്ചോറുണ്ട് തിരികെ പറന്നുപോയി.
ജലജയുടെ അസ്ഥികളും ബാക്കി നിന്ന ഓർമകളും നിറച്ച മൺകുടവും കൊണ്ട് രാജീവൻ വീട്ടിനരികിലുള്ള പുഴയുടെ തീരത്തേക്ക് നടന്നു. മുങ്ങി നിവർന്ന് കുടത്തെ അവൻ ഒഴുക്കിനോടൊപ്പം
പറഞ്ഞയച്ചു. ജലജയുടെ ഓർമകൾ ഓളങ്ങളിൽ അലിഞ്ഞു തീരട്ടെ. ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും പോകാൻ ഒരുമ്പെട്ടപ്പോൾ ജനാർദനൻ മാത്രം പുഴവക്കിൽ ഇരുന്നു. രാകേഷ് അയാളുടെ തോളിൽ സ്പർശിച്ചു. രാജീവൻ അനുജനോട് ഒരു സ്വകാര്യമെന്നോണം പറഞ്ഞു: ”അച്ഛൻ അല്പനേരം കൂടി ഇവിടിരിക്കട്ടെ”.
പുഴവക്കിൽ അയാളും കാക്കകൾ ഉപേക്ഷിച്ചു പോയ ബലിച്ചോറിന്റെ അവശിഷ്ടങ്ങളും മാത്രം ബാക്കിയായി.