മാധവിക്കുട്ടി മരണമടഞ്ഞിട്ട് മെയ് 30-ന് രണ്ടു വർഷം തികഞ്ഞു. വായന
ക്കാരെ അമ്പരപ്പിക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കുന്ന
തിൽ അവരെന്നും സമർത്ഥയായിരുന്നു. കേരളജീവിതത്തിന്റെ മറവിയിലാണ്ട ഒരു കാലഘട്ടമാണ് മാധവിക്കുട്ടിയുടെ ‘കുറച്ചു മണ്ണ്’ എന്ന കഥയുടെ പശ്ചാത്തലം
ഒന്നേകാൽ നൂറ്റാണ്ടോളം വരുന്ന മലയാള ചെറുകഥയുടെ ചരിത്രത്തിൽ തലമുറകളുടെ വർഗീകരണം നടത്തുന്നത് മാറുന്ന ഭാവുകത്വങ്ങളെയും സംവേദനങ്ങളെയും വിശദീകരിക്കുന്നതിന്റെ ഭാഗമായാണ്. ഓരോ തലമുറയും തങ്ങളുടെ മുൻതലമുറകളെ അർത്ഥവത്തായി നിരാകരിച്ചുകൊണ്ടാണ് കഥയിൽ പുതുവഴി തീർത്തത്. ആദ്യകാല കഥാകൃത്തുക്കളുടെ കേവലം രസികത്തവും വിനോദവും
ലക്ഷ്യമാക്കിയ രചനകളെ പാടെ തിരസ്കരിച്ചുകൊണ്ടാണ് രണ്ടാംതലമുറ കടന്നുവരുന്നത്. കഥ ഗൗരവമാർന്നൊരു സാഹിത്യശാഖയായി ഗണിക്കപ്പെട്ടു തുടങ്ങുന്നതുപോലും ഈ തലമുറനിഷേധത്തിലൂടെയാണ്. ഉണർവുറ്റൊരു രാഷ്ട്രീയ നവോത്ഥാന അന്തരീക്ഷത്തിൽനിന്ന് ഊർജം നേടി പുരോഗമന സാഹിത്യ പ്രസ്ഥാനവും സ്വാതന്ത്ര്യസമര പ്രസ്ഥാനവും പോലെ ചരിത്രത്തെ രചനാത്മകമായി ചലിപ്പിച്ച മുന്നേറ്റങ്ങളുടെ വെളിച്ചത്തിൽ എഴുതിയ രണ്ടാംതലമുറ കഥകളെ ആശയങ്ങളുടെയും ദർശനങ്ങളുടെയും ആദ്യപടവുകളിലേക്കടുപ്പിച്ചു. തികഞ്ഞ സഹാനുഭൂതി, അപാരമായ മാനുഷികത, പുല്ലിനോടും പഴുതാരയോടും കാറ്റിനോടും ജലത്തോടുമുള്ള സ്നേഹം, ത്യാഗത്തിന്റെയും നന്മയുടെയും തുടിപ്പ്, നിസ്വാർത്ഥതയുടെ ഓജസ്സ് ഇതൊക്കെ നിറച്ചുകൊണ്ടിവർ കഥയെ ഗൗരവംതികഞ്ഞൊരു കലാരൂപമാക്കി. ജീവിതം അതിന്റെ എല്ലാവിധ ഭാവങ്ങളോടും കഥയിൽ ആവിഷ്കരിക്കപ്പെട്ടു. കഥ ജീവിതത്തിന്റെ പരിഛേദമായി മാറി.
യഥാർത്ഥ ജീവിതത്തോട് ഇത്രയധികം അടുത്തുവന്നിട്ടുള്ളൊരു സാഹിത്യവിഭാഗം അക്കാലത്ത് നമ്മുടെ ഭാഷയിലില്ലെന്ന് എം.പി.പോൾ തന്റെ ‘ചെറുകഥാപ്രസ്ഥാനം’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാംപതിപ്പിനെഴുതിയ ആമുഖത്തിൽ കുറിച്ചത് അതുകൊണ്ടാണ്.
പ്രാന്തവത്കരിക്കപ്പെട്ടവരുടെയും തൊഴിലാളികളുടെയും ജീവിതപ്രാരബ്ധങ്ങളെ റിയലിസത്തിന്റെ അവക്രമായ ഭൂമികയിൽആവിഷ്കരിച്ച സത്യവാന്മാരായ ഈ എഴുത്തുകാരെ കണ്ടുകൊണ്ടാണ് മാധവിക്കുട്ടി മലയാളകഥയിലേക്കു കടന്നുവരുന്നത്. അവരെപ്പോലെ ഈ കഥാകാരിയും ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ, ക്ലേശകരമായ അവസ്ഥാവിശേഷങ്ങളെ, പൊള്ളിച്ചുരുക്കുന്ന സങ്കടസമസ്യകളെ കഥയിൽ വിടർത്തിയിട്ടു. പക്ഷേ ഭാഷ ഭിന്നമായിരുന്നു, വ്യാഖ്യാന സങ്കേതങ്ങൾ ഭിന്നമായിരുന്നു, ശില്പവും ശൈലിയും ഭിന്നമായിരുന്നു. ഈ ഭിന്നതയുടെ സുവിശേഷമാണ് മലയാളകഥയിലെ ആധുനികത. മുൻതലമുറ കൈകാര്യം ചെയ്ത അതേ വിഷയത്തെതന്നെ തങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എത്ര ആശ്ചര്യകരവും സമ്പന്നവുമായ മാറ്റമാണ് കഥയ്ക്ക് കൈവന്നതെന്ന് ആധുനികരുടെ സൃഷ്ടികൾ വ്യക്തമാക്കി.
കഥാചരിത്രത്തിലെ തലമുറവിഭജനത്തിലെ ശക്തമായൊരു അടയാളക്കല്ലായി
നിൽക്കുന്ന കഥയാണ് മാധവിക്കുട്ടിയുടെ ‘കുറച്ചു മണ്ണ്’. അറുപതുകളിൽ ആധുനികത സൃഷ്ടിച്ചവരിൽ പ്രധാനിയായി മാധവിക്കുട്ടിയുണ്ടായിരുന്നു. ഭാവുകത്വത്തെ അടിമുടി മാറ്റി മറിച്ച ഈ പ്രസ്ഥാനം നമ്മുടെ കഥാചരിത്രത്തിലെ തങ്കമേടയാണ്. ഈ തങ്കമേടയിൽ കത്തിനിൽക്കുന്ന പൊൻവിളക്കാണ് മാധവിക്കുട്ടിയുടെ
രചനകൾ.
അൻപതുകളിലെയും അറുപതുകളിലെയും കേരളീയജീവിതത്തിൽ പട്ടിണി ഒരു പരുക്കൻ യാഥാർത്ഥ്യമായിരുന്നു. മനുഷ്യശേഷി പുറംനാടുകളിലേക്ക് വ്യാപകമായി കയറ്റി അയയ്ക്കപ്പെട്ടതിനു പിന്നിൽ ഈ കഠിനമായ പട്ടിണിയായിരുന്നു. മുപ്പതുകളിലും നാല്പതുകളിലും പട്ടിണി ഒരു കഠോര യാഥാർത്ഥ്യമായിരുന്നു. അതുകൊണ്ട് രണ്ടാംതലമുറക്കാരുടെയും ആധുനികരുടെയും പ്രമേയങ്ങളിൽ പട്ടിണി അതിന്റെ നരകവാതിലുകൾ തുറന്നിട്ടുകൊണ്ട് നിറഞ്ഞുനിന്നു. പട്ടിണിക്കാരായ പള്ളിക്കൂടം വാദ്ധ്യാന്മാരുടെ ഗതികേടുകളുമായി കാരൂർക്കഥകൾ പിറവികൊണ്ടു. ഇരുപത്തഞ്ചുകൊല്ലം പട്ടിണി കിടന്നിട്ടും ചാകാതെ അദ്ധ്യാപകർ കാരൂർക്കഥകളിൽ
വിളറിക്കിടന്നു. ബഷീറും വർക്കിയും ദേവും തകഴിയും റാഫിയും ദാരിദ്ര്യത്തിന്റെ ഭീകരതയെ കഥകളിൽ വരച്ചിട്ടു.
മരിക്കസാധാരണ:മീ വിശപ്പിൽ/ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്ര’മെന്ന് വള്ളത്തോളും ഉദരത്തിന്റെ പശിയടക്കാൻ ആസാമിലേക്കു വണ്ടികയറിയ മലയാളയൗവനത്തെക്കുറിച്ച് വൈലോപ്പിള്ളിയും കാവ്യങ്ങൾ എഴുതി. ”ഒന്നൂല്യെങ്കിൽ ഈ ഉണ്ണിയെ സ്കൂളിൽ ചേർത്തുതരുക… ഉച്ചക്കഞ്ഞിയെങ്കിലും കിട്ടൂലോ ഭഗവാനെ ഗുരുവായൂരപ്പാ” എന്ന് ലളിതാംബിക അന്തർജനത്തിന്റെ ‘മനുഷ്യപുത്രി’
എന്ന കഥയിലെ അമ്മയുടെ ജനനേതാവിനോടുള്ള ആവശ്യം കേട്ട് മലയാളസാഹിതി പകച്ചുനിന്നു. വിശന്നുകിടക്കുന്ന കുഞ്ഞുങ്ങൾക്കു കൊടുക്കാനായി റൊട്ടി കട്ടെടുക്കുന്ന വിക്ടർ യൂഗോയുടെ പാവങ്ങളിലെ നായകനെക്കണ്ട് പട്ടിണിക്കാരായ മലയാളിക്കുഞ്ഞുങ്ങൾ പ്രൈമറിക്ലാസുകളിലിരുന്ന് പുകഞ്ഞു. ‘കർക്കിടകം’,
‘പള്ളിവാളും കാൽച്ചിലമ്പും’ തുടങ്ങിയ കഥകളിലൂടെ എം.ടിയും പട്ടിണിക്ക് കാതരമായ പാലക്കാടൻ ഭാഷ്യങ്ങൾ ചമച്ചു. ഒരു കാലഘട്ടത്തിലെ ഭീകരവും കഠിനവുമായ യാഥാർത്ഥ്യങ്ങൾ സാഹിത്യസൃഷ്ടികളിൽ അങ്ങനെ സർഗാത്മകമായി അവതരിപ്പിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങൾ നീണ്ടുനീണ്ടുപോകുന്നു.
തന്റെ അനുഭവസമീമകൾക്കപ്പുറത്തുള്ളതിനെപ്പറ്റി തനിക്കെഴുതാൻ കഴിയില്ലെന്നു പറഞ്ഞ മാധവിക്കുട്ടി ജീവിതമെന്ന കടലിനെ കവിതയ്ക്കുള്ള മഷിപ്പാത്രമായിക്കണ്ട വൈലോപ്പിള്ളിയെപ്പോലെ ആ കാലയളവിന്റെ വിഹ്വലതയെ സത്യസന്ധതയോടെ
ഉൾക്കൊണ്ടപ്പോഴാണ് ‘കുറച്ചു മണ്ണ്’ എന്ന കഥ പിറന്നത്. ചിരപരിചിതവും സാധാരണവുമായ ഒരു തനി നാടൻ കുടുംബത്തിന്റെ ദരിദ്രാവസ്ഥയെ ചിത്രീകരിക്കുന്ന ഈ ചെറിയ കഥ നമ്മെ ആഴ ങ്ങളിൽ പൊള്ളിക്കുന്നു. മുത്തച്ഛൻ, മകൻ, അയാളുടെ ഗർഭിണിയായ ഭാര്യ, അവരുടെ മൂന്നു കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ജീവിതത്തിൽനിന്നും ചില ഖണ്ഡങ്ങൾ ഭാവതീവ്രതയോടെ,
എന്നാൽ ഒരു സാക്ഷിയുടെ നിസ്സംഗതയോടെ മാധവിക്കുട്ടി അവതരിപ്പിക്കുന്നു. സദാ വിശന്നിരിക്കുന്നവരാണിതെല്ലാം. തൊഴിലില്ലാത്ത ഗൃഹനാഥൻ, വിശപ്പിന്റെ കാഠിന്യം കാരണം എപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന ഭാര്യ, കലഹിക്കുന്ന
മരുമകളോട് എപ്പോഴും കൊറച്ച് ശൂടുവെള്ളത്തിനായി യാചിക്കുന്ന വൃദ്ധൻ, ‘രണ്ടു നഗരങ്ങളുടെ കഥ’ എന്ന നോവലിൽ ജനങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ച് ചാൾസ് ഡിക്കൻസ് നിരീക്ഷിച്ചതുപോലെ വൃദ്ധജനങ്ങളുടെ മുഖം പോലെയായ കുഞ്ഞുങ്ങൾ,
വൃദ്ധൻ കിഴങ്ങു മോഷ്ടിച്ചതിനെ തുടർന്ന് കലഹത്തിനെത്തുന്ന അയൽക്കാരി, അറുപതുകളിലെ കേരളീയഗ്രാമങ്ങളിലെങ്ങും കണ്ടിരുന്ന ഈ ദൃശ്യം ‘കുറച്ചു മണ്ണ്’ എന്ന മാധവിക്കുട്ടിക്കഥയിൽ പുനരവതരിപ്പിക്കുമ്പോൾ അത് ഒരു കഠിനാനുഭവമായി നമ്മെ പീഡിപ്പിക്കുന്നത് ചെറുകഥയെ ഈ എഴുത്തുകാരി അത്രമേൽ ഭാവതീവ്രമാക്കി മാറ്റിയതുകൊണ്ടാണ്.
കഥയിൽ അവരിങ്ങനെ എഴുതുന്നു:
”കൊറച്ച് ശൂടുവെള്ളം…” മുത്തച്ഛൻ പറഞ്ഞു. ആരും പിന്നീട് സംസാരിച്ചില്ല. കുറച്ചു നേരത്തിനുശേഷം മുത്തച്ഛൻ കാലുകൊണ്ട് തപ്പിത്തപ്പി ചവിട്ടുപടികളിറങ്ങി, മുറ്റത്തെ വാഴത്തടത്തിലേക്കു ചെന്നു. വെയിൽ തട്ടി ആ മണ്ണൊക്കെ ഉണങ്ങിവരണ്ടിരുന്നു. പക്ഷേ, കുറച്ച് ആഴത്തിൽ മാന്തിനോക്കിയപ്പോൾ തണുത്തതും മൃദുലവുമായ കളിമണ്ണ് അയാൾക്ക് കിട്ടി. മുത്തച്ഛൻ അതിൽ കുറച്ചെടുത്ത് ഉരുട്ടി വായിലിട്ടു. വരണ്ടിരുന്ന ആ വായിൽ വീണ്ടും നീരോട്ടം തുടങ്ങി…”
ആരൊക്കെ വിലക്കിയിട്ടും വൃദ്ധൻ മണ്ണു തിന്നുകൊണ്ടേയിരുന്നു. പട്ടിണി ഒരാളെ ഏതെല്ലാം ഹീനവൃത്തികളിലൂടെ കൊണ്ടുപോകുമെന്ന് ഈ കഥ വിശദീകരിക്കുന്നു. പട്ടിണി ഒരാളെ എത്രത്തോളം നിസ്സഹായതയ്ക്കടിപ്പെടുത്തുന്നുണ്ടെന്ന് വൃദ്ധൻ നമ്മെ
ബോദ്ധ്യപ്പെടുത്തുന്നു. മനുഷ്യന്റെ നിസ്സഹായതയ്ക്ക് ഇത്രയേറെ ആഴപ്പരപ്പുകളുണ്ടെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന കഥകൾ മാധവിക്കുട്ടിയോളം
രചിച്ചവരില്ല നമ്മുടെ ഭാഷയിൽ. നിസ്സഹായത അവരുടെ കഥകളിൽ ആനന്ദകരമായൊരു പീഡാനുഭവമായി മാറുന്നു. ഒഴിഞ്ഞ വയറും നിറഞ്ഞ ആത്മാഭിമാനവുമായുള്ളൊരു സംഘട്ടനത്തിന്റെ തലത്തിലേക്ക് കഥയെ വികസിപ്പിച്ചുകൊണ്ട് മാധവിക്കുട്ടിയുടെ പ്രതിഭ തന്റെ പൂർവികരുടെ സാമ്പ്രദായിക
ശൈലിയെ മറികടക്കുന്നു. റിയലിസത്തെ, സർഗകാന്തിയാൽ മണ്ണു തിന്നുന്ന വൃദ്ധന്റെ നിർവികാരതയിലൂടെ അവർ മറികടക്കുന്നു.
മനുഷ്യനെ കേവലം ഭൗതികശരീരം മാത്രമായിക്കണ്ട് വിശപ്പാണ് ഏറ്റവും ഭീകരമായ അവസ്ഥ എന്ന ഉപരിതല യാഥാർത്ഥ്യത്തെ മറികടന്ന് വിശപ്പ് സൃഷ്ടിക്കുന്ന മനുഷ്യാവസ്ഥയുടെ ആന്തരിക തലങ്ങളിലേക്ക് ചൂഴ്ന്നുകടന്ന് സംഘർഷങ്ങളാൽ
നിസ്സഹായമായിപ്പോയ ആത്മാവിനെ ഒരു തൂവൽപോലെ തഴുകിയുണർത്തുകയാണ് മാധവിക്കുട്ടി. അങ്ങനെ റിയലിസത്തിന്റെയും സോഷ്യലിസ്റ്റ് റിയലിസത്തിന്റെയുമൊക്കെ പഴക്കം ചെന്ന പദാവലികളെ ചടുലമായി നിരാകരിച്ചുകൊണ്ട് തുടിക്കുന്ന ഗ്രാമ്യഭാഷയെയും തുറിച്ചുനോക്കുന്ന യാഥാർത്ഥ്യത്തെയും കൈവെടിയാതെ വേറിട്ടൊരു ഭാവുകത്വനിർമിതിയിലൂടെ ആസ്വാദനത്തെ പുതിയ തലങ്ങളിലെത്തിക്കുകയാണ് ‘കുറച്ചു മണ്ണി’ലൂടെ ഈ
എഴുത്തുകാരി.
അയൽക്കാരിയുടെ കപ്പ വൃദ്ധൻ ആരും കാണാതെ മാന്തിയെടുത്തത് മരുമകളെ ക്രുദ്ധയാക്കുന്നു. എങ്കിലും അപാരമായൊരു അലിവിൽ അവർ അയാളോട് പൊറുക്കുന്നു. വീണ്ടുമത് ആവർത്തിക്കരുതെന്നും തനിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും ഉപദേശിച്ചുകൊണ്ട് ആ ഗർഭിണി തന്റെ അഭിമാനബോധത്തെ ഉയർത്തിപ്പിടിക്കുന്നു. പക്ഷേ, വിശപ്പിന്റെ മാരകമായ തള്ളലിൽ വൃദ്ധൻ വീണ്ടും മണ്ണ് മാന്തുന്നു. കഥയുടെ
അവസാനത്തിലേക്കു നാം കടക്കുകയാണ്. മാധവിക്കുട്ടി എഴുതുന്നു: അവൾ കണ്ണുകളിറുക്കി ചുറ്റും നോക്കി. വാഴത്തടത്തിൽ കുനിഞ്ഞിരുന്നു മാന്തുന്ന ആ വൃദ്ധന്റെ രൂപം ആ മങ്ങിയ ഇരുട്ടിലും അവൾക്ക് കാണുവാൻ കഴിഞ്ഞിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ നടന്നുചെന്ന് അയാളുടെ കഴുത്തിൽ മുറുക്കിപ്പിടിച്ചു.
”കക്കലും തൊടങ്ങി, അല്ലേ?” അവൾ ചോദിച്ചു. അവളുടെ ശബ്ദം ഒരപരിചിത ശബ്ദമായിക്കഴിഞ്ഞിരുന്നു. ഒരു പരുക്കൻ ശബ്ദം.
മുത്തച്ഛൻ തന്റെ വെള്ളിക്കൃഷ്ണമണികൾ മേലേ്പാട്ടുയർത്തി.
”ഗ്ഗ്…” അയാൾ പറഞ്ഞു.
”ഞാൻ കൊല്ലുംന്ന് പറഞ്ഞില്യേ?” അവൾ ചോദിച്ചു. ”പട്ടിണി സഹിക്കാം. ഈ കഷ്ടപ്പാടൊക്കെ സഹിക്കാം… പക്ഷേ, കക്കണത് ഇയ്ക്ക് സഹിക്കില്ല. ഇന്നെക്കൊണ്ടു വയ്യ ചീത്തപ്പേര് കേൾക്കാൻ”.
ഒടുവിൽ ശുഷ്കിച്ച ആ ശരീരം നിർജ്ജീവമായി തന്റെ കൈകളിൽനിന്ന് നിലംപതിച്ചപ്പോൾ അവൾ അതിനോട് വാത്സല്യത്തോടെ മന്ത്രിച്ചു ”ഇതിന്റെ കുറ്റല്ല ട്ടോ”…
മുത്തച്ഛൻ ആയിരുന്ന ആ വസ്തു കിണറ്റിൽ വീണപ്പോഴും ആരെയും ഉണർത്തുവാൻ പോന്ന ശബ്ദമൊന്നും ആ വെള്ളം ഉണ്ടാക്കിയില്ല. നിറഞ്ഞ ആത്മാഭിമാനവും ഒഴിഞ്ഞ വയറും തമ്മിലുള്ള കലഹത്തിനൊടുവിൽ വയറിനെ പരാജയപ്പെടുത്തിക്കൊണ്ട് ‘കുറച്ചു മണ്ണി’ലെ നായിക ചൂലെടുത്ത് മുറ്റവും പരിസരവും ശ്രദ്ധയോടെ അടിച്ചുവാരി വൃത്തിയാക്കുവാൻ തുടങ്ങുമ്പോൾ കഥ അവസാനിക്കുന്നു.
തീവ്രമായ സൗന്ദര്യാനുഭവങ്ങൾ മറഞ്ഞുകിടക്കുന്ന കലാസൃഷ്ടികളാണ്
മാധവിക്കുട്ടിയുടെ കഥകൾ. നിസ്സഹായതയുടെ പകൽവസ്ര്തമണിഞ്ഞ അവരുടെ കഥാപാത്രങ്ങളിൽ ഏറെത്തിളങ്ങുന്ന മണ്ണു തിന്നുന്ന വൃദ്ധനെ ചിത്രീകരിക്കുന്ന ‘കുറച്ചു മണ്ണ്’ എന്ന ഉജ്ജ്വലമായ കഥ ഇപ്പോഴും പുതുമയോടെ നിലനിൽക്കുന്നു.