(ആര്. മനോജിന്)
ങ്ങളിതു കേള്‍ക്കീ…
ങ്ങളിതു കേള്‍ക്കീ…
എനിക്കു കേള്‍ക്കണ്ട
തോളില്‍ കിണ്ടിക്കിണ്ടിയുള്ള
ഗ്രാമ്യച്ചുവ പൂണ്ട
നിന്റെ കുശലവചനങ്ങള്‍
എനിക്കു കാണണ്ട
വിടര്‍ന്നു മലര്‍ന്ന
നിന്റെ ആമ്പല്പൂംപുഞ്ചിരി
ഇനി പങ്കിടുകയില്ല
ഒരേ സിഗരറ്റിനെ
ഇനി കുടിക്കില്ല
ഒരേ കോപ്പയിലെ
സ്നേഹത്തൂമഞ്ഞ് തൂവിയ
കുളിരിനെ…
മുറ്റത്തെ കിളിമരത്തില്‍
പതിവില്ലാതെ
കലപില കൂട്ടുന്ന
കുരികില്‍ പക്ഷികള്‍
കരഞ്ഞു പറഞ്ഞു
അതാ ഒടിഞ്ഞു കിടക്കുന്നു
നിറവാസന്തവര്ഷത്തിന്
മഴവില്കമാനം
നടുങ്ങിയൊഴുകുന്ന നമ്മുടെ
നാടന്‍ ചെറുപുഴയില്‍
കേട്ടില്ല കേട്ടില്ല
ആരുമേ കേട്ടില്ല
മണ്ണിന്റെ കണ്ണ് നിറച്ചൊരാ
വാര്‍ത്തയെ
പകച്ചുപോയ ദാവണിക്കാരികള്‍
മീശ മുളയ്ക്കുന്ന ചുള്ളന്മാര് ചോദിച്ചു
എവിടെ
എവിടെ
ഞങ്ങടെ മാഷ് എവിടെ
ഏലകള്‍ താണ്ടിവരും
ചെറുകാറ്റുകള്‍ പറഞ്ഞു
അവിടെ
അവിടെ
കണ്ടില്ല
കണ്ടില്ല
നാടെങ്ങും ചുമലില്‍ തൂങ്ങിനടന്ന
തോഴന്മാര് ചോദിച്ചു
എവിടെ
എവിടെ
ഏലയെ ചുറ്റിയാടും
ചുഴലിത്തെങ്ങുകള് പറഞ്ഞു
അവിടെ
അവിടെ
കണ്ടില്ല കണ്ടില്ല
ആരുമേ കണ്ടില്ല
കിളിമരമൊഴിഞ്ഞു
കുരികില്പക്ഷികള് മൗനം
മുറ്റത്തെ മുല്ലകള്‍ മൗനം
അമ്മ കരയുന്നു
അമ്മ ചിരിക്കുന്നു
ഓപ്പോള് മേല്മുണ്ടിന്റെ
കോന്തല പിരിച്ച്
കണ്ണില്‍ കുത്തുന്നു.