”പൈശാചഭാഷയല്ലേയിത്?
പിശാചരക്തത്തിലെഴുതിയൊരീ
പൈശാചകഥ കൊണ്ടുപോ-
കെൻ മുന്നിൽനിന്ന്”.
– രാജാവു കല്പിച്ചതറിഞ്ഞു
ദു:ഖാർത്തനായീ കവി.
ശിഷ്യരോടൊത്തൊരു
കുന്നിൻപുറത്തെത്തി-
യഗ്നികുണ്ഡം ജ്വലിപ്പിച്ചൂ കവി.
എഴുത്തുപുറങ്ങളോരോന്നാ-
യുറക്കെച്ചൊല്ലി,യവയെല്ലാ-
മാളിക്കത്തും തീയിലേക്കിട്ടൂ കവി.
കണ്ണീരണിഞ്ഞവ കണ്ടും കേട്ടും
ശിഷ്യരും കിളികുലങ്ങളും.
വന്നണഞ്ഞൂ മാനും മയിലും
കരടി കാട്ടുപോത്തും കുറുക്കനും
പശുവും പട്ടിയും പൂച്ചയും
കാട്ടിലേം നാട്ടിലേം ജീവികളൊക്കെ
നിരന്നൂ കവിക്കു ചുറ്റിനും
മറന്നൂ വിശപ്പും ദാഹവും.
കാറ്റുപോലും നിലച്ചമട്ടിൽ
കാതോർത്തുനിന്നൂ മരപ്പടർപ്പുകൾ.
രോഗിയായിക്കാലം രാജാവ്
വൈദ്യരെത്തിച്ചൊല്ലീ കാരണം,
”പോഷകക്കുറവുള്ളിറച്ചി
ഭക്ഷിക്കുന്നതാണിക്കുഴപ്പമൊക്കെ”.
പാചകക്കാർ കൈയൊഴിഞ്ഞു,
”വേട്ടക്കാരെത്തിക്കുന്നതീ,യിറച്ചി”.
വേട്ടക്കാർ നേരുപറഞ്ഞു,
”കഥകേൾക്കും മൃഗങ്ങൾ
മേയുന്നി,ല്ലിരപിടിക്കുന്നില്ല
ജലപാനമൊട്ടുമില്ല
നടക്കുന്നി,ല്ലോടുന്നില്ല
പിന്നെങ്ങനെയുണ്ടാകും
പോഷകം നിറഞ്ഞൊരിറച്ചി?”
കവിയെക്കാണാൻ രാജാവെത്തി,
കഥയേഴിലാറുമെരിഞ്ഞടങ്ങീയപ്പോൾ.
അവശേഷിപ്പൂ കഥയൊന്നിപ്പോഴും
പൈശാചരക്തത്തിൻ മണവുമായ്.
വേട്ടയാടപ്പെടും ജീവികൾ-
ക്കൊരായുധം കാവ്യമെങ്കിലും,
തുടരുന്നല്ലോ വാക്കിൻ നോക്കിനെ
തീയിലെരിപ്പിക്കും ലോകം…
അവലംബം: ഗുണാഢ്യൻ രചിച്ച ‘ബൃഹദ്കഥ’യെക്കുറിച്ചുള്ള ‘കഥാസരിത്സാഗര’കഥ.