പുഴയൊഴുകുന്നുണ്ടിടയ്ക്കിടെ, മാറിൽ
വരൾച്ചതൻ തേങ്ങൽ വരയ്ക്കും മണൽവര.
കൊടിത്തൂവകൾ പടംപൊഴിക്കും വേനൽക്കാറ്റിൽ
വിറയ്ക്കുന്നുണ്ടീ കണ്ടൽക്കാടിൻ കറുപ്പോരങ്ങൾ.
പടിഞ്ഞാറുദിക്കും ചന്ദ്രൻ കുതിച്ചോടുന്നു;
പാലം കടന്നാലുടൻ പുകത്തോപ്പിൻ മരീചിക.
വിളർപ്പിൻ മഞ്ഞച്ചുണ്ടും പിളർത്തിക്കരയുന്നു
നികത്തിപ്പിണ്ഡം വയ്ക്കും വിശപ്പാം കായൽത്തടം.
കനയ്ക്കും വാനക്കണ്ണിന്നുറവിൽ നോക്കുന്നവൾ
അലച്ചുവീണുരുണ്ടമരും കണ്ണീരിനായ്.
***
മഴ പെയ്യുന്നുണ്ടിടയ്ക്കിടെ, മണ്ണിൽ
പതിയുന്നു വിരണ്ടിരവിൻ മിടിപ്പുകൾ.
ഒലിച്ചുപോയില്ലാ പുഴയിലേക്കവൾ
മലർന്നുവീഴുന്നിതൊറ്റു പാത്രങ്ങളിൽ.
അകത്തളത്തിലുമറയിലും കൂറ്റൻകുടങ്ങളിലവളടച്ചിരിക്കുന്നു;
ഇമകൾ പൂട്ടാതെയിഴഞ്ഞുനീങ്ങുന്നുണ്ട-
വളുടെ മീതെ കരിനിഴലുകൾ.
പുലരിയീറനാമിരുട്ടുടുക്കുന്നു
വിഷാദമേഘത്തിൻ മറപ്പുരകളിൽ.
കൂടങ്ങൾ പൊട്ടിയിപ്പൊടി മണൽക്കുന്നിൽ
വിരിയുമായിരം കബന്ധപിണ്ഡങ്ങൾ;
അരവയർക്കലമവർ തിളപ്പിക്കും
ഉയിരും കണ്ണും വാറ്റിയെടുത്ത കയ്പുനീർ.
***
അതിലുണ്ടീറൻ മാറും പാടക്കുളിരും കാറ്റും,
കൈതക്കാടിൻ ഗന്ധം പടരും തൂവൽത്തുത്തും,
അതു വീണുരുകും കാലം, അതിൽ വീണുറയും സൂര്യൻ;
അതു ജീവനിയെന്നോതിപ്പകരും നമ്മൾ മാത്രം.
Related tags :