പതിനെട്ടു വർഷകാലം സൗദി അറേബ്യയിൽ മലയാളം ന്യൂസിൽ പത്രപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻകോയയുടെ ഗൾഫ് ഓർമക്കുറിപ്പുകളാണ് ഈ പംക്തി. കേരളത്തിൽ ചന്ദ്രികയിൽ പതിനെട്ടു വർഷം ജോലി ചെയ്ത ഹസ്സൻ കോയ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായും കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റിന്റെ വൈസ് പ്രസിഡന്റായും
പ്രവർത്തിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ ചെങ്കടൽ തീരത്തെ തുറമുഖ നഗരമായ ജിദ്ദയിലെ മഹ്ജർ
കിംഗ് അബ്ദുൽ അസീസ് ആശുപത്രി. മോർച്ചറിയുടെ വാതിൽക്കൽ കാ
ത്തു നിൽക്കുകയാണ് ഇന്ത്യക്കാരായ പത്രപ്രവർത്തകർ മാത്രമടങ്ങിയ ഞങ്ങളുടെ
ചെറു സംഘം. ആരും ഒന്നും സംസാരിക്കുന്നില്ല. മണിക്കൂറുകളായി
ഞങ്ങളവിടെയുണ്ട്. പലരും വരികയും പോവുകയും ചെയ്യുന്നു. അപമൃത്യു
വിനിരയാകുന്നവരെ കൊണ്ടുവരുന്ന ഇടമായതിനാൽ തിരിച്ച റിയാനെത്തുന്ന
വരും ജഡങ്ങൾ സ്വീകരിക്കാൻ വരുന്നവരുമെല്ലാം ഉണ്ട്. പല പല നാട്ടുകാരുടെ
ചെറു സംഘങ്ങൾ. പക്ഷേ എല്ലാ മുഖങ്ങളിലും മരണമുണർത്തുന്ന ദുരന്തത്തിന്റെ അമൂർത്ത ചിത്രങ്ങൾ കോറിയിട്ടിരിക്കുന്നു. പകലുറക്കത്തിനിടെ മരണത്തിലേക്കു വഴുതിയ സീനിയർ പത്രപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി ജാഫർഖാന്റെ മൃതദേഹം അകത്തുണ്ട്.
എംബാമിംഗ് ജോലികൾ പൂർത്തിയാക്കി പുറത്തേക്കു തല നീട്ടിയ ഈജിപ്തുകാരനായ ഡോക്ടർ ആദ്യം അന്വേഷിച്ചത് വാഹനം എത്തിയോ എന്നാണ്. കുറച്ചുനേരമായി അവിടെ കാത്തു നിന്ന ഞങ്ങൾ ഇതിനകം ഡ്യൂട്ടി യിലുള്ള ഡോക്ടർമാരുമായി പരിചയം സ്ഥാപിച്ചിരുന്നു. എയർപോർട്ടിലേക്ക് ജഡം കൊണ്ടുപോകുന്നതിന് ആംബുലൻസ്
വരും എന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്. ശവപ്പെട്ടിക്കു മുകളിൽ ഒട്ടിക്കാനുള്ള
കടലാസും മറ്റും തയ്യാറാണ്. പെട്ടെന്ന് മൂളിക്കുതിച്ചെത്തിയത് ഒരു തുറന്ന പിക്കപ്പ്. അതിന്റെ പാർശ്വങ്ങളിൽ പ്രസിദ്ധമായ കാർഗോ കമ്പനിയുടെ പേര്. ഡ്രൈവറായ
ബദു ചാടിയിറങ്ങി അന്വേഷിച്ചു –
”റെഡിയല്ലേ?”
”ഈ വണ്ടിയിലാണോ കൊണ്ടുപോകുന്നത്?” ഞങ്ങൾ അവിശ്വാസത്തോടെ അന്വേഷിച്ചു.
ജഡങ്ങളുടെ ട്രാൻസ്പോർട്ടിംഗ് ചുമതലയുള്ള പ്രമുഖ കാർഗോ കമ്പനിയുടെ
ജോലിക്കാരനായ അയാൾ പറഞ്ഞു:
”വിമാനത്തിൽ കയറ്റാനുള്ള എല്ലാ ജഡങ്ങളും ഇങ്ങിനെതന്നെയാണ് കൊണ്ടുപോകുന്നത്”.
പുറത്ത് വെയിൽ കത്തിയാളുന്നു. അയാൾ ധൃതികൂട്ടി. ഞങ്ങൾ ജഡത്തിന്റെ പേരും സ്ഥലവും എഴുതിയ സ്റ്റിക്കർ പെട്ടിയുടെ മുകളിൽ ഒട്ടിച്ചു. പത്രത്തിന്റെ പേര് വലിയ അക്ഷരത്തിൽ നാലുപാടും പതിച്ചു. സൗദിയിൽ പത്രക്കാരനു പ്രത്യേക പരിഗണനയൊന്നുമില്ലെങ്കിലും നാട്ടിൽ സ്ഥിതി അങ്ങിനെയല്ലല്ലോ എന്ന ചിന്തയാണ് ഇതു ചെയ്യാൻ പ്രേരിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ജഡത്തെ അനുഗമിക്കാൻ തയ്യാറായ സഹപ്രവർത്തകനും കൂടെയുണ്ടായിരുന്നു. അവിടെ എത്തുമ്പോൾ ഒട്ടും വൈകാതെ പുറത്തെത്തിച്ച് ബന്ധുക്കളെ ഏല്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. അസ്വാഭാവിക മരണമായിട്ടും ജഡം ഒരാഴ്ചയ്ക്കകം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞത് സൗദി അറേബ്യയിൽ അപൂർവ സംഭവമായിരിക്കുമെന്ന് പലരും പറഞ്ഞു. വിദേശ യാത്രയിലായിരുന്ന ചീഫ് എഡിറ്റർ ഉന്നത തലത്തിൽ ഇടപെട്ടതുകൊണ്ടാണിതു സാധിച്ചതെന്നും വിശദീകരിക്കപ്പെട്ടു.
ജാഫർഖാനെ അവസാനമായി കണ്ട ആളെന്ന നിലയിൽ ആ മരണം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. അടുപ്പമുണ്ടായിരുന്ന മറ്റുള്ളവരുടേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉച്ചമയക്കം മരണത്തിലേക്കു നീണ്ടുപോവുകയായിരുന്നല്ലോ.
ജീവിതവും മരണവും തമ്മിലുള്ള അതിർവരമ്പ് എത്ര നേർത്തതാണെന്ന അറിവ് മനസിൽ ആഴത്തിൽ തറച്ചു.
പത്രാധിപക്കസേരയുടെ പതുപതുപ്പിൽ നിന്ന് കാർഗോ പിക്കപ്പിന്റെ ഇരുമ്പു പലകയിലേക്കു മാറിയ ആ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ ചലച്ചിത്രത്തിലെന്നവണ്ണം അപ്പോൾ എന്റെ മനസിലൂടെ കടന്നുപോയി. റെഡ് ക്രസന്റ്
ആംബുലൻസ് എത്തി ഡോക്ടർ മരണം സ്ഥിരീകരിച്ച ് മൃതദേഹം ആശുപത്രിയിലേക്കു നീക്കിയത് ഒരാഴ്ചമുമ്പ് സന്ധ്യ കഴിഞ്ഞ നേരത്താണ്. നാട്ടിലേക്ക് കൊണ്ടുപോകാൻ വാങ്ങിവച്ച സാധനങ്ങൾ കൂട്ടിയിട്ട മുറിയിൽ നിന്ന് ജഡം മാത്രം പുറത്തേക്കെടുക്കുമ്പോൾ കരയാൻ ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല. ഒരാഴ്ചകഴിഞ്ഞ് അവധിക്കെത്തുന്ന കുടുംബനാഥനെ കാത്തിരിക്കുകയായിരുന്നു നാട്ടിൽ അവരെല്ലാം. അടുത്ത മുറിയിൽ താമസിച്ചിരുന്ന മുസഫർ അഹമ്മദ് വളരെ അസ്വസ്ഥനായി ഗോവണിപ്പടിയിൽ നില്പുണ്ടായിരുന്നു. ജാഫർഖാനുമായി അടുപ്പം പുലർത്തിയിരുന്നയാളാണ്. യാത്ര ചെയ്യാൻ തീരുമാനിച്ച തിങ്കളാഴ്ചതന്നെ അതേ വിമാനത്തിൽ കാർഗോ ആയി നാട്ടിലേക്കു മടങ്ങുക എന്ന അസാധാരണ നിയോഗമായിരുന്നു ജാഫർഖാന്റേത്.
മുറിയിലുണ്ടായിരുന്ന ടിക്കറ്റിലെ തിയതി നോക്കിയവർ പ്രവാസജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് പലതും പറഞ്ഞുകൊണ്ടിരുന്നു. ഉറുമ്പിനെപ്പോലും നോവിക്കാതെ ഓഫീസിലേക്ക് അദ്ദേഹം നടന്നു പോകുമ്പോൾ പലപ്പോഴും ഞങ്ങൾ കാണാറുണ്ട്. കുശലം പറയാറുണ്ട്. സിഗരറ്റ് ഉപേക്ഷിച്ചതു കാരണം ഉന്മേഷം കുറഞ്ഞതായി ഒരിക്കൽ പറഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തുമ്പോൾ ദീർഘമായി സംസാരിക്കാറുമുണ്ട്.
സൗദിയിലെ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന്റെ തുടക്കക്കാരിലൊരാളായിരുന്നെങ്കിലും യാതൊരു ജാഡയുമില്ലാത്ത പെരുമാറ്റം. ഭാര്യവീട് സ്ഥിതി ചെയ്യുന്ന വാടാനപ്പള്ളി ബീച്ചിൽ ഇപ്പോഴും കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടാനുണ്ടെന്ന് അവസാനം കണ്ടപ്പോൾ പറഞ്ഞിരുന്നു. തിരുവനന്തപുരത്തുകാരൻ കല്യാണം കഴിക്കാൻ എങ്ങിനെ തൃശൂരെത്തി എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടിയും പറഞ്ഞു.
ഹജ് മന്ത്രിയായിരുന്ന ഇയാദ് മദനി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കാലത്തെ
ക്കുറിച്ച് ഓർമകൾ പങ്കുവച്ചു. പുതിയവർക്ക് പലതും മനസിലാക്കിത്തരാൻ കെല്പുള്ള അനുഭവ സമ്പന്നനായ ആ പത്രപ്രവർത്തകനെ പക്ഷേ ആരും വേണ്ടതുപോലെ മനസിലാക്കിയില്ല എന്നും തോന്നിയിട്ടുണ്ട്. ജീവിത സായാഹ്നത്തിൽ മനുഷ്യൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ ലോകത്തിലെവിടെയും ഒരുപോലെയാണ്. അതുകൊണ്ടാണല്ലോ വാർദ്ധക്യം മരണത്തേക്കാൾ ക്രൂരമാണെന്ന് ഹെമിംഗ്വേ എഴുതിവച്ചത്.
അന്ന് പതിവുപോലെ ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് ഊണു കഴിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. ചെരിഞ്ഞു കിടന്നുറങ്ങുന്നത് പാതി ചാരിയ വാതിലിലൂടെ കാണാമായിരുന്നു. ഇന്ന് ഓഫ് ദിവസമല്ലല്ലോ,
ഓഫീസിൽ പോകുന്നില്ലേ എന്ന് സംശയിച്ചു. നാട്ടിൽ പോകുന്നതല്ലേ,
ഷോപ്പിംഗിനായി ചിലപ്പോൾ ഓഫ് മാറ്റിക്കാണും എന്നും ആശ്വസിച്ചു. നാട്ടിൽ പോകാനുള്ള ഉത്സാഹം കുറച്ചു ദിവസമായി ചലനങ്ങളിൽ പ്രകടമായിരുന്നു. യുവാവായാലും വൃദ്ധനായാലും എല്ലാവരേയും നാട് ഒരുപോലെ മോഹിപ്പിക്കുന്നു. വൈകീട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന അറബ് ന്യൂസ് പത്രത്തിന്റെ ന്യൂസ്
എഡിറ്റർ രാം നാരായൺ വിളിച്ചു.
”ജാഫർഖാൻ ഇതുവരെ ഡ്യൂട്ടിക്കെത്തിയില്ല. ഫോൺ എടുക്കുന്നുമില്ല. നമുക്കൊന്നു പോയി നോക്കാം”. അദ്ദേഹത്തിന്റെ വാക്കുകളിൽ പരിഭ്രമം. മനസിലൂടെ ഒരു കൊള്ളിയാൻ മിന്നി.
നാല് അറബിപത്രങ്ങൾ ഉൾപ്പെടെ ഏഴു പത്രം പ്രസിദ്ധീകരിക്കുന്ന എസ്.ആർ.പി.സിയുടെ എല്ലാ പത്രങ്ങളും ഒരേ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലാണ്. എന്റെ കൈയിൽ ഫ്ളാറ്റിന്റെ താക്കോലുെണ്ടന്ന് അദ്ദേഹത്തിനറിയാം.
”ഉടനെ പോകാം” ഞാൻ പറഞ്ഞു. പുറത്തിറങ്ങി. അറബ് ന്യൂസിലെ വേറെയും രണ്ടു പേർ ഉണ്ടായിരുന്നു. ഏതാനും മീറ്റർ മാത്രം അകലെയാണ് അദ്ദേഹം താമസിച്ചിരുന്ന
ഫ്ളാറ്റ്. ഒരു കുശിനിക്കാരൻ ഉണ്ടായിരുന്നതുകൊണ്ടാണ് പുറത്തു നിന്നുള്ള എനിക്കു
കൂടി അക്കാലം അവിടെ ഭക്ഷണം ലഭിക്കാൻ ഏർപ്പാടുണ്ടായത്. പലേടങ്ങളിൽ പാചക ജോലിയുള്ള അനധികൃത താമസക്കാരനും മലയാളിയുമായിരുന്ന അയാൾ രാവിലെ മുതൽ ഊഴമിട്ടെത്തിയാണ് കർമം നിർവഹിക്കുക.
ഞങ്ങളെത്തിയപ്പോൾ മുറിയിലെ വെളിച്ചം അതുപോലെയുണ്ടായിരുന്നു. ജാഫർഖാൻ നിത്യനിദ്രയിലേക്കു പ്രവേശിച്ചു കഴിഞ്ഞു. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്. മുഖത്ത്
വേദനയുടെ യാതൊരടയാളവുമില്ല. ഹൃദയാഘാതമുണ്ടാകുമ്പോൾ അദ്ദേഹം ഉറക്കത്തിലായിരുന്നുവെന്നും മരണം നടന്നിട്ട് മൂന്നുമണിക്കൂറിലേറെയായെന്നും
പിന്നാലെ എത്തിയ റെഡ് ക്രസന്റ് ആംബുലൻസിലെ ഡോക്ടർ സ്ഥിരീകരിച്ചു.
സൗദി അറേബ്യയിൽ പ്രവാസത്തിന്റെ മൂന്നാമൂഴത്തിനെത്തുമ്പോൾ ജാഫർഖാന് വാർധക്യത്തിന്റെ ക്ലേശങ്ങൾ ഉണ്ടായിരുന്നു. പ്രമേഹവും മറ്റസുഖങ്ങളും ശല്യപ്പെടുത്തിയിരുന്നു. നാട്ടിൽ പല ബിസിനസ് സംരംഭങ്ങളും നല്ല നിലയിൽ തുടങ്ങിയ ആളാണ്. ആപ്ടെക് കംപ്യൂട്ടർ എജ്യൂക്കേഷന്റെ തുടക്കക്കാരൻ
എങ്കിലും കാലക്രമേണ സംരംഭങ്ങളോരോന്നും നഷ്ടത്തിൽ കലാശിച്ചതോടെ
പാപ്പരാവുകയായിരുന്നു. ഒരിക്കൽ ഉപേക്ഷിച്ച കുടിയേറ്റ ജീവിതം വീണ്ടും തെരഞ്ഞെടുക്കാനിടയായത് അങ്ങിനെയാണ്.
ബോംബെ ഫ്രീപ്രസിൽ നിന്ന് സൗദയിലേക്ക് ആദ്യം വരുമ്പോൾ ഇവിടെ ഇംഗ്ലീഷ്
പത്രപ്രവർത്തനം പിച്ചവയ്ക്കുന്ന തേ ഉണ്ടായിരുന്നുള്ളൂ. സൗദി ഗസറ്റ് പത്രത്തിനുവേണ്ടി ഇന്ത്യയിൽ നിന്നുൾപ്പെടെ റിക്രൂട്ട്മെന്റ് ചുമതലയുള്ള എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു അന്നദ്ദേഹം. നാട്ടിൽ നിന്ന് ആദ്യം തിരിച്ചെത്തിയത് യു.എ.ഇയിലേക്കാണ്. അവിടെ നിന്നാണ് തന്റെ ആദ്യ താവളമായ സൗദിയിലേക്കു വന്നത്. നിരവധി പത്രപ്രവർത്തകർക്കു വഴികാട്ടിയായിരുന്നു സ്നേഹനിർഭരമായ ആ മനസ്. ഒരിക്കൽ താൻ തന്നെ കൊണ്ടുവന്ന അടുത്ത ബന്ധു താൻ തുടക്കമിട്ടപത്രം കയ്യടക്കിയതിനെക്കുറിച്ച് സംസാരിച്ചപ്പോൾ വാക്കുകൾ മുറിഞ്ഞു.
നാട്ടിൽ നിന്നെത്തി ഇത്രനാളും തിരിഞ്ഞു നോക്കാതിരുന്ന അയാൾ മരണ വിവരമറിഞ്ഞു വന്ന് വിവരങ്ങൾ അന്വേഷിച്ചു.
സ്പോർട്സ് എഡിറ്റർ കെ.ഒ. പോൾസൺ ഉൾപ്പെടെ സൗദി ഗസറ്റിലെ മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. നാട്ടിലേക്കു കൊണ്ടുപോകാൻ വാങ്ങി വച്ചിരുന്ന സാധനങ്ങൾ എന്തു ചെയ്യണമെന്നന്വേഷിക്കാനാണ് അവസാനമായി അയാളെ വിളിച്ചത്. മനുഷ്യൻ, എത്ര സുന്ദരമായ പദം…. മഹത്തായ ആ പ്രയോഗം ഒരിക്കൽകൂടി
ഓർമയിലെത്തി.