കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും അതിന്റെ ഓരങ്ങളിലെ
കാടിനോടടുത്ത പച്ചപ്പുകളിലും വീട്ടിലെ മൂന്നു പശുക്കളെ
മേയാൻ വിട്ട് ചിന്തി ആകാവുന്നത്ര വേഗത്തിൽ ഓടി.
ഇന്ന് സ്കൂളിലെത്താൻ എന്തായാലും വൈകും. പതിവുപോലെ
മുറ്റമടിച്ച്, പാത്രം കഴുകി, തൊഴുത്ത് വൃത്തിയാക്കി
പശുക്കളെ വിടാൻ തുടങ്ങുമ്പോഴാണ് മുറ്റത്ത് മൂലയിൽ കൂട്ടി
യിട്ടിരിക്കുന്ന വിറക് അടുക്കളയിൽ അടുപ്പിനകത്ത് പര
ത്തിയിടാൻ അമ്മ പറഞ്ഞത്.
”അത് ഞാനിടാം” മുറ്റത്തിരുന്ന് കാലിൽ കുത്തിയ മുള്ളെ
ടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അച്ഛൻ ഇടംകണ്ണിട്ട് തന്നെ
നോക്കി: ”അവള് പൊയ്ക്കോട്ടെ”.
സ്കൂളിൽ വൈകുമെന്ന് അച്ഛൻ കണക്കുകൂട്ടിയിരിക്കണം.
”ചെന്നുകേറുന്നിടത്ത് ഇങ്ങനെ താലോലിക്കാൻ ആരും
കാണില്ല” ഒക്കത്തുണ്ടായിരുന്ന വെള്ളത്തിന്റെ കുടം താഴെ
വച്ച് അമ്മ യുദ്ധത്തിനെന്നപോലെ അച്ഛന്റെ മുന്നിൽ ചെന്നുനിന്നു.
”പെൺകുട്ട്യാ അവള്. കഷ്ടപ്പെടേണ്ടവൾ. എടുത്തു
വയ്ക്കടീ വിറക്”.
ഭാര്യയോട് പറയാതെയാണ് അഭിമാൻ സാഠെ മകളെ
സ്കൂളിലേക്കയയ്ക്കാൻ നോക്കിയിരുന്നതെന്ന് തനിക്കുമറി
യാം.
”പഠിക്കണം” അച്ഛൻ പറഞ്ഞു. അതാണ് വഴി. കാട്ടിലെ
ബദരി മരത്തിന്റെ തടിച്ച ഇലകളിൽ മുള്ളുകൊണ്ട് എഴുതി
അക്ഷരങ്ങൾ പഠിക്കാൻ പറഞ്ഞത് അച്ഛനാണ്. സ്ലേറ്റ് കിട്ടി
യപ്പോൾ വൈക്കോൽ കൂമ്പാരത്തിൽ അത് ഒളിപ്പിച്ചുവച്ചു.
”അമ്മ കണ്ടാൽ പൊതിരെ കിട്ടും തല്ല്” അച്ഛൻ ചിരിച്ചു: ”ഒളിപ്പിച്ചുവച്ചോ”.
‘പെണ്ണിന് സ്കൂളോ!’ എന്നാവും അമ്മ ചോദി
ക്കുക. ‘എന്തിന്?!’
വിശപ്പുകൊണ്ടാവണം വയർ ഒന്നാകെ കാളുന്നു. തലേന്ന്
രാത്രി മുതൽ പച്ചവെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടില്ല. സ്കൂൾ
ഇനിയും എത്രയോ അകലെയാണ്. അച്ഛന്റെ മുഖം മനസിൽ
വന്നതും കുഴഞ്ഞുപോകുന്ന കാലുകൾ ചിന്തി ഒന്നുകൂടി വേഗ
ത്തിലാക്കി.
”തളരരുത്. കരയരുത്. അതാർക്കും കഴിയും”.
കാട്ടിൽ നിന്നു ശേഖരിച്ച ഇലകളുടെയും വിറകിന്റെയും
കിഴങ്ങുകളുടെയും ഒക്കെ എടുത്താൽ പൊങ്ങാത്ത തലച്ചുമടുമായി
തെന്നിത്തെന്നി നടക്കുമ്പോഴും അച്ഛൻ പറയും: ”എതിർക്കുക.
പൊരുതുക. അത് ചിലർക്കേ കഴിയൂ. അതാണ്
ശീലിക്കേണ്ടത്”.
എങ്ങനെയൊക്കെ ഓടിയിട്ടും ആദ്യത്തെ കല്പടയിൽ കാലുവയ്ക്കുമ്പോഴേക്കും
ബെല്ലടിച്ചുകഴിഞ്ഞിരുന്നു.
വിയർത്തു കുളിച്ച് കിതച്ചു നിൽക്കുന്ന തന്റെ മുഖത്തേക്ക്
മാസ്റ്റർജി ഒന്നു നോക്കി. പതിവുപോലെ അകത്തു കടന്നിരി
ക്കാൻ പറഞ്ഞു. മാസ്റ്റർജിയോട് അച്ഛൻ പറഞ്ഞിട്ടുണ്ട് കാര്യം.
ലഘുഭക്ഷണത്തിനുള്ള ഇടവേളയിൽ മറ്റു കുട്ടികൾ ഇരി
ക്കുന്നതിന് അകലെ ഇരുന്ന് അവർ എഴുന്നേറ്റുപോകുമ്പോൾ
താഴെ വീണുകിടക്കുന്ന റൊട്ടിക്കഷണങ്ങൾ, പൂവ് പെറുക്കുകയാണെന്ന
ഭാവത്തിൽ പൂവിനുള്ളിൽ വച്ച് കഴിക്കാൻ തുട
ങ്ങിയത് വിശപ്പ് സഹിക്കാതെയായിരുന്നു. പതുക്കെ പതുക്കെ
ഒരു ദിനചര്യപോലെ അത് ശീലമായി. വിശപ്പ് തത്കാലം
മാറും. പൂവ് തിന്നുന്നവൾ എന്ന പേര് വീണത് അങ്ങനെയാണ്.
മാസ്റ്റർജി അതും കണ്ടു ഒരു ദിവസം. ഒന്നും മിണ്ടിയില്ല.
”ചിന്തിക്ക് രണ്ടാംക്ലാസിൽ നിന്ന് നേരെ നാലാം ക്ലാസി
ലേക്ക് കയറ്റം തരാൻ മുഖ്യമാസ്റ്റർജി സമ്മതിച്ചിട്ടുണ്ട്. അറിയാ
ഞ്ഞിട്ടല്ല, എന്നാലും സമയത്തെത്താൻ നോക്കണം. പഠിക്ക
ണം”.
ക്ലാസു കഴിഞ്ഞ് പുറത്തു കടക്കുമ്പോൾ മാസ്റ്റർജി
തോളത്തു തട്ടി: ”നന്നായി വരട്ടെ”.
സന്തോഷം കൊണ്ട് തുള്ളിച്ചാടി വീട്ടിലെത്തുമ്പോൾ
അച്ഛൻ മുറ്റത്തെ ചൂടിപ്പായിൽ ഇരിക്കുകയാണ്. മുഖം വീർ
ത്തുകെട്ടിയിട്ടുണ്ട്. സ്വന്തം ശബ്ദം വായിൽതന്നെ തങ്ങി.
”പറ്റില്ല” അച്ഛൻ കെഞ്ചി. ”പറ്റില്ല, ഞാനാ പറയണത്
ഇത്. അവള് പഠിക്കണം”.
”പഠിക്കണം!” അമ്മ ചീറി. ”കാശും പണോം ഒന്നും തര
ണ്ടാന്നാ അവര് പറയണെ. പെണ്ണിന് വയസ്സ് ഒമ്പത് തികയും
അടുത്ത മാസം. എന്താ എടുത്തുവച്ചിരിക്കണെ ഇവിടെ?
ആള് വരുമ്പൊ പിടിച്ചു കൊടുക്കണം. പിന്നെ കരഞ്ഞിട്ട് കാര്യ
ണ്ടാവില്ല”.
സർക്കാരിൽ നിന്ന് പതിച്ചുകിട്ടിയ ഇത്തിരി വന്ന ഭൂമിയിൽ
നിന്ന് ശേഖരിച്ചു കൊണ്ടുവരുന്ന പരിമിതമായ വനവിഭവ
ങ്ങൾ മാത്രമായിരുന്നു അഭിമാൻ സാഠെയുടെ ആകെയുള്ള
ഉപജീവന മാർഗം. പിന്നെ രണ്ടു പശുക്കളും.
മുറ്റത്തെ ചൂടിപ്പായിലിരുന്ന് അച്ഛൻ കനൽപോലെ പുക
ഞ്ഞു. കയ്യിൽ ചില്ലിക്കാശില്ല. അമ്മയുടെ വാദങ്ങളെ നേരി
ടാനുള്ള ന്യായങ്ങളില്ല. സഹായിക്കാൻ ആരുമില്ല. എന്നിട്ടും
മകളുടെ പഠിപ്പ് ഒരു വെറും മോഹമായിട്ടാണെങ്കിലും അഭി
മാൻ സാഠെയുടെ ഉള്ളിൽ പിടഞ്ഞിരിക്കണം.
അച്ഛന് തടുക്കാനായില്ല. സിന്ധുതായി ഓർക്കുന്നു.
വീട്ടിലെ എല്ലാ പണിയും കഴിച്ച് തൊഴുത്തിലെ ഒരു മൂലയിൽ
ചിമ്മിനിവെളിച്ചത്തിലിരുന്ന് അക്ഷരം പഠിക്കാൻ ശ്രമിച്ച
ചിന്തിയെ 30 വയസുകാരൻ ഹരി ഭായ് സപ്കാൽ ഒരു മാസ
ത്തിനുള്ളിൽ കല്യാണം കഴിച്ചു. മഹാരാഷ്ട്രയിലെ പല സമൂഹങ്ങളിലും
നാട്ടുനടപ്പനുസരിച്ച് കല്യാണം കഴിക്കുമ്പോൾ
പെൺകുട്ടിയുടെ പേര് മാറ്റേണ്ടതുണ്ടായിരുന്നു. അങ്ങനെ
ചിന്തി സിന്ധുവായി. ശരിക്കു പറഞ്ഞാൽ സിന്ധു തായി
സപ്കാൽ. അഭിമാൻ സാഠെയുടെ മകൾ ചിന്തി ഭൂതകാലവുമായുള്ള
സകല ബന്ധങ്ങളുടെയും പൊക്കിൾകൊടി മുറിച്ച്
സിന്ധു സപ്കാൽ ആയി പുനർജനിച്ചു. ”സ്ഥലവും
സ്ഥാനവും മാറി” സിന്ധുതായി പറഞ്ഞു. ”ജീവിതം മാത്രം
ഒട്ടും മാറിയില്ല”. മുതിർന്നവർ മാത്രമുണ്ടായിരുന്ന ഭർതൃഗൃഹ
ത്തിൽ ഒരുച്ചയ്ക്ക് ഒറ്റയ്ക്കിരുന്ന് മടുത്ത്, മണ്ണിൽ കളം വരച്ചു കളി
ക്കുമ്പോഴാണ് അമ്മായിയമ്മ പിന്നിൽ നിന്ന് മുതുകത്ത് ചവി
ട്ടിയത്.
”കല്യാണം കഴിഞ്ഞ പെണ്ണ്!” അമ്മായിയമ്മ കാറിത്തുപ്പി.
”നാണവും മാനവുമില്ലാതെ മുറ്റത്തിരുന്ന് തായം കളിക്കു
ന്നു”. ചവിട്ടും അടിയും ശകാരങ്ങളും പതിവായി. അത്
വല്ലാതെ കൂടുമ്പോൾ അച്ഛനെ കാണാൻ തോന്നും. എന്നി
ട്ടോ? പലതവണ സ്വയം ചോദിച്ചിട്ടുണ്ട്. ഒന്നും മാറില്ല.
ഒടടപപട മഡളമഠണറ 2014 ഛടളളണറ 13 2
അച്ഛനോ അമ്മയോ ഒരിക്കൽ പോലും കാണാൻ വന്നതുമില്ല.
രാപ്പകൽ നിർത്താതെയുള്ള വീട്ടുജോലിക്കിടയിൽ, സാധനങ്ങൾ
പൊതിഞ്ഞുകൊണ്ടുവരുന്ന വർത്തമാന പത്ര
ത്തിന്റെ തുണ്ടുകൾ ജനലിനു മുകളിൽ ആരും കാണാതെ കരുതിവയ്ക്കാനും
വായിക്കാനും ശ്രമിച്ചു. വായിച്ചുകൊണ്ടിരുന്ന
പത്രക്കഷണം കയ്യിൽ നിന്നു പിടിച്ചുവലിച്ച് മുൻപിലെ അടു
പ്പിലേക്ക് ഭർത്താവ് വലിച്ചെറിഞ്ഞ അന്നുമുതൽ പിടിക്കപ്പെ
ടുമെന്നാകുമ്പോൾ കടലാസുകഷണങ്ങൾ വായിലിട്ടു ചവച്ചുതിന്നു.
വെള്ളം കുടിച്ചു. പതുക്കെ പതുക്കെ, വായിച്ചു മനപ്പാഠമാക്കിക്കഴിഞ്ഞാൽ
കടലാസ് തിന്നുക പതിവായി. ഇത്രയൊക്കെ
ചവച്ചുതിന്നതുകൊണ്ടാകണം, സംസാരിക്കുമ്പോൾ
എല്ലാംകൂടെ ഒന്നിച്ചുതികട്ടുന്നത്! അതായിരിക്കണം
ഞാനെപ്പോഴും നിർത്താതെ സംസാരിക്കുന്നത്”.
ഊർജത്തിന്റെ നിലയ്ക്കാത്ത ഒരു സ്രോതസ് പോലെയാണ്
സിന്ധുതായി സംസാരിച്ചത്.
”ചാണക വരളി ഉണ്ടാക്കി വിൽക്കുകയോ, ധനികർക്ക്
കൂടിയ വിലയ്ക്ക് ചാണകം വിൽക്കുന്ന ഇടനിലക്കാരന്
ചാണകം ലോറിയിൽ നിറച്ചു കൊടുക്കുകയോ ചെയ്താണ്
ആശ്രമത്തിലെ മിക്ക പാവപ്പെട്ട സ്ര്തീകളും ഉപജീവനം നടത്തി
യിരുന്നത്. അവർക്കൊപ്പം ഞാനും ലോറിയിൽ ചാണകം നിറ
ച്ചു. വെറും തുച്ഛമായ കൂലിയോ വിലയോ നൽകിയിരുന്ന ആ
ഇടനിലക്കാരനെതിരെ എല്ലാവരുടെ ഉള്ളിലും രോഷം ആളി
ക്കത്തിയിരുന്നെങ്കിലും, അയാൾക്കെതിരെ ഒരു ചെറുവിരലനക്കാൻ
പോലും ആരും തയ്യാറായിരുന്നില്ല. ജീവനും
ജോലിയും ഒരുമിച്ചു തെറിക്കുന്ന കാര്യമായിരുന്നു അത്.
എന്നിട്ടും ഞാൻ പറഞ്ഞു, കൂലി കൂട്ടിത്തരണമെന്ന്. അയാൾ
ചെയ്യുന്നത് ന്യായമല്ലെന്ന്. കളക്ടർ വന്നാല പരാതിപ്പെടുമെ
ന്ന്. ധൈര്യമെന്നൊക്കെ അതിനെ പറയുന്നത് വെറുതെയാണ്.
പട്ടിണി കിടന്ന് എനിക്ക് മടുത്തിരിക്കണം. വിശപ്പ് നമ്മെ
ക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുമെന്ന് വിശന്നാലേ അറിയൂ.
എല്ലാവർക്കും മുന്നിൽ വച്ച് പറഞ്ഞതുകൊണ്ടാവണം അയാ
ൾക്കത്രയധികം ദേഷ്യം വന്നത്. കത്തുന്ന കൊള്ളികൊണ്ട്
കുത്തും പോലെ അയാളെന്നെ നോക്കി. കാണിച്ചുതരാം
എന്നു പറഞ്ഞു.
സാധാരണപോലെ ഗ്രാമത്തിൽ പരിശോധനയ്ക്കെത്തിയ
കളക്ടറുടെ മുന്നിൽ ചെന്നു നിന്ന് നേരിട്ട് പരാതി പറയാൻ
സിന്ധുതായി മുതിരുമെന്ന് ഗ്രാമത്തിലെ ഒരാളും ഓർത്തിരി
ക്കില്ല. പേടിച്ചു വിറച്ച ഗ്രാമം മുഴുവൻ വിറങ്ങലിച്ചു നിന്നു.
പത്തിരുപതു വയസ്സുവരെ ഒരക്ഷരംപോലും ഒരാൾക്കുമെതിരെ
പറയാത്ത സിന്ധുതായിയുടെ മാറ്റം ഒരിടിവെട്ടിന്റെ
കുലുക്കത്തോടെയാണത്രെ ഗ്രാമം ഏറ്റുവാങ്ങിയത്. എല്ലാവരും
പിന്നിലേക്ക് മാറി. പരാതിയില്ലെന്ന മട്ടിൽ. ഞാൻ മാത്രമായി
മുന്നിൽ”.
ധനികനായ കരാറുകാരനെതിരെ കളക്ടറോട് പരാതി പറയാനുള്ള
ധൈര്യം എവിടുന്നുകിട്ടിയെന്ന എന്റെ ചോദ്യത്തിനു
മുന്നിൽ സിന്ധുതായി ഒരു നിമിഷം നിശബ്ദയായി.
”അറിയില്ല” സിന്ധുതായി ഒരു കൈയിനു മീതെ മറ്റേ കൈ
വച്ച് വെറുതെ ഉരസി.
”എന്നോ മരിച്ചുപോയ അച്ഛന്റെ മുഖം മാത്രമായിരുന്നു
മനസിൽ. കല്യാണം കഴിഞ്ഞതിനുശേഷം ഒരിക്കൽപോലും
കാണാത്ത മുഖം. ഒരു കനലിന്റെ നീറ്റലോടെ എന്നെ അത്
എവിടെയൊക്കെയോ പൊള്ളിച്ചുകൊണ്ടേയിരുന്നു”.
”പിൻവാങ്ങരുത്” അച്ഛൻ പിന്നിൽ നിന്നു പറഞ്ഞു: ”നി
നക്കു വേണ്ടിയല്ല. എല്ലാവർക്കും വേണ്ടിയാണിത്. നീതിക്കുവേണ്ടിയാണിത്”.
എത്ര തളരുമ്പോഴും തകരുമ്പോഴും കല്ലിച്ച മുഖത്തോടെ
തലയുയർത്തി പരാതികളില്ലാതെ നിന്ന അച്ഛന്റെ മുഖം
എന്നാണ് എന്റെ മനസിൽ മായ്ക്കാനാവാത്ത ഒരു പാടുപോലെ
നിൽക്കാൻ തുടങ്ങിയതെന്ന് ഓർമയില്ല. സിന്ധുതായി
സ്വയമെന്നപോലെ പറഞ്ഞു: ”ഞാൻ പഠിച്ചതൊക്കെ
അച്ഛൻ പറഞ്ഞതാണ്”. എന്തോ, മനസ്സിൽ ഒരു തീക്കനൽ
നീറി നീറി എപ്പോഴും ഉരഞ്ഞുകൊണ്ടിരുന്നു. പഠിക്കാനായില്ല.
വായിക്കാനാവുന്നില്ല. വീട്ടിൽ അമ്മായിയമ്മയും കൂട്ടരും ശത്രു
ക്കളെപോലെ എന്തിനും ഏതിനും എതിർനിന്നു. വീട്ടുജോലി
കൾ എല്ലാം ഒന്നൊന്നായി, അയൽവക്കത്തെ പെണ്ണുങ്ങളുടേതെന്ന
പോലെതന്നെ തന്റെ മാത്രം ചുമതല മാത്രമായി. കൂട്ട
ത്തിൽ പ്രസവിക്കണം. ഇല്ലെങ്കിൽ വീടിനു പുറത്താണ്
സ്ഥാനം. മച്ചിയെ ഏതു വീടിനാണ് വേണ്ടത്. മറ്റെല്ലാ ജോലി
കളെയും പോലെ പ്രസവിക്കലും പെണ്ണിന്റെ ജോലിയാണ്,
ചുമതലയാണ്.
”മൂന്നു ആൺകുട്ടികളെ പ്രസവിച്ചിട്ടും മാതൃത്വമെന്തെന്ന്
ഞാനറിഞ്ഞില്ല. കാരണം കുട്ടികൾ അച്ഛന്റെ മുതലാണ്. പ്രസവിക്കുന്നത്
അമ്മയെങ്കിലും, പരിപാലിക്കുന്നത് അച്ഛന്റെ
അമ്മയാണ്. അവരായിരുന്നു മക്കളുടെ അവകാശി. വയറിൽ
വേണ്ടത്ര ആഹാരം ഒരിക്കൽപോലും ഉണ്ടായിട്ടില്ല. മുന്നി
ലേക്ക് നോക്കിയാൽ കാണുന്ന ഉണക്കവയൽപോലെയായി
രുന്നു മനസ്. മക്കളെ താരാട്ടി ഉറക്കാൻപോലും വേണം
അമ്മായിയമ്മയുടെ സമ്മതം”.
ഒരു കളക്ടറുടെ മുന്നിൽ നേർക്കു നേർ നിന്ന് ഇടനിലക്കാരനെ
കുറിച്ച് കൂലിക്ക് പരാതി പറഞ്ഞ, കാലണയ്ക്ക് ഗതിയി
ല്ലാത്ത ഒരു പെണ്ണിന്റെ ഔദ്ധത്യത്തിൽ കരാറുകാരൻ കലി
കൊണ്ടത് സ്വാഭാവികമായിരുന്നു. പ്രതീക്ഷിച്ചതും.
ഓർമകൾ. സിന്ധുതായി ഇരുന്നിടത്തുനിന്നിളകിയിരുന്നു.
പിന്നെ തുടർന്നു.
പിറ്റെദിവസം സന്ധ്യയ്ക്ക് അടുപ്പിനു മുന്നിൽ റൊട്ടിയുണ്ടാ
ക്കാനിരുന്ന തന്റെ തലമുടിയിൽ പിടിച്ച് വലിച്ചിഴച്ച് പുറത്തേ
ക്കിട്ടപ്പോൾ എന്തിനെന്ന് മനസിലായില്ല. പക്ഷെ എന്നും
ഇത്തരം രംഗങ്ങൾ പതിവായിരുന്നതിനാൽ കരഞ്ഞില്ല.
പൂർണ ഗർഭിണിയായിരുന്നതുകൊണ്ടാവണം മുറ്റത്ത്
കമിഴ്ന്നടിച്ചുവീണതും വയറ്റിൽ കൊള്ളിയാൻ പോലെ മിന്നി
വേദന. മുറ്റത്തുകൂടി വലിച്ചിഴക്കവെ ഹരിഭായ് അലറിയത്രെ.
”കടക്ക് പുറത്ത്. ആരാന്റെ കുട്ടിയെയും വയറ്റിലിട്ട്
തിന്നാൻ വന്നിരിക്കുന്നു ഇവിടെ”.
മക്കളും അമ്മായിയമ്മയും വാതിൽക്കൽ അനക്കമറ്റ്
നിന്നു. പിന്നെ ഹരിഭായ് അകത്തുകടന്നപ്പോൾ വാതിൽ
കൊട്ടിയടച്ചു.
”നീ പൈക്കളെ മേച്ച് നടന്നോ. അവള് ഇവിടെ മേയട്ടെ”
ഇടനിലക്കാരൻ വഴിയിൽ ഹരിഭായിയോട് പറഞ്ഞത്രെ: ”
ഇപ്പൊ വയറ്റിലുള്ളതിന്റെ തന്ത ആരാന്ന് ചോദിച്ചുനോക്ക്.
ഒടടപപട മഡളമഠണറ 2014 ഛടളളണറ 13 3
അവൾക്കറിയില്ല!”
മൂന്നു മക്കളെ പെറ്റു. പക്ഷെ മാതൃത്വമെന്തെന്നറിഞ്ഞില്ല.
മക്കൾ എന്റേതായിരുന്നു. പക്ഷെ ഒരവകാശവും എനിക്കവരിൽ
ഇല്ലായിരുന്നു. സിന്ധുതായി ഒരു വല്ലാത്ത ചിരി ചിരിച്ചു.
കുട്ടികൾ എപ്പോഴും അവരുടെ കൂടെയായിരുന്നു. ഒരിക്കൽ
പോലും ഞാനവരെ അടുത്തുകിടത്തിയുറക്കിയിട്ടില്ല. രാപ്പ
കൽ അദ്ധ്വാനിക്കണം. കാലാകാലം പ്രസവിക്കണം. അന്നു
രാത്രി തൊഴുത്തിലാണ് മമതയെ പെറ്റത്. ക്ഷീണമൊന്നകന്ന
പ്പോൾ അടുത്തു കിടന്ന ഒരു കല്ലിൻകഷണം കൊണ്ട് പൊക്കി
ൾകൊടി മുറിച്ചുകളഞ്ഞു. പുലർച്ചെ അമ്മയുടെ വീട്ടിൽ നടന്നെത്തിയപ്പോൾ
പ്രേതത്തെ കണ്ടപോലെ അമ്മ വിളറി.
മുഖത്തിനു നേരെ വാതിൽ കൊട്ടിയടച്ചു. കൊട്ടിയടച്ച വാതി
ലുകൾ ഏറെയാണ് എന്റെ വഴിയിൽ. ”ഗ്രാമക്കാർ കാണും
മുമ്പേ പോയി ചാവ്” ജനാലയ്ക്കൽ നിന്ന് അമ്മ നെഞ്ചത്തടി
ച്ചുകരഞ്ഞു. ”കെട്ട്യോൻ പുറത്താക്കി. കുട്ടിയെയുമെടുത്ത്
വന്നിരിക്കുന്നു. പൊറുതി കൂടാൻ. നശൂലം. പൊയ്ക്കോ എന്റെ
മുമ്പീന്ന്”.
എവിടേക്ക് അമ്മേ, എവിടേക്ക്? സിന്ധുതായി എല്ലാം
മറന്ന് ഗതികെട്ട് ചോദിച്ചത്രെ. റെയിൽവെട്രാക്കിൽ പോയി
തുലയ് എന്നാണ് സിന്ധുതായിയുടെ അമ്മ പറഞ്ഞത്. നേരെ
നടന്നത് റെയിൽവെട്രാക്കിലേക്കുതന്നെയായിരുന്നു.
ട്രാക്കിന് അപ്പുറത്തെ കല്ലിൽ ചാവാൻ കിടത്തിയിരുന്ന മമത
നിർത്താതെ കരഞ്ഞു. പാളത്തിൽ ചാടി മരിക്കാൻ മനസിന്റെ
ഒരു ഭാഗവും, മകൾക്കായി ജീവിക്കാൻ മറുഭാഗവും ഒരുപോലെ
പിടിച്ചുവലിച്ചു.
”മമതയുടെ കരച്ചിലാണോ പിന്തിരിപ്പിച്ചത്?”
”ആയിരിക്കണം” ഒരു പുനർവിശകലനം പോലെ അവർ
ശബ്ദം താഴ്ത്തി.
”അല്ലെങ്കിൽ ഒരുപക്ഷെ എതിർപ്പുകൾക്കു മുമ്പിൽ തോറ്റുകൊടുക്കില്ലെന്ന
വാശിയാവണം. ഏറ്റവും കഷ്ടത വരുമ്പോഴാവും
നമ്മുടെയൊക്കെ മനസിനെ നമുക്കുതന്നെ മനസിലാവുക”.
മമതയെ കയ്യിലെടുക്കുമ്പോൾ അച്ഛൻ മുഖത്തേക്കു
റ്റുനോക്കി എന്നാണ് സിന്ധുതായി പറയുന്നത്. മകൾ തളരുന്നോ
എന്ന് അച്ഛൻ പേടിച്ചിരിക്കണം. മരിക്കാൻ ഇനി തുനി
യില്ലെന്ന് തീർച്ചയാക്കിയ ആ ദിവസം സിന്ധുതായി ഓർത്ത
തിങ്ങനെയായിരുന്നു.
എവിടേക്കെന്നില്ലാതെ മമതയെയും കൊണ്ട് നടന്നു.
ആളുന്ന വിശപ്പ് മാത്രമായിരുന്നു വയറ്റിൽ. മുൻപേ പറഞ്ഞി
ല്ലേ, വിശപ്പ് നമ്മെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുമെന്ന്
വിശക്കുമ്പോഴേ നമുക്ക് മനസിലാകൂ. ശരീരം ക്ഷീണം
കൊണ്ടുണ്ടാക്കിയതുപോലെ കുഴഞ്ഞു. രണ്ടു ദിവസമായി
ഒന്നും കഴിച്ചിട്ടില്ല. പ്രസവം ഇടയിൽ. ചോരക്കുഞ്ഞിനെയുമെടുത്ത്
അമ്മയുടെ വീട്ടിലേക്ക് നടന്നപ്പോൾ, പ്രസവത്തിന്റെ
വൃത്തികേടുകൾ, ചാണകം എന്നിവ പുരണ്ട സാരി ഒന്നു മാറ്റി
യുടുക്കുകയെങ്കിലും ചെയ്യാം എന്നു പ്രതീക്ഷിച്ചതാണ്. ഒരു
റൊട്ടിയെങ്കിലും അമ്മ തരുമെന്ന് കരുതി. അമ്മയും ഒരമ്മയല്ലേ.
പ്രസവം കഴിഞ്ഞുള്ള വിശപ്പും തളർച്ചയും ക്ഷീണവും
അമ്മയ്ക്കുമറിയില്ലെ. മകളല്ലേ ഞാൻ? എന്നിട്ടും…
വിശപ്പിന്റെ മൂർദ്ധന്യത്തിൽ നാം എന്തും എവിടെയും
ചെയ്തെന്നുവരും. കല്ലും മണ്ണും ഇലയും വേരും ഒക്കെ പറിച്ചുതിന്നെന്നു
വരും. പാത്തും പതുങ്ങിയും കട്ടുതിന്നെന്നുവരും.
ഏതറപ്പും മറികടന്നെന്നുവരും. ജീവിക്കാനല്ലത്. മരിക്കാതിരി
ക്കാനുമല്ല. വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ അറിയാതെ
വായ പൊളിക്കാറില്ലേ. അതുപോലെ. ഒരുതരത്തിലും ഇരി
ക്കാനും നിൽക്കാനും കിടക്കാനും നടക്കാനും വയ്യാത്ത അവ
സ്ഥ. വയറ്റിൽ കയ്യമർത്തി വച്ച് ഒരു ഭീകരജന്തുവിനെ പോലെ
അലറിക്കരഞ്ഞതപ്പോഴാണ്. ഗ്രാമത്തിന്റെ ആളനക്കമില്ലാ
ത്ത ഒഴിഞ്ഞ വിജനതയിലൂടെ സിന്ധുതായിയും അവരുടെ
കരച്ചിലും ഒപ്പം നടന്നത്രെ. പെട്ടെന്നാണ്, കുറച്ചകലെ ഒരു
തീനാളം കണ്ണിൽപ്പെട്ടത്. ആരുടെയെങ്കിലും വീടായിരിക്കുമെന്ന്
കരുതി സിന്ധുതായി ഓടി. പക്ഷെ അതൊരു ശ്മശാനമായിരുന്നു.
എല്ലാവരും മടങ്ങിപ്പൊയ്ക്കഴിഞ്ഞിരുന്ന ആളൊഴിഞ്ഞ
ശ്മശാനം. ചിതയിൽ നാളങ്ങളുണ്ട്. കെട്ടടങ്ങാൻ തുട
ങ്ങിയിരുന്ന ചിതയുടെ കാൽക്കൽ ക്രിയാകർമങ്ങളുടെ ഭാഗമായിരിക്കണം,
ഒരു മൺപാത്രത്തിൽ അല്പം വെള്ളവും ഒരു
കടലാസുകഷണത്തിൽ കുറച്ച് ഗോതമ്പ്പൊടിയും ഉണ്ടായി
രുന്നു. ദൈവത്തെ കണ്ടപോലെയാണ് എനിക്കു തോന്നിയത്.
ഒന്നുമാലോചിക്കാതെ മമതയെ ഒരു മൂലയിൽ കിടത്തി,
മാവ് കുഴച്ച് ചിതയിൽ നിന്നൊരു കൊള്ളിയെടുത്ത് കനൽ
പരത്തി ചപ്പാത്തി ചുട്ടു. തിന്നു. മൺപാത്രത്തിലെ ബാക്കി
വെള്ളം കുടിച്ചു. ആളനക്കമില്ലാത്ത ശ്മശാനം. ഇരുട്ട്.
വല്ലാത്ത ആശ്വാസം തോന്നി. അനാവശ്യമായി ആരും കടന്നുവരാൻ
ധൈര്യപ്പെടാത്ത സുരക്ഷിതമായ ഈ സ്ഥലത്ത് കിട
ന്നുറങ്ങാം. സിന്ധുതായി ഓർക്കുന്നു.
”ഞാനും മമതയും അന്ന് അവിടെ ഉറങ്ങി, സുഖമായി.
അന്നല്ല, അന്നു മുതൽ”.
ഉണർന്നപ്പോൾ വിശപ്പ് വീണ്ടും പറഞ്ഞു, ‘ഞാനിവിടെ
ത്തന്നെയുണ്ട്’. എത്രയൊക്കെ, എങ്ങനെയൊക്കെ ആലോ
ചിച്ചിട്ടും ഭിക്ഷാടനമല്ലാതൊരു പോംവഴി മുന്നിൽ കണ്ടില്ല.
ഒരു പിഞ്ചുകുഞ്ഞാണ് കയ്യിൽ. എവിടെ കിടത്തും? ആരു
നോക്കും? ആര് ജോലി തരും? ഭിക്ഷാടനത്തിന്റെ വഴിയിൽ
കണ്ടുമുട്ടിയ ക്ഷേത്രപൂജാരി കുഞ്ഞിനെ നോക്കാമെന്നേറ്റത്
വലിയ ആശ്വാസമായി. പക്ഷെ അത് വെറും നാലഞ്ചു ദിവസത്തേക്ക്
മാത്രമായിരുന്നു. ”കുട്ടിയെ വെറുതെ നോക്കാൻ
അതിന്റെ മുത്തശ്ശനൊന്നുമല്ല ഞാൻ”. കുട്ടിയെ സംരക്ഷിക്കു
ന്നതിന് പൂജാരി ദിവസവും ചോദിച്ച കാശ് ദിവസവും കൊടു
ക്കാൻ ഭിക്ഷാടനം മതിയായില്ല. വീണ്ടും മമതയെയും കൊണ്ട്
പെരുവഴിയിലേക്കിറങ്ങി. വല്ലാതെ മനസ്സു ചുട്ട ഒരു ദിവസം
മനസ്സിൽ വന്നതൊക്കെ ക്ഷേത്രവാതിൽക്കൽ ഇരുന്ന്
രാഗമോ താളമോ ഒന്നുമറിയാതെയെങ്കിലും ഈശ്വരനോട്
കരഞ്ഞും കെഞ്ചിയും യാചിച്ചും മടിയിൽ മമതയെ കിടത്തി
സിന്ധുതായി പാടി. മനസ്സൊന്നയഞ്ഞ് കണ്ണു തുറന്നപ്പോൾ
ചുറ്റും അതാ ചില്ലറത്തുട്ടുകൾ പരന്നുകിടക്കുന്നു! ഈശ്വരനോട്
താനന്ന് ചോദിച്ച ചോദ്യങ്ങളും പരാതികളും പിന്നെയും
പിന്നെയും ഉറക്കെ പാടിക്കൊണ്ട് സിന്ധുതായി പലയിടത്തും
– ട്രെയിനിൽ, പാർക്കിൽ, റോഡരുകിൽ, ക്ഷേത്രസന്നിധി
യിൽ – ദിവസവും അലഞ്ഞു. അങ്ങനെയാണ് റെയിൽവെ
സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞ് ഭിക്ഷ യാചിച്ചു വയറു നിറ
യ്ക്കുന്ന കുട്ടികളെ കണ്ടതും പരിചയപ്പെട്ടതും. താൻ മാത്രമല്ല
അനാഥ! ഈ കുഞ്ഞുങ്ങളും അനാഥരാണ്. എവിടെ ഇവരുടെ
അമ്മമാർ എന്നായിരുന്നു മനസ്സിൽ ആദ്യം വന്ന ചോദ്യം.
അവിടവിടെ കണ്ട അനാഥക്കുട്ടികളെ, യാതൊന്നും കയ്യിലി
ല്ലാതിരുന്നിട്ടും, സിന്ധുതായി ഒരു തള്ളക്കോഴിയെ പോലെ
തന്റെ ചിറകിനു കീഴിൽ നിർത്തി, ഒരമ്മയെ അവർക്ക് നൽകി.
ഉണ്ണാനോ ഉടുക്കാനോ കിടക്കാനോ ഒന്നുമില്ല. കുട്ടികൾ കഴി
ഞ്ഞതും ശ്മശാനത്തിലായിരുന്നു.
”കിട്ടിയതൊക്കെ ഞാനവർക്ക് പങ്കിട്ടുകൊടുത്തു. അവരെ
താലോലിച്ചു. അടുത്തു കിടത്തി ഉറക്കി”.
പതുക്കെ പതുക്കെ സിന്ധുതായി സിന്ധു മായി (അമ്മ)
ആയി. അവർക്കു മാത്രമല്ല. ലോകത്തിനും.
അനാഥരായ ഒരാളെയും ഞാൻ തിരിച്ചയച്ചില്ല. എന്നാൽ
സ്വന്തം മകളായ മമതയെ കൂടുതൽ സ്നേഹിക്കുന്നോ എന്ന്
മനസ്സിനോടെപ്പോഴും ചോദിച്ചുകൊണ്ടിരുന്നു. അസ്വസ്ഥത
സഹിക്കാൻ കഴിയാതായപ്പോഴാണ് പട്ടനയിലെ ശ്രീമദ്
ദഗ്ധുസേത്ത് ഹൽവായ് ആശ്രമത്തിൽ മമതയെ നോക്കാനേല്പിച്ചത്.
മമതയെ അവിടെയാക്കി തിരിച്ചുവരുമ്പോൾ
ക്ഷേത്രത്തിൽ കയറി. ഈശ്വരനെ മുഖത്തോടു മുഖം നോക്കി
കുറെ നേരം നിന്നു.
”നോക്ക്, നീ എന്റെ കുട്ടിയെ നോക്കിയാൽ” സിന്ധുതായി
പറഞ്ഞു, ”ഞാൻ അമ്മയില്ലാത്ത എല്ലാ കുട്ടികളെയും
നോക്കിക്കോളാം. പക്ഷെ നീ എന്റെ മകളെ നോക്കണം”.
സിന്ധുതായി വാക്കു പാലിച്ചു. ഈശ്വരനും.
പിന്നെയുള്ളത് ചരിത്രമാണ്.
നാട്ടുകാർ ഉണ്ടാക്കിക്കൊടുത്ത ചെറിയ കൂരയിൽ, ശ്മശാനവും
റെയിൽവെസ്റ്റേഷനുകളും തുറസ്സുകളും വിട്ട് സിന്ധുതായി
ആദ്യമായി ഏഴ് കുട്ടികൾക്കൊപ്പം കിടന്നുറങ്ങി.
”എല്ലാം, ഇന്നെനിക്കുള്ളതെല്ലാം എന്റെ നാട്ടുകാർ തന്ന
താണ്. തരുന്നതാണ്” സിന്ധുതായി പറഞ്ഞു. ”അമ്മയില്ലാതെ,
നോക്കാനാരുമില്ലാതെ ജീവിക്കാനായി ഇരന്നലയുന്ന
കുട്ടികളെ ഞാൻ നോക്കാൻ തുടങ്ങിയപ്പോഴാണ് നാട്ടുകാർ
ഞങ്ങൾക്ക് വീടുണ്ടാക്കിത്തന്നത്. കഴിക്കാൻ ആഹാരം തന്ന
ത്. നാളത്തെ ഭക്ഷണം എവിടെയാണെന്ന് ഇന്നും എനിക്ക്
തീർച്ചയില്ല. ഇതുവരെ ഒന്നും മുൻകൂട്ടി പ്ലാനിട്ടല്ല ചെയ്തത്.
ചെയ്യുന്നതും. പാട്ടു പാടിയും ഭജന പാടിയും കണ്ടിടത്തൊക്കെ
മനസ്സിലുള്ളത് ചുറ്റുമുള്ളവരോട് പ്രഭാഷണം
ചെയ്തും ഉപജീവനം നയിക്കാമെന്ന് ഞാനൊരിക്കലും പ്രതീ
ക്ഷിച്ചതല്ല. ടിക്കറ്റിന് കാശില്ലാതെ കള്ളവണ്ടിയും ബസ്സും
കയറി ആകാവുന്നിടത്തുനിന്നൊക്കെ നടന്നുപോയി.
ഓരോരോ ദേശക്കാരോടും ഞാൻ എന്റെയും എന്റെ കുട്ടികളുടെയും
കഥ പറഞ്ഞു. ആരും ഒരിക്കലും എന്നെ ഇതുവരെ
അപ്പാടെ കൈവിട്ടില്ല. അവരുടെയൊക്കെ അതിജീവനത്തി
നുള്ള യുദ്ധങ്ങൾ അങ്ങനെ എന്റെയും യുദ്ധങ്ങളായി. കടുവാസംരക്ഷണത്തിനുവേണ്ടി
കുടിയിറക്കപ്പെട്ട, കാട്ടിനുള്ളിലെ
84 ആദിവാസി കുടുംബങ്ങളെയും കൂട്ടി, അവരുടെ ആകെയുള്ള
കന്നാലികളെ അനധികൃതമായി അടച്ചിട്ടിരുന്ന ആല
തല്ലിപ്പൊളിച്ചത് അതുകൊണ്ടാണ്. പാലു കുടിക്കാനാവാതെ
പൈക്കിടാങ്ങൾ പുറത്ത്. തരിശിൽ തിന്നാനൊന്നുമില്ലാതെ
ചാകാറായി നിൽക്കുന്ന പശുക്കൾ അകത്ത്. അതായിരുന്നു
എന്നെ വിറളി പിടിപ്പിച്ചത്. വലിയ സർക്കാരാപ്പീസിലിരുന്ന്
യോഗം കൂടുകയായിരുന്ന തഹസിൽദാരുടെയും മറ്റ് ഉയർന്ന
ഉദ്യോഗസ്ഥരുടെയും മുറിയിലേക്ക്, തടഞ്ഞവരെ മുഴുവൻ
തട്ടിമാറ്റി ബാധ കയറിയപോലെ എത്തിപ്പെട്ടപ്പോൾ
അഞ്ചോ പത്തോ മിനിറ്റിൽ പറയാനുള്ളത് പറണമെന്നു
മാത്രമായിരുന്നു മനസ്സിൽ. എല്ലാം പറയണം. പോലീസ്
പിടിച്ചു പുറത്താക്കും മുൻപേ വേണം. തഹസിൽദാരുടെ
മുന്നിലെത്തിയതും ഞാനുറക്കെ പാടി.
ലക്ഷ്യം അകലെയാണ്. വഴി കഠിനമാണ്. നടക്കാൻ ഒരു
ക്കമാണ്. മരണം സ്വീകാര്യമാണ്. മരണം സ്വീകാര്യമാണ്.
മുറിയിലുണ്ടായിരുന്ന എല്ലാവരും സ്വാഭാവികമായും സ്തബ്ധ
രായി. അവർക്ക് പ്രതികരിക്കാനാവുന്നതിനു മുൻപ് ഞാൻ
ആദിവാസികളുടെ കഷ്ടങ്ങളെയും ആല തല്ലിപ്പൊളിച്ചതിനെയുമൊക്കെ
കുറിച്ച് നിർത്താതെ പ്രഭാഷണം തുടങ്ങി” സിന്ധുതായി
ഉറക്കെ ചിരിച്ചു.
”അറിയില്ല” സിന്ധുതായി പറഞ്ഞു: ”ഭജന കഴിഞ്ഞാൽ
ഭാഷണം എന്നത് തുടങ്ങിയതെന്നാണെന്ന് കൃത്യമായി ഓർ
മയില്ല. ഞാൻ എനിക്കറിയാവുന്നത് തുറന്നു പറഞ്ഞപ്പോൾ
ആൾക്കാർ ശ്രദ്ധിച്ചു കേട്ടു. കേട്ടവർ കേട്ടവർ എന്തെങ്കിലും
തന്നു. ഞാൻ ജീവിച്ചു. ഭാഷൺ കെ ബാദ് റേഷൻ. ഇതാ, ഈ
ഇന്നുവരെയും ഞാനങ്ങനെയാണ് ജീവിച്ചത്”.
വളരെ തുറന്ന ശബ്ദത്തിൽ അവർ പാടി: ”പിന്നിൽ നിൽ
ക്കരുത്. തോറ്റു കൊടുക്കരുത്. പുരുഷനെ പോലെ ജീവിക്കാൻ
പഠിക്കൂ. മുന്നിൽ നിൽക്കാൻ പഠിക്കൂ”.
തഹസിൽദാരും കൂട്ടരും ആ ഇച്ഛാശക്തിക്കും ദൃഢനിശ്ച
യത്തിനും മുന്നിൽ അമ്പരന്നുനിന്നു. ഇങ്ങനെയൊന്ന്
കണ്ടിട്ടും കേട്ടിട്ടുമില്ല. ഒരു പെണ്ണ് വന്ന് ഒരു മുന്നറിയിപ്പുമില്ലാതെ
തോന്നിയത് പറഞ്ഞിട്ടു പോവുക. അതിനാലായിരി
ക്കണം, ആ എൺപത്തിനാല് കുടുംബങ്ങളുടെയും പുനരധി
വാസത്തിന് ഉത്തരവായി. അങ്ങനെ ആ യുദ്ധം ജയിച്ചു.
സിന്ധുതായി കൈകൾ കൂട്ടി ഉരസി ആ മധുരമുള്ള ചിരി
ചിരിച്ചു. ജീവിതം കണ്ട ചിരി. നമ്മെ ഒരു പരിധി വരെ പേടി
പ്പിക്കുന്ന ചിരി. ലോകത്തെ മുന്നിൽ വിളിച്ചുനിർത്തി പോടാ
പുല്ലേ എന്നു പറഞ്ഞ ചിരി. ”ഒരു യുദ്ധത്തിൽ നിന്ന് മറ്റൊരു
യുദ്ധത്തിലേക്ക്. അങ്ങനെയായാലേ ജീവിക്കാൻ രസമുള്ളൂ”.
ഒരു ദീർഘനിശ്വാസത്തിന്റെ വിടവു വിട്ട് അവർ ആ ചിരി
ചുണ്ടിൽതന്നെ നിർത്തി. ‘ലട്നാ സീഖൊ’ (പൊരുതാൻ പഠി
ക്ക്) എന്ന് ഒരു മന്ത്രംപോലെ പറഞ്ഞുതന്നിരുന്നു അച്ഛൻ.
എന്നിട്ടും എത്ര കാലമാണ് അതറിയാൻ എടുത്തത്. എത്ര
കാലമാണ് എന്തെങ്കിലും ചെയ്യാൻ എടുത്തത്”.
സിന്ധുതായിയുടെ ചിറകുകൾക്കു കീഴിൽ കുട്ടികൾ കൂടി
ക്കൂടി വന്നു. പത്ത്, ഇരുപത്….
അവർക്കൊരു സ്ഥാപനം എന്ന ആശയം ഒരു സാമൂഹ്യപ്രവർത്തകനാണത്രെ
ആദ്യം മുന്നോട്ടുവച്ചത്.
”സ്ഥാപനം എന്നു പറഞ്ഞാൽ എന്താണെന്നു പോലും
അറിയില്ലായിരുന്നു”.
രണ്ടാംക്ലാസുവരെ പഠിക്കാൻ പാടുപെട്ടിരുന്ന ചിന്തി എന്ന
പെൺകുട്ടി ഒരു മിന്നൽ പോലെ ഒരു നിമിഷം എന്റെ മനസ്സിനു
മുന്നിൽ തെളിഞ്ഞു. കടുംറോസ് നിറത്തിലുള്ള 9 വാര
മറാത്തി സാരി ചുറ്റി നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടു തൊട്ട്
ഒടടപപട മഡളമഠണറ 2014 ഛടളളണറ 13 5
താൻ പടുത്തുയർത്തിയ സ്ഥാപനത്തിന്റെ മൂന്നാം നിലയിൽ
കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് എന്തെന്നില്ലാത്ത ആത്മവിശ്വാസത്തോടെ
സംസാരിക്കുന്ന സിന്ധുതായി, അല്ല സിന്ധു
മായി, ഒരു നാണയത്തിന്റെ ഇരുപുറങ്ങളായത് ഒരത്ഭുതകഥയുടെ
പരിവേഷത്തോടെയാണ്. സ്ഥാപനങ്ങൾ ഒന്നല്ല, പലതായി.
ആൺകുട്ടികൾ മാത്രം താമസിക്കുന്ന സ്ഥാപനം,
പെൺകുട്ടികൾക്കായുള്ള സ്ഥാപനം. പശുക്കളെ സംരക്ഷിച്ചു
വളർത്തുന്ന സ്ഥാപനം. സിന്ധുമായി വളരുകയും പടർന്ന്
പന്തലിക്കുകയും ചെയ്തു. ആദ്യ’മക്കളി’ൽ പലരും ഇന്ന് ഉയ
ർന്ന ഉദ്യോഗസ്ഥരാണ്. അവരിൽ പലരും ഇവിടുത്തെ പെൺ
കുട്ടികളെ വിവാഹം കഴിച്ചു. 84ലധികം പെൺകുട്ടികളും
58ലധികം ആൺകുട്ടികളും ജീവിക്കുകയും പഠിക്കുകയും വളരുകയും
ചെയ്യുന്ന ഈ സ്ഥാപനങ്ങളിൽ ഇന്ന് ജീവിതത്തിന്റെ
നാൽക്കവലയിൽ വച്ച് വഴിമുട്ടിയ കുറെ സ്ര്തീകളും കൂടിയുണ്ട്.
സർക്കാരല്ല, സന്നദ്ധ സംഘടനകളാണ് ഈ സ്ഥാപനങ്ങ
ൾക്ക് ആധാരം”. ജാതിയോ മതമോ, അച്ഛനോ അമ്മയോ
ഒന്നിനെക്കുറിച്ചുമറിയാത്ത ഇവിടുത്തെ എല്ലാവരുടെയും
ജാതിപ്പേര് (അങ്ങനെ ഒന്നു വേണമെങ്കിൽ) സിന്ധുതായ്
സപ്കാൽ എന്നാണ്”. ഇപ്പോൾ സിന്ധുതായിയുടെ ഗോശാലയുടെ
ചുമതലയുള്ള ആദ്യ മകൻ അഭിമാനത്തോടെ പറ
ഞ്ഞു: ”ഞങ്ങൾക്ക് അച്ഛനില്ല. അമ്മയേയുള്ളൂ. എല്ലാവരുടെയും
അച്ഛന്റെയും അമ്മയുടെയും പേര് സിന്ധുതായി
സപ്കാൽ എന്നാണ്. 1042 കുട്ടികളെയാണ് മായി ഇന്നുവരെ
വളർത്തിക്കൊണ്ടുവന്നത്. ഞാനാണ് ആദ്യത്തെ മകൻ”.
‘തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു’ എന്ന
ചോദ്യത്തിനു നേരെ അവരൊരു നിമിഷം നിശബ്ദയായി.
പിന്നെ, കമിഴ്ന്നു വീണ പാത്രത്തിൽ നിന്ന് ഉതിരുന്ന പയറുമണികളെ
പോലെ ശായരികൾ തുരുതുരെ പുറത്തേക്കൊഴുകി.
പിന്നെ ആ ശബ്ദത്തിൽ, തുറന്നുയരുന്ന മറാത്തിയി
ലെയും ഹിന്ദിയിലെയും ശീലുകളിൽ ഞങ്ങൾ ആകെ കുതിർന്നു.
”ഈ ലോകം എന്റേതു കൂടിയാണ്” – രണ്ടുമൂന്നു തവണ
ആ വരികൾ ആവർത്തിച്ചു പാടി: ”ഞാനെനിക്കിഷ്ടമുള്ളതുപോലെ
ജീവിക്കും, ജീവിക്കും”. തളരാത്ത ഊർജത്തിന്റെ പളു
ങ്കുമണികൾ ഞങ്ങൾക്കു ചുറ്റും തുരുതുരാ പെയ്തിറങ്ങി. ”ദുരി
തങ്ങളാണ് നമ്മെ നാമാക്കുന്നത്” വളരെ ശാന്തയായി, ജീവി
തത്തോട് യാതൊരു പരാതികളുമില്ലാത്തതുപോലെ അല്പം
ഗൗരവത്തിൽ അവർ തുടർന്നു: ”എന്റെ ഭർത്താവ് എന്നെ
അന്ന് ചവിട്ടിപ്പുറത്താക്കിയിരുന്നില്ലെങ്കിൽ ഇന്നിതാ നിങ്ങ
ളുടെ മുന്നിലിരിക്കുന്ന ഈ സിന്ധുതായി ഉണ്ടാവുമായിരുന്നി
ല്ല. ഈ കുട്ടികളൊന്നും ഇവിടെ വരുമായിരുന്നില്ല. ഇവരൊന്നും
സുരക്ഷിതരായി വളരുമായിരുന്നില്ല. പഠിക്കുമായിരു
ന്നില്ല”.
”ഭർത്താവ്?” ഞാൻ മടിച്ചുമടിച്ചാണ് ചോദിച്ചത്.
”ഉണ്ട്. പശുക്കളെ സംരക്ഷിക്കുന്ന ഗോശാലയിലെ
ആശ്രമത്തിൽ ഞാൻ ആദ്യം കൂടെക്കൂട്ടിയ മകന്റെ ചുമതലയി
ൽ, സംരക്ഷണയിൽ, സാമീപ്യത്തിൽ കഴിയുന്നുണ്ട്”.
”മായിയെ ഇങ്ങോട്ടു വന്ന് കണ്ടതാണോ?”
”അതെ. മക്കളെല്ലാം വലുതായി അവരവരുടെ വഴിക്ക്
പോയി. പിന്നെ ആരുണ്ട്? ഭർത്താവായല്ല, മകനായി ഇരിക്കാമെങ്കിൽ
എന്റെ സ്ഥാപനത്തിൽ കഴിയാം എന്ന് ഞാൻ പറ
ഞ്ഞു. അനാഥൻ. അനാഥരുടെ അമ്മയാണ് ഞാൻ. ഏറ്റവും
വയസ്സുള്ള കുട്ടിയായി ഇവിടെ ജീവിച്ചോട്ടെ എന്നു കരുതി”.
”പഴയ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും സംസാരിച്ചില്ലേ?
ശരിക്കും ക്ഷമിക്കാൻ കഴിഞ്ഞിട്ടുണ്ടോ മായി? സാധിക്കുമോ
മായിക്ക്?”
”അറിയില്ല. ആലോചിച്ചിട്ടുമില്ല” സിന്ധുതായി തീരെ
കയ്പില്ലാതെ ചിരിച്ചു.
”വെറുതേ കഴിഞ്ഞത് പറഞ്ഞിട്ടെന്തു കാര്യം? കുറെ ദേഷ്യ
പ്പെടാം. പരസ്പരം കുറ്റപ്പെടുത്തതാം. പക്ഷെ അതൊന്നും
ഒന്നും നേടിത്തരില്ലല്ലോ. ആ നേരം പശുവിന് രണ്ടു കെട്ട് പുല്ല
രിഞ്ഞു കൊടുത്താൽ അത്രയ്ക്ക് ഗുണം കിട്ടും. ഇല്ല. ഒരിക്കലും
സംസാരിച്ചിട്ടില്ല. അതുമല്ല എന്തുണ്ട് തമ്മിൽ പറയാൻ?”
”മമത?”
”വളർന്നു. പഠിച്ചു. ഇന്ന് ഈ സ്ഥാപനം നോക്കിനടത്തു
ന്നു. അടുത്ത ചോദ്യം അറിയാം” മേശപ്പുറത്ത് വച്ചിരുന്ന
പേപ്പർവെയ്റ്റിൽ കയ്യോടിച്ച് അവർ അതിൽതന്നെ നോക്കി.
”എന്റെ മൂന്ന് ആൺമക്കൾ എന്നെ കാണാൻ എപ്പോഴെ
ങ്കിലും വന്നോ എന്നല്ലേ? ഇല്ല. ഈ നിമിഷം വരെ ഇല്ല. പേരുദോഷം
കേൾപ്പിച്ച അമ്മയല്ലേ. പിന്നെ ഒന്നും ഇല്ല ഞങ്ങൾ
ക്കിടയിൽ ബന്ധിക്കാൻ. പ്രസവമല്ല അമ്മയാക്കുന്നത്. അമ്മ
യാകൽ ഒരു വലിയ ജോലിയാണ്. ഒരിക്കലും ഞാൻ അവരുടെ
അമ്മയായിരുന്നിട്ടില്ലല്ലോ”.
”എപ്പോൾ വേണമെങ്കിലും എനിക്ക് മരിക്കാമായിരുന്നു.
ഞാൻ മരിക്കണമായിരുന്നു. ജീവിക്കാനുള്ളതിനേക്കാൾ
എത്രയോ കാരണങ്ങൾ മരിക്കാനാണ് ഉണ്ടായിരുന്നത്.
പക്ഷെ ജീവിക്കുന്നത്, മരിക്കുന്നതിനേക്കാൾ വിഷമമാണെന്ന്
തോന്നിയതുകൊണ്ടാവാം ഞാൻ ജീവിക്കാൻ തീരുമാനിക്കുകയാണുണ്ടായത്.
തോൽക്കാൻ വയ്യ എന്ന് തോന്നി.
കല്ലും മണ്ണും തിന്നാൻ തോന്നുന്ന പ്രചണ്ഡമായ വിശപ്പ്.
എത്തിപ്പിടിക്കാൻ ഒരു കൈ പോലും കാണാത്ത ഒറ്റപ്പെടൽ.
മുകളിൽ മൗനിയായി ആകാശം. ചുവട്ടിൽ നില്പുറപ്പിക്കാൻ
അനുവദിക്കാത്ത ഭൂമി. കഷ്ടങ്ങൾ കൂടുമ്പോൾ ഹരമാണ്
തോന്നിയത് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നു
ന്നു. അല്ലെങ്കിൽ, ഒന്നിനു മീതെ ഒന്നായി കുട്ടികളെ ഞാൻ
ഏറ്റെടുത്തതെന്തിനായിരുന്നു? അറിയില്ല. ഒരു കൈ
നോക്കാം എനന്ന് ഞാൻ എന്നും ജീവിതത്തോട് പറഞ്ഞു.
തോല്പിക്കാമോ എനന്നു നോക്ക്. ജീവിതവും ഞാനും എന്നും
മുഖത്തോടു മുഖം നോക്കിയാണ് നില്പ്. അന്തിയോളം എല്ലുമുറിയെ
പണിയെടുത്ത് താങ്ങാനാവാത്ത തലച്ചുമടുമായി
എത്തുന്ന അച്ഛൻ മക്കളെ മടിയിലിരുത്തി അമ്മ കേൾക്കാതെ
പറയുമത്രെ, തളർന്നാൽ കഴിഞ്ഞു. പിന്നെ എഴുന്നേറ്റുനിൽ
ക്കാൻ പോലും ഈ ലോകം സമ്മതിക്കില്ല”.
കേട്ടുവളർന്നതാണ്. തോൽക്കുമോ എന്ന പേടിയെ ഒരു
കുറ്റബോധം പോലെ മനസ്സിനടിയിലേക്ക് തതള്ളി ഒളിപ്പിച്ചുവയ്ക്കാൻ
അതായിരിക്കാം കാരണം. നടന്ന വഴികളിൽ മുഴുവൻ
മുള്ളായിരുന്നു. 9 വയസ്സിൽ പിരിഞ്ഞ വീട്. വട്ടുകളിച്ചതിന്
മുതുകത്തേറ്റ ചവിട്ട്. പത്രം വായിച്ച കുറ്റത്തിന്, നിധി പോലെ
കരുതിയ പത്രക്കഷണം കയ്യിൽ നിന്ന് വലിച്ചെടുത്ത് ഭർ
ത്താവ് തീയിലേക്കെറിഞ്ഞപ്പോൾ പൊന്തിയ, മനസ്സ്
കരിഞ്ഞ മണം. മൂന്നു മക്കളെ പെറ്റിട്ടും ഒരിക്കൽപോലും
അവരെ ഓമനിക്കാനാവാതെ, താലോലിക്കാനാവാതെ,
പ്രസവം കടമയായി ഏറ്റെടുത്ത, ചുരുണ്ടു മടങ്ങിയ, പുഴുക്കു
ത്തിയ ദിവസങ്ങൾ. പട്ടിണി കിടന്ന് മടുത്തപ്പോൾ കൂലി
ചോദിച്ചതിന് കേട്ട അപവാദം. മക്കളെയും വീടിനെയും തനി
ക്കന്നുവരെ പരിചയമുള്ള എല്ലാറ്റിനെയും പിന്നിലാക്കി നടക്കേണ്ടിവന്നപ്പോൾ,
ഒരിത്തിരി കരുണ കാണിക്കാതെ നീണ്ടുനീണ്ടുപോയ
വഴുക്കുന്ന പാത. മോഹിക്കാൻ സാധിക്കാത്ത
തിന്റെ അനീതിയിൽ പൊതിഞ്ഞ വിങ്ങൽ. സുരക്ഷിതത്വം
ഒരിക്കലും അറിയാതിരുന്നതുകൊണ്ടാവണം, അതിനെക്കുറിച്ചു
മാത്രം എനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. വരുന്നി
ടത്തു വച്ചു കാണാം എന്നാണ് എന്നും ഞാൻ എന്നോട് പറ
ഞ്ഞിട്ടുള്ളത്.
മകൾ മമത കൊണ്ടുവന്നുവച്ച ചായ എനിക്കു നേരെ നീട്ടി
സിന്ധുതായി.
”മറക്കുകയാണെളുപ്പം. ഒന്നും തരാത്ത ഓർമകൾ വേണ്ടെ
ന്നുവയ്ക്കണം”.
സിന്ധുതായി മുന്നിലുണ്ടായിരുന്ന ഗ്ലാസിലെ വെള്ളം ഒരു
മരുന്നുപോലെ ഒറ്റയടിക്കു കുടിച്ചു. ”തോൽക്കാതിരിക്കാൻ,
മുന്നോട്ടു പോകാൻ അതേ വഴിയുള്ളൂ”.
”പുറത്ത് ആൾക്കാർ കാത്തുനിൽക്കുന്നു” സിന്ധുതായി
യെക്കൊണ്ട് ഒപ്പിടീക്കാൻ കുറെ കടലാസുകളുമായി വന്ന
മമത ക്ഷമാപണമെന്ന മട്ടിലാണ് പറഞ്ഞത്. ”എന്തു പറയണം?”
വാച്ചിൽ നോക്കിയതപ്പോഴാണ്. രണ്ടര മണിക്കൂർ കഴി
ഞ്ഞിരിക്കുന്നു!
”ഒരൊറ്റ ചോദ്യം കൂടി” യാത്ര പറയാൻ എഴുന്നേൽക്കെ
ഞാൻ അവരുടെ കാലിൽ തൊട്ടു.
”ഇവിടെനിന്ന് മറ്റൊരു സിന്ധുതായി?”
”ഇല്ല. ഉണ്ടാവില്ല” എന്റെ വാചകം പൂരിപ്പിക്കും പോലെ
ധൃതിയിലാണ് അവർ പറഞ്ഞത്. ”ഞാൻ കുരുത്തത്, വളർ
ന്നത് തീയിലാണ്. ഇവരാകട്ടെ തണലിലും. തീയിലേ,
തീയിൽ മാത്രമേ സിന്ധുതായിമാർ ജന്മമെടുക്കൂ. നാം സംഘ
ർഷങ്ങളോട് ഹലോ പറയണം. എന്റെ ഭർത്താവ് അന്ന്
എന്നെ വലിച്ചു പുറത്തിട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും ഒരു
സിന്ധുമായി ഉണ്ടാകില്ലായിരുന്നു. അതിനദ്ദേഹത്തോട്
വലിയ നന്ദിയുണ്ട്. വെല്ലുവിളികളില്ലെങ്കിൽ എന്തു വിരസമായേനേ
ജീവിതം”.
സിന്ധു തായി സപ്കാൽ
ജനനം: മഹാരാഷ്ട്രയിലെ വാർദ ജില്ലയിൽപ്പെട്ട പിംപ്രി
മെഗേ ഗ്രാമത്തിൽ.
ജനന തിയ്യതി: 1948 നവംബർ 14
അച്ഛൻ: അഭിമാൻ സാഠെ
വിദ്യാഭ്യാസം: രണ്ടാം ക്ലാസ്
വിവാഹം: ഒൻപതാം വയസ്സിൽ
ഭർത്താവ്: ശ്രീ ഹരിഭായി സപ്കാൽ, നവർഗാംവ്
വിവാഹത്തിനു മുൻപുള്ള പേര്: ചിന്തി
വിവാഹശേഷമുള്ള പേര്: സിന്ധു
പുത്രന്മാർ: മൂന്ന്
പുത്രി: ഒന്ന്ഗ്രാ
മത്തിലെ സ്ര്തീകൾക്ക് ന്യായമായ കൂലി ആവശ്യപ്പെട്ടുകൊണ്ട്
കളക്ടർക്കു മുമ്പിൽ പരാതി. അത് അപവാദങ്ങൾ
ക്കിടയാക്കി. അതിന്റെ ഫലമായി 20-ാം വയസ്സിൽ പൂർണ ഗർ
ഭിണിയായിരിക്കെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കി.
അതേദിവസം മകൾ മമതയുടെ ജനനം. തുടർന്ന് ഭിക്ഷാടന
ത്തിലൂടെ ഉപജീവനം. മറ്റ് അനാഥക്കുട്ടികളെ സംരക്ഷിക്കാനുള്ള
സംരംഭം. മനസ്സിൽ പക്ഷഭേദമുണ്ടാകുമെന്നു കരുതി മമതയെ
ശ്രീമന്ത് ദഗഡുസേത്ത് ഹൽവായ് ട്രസ്റ്റിന് ദാനമായി
നൽകി.
ആദ്യസ്ഥാപനം: വൻവാസി ഗോപാൽ കൃഷ്ണ് ശിക്ഷൺ
അണിക്രീഡാ പ്രസാരക് മണ്ഡൽ (1986), തുടർന്ന് മമത
ബാൽ സദൻ, സസ്വാഡ് (1994), സപ്തസിന്ധു മഹിളാ ആധാ
ർ, പൂനെ (1999), അഭിമാൻ ബാൽ ഭവൻ, വാർ, മായീസ്
ആശ്രം (അമരാവതി), സൻമതി ബാൽ നികേതൻ, പൂനെ
(2001), ഗോപികാ ഗായ് രക്ഷൺ കേന്ദ്ര് തുടങ്ങിയവ സ്ഥാപി
ച്ചു.
സംരക്ഷിച്ച കുട്ടികൾ: 1042 (2014 വരെ)
പുരസ്കാരങ്ങൾ: 273
പ്രസിദ്ധിയാർജിച്ച പേര്: അനാഥരുടെ യശോദ
ലോകമറിയുന്ന പേര്: മായി (അമ്മ)
ചുറ്റുപാടുമുള്ളവരുടെ ജീവിത പ്രശ്നങ്ങളോട് സജീവമായി
പ്രതികരിക്കുന്ന സിന്ധുതായി സപ്കാൽ ഗ്രാമീണരുടെയും
ആദിവാസികളുടെയും പുനരധിവാസത്തിനും സംരക്ഷണ
ത്തിനും വേണ്ടിയുള്ള സമരങ്ങളിൽ മുൻപന്തിയിലാണ്.
‘മീ വൻവാസി’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘മി സിന്ധുതായി’ എന്ന പേരിൽ ഒരു സിനിമ സിന്ധുതായിയെക്കുറിച്ച്
എടുത്തിട്ടുണ്ട്.
‘അനാഥാംചി യശോദ’ എന്ന ഡോക്യുമെന്ററി നിർമിക്ക
പ്പെട്ടിട്ടുണ്ട്.