നികത്തിയെടുത്ത വയലിൽ നിന്ന്
ഗൃഹാതുരതയും പ്രകൃതി സ്നേഹവും
വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീർപ്പിട്ടും
വാതോരാതെ വ്യായാമം ചെയ്ത്
ശീതീകരിച്ച കോൺക്രീറ്റ് കൂണുകളിലേക്കവർ
മടങ്ങിപ്പോകുന്നു.
മന:സാക്ഷിയുടെ പുറംചട്ടയൂരി
ആണിമേൽക്കൊളുത്തിയിട്ട്
സുരക്ഷിതരെന്നപോലെ
മലർന്നു കിടക്കുന്നു.
കാണുന്നില്ലേ
നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രം
ഒന്നിനെക്കുറിച്ച്
വാചാലനാകുന്നവരുടെ നീണ്ട ജാഥകൾ.
കല്ലേറ് കൊള്ളുന്ന പ്രതിമകൾ,
ചില്ലടർന്ന ചരിത്രമുഖങ്ങൾ
വിണ്ടു തകരുന്ന
നികുതികൊണ്ട് മേഞ്ഞ മേൽക്കൂരകൾ
കണ്ണ് പൊട്ടിയ ആനവണ്ടികൾ
വഴിമുടങ്ങുന്ന
പേറ്റുനോവിന്റെ ഞരക്കങ്ങൾ
പെരുവഴിയിൽ ചിതറിയും ചിന്തിച്ചും
വീടെത്താൻ തിടുക്കമുള്ളവർ
പിന്നെ
നാടു കാണാൻ വന്നവർ.
കോഴിയും കള്ളും
അതിനുമേലെ, ചിരിക്കുന്ന ഗാന്ധിയും
പതിവിലധികം ചിലവാകുന്ന
ചതിക്കുന്ന ചന്തകൾ.
ചിന്തേരിടാത്ത ഭാഷകൾ നിറയുന്ന
നിരത്തുകൾ.
മനുഷ്യനെ മാത്രം കാണാത്ത
തോലണിഞ്ഞവരുടെ തെരുവുകൾ.
അറിയാതെയപ്പുറം എത്തിനോക്കുമ്പോൾ
വക്കുപൊട്ടിയ പാത്രങ്ങൾ
എണ്ണയൊഴിയാത്ത കണ്ണുകൾ
പൂച്ചയുറങ്ങും അടുപ്പുകൾ
അച്ഛനെ കാത്തു കാത്ത് നിന്ന്
തേഞ്ഞുപോകുന്ന വിശപ്പുകൾ
അന്തിയിൽ കാറ്റുതോല്പിക്കുന്ന
വിളക്കു പോലെ
കെട്ടുപോകുന്ന പെൺയൗവനങ്ങൾ
വേവുണങ്ങാത്ത അമ്മയുരുക്കങ്ങൾ,
വീണ്ടും പഴസ്സഞ്ചിയുമായ് വേച്ചിറങ്ങുന്ന
കുഴമ്പുമണക്കുന്നച്ഛന്റെ ഊന്നുവടിപ്പാടുകൾഭ
അങ്ങനെ എത്രയെത്ര
പടയിൽ പെട്ടുപോയവരുടെ
മടങ്ങിയെത്താത്ത പഴുതുകൾ,
വെളിച്ചം മുളയ്ക്കാത്ത ഇരുട്ടുകൾ.
പാകമെത്താതെ ഉരിഞ്ഞെടുത്ത
കറയുണങ്ങിയ കറുപ്പുകൾ,
ഒക്ടോബർ – ഡിസംബർ 2015 11
പാതിവഴി പിണങ്ങി നിൽക്കും
പല പല ജീവിതങ്ങൾ.
കളകൾ പെരുകിയ
ചതുപ്പ് പേറുന്ന വയലിടങ്ങൾ
ബാക്കിയാകുമ്പോൾ,
പിഴിഞ്ഞെടുത്ത മണ്ണിൻ മുലപ്പാൽ
കുപ്പിയിൽ തൂങ്ങുേമ്പാൾ
കളിപ്പാട്ടങ്ങൾ പെറുന്ന,
നിവർന്നു നിൽക്കും ആകാശനിലകളിൽ
ഹോർമോൺ കുത്തിവച്ചു വളർന്ന
മനുഷ്യരെന്ന യന്ത്രങ്ങൾ നിരങ്ങുന്നു.
വിലപേശാതെ വിഴുങ്ങുന്നു
വെളുത്തവന്റെ മിടുക്കുകൾ,
പിന്നെ വിസർജിക്കുന്നൂ
വിചിത്ര വേദപുസ്തകങ്ങൾ.
ഇനിയിവിടെക്കാണൂ നിങ്ങൾ
മാറ്റം മാറ്റമില്ലാതുറങ്ങുന്ന ചേരികൾ,
നഗരങ്ങൾ ജപ്തിചെയ്തെടുത്ത ഗ്രാമങ്ങൾ,
മനുഷ്യനെക്കാണാതാക്കിയ മന്ത്രമകുടികൾ.