Horizon Publications പുറത്തിറക്കിയ
ഓൺലൈൻ എഴുത്തുകാരികൾ എഴുതിയ കവിതകളുടെ
സമാഹാരം ‘ഫേസ് ബുക്ക് പെൺപ്രണയങ്ങൾ’ എന്ന പുസ്ത
കത്തെ കുറിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ
അജിത ടി.ജി.യുടെ വായന
കാറ്റിന്റെ നേരിയൊരു ചിറകനക്കം
പോലുമില്ലാത്തൊരു സന്ധ്യയിൽ
മേഘങ്ങൾ മഴത്തുള്ളികളെ ഇടയ്ക്കും
തലയ്ക്കും ഭൂമിയിലേക്ക്
വാരിയിടുന്നുണ്ടായിരുന്നു. പകലു
മുഴുവൻ പനിച്ചു മൂടി പുതച്ചുറങ്ങിയ
എനിക്ക് ഡോസ് കൂടിയ ഗുളികകൾ
തന്ന ബോധത്തിന്റെയും
അബോധത്തിെന്റയും നേരിയ നൂലിഴകളിലൊക്കെ
എന്റെ അരികിൽ
വായിച്ചു തീർത്ത ‘ഫേസ്ബുക്ക്
പ്രണയങ്ങൾ’ എന്ന പുസ്തകം
കിടന്നിരുന്നു. പതുക്കെ കയ്യെത്തി
തൊട്ടപ്പോൾ മഞ്ഞ ചട്ടയിട്ട
പുസ്തകത്തിലെ പുള്ളിയുടുപ്പിട്ട
പെൺരൂപങ്ങൾ എന്നെ നോക്കി
അമർത്തി ചിരിച്ചു. തൊട്ട വിരലിനറ്റത്ത്
കട്ടുറുമ്പ് കടിച്ചതു പോലെ ഞാൻ
വിരലിനെ തിരിച്ചെടുത്തു.
എവിടെയൊക്കെയാണ് ഈ
പുസ്തകം എന്നെ സ്പർശിച്ചു പോയത്?
അതല്ല, ഈ പുസ്തകത്തിൽ എന്താണ്
എന്നെ സ്പർശിക്കാതെ പോയത്?
ആമുഖക്കുറിപ്പിന്റെ അവസാന ഭാഗത്ത്
ഇന്ദു മേനോൻ പറഞ്ഞിട്ടുണ്ട്. ”പുസ്തക
താളുകളിൽ നിന്നുയരുന്ന കാച്ചിയ
പാലിന്റെ വാസനയും, മഞ്ഞളിെന്റ
മഞ്ഞപ്പും അവളുടെ കണ്ണിൽ
കരിമഷിയെഴുതിയ അടുക്കളക്കുറി
പ്പിന്റെ ഉഷ്ണിപ്പിക്കുന്ന കരി തിള
ക്കവും അവളുടെ കണ്ണീരുപ്പും
പറയാതെ വിഴുങ്ങിയ സങ്കട
ശബ്ദത്തിന്റെ നിസ്സഹായതയും…..”
അതുതന്നെയാണ് അവളെന്ന
ജീവിയുടെ പ്രണയ മേഖലകൾ.
അവളവിടെ നട്ടുവളർത്തുന്നവയിൽ
ക്ഷണം കൊണ്ട് ഇലയും പൂവും
കൊഴിഞ്ഞു പോകുന്ന
ഉപ്പുമരങ്ങളുണ്ടായിരുന്നു, വാനോളം
പറന്ന അപ്പൂപ്പൻ താടികളുണ്ടായിരു
ന്നു, വിളർത്തതെങ്കിലും കാണാൻ
ഭംഗിയുള്ള നന്ത്യാർവട്ടങ്ങളുണ്ടായിരുന്നു.
അത്രമേൽ ആഘോഷിക്കേണ്ടുന്ന
പെൺ പ്രണയ ചാമരങ്ങളുണ്ട് ഈ
പുസ്തകത്തിൽ. ”ഇനി ഓർമകളുടെ
അറ്റത്തു നിന്ന് പറഞ്ഞു തുടങ്ങാം.
നീപകൽ കൊണ്ട് എന്റെ രാത്രികളെ
ഉന്മാദിയാക്കിയ കഥ” (ഗിലു
ജോസഫ്), ”നമുക്കീലോകത്തെ
പ്രണയത്തിന്റെ ഭിത്തിയിൽ തൂക്കി
യിടാം” (ഷൈന ഷാജൻ).
പ്രണയത്തിന്റെ ഉന്മാദത്തിൽ രാത്രിയെ
പകലാക്കാൻ ലോകത്തെ ഒരു
ഭിത്തിയിൽ തൂക്കിയിടുന്ന ചിത്രമാ
ക്കാൻ കാമിനിക്കു
സാധിക്കുന്നുവെങ്കിൽ ആ
ഉന്മാദത്തെയും പ്രണയിക്കാതെ വയ്യ!
ദേവസേനയുടെ ‘തിരുവല്ലയിൽ
ബോധി വൃക്ഷത്തിനു കീഴിൽ’ എന്ന
കവിതയുടെ കാലി ഡോസ്കോപ്പി
തെളിയുന്നത് പ്രണയത്തിനു
വിശക്കുന്ന (അങ്ങിനെ ഒരു വിശപ്പുണ്ട്)
രണ്ടു രൂപങ്ങളെയാണ്.
അതുകൊണ്ടായിരിക്കും
”നീമദ്യത്തിലേക്കും ഞാൻ മറ്റു
സ്നേഹങ്ങളിലേക്കും പിച്ച തെണ്ടുന്നു.
നക്കാപിച്ച തീരുമ്പോൾ നാം
നമ്മിലേക്ക് തിരിച്ചു വരുന്നു”.
ഇതേ വിശപ്പാണ് ജാക്വുലിൻ മേരി മാത്യു
പുതിയ വാക്കൊതുക്കത്തിലൂടെ
സംസാരിക്കുന്നത്. ഇവരോരോരു
ത്തരും ഉറക്കെ പറയുന്ന സങ്കടമല്ലേ
നമ്മൾ പതുക്കെ സംശയത്തോടെ
കണ്ണാടി നോക്കി മന്ത്രിക്കുന്നത്?
പ്രണയത്തിന് ഗന്ധമുണ്ടോ?
ഉണ്ടെന്നു പറയുന്നു സംഗീത.
അതുകൊണ്ടാണ് ഇത്രയും ചേന്നു
നിൽക്കരുത്, നിന്നെ പ്രണയം
മണക്കുന്നു എന്നു പറഞ്ഞത്.
പ്രണയത്തിനു ചൊരുക്കുന്ന
മീൻമണമാണെന്ന് കവിത ജാനകി.
പ്രണയത്തിനു പേരില്ലെന്ന്
ശ്രീപാർവതി. പറിച്ചു കളഞ്ഞ
ചെകിളപ്പൂവിൽ അവസാന
ശ്വാസത്തോടൊപ്പം അവന്റെ ഓർ
മയെയും സൂക്ഷിച്ചുവച്ചിരുന്നു എന്ന്
സറീന ഷാഫി. നീയെന്ന പ്രണയം
ആൽരം പോലെയാണെന്ന് ബിൻസി.
ഒരിക്കലും വരയ്ക്കാനാവാത്തൊരു
ചിത്രമാണെന്ന് സിന്ധു മലമക്കാവ്.
അന്തിമാനത്തോളം നിന്റെ അധരങ്ങ
ളോളം പൂവിടുന്നു എന്ന് ലിഷയും
സാക്ഷ്യപ്പെടുത്തുന്നു.
പ്രണയത്തിന്റെ
ഭീതിയില്ലായ്മയാണ് ഡോണ
മയൂരയെ കൊണ്ട് ‘നിന്നെ കാണാനില്ലെന്ന്,
നിന്നെ കണ്ടിട്ടേ ഇല്ലെന്നു’
വിളിച്ചു പറയിപ്പിക്കുന്നത്.
യാഥാർത്ഥ്യത്തിന്റെ ഇടവേളകളുടെ
ഓട്ടോക്കൂലിതർക്കങ്ങളും പെട്ടെന്ന്
തിരിച്ചെടുക്കാവുന്ന നാണത്തിന്റെ തിരയനക്കങ്ങളും
തീക്ഷ്ണതയോടെ അവതരിപ്പിക്കുന്നു പദ്മ ബാബു. ഇവ
പ്രണയനിമിഷങ്ങളിൽ ഭയപ്പെടുന്നില്ല
എന്ന് നമ്മൾ തിരിച്ചറിയുന്നു.
തീർത്തും തീവ്രമാണ് ഈ പ്രണയ
കവിതകൾ. വാക്കുകളുടെ വെറും
വെടി വട്ടങ്ങളല്ല, കരളുരുകിയ
മഷിയിൽ മുക്കി അനുഭവങ്ങളുടെ കൂർ
മതകൊണ്ട് ഒറ്റക്കാലിൽ നിൽക്കുന്ന
കൊറ്റിയുടെ സൂക്ഷ്മതയിലെഴുതിയ
കവിതകളാണിവയെല്ലാം.
അതുകൊണ്ടുതന്നെ വായിച്ചുതീർന്നുവെന്ന്
ഉറപ്പിച്ച് പുസ്തക ഷെൽഫിൽ
അടുക്കിവയ്ക്കാനാവാതെ ഞാനെന്റെ
മേശപ്പുറത്ത് പരത്തിയിടുന്നു. ഇനിയും
വായന ബാക്കിയാണ്!