അന്ധേരിയില്‍
അന്ധയായ ഒരു കുഞ്ഞു മഴയെ
ഞാന്‍ കണ്ടു
അത് ഒരു അമ്മ വാടകയുടെ
ചുണ്ട് പിളര്‍ത്തി കൊടുത്ത
കറുത്ത ലഹരി
കുടിച്ചുറങ്ങുകയായിരുന്നു.
ബാന്ദ്രയില്‍, മഴ
തളര്‍ന്ന ഒരു തെരുവുറക്കത്തിന്റെ
മെലിഞ്ഞ ശരീരങ്ങളിലേക്ക്
രാവുന്മാദങ്ങള് ബാക്കിവച്ച
ലഹരിയുടെ ടയറുകളായി
കയറിയിറങ്ങി.
അതേ മഴ
ഫോര്‍ട്ടില്‍
നീതിയുടെ കൂറ്റന്‍ ഘടികാര സൂചിയില്‍
പഴകിയിരുണ്ടുപോയ
രക്തമായി
കുരുങ്ങിക്കിടന്നു.
രാമബായി നഗറിലെ മഴയില്‍
ശമിക്കാത്ത ചൂടുമായി
ചില വെടിയൊച്ചകള്‍
നനഞ്ഞു കിടന്നു.
കാര്‍ണിവല്‍ പോലെ
ഒരു മഴയുണ്ട്
അത്
മലബാര്‍ഹില്ലില്‍ നിന്നും
രോമാഞ്ചം പോലെ
തിരകളായ് തിണര്‍ക്കുന്നു
പിന്നെ മറൈന്‍ ഡ്രൈവൊടിച്ച്
അര്‍മാദിക്കുന്ന
നരക്കും നിറങ്ങള്ക്കുമിടയില്
പോപ്കോണും ഐസ്ക്രീമുമായ്
പങ്കുവയ്ക്കപ്പെടുന്നു
ആന്റോപ്ഹില്ലില്
അപ്പോഴും
മഞ്ഞച്ചേര നക്കിയ
മുഷിവു ഫ്ളാറ്റുകളില്‍
ചില്ലുപാത്രത്തിലെ
ട്രാന്‍സ്ഫര്‍ നുര പോലെ
മറ്റൊരു മഴ
ചടഞ്ഞിരിക്കുന്നു.