നീ എനിക്കായി തെളിയിച്ച
ആറാമത്തെ മെഴുകുതിരിയിലേക്ക്
ഇനി അഞ്ചുസന്ധ്യദൂരം.
ഒന്നാംതിരി കണ്പോളയില് ആവേശിച്ചതേ…
പിതൃശാപം
എന്നെ വിഷസര്‍പ്പം കൊത്തി; ഒന്നല്ല.
രണ്ടാംവെളിച്ചത്തില് എന്റെ ലിംഗദേഹത്തെ നീ
അത്തിമരം എന്നു വിളിക്കും.
മൂന്നാംതിരിയില് പത്രോസ് ഒന്നാം ലേഖനം
മൂന്നാമദ്ധ്യായം 12-ാം വാക്യം എനിക്കായി തുറക്കും.
അവസാന അക്ഷരങ്ങള്‍ പെരുവിരലായി
ചുവന്ന പട്ടുടുത്ത് എന്റെ സാക്ഷ്യം പറയും.
നാലാംവെളിച്ചം പ്രാവ് രൂപമാര്‍ന്ന് ശാസിക്കും.
‘കവിത്വത്തിന്റെ കൊമ്പുകുടഞ്ഞിട്ടതല്ലൊരു മണിയൊച്ചയും’
അഞ്ചാംവിളക്കുകാലില് സര്‍പ്പം വിട്ടൊഴിഞ്ഞ
മണ്‍പുറ്റു മാത്രം കാണും.
ഇനി
കവിയില്ല, വിതയില്ല, സമസ്യാപൂരണമില്ല.
അന്തിത്തിരിയും പിണ്ഡം വയ്ക്കാനുമില്ല.
നിന്റെ ആറാംവിളക്കിനെ ഞാന്‍ മനമുരുകി ശമിക്കുന്നു.
‘ദീപനാളത്തിനു ചുറ്റും ആയിരം ഇതളുള്ളൊരു താമര
വിരിയാതെ പോകട്ടെ’.