പ്രകൃതി, ജീവിതം, മനുഷ്യന് എന്നിവയുടെ ആഴങ്ങളിലുള്ള ഒരു ഉള്‍ക്കാഴ്ച നല്‍കാതെ, യാഥാര്‍ത്ഥ്യത്തെ അന്ത:സാരവിഹീനമായി പകര്‍ത്തുമ്പോള്‍, ഒരിക്കലും അതിനെ സാഹിത്യസൃഷ്ടിയെന്ന് വിളിക്കാനാവില്ല. ജീവിതത്തിന്റെ സത്യത്തെ ഉള്ളറിവിന്റെ ആഴങ്ങളില്‍നിന്ന് സത്യസന്ധമായി പകര്‍ത്തിവയ്ക്കുക എന്നത് യാതനാപൂര്വമായ ഒരനുഭവംതന്നെയാണ്. ഒന്നുകില്‍ സര്‍ഗപരമായ പരാജയം അല്ലെങ്കില്‍ വിജയം. രണ്ടിനും മദ്ധ്യേ വേറൊരു ഗതിയുമില്ല. സാഹിത്യസംബന്ധമായ ഒരു തിയറിയാണത്. ജീവനുള്ള പ്രതിഭാസത്തെക്കുറിച്ച്, അതിന്റെ വികാസ നിയമങ്ങളില്‍ ഊന്നിക്കൊണ്ട് എഴുതുക എന്നുവച്ചാല്‍ രണ്ടിലൊരു വഴിയേയുള്ളൂ. എഴുത്തിന്റെ സാക്ഷാത്കരിക്കാനാവാത്ത വഴിയില്‍ അയാള്‍ ഒന്നുകില്‍ പിന്നാക്കം പോകും. അതല്ലെങ്കില്‍ ആത്മസായൂജ്യത്തോടെ എഴുത്തിന്റെ മുന്വരിയില് അയാള്‍ എത്തിനില്‍ക്കും. ‘പനിക്കോല്‍’ എഴുതിയ ബോബന് കൊള്ളന്നൂര്‍ ഈയര്‍ത്ഥത്തില്‍ ഒരത്ഭുത പ്രതിഭാസമാണ്. ഈയൊരൊറ്റ കൃതികൊണ്ടുതന്നെ അദ്ദേഹം മുന്‍നിര സാഹിത്യകാരന്മാരുടെയൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നു.
ആത്മാവിന്റെ മൗനഭാഷണംപോലെ തൊട്ടാല്‍ പിടയ്ക്കുന്ന ജീവനുള്ള ഒരു പുസ്തകമാണ് ‘പനിക്കോല്‍’. മരണസാമീപ്യത്തിന്റെ വിമൂകശബ്ദം ഓരോ താളിലും പിടയ്ക്കുന്നു, ഹൃദയവും മനസ്സും ഇണങ്ങിയും പിണങ്ങിയും ”നീയോ, ഞാനോ” എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. മനസ്സ് ഹൃദയത്തോട് പറയും, ”നിന്റെ വേഗം കുറയ്ക്കുക’ ഹൃദയം മനസ്സിനോട് പറയും, ”നീയെന്റെ വേഗത്തിനൊപ്പം സഞ്ചരിക്കു” ഇടയ്ക്കിടക്ക് അവര്‍ സ്വയം സമരസപ്പെടും. അപ്പോള്‍ എഴുത്തുകാരന് സുഖമായി ഉറങ്ങും. ഇവര്‍ കലഹിക്കുമ്പോള്‍ ഹൃദയത്തില്‍ കുറുകിയിരിക്കുന്ന പ്രാവ് ചിറകടിച്ച് പറന്നുപോകുന്നതായി തോന്നും. വായനയുടെ ഓരോ താളുകളിലും ദുരൂഹമായ ഏതോ ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന രചന. ഒപ്പം ആശുപത്രി പരിസരങ്ങളുടെ ഭയപ്പെടുത്തുന്ന ശൂന്യത. വാരിയെല്ല് പൊളിച്ച് പകുത്തുവെച്ച ഹൃദയത്തിന്റെ തേങ്ങുന്ന മിടിപ്പ് നോക്കുന്നിടത്തെല്ലാം മരണമൂകതയുടെ നിതാന്തമായ അശരീരി ശബ്ദങ്ങള്‍. എന്താണ് സംഭവിക്കുന്നതെന്ന് ഒരു ധാരണയുമില്ലാത്തവിധം ജീവിതം ഒരു പ്രഹേളികപോലെ എവിടെയോ വഴിമുട്ടിനില്ക്കുന്നു. മരണശയ്യയിലെ അസാധാരണമായ ചിന്തകള്‍ കൊണ്ട് എഴുത്തുകാരന്‍തന്നെ തീര്‍ത്തും വ്യത്യസ്തനായ ഒരു മനുഷ്യനായിക്കഴിഞ്ഞിരുന്നു, നോക്കുന്നിടത്തെല്ലാം വിചിത്രമായ കാഴ്ചകള്‍. മായക്കാഴ്ചകള്‍. ഉള്ളില്‍ നീറിപ്പുകയുന്ന കനല്. പാത്തും പതുങ്ങിയും കടന്നുവരുന്ന മരണത്തിന്റെ കാലൊച്ചകള്‍. ഒരു ക്ലാസിക്കല്‍ നോവലിന്റെ അസാധാരണമായ പദവിന്യാസങ്ങള്കൊണ്ട് സമൃദ്ധമായ ‘പനിക്കോല്‍’ ഒരു അനുഭവ പുസ്തകത്തേക്കാളേറെ ഒരു മികച്ച കലാസൃഷ്ടിയുടെ ഒൗന്നത്യം പുലര്‍ത്തുന്നു. മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആഴത്തില്‍ ഉള്‍ക്കാഴ്ചയുള്ള ഒരു വ്യക്തിക്കു മാത്രമേ ഇവ്വിധം ഒരു പുസ്തകം എഴുതാനാവുകയുള്ളു. കണ്മുന്നിലുള്ള ഒരു ലോകത്തെ അഗാധമായ സ്നേഹത്തോടും വിശ്വാസത്തോടും കൂടിയാണ് അയാള്‍ നോക്കിക്കാണുന്നത്. വെറുപ്പും നൈരാശ്യവും സ്നേഹശൂന്യതയും വെളിപ്പെടുത്തുന്ന ഒരു വാക്ക് പോലും അയാളുടെ ചിന്തയില്‍ ഇല്ല. പക്ഷേ കാണുന്നതത്രയും വിചിത്രമായ കാഴ്ചകള്‍! സംഭവങ്ങളുടെ വെറും അനുഭവ വിവരണമല്ല അയാള്‍ രേഖപ്പെടുത്തുന്നത്. ചലനമറ്റുകിടക്കുന്ന ഒരാളുടെ ശരീരാനുഭവത്തിനേക്കാളേറെ, അയാളുടെ ആത്മാവില്‍ നിറഞ്ഞുനില്ക്കുന്ന സര്ഗചിന്തയുടെ ഊര്ജാനുഭവങ്ങള് രേഖപ്പെടുത്തിയിരിക്കുന്നു. രോഗപീഡയില്‍ മരുന്നുകള്‍ കൊടുത്ത് മയക്കിക്കിടത്തിയ ഒരാളുടെ ഭ്രമാത്മകമായ ചിന്തകള്‍ എത്ര അനായാസേനയാണ് ബോബന് ബോധവെളിച്ചങ്ങളിലേക്ക് തിരിച്ചെടുത്തിരിക്കുന്നത്? ഉള്ളിലെ ഭൂതകാലവും വര്‍ത്തമാനകാലവും കൂടിക്കുഴയുകയാണ്. ഓര്മഭൂതങ്ങള് നെയ്തെടുത്ത തൊട്ടിലില്‍ മരണത്തിനും ജീവിതത്തിനുമിടയിലൂടെ ചാഞ്ചാടുന്ന ഓര്‍മയുടെ മായാഭൂതലം അകന്നുപോകുന്നു. വിസ്മൃതിയുടെ ഏതോ താഴ്വാരങ്ങളിലേക്ക് ഒരു തൂവല്സ്പര്ശമായി പറന്നുപറന്നു പോകുന്നു! മൂക്കില്‍ തുളച്ചുകയറുന്ന ഈതറിന്റെ മണമാണ്. കാതില്‍ കട്ടപിടിച്ച മൗനം മാത്രം. ഒരു ബലികാക്ക ജനലിനരികില്‍ വന്ന്, അകത്തേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണ്, കാക്ക കണ്ണുരുട്ടി നോക്കുകയാണ്, അലമുറയിട്ട് കരയുകയാണ്, നിശ്ശബ്ദതയുടെ മഹാഗര്‍ത്തത്തില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത് കാക്കയുടെ ”ക്രാക്രാ” ശബ്ദം മാത്രം.
വായനക്കാരനെ ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ് പനിക്കോലിലെ ഉള്ളടക്കത്തിലുള്ളത്. വ്യവസായിയായ ബോബന് യാത്രാമദ്ധ്യേ ഹൃദയാഘാതം അനുഭവപ്പെട്ടു. അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍ അഭയംതേടി. അവിടത്തെ തെറ്റായ ചികിത്സാവിധികള്‍ മരണാസന്നനിലയിലേക്ക് എത്തിച്ചതിന്റെ അനുഭവ വിവരണമാണ് പനിക്കോലിലെ ഉള്ളടക്കം. സമ്പന്നനായ രോഗിയെ കയ്യില്‍ കിട്ടിയാല്‍ എങ്ങനെയൊക്കെ ചൂഷണം ചെയ്യാമെന്ന ഹോസ്പിറ്റല്‍ മാനേജ്െമന്റിന്റെ തന്ത്രങ്ങള്‍ ഈ പുസ്തകത്തില്‍ അക്കമിട്ട് പറയുന്നു. ഒ നെഗറ്റീവ് രക്തമുള്ള ബോബന് ഒ പോസിറ്റീവ് രക്തം കുത്തിവയ്ക്കാന്‍ പോലും ആശുപത്രി അധികൃതര്‍ ധൈര്യപ്പെട്ടു.
അധികമാരും പറഞ്ഞിട്ടില്ലാത്ത ആശുപത്രി രഹസ്യങ്ങളാണ് പനിക്കോല്‍ പറയുന്നത്. വൈദ്യനൈതികതയുടെ പ്രതിസന്ധികള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. വൈദ്യശാസ്ത്ര ധാര്‍മികതയുടെ അടിവേരുകള്‍ എവിടെയൊക്കെയോ അറുക്കപ്പെട്ടുവെന്നും, പാരമ്പര്യ വൈദ്യത്തിന്റെ നന്മകള് മുച്ചൂടും നമ്മള് നഷ്ടപ്പെടുത്തിയെന്നും, സങ്കീര്‍ണമായ ഒരു ആധുനിക ചികിത്സാരംഗത്തിന്റെ കാപട്യങ്ങള്‍ നമ്മള് വേണ്ടത്ര തിരിച്ചറിയാതെ പോകുന്നുവെന്നും, തന്റെ ഞെട്ടിക്കുന്ന ആശുപത്രി അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഹോസ്പിറ്റലും രോഗിക്ക് കൊടുത്ത മരുന്നിന്റെ കണക്കോ, മറ്റ് ശസ്ത്രക്രിയാതീരുമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിടാറില്ല. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരണം എന്ന് വാദിക്കുന്ന കോടതിപോലും ഹോസ്പിറ്റലിനെ അതിന്റെ പരിധിയില്‍ കൊണ്ടുവരാത്തത് എന്താണ്? രോഗിയുടെ പണം മാത്രമല്ല, ചോരയും അവര്‍ നിര്‍ബാധം പിഴിഞ്ഞടുക്കുന്നു. സാമൂഹിക ബോധത്തില്‍ അടിയുറച്ച ഒരു നൈതികശാസ്ത്രം ചികിത്സാരംഗത്തും വീണ്ടെടുക്കേണ്ടതിന്റെ വിചിന്തനങ്ങളാണ് ‘പനിക്കോലി’നെ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
രോഗശുശ്രൂഷ എന്നത് കേവലമായി സാങ്കേതിക വൈദഗ്ദ്ധ്യം മാത്രമല്ല, ഒരു ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണെന്ന് ബോബന് ചിന്തിക്കുന്നു. ഹോസ്പിറ്റല്‍ ഭീകരത ഭരണകൂട ഭീകരതയേക്കാള് നിഗൂഢവും ശക്തവും തന്ത്രപരവുമാണെന്ന് ബോബന് വെളിപ്പെടുത്തുന്നു.
വര്‍ത്തമാനകാലത്തിന്റെ ഈ നിസ്സഹായാവസ്ഥ സ്വയം അനുഭവിച്ചറിയുമ്പോഴും, ചിന്തകള്‍ താന്‍ വായിച്ചു മറന്ന പുസ്തകങ്ങളിലേക്ക് കടന്നു ചെല്ലുന്നു. മരണഭയം തെല്ലുമില്ലാതെ മരണത്തെ പുല്കുവാന് കാത്തിരിക്കുന്നു.
ബോബന് ഒരു വ്യവസായിയായി അറിയപ്പെടേണ്ടയാളല്ലതന്നെ! അടിസ്ഥാനപരമായി അദ്ദേഹം ഒരു കലാകാരനാണ്. യുവാവായിരിക്കുമ്പോള്‍ കാമുവിന്റേയും കാഫ്കയുടേയും സാര്‍ത്രിന്റേയും ആരാധകനായിരുന്നു. സ്വഭാവപ്രകൃതംകൊണ്ട് ഒരു നക്സലൈറ്റ് ആക്ടിവിസ്റ്റാകുമായിരുന്ന ഒരു ഗൃഹമണ്ഡലത്തിലാണ് ബോബന് ജനിച്ചതെങ്കിലും, അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് അദ്ദേഹം ഒരു ഗള്‍ഫ് പ്രവാസിയായി ജീവിക്കുകയായിരുന്നു. അടിയന്തിരാവസ്ഥയുടെ കാലത്ത് മാഗസിനില്‍ വന്ന ബോബന്റെ ചിത്രങ്ങളുടെ പേരില്‍ എംബസി ഉദ്യോഗസ്ഥന്മാര് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നതായി മുഖവുരയില്‍ കൃഷ്ണദാസ് എഴുതിയിട്ടുണ്ട്. പ്രവാസികഥകള്ക്കും കവിതകള്ക്കുംവേണ്ടി ബോബന് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ഒരു കലാകാരന്റെ ഹൃദയം കൈമോശം വന്നിട്ടില്ലാത്തതുകൊണ്ടാവും വ്യവസായിയുടെ കുപ്പായമിട്ടപ്പോഴും അദ്ദേഹം ഒരു കലാകാരനെപ്പോലെ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ മുതലാളിയും തൊഴിലാളിയും എന്ന വേര്തിരിവേ ഇല്ലായിരുന്നു. ഒരു മാതൃകാ വ്യവസായി എന്ന നിലയില്‍ ബോബന് വലിയ വലിയ പുരസ്കാരങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞിരുന്നു. മികച്ച വ്യവസായ സംരംഭകനുള്ള സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും അവാര്‍ഡ്, സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മികച്ച ടാക്സ് പേയിക്കുള്ള അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ഇന്ത്യയിലെ മികച്ച ഒരു വ്യവസായി എന്ന നിലയില്‍ ബോബന് അറിയപ്പെട്ടിരുന്നു.
വ്യവസായിയും കാലാകാരനുമായ ബോബന് കൊള്ളന്നൂര്‍ അനുഭവിച്ച തീക്ഷ്ണമായ ചികിത്സാവിധികളുടെ കഥയാണ് പനിക്കോല്‍. പൊതുവേ ആരും പറയാന്‍ ധൈര്യപ്പെടാത്ത ഞെട്ടിക്കുന്ന ആശുപത്രി അനുഭവങ്ങള്‍. ആയുസ്സിന്റെ ചെറിയ കഷണങ്ങള്‍ നഷ്ടപ്പെടുകയും നേടുകയും ചെയ്തുകൊണ്ടിരുന്ന നിമിഷങ്ങള്‍, ഇഴഞ്ഞുനീങ്ങുന്ന ശ്വാസഗതി, ശ്വാസം മുട്ടിയും വേദന കടിച്ചിറക്കിയും ചുമ നിറയുന്ന നെഞ്ചുമായി സ്വപ്നം കണ്ടു കിടക്കുന്ന ദിനങ്ങള്‍……