ശരിക്ക് കഷ്ടപ്പെട്ട് ശുപാർശ ചെയ്താണ് ഈ ജോലിയൊന്ന് തരപ്പെടുത്തിയത്. ഐ ടീ ഡി പീ യുടെ ലൈബ്രറിയിലെ ലൈബ്രേറിയൻ എന്നതാണ് തസ്തിക, ഒട്ടും ഇഷ്ടപ്പെടാത്ത ഒരു ജോലി; എന്റെ ദിനചര്യകളെ മാറ്റിമറിച്ച ഒരു ജോലി എന്നതിനാലാവണം. എന്നും രാവിലെ വരണം, പുസ്തകങ്ങളുടെ പൊടി തട്ടണം, അവയെ കൃത്യമായി അടുക്കിവയ്ക്കണം, മറ്റുള്ളവർ വരുമ്പോൾ പുസ്തകങ്ങളെടുത്ത് നൽകണം, അവയുടെ കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തണം, ഇങ്ങനെ തുടങ്ങി വൈകും വരെ ഒരേടത്ത് തുടരേണ്ട അവസ്ഥയാണ്. എവിടേക്കെങ്കിലുമൊന്ന് പോകാമെന്ന് വച്ചാൽ പകരം നിർത്താൻ ആളെ കിട്ടാനില്ല. ലൈബ്രറിയുടെ ഉള്ളിലേക്ക് കയറുമ്പോൾതന്നെ ചീഞ്ഞുനാറുന്ന ശവങ്ങളുടെയും മുഷിപ്പിക്കുന്ന വിയർപ്പിന്റെയും ദുഷിച്ച മനസ്സുകളുടെയും, പ്രേമവിജയനൈരാശ്യങ്ങളുടെയും, ജീവിതത്തിലെ സുഖദു:ഖങ്ങളെ കുറിച്ചും മാത്രം സംസാരിക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ കഥപറയുന്ന പുസ്തകങ്ങൾക്കിടയിൽ കഴിച്ചുകൂട്ടേണ്ടി വരുന്ന ഓരോ നിമിഷത്തേയും ഞാൻ വെറുക്കപ്പെടുന്നു എന്നുതന്നെ പറയാം.
ഈ ലൈബ്രറിയിൽ വരുന്ന പലരും പറയാറുണ്ട് പുസ്തകങ്ങൾ അവർക്ക് നൽകുന്നത് ഒരിക്കലും കിട്ടാത്ത ഒരു സന്തോഷവും ഊർജവും ആണെന്ന്. എന്നാൽ ഇതുവരെ വായിച്ചു പോയ ഒരു പുസ്തകം പോലും എനിക്ക് ഒരുവിധത്തിലുള്ള സന്തോഷമോ ഊർജമോ നൽകിയിട്ടില്ല. ശരിക്കുപറഞ്ഞാൽ പുസ്തകങ്ങൾ എന്റെ വികാരങ്ങളെയും വിചാരങ്ങളെയും തൃപ്തിപ്പെടുത്തുന്നില്ല എന്നുതന്നെ പറയാം.
എങ്കിലും അവർ പറയുന്നതിന് ഞാൻ ചിരിച്ചുകൊണ്ട് പലപ്പോഴും തലയാട്ടാറുണ്ട്. ഞാൻ ചിന്തിക്കാറുണ്ട്, എന്തിനാണ് ഇത്രമാത്രം പുസ്തകങ്ങൾ എഴുതുന്നതെന്ന്. നിഷ്ഫലമായ കുറെ ചിന്തകളുടെ ഒരിടം അല്ലെങ്കിൽ ചിലരുടെ ഭ്രാന്തുകളുടെ പകർപ്പ്, അത്രതന്നെ. ഞാൻ ഈ ലൈബ്രറിയിൽ വന്നയിടയ്ക്ക് പുസ്തകങ്ങളിലൊന്നിൽ വായിച്ചതോർമ വരുന്നു. ലോകത്ത് ഏത് സാഹിത്യവും എഴുതാൻ വെറും ഏഴു പ്ലോട്ടുകളാണ് ഉള്ളതെന്നും അവയെല്ലാംതന്നെ എഴുതിക്കഴിഞ്ഞെന്നും. അപ്പോൾ മുതൽ ഞാൻ ആലോചിച്ചു കൂട്ടിയതാണ് പിന്നെന്തിനാണ് ഇത്രയധികം പുസ്തകങ്ങൾ എന്ന്.
അങ്ങനെ ലൈബ്രറിയെക്കുറിച്ച് ആലോചിച്ചിരുന്നപ്പോഴാണ് ചായക്കടയിലെ ഗോപുവിന്റെ അച്ഛൻ ഒരു ചായയുമായി വന്നു പറഞ്ഞത്, ”അറിഞ്ഞോ, നിങ്ങടെയാ പുസ്തകക്കള്ളി മരിച്ചു പോയെന്ന വാർത്ത വന്നിട്ടുണ്ട്”.
ലൈബ്രറിയിലേക്കുള്ള പത്രം ആദ്യം വീഴുന്നത് ഗോപൂെന്റ ചായക്കടയിൽ ആണ്. എന്നും ഒരു ചായയുമായി ഗോപുവാണ് അത് ഇവിടെ എത്തിക്കാറ്. പത്രം കയ്യിൽ കിട്ടിയാൽ അത് മറിച്ചു നോക്കാൻ പോലും ഞാൻ ശ്രമിക്കാറില്ല. ചിലപ്പോൾ ആദ്യ പേജ്
ഒന്ന് നോക്കും. പിന്നെ അതാ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞിടും. പക്ഷേ എന്നും അടുക്കിവയ്ക്കാൻ നോക്കുമ്പോൾ ന്യൂസ് പേപ്പറിന്റെ പല ഭാഗങ്ങളും ബോംബ് വീണു ചിതറിയ മനുഷ്യശരീരം പെറുക്കി എടുക്കേണ്ടുന്ന അതേ അവസ്ഥയിലായിരിക്കും.
ചിലപ്പോൾ അവയിൽ ചില ഭാഗങ്ങൾ കണ്ടുകിട്ടാറുമില്ല. അന്വേഷണങ്ങൾക്ക് പലപ്പോഴും ഗോപൂന്റെ അച്ഛൻ പറഞ്ഞ പുസ്തകക്കള്ളിയും കൂടിയിരുന്നു. ഇനിയും അവളെ അങ്ങനെ വിളിച്ചാൽ ശരിയാകില്ല.
അവൾക്ക് ആ പേരിട്ടത് ഞാൻ ആയിരുന്നു. ഹേ, അല്ല ഗോപുവായിരുന്നു. ആ ദിവസം എന്നായിരുന്നെന്നോർമകിട്ടുന്നില്ല. എങ്കിലും ലൈബ്രറി രജിസ്റ്ററിൽ വരും മുൻപ് ബുക്ക്
രജിസ്റ്ററിൽ ആണ് അവളുടെ പേര് ആദ്യം രേഖപ്പെടുത്തിയത് എന്നു മാത്രം അറിയാം.
വെറും എട്ട് വയസ്സുള്ള ചുരുണ്ട മുടിയും മെലിഞ്ഞ ശരീരവും ഇരു നിറവും ഉള്ള അവൾ എന്റെ കണ്ണിൽ പെട്ടിട്ട് ആറ് മാസമേ ആകുന്നുള്ളൂ എങ്കിലും ഇന്ന് അവളുടെ ഇഷ്ടവും ഇഷ്ടക്കേടും എല്ലാം എനിക്ക് മനപ്പാഠമാണ്.
അതൊക്കെ നിക്കട്ടെ, അവൾക്ക് പുസ്തകക്കള്ളി എന്ന പേര് വീണത് എങ്ങനെയെന്ന് പറയാം. അത് ഇന്നും ഒരോർമയായ് നില്പുണ്ട്. അവിടുന്നാണ് ഞങ്ങളുടെ ഈ സൗഹൃദവും തുടങ്ങിയതെന്ന് പറയാം.
സാധാരണ ലൈബ്രറിയുടെ നിയമമനുസരിച്ച് മെംബർഷിപ് എടുത്തിട്ട് അഞ്ചു മാസം കഴിഞ്ഞവർക്ക് മാത്രമേ ബുക്കുകൾ കൊടുത്തുവിടുകയുള്ളു. എന്നൽ നേരത്തെ പറഞ്ഞിരുന്നല്ലോ ലൈബ്രറിയുടെ കാര്യത്തിൽ ഞാൻ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല എന്ന്. ഞാൻ ശ്രദ്ധിച്ചില്ലെങ്കിൽ എന്താ, ഗോപു എന്നും ലൈബ്രറിയിൽ വരുന്നവരെ ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അവനെ ഞാൻ സി സി ടി വി എന്നായിരുന്നു വിളിച്ചിരുന്നത്.
സ്കൂളിൽ പോകാൻ അവസരം ഉണ്ടായിട്ടും കൂട്ടുകാരും അധ്യാപകരും തന്റെ ഭാഷയെ കുറ്റം പറയുകയും കളിയാക്കുകയും ചെയ്തതാണ് അവൻ പഠിത്തം നിർത്താൻ കാരണം. അവനാണ് അഞ്ജലിയുടെ കയ്യിലെ ആ മഞ്ഞപ്പുസ്തകത്തിൽ ആദ്യം പിടിവച്ചതും അവളെ പുസ്തകക്കള്ളി എന്ന് വിളിച്ചതും.
ശരിക്ക് പറഞ്ഞാൽ അവൾ അന്നത് മോഷ്ടിച്ചതല്ലായിരുന്നു. മോഷണം കഴിഞ്ഞ ദിനങ്ങളിൽ അവൾക്ക് പ്രവേശനം നിഷേധിച്ചപ്പോഴാണ് അവളുടെ ചേട്ടൻ ആദ്യമായ് എന്റെ അരികിൽ എത്തുന്നതും അവളുടെ അസുഖത്തെക്കുറിച്ച് എന്നോട് പറയുന്നതും. അംനേഷ്യ എന്ന രോഗത്തിന് അടിമയായെങ്കിലും അതിൽ നിന്നും രക്ഷപ്പെടാൻ ഉള്ള തത്രപ്പാടിലാണ് അവളെന്ന്. അതിന്റെ ഭാഗമാണ് ഈ ലൈബ്രറി സന്ദർശനമെന്നും.
ശരിക്കും ബുക്ക് കൊണ്ട് ഒരു ഉപകാരവും ഇല്ല എന്ന് ധരിച്ചിരുന്ന എനിക്ക് അന്നാണ് ബുക്കുകളോടുള്ള വെറുപ്പിൽ ഒരല്പമെങ്കിലും കുറവുണ്ടായത്. അന്നുമുതൽ അവൾക്ക് വേണ്ടി ഞാൻ പുസ്തകങ്ങൾ മാറ്റിവയ്ക്കാൻ തുടങ്ങി. അവൾക്ക് മഞ്ഞ പുറംചട്ടയുള്ള പുസ്തകങ്ങൾ ആണ് ഇഷ്ടം. അതുകൊണ്ടുതന്നെ അങ്ങനെയുള്ള പുസ്തകങ്ങൾ ഞാൻ
തിരയാനും അങ്ങനെയുള്ളവ ഈ ലൈബ്രറിയിൽ ഇടം പിടിക്കാനും തുടങ്ങി. അവളായിരുന്നു ഈ ലൈബ്രറിയിൽ തുടരാൻ എന്നെ പിടിച്ചു നിർത്തിയ ഇഷ്ടങ്ങളിൽ ഒന്നും.
ഞങ്ങളുടെ പ്രതീക്ഷകൾക്ക് അതീതമായി അവളുടെ രോഗത്തിന് ശമനം ഉണ്ടായിത്തുടങ്ങി. പക്ഷേ കഴിഞ്ഞ ഒരു മാസമായി അവളുടെ വരവ് നിന്നു. അവളെ അന്വേഷിച്ചു വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. എന്റെ കണ്ണിനെ മരവിപ്പിക്കുന്ന കാഴ്ച. മഞ്ഞ പുസ്തകങ്ങളുടെ ലോകത്ത് അവയെ കെട്ടിപ്പിടിച്ച് തന്റെ ഓടിട്ട
രണ്ടു മുറികളുള്ള വീട്ടിൽ ഒരു മുറിക്കുള്ളിൽ കണ്ണീരൊഴുക്കി കിടക്കുന്ന എന്റെ പുസ്തക കള്ളിയെയും അവളെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന അവളുടെ ചേട്ടനെയും. എന്നെ കണ്ടപാടെ അവൻ ഓടി വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. അവനെ സമാധാനിപ്പിക്കാൻ ശ്രമി
ച്ചെങ്കിലും അവന്റെ കരച്ചിലിന്റെ തീവ്രത കൂടിവന്നു. അവനെ എന്നിൽ നിന്നും തള്ളി മാറ്റി ഞാൻ അവിടെ നിന്നും ഓടി. അപ്പോഴേക്കും എന്റെ നാവുകൾ വരണ്ടുതുടങ്ങിയിരുന്നു. ഞാൻ അവിടുള്ള ഒരു വീട്ടിൽ ചെന്ന് വെള്ളം കുടിക്കവെയാണ് അവളിൽ അംനേഷ്യ ആയിരുന്നില്ലെന്നും തലച്ചോറിൽ ബാധിച്ച ക്യാൻസർ ആയിരുന്നു അവളുടെ രോഗം എന്നും തിരിച്ചറിയുന്നത്. ഇപ്പോൾ അവൾ രോഗത്തിന്റെ മൂർദ്ധന്യത്തിൽ ആണെന്നും ഇനി രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്നും അവർ പറഞ്ഞു.
അന്ന് മുതൽ ഞാൻ ഈ വാർത്ത പ്രതീക്ഷിച്ചിരുന്നു. ശരിക്കു പറഞ്ഞാൽ ഈ ദിവസത്തിനായി പ്രാർത്ഥിക്കുകയായിരുന്നെന്ന് പറയാം. എന്തായാലും അത് ഇന്നുതന്നെ ആയതും നന്നായി. ഇന്നത്തോടെ എന്റെ ജോലിയുടെ കരാർ അവസാനിക്കുകയാണ്. ഇവിടുന്ന് പോകുമ്പോൾ അവളുടെ വിവരം ഒന്നും അറിയാൻ കഴിയാതെ ഇനി
വിഷമിക്കേണ്ടതില്ലല്ലോ എന്ന സമാധാനമാണ് ഇപ്പോൾ.
അവളെ ഒന്ന് കാണണം എന്നുണ്ട്. പക്ഷേ ഇന്ന് ചാർജ് കൈമാറണം, ബുക്കുകളുടെ വിവരവും; കാത്തിരിപ്പിലാണ്. പുതിയ ലൈേബ്രറിയൻ പന്ത്രണ്ടു മണിക്കുള്ളിൽ എത്തും എന്നാണ് ഐ ടീ ഡി പീ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞത്. അയാൾ വരാൻ ഇനി
കുറച്ചു മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ. അപ്പോഴേക്കും എനിക്കും അവൾ നൽകിയ ഓർമകളെയൊന്ന് പകർത്തേണ്ടിയിരിക്കുന്നു, എന്റെ ഭ്രാന്തുകളെയും! പക്ഷേ എങ്ങനെ തുടങ്ങേണ്ടു എന്നു മാത്രം അറിയില്ല. ഒരുപക്ഷെ അവൾ വായിച്ചു തീരാത്ത മഞ്ഞപ്പുസ്തകങ്ങളിൽ നിന്ന് തുടങ്ങിയാലോ?