പുതിയത് എന്ന അർത്ഥമുള്ള നോവൽ എന്ന വാക്കിൽ നിന്ന്
ഉരുവം കൊണ്ട ഒരു സാഹിത്യരൂപം തീർച്ചയായും പുതുമകളുടെ
വിളംബരം ആയിരിക്കണം ലോകസാഹിത്യത്തിൽതന്നെ ഏറ്റവും
പരീക്ഷണങ്ങൾ നടന്ന ഒരു സാഹിത്യരൂപമാണ് നോവൽ. മലയാള
സാഹിത്യത്തിൽ ഇന്ദുലേഖ മുതൽ ഇങ്ങോട്ട് എല്ലാക്കാലത്തും
നമുക്ക് ഒരുപാട് ഈടുറ്റ കൃതികൾ ഒന്നും ഒന്നിനോട് സാദൃശ്യം
പറയാനാവാത്തതിൻവണ്ണം നല്ല കൃതികൾ ലഭിച്ചിട്ടുണ്ട്. 2017-ൽ
പുറത്തു വന്ന നോവലുകളിലൂടെ കടന്നുപോവുമ്പോൾ അവയിൽ
പലതും ദേശങ്ങളുടെ ചരിത്രം പറയുന്നതിൽ പുലർത്തിയ
പ്രത്യേക ശ്രദ്ധയാണ് അവയെ വേറിട്ടതാക്കുന്നത്. ഒരു ദേശത്തെ
എഴുതുമ്പോൾ ഏതെഴുത്തുകാരനും ആഗ്രഹിക്കുന്നത് ആ ചരി
ത്രത്തിൽ കാണാത്ത വഴികളിലൂടെയുള്ള ഒരു യാത്രതന്നെയാണ്.
ചരിത്രം എന്ന പേരിൽ നാം കേട്ട കഥകൾക്കപ്പുറത്ത് ചരിത്രം
തമസ്കരിച്ച ചില മനുഷ്യരെ പുനരവതരിപ്പിക്കാനുള്ള ഒരു ശ്രമം
കൂടിയാണത്. തനിക്ക് പരിചയമുള്ള ഒരു പ്രദേശത്തെ എഴുത്തിന്റെ
പശ്ചാത്തലമായി സ്വീകരിക്കുന്ന എഴുത്തുകാരന് ആ
സ്ഥലം അത്ര പ്രാധാന്യമൊന്നും ഇല്ലാത്തതാണെന്ന നല്ല
ബോദ്ധ്യവും ഉണ്ടാവാം. അതിനെ മുഖ്യധാരയിലേക്ക് ചേർത്തുനി
ർത്തുകയാണ് എഴുത്തുകാരന്റെ ദൗത്യം. അതൊരു ഊതിപ്പെരുപ്പിച്ച
അവസ്ഥകളാവില്ലേ എന്ന സംശയം ഏതൊരാൾക്കും
സ്വാഭാവികമായി ഉണ്ടാവാം. ഓരോ നാടിനെ പരിചയപ്പെടുത്തി
യപ്പോഴും ഈ എഴുത്തുകാർ അതിശയോക്തിയെ കൂട്ടുപിടിക്കുന്ന
തിനപ്പുറം ചെറിയ ഘടകങ്ങളിൽ പോലും കൃത്യമായ ശ്രദ്ധ പതി
പ്പിച്ചുകൊണ്ട് അവയിലൂടെ കേരളത്തിന്റെ ഒരു ഭൂതകാലത്തെ
പുന:സൃഷ്ടിക്കുന്നു.
മയ്യഴി എന്നൊരു ദേശം മലയാളത്തിന് സ്വന്തമായി പതിപ്പിച്ച്
നൽകിയ എഴുത്തുകാരനാണ് എം. മുകുന്ദൻ. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിലൂ’ടെ
നടത്തി വെള്ളിയാങ്കല്ല് കാണിച്ചുതന്ന് മലയാളിയെ
അത്ഭുതപ്പെടുത്തിയ മുകുന്ദൻ ദാസന്റെ ആത്മസംഘർഷങ്ങളും
അനുഭവിപ്പിച്ചു. പിന്നെ മയ്യഴിയുടെ മുകളിൽ ഒരു സംരക്ഷകനെന്നവണ്ണം
നിൽക്കുന്ന അൽഫോൻസാച്ചനെയും അയാളുടെ മഹാമാന്ത്രികവിദ്യയും
കൊണ്ട് വായനക്കാരനെ അത്ഭുതപ്പെടുത്തി.
‘കുട നന്നാക്കുന്ന ചോയി’യിലൂടെ ഒരിടവേളയ്ക്കുശേഷം വീണ്ടും
ആ ഭാഷയും ദേശവും നാം അറിഞ്ഞു. ഒരു കത്തു സൂക്ഷിക്കാൻ
മാധവൻ എന്ന കൗമാരക്കാരൻ പെടുന്ന പങ്കപ്പാടുകളായിരുന്നു
അതിന്റെ പ്രമേയം. ചോയി എന്ന പട്ടാളക്കാരന്റെ മരണശേഷം
ആ കത്ത് തുറന്നു വായിക്കുന്നതോടെ നോവൽ അവസാനിക്കുന്നു.
ആ വായനയിൽ ഒരു കള്ളത്തരം നടന്നു എന്നും ചോയിയുടെ
ആഗ്രഹം അതായിരുന്നില്ല എന്നുമുള്ള മന:ക്ലേശത്തിൽ ഉരുകുന്ന
മാധവനാണ് ‘നൃത്തം ചെയ്യുന്ന കുടകളി’ലെ കഥാപാത്രം. മാധവന്
ആദ്യനോവലിനേതിനേക്കാൾ പ്രായക്കൂടുതലുണ്ട്. അതുകൊണ്ടുതന്നെ
അവന്റെ മനോവിഷമങ്ങൾക്കും വ്യത്യാസം വന്നി
ട്ടുണ്ട്. തന്റെ ഉള്ളിൽ മറ്റൊരു മാധവനുണ്ടെന്ന് ഒരുപക്ഷേ ഒരുപാട്
മാധവന്മാരുണ്ടെന്ന് പലപ്പോഴും തോന്നുന്നവനാണ് മാധവൻ.
അവന് ഒരു കാര്യത്തിലും വകതിരിവും പഠിപ്പും ഉണ്ടെന്ന് ഒരാൾക്കും
തോന്നിയിട്ടില്ല. അവന്റെ വിദ്യാർത്ഥികൾക്കവനെ ഇഷ്ട
മായിരുന്നു. തന്റെ സഹോദരിയുടെ വിവാഹം ആർഭാടമായി നടത്തുക
എന്ന മോഹം സൂക്ഷിക്കുകയും അതിനുവേണ്ടി അനേകരെ
പിണക്കുകയും ചെയ്യുന്നുണ്ട് അവൻ. തനിയെ ഇരിക്കാൻ
ഇഷ്ടപ്പെടുന്ന അവനെ മനസ്സിലാവുന്നത് ഒരുപക്ഷേ വനജയ്ക്കു
മാത്രമായിരിക്കും. അല്പമൊക്കെ പരിഹസിക്കുമ്പോഴും അവൾ
അത്രമേൽ അവനെ ഇഷ്ടപ്പെട്ടിരുന്നു.
ഒരു കുടുംബം പോലെ ഒരു രഹസ്യവും ഇല്ലാതെ നാം ജീവി
ക്കുകയാണെന്ന നാട്ടുകാരുടെ അഭിമാനമാണ് ആ ദേശത്തെ ജീവി
തം. ഇല്ലായ്മകളും പട്ടിണിയും പരിവട്ടവും ആ ജീവിതത്തിന്റെ
ഭാഗമായി സംഭവിക്കുമ്പോഴും അവർ സന്തോഷമുള്ളവരാണ്. ഒരു
കുടുംബംപോലെ കഴിയുന്നതിനാൽ അവിടെ രഹസ്യങ്ങൾ
പാടില്ല എന്ന ശാഠ്യവും ആ ഗ്രാമവാസികൾക്കുണ്ട്. വനജയുടെ
നിരാഹാരവും ചോയിയുടെ ലക്കോട്ടും എല്ലാവരുടെയും പ്രശ്നങ്ങ
ളാണ്. രാധയുടെ മംഗല്യം നടത്തുക എല്ലാവരുടെയും ആവശ്യ
മാണ്. അതിന് തങ്ങളാൽ കഴിയുന്നത് എല്ലാവരും ചെയ്യുന്നുമുണ്ട്.
ആ വലിയ ദേശത്തെ മുഴുവൻ മനുഷ്യരും ഈ നോവലിൽ കഥാപാത്രങ്ങളാണ്.
ഒരാൾ ചാവുമ്പോൾ അയാളുടെ പേരും ചാവുന്നു
എന്ന് വിശ്വസിക്കുന്ന നൂറ് കുമാരനും ലോകത്തിലെ ഏറ്റവും
വലിയ ജാതി തീയരാണെന്നു വിശ്വസിക്കുന്ന കക്കുയിൽ
തോലനും തന്റെ സഞ്ചിയെ വെറുക്കുന്ന കമ്പി ശിപായി കേശവനും
ഭക്ഷണപ്രിയനായ അന്തോണി സായ്വും വിദ്വാനായ
കുഞ്ഞിരാമൻ മാഷും എന്നിങ്ങനെ എത്രയോ പേരാണ്. ഇവരിൽ
ഓരോരുത്തരും വളരെ ചെറിയ ഒരു സമയമേ നോവലിൽ കടന്നുവരുന്നുള്ളൂ
എങ്കിലും അവരവരുടെ വ്യക്തിത്വത്തോടെയാണ്
ഓരോരുത്തരും പ്രത്യക്ഷപ്പെടുന്നത്. മയ്യഴി എന്ന നാടിന്റെ താളം
നിറഞ്ഞ ഒരു ഭാഷയുടെ സൗന്ദര്യം കൂടിയാണ് മുകുന്ദൻ എല്ലാ
കൃതികളിലൂടെയും പകർന്നുതന്നത്. ബോഗെൻവില്ലയെ കടലക്കപ്പൂവ്
എന്നും മേഫ്ളവറിനെ കൊയ്യേത്തിപ്പൂവെന്നും ചെമ്പരത്തിയെ
താളിപ്പൂവെന്നും വിളിക്കുന്ന മയ്യഴിക്കാർ വളരെ ചെറിയ
ആഗ്രഹങ്ങളുമായി ജീവിച്ചവരാണ്. ദൈവത്തെ കാണാൻ
പോവുന്ന വിദ്വാൻ കുഞ്ഞിരാമൻ മാഷോട് അവർ ഓരോരുത്തരും
ആവശ്യപ്പെടുന്ന സാധനങ്ങളുടെ പട്ടിക കണ്ടാൽ ഈ ആഗ്രഹങ്ങളുടെ
വലിപ്പം മനസ്സിലാവും. നൂറ് കുമാരന് ഒരു കറുത്ത കണ്ണ
ട, ഈർച്ചക്കാരന് ഒരു ഈർച്ചവാൾ. മാധവി അമ്മായിക്ക്
ലിപ്സ്റ്റിക്ക്. ആന്റണിപോലീസിന് ഒരു വെള്ള മുത്തുമാല.
ഇങ്ങനെ പോവുന്ന ചെറിയ ആവശ്യങ്ങൾ. പക്ഷേ അവരോരോരുത്തരും
ആകാംക്ഷയുള്ളവരായിരുന്നു. ആ നാടിന് രഹസ്യങ്ങൾ
പാടില്ലെന്ന് ശാഠ്യമുള്ളവരുമായിരുന്നു. ആ ആകാംക്ഷയും ശാഠ്യ
വുമാണ് കുട നന്നാക്കുന്ന ചോയിയും അതിൽ നിന്ന് നൃത്തം
ചെയ്യുന്ന കുടകളും ഉണ്ടാവാൻ കാരണം.
ശരാശരി മധ്യതിരുവിതാംകൂർ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം
തന്റെ കുടുംബത്തിൽ ഒഴികെ ഈ ലോകത്ത് എന്തു നടന്നാലും
അതൊന്നും അവരെ ബാധിക്കാറില്ല. ലോകത്തോട്
പൊതുവായ ഒരു പുച്ഛഭാവം സൂക്ഷിക്കുകയും ഓരോ വാക്കിലും
അത് പ്രകടമാക്കുകയും ചെയ്യും. പക്ഷേ പള്ളി ഇടവക അതിന്റെ
ഭരണം എന്നിത്യാദി കാര്യങ്ങളിൽ ഇതേ ആൾക്കാർ വളരെ ഉത്സാഹികളാവും.
ആ ആവേശപൂർവമായ ഇടപെടലുകളും വാശികളും
സ്വരൂപിക്കുന്ന വഴക്കുകൾ പിന്നീട് സദാ വഴക്കുകളായി പരിണമി
ക്കുകയും സമാധാനം കെടുത്തുകയും ചെയ്യും. പക്ഷെ പാരമ്പ
ര്യവും വിശ്വാസവും മുറുകെ പിടിക്കണം എന്ന മന്ത്രത്തോടെ ഈ
വഴക്കുകൾ അവർ പിൻതലമുറയിലേക്ക് പകർന്നുകൊടുക്കുകയും
ചെയ്യും. ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ’
എന്ന നോവലിലൂടെ പത്തനംതിട്ട ജില്ലയിലെ മാന്തളിർ എന്ന
ചെറിയ ഒരു ദേശവും അവിടുത്തെ ഒരു പള്ളിയും ബെന്യാമിൻ മലയാളിവായനക്കാരെ
പരിചയപ്പെടുത്തിയിരുന്നു. ഓർത്തഡോക്സ്
പാത്രിയർക്കീസ് വിഭാഗക്കാർ തമ്മിലുള്ള സദാ വഴക്കുകളുടെയും
കേസുകളുടെയും പശ്ചാത്തലത്തിലായിരുന്നു ആ നോവൽ രചി
ക്കപ്പെട്ടത്. അതേ പശ്ചാത്തലത്തിൽ വന്ന ബെന്യാമിന്റെ പുതിയ
നോവലാണ് ‘മാന്തളിരിലെ ഇരുപത് പ്രവാസ വർഷങ്ങൾ’.
മാന്തളിർ മത്തായിയുടെ രണ്ടാമത്തെ മകൻ ദാനിയുടെ മകനായ ബാലന്റെ കാഴ്ച
പ്പാടിലൂടെയും വളർച്ചയിലൂടെയും വിലയിരുത്തലുകളിലൂടെയും
പുരോഗമിക്കുന്ന നോവലിൽ സംഭവബഹുലമായ ഒരു കാലഘട്ടം
കൂടി കടന്നുവരുന്നു. മാന്തളിർ മത്തായിയുടെ മൂത്തമകൻ
കുഞ്ഞൂഞ്ഞ് ദീർഘകാലത്തെ പട്ടാളജീവിതത്തിനുശേഷം നാട്ടി
ലെത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അദ്ദേഹം
പഞ്ചാബിയായ ഭാര്യയെയും അഞ്ച് മക്കളെയും കൂട്ടിയാണ് വന്ന
ത്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോവുകയും സന്ധ്യാനമസ്കാരം
മുടക്കാതെ ഇരിക്കുകയും ചെയ്യുന്ന മാന്തളിർ വീട്ടിലേക്കാണ്
വൈകുന്നേരം ചീട്ടുകളിക്കുകയും വേദപുസ്തകത്തിനു പകരം
ദാസ് ക്യാപ്പിറ്റൽ വായിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ കടന്നുവരുന്നത്.
കഥാഖ്യാതാവായ മോഹൻ വേഷത്തിലും അറിവിലും
ഭാഷയിലും അവർക്കു മുന്നിൽ മുട്ടുകുത്തി. പലപ്പോഴും നാണം
കെട്ടു. കോമ്രേഡ് എന്ന സംബോധനയ്ക്കു മുന്നിൽ ചൂളി നിന്നു.
ഒരു അടിയുറച്ച സുറിയാനി ക്രിസ്ത്യാനിവീടിന്റെ അന്തരീക്ഷത്തി
ലേക്ക് എത്തുന്ന കമ്മ്യൂണിസ്റ്റ് അവസ്ഥാവിശേഷങ്ങളെ എങ്ങനെയാണ്
ബാക്കി ജനം പരിഭ്രമത്തോടും ഭയത്തോടും കൂടി സ്വീകരി
ക്കുന്നതെന്നാണ് ഈ നോവലിന്റെ ഒരു ഭാഗം. ഒരു സമാന്തര
ജീവിതം ആ നാട്ടിൽ ഉണ്ടാവുന്നു. ദേശാഭിമാനി പത്രത്തോടുള്ള
വെറുപ്പുപോലും എത്രമാത്രമായിരുന്നു എന്ന് ഇതിലൂടെ വ്യക്ത
മാവുന്നു. അന്തിക്രിസ്തുവിന്റെ പത്രമായിട്ടാണ് അത് വിശേഷിപ്പി
ക്കപ്പെടുന്നത്. ഈ വെറുപ്പുകളുടെയും ബഹളങ്ങളുടെയും
ആക്രോശങ്ങളുടെയും ഇടയിലും ആ വന്ന ഏഴുപേരും അവരുടെ
വിശ്വാസങ്ങളിലൂടെ മുന്നോട്ടുപോയി. മാന്തളിർ കുഞ്ഞൂഞ്ഞ്
എന്ന കഥാഖ്യാതാവിന്റെ വല്യച്ചായനിലൂടെ കുളനട എന്ന ഗ്രാമത്തെയും
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ നാട്ടിലെ വളർച്ചയെയും
ബെന്യാമിൻ പരിചയപ്പെടുത്തുന്നു. പാർട്ടിയിൽ അടിയുറച്ചു വിശ്വ
സിച്ചിരുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് സൗകര്യത്തിനും ഭരണത്തിനും
വേണ്ടി പാർട്ടി കൈക്കൊള്ളുന്ന നയങ്ങളും തീരുമാനങ്ങളും
ബാധിക്കുന്നത് എന്നതും കുഞ്ഞൂഞ്ഞിന്റെ ജീവിതത്തി
ലൂടെ നോവലിസ്റ്റ് തെളിയിക്കുന്നു. ആ മനുഷ്യൻ സഭാവിശ്വാസിയും
അതിന്റെ ചട്ടങ്ങൾ അനുസരിക്കുന്നവനുമായി മാറുന്നത്
തന്റെ വിശ്വാസമൂല്യങ്ങൾ തകർന്നത് പാർട്ടിയുടെ തത്വസംഹിതകളിൽ
വന്ന വിള്ളലുകൾ കണ്ടിട്ടുതന്നെയാണ്.
മാന്തളിർ പള്ളിയിലെ വഴക്കുകൾ ഒരു ക്രമപ്രശ്നമായി മാറുകയും
പള്ളിയിൽ സംഘർഷരൂക്ഷമാവുകയും ചെയ്തതോടെ പള്ളി
അടച്ചുപൂട്ടാൻ ആലപ്പുഴ ആർ.ഡി.ഒ. ഉത്തരവിടുന്നതുമാണ്
നോവലിന്റെ മറ്റൊരു ധാര. അങ്ങനെ രണ്ടു വിഭാഗക്കാരും രണ്ട്
ചാപ്പലുപള്ളികളിൽ (ചെറിയ പള്ളി) ഒരുങ്ങുന്നു. പക്ഷേ വേണ്ടി
ടത്തും വേണ്ടാത്തിടത്തും വാശികൾ സൂക്ഷിക്കുന്നു. അതിലേറെ
ചാപ്പലുപള്ളിയിലെ മത്സരങ്ങൾ. ഓർത്തഡോക്സ് വിഭാഗത്തിൽ
പിന്നീടു വന്ന ആശയസംഘർഷങ്ങൾ. അതിനൊക്കെ
ഇവിടെ കൂടുതൽ പ്രാധാന്യം. കുളനട എന്ന ഗ്രാമത്തിൽ
ജീവിച്ചിരുന്ന അനേകം ആളുകൾ ഇതിലെ കഥാപാത്രങ്ങളാണ്.
എന്നാലും ശ്രദ്ധാർഹനായ കഥാപാത്രം മാന്തളിർ കുഞ്ഞൂഞ്ഞ്
ഒന്നാമനാണ്. ‘സഫ’യ്ക്കുവേണ്ടി ജീവിക്കുകയും കേസു നടത്തുകയും
കമ്മ്യൂണിസ്റ്റുകാരെ വെറുക്കുകയും പുതിയ തലമുറ അങ്ങോട്ട്
വഴിതെറ്റാതെ കാത്തുരക്ഷിക്കുകയും ചെയ്യുന്ന വ്യക്തി. വഴക്കാളികളുടെ
വേദപുസ്തകം എന്നൊന്ന് ഉണ്ടെന്നും അതിൽ സിനിമ
കാണുക, ചീട്ടു കളിക്കുക, മറ്റുള്ളവരെ പരിഹസിക്കുക എന്നതിന്
പ്രത്യേകം ശിക്ഷകൾ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞുനടക്കുന്ന ഈ
വല്യപ്പൻ സ്വന്തം സ്വാധീനം ഉപയോഗിച്ച് ചെയ്തുവയ്ക്കുന്ന അനേകം
പ്രവൃത്തികളാണ് ആ ഇരുപത് വർഷങ്ങളെ സമ്പന്നമാക്കുന്നത്.
ഫ്രാൻസിസ് നൊറോണയുടെ ആദ്യനോവലാണ് ‘അശരണരുടെ
സുവിശേഷം’. കേരളത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിലെ
ജീവിതമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഒരു അൻപതു വർ
ഷക്കാലത്തിന്റെ കഥ കൂടിയാണത്. പാവപ്പെട്ട കുറെ മനുഷ്യർ
കഷ്ടതകളോടെ ജീവിച്ച കാലങ്ങളുടെ കഥകൾ. മനുഷ്യരുടെ
ഉള്ളം തണുപ്പിക്കുന്ന ഒരു കടൽസാന്നിദ്ധ്യമാണ് ഈ നോവലിന്റെ
പ്രത്യേകത. കത്തോലിക്ക വിശ്വാസികളുടെ ആചാരങ്ങളുടെയും
അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു വലിയ
ലോകം ഇതിലൂടെ തുറക്കപ്പെടുന്നു. തീണ്ടലും തൊടീലും നിലനിന്നിരുന്ന
കാലത്ത് അതിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ട്
ഒരു ജനസമൂഹം ഈ മനോഹര കേരളത്തിൽ സങ്കടത്തോടെ
ജീവിച്ചിരുന്നു എന്ന ഓർമപ്പെടുത്തൽ ഈ നോവൽ പകർന്നുതരുന്നു.
രാജാവിന്റെ തിരുനാളാഘോഷത്തിൽ അടിയാക്കുട്ടികൾക്ക്
മണലിട്ട അവിൽ നൽകുന്നതിലൂടെ വിൽക്കാൻ കൊണ്ടുചെ
ല്ലുന്ന സാധനം വില്പന കഴിയുന്നതു വരെ തലയിലേറ്റി നിൽക്കേ
ണ്ടിവരുന്നതിലൂടെ സവർണർ അനുഭവിച്ചിരുന്ന ആത്മസംതൃപ്തി
അവതരിപ്പിക്കപ്പെടുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ നിന്നാണ് ജോസഫിന്റെയും
മേരിയുടെയും മകൻ റൈനോൾഡ് സെമിനാരിയിൽ എത്തുന്നത്.
പൊതുസമൂഹത്തിലെ തീണ്ടൽ തൊടീലിനേക്കാൾ ഭീകരമായ
വിവേചനങ്ങളാണ് അവിടെ ആ ചെറുപ്പക്കാരൻ അനുഭവിക്കുന്ന
ത്. പട്ടം കിട്ടിക്കഴിയുമ്പോൾ അനാഥാലയത്തിന്റെ ചുമതല
സ്വയം ഏറ്റെടുക്കുന്ന ആ യുവപുരോഹിതൻ സഭയ്ക്കുള്ളിൽ നിന്നും
അതിന്റെ മേലാളന്മാരിൽ നിന്നും നേരിടുന്ന അപമാനങ്ങളാണ്
ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. വെള്ള തേച്ച ശവക്കല്ലറകളാണ്
സഭകളുടെ തലതൊട്ടപ്പന്മാർ എന്ന പറച്ചിലിനെ അന്വർ
ത്ഥമാക്കുന്ന വാക്കും പ്രവൃത്തിയും കൊണ്ട് ഇവർ ‘വലിയവരാവുന്നു’.
അനാഥാലയമൊക്കെ ഇവരുടെ പുറംമോടികളാണെന്നും
യാതൊരു ആത്മാർത്ഥതയും അത്തരം പ്രവൃത്തികൾക്കു
പിന്നിൽ ഇല്ലെന്നും ഓരോ വാക്കും വ്യക്തമാക്കുന്നു. റൈനോൾഡ്
അച്ചൻ ആ കുഞ്ഞുങ്ങളെ സ്നേഹിച്ചു. അവരോട് തന്നെ
അപ്പാ എന്നു വിളിക്കാനാവശ്യപ്പെട്ടു. സുഖസൗകര്യങ്ങളുടെ വഴി
കൾ ഉപേക്ഷിച്ചു. പൗരോഹിത്യം ഒരു ജീർണതയാണെന്ന് തിരി
ച്ചറിഞ്ഞ് സ്ഥാപനവത്കരിക്കപ്പെട്ട അത്തരം കെട്ടുപാടുകളെ
ഉപേക്ഷിച്ചു. അതിന് അയാൾ കൊടുക്കേണ്ടി വന്ന വിലയും ഏൽ
ക്കേണ്ടിവന്ന പരിഹാസവുമാണ് ഈ നോവലിന്റെ അടിത്തറ.
സുഖലോലുപതയിൽ ആണ്ടുമുങ്ങി ജീവിക്കുന്നവരാണ് പുരോഹി
തന്മാർ എന്ന ധാരണയെ ഈ നോവൽ തിരുത്തിയെഴുതുന്നു. ആ
അനാഥക്കുട്ടികളുടെ നിലവിളികളും നൊമ്പരങ്ങളും വായനയ്ക്കുശേഷവും
നമ്മെ പിന്തുടരുകതന്നെ ചെയ്യും.
‘അറബിക്കടലോരം’ എന്ന യു.എ. ഖാദറിന്റെ നോവലും കേരളത്തിന്റെ
പടിഞ്ഞാറൻ തീരത്തിന്റെ കഥയാണ്. ഇവിടെ പരാമർ
ശിക്കപ്പെടുന്നത് വടക്കൻ പ്രദേശങ്ങളാണ്. അവിടെ കടലിനോട്
ചേർന്നു ജീവിക്കുന്ന പാവപ്പെട്ട മുസ്ലിം ജനതയാണ്. കടലിൽ
പോയി മീൻ പിടിച്ച് പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും
നോമ്പും വിശ്വാസവും ആചാരവും മുടക്കാത്ത ഒരു ജനസമൂഹം
അവരുടെ സാധാരണ ജീവിതം സന്തോഷകരമായി ജീവിച്ചുപോരുന്നു.
അതിനിടയിലേക്കാണ് ഒരു തരത്തിലുള്ള വെളിച്ചവും
അറിവും ഒരു സമൂഹത്തിലേക്ക് കടന്നുവരരുത് എന്ന് ആഗ്രഹമുള്ള
കുറെ പ്രമാണിമാർ അവരുടെ വാശി ജയിപ്പിക്കാൻ തീരുമാ
നിക്കുന്നത്. പഴഞ്ചൻ വിശ്വാസികളായ മുസലിയാരന്മാരും
പുത്തൻ രീതിക്കാരായ മൗലവിമാരും തമ്മിലുള്ള വിശ്വാസ സംഘർഷങ്ങളാണ്
ഈ നോവലിന്റെ അടിസ്ഥാന പ്രമേയം. മലയാളത്തിൽ
ജൂമ നടത്തുന്നു എന്നതിന് ഖാസിയും നാടകം അവതരി
പ്പിക്കുന്നു എന്ന കുറ്റത്തിന് ശെരീഫും പ്രതിക്കൂട്ടിലാവുന്നു.
അയിശു എന്ന പെൺകുട്ടിയെ അബൂബക്കർ വിവാഹം കഴിക്കുന്നതിനെതിരെ
മമ്മത് മൂപ്പൻ എന്ന പ്രമാണി ഉണ്ടാക്കുന്ന പ്രതി
സന്ധികളാണ് നോവലിന്റെ പ്രധാന അന്തർധാര. എന്തും
ചെയ്യാൻ മടിക്കാത്ത ക്രൂരതകൾക്കെതിരെ പുതിയ തലമുറയുടെ
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ജയിക്കുന്നു.
ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട്
ഇരിഞ്ചിയം രവി രചിച്ച ബ്രഹദ് നോവലാണ് ‘ഗുരുമാനസം’.
ഹെലൻ ക്രിസ്റ്റാ എന്ന വിദേശി തിരുവിതാംകൂറിന്റെ ചരിത്രം പഠി
ക്കാനായി വരികയും നാല്പത്തിയാറു വർഷം കേരളത്തിൽ താമസിക്കുകയും
ചെയ്തു. അവരുടെ കാഴ്ചപ്പാടുകളിലൂടെ ഇതൾ വിരി
യുന്നതാണ് ഈ നോവൽ. ഹെലൻ ക്രിസ്റ്റാ നാരായണഗുരുവിന്റെ
ആദർശങ്ങളിൽ ആകൃഷ്ടയാവുന്നു. അതിലൂടെ അവർ കേരളത്തിലെ
അനാചാരങ്ങളെ അടുത്തറിയുന്നു. സ്ര്തീകളോട് പെരുമാറ്റത്തിലെ
അപഹാസ്യത തിരിച്ചറിയുന്നു. വസ്ര്തം ധരിക്കാനുള്ള
ആഗ്രഹം കൊണ്ട് മതം മാറി വന്നവരുടെ സങ്കടങ്ങൾ ഏറ്റുവാങ്ങുന്നു.
ചരിത്രം എന്ന തരത്തിൽ നാം പാഠപുസ്തകങ്ങളിൽ പരിചയി
ച്ചതൊന്നുമല്ല യഥാർത്ഥ ചരിത്രം എന്നുകൂടി ഈ നോവൽ പറഞ്ഞുതരുന്നു.
സ്ര്തീകളെ ഉപദ്രവിക്കാൻ ഭരണാധികാരികൾ കൂട്ടുനിൽക്കുക
എന്ന ദുര്യോഗം പോലും ഈ ചരിത്രത്തിന്റെ ഭാഗമാണ്.
ഏതായാലും കേട്ടുപഴകിയ എത്രയോ ധാരണകളെ കീഴ്മേൽ
മറിച്ചിട്ടുകൊണ്ട് ഈ നോവൽ നിൽക്കുന്നു.
ജന്മി-കുടിയാൻ സമ്പ്രദായങ്ങൾക്കെതിരെ പോരാടി ജയിച്ച
കർഷകരുടെ കഥയും വള്ളുവനാട്ടിലെ കർഷകസംഘത്തിന്റെ
വളർച്ചയുമാണ് ആര്യൻ കണ്ണന്നൂരിന്റെ ‘കാലമാപിനി’. കേരളത്തിന്റെ
പൂർവകാലങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്
ഈ കൃതിയും. ജന്മിയും കാര്യസ്ഥനും കുറ്റിപ്പിരിവുകാരനും
പാട്ടവും കുടിശ്ശികയും ചേർന്ന് കശക്കിയെറിഞ്ഞ കുറെ ജീവിതങ്ങളാണ്
നാം പരിചയപ്പെടുന്നത്. അവർക്ക് ഒരു മോചനം എന്ന
നിലയിലാണ് കർഷകപ്രസ്ഥാനം കടന്നുവന്നത്. അതിന്റെ വളർച്ചയിൽ
ഭ്രാന്തു പിടിക്കുന്ന ജന്മിമാരുടെ കോപ്രായങ്ങൾ എന്നി
വയൊക്കെ ഇവിടെയുണ്ട്. വായനശാല സ്ഥാപിക്കുന്നതിലൂടെ
വിദ്യാഭ്യാസത്തിലൂടെ ഇവയ്ക്കെതിരെ പോരാടാനാവൂ എന്ന് വിശ്വ
സിക്കുന്ന സഖാവ് ഗോദനും എഴുത്തച്ഛൻ മാഷുമൊക്കെ ഏതെങ്കിലും
രൂപത്തിലും ഭാവത്തിലും പേരുകളിലും കേരളത്തിലെ
എല്ലാ സ്ഥലങ്ങളിലും ജീവിച്ചിരുന്നു. അവർ ഇരുളടഞ്ഞ അദ്ധ്യായങ്ങളിൽ
നിന്ന് കേരളചരിത്രത്തെ മോചിപ്പിച്ചു. കണ്ടൻ നായരെപ്പോലെയുള്ള
ജന്മികളെ തോല്പിച്ചു. അവരുടെ ചതികളെ
പൊതുജനത്തിന് മനസ്സിലാക്കിക്കൊടുത്തു. മാറ് മറച്ചു എന്ന
കാരണത്താൽ ചെയ്ത പണിക്ക് വല്ലി (കൂലി) പോലും നിഷേധി
ക്കപ്പെട്ടിരുന്ന ചക്കിമാരുടെ കണ്ണീരു കൂടി വീണതാണ് കേരളത്തിന്റെ
സമ്പന്ന സംസ്കാരം എന്ന് ഈ നോവലും ഓർമപ്പെടുത്തുന്നു.
ആന എന്ന വലിയ ജീവിയെ അത്ഭുതത്തോടും ആദരവോടും
കണ്ടിരുന്നവരാണ് നാം മലയാളികൾ. കാട്ടിലായാലും നാട്ടിലായാലും
അവയുടെ നിലനില്പ് അപകടകരമാംവിധം ഭീഷണിയേൽക്കുന്നു
എന്നതൊരു വാസ്തവമാണ്. കാട്ടിലെ ആനകൾ വേട്ടയാടപ്പെടുന്നതിനപ്പുറം
ഇന്ന് നേരിടുന്ന അനേകം നിലനില്പ് ഭീഷണി
കളുണ്ട്. അവയിലൂടെ കടന്നുപോവുകയും കാട് മറ്റൊരു ലോകമാണെന്ന്
നമ്മെ ഓർമപ്പെടുത്തുകയുമാണ് ജയമോഹനന്റെ
‘ആനഡോക്ടർ’ എന്ന നോവൽ. ഡോ. വി.കെ. കൃഷ്ണമൂർത്തി
എന്ന വെറ്റിനറി ഡോക്ടറെ പ്രധാന കഥാപാത്രമാക്കിയ ഈ
നോവൽ കാട് തലയ്ക്കു പിടിച്ചാൽ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റി പറയുന്നു.
കാട്ടിലേക്കെത്തുന്ന ഓഫീസറന്മാരോട് മറ്റുള്ളവർ പറയുകയും
ഉപദേശിക്കുകയും ചെയ്യുന്ന ഒരു കാര്യം കാട് ഒരു ചിലന്തി
യാണ് എന്നതാണ്. കാടിന്റെ അപാരതയെ വെറും സംഖ്യകളായി
കാണുന്നവർക്കു മാത്രമേ ഇങ്ങനെ കരുതാനാവൂ.
കാട് ഇന്ന് നിഗൂഢമായ സൗന്ദര്യം പേറി നിൽക്കുന്ന ഇടമൊന്നുമല്ല.
അത് അഡ്വഞ്ചർ ടൂറിസത്തിന്റെ വഴികളാണ്. കാട് ഒരു
ജൈവവ്യവസ്ഥയാണ് എന്ന് ഉൾക്കൊള്ളാനാവാത്ത ഒരു
സമൂഹം കാട്ടിലേക്ക് പ്രവേശിക്കുമ്പോൾ വരുന്ന കെടുതികളാണ്
ഈ നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അവർ വലിച്ചെറി
യുന്ന പ്ലാസ്റ്റിക്കും ബിയർ കുപ്പികളും എങ്ങനെ കാടിന്റെ ജീവി
തത്തെ ബാധിക്കുന്നു എന്നുമാണ് ഇതിലൂടെ നാം അറിയുന്നത്.
കാലിൽ കുപ്പിച്ചില്ലു തറഞ്ഞുകയറി ആന എത്രയോ നടന്ന് ആനഡോക്ടറുടെ
അടുത്തെത്തുമ്പോൾ കാട്ടുനായ്ക്കൾ അദ്ദേഹത്തെ
കാത്തുനിൽക്കുമ്പോൾ അവർക്കിടയിൽ രൂപപ്പെടുന്ന വിനിമയം
നമ്മെ അത്ഭുതപ്പെടുത്തും. കണ്ണടച്ചാലും ഒപ്പമുള്ള കാട് എന്ന് ജയമോഹൻ
ഇതിൽ പറയുന്നുണ്ട്. അങ്ങനെയുള്ള നസീർതന്നെ
യാണ് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.
വളരെ വ്യത്യസ്തമായ ചില നോവലുകൾ കൂടി 2017-ൽ ലഭിച്ചു.
അതിലൊന്ന് ഇ.കെ. ഷീബയുടെ ‘മഞ്ഞനദികളുടെ സൂര്യനാ’ണ്.
കേരളത്തിൽ സജീവമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ
കഥ പറയുന്ന ഒരു നോവൽ എന്നതിനെ വിശേഷിപ്പിക്കാമോ
എന്ന സംശയം ”സിനിമയായാലും പുസ്തകമായാലും അവർ
അനുഭവിച്ചതിന്റെ കാൽഭാഗമേ അവതരിപ്പിക്കാനാവൂ. വസന്ത
ത്തിന്റെ ഇടിമുഴക്കത്തില വെന്തു വെണ്ണീറായ അവരുടെ സ്വപ്ന
ങ്ങൾ പ്രതീക്ഷകൾ ജീവിതം അതെല്ലാം എഴുതി ഫലിപ്പിക്കാൻ
ആരെക്കൊണ്ടാവും എന്ന ചോദ്യം ഈ കൃതിയിൽത്തന്നെ ഉള്ള
തിനാലാണ്. നിരുപമയുടെ അന്വേഷണങ്ങളിലൂടെയാണ്
നോവൽ പൂർത്തിയാവുന്നത്. രഞ്ജൻ, അലിഭായി, ദുർഗാപ്രസാദ്
എന്നീ മനുഷ്യരിലൂടെയും. അതെ, ഇവരൊക്കെ വസന്തത്തിന്റെ
ഇടിമുഴക്കത്തിനായി കാതോർത്ത് ഇരുന്നവരായിരുന്നു. മിനി
പി.സി.യുടെ ‘കാന്തം’. അനാർക്കലിയുടെ ‘മലക്കുകളുടെ കണക്കുപുസ്തകം’,
ലിജി മാത്യുവിന്റെ ‘ദൈവാവിഷ്ടർ’, ബീനയുടെ ‘ഒസ്സാത്തി’
എന്നിവയും 2017-ന്റെ സംഭാവനകളായിരുന്നു.
അറുപത്തിനാല് കാമകലകളുടെ തത്ത്വങ്ങളെ നാല്പത് കഥകളിലൂടെ
അവതരിപ്പിച്ച വളരെ വ്യത്യസ്തമായൊരു നോവലാണ്
പ്രദീപ് ഭാസ്കറിന്റെ കാമാഖ്യ. കാമാഖ്യ ഒരു ഉപാസനയുടെ
പേരും അതേസമയം ആസാമിലെ ഒരു സ്ഥലത്തിന്റെ പേരുമാണ്.
ഭാരതീയ താന്ത്രിക പൂജയുടെ വലിയൊരു ലോകം ഈ നോവൽ
തുറന്നുതരുന്നു. അല്പം മനസ്സിരുത്തി വായിക്കാൻ വായനക്കാരനോട്
ആവശ്യപ്പെടുന്ന ഒരു കൃതികൂടിയാണിത്.
റേഷൻ കടകളുടെ ചരിത്രവും റേഷനരി മലയാളിസമൂഹത്തെ
എങ്ങനെ പരിപോഷിപ്പിച്ചു എന്നും പറഞ്ഞുതരുന്ന ഒരു നോവൽ
കൂടി പരാമർശിക്കേണ്ടിയിരിക്കുന്നു. അത് മജീദ് മൂത്തേടത്തിന്റെ
‘ഒരു പോങ്ങ റേഷനരി’യാണ്. സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റിൽ
ജോലി ചെയ്യുന്നതുകൊണ്ടുതന്നെ ഇതിന്റെ പശ്ചാത്തലവും
മറ്റും രൂപപ്പെടുത്തുവാൻ മജീദിന് കഴിഞ്ഞിട്ടുമുണ്ട്.
നോവലുകൾ എന്നും പുതിയവ. പുതിയ വായനക്കാർ ആവശ്യപ്പെടുന്നവ.
അവ അനുവാചകരെ തൃപ്തിപ്പെടുത്തുന്നവ.
ഇത്തരം എല്ലാ സങ്കല്പങ്ങളെയും സാക്ഷാത്കരിക്കാൻ പര്യാപ്ത
മായവയാണ് 2017 നമുക്കു തന്ന നോവലുകൾ. വായന ഒരാഘോഷമാക്കാൻ
നമ്മോട് പറയുന്നവ. വീണ്ടും വീണ്ടും വായിക്കാൻ നിർ
ബന്ധിക്കുന്നവ.