ജാതിവ്യവസ്ഥ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സമൂലം ഗ്രസിച്ചിരിക്കുന്ന ഒരു ദുര്‍ഭൂതമാണ്. കേരളത്തിലും ഇന്ത്യയിലെ വന്‍നഗരങ്ങളിലും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ സാധാരണമല്ലെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പീഡനത്തിനിരയാവുന്ന ദലിതുകളുടെ സംഖ്യ ഒട്ടും കുറഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും ഹൈദരാബാദ് യൂണിവേഴ്സിറ്റി പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘തിളങ്ങുന്ന ഗുജറാത്തി’ലെ യുന പോലെയുള്ള ഗ്രാമപ്രദേശങ്ങളിലും ദലിതര്‍ സുരക്ഷിതരല്ല. നിയമങ്ങളുടെ അഭാവമല്ല ഇതിനു കാരണം; മറിച്ച് അക്രമങ്ങള്‍ക്കെതിരെയുള്ള അധികാരികളുടെ മന:പൂര്‍വമുള്ള കണ്ണടയ്ക്കലാണ്. പലേടത്തും അധികാരകേന്ദ്രങ്ങള്‍ക്ക് മുമ്പിലാവും അതിക്രമങ്ങള്‍ അരങ്ങേറുക.
ദലിത് കുടുംബങ്ങളെ കൂട്ടത്തോടെ ഗ്രാമത്തിനു പുറത്താക്കുക, അവരുടെ സ്ത്രീകളെ മാനഭംഗം ചെയ്യുക, അവരുടെ കുട്ടികളെ സ്കൂളില്‍ കയറ്റാതിരിക്കുക, അവരുടെ ഭൂമി തട്ടിയെടുക്കുക തുടങ്ങി നീചമായ നടപടികളാണ് പലയിടത്തും ഉന്നത ജാതിക്കാര്‍ കൈക്കൊള്ളുന്നത്. രോഹിത് വെമുലയെ പോലെ ബുദ്ധിയും കഴിവുമുള്ള യുവാക്കളെയാകട്ടെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് വഴിതെളിക്കുന്നു. ഇവിടെയെല്ലാം രാഷ്ട്രീയക്കാര്‍തന്നെ കുറ്റവാളികളെ രക്ഷിക്കാനെത്തുന്നു. സവര്‍ണ മേധാവിത്വം നിലനിര്‍ത്താനും മനുസ്മൃതി സാമൂഹ്യക്രമമായി ഉയര്‍ത്തിപ്പിടിക്കാനുമുള്ള ശ്രമമാണ് ബിജെപി പോലെയുള്ള വര്‍ഗീയ പാര്‍ട്ടികള്‍ നടത്തിവരുന്നത്.
ദലിതര്‍ക്ക് ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വം ഇല്ലായെന്നതാണ് ഇതിന്റെയൊക്കെ പ്രധാന കാരണം. ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഒരുറച്ച സാന്നിദ്ധ്യമാണെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലും അതല്ല സ്ഥിതി. മഹാരാഷ്ട്രയില്‍ അംബേദ്കര്‍ തുടക്കമിട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇന്ന് നൂറ്റമ്പതോളം ഘടകങ്ങളുണ്ട്. മാത്രമല്ല, മറ്റ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളിലും, അത് കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാലും, ഉന്നത നേതൃസ്ഥാനത്ത് ഒരു ദലിതനെത്തുകയെന്നത് വളരെ അപൂര്‍വമാണ്. പൊതുവെ പഞ്ചായത്ത് തലത്തില്‍തന്നെ അവരെ ഒതുക്കിനിര്‍ത്തുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്. സംവരണം മൂലം ഉദ്യോഗസ്ഥതലത്തില്‍ കുറെയൊക്കെ കയറിപ്പറ്റാനായി എന്നതൊഴിച്ചാല്‍ സാമൂഹ്യരംഗത്ത് ഇപ്പോഴും ദലിതര്‍ അസ്പൃശ്യരായിതന്നെ തുടരുന്നു.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദലിതന്റെ പ്രശ്നങ്ങള്‍ പഠിച്ച് കൈകാര്യം ചെയ്യാന്‍ വിദ്യാസമ്പന്നരായ ദലിതുകള്‍ ഇപ്പോള്‍ കൂടുതല്‍ ആവേശം കാണിക്കുന്നു. യുന സംഭവത്തോടനുബന്ധിച്ച് യുവ അഭിഭാഷകനായ ജിഗ്നേഷ് മെവാനി തുടങ്ങിവച്ച ദലിത് പ്രക്ഷോഭം ഹിന്ദു വര്‍ഗീയ ശക്തികളെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലയ്ക്കുകതന്നെ ചെയ്തിട്ടുണ്ട്. ‘ചോര തുടിക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍’ എന്ന മഹാകവി വൈലോപ്പിള്ളിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുംവിധം സാമൂഹ്യനീതിക്കായി യുവാക്കള്‍ ഇനിയും മുന്നോട്ടുവരട്ടെയെന്ന് നമുക്കാശിക്കാം.