നായുംകണകൾക്കിടയിൽ നിന്ന്
അവൻ തൊട്ടപ്പോൾ
ഞാൻ പെണ്ണായിപ്പോയി.
ചൂണ്ടയിടാൻ പോയപ്പോളായിരുന്നു അത്.
മേലാകെ തുടിപ്പുകൾ മുളച്ച്
മിനുസമായി
മുടിയിഴകൾ നീണ്ടു കറുത്തു.
അവന്റെ വിരലുകൾ പുറം കടന്ന് മുന്നിലെത്തി.
ആറ്റുവഞ്ചി പൂത്തു കുളിർത്തു
നെറ്റിപ്പൊട്ടൻ പുഴപ്പുറത്ത് വന്ന് കൊഞ്ചി.
അവനങ്ങനെ തൊട്ടപ്പോൾ അര നനഞ്ഞു.
അകലെയുള്ള മണിമരുത്
പൂവാകെ വെള്ളത്തിലൊഴുക്കി
ഈറ്റകൾ ഇലയാട്ടി പുഴയെ ചുംബിച്ചു.
മാസംതോറും ചോരയൊലിപ്പിച്ച്
ഞാൻ വിശുദ്ധനാ(യാ)കുമ്പോൾ
അകലെ മലകളിലെ മരങ്ങളെ
തൊട്ടുതലോടുകയായിരുന്നവൻ.
അവൻ വരാൻ കാത്തിരുന്ന നേരങ്ങൾ,
മലർന്നു കിടക്കുമ്പോഴുള്ള കാട്ടാകാശം.
ഹോ…!
ഈ മുറിയുടെ ഇരുട്ടിൽ
അവളെന്നെ തൊട്ടപ്പോൾ
നായുംകണകൾ ചുറ്റും മുളയ്ക്കുന്നു.