തിരുവനന്തപുരത്ത് കടൽത്തീരത്തെ ഈ ലോഡ്ജിലിരു
ന്നാൽ, കാലവർഷം കുത്തിയൊലിച്ച് കലങ്ങിയ തിരമാലകൾ
വല്ലാത്തൊരു ശക്തിയോടെ കരയിലേക്ക് ആഞ്ഞടിക്കുന്നത് കാണാം.
അങ്ങിനെ നിന്ന് ആ പ്രഹരത്തിന്റെ കാഠിന്യത്താൽ പിടി
ച്ചുനിൽക്കാനാവാതെയാകുമ്പോൾ പാഞ്ചിസാർ സെക്രട്ടേറിയ
റ്റിലേക്കുള്ള ബസ്സിൽ കയറിപ്പോകും. അവിടെ സെക്രേട്ടറിയറ്റി
നു മുന്നിൽ ദിവസങ്ങളായി കാത്തുനിൽക്കുന്ന അനേകർക്കുവേ
ണ്ടി തന്റെ വയലിനിൽ നിന്ന് സംഗീതങ്ങളാലപിക്കും. പിന്നെ
ലോഡ്ജിലേക്ക് തിരികെ പോരും. ഉന്മാദമിറങ്ങിയ കടലുപോലെ
അയാൾ ഉറങ്ങും.
കുറച്ചുനേരം വരെ തകർത്തുപെയ്തിരുന്ന മഴ ഇപ്പോൾ ശമി
ച്ചിരിക്കുന്നു. അയാൾ തന്റെ വയലിൻ നെഞ്ചോട് ചേർത്ത് ജനലിലൂടെ
പുറത്തേക്ക് നോക്കി. താഴെ ഒരു പോലീസ് ജീപ്പിൽ വ
ന്നിറങ്ങിയ മഫ്തിയിലുള്ള പോലീസുകാർ ലോഡ്ജിലേക്ക് വരു
ന്നുണ്ട്. റോഡിനു പിന്നിലെ കരിങ്കൽ ചിറകളിൽ ആഞ്ഞടിക്കു
ന്ന തിരമാലകൾ, ഉടഞ്ഞ സ്ഫടികത്തുണ്ടുകൾ പോലെ ചിതറു
ന്നു. കർക്കിടകം അവസാനിക്കാറായെങ്കിലും ക്ഷോഭമടങ്ങാത്ത
കടൽ ഇരച്ചു കയറുന്നു. പോലീസുകാർ തേടിയെത്തിയത് അയാളെത്തന്നെയായിരുന്നു:
അയാളുടെ പാട്ടുകൾ സെക്രട്ടേറിയറ്റിനകത്ത്
ആരെയോ അലോസരപ്പെടുത്തിയിരിക്കുന്നു. അലോസരപ്പെടുത്തുന്ന
പാട്ടുകൾ സെക്രട്ടേറിയറ്റിനു മുന്നിൽ പാടിയതിന്
അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് അവർ പുറത്തെടുത്തു.
ജയിൽവാസത്തിനു ശേഷം അയാൾ ഇവിടേയ്ക്ക് തിരികെയെത്തുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല. അധികമാരുമറിയാതെ
പോയ ആ ജയിൽവാസം പാഞ്ചിസാറിനെത്തേടിയെത്തും
മുൻപ്.
വയലിനിൽനിന്നുതിരുന്ന ഗ്രിഗോറിയൻപാട്ടിന്റെയീണങ്ങളുമായി
ഈ പാപനാശത്തും അയാൾ ഉണ്ടായിരുന്നു. അലകളായൊഴുകിയെത്തിയിരുന്ന
വയലിൻരാഗങ്ങൾ അന്തരംഗത്തെ മഥിക്കുന്ന
ഹാർമോണിയത്തോടും ആലാപനത്തോടുമൊപ്പം പുരാതനമായ
ലത്തീൻപാട്ടുകൾക്ക് പുതുജീവൻ നൽകി. അപ്പോഴൊക്കെ
ആ പുരാതനഗാനങ്ങൾ ആദ്യശ്വാസത്തിന്റെ കുളിരോടെ
ആത്മാവിനെ നനച്ചിരുന്നു.
അയാൾക്കരികിൽ നിന്ന് ഇടയ്ക്കൊക്കെ തന്നെ നോക്കി ചിരി
ച്ചിരുന്ന മകനെ ചൂണ്ടി ‘ഇവനെക്കൊണ്ടാക്കിയിട്ട് വരാം മാഷെ,
തന്നോടല്ലേ എന്തെങ്കിലും പറയേണ്ടൂ’വെന്ന് ഉള്ളിൽ തട്ടി പറ
ഞ്ഞു. കയ്യിൽ യാത്രാടിക്കറ്റുമായി ധൃതികൂട്ടിയ മകൻ ബോട്ടിൽ
കയറാനുള്ള സന്തോഷത്തിൽ തന്റെ നേർക്ക് കൈവീശി. ടൗണിൽ
വർഗീസച്ചന്റെ സ്കൂളിൽ താമസിച്ച് പഠിക്കുകയാണ് അവൻ.
പത്തുപതിനഞ്ച് വർഷം മുൻപ് വിട്ടിറങ്ങിപോന്ന സ്വന്തം വീ
ട് വീണ്ടും സന്ദർശിച്ച്, പാപനാശത്ത് അവളുടെ വീട്ടിൽ എത്തി
യതായിരുന്നു പാഞ്ചിസാർ. അമ്മയുടെ വീട്ടിലേയ്ക്കായതുകൊ
ണ്ടാവാം മകന്റെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു. ഔദ്യോഗിക
ജീവിതത്തിലും തന്നോടൊത്തുള്ള ലോഡ്ജുവാസത്തിനി
ടയിലും കാണാമായിരുന്ന ആ പഴയ ഉന്മാദം ഇന്നും കാഠിന്യത്തോടെ
തന്നെ. നല്ല പല തൊഴിലവസരങ്ങൾ ഈ ഉന്മാദാവസ്ഥ
യിൽ നഷ്മായപ്പോഴാണ്, കോളേജ് ലക്ചററായി ഔദ്യോഗിക
ജീവിതം തുടങ്ങണമെന്ന മോഹമുപേക്ഷിച്ചതും പാപനാശത്ത് മലമുകളിലുള്ള
സർക്കാർ സ്കൂളിൽ അയാളന്ന് എത്തിപ്പെട്ടതും.
പേരുപോലെതന്നെ അയാൾക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു,
പാപനാശം. ചെയ്ത തെറ്റുകളുടെ ശുദ്ധീകരണത്തിന് സർക്കാരായിട്ട്
എത്തിച്ചതാണെന്ന് വിശ്വസിക്കുകയും അതയാൾ പലപ്പോഴും
ഏറ്റുപറയുകയും ചെയ്തു. എന്നാൽ തെറ്റുകൾ എന്താണെന്നുമാത്രം
ആരോടും അയാൾ പറഞ്ഞില്ല. ആരും ചോദിക്കാൻ
ശ്രമിച്ചതുമില്ല.
ഉത്കടമായ ഉന്മാദം ഏകാന്തതയായി വരിഞ്ഞുമുറുകുമ്പോൾ
ചില മരുന്നുകൾ കഴിച്ച് അയാൾ കട്ടിലിൽ കയറിക്കിടക്കും. അ
ങ്ങനെ പിരിമുറുക്കം നിറഞ്ഞൊരു വൈകുന്നേരം കാറ്റിന്റെയലകൾ
അയാളെ തണുപ്പിക്കട്ടെയെന്ന് കരുതി തുറന്നിട്ടതായിരുന്നു,
ജനൽ. കടലിൽ സൂര്യൻ അസ്തമിക്കുന്നു. ലോഡ്ജിനപ്പുറത്ത്
പള്ളിയിൽനിന്ന് സന്ധ്യാപ്രാർത്ഥനയ്ക്കുള്ള മണികൾ മുഴങ്ങുന്നു.
പള്ളിയിൽ പാട്ടുപാടുന്ന ശെമ്മാച്ചൻ ജോർജിന്റെ വീട്ടിൽ ലത്തീൻ
ഭാഷയിൽ ആഞ്ജലൂസ് പാടുന്നു. കട്ടിലിൽ മരുന്നിന്റെ ആലസ്യ
ത്തിൽ കിടക്കുകയായിരുന്ന പാഞ്ചിസാർ ജനലരുകിൽ വന്ന് പുറത്തേയ്ക്ക്
ചെവിയോർത്ത് സന്തോഷത്തോടെ ചോദിച്ചു: ”ഗ്രി
ഗോറിയൻ ചാന്റല്ലേ അത്!”
തുറന്നുകിടന്നിരുന്ന ജനലിലൂടെ ഗ്രിഗോറിയൻ പാട്ടുകൾ നേരത്തേ
കേട്ടിട്ടുണ്ടെങ്കിലും, അതൊക്കെ ആഹ്ലാദകരമായ ഒരാത്മ
ഗീതം പോലെയോ, കർണപുടങ്ങൾ കീറി വരുന്ന നിലവിളിപോലെയോ,
അല്ലെങ്കിൽ ആശ്ചര്യത്തിന്റെ പറന്നിറങ്ങുന്ന ശീലുകൾ
പോലെയോ തോന്നിയിട്ടുള്ളൂ. ഇതെല്ലാമോർത്ത് ജനലിലൂടെ നോ
ക്കിയങ്ങിനെ നിൽക്കുമ്പോൾ ജനലരുകിൽ ആർത്തുവിളിച്ചിരുന്ന
പാഞ്ചിസാർ അതാ നിൽക്കുന്നു, ശെമ്മാച്ചന്റെ മുറ്റത്ത്! സന്ധ്യാ
പ്രാർത്ഥന കഴിഞ്ഞ് ഉമ്മറവാതിൽ അടയ്ക്കാൻ വന്ന മൂത്തമകൾ
മേരി അപരിചിതനെക്കണ്ട് പരിഭ്രമിച്ച് ചോദിക്കുന്നു: ”ആരാ?”
”ഫ്രാൻസിസ്! ഈ ഗ്രിഗോറിയൻ പാട്ട് കേട്ടിട്ട് വന്നതാ” എ
ന്ന് പറഞ്ഞ് ചിരിക്കുമ്പോൾ, അകത്തുനിന്ന് ഒരാശ്ചര്യം നടന്ന്
വരാന്തയിലെത്തി: ”പാട്ടു കേട്ടിട്ടോ?!… ഈ പാട്ടു കേട്ട് ആളുകൾ
ഓടുന്ന കാലമാണ്”. നോക്കുമ്പോൾ ഗ്രിഗോറിയൻ ചാന്റിന്റെ മാസ്മരികതയിൽ
വിടർന്ന ചിരിയുമായി നിൽക്കുന്ന പാഞ്ചിസാർ.
ശെമ്മാച്ചന്റെ പിന്നിൽ പാട്ടുസംഘം പോലെ കുടുംബാംഗങ്ങൾ.
കൗതുകമുള്ള കണ്ണുകൾ പാഞ്ചിസാറിനെയും അയാളുടെ നിഷ്കളങ്കമായ
ചിരിയെയും പൊതിയുമ്പോൾ, മേരിയും ശെമ്മാച്ചനും
ഗ്രിഗോറിയൻ പാട്ടുകളിലൂടെ പാഞ്ചിസാറിന്റെ ഉന്മാദത്തെ ഏറ്റെ
ടുക്കുകയായിരുന്നു.
ചെറുപ്പകാലത്ത് വൈദികനാകാൻ പോയി പകുതിക്ക് പോ
ന്നതുകൊണ്ടാണ് ജോർജിനെ ശെമ്മാച്ചനെന്ന് നാട്ടുകാർ വിളിച്ച
ത്. തിരിച്ചെത്തിയപ്പോൾ സംഗീതത്തിൽ നല്ല അവഗാഹം ജോർ
ജിൽ കാണപ്പെട്ടു. സംഗീതത്തിലെ അവഗാഹമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും
ജോർജിന് അതെല്ലാം തന്റേതുമാത്രമായ ആത്മഗതങ്ങളായിരുന്നു.
പാടുമ്പോൾ ഹാർമോണിയവും വയലിനും അയാളുടെ
ആത്മഗതങ്ങളെ കൂടുതൽ മാധുര്യമുള്ളതാക്കിത്തീർത്തു.
വൈദിക പഠനത്തിനിടെ പാടി പഠിച്ച ലത്തീൻ ഗാനങ്ങൾ ഭക്ത
രിൽ ആത്മഗീതങ്ങളുടെ മുന്തിരിവള്ളികളായി.
ദിവസേനയുള്ള ആദ്യകുർബാനയിൽ ശെമ്മാച്ചന്റെ മാസ്മരി
കമായ ആലാപനത്തിൽ ലയിച്ചു പഴമക്കാർ. വിശുദ്ധമായൊരു വി
കാരത്തോടെയാകും പഴമക്കാർ ശെമ്മാച്ചനോടൊപ്പം സംഗീത
ത്തിലേക്ക് കടക്കുക. പിന്നെ, ആനന്ദമുണർത്തുന്ന ആലാപനമാണ്:
ആത്മബലിയുടെയും പശ്ചാത്താപത്തിന്റെയും സമാധാനത്തിന്റെയും
ഹൃദയ ഗീതങ്ങൾ. ‘ഗ്ലോറിയ’യും, ‘തെദേവു’വും
ദൈവമഹിമയെ പാട്ടിന്റെ ചിറകിലേറ്റുമ്പോൾ, ദൈവകണത്തി
ലേക്കുള്ള ഉൾസഞ്ചാരത്തിലാവും പിതൃതുല്യരായ വിശ്വാസി
കൾ. പിന്നെ കുർബാനകളെല്ലാം അവസാനിച്ചശേഷം, ഒൻപത്
ഒൻപതര വരെ പാടാൻ വാസനയുള്ള കുട്ടികളെ പഠിപ്പിച്ചും
സ്വരഗ്രാഹ്യമുള്ളവരെ ലത്തീൻ ഗാനങ്ങൾ പാടിച്ചും നോക്കും.
വീട്ടിലും ഇതൊക്കെത്തന്നെയായിരുന്നു ശെമ്മാച്ചൻ ചെയ്തി
രുന്നത്: സംഗീതം ജീവിതമാക്കി പഠിപ്പിക്കാനും പാടാനും കുറെ
മക്കൾ. പാടാൻ വാസനയേറെയുള്ള മേരി പാട്ടുസംഘത്തിൽ
മുൻനിരയിൽ തന്നെയുണ്ട്. പള്ളിയിൽനിന്ന് സന്ധ്യാപ്രാർത്ഥനയ്ക്കുള്ള
മണിമുഴങ്ങുമ്പോൾ അവൾ പാടുന്ന ആഞ്ജലൂസിനും
നല്ലയിമ്പമുണ്ടായിരുന്നു. ഇങ്ങനെ ആഞ്ജലൂസ് പാടിത്തീർന്നൊരു
സന്ധ്യാനേരത്തായിരുന്നു പാഞ്ചിസാർ അവിടെയെത്തിപ്പെട്ട
തും ഗ്രിഗോറിയൻ പാട്ടുകളുടെ അഭ്യാസം തുടർന്നതും. സ്കൂളി
ലെ അദ്ധ്യാപനസമയം പത്തുമണിക്കായതുകൊണ്ട് കാലത്തെ
യെഴുന്നേറ്റ് ശെമ്മാച്ചനോടൊപ്പം പള്ളിയിൽ പോവുകയും ശേഷം,
പള്ളിയിൽ പാട്ടു പഠിക്കുന്ന ഗായകസംഘത്തോടൊപ്പം ചേരുകയും
ചെയ്തു. അവിടെ പലർക്കും പ്രയാസകരമായി തോന്നിയ വയലിൻ
പെട്ടെന്നുതന്നെ അയാൾക്ക് വഴങ്ങി. വീട്ടിലും പള്ളിയിലും
തുടർന്ന പരിശീലനങ്ങൾ എല്ലാവരിലും മതിപ്പുളവാക്കുംവിധം മാധുര്യമുള്ളതാവുകയും
പാഞ്ചിസാറിന്റെ വയലിൻവായന കുർബാനയുടെ
ഭാഗമാവുകയും ചെയ്തു.
പള്ളിയിലെ പഴമക്കാർക്കും ന്യൂ ജനറേഷനും ഒരുപോലെ ഇഷ്ടമായിരുന്നു,
പാഞ്ചിസാറിന്റെ വയലിൻ ആത്മഗതങ്ങൾ. ഇടയ്ക്ക്
‘നമ്മുടെ മേരിക്ക് പാഞ്ചിസാറിനോട് വല്ല അടുപ്പവും ഉണ്ടോ’
എന്ന് സംശയിച്ച ഭാര്യയോട് അതങ്ങനെയൊന്നുമല്ലെന്നും,
പാടുന്നവരോടും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരോടും
മറ്റുള്ളവർക്കുള്ള ആരാധന മാത്രമാണെന്നും ശെമ്മാച്ചൻ
പറഞ്ഞു.
കൺവെട്ടത്തിനപ്പുറത്തേക്ക് ഇതിനകം മേരിയുടെ ആരാധന
വളർന്നതും സംസാരത്തിൽ കനം വച്ചതും ശെമ്മാച്ചനറിഞ്ഞ
ത്, ഓർക്കാപ്പുറത്ത് പാഞ്ചിസാറിന് സ്ഥലംമാറ്റം വന്നപ്പോഴായി
രുന്നു. പാപനാശത്തിനപ്പുറത്തുള്ള സർക്കാർ സ്കൂളിലേക്ക് പാ
ഞ്ചിസാറിന്റെ ഔദ്യോഗിക ജീവിതം മാറിയപ്പോൾ അയാൾക്ക്
ശെമ്മാച്ചന്റെ കൂടെയുള്ള വയലിൻ വായനയും ഉപേക്ഷിക്കേണ്ടി
വന്നു. അന്നാദ്യമായി പാപനാശത്തുനിന്ന് എന്തോ നഷ്ടപ്പെട്ടതായി
നാട്ടുകാർക്കനുഭവപ്പെട്ടു. ഒപ്പം മനസ്സിൽ സൂക്ഷ്മമായൊരുന്മാദവും
വെമ്പലും നിറയുന്നതായും.
ഒരിക്കൽ, കവിളിൽ ചേർത്തു വച്ച വയലിനിൽനിന്ന് കുതിരരോമം
കെട്ടിയ വില്ലു കൊണ്ട് ആത്മഗതങ്ങളാലപിച്ചുകൊണ്ടിരു
ന്ന അയാളെത്തേടിപ്പിടിച്ച് അവൾ പറഞ്ഞു: ”ഞാനിനി വീട്ടിലേയ്ക്ക്
പോകുന്നേയില്ല”. അതുകൊണ്ടുതന്നെ വൈകുന്നേരം മകളെത്തിരക്കിയെത്തിയ
ശെമ്മാച്ചനോടും ഭാര്യയോടുമൊപ്പം പോകാൻ
അവൾ കൂട്ടാക്കിയതുമില്ല.
മേരി അയാളോടൊപ്പം താമസിച്ചതു മുതൽ മഴയിളക്കംപോലെ
ഉന്മാദതരമാവുകയായിരുന്നു, സംഗീതത്തിന്റെ ഉറവകൾ. തന്റെ
ആത്മശ്രുതികൾ കേൾക്കാനും മഴയ്ക്കുള്ളിലേക്ക് നോക്കി
യിരിക്കാനുമെത്തിയവളിൽ തന്റെ കുഞ്ഞ് വളരുമ്പോൾ, സംഗീ
തവും സ്വപ്നവും ആഹ്ലാദകരമായിത്തീർന്നു അയാൾക്ക്. പി
ന്നീട് പ്രസവത്തോടെ മേരി എന്നെന്നേയ്ക്കുമായി വിട്ടുപോയപ്പോഴും,
തൊട്ടിലിൽനിന്ന് കുഞ്ഞിന്റെ കരച്ചിലുയരുമ്പോഴും അയാൾ
വയലിൻ വായിച്ചു. പിന്നെയൊരിക്കൽ സ്കൂളിൽ കയറാതെ
ഗേറ്റിന് മുന്നിൽനിന്ന് വയലിൻ വായന തുടങ്ങി. അരുകിൽ
നിൽക്കുന്ന ആരോ ഒരാൾക്കുവേണ്ടി വയലിൻ വായിക്കുന്ന ആംഗ്യചലനങ്ങൾ
കാഴ്ചക്കാരെ ചിരിപ്പിച്ചു. തകർന്ന മനസ്സിന്റെ രോദനമായി
അവരറിയാതെ പോയ അയാളുടെ സംഗീതം.
പലപ്പോഴായി അയാൾ വീട്ടിലെത്താതിരുന്നപ്പോൾ ആരൊക്കെയോ
ചേർന്ന് കുട്ടിയെ വർഗീസച്ചന്റെ ബോർഡിംഗ് സ്കൂളിൽ
ചേർക്കുകയായിരുന്നു. മകൻ വളർന്നപ്പോൾ സംഗീതം അവന്റെ
കൊച്ചുമനസ്സിനെ തുറന്നിട്ടു. കഴിവുകൾ തിരിച്ചറിയാൻ പ്രത്യേ
ക സിദ്ധിയുണ്ടായിരുന്ന അച്ചനും സന്തുഷ്ടനായത് അവന്റെ സംഗീതാവഗാഹത്തിലായിരുന്നു.
കാഹളം പോലെയുള്ള പാട്ടുകളുടെ ശക്തി പാഞ്ചിസാറിലൂടെ
തിരിച്ചറിഞ്ഞതും അലോസരപ്പെട്ടതും ഭരണകൂടങ്ങളായിരു
ന്നു. ദേശസ്നേഹത്തെക്കുറിച്ചോ യുദ്ധത്തെക്കുറിച്ചോ വർഗീയതയെക്കുറിച്ചോ
അഴിമതിയെക്കുറിച്ചോ പ്രണയ-വിരഹങ്ങളെക്കുറിച്ചോ
അയാൾ പാടിയില്ല. അയാൾ പാടിയത് ഒരു കുഞ്ഞിന് അവന്റെ
ജനനത്തോടെ ആശുപത്രിയിൽ വച്ച് അമ്മയെ നഷ്ടമാകു
ന്ന പാട്ടുകളായിരുന്നു. ഇടവഴിയിൽ ആരുടെയോ വെട്ടേറ്റ് പിടഞ്ഞു
മരിച്ച മക്കളുടെ അമ്മമാരെക്കുറിച്ചായിരുന്നു. അല്ലെങ്കിൽ തെരുവിന്റെ
മടിയിൽ അന്തിയുറങ്ങുന്ന സ്നേഹഗീതങ്ങളെക്കുറിച്ചായി
രുന്നു. പാടുംതോറും അയാൾക്കു ചുറ്റും സെക്രേട്ടറിയറ്റിനു മുന്നിൽ
അവഗണിക്കപ്പെട്ട അമ്മമാരുടെ എണ്ണം ഏറിവന്നു. ജനമനസ്സി
ന്റെ പുറമ്പോക്കിൽ ഒന്നുമറിയാതെ കഴിയുന്നവർ. പലരും ഉപേ
ക്ഷിക്കപ്പെട്ടവർ. സ്നേഹമില്ലായ്മയുടെയും വിശപ്പിന്റെയും വി
ലാപങ്ങൾ ഒരു നിമിഷത്തേയ്ക്ക് മറക്കാൻ ആഗ്രഹിക്കുന്നവർ.
ഇങ്ങനെയുള്ള പാട്ടുകൾ പലതും സെക്രട്ടേറിയറ്റിനു മുന്നിൽ അരങ്ങേറിയപ്പോൾ
ഭരണകൂടത്തെയത് അലോസരപ്പെടുത്തി. അതുകൊണ്ടാവാം
പിന്നീടുണ്ടായ അറസ്റ്റും ജയിൽവാസവും സെക്രേട്ടറിയേറ്റിൽ
നിന്നുള്ള കാഴ്ചയിൽ നിന്നുതന്നെ പാഞ്ചിസാറി
നെ മായ്ച്ചുകളഞ്ഞത്.
നാളുകൾ നീണ്ട ജയിൽവാസത്തിനും അവിടത്തെ ചികിത്സ
യ്ക്കും ശേഷം പുറത്തിറങ്ങിയപ്പോൾ പാട്ടുകൾ അയാൾ മറന്നുപോയിരുന്നു.
പാഞ്ചിസാറിന് ഉദ്യോഗത്തിൽ ചേരാനും വീണ്ടും
മറ്റുള്ളവരോട് പഴയതുപോലെ ഇടപഴകാനും സാധിച്ചു. ബോർ
ഡിംഗ് സ്കൂളിൽ സ്ഥിരമായി മകനെ സന്ദർശിക്കാനും ഔദ്യോഗിക
ജീവിതത്തിൽ കാര്യക്ഷമത വരുത്താനും പൊടുന്നനെ അയാൾക്ക്
കഴിഞ്ഞു.
അപ്പോഴായിരുന്നു, സ്വന്തം വീട്ടിൽ മകനോടൊപ്പം അയാൾ കയറിച്ചെന്നത്.
അയാളെയും മകനെയും കണ്ട് വീട്ടുകാരെല്ലാം ഒ
ന്നമ്പരെന്നെങ്കിലും, സ്വന്തമിഷ്ടപ്രകാരം ജീവിക്കാൻപോയവനെ
മറന്ന മട്ടായിരുന്നു. ഇക്കാലത്തിനിടയിൽ അയാളുടെ അപ്പനുമ
മ്മയും മരിച്ചുപോയിരുന്നുവെന്നത് അയാളെയുലച്ചുകളഞ്ഞു. സ്വീ
കരണമുറിയിൽ ഏറെനേരം കനച്ചുനിന്ന നിശബ്ദതയിൽ… എവിടെയായിരുന്നു,
എന്തൊക്കെയായിരുന്നുവെന്ന ചില സംസാര
ങ്ങൾ മാത്രം മുറിഞ്ഞു. അയാൾ മകനെ നോക്കുമ്പോൾ അവന്
അവിടെയൊക്കെ ഇഷ്ടമായെന്നു തോന്നി. കളിക്കാൻ അവന്റെ
പ്രായക്കാരായ കുറേപ്പേർ. പറമ്പിലും, പറമ്പിനു പിന്നിലെ കൈത്തോട്ടിലുമെല്ലം
കളിച്ചുനടന്ന അവനെക്കാത്ത് തൊടിയിൽ കുറച്ചുനേരം
നിന്നു. ഞാറ്റുവേല മഴകൾ നിരന്തരമായി വന്ന് പൂക്ക
ളുടെ മഞ്ഞനക്ഷത്രങ്ങളെ കൊഴിച്ചിടുമ്പോൾ ‘അയ്യോ ഇതെല്ലാം
വീണുപോയല്ലോ’യെന്ന് പറഞ്ഞ് അമ്മയെ കാണിക്കാൻ അന്ന
യാൾ വാരിക്കൂട്ടിയിട്ടുണ്ട്. അവിടെ നിൽക്കുന്തോറും പഴയ കൊഴിഞ്ഞുപോക്കിന്റെയോർമകൾ
തീവ്രമായി. പിന്നെ മകൻ കളി നിറുത്തി വന്നപ്പോൾ തിരികെപ്പോന്നു.
പാപനാശത്തെ വീട്ടിലെത്തിയപ്പോൾ, കിളികൾ പാടുകയും
മഞ്ഞശലഭങ്ങൾ വെട്ടിത്തിളങ്ങുകയും ചെയ്ത തൊടിയിൽ വിഷാദം
മറക്കാൻ ശ്രമിക്കുകയായിരുന്നു ശെമ്മാച്ചൻ. അതുകൊണ്ടാവാം
മരുമകനെ കണ്ടപ്പോൾ അയാളെഴുന്നേറ്റ് കെട്ടിപ്പിടിച്ചതും
കൊച്ചു മകനെ മടിയിൽക്കയറ്റിയിരുത്തിയതും. മദ്ധ്യാഹ്നമറിയിക്കു
ന്ന പന്ത്രണ്ടു മണി പള്ളിയങ്കണത്തിൽ നിന്നുയർന്നപ്പോൾ നെ
റ്റിയിൽ കുരിശു വരച്ച കൊച്ചുമകനെ അയാൾ തെരുതെരെ ഉമ്മ
വച്ചു. മേരിയുടെ സഹോദരങ്ങളും അമ്മയും അയാളെ സ്നേഹ
ത്തോടെ സ്വീകരിച്ചെങ്കിലും അയാളിൽ പലതും ആഴങ്ങളിലെന്ന
പോലെ മരവിച്ചുകിടക്കുകയായിരുന്നു.
തൊടിയിൽ അപ്പൂപ്പനും കൊച്ചുമകനും ഓർമകളിലുണരുന്ന
യീണവും സ്വരൈക്യവും മധുരധ്വനികളും തിരിച്ചറിയുകയും പങ്കുവയ്ക്കുകയുമായിരുന്നു.
അവരോടൊപ്പം ചേരാൻ കഴിയാത്തതു
കൊണ്ട് അയാൾ അവരെ നോക്കിയിരുന്നു. അയാൾക്കങ്ങിനെ കഴിഞ്ഞിരുന്നതും
സംഗീതം ഓർമകളെ കോറിയതും മേരിയോടൊ
ത്ത് കഴിഞ്ഞകാലം മാത്രമായിരുന്നു. കഷ്ടിച്ച് കുറച്ചു കാലമേ അവൾ
കൂടെയുണ്ടായിരുന്നുള്ളൂ. ഇഷ്ടമാണെന്നൊരിക്കലും അവൾ
പറഞ്ഞില്ലെങ്കിലും ഒരീണമിട്ടാൽ അവളോടിയടുത്തെത്തിയിരു
ന്നു. സംഗീതം മൂളാനും താരാട്ടു പാടാനും ഒത്തിരി കുഞ്ഞുങ്ങളെ
അവൾക്ക് വേണമായിരുന്നിട്ടും ദാമ്പത്യത്തിന്റെ സ്വപ്നക്കൂട്ടിൽ
ഒരു മകനെ സമ്മാനിച്ചിട്ട് പൊടുന്നനെ അവൾ പൊയ്ക്കളഞ്ഞു.
അവളിൽനിന്ന് കിട്ടാതെ പോയ വാത്സല്യവും ആർദ്രതയും അവന്
ഇപ്പോഴാകും കിട്ടുക.
അപ്പൂപ്പനോടൊപ്പം ഈണങ്ങൾ മൂളുകയും, പദങ്ങൾ പാടുകയും,
എല്ലാം ഓർമയിൽ കൃത്യമായി കോറിയിടുകയും ചെയ്യാൻ
ശ്രമിക്കുകയാണ് അവൻ. സംഗീതാരൂപിയുടെ മന്ത്രധ്വനികളിൽ
അവന്റെ കാതും മുഖവും പ്രകാശമാനമായിരിക്കുന്നു. തിരികെപ്പോരുന്നേരം
ശെമ്മാച്ചൻ പറഞ്ഞു: മനസ്സ് പൊരുത്തപ്പെട്ടിരിക്കാൻ
ദൈവത്തോട് പ്രാർത്ഥിക്കുക. മനസ്സ് പൊരുത്തപ്പെടുകയെന്നത്
നദിയിൽ ഒഴുക്കുള്ളതുപോലെയാണ്. നദിയിലൂടെ കല്ലുകളുരുണ്ട്
അവയുടെ പരുക്കൻഭാവം മൃദുലമാക്കപ്പെടുന്നത് പോലെ, മനസ്സ്
സംഗീതവുമായി പൊരുത്തപ്പെടണം.
കല്ലായി മാറുന്ന മനസ്സുകളെ മൃദുലമാക്കാൻ പോന്ന സംഗീ
തം അയാളുടെ മനസ്സിൽ വരുന്നില്ലായിരുന്നു. എന്നിട്ടും മനസ്സ്
ദൈവത്തോട് പൊരുത്തപ്പെട്ടിരിക്കാൻ പള്ളിയിൽ ചെന്ന് പ്രാർ
ത്ഥിക്കുമ്പോൾ സങ്കീർത്തിയുടെ മുന്നിൽ നിന്ന് മേരി പാടുകയാണെന്ന്
തോന്നി. അവളുടെ നിറയുന്നയോർമയിൽ ഉള്ളിന്റെയു
ള്ളിൽ നിന്ന് നിശ്ശബ്ദമായി തേങ്ങാനേ അയാൾക്ക് കഴിഞ്ഞുള്ളു.
അൾത്താരയിൽ പൂവും മെഴുകുതിരിയും നേർന്ന് അരുകിൽ വന്ന്
മുട്ടു കുത്തിയ മകൻ അമ്മയെയോർത്തുകൊണ്ടെന്നോണം അപ്പോൾ
പതിയെ പാടാൻ തുടങ്ങി. അവനിൽ, സ്നേഹം കത്തി
ജ്വലിക്കുന്ന വെളിച്ചമായി പാടുന്ന അമ്മയനുഭവത്തോടൊപ്പം നി
റഞ്ഞു. പാടിത്തീർന്നപ്പോൾ മകനും അയാളും തിരികെ നടന്നു.
വല്ലാത്തൊരു സംതൃപ്തി അവരെ പിന്തുടരുന്നുണ്ടായിരുന്നു.
ടൗണിലേക്കുള്ള ബോട്ടിൽ കയറുമ്പോൾ പാഞ്ചിസാർ തന്റെ
നേർക്ക് തിരിഞ്ഞു. വീണ്ടും പലതും അയാൾക്ക് പറയണമെന്ന്
തോന്നിയതുകൊണ്ടാവാം ‘ഇവനെക്കൊണ്ടാക്കിയിട്ട് വരാം മാഷെ’
എന്ന് ഉള്ളിൽ തട്ടി പറഞ്ഞത്. അവർ അച്ഛനും മകനും ബോ
ട്ടിനടുത്തേക്ക് നടന്നുപോകുന്നത് നോക്കി നിൽക്കുമ്പോൾ, അയാൾ
മകനെ വിട്ട് വീണ്ടും തിരികെ വന്നു: ‘ഇവനെ കൊണ്ടാക്കി
യിട്ട് വരാനാകുമോയെന്ന് അറിയില്ല’.
എന്നിട്ടയാൾ കിതപ്പോടെ തന്റെ ചുമലിൽ പിടിച്ചു: ‘എടോ,
ഞാൻ ഈയിടെയായി ആ സംഗീതം കേൾക്കാൻ തുടങ്ങിയിരിക്കു
ന്നു…’
ഒന്നും തിരിച്ചു പറയാനാകാത്തവിധം എന്റെ നാവ് ഒട്ടിപ്പോയിരുന്നു.
പാഞ്ചി സാർ തിരികെ ബോട്ടിനടുത്തേക്ക് നടന്നു. അപ്പോൾ
എനിക്കും അയാൾക്കുമിടയിലേക്ക് മാലാഖമാർ വെൺമേഘങ്ങളിൽ
നിന്ന് പറന്നിറങ്ങാൻ തുടങ്ങിയിരുന്നു. ‘ഹാലേലൂയ’
പാടാൻ തുടങ്ങിയിരുന്നു.