”വേലക്കിടയിൽ ഞങ്ങൾ പരസ്പരം പറയുന്ന ഒരു
പാഷയുണ്ട്; വേലപ്പാഷ.”
കീഴാളന്മാരുടെ ഭാഷയെക്കുറിച്ച് ഒരു നോവലിൽ പറയുന്ന
സന്ദർഭത്തിൽ നിന്നാണ് ഈ വരി എടുത്തുചേർത്തിരിക്കുന്നത്.
സ്വതവേ വ്യവഹാരത്തിലുള്ള ഭാഷയല്ല ഇത്.
വേലയെടുക്കുമ്പോൾ തമ്പ്രാൻ അറിയാതെ കാര്യങ്ങൾ
പരസ്പരം അറിയിക്കാനുള്ള ഒരു ഭാഷയെക്കുറിച്ചാണ് സൂചന.
ഇത് സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഷയാണ്. അടിമകൾ സ്വാതന്ത്ര്യം
അനുഭവിക്കുന്ന അപൂർവ സന്ദർഭങ്ങളിൽ ചുരുക്കം ചിലർക്ക്
മാത്രമറിയാവുന്ന ഒരു ഭാഷ ഉപയോഗിക്കുന്നു.
കീഴാളർക്കിടയിൽ എപ്പോഴും രണ്ടുഭാഷയുണ്ട് എന്ന്
ധ്വനിപ്പിക്കുകയാണോ നോവലിസ്റ്റ് എന്ന് അറിഞ്ഞുകൂടാ.
എന്തായാലും കീഴാളരുടെ സ്വത്വബോധവുമായി ബന്ധപ്പെട്ട്
അപരിചിതമായ ഒരു ഭാഷ
നിശ്ശബ്ദവ്യവഹാരത്തിലുണ്ടായിരുന്നുവെന്ന് ‘കുഴിയൻ’ എന്ന
നോവലിന്റെ ആഖ്യാനകാരൻ നമ്മെ ഓർമപ്പെടുത്തുന്നു.
‘അടിയാള’രുടെ ജീവിതമാണ് ഈ നോവൽ. വലിയ
നോവലുകൾ എഴുതി നമ്മുടെ എഴുത്തുകാർ വായനക്കാരെ
വിഭ്രമിപ്പിക്കുന്ന ഈ കാലത്ത് ചെറിയ നോവലുകൾ ആരും
ശ്രദ്ധിക്കാനിടയില്ല. ഈയൊരു സ്വഭാവംകൊണ്ടുതന്നെ,
മലയാളി വിസ്മരിച്ച ഒരു നോവലാണ് കുന്നത്തൂർ
ഗോപാലകൃഷ്ണന്റെ ‘കുഴിയൻ’. വെറും നാല്പത്തിയാറ്
പേജുകൾ മാത്രം. തെറ്റായ വിശ്വാസങ്ങളുടെയും
ദുരാചാരങ്ങളുടെയും അടിമകളായിരുന്ന ഒരു
സമൂഹത്തെക്കുറിച്ച് ഒരു നോവൽ ആഖ്യാനം ചെയ്യുന്നു.
‘
പറിച്ചുനടീലും’, ‘ഞാറ്റടിയും’ പിന്നെ അല്പം ‘നോക്കിക്ക’ലും
കൂടിച്ചേർന്നാൽ ഈ സമൂഹത്തിന്റെ പൊതുസ്വഭാവമായി.
അരനൂറ്റാണ്ടിന് മുമ്പുള്ള മദ്ധ്യതിരുവിതാംകൂറിലെ
ജന്മിവ്യവസ്ഥയോട് ഒരു സമൂഹം എങ്ങനെയാണ്
ഇടപെട്ടിരുന്നതെന്ന് അന്വേഷിക്കുകയാണ്. നമ്മുടെ ദളിത്
നോവൽ പാരമ്പര്യത്തിൽ ഒരു സവിശേഷ വ്യതിയാനത്തെ
അടയാളപ്പെടുത്തുന്ന നോവലാണ് ഇത് എന്ന് എനിക്ക്
തോന്നുന്നു.
നോവലിന് ഒരു വ്യവസ്ഥാപിത രൂപമുണ്ടല്ലൊ. ആ രൂപമോ
ഘടനയോ അവകാശപ്പെടാവുന്ന നോവലല്ല കുഴിയൻ. പുതിയ
കാലത്തു നിന്നുകൊണ്ട് പഴയ സമൂഹത്തിലെ ഒരു വ്യവസ്ഥയെ
അലസമായി നോക്കിക്കാണുന്ന രീതിയിലാണ് രചന
നിർവഹിച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ അത് ഒരു
വിചാരണയിലേക്ക് കടക്കുന്നു. വായനയെ അത് സാരമായി
ബാധിക്കുന്നുമുണ്ട്. പോയകാലത്തെ ഒരു അടിമവ്യവസ്ഥയെ
നോക്കിക്കാണുന്നതോടൊപ്പം ഒരു സമൂഹത്തിന്റെ
ജീവിതഘടനയെക്കൂടി അപഗ്രഥിക്കുകയാണ് എന്നുപറയാം.
ആധുനിക സമൂഹം സ്വാതന്ത്ര്യമാണ്. എന്നാൽ അടിയാളരുടെ
ജീവിതത്തിൽ സ്വാതന്ത്ര്യമില്ല. ഇടക്കാലത്ത് ഒരു ‘കോവിന്ദൻ’
ആഗ്രഹിക്കുന്നത്, ആധുനികവിദ്യാഭ്യാസം തന്റെ തലമുറയ്ക്ക്
ലഭിക്കുമെന്നാണ്. അയാൾ മകനെ നഗരത്തിലെ സ്കൂളിൽ
ചേർത്ത് പഠിപ്പിക്കുന്നു. അറിവ് അടിയാളന്മാർക്ക്
വിലക്കപ്പെട്ടതാണ് എന്നയാൾക്കറിയാം. എന്നിട്ടും ആ
വിലക്കിനെതിരെ നീന്താൻ അയാൾ ഒരുമ്പെടുന്നു. ഇത്
കീഴാളരിൽ പുതിയ അന്വേഷണം സമാരംഭിച്ചതിന്റെ ആദ്യത്തെ
അടയാളപ്പെടുത്തലായിരുന്നു. നോവലിന്റെ കേന്ദ്രപ്രഭാവം
വാസ്തവത്തിൽ ഈ ഊന്നലാണ്. കീഴാളരുടെ ആദ്യത്തെ
അന്വേഷണത്തിന്റെ ചരിത്രം കൂടിയാണ് ഈ നോവൽ.
ആരാണ് കുഴിയൻ? നോവലിൽനിന്ന് ചില വരികൾ
ഉദ്ധരിക്കാം:
”താണ ജാതിയിലുള്ള കുട്ടികളെ കുഴിയന്മാർ എന്നാണ്
വിളിച്ചിരുന്നത്. പേറ്റ് കഴിഞ്ഞ് രണ്ടുമൂന്നുമാസം കഴിഞ്ഞാൽ
പെണ്ണാളുകൾ ജോലിക്ക് പോയിത്തുടങ്ങും. കരയിലായാലും
പാടത്തായാലും ജോലിക്ക് പോകുമ്പോൾ കുട്ടിയെക്കൂടി
കൊണ്ടുപോകും. മൂത്തകുട്ടി ഇളയ കുട്ടിയെ എടുക്കാൻ
പ്രായമായാൽ ആ കുട്ടിയുടെ കയ്യിൽ ഏല്പിച്ചിട്ട് ജോലി തുടങ്ങും.
ഇല്ലെങ്കിൽ കുട്ടിയെ തനിയെ ഒരു കുഴിയിൽ കിടത്തിയിട്ട് തള്ള
ജോലി തുടരും.”
ഇങ്ങനെ കുഴിയിൽ കുട്ടിക്കാലം
കഴിച്ചുകൂട്ടിയിരുന്നതുകൊണ്ടാണ് കുഴിയൻ എന്നു പേർ വീണത്.
ആയർത്ഥത്തിൽ ഒരു കുഴിയന്റെ ജീവിതകഥയാണ് ഈ
നോവൽ.
അക്കാലത്ത് ജീവിതത്തെ നിയന്ത്രിച്ചിരുന്ന വ്യവസ്ഥയും
അതിലൂടെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള മിത്തുകളും നോവലിൽ
പരാമർശിക്കപ്പെടുന്നു. പഴയ കാലവും ഈ കാലവും രാശിയുള്ള
ഒരു താരതമ്യവും ഈ രചനയെ ആകർഷകമാക്കുന്നു.
അതിനാൽ അടിയാളരുടെ ഭാഷാപ്രയോഗങ്ങൾ വേണ്ടത്ര
പൊലിമയോടെ പ്രത്യക്ഷപ്പെടാതെ പോകുന്നതായി
വായനക്കാർക്ക് തോന്നാം. ഒരു സമ്പന്നമായ ഭാഷയൊന്നും
അടിയാളർക്കില്ല. വേലചെയ്യുന്നതിനിടയിൽ നടക്കുന്ന
വിനിമയത്തിന്റെ ഭാഗമായി രൂപപ്പെട്ട ഒരു ഭാഷയെക്കുറിച്ച് നാം
നേരത്തെ സൂചിപ്പിച്ചല്ലൊ. അതിൽ അടിയാളർ സ്വയമേവ
കണ്ടെടുക്കുന്ന ഒരു വ്യവഹാരരീതിയുണ്ട്. അധികാരത്തിന്റെ
എതിർഭാഷയാണത്. നവീന സാങ്കേതികവിദ്യകളൊന്നും
ഇല്ലാതിരുന്ന ഒരു കാലത്ത് അധികാരപരിധിക്കുള്ളിൽ
നിന്നുകൊണ്ട് കീഴാളസമൂഹം നടത്തിയ പ്രതിരോധങ്ങളുടെ
വേരുകൾ ഈ ഭാഷയിൽ നമുക്ക് കണ്ടെത്താം. ആ ഭാഷയിൽ
ധ്വനിക്കുന്നത് അവരുടെ ജീവിതമാണ്; ഭാവനയാണ്.
ജന്മിത്തറവാടുകളിലെ അടിയന്തിരങ്ങളായിരുന്നു
അടിയാളർക്ക് ഉത്സവങ്ങൾ അല്ലെങ്കിൽ ആ അടിയന്തിരങ്ങളെ
അവർ ഉത്സവങ്ങളാക്കി മാറ്റി എന്ന് പറയുന്നതാവും ഉചിതം.
ദാരിദ്ര്യം അനുഭവിച്ചിരുന്നവർക്ക് അതൊരു
ആശ്വാസമായിരുന്നു. വിശപ്പിന്റെ ആർത്തിയുടെ മുമ്പിൽ എല്ലാം
മറക്കുകയും പോക്കണക്കേടുകൾ മറക്കുകയും ചെയ്തതിന്റെ
ചരിത്രമാണ് അടിയാളർക്ക് പറയാനുള്ളത്. അടിയാളരും
ഉടയാളരും തമ്മിലുള്ള ബന്ധത്തിന്റെയും വൈരാഗ്യത്തിന്റെയും
സ്വകാര്യവാങ്മയങ്ങൾ ഈ നോവലിൽ ഉടനീളം കാണാം.
അടിയാളർക്കിടയിലും ധിക്കാരമുണ്ട്. മതം കടന്നുവരുമ്പോൾ
അതുമായി ചേർന്ന് തങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ
ചിലർ ശ്രമിക്കുന്നു.
അഞ്ചാം അദ്ധ്യായത്തിൽ സവർണവിഭാഗം മറ്റു
മതങ്ങളിലേക്കുള്ള കീഴാളരുടെ യാത്രയെ പ്രതിരോധിച്ചതിന്റെ
ചരിത്രം നാം വായിക്കുന്നു. കീഴാളർക്കുണ്ടായ ഉയർച്ച
താഴ്ചകൾ അതിന്റെ ഭാഗമാണ് എന്ന് ചിലർ വിശ്വസിക്കുന്നു.
കുട്ടികളുടെ വളർച്ചയും അതിന്റെ ഭാഗമായുണ്ടായതത്രെ.
ജന്മിവ്യവസ്ഥയോടും അതിന്റെ ആചാരങ്ങളോടും പൊരുതി
നിന്നവരാണ് കീഴാളസമൂഹം. ആ സമൂഹത്തിൽനിന്ന്
അടിയാളരെ അടർത്തിയെടുത്ത്, അവർ അനുഭവിച്ച
വ്യഥകളിലേക്കും പ്രത്യാശകളിലേക്കും ഒരു തിരി കാണിക്കാൻ
കുന്നത്തൂർ ഗോപാലകൃഷ്ണന് കഴിഞ്ഞിരിക്കുന്നു. പുതിയ
കാലവുമായി ഈ സമൂഹം ഇടപെടുമ്പോൾ സ്വാഭാവികമായും
ഉണ്ടാകാവുന്ന സംഘർഷം നോവലിന്റെ അനുഭവഘടനയിൽ
തിടം വച്ച് നിൽക്കുന്നു.
രണ്ടുകാലത്തെ, രണ്ടു വ്യത്യസ്തമായ അനുഭവബോധങ്ങളെ
സംബോധന ചെയ്യുന്നിടത്താണ്, കുഴിയൻ എന്ന നോവലിന്റെ
ഘടനാപരമായ പ്രശ്നം ഞാൻ കാണുന്നത്. നോവലിസ്റ്റ് ഈ
ആഖ്യാനതന്ത്രത്തിനിടയിൽ ഒന്ന് പകച്ചുപോയോ? എങ്കിലും
കീഴാള ആഖ്യാനചരിത്രത്തിൽ ഈ നോവലിന് സവിശേഷമായ
ഒരു സ്ഥാനമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.