മാനുഷികവും മാനുഷികേതരവുമായ ബന്ധങ്ങളുടെ സമ്യക്കായ കൂടിച്ചേരലും ഇടപഴകലും പരസ്പര വിനിമയവുമാണ്
വാഴ്വിെന്റ ജൈവികത. ഈ പൊരുളിന്റെ ആഖ്യാനവും പ്രയോഗവുമാണ് കഥകളും സാഹിത്യവും. പൊരുൾ തിരിക്കാനാവാത്ത വിധം ഇടകലർന്ന് രൂപപ്പെടുന്ന സാമൂഹിക-ജൈവ ബന്ധങ്ങളെ ഇഴപിരിച്ചെടുക്കാൻ ശ്രമിക്കുന്ന സാംസ്കാരികവും സാമൂഹികവും ലിംഗപരവുമായ ആധിപത്യരൂപങ്ങളെ അതിസൂക്ഷ്മം നിരീക്ഷിച്ച് വിചാരണ ചെയ്യുന്ന നിതാന്ത ജാഗ്രതയുടെ മറുപേരാണ് കഥാരചന. അകറ്റിനിർത്തേണ്ടതിനെ ഇടകലർത്തുകയും ഇടകലരേണ്ടതിനെ അകറ്റിനിർത്തുകയും ചെയ്യുന്ന സാംസ്കാരിക ജീർണതകൾ സൃഷ്ടിക്കുന്ന നോവിന്റെ വിലാപങ്ങളാണ് സി.എസ്. ചന്ദ്രികയുടെ കഥകൾ. ചിലതിനെയും ചിലരെയും വിട്ടുകളയാതെ മുറുകെപ്പിടിക്കാനുള്ള ജൈവപരമായ തത്രപ്പാടാണ് ചന്ദ്രികയുടെ കഥകളുടെ താളം. ചന്ദ്രികയുടെ ‘എന്റെ പച്ചക്കരിമ്പേ’ എന്ന കഥാസമാഹാരം ഈ അതിജീവനത്തിന്റെ വാങ്മയമാണ്.
‘എന്റെ പച്ചക്കരിമ്പേ’ ജീവന ഇടങ്ങളെ ‘രക്തത്തിൽ പൊതിഞ്ഞ ഭ്രൂണം’ പോലെ തിരികെ പിടിക്കാനുള്ള പരിശ്രമമാണ്. മനുഷ്യബന്ധങ്ങളെ രോഗാതുരമാക്കുന്ന ഏതെങ്കിലും പ്രത്യേക സാമൂഹിക-സാംസ്കാരിക പ്രവണതകളെ തിരഞ്ഞുപിടിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രചനാരീതിയല്ല ചന്ദ്രികയുടേത്.
സാമൂഹിക പ്രതിഭാസങ്ങളെയും പ്രവണതകളെയും സൂക്ഷ്മവും സമ്രഗവും സർഗാത്മകവുമായാണ് ചന്ദ്രിക അടയാളപ്പെടുത്തുന്നത്. മരണസംസ്കാരത്തിന്റെ ശക്തികളെ സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളിൽ ഇടകലർത്തി വിശകലനം
(ധഭളണറലണഡളധമഭടഫധളസ) നടത്തുന്ന രീതി ചന്ദ്രികയുടെ കഥകളുടെ സവിശേഷതയാണ്. തന്മൂലം പ്രണയവും പ്രകൃതിയും ഫാസിസവും രാഷ്ട്രീയ കൊലപാതകങ്ങളും ആരോഗ്യമേഖലയിലെ സ്വകാര്യവത്കരണവും യുദ്ധത്തിന്റെ ഭീകരതയും രതിയും ജാതി-മത സങ്കുചിതത്വവും യാഥാർത്ഥ്യബോധത്തോടെയും എന്നാൽ തീവ്രത ഒട്ടും ചോരാതെയും കോറിയിടാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ആധിപത്യത്തിന്റെ പെരുമ്പറ മുഴങ്ങുന്ന കാലത്ത് അതിജീവനത്തിന്റെ ബദൽ യുക്തിയുടെ പ്രകാശനങ്ങളാണ് ‘എന്റെ പച്ചക്കരിമ്പേ’ എന്ന സമാഹാരത്തിലെ പതിനൊന്നു കഥകളും.
പ്രണയസ്ഥലികൾ
പ്രണയം സാദ്ധ്യതകളുടെ ആകാശവും, മരണം ഭാവനയുടെ നിശ്ചലതയുമാണ്. തികഞ്ഞ യാഥാർത്ഥ്യബോധത്തോടെയാണ്
ചന്ദ്രിക പ്രണയത്തെ ആവിഷ്കരിക്കുന്നത്. പലപ്പോഴും കാല്പനികതയുടെ പരിസരങ്ങളിൽ പ്രണയം കേവലം സ്വപ്നാടനങ്ങളാകാം. എന്നാൽ ‘എന്റെ പച്ചക്കരിമ്പേ’യിൽ ചന്ദ്രിക പ്രണയത്തിന്റെ ജൈവികതയും അപാരതയും അപൂർവതയും അഭൗതികതയും പാരസ്പര്യത്തിൽ ഉറപ്പിച്ചുനിർത്തുന്നു. പ്രണയം ആനന്ദവും വേദനയും (ദേവഗാന്ധാരി) കയ്പും മധുരവും (എന്റെ പച്ചക്കരിമ്പേ)ഇരുട്ടും നിലാവും (മുല്ലപ്പൂരാത്രി) കലർന്ന സത്യമാണ്. പ്രണയസാഗരം കടന്ന് അമൃതെടുക്കുവോളം ഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന കാന്തികബലമാണ് ഈ ജീവൽതന്തു (ദേവഗാന്ധാരി).
”മരങ്ങൾ കിളികളെ സ്വീകരിക്കുന്നതുപോലെ” സ്വാഭാവികവും ജൈവികവുമാണ് മനുഷ്യരുടെ പ്രണയവും (ദേവഗാന്ധാരി).
പ്രണയം സ്വാതന്ത്ര്യമാണെന്ന് ചന്ദ്രിക വിശ്വസിക്കുന്നു. ‘എന്റെ പച്ചക്കരിമ്പേ3 എന്ന കഥാസമാഹാരത്തിൽ സ്വാതന്ത്ര്യത്തെ
നിർവചിക്കുന്നത് കർതൃത്വപരവും അസ്തിത്വപരവും സർഗാത്മകവുമായ തലങ്ങളിലാണ്. പ്രണയം പങ്കാളിയെ ശരീരത്തിന്റെ ഒരവയവമായി കാണുന്നു (എന്റെ പച്ചക്കരിമ്പേ). ഈ പ്രണയം ശരീരത്തെ പൂരിപ്പിക്കുന്നു. പ്രണയം മാംസദാഹമല്ല. അതുകൊണ്ട് പ്രണയത്തിൽ പൊസസ്സീവ്നെസ്സിനും ഉടമസ്ഥാവകാശത്തിനും ഇടമില്ല. ”പറന്നുപോകാനും തിരിച്ചുവരാനുമുള്ള പൂമരമാണ് പ്രണയം” (എന്റെ പച്ചക്കരിമ്പേ). ഈ സ്വാതന്ത്ര്യം ”നുണകളിൽ പടുത്തുയർത്തുന്ന സദാചാരത്തെ” ഭയപ്പെടുന്നില്ല. പങ്കാളിയെ പരസ്യമായി അംഗീകരിക്കാൻ തടസ്സമായി നിൽക്കുന്ന സാമ്പ്രദായിക ‘സാംസ്കാരിക മൂലധനങ്ങൾ’ – കുടുംബം, മാന്യത, സമൂഹത്തിലെ സ്ഥാനം, സദാചാരം – പ്രണയത്തിന്റെ സിരകളായ
പരിപൂർണ സ്വാതന്ത്ര്യവും ഭാവനയും നശിപ്പിക്കുന്നു (പൊയ്ത്ത്). പ്രണയത്തിന് രഹസ്യമില്ല, പ്രണയത്തിൽ രഹസ്യമുണ്ടുതാനും. പ്രണയത്തെ രഹസ്യമായി സൂക്ഷിക്കാൻ നുണകൾ ഏറെ പറയണം. ”നുണകൾ വിഷജന്തുക്കളാണ്”. അവയെ കൊണ്ടുനടക്കുന്നവർക്ക് സമാധാനമുണ്ടാകില്ല. സമാധാനമില്ലാത്ത പ്രണയത്തിന് സ്വാതന്ത്ര്യത്തിന്റെ വിശുദ്ധി ഉണ്ടാകില്ല (പൊയ്ത്ത്).അധികാരത്തിന്റെ കലമ്പലുകളും കടുത്ത ഉപാധികളും പ്രണയത്തിന്റെ മരണമാണ് (പൊയ്ത്ത്). മിക്ക ഉപാധികളും ലിംഗാധിഷ്ഠിതങ്ങളാണ്. പിതൃദായക സമൂഹത്തിന്റെ കർതൃത്വ നിർമിതികളും സാംസ്കാരിക ശാസനകളും സദാചാര തീട്ടൂരങ്ങളും ”നനഞ്ഞ് നനഞ്ഞ് ചിറകുകൾ വല്ലാതെ ഒട്ടിപ്പിടിച്ചുപോയ” കിളിയെപ്പോലെ ”ഭയത്തിന്റെ പുതപ്പിനുള്ളിൽ” സ്ര്തീകളെ ഒളിപ്പിക്കുന്നു (പൊയ്ത്ത്). സദാചാര സിംഹങ്ങൾ തങ്ങളുടെ സ്വയം പ്രഖ്യാപിത അധികാരത്തിന്റെ മൂത്രം ചീറ്റുമ്പോൾ (സിംഹമൂത്രം) മനസ്സും ഉടലും മുറിഞ്ഞ് സ്ര്തീകൾ ഒട്ടിപ്പിടിച്ചൊരു മാംസപിണ്ഡമായി
ചുരുങ്ങുന്നു (പൊയ്ത്ത്). ”കരുതലുള്ള സ്നേഹവും” ”മാർദവമുള്ള വാക്കുകൾ” കൊണ്ടുള്ള ശുശ്രൂഷയും ”പഴുത്ത് ചലം വച്ച ഓർമകളെ കീറിക്കളയാനും” ”ജീവിതത്തിന്റെ അറിഞ്ഞുതീരാത്ത അപാരതയിലേക്ക്” തുഴയെറിയാനും സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന പ്രണയം ”കടക്കുേന്താറും ഭംഗിയേറിവരുന്ന കാനനപാതപോലെ” ജീവിതത്തെ മനോഹരമാക്കുന്നു (പൊയ്ത്ത്), ”ശുദ്ധജലത്തിന്റെ അടിത്തട്ടു കാണുന്നതുപോലെ” പങ്കാളിയുടെ ഉണ്മയുടെ ആഴം അറിയാനും സ്നേഹത്തിന്റെ വിടവുകൾ നികത്താനും സ്വതന്ത്രവും ഭാവനാത്മകവുമായ പ്രണയം സഹായകരമാണ് (എന്റെ പച്ചക്കരിമ്പേ).
പിതൃ ആധിപത്യത്തിൽ വേരൂന്നിയ ഭവനങ്ങൾ പ്രണയത്തിന്റെ ശവകുടീരങ്ങളാണ്. പങ്കാളിയുടെ സ്വകാര്യതയെ മാനിക്കാ
ത്ത, സ്ര്തീയാണ് മാറേണ്ടതെന്ന് എപ്പോഴും അലറുന്ന സാംസ്കാരിക സിംഹങ്ങൾ (സിംഹമൂത്രം) ലാളനയും ചുംബനവും അശ്ലീലമാണെന്ന് വിശ്വസിക്കുന്നു. ഇക്കൂട്ടർക്ക് പരിചയം സദാചാരവേട്ടയും ഒളിഞ്ഞുനോട്ടവും തുറിച്ചുനോട്ടവുമാണ് (കബീറിന്റെ ചിരി).
സമൂഹത്തിന്റെയും സദാചാരത്തിന്റെയും വിവാഹനിയമത്തിന്റെയും കർശനമായ നിബന്ധനകളിലും നിർബന്ധങ്ങളിലും കെട്ടിപ്പൊക്കുന്ന കുടുംബങ്ങൾ കാമ്പില്ലാത്തതാണ് (പൊയ്ത്ത്). ലാളിക്കാനറിയാവുന്നവരുടെ കൈകളിൽ പ്രണയം മനസ്സുകളുടെ ഇണചേരലാകുന്നു (എന്റെ പച്ചക്കരിമ്പേ). ”തീക്ഷ്ണ സ്നേഹത്തിന്റെ സംഗീതമുള്ള” (ദേവഗാന്ധാരി), ”പൂവേന്ന് വിളിക്കുമ്പോൾ പൂമണം പരത്തുന്ന” വാക്കുകളും ചുംബനങ്ങളും മനസ്സിലും ശരീരത്തിലും വസന്തം സൃഷ്ടിക്കുന്നു (എന്റെ പച്ചക്കരിമ്പേ).
മതേതര പ്രതിരോധങ്ങൾ
പ്രണയത്തിന് രാഷ്ട്രീയമുണ്ടെന്ന് ചന്ദ്രിക വിശ്വസിക്കുന്നതുകൊണ്ടാവണം ശക്തമായ രാഷ്ട്രീയ പ്രമേയങ്ങൾ ‘എന്റെ പച്ചക്ക
രിമ്പേ’ എന്ന കഥാക്കൂട്ടത്തിൽ സ്ഥാനം പിടിച്ചത്. പ്രണയ സംഭാഷണങ്ങളിൽ ഫാസിസവും രാഷ്ട്രീയ കൊലപാതകവും സ്വാഭാവികമായി രംഗപ്രവേശം ചെയ്യുന്നു. മിക്ക കഥകളിലും പ്രണയത്തെ മറ്റു മതേതര രാഷ്ട്രീയ പ്രതിരോധമെന്ന നിലയിലാണ് ചന്ദ്രിക കോറിയിടുന്നത്. പേരിന്റെ പേരിൽ വേട്ടയാടപ്പെടുന്ന കബീർ ഗംഗയെ പ്രണയിക്കുന്നത് ഫാസിസത്തോളം ഇസ്ലാമിക് വിരുദ്ധതയോടുള്ള കലഹമാണ് (കബീറിന്റെ ചിരി). ”ഫാസിസം ലോകത്തെ കശാപ്പുശാലയാക്കുന്നുവെന്ന്” ചന്ദ്രിക പരിതപിക്കുന്നു (ഡോക്ടർ). ഇന്ത്യയിൽ വന്ന് വിശുദ്ധനദിയുടെ പേരുള്ള തന്നെ
വിവാഹം കഴിക്കാൻ ഗംഗ കബീറിനെ വെല്ലുവിളിക്കുന്നത് കൃത്യമായ രാഷ്ട്രീയമാണ് (കബീറിന്റെ ചിരി). മുസ്ലിം ആയതുകൊണ്ട് തന്നെ വിവാഹം കഴിക്കാൻ ഭയപ്പെട്ട ഹിന്ദു കാമുകൻ പറഞ്ഞ ന്യായങ്ങളെ ഫർസാന പരിഹസിക്കുന്നത് ചന്ദ്രികയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണ് (പാനപാത്രം). നീലിമയുടെ മക്കളായ അനാമികയും അപർണയും ഐഡന്റിറ്റി റെക്കോർ ഡിൽ മതവും ജാതിയും ബോധപൂർവം ചേർക്കാത്തത് ഒരു മതേതര നിലപാടാണ്. ചന്ദ്രിക പ്രണയിതാക്കളുടെ ഭാഷണങ്ങളിൽ രാഷ്ട്രീയം ചേർക്കുന്നത് സാഹിത്യത്തിന് ഒരു ചരി്രതധർമമുണ്ടെന്ന ബോധ്യത്തിലാണ്.
ബദൽ ശരീരദർശനങ്ങൾ
”ദേവതകളുടെ ചേരുവകൾ” ഉള്ളവൾ എന്നതാണ് ചന്ദ്രിക സ്ര്തീക്ക് നൽകുന്ന നിർവചനം (ദേവഗാന്ധാരി). സമാധാനമില്ലാ
ത്ത സ്നേഹം പോലെയാണ് അവൾ (ഭൂമിയിലെ വഴികൾ). നിർവചനപരമായ മേൽക്കൈ അനുദിന ജീവിതത്തിൽ അവൾക്ക് തുണയാകുന്നില്ല. വീട്ടുകാര്യങ്ങൾ മുടക്കം കൂടാതെ നിർവഹിക്കുന്ന (പാനപാത്രം), ഭർത്താവിന്റെ താളത്തിനൊത്ത് ജീവിക്കാൻ നിർബന്ധിക്കപ്പെടുന്ന (ഭൂമിയിലെ വഴികൾ), പ്രാരാബ്ധങ്ങൾക്കിടയിൽ സ്വപ്നം കാണാൻ മറന്നുപോകുന്ന, കണ്ണുകൾ മാത്രം പിടയ്ക്കുന്ന, ചിറകുകൾ നനഞ്ഞൊട്ടിയ പക്ഷിയാണ് സ്ര്തീ. ദേവതയെപ്പോലെ ആദരിക്കപ്പെടേണ്ടവളാണെങ്കിലും ഇരട്ടി പ്രായമുള്ളയാൾക്ക് കെട്ടിച്ചുകൊടുക്കാനുള്ള മൂല്യമേ അവൾക്ക് ഉള്ളൂ (പാൽക്കൂൺ). ഗർഭപാത്രം ”പെണ്ണിന്റെ മനസ്സിന്റെ പ്രകമ്പനങ്ങളൊക്കെയും ഏറ്റുവാങ്ങുന്ന അടിവയറിനുള്ളിലിരിക്കുന്ന ജീവൽസ്വപ്നങ്ങളുടെ പ്രപഞ്ചമാണ്” (പാനപാത്രം). എന്നാൽ വീട്ടിലുള്ളവരുടെ ദൈനംദിനകാര്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വസ്തുവായിട്ടാണ് ഗർഭപാത്രത്തെ സമൂഹം കാണുന്നത്. മനസ്സിന്റെയും ശരീരത്തിന്റെയും അദ്ധ്വാനമാണ് ഗർഭപാത്രം ചുമക്കുന്നത് (പാനപാത്രം). വിശേഷപ്പെട്ട ശാസ്ര്തഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പുരുഷനുപോലും ആർത്തവം അയിത്തമാണ്. നഗരത്തിൽ താമസിച്ചിട്ടും അയിത്തത്തിന് കുറവില്ല. വിദ്യാഭ്യാസവും ഭൗതിക പുരോഗതിയും സ്ര്തീകളുടെ ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തുന്നില്ലെന്ന് ചന്ദ്രിക സമർത്ഥിക്കുന്നു (പാനപാത്രം). കിടപ്പറയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടും അടുക്കളയിൽ അയിത്തമില്ല. ആർത്തവമുള്ള ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ
അയിത്തമില്ലാത്ത ഭർത്താവ്, താൻ ഉറങ്ങുന്ന മുറിയിൽ നിന്നുപോലും അവളെ പുറത്താക്കുന്നു (പാനപാത്രം). ശരീരസംബന്ധിയായ ആചാരങ്ങളിലെ കാപട്യങ്ങളും പൊള്ളത്തരവുമാണ് ചന്ദ്രിക ഇവിടെ അനാവരണം ചെയ്യുന്നത്.
ജീവന ഇടങ്ങളിൽ സ്ര്തീകൾ അനുഭവിക്കുന്ന അസ്തിത്വപരവും ജൈവപരവുമായ അയിത്തത്തിനും ആത്മനിന്ദയ്ക്കും പരിഹാരം ബദൽ ശരീരദർശനമാണെന്ന് ചന്ദ്രിക വിശ്വസിക്കുന്നു. തൊഴിൽ ചെയ്ത് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തി അതിജീവനം സാദ്ധ്യമാണ്. അദ്ധ്വാനത്തിന്റെ മഹത്വം അറിയുന്ന ഉണ്ണിമോൾ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കുന്നു (ഭൂമിയിലെ വഴികൾ). പല വീടുകളിൽ പണി ചെയ്ത് മകൻ ശെൽവനെയും കുടുംബത്തെയും പുലർത്തുന്ന മരിതമ്മയും (സിംഹമൂത്രം), ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ ഇൻഷുറൻസ് ജോലി ചെയ്യുന്ന കാഞ്ചനയും (മരണത്തിനിപ്പുറം), ഭർത്താവിന്റെ നിരുത്തവാദപരമായ ജീവിതംകൊണ്ട് പൊറുതിമുട്ടി ഇൻഷുറൻസ് ഏജന്റായ അമ്പിളിയും ഉപജീവനമാർഗം കെണ്ടത്തി (മരണത്തിനിപ്പുറം) അതിജീവനത്തിന്റെ ചരിത്രം രചിച്ചവരാണ്. ഇവരുടെ ധൈര്യവും ശരീരഭാഷയും ആത്മവിശ്വാസവും അതിജീവനത്തിന്റെ മുദ്രകളാണ്. ബദൽ ശരീരദർശനത്തിന്റെ മറ്റൊരു ഭൂമിക സ്വയസ്നേഹമാണ്.
ചന്ദ്രികയുടെ കഥാപാത്രങ്ങൾ അയിത്തത്തെ ആന്തരികവത്കരിക്കാൻ തയ്യാറല്ല. സ്വന്തം ശരീരത്തെ അവർ സ്നേഹിച്ചു; സ്വയസ്നേഹം ആത്മനിന്ദയ്ക്കുള്ള ഔഷധമാണ്. ഡോക്ടർ ഫർസാന പതിനേഴാം നൂറ്റാണ്ടിലെ എടധളദ ഒടശമറളദ-നെപ്പോലെ സ്വയം ശസ്ര്തക്രിയ നടത്തി ഗർഭപാത്രം പറിച്ചെറിയാൻ തയ്യാറല്ല. സ്വന്തം ജൈവപരമായ പ്രത്യേകതകളെയും സങ്കീർണതകളെയും സ്നേഹിച്ചും, ‘വ്യായാമങ്ങൾ ചെയ്തും ഭക്ഷണക്രമം പാലിച്ചും സ്വയം മുറിവുണക്കുന്ന മായാജാലം” ഫർസാന പഠിച്ചു (പാനപാത്രം). ”സ്വയം തകർക്കുന്നിടത്തോളമുള്ള നിസ്വാർത്ഥത വിഡ്ഢിത്തമാണെന്നതാണ്” ഫർസാന്റെ മതം; ”മനസ്സിനെ തകർക്കുന്ന സ്നേഹരാഹിത്യത്തിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും മാറിനിൽ
ക്കാൻ സ്വയം േസ്നഹിക്കണം” (പാനപാത്രം). സ്വയമറിഞ്ഞു േസ്നഹിക്കുമ്പോഴാണ് ഉടലിലും ഉടയവരിലും വിസ്മയങ്ങൾ പൂത്തുലയുന്നത്. ഈ വിസ്മയങ്ങളുടെ പങ്കിടലാണ് സ്ര്തീ-പുരുഷ ബന്ധങ്ങൾ. ഇവിടെ ആധിപത്യത്തിന്റെ ആക്രോശങ്ങളില്ല, മറിച്ച് നിർവൃതിയുടെ നീലമേഘങ്ങളിൽ ഹൃദയങ്ങൾ പറക്കുന്നു.
അടർന്നൊഴുകുന്ന ഭ്രൂണം
പ്രണയത്തിനു പുറത്ത് ഒന്നുമില്ല; അതിരുകൾ വിശാലമാകുമ്പോൾ പ്രണയം അതിജീവനത്തിനായി വെമ്പുന്ന ഭൂമിയുടെ
നിലവിളിയിലുള്ള പങ്കുചേരലാകുന്നു. പ്രണയഭാഷണങ്ങളിൽ പെണ്ണിന്റെ ആത്മാഭിമാനവും ഭൂമിയുടെ ജൈവികതയുടെ വീണ്ടെടുപ്പും ഒന്നാകുന്നത് അനൗചിത്യമല്ല; പ്രണയത്തിന്റെ സമഗ്രതയാണ്. അതുകൊണ്ടാവണം ചന്ദ്രികയുടെ കഥകൾ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ വിലാപവിഷയമാക്കുന്നത്. വയലുകൾ അനധികൃതമായി നികത്തുന്നതും, അശാസ്ര്തീയമായ വീടുനിർമാണവും (എന്റെ പച്ചക്കരിമ്പേ), സിമന്റിട്ട മുറ്റവും (സിംഹമൂത്രം) സൃഷ്ടിച്ച രൂക്ഷമായ കാലാവസ്ഥാവ്യതിയാനങ്ങൾ കാർഷിക-സമ്പദ് രംഗങ്ങളെ താറുമാറാക്കുന്നു (പാൽക്കൂൺ). അതികഠിനമായ ചൂട്; ”സൂര്യൻ ഉരുകിയൊലിക്കുന്നു” (സിംഹമൂത്രം). ”അടർന്നൊഴുകിപ്പോകുന്ന ഭ്രൂണം” പോലെയുള്ള ആവാസവ്യ
വസ്ഥിതി മറക്കാനാവാത്ത ദുരിതങ്ങൾ തീർക്കുന്നു (മരണത്തിനിപ്പുറം). മണ്ണിെനയും പെണ്ണിനെയും ഒരുപോലെ സ്നേഹിച്ച ദാസനും, ”ജനിച്ചുവീണ് മുലപ്പാൽ കൊടുക്കാൻ അമ്മയുടെ കയ്യിലേല്പിച്ച കുഞ്ഞിനെ തൊടുന്ന ശ്രദ്ധയോടെ” കൂണുകളെ പരിചരിക്കുന്ന ചിപ്പിയും അതിജീവനത്തിന്റെ മാതൃകകളാണ് (പാൽക്കൂൺ). മണ്ണിനോടും സംസാരിക്കുന്നതാണ് പ്രണയത്തിന്റെ ആഴമെന്ന് സ്നേഹ പറയുന്നത് ഒരു ബദൽ ജീവനഭാവനയാണ് (ഭൂമിയിലെ വഴികൾ).
ഉപസംഹാരം
ചന്ദ്രികയുടെ കഥകൾ അതിജീവനത്തിനായി വെമ്പുന്ന മണ്ണിന്റെയും െപണ്ണിന്റെയും തുറന്നുപറച്ചിലാണ്. പെൺ ഉടലിന്റെ
വീണ്ടെടുപ്പും ഭൂമിയുടെ പുതുക്കവും മതേതരത്വത്തിന്റെ ശക്തീകരണവും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും അതിജീവനപാതയി
ലെ സഹയാത്രികരെന്നു ചന്ദ്രിക വിശ്വസിക്കുന്നു. പ്രണയത്തെ പൈങ്കിളി ഭാഷണങ്ങളിൽ നിന്നും മോചിപ്പിച്ച്, ഒരു ബദൽ യുക്തിയായും ദർശനമായും പ്രയോഗമായും ചന്ദ്രിക വിശാലമാക്കുന്നു.
Ph: 94955 42577