ഞാനിവിടെയുണ്ട്
മണ്ഡപം മറഞ്ഞിട്ടും കാണികൾ ഉറങ്ങിയിട്ടും
തിരശ്ശീല വിണ്ടുകീറിയിട്ടും നീമാത്രം
അരങ്ങുണർന്നില്ലല്ലോ അഷിത
നെഞ്ചിലെ തീപ്പൊരി കൈത്തിരിയാക്കി
ചില്ലക്ഷരം വരെയും ഒന്നൊന്നായി എരിച്ചിട്ടും
ഓർമകൾക്ക് നീളം വയ്ക്കുന്ന കാവ്യഭൂഖണ്ഡം
നീഅഷിത
വിരൽത്തുമ്പിലൊരു മഞ്ഞുകണമായി നീ
തെളിയുമെന്നാശിച്ച് പുലരുവോളം
ഞാൻ കണ്ണിമയ്ക്കാതിരുന്നു
നിന്റെ ശ്വാസം നെറ്റിയിൽ പകരുമെന്നോർത്ത്
ചന്ദനമരമായി ഞാൻ തണുത്തുറഞ്ഞു
ഓർക്കുന്നുവോ ഓർമയുടെ ഒരു തുള്ളി
മഷിയെങ്കിലും പടരുന്നുവോ
മഞ്ഞിലെ മഞ്ഞായി നോവിലെ നോവായ്
രാവിലും രാവായി അലിവിലും ഒളിഞ്ഞ്
നീഅടുത്തുണ്ടെന്ന് നിനയ്ക്കിലും
തിമിർത്തു പെയ്യാത്തൊരു മേഘമായ് ഞാൻ
അരികിലുണ്ടെന്ന് അറിയുന്നില്ലയോ അഷിത
ഒറ്റയ്ക്കൊറ്റയ്ക്കീതൊടുകുറി
എത്രവട്ടം കണ്ണാടിയിൽ മായ്ക്കണം
നീയാത്ര പറഞ്ഞപ്പോൾ ഞാൻ
കവിതയുടെ പുറംബഞ്ചിൽ അനുസരണം കെട്ടു നിന്നു
ഒരുമിച്ചൊരുമിച്ചൊരുമിച്ചിരുന്നിട്ടേറെ വേനൽ കഴിഞ്ഞു
കാതുകൾ കാതുകളെ കേൾക്കാതെയായിട്ടും
കണ്ണുകൾ കണ്ണുകളെ കാണാതെയായിട്ടും
കാലത്തിന്റെ കരവലയത്തിൽ നീറ്റൽ കുതറുന്നില്ല
ഒരു സുഗന്ധവ്യാപാരിക്കും നൽകുവാനാവാത്തൊരു
ആത്മീയസുഗന്ധം പോൽ
രാവേ ഒന്ന് പൊൻചിലമ്പഴിച്ചാടൂ…
ഉറങ്ങിയുറങ്ങിയുറങ്ങി മുനിഞ്ഞു മുനിഞ്ഞു കത്തുന്ന
ഈ തീത്തുമ്പിക്ക് വർണചിത്രമായി പകർന്നാട്ടം വേണം
ഞാനിവിടെയുണ്ട് അഷിത
നീസ്വർഗപ്പുഞ്ചിരിയുമായി വരുമെന്നറിയാം.