ലാറ്റിനമേരിക്കന്‍ കഥ (ക്യൂബ)
അവസാനത്തെ സ്യൂട്ട്കേസ് അടയ്ക്കാന്‍ ജോര്‍ജ് വല്ലാതെ ബുദ്ധിമുട്ടി. പൂട്ടാന്‍ പറ്റുന്നില്ല. പൂട്ട് ആദ്യം സാധാരണ നിലയില്‍ അമര്‍ത്തി. സ്പ്രിംഗ് താഴുന്നില്ല. കുറേ കൂടി ബലം പ്രയോഗിച്ചു. ഫലമില്ല. വിരലുകള്‍ നേരിയ നിലയില്‍ വിറയ്ക്കുന്നു. ചുമലില്‍ നിന്ന് വിയര്‍പ്പുകണങ്ങള്‍ അരയിലേക്കു വീഴുന്നു. കാലാവസ്ഥയല്ല കാരണം. പരിഭ്രമിക്കുമ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്.
യാത്രയ്ക്കുള്ള അവസാന ഒരുക്കത്തിലായിരുന്നു ഡാലിയ. ടിക്കറ്റും പണവും കൈബാഗില്‍ വെച്ചു. പെട്ടിയടയ്ക്കാനാവാത്ത വിഷമം മറച്ചുവയ്ക്കാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ ഡാലിയയ്ക്ക് അത് മനസ്സിലായി.
”അടഞ്ഞില്ലേ?”
”ഇല്ല. അവസാന നിമിഷമാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുക.”
”അമിതമായി ബലം പ്രയോഗിക്കരുത്.”
”നിനക്ക് കണ്ടുകൂടേ? ഞാന്‍ അങ്ങനെ ചെയ്യുന്നില്ല.” ജോര്‍ജിന് ദേഷ്യം വരുന്നുണ്ടായിരുന്നു.
”ധൃതി പിടിക്കേണ്ട. ക്ഷമയോടെ ചെയ്യണം. തീവണ്ടി 12 മണിക്കേ പുറപ്പെടൂ. സമയമുണ്ട്.”
താന്‍ എത്രതന്നെ ശ്രമിച്ചാലും പെട്ടി പൂട്ടാന്‍ കഴിയില്ലെന്ന് അയാള്‍ക്കു തോന്നി.
”പൂട്ടിയില്ലെങ്കിലും നീ കൊണ്ടു പോയ്ക്കോ. മറ്റേ പൂട്ടിന് നല്ല ശക്തിയുണ്ട്. അതു മതി.”
”ഇല്ല. പെട്ടി ശരിക്കു പൂട്ടിയില്ലെങ്കില്‍ ഞാന്‍ പോകുന്നില്ല. പാതിയടച്ച പെട്ടിയുമായി ഒരു യാത്ര! അതും ഇക്കാലത്തെ തീവണ്ടിയാത്ര. പെട്ടി നമുക്ക് തിങ്കളാഴ്ച നന്നാക്കാന്‍ കൊടുക്കാം. ടിക്കറ്റ് ചൊവ്വാഴ്ചയിലേക്കു മാറ്റാം.”
”വെറുതെയെന്തിന് ഈ പുകിലെല്ലാം?” പൂട്ടാന്‍ ആവുന്നില്ലെങ്കില്‍ ഒരു ചരടുകൊണ്ട് വരിഞ്ഞു കെട്ടാം. അതു മതി.”
”ചരടു കെട്ടിയ സ്യൂട്ട്കേസുമായി ഞാന്‍ എങ്ങനെ യാത്ര ചെയ്യും? പിന്നെ അത്ര ധൃതിയൊന്നുമില്ല. പെട്ടി ശരിയായിട്ടു മതി. ചൊവ്വാഴ്ചയാകാം.”
”നിന്റെ വീട്ടുകാര്‍ എന്തു പറയും? നിനക്കെന്തെങ്കിലും പറ്റിയെന്ന് അവര്‍ കരുതും. അല്ലെങ്കില്‍ ഞാന്‍ സമ്മതിച്ചില്ലെന്ന്. അല്ലെങ്കില്‍തന്നെ എന്നെക്കുറിച്ച് അവര്‍ക്ക് നല്ല അഭിപ്രായമില്ല.”
”കമ്പിയടിച്ചാല്‍ പോരേ?”
ഡാലിയയുടെ അചഞ്ചലമായ യുക്തി പലപ്പോഴും ജോര്‍ജിന് വിമ്മിഷ്ടമാണുണ്ടാക്കാറ്. ആര്ദ്രമാകുന്ന വേളകളില്‍ കൃതജ്ഞതയുടേതായ ഒരു ഭാവം അയാളില്‍ ഉയര്‍ന്നു നില്ക്കും. അയാള്‍ പ്രതിഷേധങ്ങളിലൂടെയും, അവളുടെ സമര്‍പ്പണം ആഗ്രഹിച്ചും അവളെ വേണമെന്ന ആഗ്രഹം വെളിപ്പെടുത്തിയും പ്രകടിപ്പിക്കും. കൃതജ്ഞത എവിടെ അവസാനിക്കുന്നുവെന്നും അഭിനിവേശം എവിടെ ആരംഭിക്കുന്നുവെന്നും അറിയാന്‍ ബുദ്ധിമുട്ടാണെന്നു മാത്രം. ലാളനകളിലൂടെ പലപ്പോഴും അത് പ്രകടമാകും. എന്നാല്‍ ആര്‍ദ്രതയുടെ നിമിഷങ്ങള്‍ ഈയിടെയായി പലപ്പോഴും കുറഞ്ഞു വരുന്നു. വിമ്മിഷ്ടം അനുഭവപ്പെടുന്ന അനിഷ്ടകരമായ വേളകള്‍ കൂടിവരികയും ചെയ്യുന്നു.
നിലത്ത്, സ്യൂട്ട്കേസിനടുത്ത് കിടന്നിരുന്ന ഒരു താക്കോല്‍ ഒരു പുഞ്ചിരിയോടെ ഡാലിയ ചൂണ്ടിക്കാട്ടി. അയാളുടെ കണ്ണുകള്‍ക്കു താഴെ. എല്ലാവര്ക്കും കാണാവുന്ന വിധത്തില്‍ അതവിടെ കിടന്നിരുന്നു. അയാള്‍ അതെടുത്ത് പൂട്ടില്‍ കയറ്റി തിരിച്ചു. സ്പ്രിംഗ് പിറകോട്ടു ചലിച്ചു. മുകളറ്റം അമര്‍ത്തി. എല്ലാം ശരിയായി.
അയാള്‍ സ്റ്റേഷനിലേക്ക് പോകുന്നില്ലെന്ന് തീരുമാനമായി. വെയിറ്റിംഗ് റൂമുകള്‍, സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ ഒന്നും അയാള്‍ക്ക് സഹിക്കില്ല. വിമാനത്താവളങ്ങളാണ് കൂടുതല്‍ അസഹ്യം. അവിടെയെല്ലാം തന്റെ താല്പര്യങ്ങള്ക്കുമേല് മറ്റുള്ളവരുടെ താല്പര്യം ആധിപത്യം നേടുന്നതായി അയാള്‍ക്ക് തോന്നും. ക്ഷമയോടെ കാത്തു നില്ക്കുന്ന യാത്രക്കാര്‍. ഉച്ചഭാഷിണിയിലൂടെ വരുന്ന ലോഹശബ്ദത്തെ അനുസരിക്കുന്നു. മരണക്കെണിയായ യന്ത്രത്തിലേക്ക് കയറാനുള്ള ഉത്തരവ്. ജനങ്ങള്‍ പാവങ്ങള്‍. വിടപറച്ചിലുകളും അയാള്‍ വെറുത്തു. റെയില്‍വേ സ്റ്റേഷനുകളില്‍ അതാണല്ലോ കാണാറുള്ളത്. എല്ലാം പറഞ്ഞു കഴിഞ്ഞാലും ചുംബനങ്ങള്‍ കൈമാറിയാലും വണ്ടി പുറപ്പെടുകയില്ല. പിന്നെയും സമയം ബാക്കി. ആത്മവഞ്ചനയില്‍ പൊതിഞ്ഞു ചടങ്ങുകള്‍ അപ്പോള്‍ ആവര്‍ത്തിക്കുകയായി. ഒടുവില്‍ വണ്ടി പുറപ്പെടുന്നു. എല്ലാവര്ക്കും ആശ്വാസം!
ഫഌറ്റില്‍ നിന്നിറങ്ങിയ ഡാലിയയെ ജോര്‍ജ് ചുംബിച്ചു. വാതില്‍ തുറക്കും മുമ്പ്, അവളുമായി ശാരീരികബന്ധം പുലര്‍ത്തണമെന്ന അപ്രതീക്ഷിത ആഗ്രഹം അയാളെ ഉലച്ചു. അയാള്‍ അവളുടെ കവിളില്‍ ചുംബിച്ചു. ഒന്ന്, രണ്ട്, മൂന്ന്. ”വേഗം വരണം.” പറയാനാഞ്ഞുവെങ്കിലും അയാള്‍ സ്വയം തടഞ്ഞു. അവള് അയാളുടെ ചുംബനങ്ങള്‍ സ്വീകരിച്ചു. അയാളുടെ ഒരു ചുമലില്‍ അമര്‍ത്തിപ്പിടിച്ചു ചെവിയില്‍ മൊഴിഞ്ഞു.
”ശ്രദ്ധിക്കണം. ഭക്ഷണം ഒഴിവാക്കരുത്. വേദന വന്നാല്‍ മരുന്ന് എവിടെയുണ്ടെന്ന് അറിയാമല്ലോ. എന്തെങ്കിലും വിഷമം തോന്നിയാല്‍ ഫഌറ്റിന്റെ മേല്നോട്ടക്കാരിയെ വിളിക്കണം. അവള് നല്ലവളാണ്. വിളിച്ചാല്‍ ഉടനെ വരും. ഞാന്‍ പറഞ്ഞിട്ടുമുണ്ട്.”
തീരേ ചെറിയ ഒരു സ്കാര്‍ഫ് അവള് തലയില്‍ കെട്ടി. സിസിലിയിലെ ഒരു കര്‍ഷക പെണ്കൊടിയെപ്പോലെയുണ്ട് എന്നു പറയണമെന്ന് അയാള്‍ക്കു തോന്നി, അങ്ങനെ ഒരു സ്ത്രീയെ അയാള്‍ കണ്ടിട്ടില്ലെങ്കിലും. യാത്രയിലാണ് ഡാലിയ ഈ സ്കാര്‍ഫ് ഉപയോഗിക്കുക. വീട്ടില്‍ പോകുമ്പോഴെല്ലാം അവള് അലമാരയുടെ ഉള്ളില്‍ നിന്ന് ഇതെടുക്കും. അതണിഞ്ഞാല്‍ അവള്‍ക്ക് നല്ല ഭംഗിയാണ്. അതവള് പോകുന്നതുകൊണ്ടോ, ആര്‍ദ്രതയുടെയും കുറ്റബോധത്തിന്റെയും അതിശയകരമായ വികാരം അതയാള്‍ക്ക് നല്‍കുന്നതുകൊണ്ടോ, അവളുടെ ചായം പുരട്ടിയ അധരങ്ങളുമായി ആ സ്കാര്‍ഫ് നന്നായി ഇണങ്ങുന്നതുകൊണ്ടോ, യാത്രകളില്‍ അവള് തേച്ച സുഗന്ധദ്രവ്യത്തിന്റെ സൗരഭം ഹൃദ്യമായതുകൊണ്ടോ? ആ മനോഹരമായ പച്ച സ്കാര്‍ഫ് അവളെ കൂടുതല്‍ ചെറുപ്പമാക്കുന്നുവെന്ന് അയാള്‍ക്കറിയാം.
രണ്ട് സ്യൂട്ട്കേസുകളും അയാള്‍ എടുത്തു മുന്നില്‍ നടന്നു. ചെറിയ ബാഗ് അവളുടെ കയ്യില്‍. അയാള്‍ മുറിയടച്ച് തെരുവിലേക്കിറങ്ങി.
ഭാഗ്യത്തിന് ഒരു ടാക്സി, യാത്രക്കാരെ ഇറക്കുന്നുണ്ടായിരുന്നു. അയാള്‍ സ്യൂട്ട്കേസുകള്‍ മുന്‍ സീറ്റില്‍ വെച്ചു. ഡാലിയ പിറകില്‍ കയറി. ”ശ്രദ്ധിക്കണം” കാര്‍ പുറപ്പെടുമ്പോള്‍ ഡാലിയ വിളിച്ചു പറഞ്ഞു.
അഗാധമായ ആശ്വാസവും ഒപ്പം ശൂന്യതയുമായി ജോര്‍ജ് കോണിപ്പടികള്‍ കയറി. അവസാനത്തെ രണ്ടു മണിക്കൂറിലെ സംഘര്‍ഷങ്ങള്‍ അയാളെ തളര്‍ത്തിയിരുന്നു. എഴുന്നേറ്റ നിമിഷം മുതല്‍ ടാക്സിയുടെ വാതിലടഞ്ഞ നിമിഷം വരെയുള്ള രണ്ടു മണിക്കൂര്‍.
കോണി കയറുമ്പോള്‍ ആ സ്ത്രീയെ വീണ്ടും കണ്ടു. മെലിഞ്ഞ അരണ്ട മുഖവും തുളച്ചുകയറുന്ന ശബ്ദവുമുള്ള സ്ത്രീ. ആ വൃത്തിയില്ലാത്ത കെട്ടിടത്തില്‍, എല്ലാവരെയും സ്വാഗതം ചെയ്ത് തിരക്കിട്ടു നടക്കുന്ന ഏക വ്യക്തി. ഫഌറ്റിന്റെ മേല്‍നോട്ടം അവള്‍ക്കാണ്. പ്രായമായ ദമ്പതിമാരും ഇടനാഴികളില്‍ ശബ്ദം മുഴക്കുന്ന ധാരാളം കുട്ടികളുള്ള വീട്ടമ്മമാരുമായിരുന്നു അവിടത്തെ അന്തേവാസികള്‍. അയാളും അവളും വിവാഹിതരല്ലെന്ന വാര്‍ത്ത പുറത്തായതില്‍ പിന്നെ, വിരണ്ട മുഖമായിരുന്നു അന്തേവാസികള്‍ക്ക് അവരെ കാണുമ്പോള്‍. ആ കെട്ടിടത്തിലേക്കു കയറുമ്പോളോ അവിടെ നിന്നു പുറത്തിറങ്ങുമ്പോളോ എപ്പോഴും ഒരാണ്‍കുട്ടി ആ ഇരുണ്ട ഹാളിലിരുന്ന്, തന്റെ പ്രായത്തിലുള്ളവരേക്കാള്‍ തീരേ ചെറിയവര്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളുമായി കളിക്കുന്നത് കാണാം. ജോര്‍ജും ഡാലിയയും സര്‍ക്കസില്‍ നിന്നു വന്ന ഭൂതങ്ങളാണെന്ന മട്ടില്‍ അവന് അവരെ തുറിച്ചു നോക്കും.
”ഒറ്റയ്ക്കായി അല്ലേ?” ആദ്യത്തെ പടിയില്‍ വെച്ചുതന്നെ ആ സ്ത്രീ ചോദിച്ചു.
”അതെ.”
”എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, ചോദിക്കാന്‍ മടിക്കരുത്.”
”നന്ദി.”
ആ മെലിഞ്ഞ സ്ത്രീ തന്റെ മേല്‍ വേദനയ്ക്കുള്ള മരുന്ന് അമര്‍ത്തി തേക്കുന്നത് ജോര്‍ജ് ഭാവനയില്‍ കണ്ടു. ആ ചിന്ത അയാളെ രസിപ്പിച്ചു. കോണിപ്പടികള്‍ സാവധാനം കയറുമ്പോള്‍ അയാള്‍ ചിരിയടക്കാന്‍ പാടുപ്പെട്ടു. ഒരു ലിഫ്റ്റ് പോലുമില്ലാത്ത കെട്ടിടം. അയാള്‍ അതിനെ വെറുത്തു.
മുകളിലെത്തിയപ്പോള്‍ കുളിക്കണമെന്നും, ഉച്ചഭക്ഷണത്തിനു മുമ്പായി ഫഌറ്റിലെ സാധനങ്ങള്‍ അടക്കിയൊതുക്കി വയ്ക്കണമെന്നും അയാള്‍ തീരുമാനിച്ചു. ക്ലോക്കില്‍ നോക്കി. 11:30. ഇനി സമയം ഇഴഞ്ഞു നീങ്ങും. ആ മണിക്കൂറുകളില്‍ കാത്തിരിപ്പിന്റെ ദിനരാത്രങ്ങള്‍ ഒതുങ്ങിക്കഴിയും. എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ സമയം വേഗം കടന്നുപോകും.
എന്നാല്‍ അയാള്‍ ഒന്നും ചെയ്തില്ല. എന്തോ ഒരു ക്ഷീണം. കുറേ നേരം കിടന്നു. അറിയാതെ ഉറങ്ങിപ്പോയി.
ഞെട്ടിയുണര്‍ന്നു. വാച്ചു നോക്കിയപ്പോള്‍, രണ്ടു മണിക്കൂര്‍ ഉറങ്ങിയെന്നു മനസ്സിലായി. ഇനി ഭക്ഷണത്തിനു സമയമില്ല. അയാള്‍ ചിന്തകള്‍ക്ക് അടുക്കും ക്രമവും ഉണ്ടാക്കാന്‍ നോക്കി. സമയം കണക്കുകൂട്ടി. സാധനങ്ങള്‍ അടുക്കിവയ്ക്കാന്‍ ഇനിയും സമയമുണ്ട്. മുറിയില്‍ കാറ്റ് കടത്തിവിടാം. കിടക്കയിലെ വിരികള്‍ മാറ്റാം. കുളിക്കാം. കുളി അത്യാവശ്യമാണ്. അടുക്കളയിലെ ഹീറ്ററില്‍ വെള്ളം ചൂടാവുന്നതിനിടയില് തണുത്ത വെള്ളം അയാള്‍ക്കു പറ്റില്ല, വേനലില്‍ പോലും അടുത്ത മുറി വൃത്തിയാക്കാം. താന്‍ വായിക്കുകയും ചിലപ്പോള്‍ ഒറ്റയ്ക്ക് ഇരിക്കുകയും ചെയ്തിരുന്ന മുറി.
അയാള്‍ മുറികള്‍ വൃത്തിയാക്കാന്‍ തുടങ്ങി. ആദ്യം കാണുന്ന മട്ടില്‍ മുറിയിലെ ഓരോ സാധനവും പരിശോധിച്ചു. ജാലകവിരികള്ക്കു യോജിച്ച സാധനസാമഗ്രികള്‍. ഈ കൊടുംചൂടില്‍ ഏത് വിരിയാണ് നല്ലത്? പൂക്കള്‍ വച്ചാലോ? ഡാലിയയ്ക്ക് എന്തേ പൂക്കള്‍ ഇഷ്ടമല്ല? അയാള്‍ക്ക് ഇഷ്ടമാണ്. ചിലപ്പോള്‍ അയാള്‍ വാങ്ങിക്കൊണ്ടു വരും. അവള്‍ക്കായി, സിനിമകളില്‍ കാണുന്ന പോലെ. അവള് അത് സ്വീകരിക്കുമ്പോള്‍, അയാള്‍ക്കറിയാം, വാടുന്ന നിമിഷം അവള് അത് എടുത്തെറിയുമെന്ന്. അവയില്‍ പിന്നെ, കൊതുകുകള്‍ വന്നു കൂടും.
എല്ലാം ക്രമത്തിലായിട്ടുണ്ടെന്ന് അയാള്‍ ഉറപ്പുവരുത്തി. ജീവനില്ലാത്തതും വിരസവും ആയിക്കൊള്ളട്ടെ, വൃത്തിയായിരിക്കണം. വലിച്ചു വാരിയിടരുത് (എന്തുകൊണ്ടാണ് അവ ജീവനില്ലാത്തവയായി ഇപ്പോള്‍ അയാള്‍ക്കു തോന്നുന്നത്? പലപ്പോഴും അവ അടുപ്പത്തിന്റേയും ആശ്വാസത്തിന്റേയും സ്വര്‍ഗീയ വരദാനങ്ങളായി അയാള്‍ക്കു തോന്നിയിട്ടുണ്ടല്ലോ! പ്രത്യേകിച്ചും, ഡാലിയ വായിക്കുന്നത് കേട്ടു കിടക്കുന്ന സായാഹ്നങ്ങളില്‍!)
അയാള്‍ കുളിമുറിയില്‍ കടന്നു. ചൂടുവെള്ളം ദേഹത്തൊഴുകിയപ്പോള് സുഖവും സന്തോഷവും തോന്നി. രണ്ടുതവണ സോപ്പ് തേച്ചു. ഒരു തണുത്ത ദിവസമായിരുന്നു. എന്നിട്ടും, ആ സ്യൂട്ട്കേസുകളുമായി മല്ലിട്ട് അയാള്‍ കുറേ വിയര്‍ത്തു. ശ്രദ്ധയോടെ തോര്‍ത്തി. സുഗന്ധദ്രവ്യം പൂശി ശരീരം മിനുക്കി. കിടപ്പുമുറിയുടെ കണ്ണാടിക്കു മുന്നില്‍ നിന്നു.
അതിനായി കാത്തു നില്‍ക്കുകയായിരുന്നെങ്കിലും എത്ര കാലമായി കാത്തിരിക്കുന്നുവെന്ന് ദൈവത്തിനു മാത്രമറിയാം വാതില്‍പ്പടി തിരിയുന്ന ശബ്ദം കേട്ടപ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടി. ധൈര്യപൂര്‍വം പിടി തിരിക്കുന്ന ശബ്ദം. അയാള്‍ മുടി ചീകുകയായിരുന്നു. വീണ്ടും ശബ്ദം പതുക്കെ; പക്ഷേ നിര്‍ഭയം. അയാള്‍ ഓടിച്ചെന്നു. ആ നിമിഷം ഡാലിയ മനസ്സിലേക്ക് ഓടിയെത്തി. എന്തുകൊണ്ടെന്നറിയില്ല. മനോഹരമായ പച്ച സ്കാര്‍ഫ്. ഒടുവിലത്തെ നിര്‍ദേശങ്ങള്‍. അയാള്‍ വാതില്‍ മലര്‍ക്കെ തുറന്നു.
അത് ലോറയായിരുന്നു.
അയാളുടെ കൈവിരലുകള്‍ ചെറുതായി വിറച്ചു. ഇടനാഴിയില്‍ ആരുമില്ലെന്നും, തന്റെ ദുര്മുഖക്കാരായ അയല്‍ക്കാര്‍ ആരും അവള് വരുന്നത് കണ്ടിട്ടില്ലെന്നും ആശ്വാസത്തോടെ അയാള്‍ ഉറപ്പിച്ചു. അയാളുടെ പരിഭ്രമത്തെയും പരിശോധനയെയും അവളുടെ സാന്നിദ്ധ്യം മറികടന്നു. അവളുടെ ശാന്തമായ പുഞ്ചിരി, ആ വലിയ കണ്ണുകളിലെ അഗാധമായ സ്വച്ഛത. ഭംഗിയായി ചീകി വച്ച തലമുടി, ലിനന്‍ സ്യൂട്ടിലെ മഞ്ഞ, സ്ഫുടവും മാന്യവുമായ ശബ്ദം.
”പ്രവേശിച്ചു കൂടേ?”
ലോറ! ലോറ! ഈ മാന്ത്രിക മുഹൂര്‍ത്തത്തിനായി എത്രകാലമായി കാത്തുനില്ക്കുന്നു! തന്റെ പാര്‍പ്പിടത്തില്‍, പടിവാതില്ക്കല് അവള് ! ഇരുണ്ട ഇടനാഴിയിലെ അരണ്ട വെളിച്ചത്തിനെതിരെ അവളുടെ ജ്വലിക്കുന്ന മുഖം. എത്ര തവണ ഈ രംഗം അയാള്‍ ഭാവനയില്‍ കണ്ടിട്ടുണ്ട്! പുഞ്ചിരിക്കുന്ന ലോറ. കാത്തുനില്ക്കുന്ന ലോറ. തന്നെ കാണാതെ, രണ്ടാം തവണ അക്ഷമയായി വാതിലില്‍ മുട്ടുന്ന ലോറ. താന്‍ ഓടിച്ചെന്ന് വാതില്‍ തുറക്കുന്നു. അവളെ പുണരുന്നു. പക്ഷേ ആ പദ്ധതി മറന്നു. എന്തൊരു വിഡ്ഢി. മറ്റനേകം പദ്ധതികളും സ്വപ്നങ്ങളും പൊളിഞ്ഞു. ലോറ ആദ്യമായി തന്നെ സന്ദര്‍ശിക്കുന്നു. ലോറയുടെ ശബ്ദം തന്റെ ചെറിയ ഫഌറ്റില്‍ മുഴങ്ങുന്നു. ലോറയുടെ വസ്ത്രം തന്റെ മേല്‍ നേര്‍മയോടെ ഉരസുന്നു. വസ്ത്രങ്ങള്‍ ഇക്കാലത്ത് ഉരസുന്നില്ല. അതൊക്കെ പണ്ടായിരുന്നു. നോവലുകളിലായിരുന്നു. എങ്കിലും അവള് വരുമ്പോള്‍ വസ്ത്രം നേരിയ തോതിലെങ്കിലും ഉരസും. അയാള്‍ അതാഗ്രഹിക്കുന്നു.
അവളുടെ ശാന്തമായ പുഞ്ചിരി കണ്ടുനില്ക്കാനേ അയാള്‍ക്ക് ആകുമായിരുന്നുള്ളൂ. ചെറിയ മുറിയിലെ എല്ലാ പ്രകാശങ്ങളെയും ആഗിരണം ചെയ്യുന്ന ആ മഞ്ഞ ലിനന്‍ സ്യൂട്ട് കണ്ടുനില്ക്കാനേ കഴിയുമായിരുന്നുള്ളൂ. അയാള്‍ ജാലകങ്ങള്‍ തുറന്നിട്ടിരുന്നു. അകത്തു വരാന്‍ ഒരു വിഡ്ഢിയെപ്പോലെ അയാള്‍ ആാഗ്യം കാട്ടി. അതിനേ അയാള്‍ക്കു കഴിഞ്ഞുള്ളൂ.
”അപ്പോള്‍ ഇവിടെയാണ് താമസം അല്ലേ?”
അയാള്‍ അവളില്‍ മുഴുകി, ഒന്നും പറയാനാവാത്ത സ്ഥിതിയിലായിരുന്നു. അവള് വിണ്ടും മുറിയിലെ മുക്കും മൂലയും നോക്കി. ചോദ്യം ആവര്‍ത്തിച്ചു. താന്‍ ഷൂ ധരിക്കാന്‍ മറന്നിരിക്കുന്നുവെന്ന് അയാള്‍ക്ക് അപ്പോളാണ് മനസ്സിലായത്. ആവേശത്തള്ളിച്ചയാല്‍ മറന്നതാകണം. നഗ്നപാദനായാണ് അവളെ സ്വീകരിച്ചത്. അത് മനസ്സിലായ നിമിഷം അവളും പൊട്ടിച്ചിരിച്ചു. രണ്ടുപേരുടെയും ചിരി ഉച്ചത്തിലായി. പിന്നെ അയാള്‍ അവളെ ആശ്ലേഷിച്ചു.
ആദ്യം അയാള്‍ക്കു പേടിയുണ്ടായിരുന്നു. അവള് എതിര്‍ത്താലോ? സ്ത്രീകള്‍ അങ്ങനെയാണ്. എന്തിനും തയ്യാറാണ് എന്നു തോന്നിക്കുന്ന നിമിഷംതന്നെ, ആരെങ്കിലും കണ്ടാലോ എന്ന ഭയം മൂലം പിന്തിരിയും. വാസ്തവത്തില്‍, ഇവരുടെ കാര്യത്തില്‍ ആരെങ്കിലും എതിര്‍പ്പ് ഭയന്നിട്ടുണ്ടെങ്കില്‍ അത് അയാളാണ്. ഇരുട്ടത്തു സിനിമാശാലകള്‍, നിറം മങ്ങിയ ചുമരുകളുള്ള ചെറിയ ഹോട്ടലുകള്‍ അവയെല്ലാം തങ്ങളുടെ പ്രണയത്തിന്റെ വില കെടുത്തുമെന്നും ഒടുവില്‍ പ്രണയത്തെതന്നെ തകര്‍ക്കുമെന്നും അയാള്‍ ഭയപ്പെട്ടു. സമയ-കാലങ്ങളുടെ കിരാതവാഴ്ചയില്‍ നിന്നും വിമുക്തമായി സന്ധിക്കുന്നതിന് കാത്തിരിക്കാം. അയാള്‍ ചില ഉദാഹരണങ്ങള്‍ എടുത്തുകാട്ടും. അവള് ചില ചോദ്യങ്ങള്‍ ഉന്നയിക്കും. വന്നു ചേരുന്ന പരമമായ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍ക്കായി അവര്‍ ക്ഷമയോടെ കാത്തിരുന്നു. ഇപ്പോള്‍ പുറപ്പെട്ട തീവണ്ടി തിരിച്ചെത്തുന്നതുവരെയുള്ള സ്വാതന്ത്ര്യം.
എല്ലാ ഭയവും ആദ്യത്തെ ദീര്‍ഘവും, വിറകൊണ്ടതുമായ ആലിംഗനത്തില്‍ തന്നെ അപ്രത്യക്ഷമായി. സമാശ്വാസത്തിന്റെ ദീര്‍ഘനിശ്വാസങ്ങള്‍ ആ പരിരംഭണത്തില്‍ കടന്നുകയറി.
അയാള്‍ക്ക് സ്വയം സമര്‍പ്പിക്കാനാണ് അവള് വന്നത്.
ആ സായ്ഹാനം മുഴുവന്‍, അസ്തമിച്ച് ഏറേ കഴിയും വരെ, എല്ലാം മറന്ന് സമയബോധമില്ലാതെ, ഫഌറ്റ് ക്രമേണ ഇരുളില്‍ മുങ്ങുമെന്നറിയാതെ, തെരുവിലെ ശബ്ദങ്ങളും ടെലിഫോണ്‍ അടിക്കുന്നതും വാതില്മുട്ടു കേള്‍ക്കുന്നതും അയല്‍ ഫഌറ്റുകളിലെ ബഹളങ്ങളും വാച്ചിന്റെ മിടിപ്പും അവഗണിച്ച്, സൗഭാഗ്യങ്ങളും അഗാതതലങ്ങളിലേക്ക് താന്‍ മുങ്ങിക്കൊണ്ടിരിക്കുന്നതായി ജോര്‍ജിന് അനുഭവപ്പെട്ടു. വാച്ചിന്റെ ടിക് ടിക് ശബ്ദം പിന്നെ നിലച്ചു! പ്രപഞ്ചവും ഇല്ലാതായി.
വെളിച്ചം തീര്‍ത്തും അപ്രത്യക്ഷമാകുകയും ഹര്ഷോന്മാദത്തിനുള്ള ശേഷി ശോഷിക്കുകയും ചെയ്തപ്പോള്‍ ശാന്തതയും നിശബ്ദതയും ഉദിച്ചു. നിശ്ശബ്ദത തുടരണമെന്നായിരുന്നു ജോര്‍ജ് ആഗ്രഹിച്ചത്. ലോറ മറിച്ചും. ശ്രദ്ധയോടെ അയാള്‍ കേള്‍ക്കാതിരിക്കുകയും, മനസ്സിലാക്കാതിരിക്കുകയും ചെയ്ത സംസാരങ്ങളില്‍ അവള് മൗനം കീറിമുറിച്ചു. ജോര്‍ജിന്റെ സംശയങ്ങള്‍ സ്ഥിരീകരിച്ച സാധനങ്ങള്‍ അവള് ബാഗില്‍ നിന്നു പുറത്തെടുക്കാന്‍ തുടങ്ങി. പൈജാമകള്‍, ബ്രഷുകള്‍ (എന്തിന് ഇത്രയധികം!), ഒരു പുസ്തകം, പൗഡര്‍, മൃദുലമായ പുതിയ മുടിച്ചുറ്റ് (അവളുടെ ചര്‍മം പോലെ മൃദുലം), അടിവസ്ത്രങ്ങള്‍, സ്ത്രീകള്‍ ജീവിതത്തിന് അത്യന്താപേക്ഷിതമെന്നു കരുതുന്ന ടിഷ്യുപേപ്പര്‍, ചെറിയ ടിന്നുകളിലെ അതിശയ തയ്യാറിപ്പുകള്‍ (അവ തലമുടിയുടെ പരിപോഷണത്തിനുള്ളവയാണെന്ന് ജോര്‍ജ് പിന്നീട് കണ്ടെത്തി). പക്ഷേ, അറ്റം കാണാത്ത ബാഗില്‍ നിന്ന് അവ ഓരോന്നായി എടുത്ത് മേശപുറത്തു വയ്ക്കുമ്പോള്‍ ലോറ സംസാരിക്കുന്നതെന്തിന്? വാക്കുകള്‍ അത്യാവശ്യമാണോ?
ജോര്‍ജ് രാത്രിഭക്ഷണമുണ്ടാക്കാന്‍ തുടങ്ങി. ആ രാത്രിയിലേക്ക് വളരെ ഹൃദ്യമായ ലഘുഭക്ഷണം. ആഴ്ചകളായി അയാള്‍ ആലോചിച്ച് ഉറപ്പിച്ചിരുന്നു. അന്നുവരെ ഉപയോഗിക്കാതെ കിടന്നിരുന്ന, മടക്കാവുന്ന ചെറിയ ഭക്ഷണമേശ അതിനായി കിടപ്പുമുറിയിലേക്കു കൊണ്ടുവരണമെന്നും അയാള്‍ ഉദ്ദേശിച്ചിരുന്നു. ഡാലിയയറിയാതെ അതയാള്‍ അറ്റകുറ്റപണി നടത്തുകയും ചെയ്തു. ബാല്‍ക്കണിക്കടുത്ത് ആ മേശയിടാം. പക്ഷേ ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറക്കില്ല. ആരെങ്കിലും കണ്ടാലോ! വിരികള്‍ ഉയര്‍ത്താം. എങ്ങനെയെങ്കിലും കാറ്റ് കടക്കട്ടെ. രാത്രിയിലെ ഇളംകാറ്റില്‍ ലോറയുടെ മുടിച്ചുരുളുകള്‍ ലോലമായി ഇളകുന്നതും അവള് സ്വാഭാവികമായി മുടി മാടിയൊതുക്കുന്നതും എത്ര തവണ അയാള്‍ ഭാവനയില്‍ കണ്ടിട്ടുണ്ട്!
പക്ഷേ ഭക്ഷണം ഡൈനിങ്റൂമില്തന്നെയാകാമെന്ന് ജോര്‍ജ് എന്തുകൊണ്ടോ തീരുമാനിച്ചു. വിഭവങ്ങള്‍ വളരെ ലളിതം. തീറ്റ കഴിഞ്ഞാല്‍ അവിടെയിരുന്നു തന്നെ വര്‍ത്തമാനത്തില്‍ മുഴുകാം.
ഭക്ഷണം കഴിക്കുമ്പോള്‍ നിശ്ശബ്ദതയായിരുന്നു. യഥാര്‍ത്ഥ അടുപ്പത്തിന്റെ ആദ്യരാത്രിയില്‍, പറയാനും പറയാതിരിക്കാനും ജോര്‍ജ് ആസൂത്രണം ചെയ്തതെല്ലാം, സുഖകരമായ പദാവലികള്‍, അര്‍ത്ഥഗര്‍ഭമായ ഇടവേളകള്‍, …. എല്ലാം കൊച്ചു കൊച്ചു സംസാരങ്ങള്‍ക്കു വഴിമാറി.
”ഇത് വിശ്വസിക്കാനേ കഴിയുന്നില്ല. അല്ലേ?”
”അതെ.”
”പക്ഷേ എല്ലാം ഒടുവിലാണ് സംഭവിക്കുന്നത്.”
”കാത്തിരിക്കാന്‍ ക്ഷമ വേണം.”
”ശരിയാണ്.”
”എന്തൊരു ചൂട്!”
”ഭയങ്കരം.”
അത് ശരിയായിരുന്നില്ല. കുറച്ചു ദിവസമായി, സുഖകരമായ കാറ്റാണ് വീശുന്നത്. സ്വര്‍ഗം ശ്വസിക്കുന്നതുപോലെ. നഗരം ശരിക്കും തണുത്തിരിക്കുന്നു.
ജോര്‍ജ് തനിക്കു കരഗതമായ സന്തോഷത്തെക്കുറിച്ച് ഗഹനമായി ആലോചിച്ചു. അയാള്‍ മേശ വൃത്തിയാക്കി. ലോറ കുളിമുറിയിലായിരുന്നു. ടാപ്പ് തുറക്കുന്നതും അടയ്ക്കുന്നതും, അയാള്‍ വെറുതെ എണ്ണിക്കൊണ്ടിരുന്നു.
ജോര്‍ജ് മേശയില്‍ നിന്ന് ഒരു സിഗരറ്റ് കേസ് എടുത്ത് പുറത്തു വച്ചു. ഈ സന്ദര്ഭത്തിനായി കരുതിവച്ചതാണ്. പിന്നെ രണ്ട് ഗ്ലാസ് മദ്യം, ആഷ്ട്രേ, തീപ്പെട്ടി. കിടപ്പുമുറിയില്‍, നിലത്തുതന്നെ വൃത്തിയുള്ള തുണി വിരിച്ച് എല്ലാം ഒരുക്കിവെച്ചു. ലോറയ്ക്ക് ഇഷ്ടമാകും. അയാള്‍ വിളക്ക് കെടുത്തി ബാല്‍ക്കണി വാതില്‍ തുറന്നു. നിലത്തു കിടന്നു. ലോറ അടുത്തുവന്ന് കുനിഞ്ഞ് അയാളുടെ ചുമലില്‍ പതുക്കെ ഉമ്മ വച്ചു. അവ്യാഖ്യേയമായ ഒരു ദു:ഖം അയാള്‍ക്ക് അനുഭവപ്പെട്ടു. അതുടനെ അപ്രത്യക്ഷമാകുകയും ചെയ്തു.
പക്ഷേ കാറ്റ് ഒരു ശല്യംതന്നെയായി. ബാല്‍ക്കണിയുടെ ജനലടയ്ക്കാന് അവര്‍ തീരുമാനിച്ചു.
അല്പനിമിഷങ്ങള്ക്കകം മുറിയില്‍ ഉഷ്ണം അസ്വസ്ഥതയുണ്ടാക്കി തുടങ്ങി. ദേഷ്യവും ആശ്വാസവും സമ്മേളിച്ച ഒരവസ്ഥയില്‍, ഉറക്കം തന്നെ അക്രമിച്ചു തുടങ്ങിയതായി അയാള്‍ക്കു തോന്നി. അല്പ നിമിഷങ്ങള്‍ക്കകം രണ്ടു പേരും ഗാഢ നിദ്രയിലായി. തറയില്‍ നിന്നെഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് രണ്ടുപേരും പോയതെപ്പോള്‍ എന്ന് ജോര്‍ജിന് ഓര്മ വന്നില്ല.
ഉദ്ദേശിച്ചപോലെത്തന്നെ ജോര്‍ജ് നേരത്തേ വളരെ നേരത്തേ എഴുന്നേറ്റു. അടുക്കളയില്‍ ചെന്ന് കാപ്പിയുണ്ടാക്കി. നല്ല കടുപ്പത്തില്‍. ലോറയ്ക്ക് അതാണ് ഇഷ്ടമെന്ന് തനിക്ക് അറിയാമെന്ന മട്ടില്‍. ആവി പറക്കുന്ന കപ്പുമായി കിടപ്പുമുറിയില്‍ അയാള്‍ അവളെ കുറേനേരം നോക്കി നിന്നു. പിന്നെ വിളിച്ചുണര്‍ത്താന്‍ തീരുമാനിച്ചു. ഉറങ്ങുന്നവര്‍ അപകടകരമായ തലത്തിലേക്കു നീങ്ങുമെന്നും അവര്‍ അവിടെ സ്വയംപര്യാപ്തരാണെന്നും മറ്റാരും എന്തും അവരെ സംബന്ധിച്ചിടത്തോളം ഉപരിപ്ലവമാണെന്നുമുള്ള ചിന്ത അയാളില്‍ ഉണര്‍ന്നു. മിക്കവാറും ഉറങ്ങിക്കൊണ്ടുതന്നെ ലോറ കാപ്പികുടിച്ചു. മങ്ങിയ കണ്ണുകളോടെ അയാളെ നോക്കി പുഞ്ചിരിച്ചു. പിന്നെ, ഉറക്കമെന്ന സ്വകാര്യ ലോകത്തിലേക്ക് വീണ്ടും ഊളിയിട്ടു.
എന്നാല്‍, കിടപ്പുമുറിയില്‍ നിന്നും പുറത്തു കടക്കുമ്പോള്‍, അവള് ഉറക്കത്തിലല്ലെന്നും ഉറക്കം അഭിനയിക്കുകയാണെന്നും അയാള്‍ ശ്രദ്ധിച്ചു. അയാള്‍ അവളുടെ അടുത്തുതന്നെ ചെന്നു കിടന്നു. വീടിന്റെ ശബ്ദവും അയല്‍ക്കാരുടെ ശബ്ദവും അയാള്‍ കേട്ടു. കോണിപ്പടിയില്‍ വച്ചു കണ്ടുമുട്ടുന്നവര്‍, അവര്‍ പരസ്പരം സുപ്രഭാതം ആശംസിക്കുന്നു. ആദ്യത്തെ ബസ്സിന്റെ എഞ്ചിന് മുരളുന്നു. പത്രവില്പനക്കാരന് ദൂരെ എന്തോ വിളിച്ചു പറയുന്നു. ടാപ്പില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്നു. ലോറയുടെ ശ്വാസോച്ഛ്വാസം ഇപ്പോള്‍ ക്രമത്തിലല്ല. ശബ്ദം പുറത്തു വരാതെ അവള് മൂളിപ്പാട്ടു പാടുന്നതും അയാള്‍ കേട്ടു. അവള് മച്ചില്‍ നോക്കി കിടക്കുകയാണോ?
അയാള്‍ വാച്ചില്‍ നോക്കി. അത് തലേന്നു രാത്രി നിന്നുപോയിരുന്നു. പക്ഷേ സമയം വളരെ, വളരെ നേരത്തേയാണെന്നും വളരെ നീണ്ട ഒരു ദിവസം തുടങ്ങിക്കഴിഞ്ഞിട്ടേയുള്ളുവെന്നും അറിയാന്‍ അയാള്‍ക്ക് വാച്ചിന്റെ ആവശ്യമുണ്ടായിരുന്നില്ല. സൂര്യപ്രകാശം കാണാതിരിക്കാന്‍, ഒഴുകാന്‍ തുടങ്ങിയ കണ്ണീര്‍കണങ്ങളെ തടഞ്ഞു നിര്‍ത്താന്‍, അയാള്‍ മന:പൂര്‍വം കണ്ണുകളടച്ചു. പിന്നെ സമയം കടന്നുപോകാനും പോകാതിരിക്കാനും തീക്ഷ്ണമായി ആഗ്രഹിച്ചു.
കാല്‍വെര്‍ട്ട് കേസി
ക്യൂബന്‍ ദമ്പതികളുടെ മകനായി അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ജനിച്ചു. വിദ്യാഭ്യാസം ക്യൂബയിലായിരുന്നു. 1946 മുതല്‍ 57 വരെ വിദേശങ്ങളിലായിരുന്നു. വിപ്ലവാനന്തരം കുറേക്കാലം പത്രാധിപരായി ജോലി ചെയ്തു. പിന്നെ മുഴുവന്‍ സമയ എഴുത്തുകാരനായി. 1963-ല്‍ പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം ‘എല്‍ റിഗ്രെസോ’ ഏറെ പ്രശസ്തമാണ്.