ഉത്തർഖണ്ഡിൽ ഗഡ്വാൾ മേഖലയിലെ സ്വർഗാരോഹി
ണി, ആദ കൊടുമുടികൾക്കു ചുവട്ടിൽ ഹരന്റെ
താഴ്വരയെന്ന് അർത്ഥവും ‘ദൈവങ്ങളുടെ തൊട്ടിൽ’ എന്ന്
വിശേഷണവുമുള്ള ഹർകിദൂൺ താഴ്വരയിലേക്ക്
നാലുവട്ടം നടത്തിയ യാത്രകളിലെ വ്യത്യസ്താനുഭവങ്ങൾ
ഏറെ ആകർഷിക്കുകയും വീണ്ടും പോകാൻ പ്രേരിപ്പി
ക്കുകയും ചെയ്ത ഒരു ഗഢ്വാൾപ്രദേശമാണ്
തീർത്ഥാടനത്തിരക്കില്ലാത്ത ഹർ-കി-ദൂൺ; ഹരന്റെ
(ശിവന്റെ) താഴ്വര. 1998 മേയ് 9നാണ് ആദ്യം
ഹർകിദൂണിലെത്തിയത്. ആദ്യ ഹിമാലയയാത്ര
കൂടിയായിരുന്നു അത്. പിന്നീട് മൂന്നുപ്രാവശ്യം കൂടി
ഹർകിദൂണിൽ പോയിട്ടുണ്ട്. രണ്ടാം തവണ 2001 മേയ് 21ന്.
മൂന്നാമത് 2006 സെപ്തംബറിൽ ബഡസു
ചുരത്തിലേക്കുള്ള യാത്രയ്ക്കിടയിൽ. നാലാമത് 2013 മേയ്
മാസം. നാലു യാത്രകളിലും നാലനുഭവമാണ് ഹർകിദൂൺ
നൽകിയത്. എങ്കിലും ആദ്യാനുഭവത്തിന്റെ മധുരവും
കയ്പുമൊക്കെ വ്യത്യസ്തമാണല്ലോ.
അടിവാര ഗ്രാമങ്ങളിലൂടെ
ഡെറാദൂണിനടുത്തുള്ള ചക്രദയിൽ നിന്ന്
ഹർകിദൂണിലേക്ക് ഒരു ട്രക്കിംഗ് പാതയുണ്ടെന്ന് പഴയൊരു
ട്രക്കിംഗ് മാപ്പിൽനിന്നു ലഭിച്ച അറിവുമായാണ് ആദ്യ
ഹിമാലയയാത്രയ്ക്ക് ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടത്.
ഹരിദ്വാറിൽ ഒരു ദിവസം തങ്ങി, ഗംഗയുടെ തണുത്ത
ഒഴുക്കിൽ മുങ്ങി, ഹിമാലയത്തിലേക്കുള്ള കവാടം
പ്രകൃതിയിലെന്നപോലെ മനസ്സിലും തുറന്ന്, അടുത്ത
ദിവസം ഡെറാദൂൺ-ടാക്പത്തർ വഴി ഖൽസി എന്ന
ഗ്രാമത്തിലെത്തി. ഹിമാലയനിരയുടെ മടിത്തട്ടിൽ,
യമുനയുടെ തീരത്തുള്ള മനോഹരമായൊരു
ചെറുഗ്രാമമാണ് ഖൽസി. ചക്രദയിലേക്ക് അടുത്ത
ദിവസമേ അവിടെനിന്നു ബസ്സുള്ളു. ഒരു കടനിരയുടെ
മുകളിലുള്ള ഒറ്റമുറി ലോഡ്ജിൽ താമസിച്ച്, മുന്നൂറുമീറ്റർ
അപ്പുറത്ത് സ്ഫടികനീലമായൊഴുകുന്ന യമുനയിൽ കുളിച്ചത്
മറക്കാനാകാത്ത അനുഭവമായിരുന്നു. നദിയിലേക്കിറങ്ങി
നൂറു മീറ്ററോളം നടന്നാലേ വെള്ളത്തിനടുത്തെത്തൂ.
മരവിപ്പിക്കുന്ന തണുപ്പായിരുന്നു വെള്ളത്തിനും
ഹിമാലയതാഴ്വാരങ്ങൾ ചുറ്റിവന്ന മെയ്മാസ കാറ്റിനും.
ശക്തമായ ഒഴുക്ക്…
അടുത്ത ദിവസം രാവിലെ ഖൽസിയിൽനിന്ന്
ഹിമാചൽപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഒരു
മിനി ബസ്സിനു മുകളിൽ ഗ്രാമീണർക്കും ചാക്കുകെട്ടുകൾക്കുമൊപ്പമിരുന്ന്,
പച്ചപ്പു നിറഞ്ഞ മലയടിവാരങ്ങളും
കൃഷിയിടങ്ങളും യമുനയിലേക്കൊഴുകുന്ന ചെറു
അരുവികളും കടന്ന്, ഉച്ചയോടെ ചക്രദയിലെത്തി.
ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കമ്പിളിനൂൽ
നൂറ്റുകൊണ്ടിരിക്കുന്ന സ്ര്തീപുരുഷന്മാരെ
ആദ്യമായിക്കാണുന്നത് ചക്രദയിലാണ്…. ഏഴായിരം
അടിയോളം ഉയരമുള്ള ഒരു മലമുകളാണ് ചക്രദ ഗ്രാമം.
ചെറിയൊരു ചന്തയും കല്ലിൽ പണിത കുഞ്ഞുക്ഷേത്രവും
ചുറ്റും കുറച്ചു വീടുകളും.
”ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെനിന്ന് കാട്ടിലൂടെ
മൂന്നുദിവസം നടന്നാൽ നേറ്റ്വാറിനടുത്തെത്തുമായിരുന്നു.
അവിടെയാണ് ഹർകിദൂണിൽ നിന്നുള്ള സുപിൻ നദിയും
റുപിൻ ചുരത്തിൽ നിന്നുള്ള റുപിൻ നദിയും ചേർന്ന്
ടോൺസ് ആയി മാറുന്നത്. യമുനയുടെ പ്രധാന
പോഷകനദിയാണ് ടോൺസ്” ഗ്രാമീണർ അറിവുപകർന്നു.
”പക്ഷെ ഇന്ന് നേറ്റ്വാറിനുമപ്പുറം സാംക്രി വരെ ബസ്സുണ്ട്,
പിന്നെയാരാണ് ഇതുവഴി ട്രക്കിങ്ങിനു മെനക്കെടുക.
ഇവിടെവരെ വന്ന സ്ഥിതിക്ക് ഇനി ചെയ്യാവുന്നത് ഖ്വാംസി
വഴി ഗൊരഗാട്ടിയിലേക്ക് പോവുകയാണ്. അവിടെനിന്ന്
സാംക്രിയിലേക്ക് ബസ്സ് കിട്ടും. പക്ഷെ ഇവിടെനിന്ന്
ഗൊരഗാട്ടിയിലേക്കുള്ള ബസ്സ് പോയിക്കഴിഞ്ഞു. ഇന്നിനി
ബസ്സില്ല.” ഖ്വാംസിയിലേക്ക് 14 കി.മീ., അവിടെനിന്ന്
ഗൊരഗാട്ടിയിലേക്ക് ഏഴെട്ടു കി.മീ.. അടുത്ത മല
ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരാൾ പറഞ്ഞു: ”ഈ വഴിയിറങ്ങി
അപ്പുറത്തെ മല കയറാനായാൽ ഏഴെട്ടു കിലോമീറ്റർ
ലാഭിക്കാം.” ആ നിർദേശത്തിൽ കുടുങ്ങിയ ഞങ്ങൾ
വീണ്ടും അബദ്ധത്തിൽ ചാടുകയായിരുന്നെങ്കിലും ആ ‘അടപ്പെളകിയ’
നടത്തയിലൂടെ ഹിമാലയാടിവാരഗ്രാമീണത
നേരിട്ടറിയാനായി. രാത്രി എട്ടുമണിയോടെ നടന്നു തളർന്ന്
ഖ്വാംസിയിലെത്തി. പത്തുപന്ത്രണ്ടു കുഞ്ഞുവീടുകളും
കുറച്ചു കടകളുമുള്ള ആ കവലയിൽ ഒരു കടയുടെ
ചായ്പിൽ രാത്രി തങ്ങി, അടുത്ത ദിവസംഅതിരാവിലെ
ഗൊരഗാട്ടി വരെ നടന്ന് ബസ്സിൽ പുരോല വഴി
സാംക്രിയിലെത്തിയാണ് ഹർകിദൂണിലേക്കുള്ള എന്റെ
ആദ്യ ട്രക്കിംഗ് തുടങ്ങുന്നത്.
അടുത്ത യാത്രകളിൽ ഹരിദ്വാറിൽനിന്ന് ഹൃഷികേശ് –
ഡെറാദൂൺ – യമുനാബ്രിഡ്ജ് – നവ്ഗോൺ – പുരോല വഴി
വാഹനത്തിലാണ് സാംക്രിയിലെത്തിയത്.
സാംക്രി: ഹർകിദൂൺ ട്രക്കിംഗ് ഇവിടെ തുടങ്ങുന്നു
പുരോല നിന്ന് നേറ്റ്വാർ (1401 മീ.) വഴി സാംക്രി (1450
മീ.) യിലേക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന 60 കി.മീ.
റോഡിനിരുവശവും പൈനിന്റെയും ദേവദാരുക്കളുടെയും
കാടാണ്. കാറ്റിന് തണുപ്പേറുന്നു… നേറ്റ്വാറിൽ
നിന്നായിരുന്നു മുൻപ് ഹർകിദൂൺ ട്രക്കിംഗിന്റെ തുടക്കം.
ബസ്സ് സാംക്രിവരെ എത്തിത്തുടങ്ങിയതോടെ
ട്രക്കിംഗിനാവശ്യമായ സാധനസാമഗ്രികളും ഗൈഡ്,
പോർട്ടർമാർ തുടങ്ങിയവരെയും സാംക്രിയിൽ നിന്നുതന്നെ
ലഭ്യമാണ്. ഹർകിദൂൺ ഉൾപ്പെടുന്ന പ്രദേശം ഗോവിന്ദ്
നാഷണൽ പാർക്കിന്റെ പരിധിയിൽ വരുന്നതിനാൽ
നേറ്റ്വാറിനടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽനിന്ന് ഫീസടച്ച്
അനുവാദം വാങ്ങിയശേഷമാണ് ഞങ്ങൾ
സാംക്രിയിലെത്തിയത്. വനംവകുപ്പിന്റെയും ഗഢ്വാൾ
മണ്ഡൽ വികാസ് നിഗമിന്റെയും റസ്റ്റ്ഹൗസുകൾ
സാംക്രിയിലുണ്ടെങ്കിലും ആദ്യയാത്രയിൽ ചുരുങ്ങിയ
ചെലവിന് ഞങ്ങൾ താമസിച്ചത് ഒരു ധാബയുടെ
(ചെറിയൊരു ചായക്കട) പുറകിലെ ചായ്പിലാണ്.
ധൗളധാർ ഹിമാലയനിരയിലെ മഞ്ഞണിഞ്ഞു
വെണ്മയാർന്ന കൊടുമുടികൾ അസ്തമയത്തിലും
ഉദയത്തിലും സാംക്രിയിൽനിന്നു ദർശിക്കുന്നത്
മനോമോഹനമായ അനുഭവമാണ്. രാത്രിയിലെ മഴ
തണുപ്പിന് ശക്തിയേറ്റി.
സാംക്രിയിൽ നിന്ന് 12 കി.മീ. അകലെ താലൂക്ക ഗ്രാമം
വരെ ജീപ്പ് റോഡുണ്ട്. എന്നാൽ മഴ കാരണം വഴിയിലുള്ള
കുഞ്ഞരുവിയിലെ ചപ്പാത്ത് നിറഞ്ഞൊഴുകി, ജീപ്പിനു
കടന്നുപോകാൻ പറ്റാത്തവിധമായിരുന്നു. രാവിലെ
പത്തുമണിവരെ കാത്തിരുന്നിട്ടും വെള്ളമൊഴുക്കിനു
കുറവില്ലെന്ന വിവരമാണു ലഭിച്ചത്. ജീപ്പിനേക്കാൾ
നടത്തയായിരുന്നു ഞങ്ങൾക്കും പ്രിയം.
അടിക്കാടുള്ള പച്ചപ്പിന്റെ വൈവിധ്യം ഇവിടത്തെ
വനത്തിനുണ്ട്. ദേവദാരു, ചെസ്റ്റ്നട്ട്, വാൽനട്ട്, ചിനാർ
തുടങ്ങിയ വൃക്ഷങ്ങളും കാട്ടുറോസാപൂക്കളും;
സുപിനിലേക്കൊഴുകുന്ന നിരവധി ചെറു അരുവികളും
നീർച്ചാലുകളും അവയുടെ കരകളിലെ മുളങ്കൂട്ടവും;
ചെറുപൂക്കൾ പലനിറങ്ങളിൽ വിടർന്നുനിൽക്കുന്ന
പച്ചപ്പുൽമേടുകൾ.
താലൂക്ക: സുപിന്റെ മനോഹരതീരത്ത്
ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ താലൂക്കയിലെത്തി
(1800 മീ). ”മിഠായി മിഠായി” ചോദിച്ച് കുട്ടികൾ ചുറ്റും കൂടി.
നടത്തയ്ക്കിടയിൽ കഴിക്കാനായി കരുതിയിരിക്കുന്ന
ധാരാളം മിഠായി ഞങ്ങളുടെ പക്കലുണ്ടായിരുന്നതിനാൽ
കുറച്ച് അവർക്ക് വിതരണം ചെയ്തു (പിന്നീട്
ഗഢ്വാളിലെയും കുമയോണിലെയും
ഹിമാചൽപ്രദേശിലെയും പല
ഹിമാലയഗ്രാമങ്ങളിലെത്തുമ്പോഴും മിഠായി ചോദിക്കുന്ന
കുട്ടികളായിരുന്നു ഗ്രാമത്തിലേക്ക് ആദ്യം വരവേറ്റത്. ഒരു
മിഠായിക്കപ്പുറം മറ്റൊന്നും അവർ ആവശ്യപ്പെടുന്നില്ല. ഒരു
മിഠായിയിലൂടെ അവർ തിരികെ നൽകിയത്
സ്നേഹത്തിന്റെ ഒരുപാടു മധുരമാണ്). പത്തുപന്ത്രണ്ട്
കുടുംബങ്ങളും നാലഞ്ച് ധാബകളുമുള്ള ഒരു ഇടത്താവള
ഗ്രാമമാണ് താലൂക്ക. ഒത്ത നടുക്കായി വൃത്താകൃതിയിൽ
നിർമിച്ചിരിക്കുന്ന ഒരു മീൻവളർത്തൽ കുളം.
ധാബകൾക്കപ്പുറത്ത് ഗഢ്വാൾ മണ്ഡലിന്റെയും
വനംവകുപ്പിന്റെയും റസ്റ്റ്ഹൗസുകൾ. ദൂരെ മഞ്ഞിന്റെ
കുപ്പായമണിഞ്ഞ് ബന്ദർപൂഞ്ജ് മലനിരയിലെ
കൊടുമുടികൾ. താഴെ താഴ്വരയ്ക്കു ചേല ചുറ്റിയപോലെ,
വിശാലമായ വെളുത്ത കരകൾക്കു നടുവിലൂടെ
നീലവർണത്തിലൊഴുകുന്ന സുപിൻ.
മീൻകുളത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ വൈകുന്നേ
രവും പണിയെടുക്കുന്ന സ്ത്രീകൾ. കാലുകൾ ഒട്ടും
വളയാതെ, അരക്കെട്ടു മുതൽ തല വരെ ഭൂമിക്കു
തിരശ്ചീനമായി ചരിഞ്ഞുനിന്ന്, ഒരു നർത്തകിയുടെ
മെയ്വഴക്കത്തോടെ കൃഷിപ്പണിയെടുക്കുന്നവർ.
ഇവിടത്തെ സ്ത്രീകൾ പുരുഷന്മാരെക്കാൾ
അദ്ധ്വാനികളാണ്.
ഒരു വീടിനോടു ചേർന്ന ധാബയ്ക്കു മുകളിലെ
മുറിയാണ് ഞങ്ങൾക്കു താമസത്തിനു ലഭിച്ചത്.
പൂർണമായും തടികൊണ്ടാണ് വീടു പണിതിരിക്കുന്നത്.
ഓരോ കുടുംബത്തിനും വീടുപണിയാനുള്ള തടി സർക്കാർ
നൽകും. പ്രധാനമായും ദേവദാരുവാണ്
ഉപയോഗിക്കുന്നത്. ചൂടു നിലനിർത്താനുള്ള കഴിവ് ഈ
തടിക്കുണ്ടത്രെ. ഭക്ഷണം ഉണ്ടാക്കുന്നതു മുതൽ ഞങ്ങളുടെ
കിടപ്പിടം വൃത്തിയാക്കുന്നതുവരെ ഏതുതരം പണിയിലും
നേതൃത്വം വഹിച്ചുകൊണ്ട് കുടുംബത്തിലെ ഇളയ
പെൺകുട്ടി സുന്ദരിയായ പന്ത്രണ്ടുകാരി. അവളുടെ ചേട്ടൻ
പതിനെട്ടുകാരൻ, രണ്ടുകാലിനും സ്വാധീനമില്ലാത്തവൻ,
ഹിമാലയത്തിലെ കഠിനമായ കയറ്റിറക്കങ്ങളെയും
കാലാവസ്ഥാമാറ്റങ്ങളെയും തൃണവത്ഗണിച്ചുകൊണ്ട്
അടുത്തദിവസം ഞങ്ങൾക്കു മുമ്പേ സീമയിൽ ഒറ്റയ്ക്ക്
എത്തിയതു കണ്ടതിന്റെ അമ്പരപ്പ്, ഓരോ മനുഷ്യന്റെയും
ഇച്ഛാശക്തിയാണ് അവനവനെ നിശ്ചയിക്കുന്നതെന്ന
വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നു; ഹിമാലയയാത്രകളിൽ
കണ്ടിട്ടുള്ള, എല്ലാം ഉപേക്ഷിച്ചലയുന്ന സന്യാസിവര്യർ
ക്കൊപ്പം, എല്ലാ ആഗ്രഹങ്ങളോടുംകൂടി
ശാരീരികവൈകല്യങ്ങളെ മറികടന്ന് കഠിനതകളെ
കീഴടക്കുന്ന ഈ യുവാവിനെയും ഞാൻ മനസ്സിൽ
പ്രതിഷ്ഠിക്കുന്നു.
വൈകുന്നേരം നദിയിലിറങ്ങി കുളിക്കാൻ തീരുമാനിച്ചു.
രണ്ടു വലിയ കൽത്തൂണുകളിൽ ബന്ധിപ്പിച്ച ഒരു
തൂക്കുപാലം ഇവിടെയുണ്ട്. അക്കരെയുള്ള
മലകളിലേക്കുള്ള താലൂക്കയുടെ കവാടമാണിത്. നദിയിൽ
നല്ല ഒഴുക്കുണ്ട്. വസ്ത്രങ്ങൾ മാറ്റി തോർത്തുടുത്ത്
കുളിക്കാൻ തയ്യാറെടുക്കുന്ന ഞങ്ങളെ കുട്ടികൾ
കൗതുകത്തോടെ നോക്കിനിന്നതിന്റെ അർത്ഥം
മനസ്സിലായത് വെള്ളത്തിലേക്ക് കാലെടുത്തു
വച്ചപ്പോഴാണ്. പൊള്ളലേറ്റതുപോലെ കരയിലേക്കു
ചാടിക്കയറി കാലുകുടയുന്ന ഞങ്ങളെ നോക്കി കുട്ടികൾ
പൊട്ടിച്ചിരിച്ചു. ഈ വെള്ളത്തിൽ കുളിക്കുന്നതെങ്ങനെയെന്നു
കാണിച്ചുതരാനെന്നപോലെ ഒരു കുട്ടി
ഞങ്ങൾക്കടുത്തെത്തി. ഒരു കല്ലിനുപുറത്തിരുന്നുകൊണ്ട്
കൈകളിൽ വെള്ളം കോരി അവൻ മുഖവും
കൈകാലുകളും തലമുടിയും കഴുകി. ഉടൻതന്നെ
തുണികൊണ്ട് തുടച്ചു. ഞങ്ങൾക്ക് അതുപോലും
അനുകരിക്കാനായില്ല. അത്രയ്ക്കു തണുപ്പായിരുന്നതിനാൽ
കുളി ഉപേക്ഷിച്ചു.
മലനിരകളിൽ നേരിയ ചുവപ്പുപടർത്തിക്കൊണ്ട് സൂര്യൻ
മറഞ്ഞു. മുന്നൂറോളംവരുന്ന ചെമ്മരിയാട്ടിൻപറ്റവുമായി
ഒരാട്ടിടയൻ നദിക്കപ്പുറത്തെ കുന്നിറങ്ങി തൂക്കുപാലത്തി
ലൂടെ ഇക്കരേക്ക്. കോവർകഴുതകൾ നദിക്കരയിൽ
മേഞ്ഞുനടക്കുന്നു.
(2001ൽ സാംക്രിയിൽ നിന്ന് ജീപ്പിലാണ് താലൂക്കയിൽ
ഒടടപപട മഡളമഠണറ 2014 ഛടളളണറ 12 3
എത്തിയത്. 2006ൽ വരുമ്പോൾ മലയിടിച്ചിലിൽ ആ
റോഡിന്റെ പല ഭാഗങ്ങളും അപ്രത്യക്ഷമായിരുന്നു. നടത്ത
പോലും പലയിടത്തും ദുർഘടമായിരുന്നു. 2013ൽ വീണ്ടും
ജീപ്പിൽ. താലൂക്കയിലെ മീൻവളർത്തൽകുളം 2001ൽ
കുട്ടികളുടെ കളിസ്ഥലമായി മാറിയിരുന്നു. ഇവിടത്തെ
തൂക്കുപാലം, ഇരു കരയിലെയും കൽത്തൂണുകളെ മാത്രം
അവശേഷിപ്പിച്ച്, നദിയുടെ കുത്തൊഴുക്കിൽ അപ്രത്യക്ഷമായിരുന്നു).
അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ, വഴിയിൽ
കഴിക്കാനുള്ള ഭക്ഷണസാധനങ്ങൾ ധാബയിൽനിന്നു
പൊതിഞ്ഞെടുത്ത്, ഞങ്ങൾ സീമയിലേക്കുള്ള നടത്തയാരംഭിച്ചു.
താലൂക്കയിൽനിന്ന് അടുത്ത താവളമായ
സീമയിലേക്ക് 14 കി.മീ. ആണ് ദൂരം. നദിക്കു
സമാന്തരമായാണ് പാത. വെളുപ്പും കടുംനീലയും നിറമുള്ള
പാറകൾക്കിടയിലൂടെ ഒഴുകുന്ന സുപിന്റെ അലർച്ച
കുറേദൂരം ആസ്വദിച്ച്, ഇടയ്ക്ക് നദീതീരംവിട്ട്
വനത്തിനുള്ളിലേക്കു കടന്ന്, മലയുടെ ഉയരങ്ങൾ താണ്ടി,
കാറ്റിന്റെ കുളിർമയിൽ വിയർപ്പാറ്റി, വീണ്ടും
നദീതീരത്തേക്കിറങ്ങി 11 മണിയോടെ ഗംഗാഢ് എന്ന
ഗ്രാമത്തിനു താഴെയെത്തി. ഇവിടെനിന്ന് നദീതീരംവിട്ട്
മലകൾക്കു മുകളിലൂടെയാണ് യാത്ര. നദി ഇടതുവശത്ത്
അഗാധതകളിൽ. പതുക്കെ നദീസാന്നിദ്ധ്യത്തിൽനിന്നകലു
ന്നു… ചെസ്റ്റ്നട്ട്, വാൽനട്ട്, ചിനാർ, പൈൻ മരങ്ങളുടെ
കാട്… ഇടത്ത് നദിക്കപ്പുറത്തെ മലമുകളിൽ ഒരു ഗ്രാമം
കണ്ടുതുടങ്ങി. ഓസ്ല ഗ്രാമമാണത്…
സീമയെത്താറായെന്ന സൂചനയുമായി കൃഷിയിടങ്ങളും ഒരു
ധാന്യംപൊടിക്കൽ കേന്ദ്രവും. സുപിനിലേക്കൊഴുകുന്ന ഒരു
നീർച്ചാലിലെ വെള്ളത്തിന്റെ ശക്തികൊണ്ടാണ്
ഗ്രൈൻഡിങ് മിൽ പ്രവർത്തിക്കുന്നത്… ഉച്ചയ്ക്ക്
രണ്ടരമണിയോടെ ഞങ്ങൾ സീമയിലെത്തി.
സീമയും ഓസ്ലയും: ഇരട്ട സഹോദരിമാർ
നദിക്കപ്പുറത്തെ ഓസ്ലയാണ് ഒർജിനൽ ഗ്രാമം,
ഇപ്പുറത്തെ സീമ (2500 മീ.) അതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ്,
ഒരനുബന്ധം മാത്രമാണ്; യാത്രികരുടെ താവളം… ടൂറിസം
അതിന്റെ വഴിക്ക് അരങ്ങേറുമ്പോഴും, അതിൽനിന്നു
ലഭിക്കുന്ന സാമ്പത്തികസാദ്ധ്യതകളെ ഉപയോഗിക്കുമ്പോഴും,
പരമ്പരാഗതമായ വിശുദ്ധികൾ കാത്തുസൂക്ഷിക്കണമെന്ന
നിർബന്ധമാണ് സീമയെന്ന അപരഗ്രാമം…
ദൂരെ ‘കാലാ നാഗ്’ എന്ന് നാട്ടുകാരും ‘ബ്ലാക്ക് പീക്ക്’
എന്ന് ഇംഗ്ലീഷുകാരും വിളിക്കുന്ന കറുത്തപർവതം
മഞ്ഞണിഞ്ഞ് വെളുത്ത്… താഴെ സുപിന്റെ സംഗീതം…
സുപിനു കുറുകെയുള്ള വലിയ തൂക്കുപാലം കടന്നാണ്
അപ്പുറത്തെ മലമുകളിലുള്ള ഓസ്ല(2560 മീ.)യിലേക്കു
പോകേണ്ടത്. സീമയിൽനിന്ന് രണ്ടു കിലോമീറ്റർ
നടക്കണം. നദികടന്നുള്ള കയറ്റംകയറി ഇടത്തോട്ടുള്ള വഴി
ഓസ്ലയിലേക്കും വലത്തോട്ടുള്ളത് ഹർകിദൂണിലേക്കും.
(2001ൽ ഹർകിദൂണിൽ നിന്ന് തിരികെയുള്ള യാത്ര
സീമയിൽ വരാതെ ഓസ്ല-പോണി ഗ്രാമങ്ങൾ വഴി
ഉയരത്തിലൂടെ ഗംഗാഢ് ഗ്രാമത്തിലെത്തുന്നതായിരുന്നു.
കൃഷിയിടങ്ങൾക്കും ഒഴിഞ്ഞയിടങ്ങൾക്കുമിടയിലൂടെയുള്ള
യാത്രയ്ക്കിടെ ഒരു പാറയ്ക്കു മുകളിൽ മലർന്നുകിടന്ന്
അൽപനേരം വിശ്രമിക്കുമ്പോൾ, ആകാശത്ത്
വട്ടമിട്ടശേഷം ഞങ്ങൾക്കു നേരെ താണിറങ്ങിവന്ന കൂറ്റൻ
ഹിമാലയൻ കഴുകനെ മറക്കാനാവില്ല. പത്തുപന്ത്രണ്ടടി
നീളമുണ്ടാകും അതിന്റെ വിടർത്തിയ ചിറകിന്.
ഞങ്ങളിലൊരാളെ കൊത്തിയെടുത്തു പറക്കാൻ അതിനു
നിഷ്പ്രയാസം കഴിയും).
പഴക്കമേറിയ മനോഹരമായൊരു ക്ഷേത്രമാണ് 100-120
കുടുംബങ്ങളുള്ള ഓസ്ലയുടെ കേന്ദ്രം. ദുര്യോധന
ക്ഷേത്രമായാണ് ഇതു പ്രസിദ്ധമെങ്കിലും ഇപ്പോൾ
ശിവനാണ് (സോമേശ്വർജി) മൂർത്തി. 1974ലായിരുന്നു
ദുര്യോധനനിൽ നിന്നും ശിവനിലേക്കുള്ള മാറ്റം. മറ്റു
ഹിമാലയ ഗ്രാമങ്ങളെല്ലാം ശൈവമായിരിക്കുമ്പോൾ ഒരു
വിഭാഗത്തിനു മാത്രം ഒറ്റപ്പെട്ടു ജീവിക്കാനാവില്ല
എന്നതിന്റെ ആധുനികകാല ഉദാഹരണമാണിത്.
താഴ്വരകളിലെ ജനങ്ങളുമായി മിശ്രണം ചെയ്യേണ്ടതുണ്ട്.
ഈ മേഖലയിലെ 22 ഗ്രാമങ്ങളിലുള്ളവർ ചേർന്നാണ്
1974ൽ ഈ ദൈവമാറ്റം തീരുമാനിച്ചത്. ക്ഷേത്രം
പുനരുദ്ധരിച്ച്, ദുര്യോധനന്റെ സ്വർണക്കിരീടം മാറ്റിയത്രെ…
ആഗസ്റ്റ് പകുതി മുതൽ ഒക്ടോബർ പകുതി വരെ മാത്രമേ
ഓസ്ലയിലെ ഈ ക്ഷേത്രത്തിൽ വിഗ്രഹമുണ്ടാകൂ.
ബാക്കികാലത്ത് സാംക്രിവരെയുള്ള ഗ്രാമങ്ങളിലൂടെ
‘ഡോളി’യിൽ സഞ്ചരിക്കും.
വനംവകുപ്പിന്റെയും ഗഢ്വാൾ മണ്ഡൽ വികാസ്
നിഗമിന്റെയും റസ്റ്റ്ഹൗസുകളും മൂന്നുനാലു ധാബകളും
സീമയിലുണ്ട്. കാലാനാഗ് പർവതത്തിലേക്ക് പർവതാരോഹകർ
യാത്ര തിരിക്കുന്നത് സീമയിൽനിന്നാണ്. ദേവ്താച്ച്
വഴി റുയിൻസാര തടാകത്തിലേക്കുള്ള (3350 മീ.) പാത
സീമയിൽനിന്ന് നദിയുടെ വലതുകരയിലൂടെ പോകുന്നു.
ഹർകിദൂണിൽനിന്നു വരുന്ന ഹർകിദൂൺ ഗംഗയും
ബന്ദർപൂഞ്ജ് മലകളിൽ നിന്നുള്ള കൈവഴിയും ഒന്നുചേർന്ന്
സുപിനായി മാറുന്നത് സീമയ്ക്കു കുറച്ചു മുകളിൽ വച്ചാണ്.
കൂടുതൽ ഉയരങ്ങളിലേക്ക്
അടുത്ത ദിവസം (1998 മെയ് 9) അതിരാവിലെ, തണു
പ്പിനെ പ്രതിരോധിക്കാൻ കൈവശമുള്ള വസ്ത്രങ്ങളെല്ലാം
ധരിച്ച് 12 കി.മീ. ദൂരെയുള്ള ഹർകിദൂണിലേക്ക് ഞങ്ങൾ
നടത്തയാരംഭിച്ചു. നദികടന്ന് കുത്തനെയുള്ള ആദ്യകയറ്റ
ത്തിൽ തന്നെ എല്ലാവരും കിതച്ചു. ഉയരം കൂടുകയാണ്.
2500 മീറ്ററിൽ നിന്ന് 3510 മീറ്ററിലേക്കാണ് എത്തേണ്ടത്.
കയറ്റമാണെങ്കിലും, ശ്വാസമെടുക്കുന്നതിനു പ്രയാസമുണ്ടെ
ങ്കിലും പച്ചപ്പിന്റെ പരിസരവും അകലങ്ങളിലെ മഞ്ഞുമലകളും
നൽകുന്ന കൺകുളിർമയും ഇളംതണുപ്പുള്ള കാറ്റും
ആശ്വാസദായകമായിരുന്നു.
മലമുകളിലെ സമനിരപ്പായ പ്രദേശത്തെ കൃഷിയിടം
മുതൽ ഗ്രാമത്തിലെ ഏഴെട്ടു പെൺകുട്ടികളെ കൂട്ടിനുകിട്ടി.
നെല്ലും രാജ്മയും (നമ്മുടെ വൻപയറിനേക്കാൾ വലിയ
പയർ) ആണ് പ്രധാന വിളകൾ. കുട്ടകളുമായി, കാട്ടിൽ
നിലത്തു പറ്റിപ്പിടിച്ചു വളരുന്ന ഒരിനം ചെടിയുടെ കിഴങ്ങു
ഒടടപപട മഡളമഠണറ 2014 ഛടളളണറ 12 4
പറിക്കാൻ പോകുകയാണ് പെൺകുട്ടികൾ. കൊടുമുടികളെയും
പൂക്കളെയും മരങ്ങളെയും വഴികളെയും കുറിച്ച്
കലപില സംസാരിച്ചും ബ്രഡും ഗ്ലൂക്കോസും ഒപ്പം
പങ്കുവച്ചും, നദിക്കരയിലെത്തി വഴിപിരിയുന്നതുവരെ
അവർ ഞങ്ങൾക്കു കൂട്ടും വഴികാട്ടികളുമായി.
ഉച്ചയോടെ പകുതി ദൂരമെത്തി. റോഡോഡെൻഡ്രോൺ
മരങ്ങൾ കൂട്ടമായി നിൽക്കുന്ന ഒരു നീർച്ചാലിനു
സമീപമിരുന്ന് സീമയിൽനിന്നു പൊതിഞ്ഞെടുത്ത ആലു
റൊട്ടി കഴിക്കുമ്പോഴാണ്, മുകളിൽനിന്നു താഴേക്കിറങ്ങുന്ന
ഇരുപതുകാരനായ യുവാവിനെ കാണുന്നത്.
”ഹർകിദൂണിൽ ആകെപ്പാടെയുള്ളത് ഗഢ്വാൾ
മണ്ഡലിന്റെ റസ്റ്റ്ഹൗസ് മാത്രമാണ്. അവിടെയിപ്പോൾ
ആരുമില്ല. നിങ്ങൾ ബൂക്കു ചെയ്തിട്ടുണ്ടെങ്കിലേ അവിടെ
ആളുണ്ടാകൂ.”- യുവാവ് പറഞ്ഞു. ഇതുവരെ
കണ്ടതൊന്നുമല്ല ഹിമാലയമെന്നു ഞങ്ങൾക്കു
മനസ്സിലായത് തുടർന്നുള്ള യാത്രയിലായിരുന്നതു കൊണ്ട്
യുവാവ് പറഞ്ഞതൊന്നും അപ്പോൾ ഞങ്ങൾ
മുഖവിലയ്ക്കെടുത്തില്ല. ”അവിടെ വനംവകുപ്പിന്റെ
താമസസ്ഥലം ഉണ്ടെന്നാണല്ലോ മാപ്പിൽ കാണുന്നത്?”-
ഞങ്ങൾ ചോദിച്ചു. ”അതൊക്കെ ഇടിഞ്ഞുകിടക്കയാണ്”
എന്ന് അയാൾ. ”എങ്കിൽ അടഞ്ഞുകിടക്കുന്ന ഗഢ്വാൾ
മണ്ഡലിന്റെ വരാന്തയിൽ കിടക്കും” – എന്ന് ഞങ്ങൾ
അഹങ്കരിച്ചു. ”നിങ്ങളുടെ കൈയിൽ ടെന്റില്ല,
അഞ്ചുപേർക്കായി രണ്ടു സ്ലീപ്പിംഗ് ബാഗുമാത്രം. നിങ്ങൾ
ഐസ്കട്ടയായിപ്പോകും” എന്നൊക്കെയുള്ള യുവാവിന്റെ
മുന്നറിയിപ്പൊന്നും വകവയ്ക്കാതെ ഞങ്ങൾ
മുന്നോട്ടുതന്നെ നീങ്ങി. താഴോട്ടിറങ്ങുകയായിരുന്ന യുവാവ്
ഞങ്ങൾക്കൊപ്പം മുകളിലേക്ക് നടക്കാൻ തുടങ്ങി.
കുറച്ചുകഴിഞ്ഞപ്പോൾ ഏതോ കുറുക്കുവഴിയിലൂടെ അയാൾ
ഞങ്ങളിൽനിന്ന് അപ്രത്യക്ഷനായി…
മഞ്ഞുപെയ്തപ്പോൾ…
ഇപ്പോൾ അകലെയുള്ള കൊടുമുടികൾ മാത്രമല്ല, ചുറ്റും
കാണുന്ന മലകളുടെ മുകളിലെല്ലാം വെള്ളതൊപ്പി
വച്ചതുപോലെ മഞ്ഞുമൂടിക്കിടക്കുന്നു. തണുത്ത കാറ്റ്
വസ്ത്രങ്ങളെ തുളച്ചുകയറുന്നു. ഉച്ചയ്ക്ക് രണ്ടുമണി
ആയപ്പോൾ ഗംഗാകുണ്ഡ് എന്നറിയപ്പെടുന്ന സ്ഥലത്തെ
ത്തി. പർവതത്തിന്റെ ഉച്ചിയിൽ താഴ്വരപോലെ
കുറേസ്ഥലം. പുൽമേടും പൂക്കളും….
പെട്ടെന്ന് മഞ്ഞുപെയ്യാൻ തുടങ്ങി. അപ്പോഴേക്കും
ചുറ്റുമുള്ള മലകളെല്ലാം മഞ്ഞുവീണ് പൂർണമായും
വെളുത്തുകഴിഞ്ഞിരുന്നു. ഞങ്ങൾ നടന്നുപോകുന്ന
മലയിൽ മാത്രമായിരുന്നു അതുവരെ മഞ്ഞില്ലാതിരുന്നത്…
വെളുത്ത മുത്തുകൾപോലെ മഞ്ഞുകണങ്ങൾ
പാറയിലും പുല്ലിലും ഓവർകോട്ടിലുമെല്ലാം വീണുചിതറി.
കൈക്കുമ്പിൾ നീട്ടിയും നാവുനീട്ടിയുമൊക്കെ ഞങ്ങൾ
മഞ്ഞിനെ വരവേറ്റു…
തുടർന്ന് മഞ്ഞുപൊഴിയൽ കൂടിക്കൊണ്ടേയിരുന്നു.
എല്ലായിടവും വെളുപ്പിന്റെ പരപ്പായി. അതുവരെ പല
വർണങ്ങളിലായിരുന്ന പ്രകൃതി ഒരു കറുപ്പും വെളുപ്പും
ചിത്രമായി മാറി… അൽപസമയംകൊണ്ട് മഞ്ഞുപൊഴിയലിനോടുള്ള
ഞങ്ങളുടെ കൗതുകം അവസാനിച്ചു. ഓരോ
രോമകൂപത്തിലൂടെയും തണുപ്പ് സൂചികുത്തുന്നു…
രണ്ടുമണിക്കൂറിലേറെ ആ മഞ്ഞുവീഴ്ചയിൽ നനഞ്ഞ്,
തണുത്തുമരവിച്ച്, മഞ്ഞുറഞ്ഞുപോയ മൊരിന്ദ അരുവി
കടന്ന് നാലുമണിയോടെ ഹർകിദൂണിലെത്തി.
മഞ്ഞിന്റെ താഴ്വരയിലെ രക്ഷകൻ
വനംവകുപ്പിന്റെ പൂട്ടിക്കിടക്കുന്ന വിശ്രമ മന്ദിരത്തിനപ്പുറത്ത്
ഗഢ്വാൾ മണ്ഡൽ വികാസ് നിഗമിന്റെ വിശ്രമ
മന്ദിരത്തിലെത്തുമ്പോൾ അതാ വഴിയിൽ കണ്ട യുവാവ്
അവിടെ നിൽക്കുന്നു.
വിശ്രമമന്ദിരത്തിന്റെ വാതിൽ തുറന്നുതന്നുകൊണ്ട്
അയാൾ പറഞ്ഞു: ”ഇനി കുറച്ചുനേരം കൂടി ഇങ്ങനെ
വിറച്ചാൽ നിങ്ങളൊക്കെ ചത്തുപോകും. അതിനുമുമ്പ്
അകത്തുകയറിൻ”.
ഇയാളാരാണ്, ഈ മഞ്ഞിൽ ഞങ്ങളെ രക്ഷിക്കാൻ വന്ന
അവതാരമോ എന്നു ചിന്തിക്കുമ്പോൾ അയാൾ തുടർന്നു:
”ഞാനാണ് ഇതിന്റെ ചൗക്കിദാർ. നിങ്ങളെന്തായാലും
വാശിപിടിച്ച് ഇവിടെയെത്തുമെന്ന് എനിക്കുറപ്പായിരുന്നു.
ഞാൻ കണ്ടില്ലെങ്കിൽ നിങ്ങൾക്കെന്തു സംഭവിച്ചാലും
എനിക്കൊന്നുമില്ലായിരുന്നു. പക്ഷെ കണ്ടുപോയ
സ്ഥിതിക്ക് മരിക്കാൻ വിടുന്നത് ശരിയല്ലല്ലോ”.
രാജേന്ദർസിംഗ് എന്നായിരുന്നു ആ ചൗക്കിദാരുടെ പേര്.
റസ്റ്റ്ഹൗസിന്റെ അടഞ്ഞ വാതിലിനകത്തും വിറച്ചു
വിറച്ചിരുന്ന ഞങ്ങൾക്കായി രാജേന്ദർ തീക്കുണ്ഡമൊരുക്കി.
ഒരുമച്ചിരുന്ന് മാവുകുഴച്ച് റൊട്ടിചുടുന്നതിനിടെ, പത്തുരൂപ
നോട്ടിലെ പലഭാഷകളിലുള്ള എഴുത്ത്
ചൂണ്ടിക്കാട്ടിക്കൊണ്ട് രാജേന്ദർ നിഷ്കളങ്കമായി ചോദിച്ചു:
”ഇതിലേതാണ് നിങ്ങളുടെ മലയാളം?” ആദ്യമായി
മലയാളികളെ കാണുകയും കേരളത്തെക്കുറിച്ച്
കേൾക്കുകയും ചെയ്യുകയായിരുന്നു രാജേന്ദർ.
വൈകീട്ട് ആറുമണിയോടെ പുറത്തെ മഞ്ഞുവീഴ്ച
നിലച്ചു. വാതിൽ തുറന്ന് ഞങ്ങൾ പുറത്തിറങ്ങി. ചുറ്റും
മഞ്ഞിന്റെ പരപ്പ്. എവിടെയും വെളുപ്പുമാത്രം. അകലെ
സ്വർഗാരോഹിണി കൊടുമുടി… കാലം മൈനസ്
ഡിഗ്രിയിൽ.. മുറ്റത്തു കെട്ടിക്കിടന്ന വെള്ളം ഐസ്
കട്ടയായി മാറിയിരിക്കുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയുടെ
പച്ചഷീറ്റിനു മുകളിൽ വെള്ളയുടെ കട്ടിയാവരണം. ഭൂമിയും
ആകാശവും വെളുപ്പ്. പൈനും ദേവദാരുവും ബ്ലാക്ക് ആന്റ്
വൈറ്റിൽ. രാത്രി വീണ്ടും കടുത്ത മഞ്ഞുവീഴ്ച.
ഇതിനിടയിൽ രാത്രി എട്ടുമണിയോടെ ഒരു വൃദ്ധ ഈ
മഞ്ഞിൻദൂരമെല്ലാം താണ്ടി ഓസ്ലയിൽ നിന്ന്
അവിടെയെത്തി. രാജേന്ദറിന്റെ വല്യമ്മയായിരുന്നു അത്.
റസ്റ്റ്ഹൗസ് ആരും ബുക്കുചെയ്തിട്ടില്ലാത്തതിനാൽ ഇന്ന്
തിരികെ ഗ്രാമത്തിലെത്തേണ്ട രാജേന്ദറിനെ കാണാത്തതി
നാൽ അന്വേഷിച്ചിറങ്ങിയതാണ് വല്യമ്മ. കുറച്ചു ഗോതമ്പു
മാവും രാജ്മയും ഏൽപിച്ചിട്ട് ആശ്വാസത്തോടെ ആ രാത്രി
തന്നെ 12 കി.മീ. അപ്പുറത്തുള്ള ഗ്രാമത്തിലേക്ക് – അതിൽ
ആറു കിലോമീറ്ററിലേറെ ദൂരം അപ്പോഴേക്കും മഞ്ഞുമൂടിക്ക
ഒടടപപട മഡളമഠണറ 2014 ഛടളളണറ 12 5
ഴിഞ്ഞിരുന്നു – പൊട്ടിപ്പൊളിഞ്ഞ ചെരിപ്പുമിട്ട് ആ സ്ത്രീ
നടന്നകലുന്നത് ഞങ്ങൾ അത്ഭുതത്തോടെ
നോക്കിനിന്നു….
പ്രഭാതത്തിൽ മഞ്ഞുവീഴ്ച നിലച്ചിരുന്നു. പക്ഷെ
എങ്ങും മഞ്ഞിൽ പുതഞ്ഞുകിടക്കുന്നു. മുട്ടറ്റം പുതയുന്ന
മഞ്ഞുണ്ട് ചിലയിടങ്ങളിൽ…
സ്വർഗാരോഹിണിക്കു താഴെ
2001ൽ സീമയിൽ നിന്ന് ഹർകിദൂണിലേക്കുള്ള നടത്ത
വ്യത്യസ്തമായൊരനുഭവമായിരുന്നു. വഴിനിറയെ നീലയും
വയലറ്റും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള പൂക്കൾ…
ബഡസു ചുരത്തിൽ നിന്നു വരുന്ന മൊരിന്ദ അരുവിയിലെ
പാലം കടന്ന് ഹർകിദൂണിലേക്കു പ്രവേശിക്കുമ്പോൾ, അത്
പഴയതുപോലെ മഞ്ഞിന്റെ താഴ്വരയായിരുന്നില്ല,
അക്ഷരാർത്ഥത്തിൽ ഒരു സ്വപ്നഭൂമിയായിരുന്നു. ഹരന്റെ
താഴ്വരയെന്ന് അർത്ഥവും ‘ദൈവങ്ങളുടെ തൊട്ടിൽ’ എന്ന്
വിശേഷണവുമുള്ള തൊട്ടിലാകൃതിയിൽ വിശാലമായ
ഹർകിദൂൺ താഴ്വര സ്വർഗാരോഹിണി, ആദ കൊടുമുടിക
ൾക്കു താഴെ…
ആദ കൊടുമുടിയിൽ നിന്നുത്ഭവിക്കുന്ന ആദ അരുവിയും
യമദ്വാർ ഹിമാനിയിൽ നിന്നുത്ഭവിക്കുന്ന യമദ്വാർ
അരുവിയും ഒന്നുചേർന്ന് താഴ്വരയ്ക്കു നടുവിലൂടൊഴുകി
മൊരിന്ദ അരുവിയുമായിച്ചേർന്ന് ഹർകിദൂൺ ഗംഗയായി
മാറുന്നു…
നൂറിലേറെ കാട്ടുകുതിരകൾ നദിക്കരയിൽ മേഞ്ഞുനട
ക്കുന്നു.
ഹർകിദൂണിന്റെ തെക്കുകിഴക്കാണ് സ്വർഗാരോഹിണി
കൊടുമുടിയും ജവുന്ധാർ എന്നും യമദ്വാർ എന്നും
അറിയപ്പെടുന്ന ഹിമാനിയും; പടിഞ്ഞാറ് ബന്ദർപൂഞ്ജ്
കൊടുമുടി.
താഴ്വരയിലൂടെ കൊടുമുടികൾക്കടുത്തേക്കു നടന്നു.
ഹർകിദൂണിൽനിന്ന് ആറുകിലോമീറ്റർ നടന്നാൽ യമദ്വാർ
ഹിമാനിയിലെത്താം. കുറച്ചു ദശകങ്ങൾക്കു മുമ്പുവരെ
ഹിമാനിയുടെ തുടക്കം റസ്റ്റ്ഹൗസിൽനിന്ന് രണ്ടു
കിലോമീറ്റർ മാത്രം അകലെയായിരുന്നുവത്രെ.
ആഗോളതാപനം ഹിമാലയത്തെയും ബാധിക്കുന്നതിന്റെ
ലക്ഷണമാകാം ഇത്. യമദ്വാർ ഹിമാനി കടന്നാൽ
സ്വർഗാരോഹിണി കൊടുമുടി (6252 മീ.)യുടെ
അടിവാരമായി. പാണ്ഡവരുടെ സ്വർഗത്തിലേക്കുള്ള
അന്ത്യയാത്ര (മഹാപ്രസ്ഥാനം) ഇതുവഴിയായിരുന്നത്രെ.
ഈ പർവതം കയറിയാണ് യുധിഷ്ഠിരൻ ഉടലോടെ
സ്വർഗത്തിലെത്തിയത്. ബദരീനാഥ് വഴിയാണ് പാണ്ഡവർ
സ്വർഗാരോഹിണിയിലെത്തിയതെന്നും കഥയുണ്ട്… ബദരി
യിൽ നിന്ന് ഗംഗോത്രി വരെയുള്ള ഗംഗാഹിമാനിയുടെ
തുടർച്ചയായ പർവതനിരയിലാണ് സ്വർഗാരോഹിണി
കൊടുമുടിയുടെ സ്ഥാനം.
ഹർകിദൂണിനപ്പുറം – ബഡസു ചുരത്തിലേക്ക്
ഹർകിദൂൺ-ബഡസു ചുരം വഴി ഹിമാചൽ പ്രദേശിലെ
സാംഗ്ലാ താഴ്വരയിലേക്കു നടത്തിയ പൂർണമാകാത്ത
യാത്രയിൽ മൂന്നാംതവണ (2006 സെപ്തംബറിൽ)
ഹർകിദൂണിലെത്തുമ്പോൾ ഒരു ഗൈഡും (രജീന്ദർ സിംഗ്)
രണ്ടു പോർട്ടർമാരും ടെന്റും സ്ലീപ്പിംഗ് ബാഗുകളും സ്റ്റൗവും
ഭക്ഷണസാമഗ്രികളും ഞങ്ങളുടെ നാലംഗ സംഘത്തിനു
ണ്ടായിരുന്നു.
സെപ്തംബർ അവസാനത്തിന്റേതായ കടുത്ത തണുപ്പു
ണ്ടായിരുന്നെങ്കിലും മഞ്ഞുവീഴ്ച തുടങ്ങിയിട്ടില്ലാതിരുന്ന
തിനാൽ ഹർകിദൂൺ താഴ്വരയാകെ നേരിയ പച്ചപ്പോടെ
മനോഹരമായിരുന്നു. മൊരിന്ദ അരുവിക്കരയിലാണ്
ടെന്റടിച്ചത്…
അടുത്ത ദിവസം ഹർകിദൂണിനു വടക്ക് ധൗളധാർ
മലനിരയിലെ വലിയ കൊടുമുടികൾക്കിടയിലുള്ള ബഡസു
ചുരം ലക്ഷ്യമാക്കി മൊരിന്ദയുടെ കരയിലൂടെ ഞങ്ങൾ
കൂടുതൽ ഉയരങ്ങളിലേക്കു നടന്നു. ഹർകിദൂണിനപ്പുറം
ടെന്റോ സ്വന്തമായ ഭക്ഷണനിർമാണ സൗകര്യങ്ങളോ
ഇല്ലാതെ സഞ്ചരിക്കാനാവില്ല. മൊരിന്ദ താൽ (തടാകം)
എന്നറിയപ്പെടുന്ന ചെറിയൊരു കുളത്തിനരികിൽ
ഉച്ചയോടെ എത്തി. ഇവിടെനിന്ന്
ഒഴുകിയെത്തുന്നതുകൊണ്ടാണ് മൊരിന്ദ നദിയെന്ന പേര്.
എന്നാൽ വീണ്ടും മുകളിലേക്കു പോകുമ്പോൾ
മനസ്സിലാകും, തടാകം ഒരു ഇടത്താവളം മാത്രമാണ്,
ബഡസുചുരത്തിനു ചുറ്റുമുള്ള ഹിമപർവതങ്ങളിൽ
നിന്നാണ് മൊരിന്ദ ഉത്ഭവിക്കുന്നതെന്ന്…
ബഡസു ചുരത്തിനു താഴെയെത്തി ടെന്റടിച്ചു. ചുരമാകെ
പൂർണമായും മഞ്ഞിൽമൂടിയിരിക്കുന്നു. അടുത്ത ദിവസം
രാവിലെ ചുരം കടക്കാനുള്ള തീരുമാനമെടുത്തെങ്കിലും
വഴിയുടെ അവസ്ഥയറിയാനായി അപ്പോൾതന്നെ
ഗൈഡിനൊപ്പം ഞങ്ങൾ രണ്ടുപേർ 4200 മീറ്ററിലേറെ
കയറി. മുട്ടോളം പുതയുന്ന മഞ്ഞ്. ”ഇന്നിനി
മഞ്ഞുപെയ്തില്ലെങ്കിൽ മാത്രമേ നാളെ ചുരം
കടക്കാനാകൂ” എന്ന് ഗൈഡ് ഉറപ്പിച്ചുപറഞ്ഞു.
ഒരു ദിവസംകൂടി തങ്ങി കാലാവസ്ഥ പരീക്ഷിക്കുന്നതി
നുള്ള ഭക്ഷണസാമഗ്രികൾ ഞങ്ങളുടെ പക്കലില്ലതാനും…
ഞങ്ങളുടെ ഭാഗ്യക്കേടെന്നോ കാലാവസ്ഥയുടെ കളികളിൽ
നമുക്ക് ഇടപെടാനാവില്ലെന്നോ – എന്തായാലും വൈകുന്നേരത്തോടെ
മഞ്ഞുപെയ്യാൻ തുടങ്ങി… മഞ്ഞിന്റെ
ഭാരത്തിൽ ടെന്റ് വീഴാതിരിക്കാനായി രാത്രിയിൽ
പലതവണ മഞ്ഞുകട്ടകൾ തട്ടിക്കളയേണ്ടിവന്നു.
അതിരാവിലെ ടെന്റിനു പുറത്തിറങ്ങുമ്പോൾ എങ്ങും
വെളുപ്പുമാത്രം. ചുരത്തിലേക്കുള്ള വഴിയിൽതന്നെ
മൂന്നടിയോളം മഞ്ഞുവീണിട്ടുണ്ട്. മൂന്നുനാലു മണിക്കൂർ
മുട്ടറ്റം മഞ്ഞിലൂടെ നടന്നാലേ ചുരം കടക്കാനാകൂ; അതും
പതിനാറായിരത്തിലേറെ അടി ഉയരത്തിലൂടെ…
രാത്രിയിലെ ഉറക്കമില്ലായ്മയും കഠിനമായ തണുപ്പും
ആറേഴുദിവസത്തെ യാത്രാക്ഷീണവും – എല്ലാം
ചേർന്നപ്പോൾ മുന്നോട്ടുള്ള യാത്ര ഉപേക്ഷിക്കാൻ
തീരുമാനിച്ചു…
കരടിക്കു മുന്നിൽ
2013 മേയ് മാസം ഭാര്യ ആലിസ്, സുഹൃത്ത് സനൽ,
ഒടടപപട മഡളമഠണറ 2014 ഛടളളണറ 12 6
അദ്ദേഹത്തിന്റെ ഭാര്യ സജി, മകൾ ലക്ഷ്മി എന്നിവർക്കൊ
പ്പമായിരുന്നു നാലാം യാത്ര. സാംക്രിയിൽ ബസ്സിറങ്ങിയ
ഉടനെ കിട്ടിയ ഷെയർ ജീപ്പിൽ ഉച്ചയ്ക്ക്
താലൂക്കയിലെത്തി. ഭക്ഷണം കഴിഞ്ഞ് സീമയിലേക്ക്
നടത്തയാരംഭിച്ചു. വഴിയിൽ പരിചയപ്പെട്ട
ഓസ്ലക്കാരനായ ഇരുപതുകാരൻ സഞ്ജയ് ആയിരുന്നു
പോർട്ടറും ഗൈഡും. കുറച്ചു സാമഗ്രികൾ അവനെ
ഏൽപിച്ചെങ്കിലും ബാക്കിയൊക്കെ അവരവർ തന്നെ
ചുമക്കേണ്ടിയിരുന്നു. സംഘത്തിലെ മൂന്നുപേരും
സ്ത്രീകളായതിനാൽ ബാക്കി രണ്ട് പുരുഷന്മാർക്കായിരുന്നു
കൂടുതൽ ഭാരം ചുമക്കേണ്ടിവന്നത്.
ആദ്യ ദിവസത്തെ നടത്തയിൽ എനിക്കുണ്ടാവാറുള്ള
കാലിലെ മസിലുപിടിത്തം ഇത്തവണ കൂടുതൽ കടുത്ത
രൂപത്തിലാണ് പിടികൂടിയത്. സുപിന്റെ തീരം വിട്ട്
കാട്ടിലേക്ക് പ്രവേശിക്കുന്നിടത്തുവച്ച് ഒരടി മുന്നോട്ട്
നടക്കാൻ പറ്റാതായി. ബാക്കിയുള്ളവരെ സഞ്ജയിനും
ഓസ്ലയിലേക്കുള്ള ഗ്രാമീണർക്കും ഒപ്പം സീമയിലേക്ക്
നടക്കാൻ വിട്ട്, മൂന്നു കി.മീ. അപ്പുറത്തുള്ള ഗംഗാഢ്
ഗ്രാമത്തിൽ നിന്ന് കോവർ കുതിരയെ അയയ്ക്കാമെന്ന
സഞ്ജയിന്റെ വാക്കിൽ വിശ്വസിച്ച് ഒരു മണിക്കൂറിലേറെ
കാട്ടിലേക്കുള്ള ആ പ്രവേശനവാതിലിൽ ഞാനിരുന്നു.
സമയം നാലുമണി കഴിഞ്ഞു. ഗംഗാഢ് ഗ്രാമത്തിലേക്കു
പോകുന്ന മൂന്നുപേർ അപ്പോൾ അതുവഴിവന്നു. അവർ
പറഞ്ഞു, ”ഇനിയും ഇവിടെയിങ്ങനെ കാത്തിരിക്കുന്നത്
പന്തിയല്ല. എങ്ങനെയെങ്കിലും നടക്കാൻ ശ്രമിക്കൂ.
ഇപ്പൊത്തന്നെ കാട്ടിൽ ഇരുട്ടായിത്തുടങ്ങി”.
അവർ പോയതിനു പിന്നാലെ ഞാൻ ഒച്ചിഴയുന്ന
വേഗത്തിൽ, തോളിൽ തൂക്കിയ കനത്ത റുക്സാക്കുമായി
കാൽവച്ചു. വേദന തലയിലേക്കിരച്ചുകയറുമ്പോൾ
നിലത്തിരിക്കും. അൽപം കഴിഞ്ഞ് വീണ്ടും എണീറ്റ് ഇതേ
പ്രക്രിയ തുടരും. അങ്ങനെയൊരു അര മണിക്കൂർ കഴിഞ്ഞ
പ്പോൾ ഒരു യുവാവ് എതിരെ വളവുതിരിഞ്ഞെത്തി.
കുതിരക്കാരനായിരിക്കുമെന്ന ആശ്വാസത്തോടെ
വളവിനപ്പുറം ഞാൻ കുതിരയെ പ്രതീക്ഷിച്ചു. പക്ഷെ,
”ഗ്രാമത്തിൽ കുതിരക്കാരാരെയും കിട്ടിയില്ല” എന്നുപറഞ്ഞ്
അവൻ എന്റെ ചുമലിൽ നിന്ന് ബാഗ് വാങ്ങി തൂക്കി
നടക്കാൻ തുടങ്ങി. വളവിനപ്പുറം ആൽപൈൻ കാട്
തുടങ്ങുകയാണ്.
ജഗ്മോഹൻ എന്നായിരുന്നു ആ യുവാവിന്റെ പേര്.
വളരെ പതുക്കെയാണ് അവൻ നടന്നിരുന്നതെങ്കിലും
എനിക്കത് വലിയ വേഗതയായിരുന്നു. ഞാൻ ഏറെ
പിന്നിലാവാൻ തുടങ്ങിയപ്പോൾ എന്നെ മുമ്പിൽ നടക്കാൻ
വിട്ട് അവൻ ക്ഷമാപൂർവം പിന്നിൽ ഇഴഞ്ഞുനീങ്ങി.
പെട്ടെന്ന് അസാധാരണമായ ഒരലർച്ച! അതിനെക്കാളേറെ
ഉച്ചത്തിൽ ജഗ്മോഹന്റെ അലറിവിളിയും. വലതുവശത്ത്
മലയുടെ ഉയരവും ഇടത്ത് താഴേക്ക് നീളുന്ന കാടും.
ഇടത്തേക്ക് തിരിഞ്ഞ ഞാൻ കണ്ടത് നൂറുനൂറ്റമ്പതടി
അപ്പുറത്ത് ഒരാൾപ്പൊക്കത്തിൽ നിൽക്കുന്ന കറുത്ത ഒരു
സത്വത്തെ. അതിന്റെ ഓരോ കൈയിലും, വേണമെങ്കിൽ
ഞങ്ങളെ രണ്ടുപേരെയും തൂക്കിയെടുത്ത് എറിയാൻ കഴി
യും. മുടിയെണ്ണകളുടെ പരസ്യങ്ങൾ തോറ്റുപോകുന്നത്ര
കറുപ്പ്. അലറുമ്പോൾ ഇളിച്ചുവച്ചിരിക്കുന്ന പല്ലുകൾ
വെളുവെളുത്ത്… ജഗ്മോഹൻ കരടിയെക്കാളുച്ചത്തിൽ
അലറിവിളിക്കുകയും കല്ലുകളെടുത്ത് അതിനുനേരെ
എറിയുകയും ചെയ്യുന്നു. വേദന മുറ്റിയ കാലുമായി
രണ്ടുമൂന്നടി ഓടിയെങ്കിലും അതിന് കഴിയാത്തതു
കൊണ്ടുമാത്രം ഞാനും തിരിഞ്ഞുനിന്ന് ജഗ്മോഹനെ
പോലെ അലറിവിളിച്ചുകൊണ്ട് കല്ലുകളെടുത്ത് കരടിക്കു
നേരെ എറിഞ്ഞു. അതിന്റെ ദേഹത്ത് കൊള്ളുന്ന കല്ലുകൾ
റബ്ബർകട്ടയിൽ കൊണ്ടിട്ടെന്നപോലെ തെറിച്ചുപൊയ്ക്കൊ
ണ്ടിരുന്നു. എറിയോ അലർച്ചയോ സഹിക്കാഞ്ഞിട്ടോ
മടുത്തിട്ടോ എന്തോ, കരടി പെട്ടെന്ന് കാലുകൾ
നിലത്തൂന്നി, ഞങ്ങൾക്കു പുറംതിരിഞ്ഞ്
താഴ്വരയിറക്കത്തിലേക്ക് ഒരൊറ്റപ്പാച്ചിൽ…
”അവൻ ഇനിയും വരും, പെട്ടെന്ന് കാട് കടക്കണം”
ജഗ്മോഹൻ പറഞ്ഞു. ‘സിഗ്സാഗാ’യാണ് തുടർന്നുള്ള
കാട്ടുവഴി. അതിൽ എവിടെയും അവൻ വീണ്ടും പ്രത്യക്ഷ
പ്പെടാം. സെക്കന്റുകൾക്കുള്ളിൽ താഴ്വാരത്തിലേക്ക്
ഓടിമറഞ്ഞ അവന് തിരിച്ചെത്താനും അത്ര സമയം മതി.
ഇങ്ങനെയൊക്കെ ജഗ്മോഹൻ പറഞ്ഞെങ്കിലും എന്റെ
കാലുകൾക്ക് അതൊന്നും കേൾക്കുന്നതിനുള്ള
ശേഷിയുണ്ടായിരുന്നില്ല. അപ്പോഴേക്കും
ഇരുട്ടിക്കഴിഞ്ഞിരുന്നു. ഇഴഞ്ഞിഴഞ്ഞ് രാത്രി
എട്ടുമണിയോടെ മൂന്നു കി.മീ. അപ്പുറത്തുള്ള ഗംഗാഢ്
ഗ്രാമത്തിലെത്തി. ബാക്കിയുള്ള സംഘാംഗങ്ങൾ സീമയി
ലെത്തിക്കഴിഞ്ഞിരുന്നു.
കരടി പിടിച്ച് മരിച്ചവരുടെയും കൈയും പുറവുമൊക്കെ
നഷ്ടപ്പെട്ടവരുടെയും കഥകൾ ഗ്രാമീണർ പറഞ്ഞത്
ഞെട്ടലോടെ കേട്ടിരുന്നു. ഗംഗാഢ് ഗ്രാമത്തിൽ
ജഗ്മോഹന്റെ വല്യച്ഛന്റെ വീട്ടിൽ അതിഥിയായി തങ്ങി.
നാലഞ്ചുമണിക്കൂർ വിശ്രമവും തീക്കുണ്ഡത്തിനരികിലെ
ഇരിപ്പും കൊണ്ട് കാലിലെ മസിലുകൾ
പൂർവസ്ഥിതിയിലായി. അടുത്ത ദിവസം അതിരാവിലെ
സീമയിലേക്കു നടന്ന് സംഘത്തോടൊപ്പം ചേർന്ന് ഓസ്ല
ഗ്രാമത്തിലേക്കും ഹർകിദൂണിലേക്കും…
പിൻദുരന്തം:
ഹർകിദൂണിലേക്കുള്ള രണ്ടാം യാത്രയിൽ താലൂക്കയിൽ
നിന്ന് സീമയിലേക്കുള്ള വഴിയിൽ ഒരു കാട്ടിറക്കത്തിൽവച്ച്
രാജേന്ദറിനെ വീണ്ടും കണ്ടു. ഒരു യാത്രാസംഘത്തിന്റെ
ഗൈഡായ അദ്ദേഹം അവരുമായി തിരികെ
സാംക്രിയിലേക്ക് പോകുകയായിരുന്നു. പഴയ കാര്യങ്ങൾ
മുഴുവൻ ഓർത്തിരിക്കുന്ന രാജേന്ദർ, പോക്കറ്റിൽനിന്ന് ഒരു
പത്തുരൂപ നോട്ടെടുത്ത് അതിലെ മലയാളം എഴുത്ത്
തൊട്ടുകാണിച്ച് ”ഇതല്ലേ നിങ്ങളുടെ മലയാളം” എന്നു
ചോദിച്ച് ചിരിച്ചു.
മൂന്നാം യാത്രയിൽ ഗൈഡായിരുന്ന രജീന്ദർ സിംഗിൽ
നിന്നാണ് ആ ദുരന്തവാർത്ത ഞങ്ങൾ അറിഞ്ഞത്.
ഞങ്ങളുടെ രക്ഷകനായിവന്ന രാജേന്ദർ എന്ന
ചൗക്കിദാരുടെ അകാലമരണത്തെക്കുറിച്ച്; തലയിൽ
ട്യൂമറായിരുന്നു…