നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന് ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവന് എറിഞ്ഞുടയ്ക്കുന്നു. നോവല്‍ വരയ്ക്കുന്ന സ്ഥലഭാവനകളില്‍ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികള്‍ക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ, അതിന്റെ സമസ്യകളെ അവന് വായിക്കുന്ന പുസ്തകത്തില്‍ കണ്ടെത്താന്‍ ശ്രമിക്കും. അതിലൂടെ കാല്പനികമായ സംവേദന ശീലങ്ങളെ തകര്‍ത്തുകളയാനുള്ള ശ്രമമാണ് വായനക്കാരന് നടത്തുന്നത്. പക്ഷേ ചില വായനകള്‍ അവനവനിലെ നഷ്ടപ്പെട്ട ഭാവനയുടെ ലോകത്തെ, ഉന്മാദത്തെ, അകളങ്കമായ അസംബന്ധ സ്വപ്നങ്ങളെ, ലക്കും ലഗാനവുമില്ലാത്തെ മാനസ സഞ്ചാരങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ്.
ആധുനകതയ്ക്കു ശേഷം ചെറുകഥയുടെ അലകും പിടിയും മാറിയപ്പോള്‍ മാരകമായ രാഷ്ട്രീയ പരിത:സ്ഥിതികളോട് ശക്തമായി പ്രതികരിക്കുന്ന കഥകളെഴുതി ശ്രദ്ധ നേടിയ ഇന്ദു മേനോന് ആദ്യമായെഴുതിയ നോവലാണ് ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. ഇന്ദു മേനോന് കപ്പലിനെക്കുറിച്ച് എഴുതിയ ഈ പുസ്തകത്തിനെ ‘വിചിത്ര’ പുസ്തകം എന്നുതന്നെയാണ് അവര്‍ വിശേഷിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതൊരു ‘ചരിത്ര’ പുസ്തകം അല്ല. പൂര്‍ണമായി ഭാവനയുടെയും, ഉന്മാദത്തിന്റെയും ലക്കും ലഗാനവുമില്ലാത്ത ഒഴുക്കിനൊപ്പം ഇന്ദു മേനോന് ഒഴുകിപ്പോവുകയാണ്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ ‘മുങ്ങിച്ചത്ത’ ജനറല്‍ ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റെയും, ജീവിതവും പ്രണയവും രക്തബന്ധങ്ങളും മറന്ന് ധനാസക്തികളില്‍ മയങ്ങി കടല്‍ കാത്തുവച്ച ചെങ്കുഴിയില്‍ മുങ്ങിമരിച്ചവരുടെയും, ജന്മാന്തരങ്ങളോളം പ്രണയത്തിന്റെ അമൃതം തേടി അലയുന്നവരുടെയും കഥയാണ് ഈ നോവല്‍. രതിയുടെ വന്യമായ ആഘോഷങ്ങള്‍കൊണ്ട് നോവലെഴുത്തെന്ന കലയില്‍, ഭാവനയുടെ സകലമാന സാധ്യതകളേയും ചൂഷണം ചെയ്യാന്‍ ഇന്ദു മേനോന് ‘മരിച്ചു’ പണിയെടുക്കുന്നുണ്ട് ഈ നോവലില്‍.
സ്ത്രീയുടേതുപോലെത്തന്നെ, പുരുഷന്റെ രതിയെയും അവന്റെ അടങ്ങാത്ത ആത്മകാമനകളെയും അനാവരണം ചെയ്യാന്‍ ഇന്ദു മേനോന് തന്റെ ലിംഗ സ്വത്വത്തെ തകര്‍ത്തുകളയുകയും, പെണ്ണെന്നുള്ള നിലയില്‍ ഒരു എഴുത്തുകാരിയുടെ ജൈവീകമായ പരിമിതികളെ അതിലംഘിക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളെ സര്‍പ്പകാമനകളുടെ ഭയാത്മകമായ മാരകവന്യതയാക്കി, വായനക്കാരനെ ഒരു മായിക തലത്തിലേക്ക് കൊണ്ടുപോകുന്നു.
ഭാവനയുടെ സെപിയാ ചിത്രങ്ങള്‍
ബാല്യകാലത്തെ ചില ഏകാന്തതയില്‍, ആകാശത്ത് തിങ്ങിക്കൂടി നില്ക്കുന്ന വെളുത്ത മേഘങ്ങളില്‍ നോക്കിനില്ക്കവെ, അതു പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപം മാറാറുണ്ട്. ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവച്ചോ നഷ്ടപ്പെടുന്നു. ദിവാസ്വപ്നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന ചില കാലങ്ങളില്‍ മനസ്സിന്റെ വെള്ളിത്തിരയില്‍ വന്നും പോയുമിരുന്ന ചില ചിത്രങ്ങള്‍; ആ ചിത്രങ്ങള്‍ പക്ഷേ ഇന്ദു മേനോന് എന്ന എഴുത്തുകാരിയില്‍ സജീവമായിത്തന്നെ ഇന്നും നിലനില്ക്കുന്നു എന്നുവേണം കരുതാന്‍. ഒരു കുന്നോളം നിധി കയറ്റി, വളരെ ദൂരെ മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ ഒരു ചെക്കുത്താന് ചെങ്കുഴിയില്‍ അകപ്പെട്ടുപോയ ജനറല്‍ ആല്‍ബെര്‍ട്ടോ മേയര്‍ എന്ന കപ്പല്‍ ഒരു മിത്തുപോലെ ഈ നോവലിന്റെ നെറുകയില്‍ നില്ക്കുന്നു. ഈ നോവലിലെ കപ്പല്‍, മരണത്തിന്റെ പ്രതീകമാണ്. ധനാസക്തിക്കു മുന്പില് പ്രണയത്തെയും ജീവിതത്തെയും ബലികഴിക്കുന്നവര്‍, ജന്മപരമ്പരകളിലൂടെ ഈ കപ്പലിന്റെ ആകര്‍ഷണ വലയത്തിലൂടെ, കടലിലെ ചെക്കുത്താന് ചെങ്കുഴിയില്‍ പതിക്കുന്നു. കടല്‍ അതിന്റെ കാണാക്കയങ്ങളും അജ്ഞാത ദ്വീപും മനുഷ്യരും കാലത്തിന്റെ മഞ്ഞക്കടലാസും ഓര്‍മക്കുറിപ്പുകളും രതിയുമൊക്കെ ഭാവനയുടെ മായക്കയങ്ങളില്‍ ചുറ്റിത്തിരിയുന്നു.
ഭാഷയുടെ കയ്യൊതുക്കംകൊണ്ട് രതിവര്‍ണനകളെ ഉദാത്തമായൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. നോവലിന്റെ ആരംഭത്തില്‍ സരസ്വതി എന്ന കഥാപാത്രം മേപ്പാങ്കുന്നിന്റെ നെറുകയിലെ ഒരു പൊന്തക്കാട്ടില്‍ സ്വന്തം അച്ഛന് ചെറിയമ്മയെ അതിവന്യമായ രീതിയില്‍ വേഴ്ച നടത്തുന്നതു കാണുന്നു. പിന്നീട് രതിയുടെ ആഴക്കയങ്ങളില്‍ നിന്ന് അച്ഛന് എഴുന്നേല്‍ക്കുന്നത് ഇണയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള തയ്യാറെടുപ്പുമായാണ്. വേഴ്ചയ്ക്കു ശേഷം ഇണയെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത, മനുഷ്യന്റെ മൃഗീയവാസനകളുടെ മാരകമായ സാധ്യതകളെ അവതരിപ്പിച്ചുകൊണ്ട് നോവല്‍ വായനക്കാരനെ തുടക്കത്തില്‍ത്തന്നെ അമ്പരപ്പിക്കുന്നുണ്ട്.
ജലസ്ഥലികളുടെ പുതു ഭൂപടംതന്നെ ഈ നോവലിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ക്കപ്പുറം കടക്കുന്ന രതിയുടെയും പ്രണയപാപങ്ങളുടെയും ധാനാസക്തികളുടെയും ആഭിചാരങ്ങളുടെയും ഭ്രമാത്മകലോകം സൃഷ്ടിച്ചുകൊണ്ട് ഇന്ദു മേനോന് ഭാവനയുടെ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഒരുപക്ഷേ നൈസര്‍ഗിക ഭാവനമാത്രം കൊണ്ട് സൃഷ്ടിക്കാവുന്ന ഒന്നല്ല. അത് ചെറുപ്പം മുതലേ കേട്ടു പരിചയിച്ച അപസര്‍പ്പകകഥകളും കടല്‍ എന്ന അപാരതയുമായി ബന്ധപ്പെട്ട നാവികരുടെ കഥകളില്‍നിന്നും മിത്തുകളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഒന്നാണ്. കപ്പലിന്റെ സാങ്കേതികമായ വിശദാംശങ്ങളിലേക്കൊന്നും എഴുത്തുകാരി പോകുന്നില്ല. ഭീമാകാരനായ ഒരു തടിക്കപ്പല്‍ എന്നേ പറയുന്നുള്ളു. അത് മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ വാരിക്കുഴികള്‍ക്കരികെയെത്തുന്ന പല കപ്പല്‍ നാവികര്‍ക്കു മുന്പില് കള്ളിയങ്കാട്ട് നീലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ചുടല യക്ഷിയാണ്. ഒരു മനുഷ്യന്റെ പ്രേതത്തിന്റെ എല്ലാ ഭാവങ്ങളുമോടെ ഒരു ‘കപ്പല്‍പ്രേത’ത്തെ എഴുത്തുകാരി സൃഷ്ടിക്കുന്നു. സ്വന്തം ഭാവനയെ ഒരു കാലിഡോസ്കോപ്പിലിട്ടുകൊണ്ട് ഒരു മായാപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള യത്നമാണിത്. കുട്ടിക്കഥകളിലെ മന്ത്രവാദകഥകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത, കഥാപാത്രങ്ങളായ പാസ്ക്വലും, ക്ലോദും, റെക്സുമൊക്കെ ഏതോ സ്പെഷ്യല്‍ എഫക്ട് സിനിമയില്‍ നിന്ന് ഇറങ്ങിവന്നവരായി മാത്രമേ തോന്നൂ. അതിരുകളില്ലാത്ത ഭാവനയില്‍, ഭാഷയുടെ അനന്ത സാധ്യതകളെ മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ആദ്യ ഇരുനൂറു പേജുകള്‍ വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി, കണ്ടുപരിചയിച്ച പ്രേതകഥകളിലെ കൃത്രിമ കഥാപാത്രങ്ങളെക്കൊണ്ട് നോവലില്‍ തെല്ല് മാലിന്യം നിറയുന്നുണ്ട്. എങ്കിലും വില്‍സ്മിത്ത് പ്രഭുവിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഇന്ദു മേനോനെ പോലെ ഒരെഴുത്തുകാരിക്കു മാത്രമേ കഴിയൂ എന്ന് വായനക്കാരനെകൊണ്ട് അംഗീകരിപ്പിക്കാനും ആകുന്നു! ‘പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നാല്പതാമധ്യായം നിലാവുകൊണ്ട് മേഘങ്ങളിലെഴുതിയതാണെന്നേ തോന്നൂ.
ഭാവനയുടെ വിചിത്രലോകത്ത് ചുമരിലെ പെയിന്റടര്‍ന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കെ അത് കുതിരകളും ആള്‍ക്കൂട്ടവും ആനക്കൂട്ടവുമായി മാറിയിരുന്ന ബാല്യകൗതുകങ്ങള്‍ പിന്നീട് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വളരുന്നു. അത് കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവത്തിന്റെയും സങ്കലിതമായ ഉന്മാദത്തിലേക്ക് വളരുന്നു. പനിക്കിടക്കയിലെ മാനസിക വ്യാപാരങ്ങള്‍പോലെ, മനസ്സിന്റെ തിരശ്ശീലയില്‍ വലിയ വലിയ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡന്‍ ചലച്ചിത്രങ്ങള്‍ ഉടലെടുക്കുന്നു. ഇതൊക്കെ എഴുതിവയ്ക്കുക…. ഇതിനെയൊക്കെ ഭാഷയിലേക്കാവാഹിക്കുക അത്ര എളുപ്പമല്ല. അതിനുള്ള ശ്രമമാണ് ഇന്ദുമേനോന് നടത്തുന്നത്. ഇന്ദു മേനോന് പറയുന്നു: ”എന്റെ നട്ടപ്പിരാന്തുകള്‍, എന്റെ പ്രേമം, എന്റെ ഭയം, എന്റെ വിഷാദം, എന്റെ ഉന്മാദം, എന്റെ ഏകാന്തത എല്ലാംകൂടി കുഴമാന്തി ഇത് എന്റെ ഉള്ളിലെത്തുമ്പോള്‍ ഞാനല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് എനിക്കു മനസ്സിലാകുന്നു. ജനിച്ചും ജീവിച്ചും പ്രേമിച്ചും ഭ്രാന്തുണര്‍ന്നും അലഞ്ഞും വിശന്നും ചത്തും കൊന്നും ഞാന്‍ എന്നെ എഴുതിത്തീര്‍ത്ത പുസ്തകം. ഇത് എന്നെക്കുറിച്ചൊരു വിചിത്ര പുസ്തകമായിത്തന്നെ തീരുന്നു”.
(പേജ് 18, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം)
സ്വപ്നങ്ങളില്‍ പൂണ്ടുപോയ നോവല്‍
പതിനാറാം നൂറ്റാണ്ടിലെങ്ങൊ ചാലിയം കോട്ടയുടെ മുഖപ്പില്‍ പണി ചെയ്യാന്‍ വന്ന ജുവാന്‍ ടെര്‍ച്ച്വല്‍ ഡിക്കോത്ത എന്ന എഞ്ചിനീയര്‍ വലിയപുരയ്ക്കല്‍ കുടുംബത്തിലെ കുഞ്ഞിത്തറുവായിക്കോയയെ കാണാന്‍ വന്നത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരന്‍ കപ്പല്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ്. സൗദി അറേബ്യയിലെ രത്നവ്യാപാരി ഷെയ്ഖ് ഹൈദര്‍ ഹുസൈന്റെ നിര്‍ദേശപ്രകാരമാണ് ജുവാന്‍ കുഞ്ഞിത്തറുവായിക്കോയയെ കാണുന്നത്. കൊമറാഡോ എന്ന ദ്വീപില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണ അയിര് നിറച്ചുകൊണ്ടുവരാന്‍ ഒരു ഭീമന് കപ്പല്‍ വലിയപുരയ്ക്കലെ പാണ്ടികശാലയില്‍ വച്ചു പണിയണം. കലാപം നടത്തിയതിന്റെ പേരില്‍ കൊമറാഡോയിലേക്ക് നാടുകടത്തപ്പെട്ട ജുവാന്റെ അച്ഛന് ടെക്ച്വര്‍ ഡിക്കോത്തയാണ് ഈ നിധി കണ്ടെത്തുന്നത്. ഈ സ്വര്‍ണ അയിരിന്റെ വലിയ ശേഖരം മുഴുവന്‍ എത്തിക്കേണ്ടിടത്തെത്തിച്ചുകൊണ്ട് അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാന്‍ നിശ്ചയിച്ച ജുവാന്റെ പദ്ധതിയില്‍ വലിയപുരയ്ക്കലെ വംശപരമ്പരയിലെ ജീവിതങ്ങളില്‍ പലതും ഹോമിക്കേണ്ടി വന്നു. ഭ്രാന്തുവന്നവര്‍ ആണിതറച്ചുകയറ്റുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ ഈ കപ്പലിനുവേണ്ടി അറുത്തുമാറ്റപ്പെട്ടു. ഭ്രാന്തായ മരത്തിന്റെ പ്രേതങ്ങള്‍ അതോടെ ആ കപ്പലിന്റെ ഭാഗമായി. ഒരുന്മാദക്കപ്പല്‍ രൂപംകൊള്ളുകയായിരുന്നു. കൊമറാഡോയില്‍ നൂറുകണക്കിന് ഖനിത്തൊഴിലാളികളുടെ മരണത്തിനും ക്രൂരമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കുമൊക്കെ സാക്ഷിയാകേണ്ടിവന്ന ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഉന്മാദിയായ ഒരു മിത്തായി നോവലിനാകെ മായികമായ പ്രേതപ്രകാശം നല്കുന്നു. കുഞ്ഞിത്തറുവായിക്കോയയും ജുവാനും അയാളുടെ ഭാര്യ ആന്റനീറ്റയും അവരുടെ ജാരന് കപ്പിത്താനായ രവിവര്‍മനുമടക്കം നാല്പത്തിരണ്ടുപേര്‍ ചെക്കുത്താന് ചെങ്കുഴിയുടെ ആഴത്തിലേക്ക് പതിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ നിധിതേടിപ്പോയ കുഞ്ഞിത്തറുവായിക്കോയ മുതല്‍ പ്രണയത്തിന്റെ അമൃതം തേടിപ്പോകുന്ന ഈ നോവലിലെ ഓരോ കഥാപാത്രവും പ്രണയ-പാപങ്ങളുടെ ചുഴിയില്‍ അകപ്പെട്ടുകൊണ്ട് മാരിക്കൊ ദ്വീപിലെ ‘മരണ നിഘണ്ടു’വില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുന്നു. പ്രണയ-പാപങ്ങളുടെ നിത്യസ്മാരകമായി, പ്രണയിക്കുന്നവരെ വേര്‍പെടുത്തുന്ന ശക്തികള്‍ക്കെതിരെ, ഉന്മാദിയായ ഒരു കൊടുംങ്കാറ്റായി ചെങ്കടല്‍ച്ചുഴിക്കു മുകളില്‍ കപ്പല്‍യാത്രക്കാരുടെ പേടിസ്വപ്നമായി ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍പ്രേതം മാറുകയാണ്. ജീവിതം എത്രമേല്‍ സുരക്ഷിതവും പ്രേമസുരഭിലവുമായിരുന്നിട്ടും വലിയപുരയ്ക്കലെ കുഞ്ഞിത്തറുവായിക്കോയയുടെ പിന്മുറക്കാര് വീണ്ടും നിധിക്കപ്പലിന്റെ ഉള്‍വിളി കേള്‍ക്കാനാവാതെ ദുരന്തത്തിലേക്കുതന്നെ നടന്നടുക്കുന്നു. കുഞ്ഞിത്തറുവായിയുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയായ യുസുഫും ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ കടലില്‍ മുങ്ങിപ്പോയ നിധി കണ്ടെടുക്കുക എന്ന നിയോഗത്തിനു മുന്പില് പിടിച്ചുനില്‍ക്കാനാവാതെ, പ്രണയിച്ച പെണ്ണിനെ വരെ ത്യജിച്ചുകൊണ്ട് പോകാന്‍ തയ്യാറാകുന്നു. യാത്ര പുറപ്പെടും മുന്‍പുതന്നെ വിധിയുടെ ചെക്കുത്താന് ചെങ്കുഴിയില്‍ യൂസുഫും പതിക്കുന്നു. കപ്പലിന്റെ അവകാശ രേഖകളും ഭൂപടങ്ങളും ദൗത്യവും സുഹൃത്തായ കൃഷ്ണചന്ദ്രനെ ഏല്‍പ്പിക്കുന്നു. ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്‍മന്റെ പുനര്‍ജന്മമാണ് താനെന്ന് കൃഷ്ണചന്ദ്രന് തിരിച്ചറിയുന്നു. പതിനാറാം നൂറ്റാണ്ടില്‍, ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്മന് കപ്പലുടമ ജുവാന്‍ ഡിക്കോത്തയുടെ ഭാര്യയായ ആന്റനീറ്റയുമായി പ്രണയത്തിലാകുന്നു. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന കാമഭ്രാന്തനായ ജുവാനില്‍ നിന്ന് ഒളിച്ചോടി രവിവര്‍മനുമായി പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്ന ആന്റനീറ്റയെയും രവിവര്‍മനെയും അതിക്രൂരമായി ജുവാന്‍ വധിക്കുന്നു. പ്രണയത്തിന്റെ അമൃതം തേടി ഉരുകുന്ന ആന്റനീറ്റ ജന്മാന്തരങ്ങള് തോറും രവിവര്മനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാലു തലമുറകള്‍ക്കിപ്പുറം കൃഷ്ണചന്ദ്രന് എന്ന ചെറുപ്പക്കാരന്റെ നിയോഗവും പൂര്‍വജന്മ പ്രണയത്തിലേക്ക് സ്വയം നഷ്ടപ്പെടുക എന്നതായിരുന്നു.
സരസ്വതി, മിട്ടായി, ഏത്തല, ഉമ്മു, ഭാഗ്യലക്ഷ്മി, മിലി തുടങ്ങി മലയാള നോവലില്‍ ഇതുവരെ കാണാത്ത മായികമായ ഉന്മാദ സൗന്ദര്യത്തോടെ ഒരുപിടി സ്ത്രീകഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറയുന്നുണ്ട്. സ്വ്പനങ്ങളുടേയും ഭാവനയുടേയും അതിപ്രസരത്തില്‍ പൊങ്ങുതടികളായി ഈ കഥാപാത്രങ്ങള്‍ ഒഴുകിനടക്കുന്നു എന്നു പറയുന്നതാവും കുറെക്കൂടി എളുപ്പം. മാരകമായ ഇവരുടെ രതിയും പ്രണയവും വിരഹവുമാണ് വായനക്കാരന് അനുഭൂതി പകരുന്ന ലവണവും ലാവണ്യവും. ഈ നോവലില്‍ നിന്ന് ഭാവനയുടെ സെപിയാ ചിത്രങ്ങളും രതിയുടെ വന്യതയും അര്‍ത്ഥകാമനകളുടെ അനിവാര്യ ദുരന്തങ്ങളും മാഞ്ഞുപോയാല്‍ ഒരുപക്ഷേ ഈ നോവല്‍ ശൂന്യതയുടെ വിചിത്ര പുസ്തകമായിപ്പോയേനെ.
ലിംഗസ്വത്വത്തിന്റെ പരകായപ്രവേശം
സ്വന്തം ലിംഗസ്വത്വത്തെ തമസ്കരിക്കുകയും ഒരു സ്ത്രീ എഴുത്തുകാരിക്ക് അസാധ്യമെന്നു തോന്നാവുന്ന പുരുഷ ലിംഗത്തിന്റെ ആസക്തിവിശേഷങ്ങളിലൂടെ പതറാതെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഇന്ദു മേനോന്. പുരുഷപക്ഷ ലൈംഗികത ആവിഷ്കരിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വേഴ്ചകളുടെ മുകളിലെ മൂന്നാംകണ്ണായി എഴുത്തുകാരി നിലകൊള്ളുന്നു. നോക്കിനില്‍ക്കെ വന്യമായി അതിരുകള്‍ ഭേദിച്ചുപോകുന്ന ഒരനുഭവം. രതിയെ ഉദാത്തമായ അനുഭവമാക്കുന്നതില്‍ നോവലിനു മുതല്‍ക്കൂട്ടാവുന്നത് അതിന്റെ ഭാഷതന്നെയാണ്. അല്ലെങ്കില്‍ ത്രിലിംഗനായ വിന്‍സ്മിത്തിനെപോലൊരു കഥാപാത്രം മലയാള നോവല്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെറിക്കഥാപാത്രമായിപ്പോയേനേ. വിന്‍സ്മിത്തിന്റെ ലൈംഗിക സ്വത്വത്തെയും അപകര്‍ഷതാബോധത്തെയും ആസക്തി വിശേഷങ്ങളെയും പാളിപ്പോകാതെ എഴുതാനാകുന്നത് പുരുഷപക്ഷ ലൈംഗികതയുടെ ആഴവും പരപ്പും നോവലിസ്റ്റ് അത്രമേല്‍ സ്വായത്തമാക്കിയതുകൊണ്ടുമാത്രമാണ്. മൂന്ന് ലിംഗമുള്ള കഥാപാത്രം ഒരുപക്ഷേ നോവലിസ്റ്റ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് എന്നുതന്നെ കരുതാവുന്നതാണ്. നാല്പതോളം സ്ത്രീകളെ കല്യാണം കഴിച്ചെങ്കിലും വിന്‍സ്മിത്ത് പ്രഭുവിന് ഭാര്യമാരില്‍ ഒരാളെപ്പോലും തൃപ്തിപ്പെടുത്താനാവാതെ എല്ലാ ആദ്യരാത്രികളും പരാജയപ്പെട്ടെങ്കിലും വൈദ്യോപദേശപ്രകാരം ഒരു വേശ്യയെ കല്യാണം കഴിക്കേണ്ടിവരുന്നു. പുരുഷന്റെ അമിതാസക്തികളുടെ ബലിക്കല്ലായി മാറാന്‍ ഉത്തമയായ പെണ്ണ് ഒരു വേശ്യയാണെന്ന് ഈ വിചിത്ര പുസ്തകം പറയുന്നു. മിലി എന്ന വേശ്യസ്ത്രീ നല്കുന്ന ആദരവില്‍ വിന്‍സ്മിത്തിന്റെ മൂന്നു ലിംഗങ്ങളും ലൈംഗികാവേശത്തിരയില്‍ അഭിമാനത്തോടെ ഉദ്ധരിക്കപ്പെടുന്നു. പുരുഷന്റെ ലൈംഗികമായ ആന്തരിക ജീവിതത്തെ അനാവരണം ചെയ്യാന്‍ നോവലിസ്റ്റ് അസാധരാണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒരശ്ലീലമായിപ്പോകാതെ കഥാഗതിയുമായി ഇതിനെ സമര്‍ത്ഥമായി ബന്ധിപ്പിക്കുന്നുണ്ട്.
കാല്പനികമായ രതിക്കാലത്തെ സര്‍പ്പരതിയുടെ വന്യതയിലേക്ക് കൊണ്ടുവരാന്‍ ഇന്ദു മേനോന് ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണ്. ”കടല്‍ ശംഖുപോലെ തെളിവാര്‍ന്നതും അഴകാര്‍ന്നതുമായ അവളുടെ കഴുത്തില്‍ വിടര്‍ന്ന കാക്കപ്പുള്ളിക്കുമേല്‍ ഓരോ തവണ ചുണ്ടമര്‍ത്തുമ്പോഴും അയാള്‍ക്കു പൂത്തിലഞ്ഞിമണം കിട്ടി, മൃദുവുടലിന്റെ സുഖകരമായ പിടച്ചില്‍ കിട്ടി, അവയില്‍ ചെമ്പുനിറത്തില്‍ വളര്‍ന്നിരുന്ന കുട്ടിരോമങ്ങള്‍ ഉണര്‍ന്നെണീറ്റ് അയാളുടെ ശരീരത്തില്‍ ഇടയ്ക്കിടെ ഇട്ട ഇക്കിളിയും അയാള്‍ക്കു കിട്ടി. കഴുത്തായിരുന്നു അവളുടെ ശരീരത്തിലെ ഏറ്റവും ലജ്ജാകരമായ ഇടം. അവിടെ സ്പര്‍ശിക്കുന്ന മാത്രയില്‍ ജ്വരബാധിതയെപ്പോലെ അവള് വിറച്ചു. മുലക്കണ്ണുകള്‍ അതിലജ്ജയാല്‍ കൂമ്പി. രോമങ്ങള്‍ ഭ്രാന്തിപ്പശുവെപ്പോലെ ചാടിയെണീറ്റ് കൊമ്പുയര്‍ത്തി. കണ്ണുകള്‍ പാതി പൂട്ടിയ കുടപോലെ അര്‍ദ്ധമയക്കമാണ്ടു. ചുണ്ടുകള്‍ അടിയിതള്‍ അലസമായി വിടര്‍ന്ന ചുവന്ന പനിനീര്‍മൊട്ടിനെപ്പോലെ, തുപ്പല്‍കുഴഞ്ഞ് നിലാവെട്ടത്ത് തിളങ്ങി. കറുത്തമുടി ഓരോ ചുരുളിലും രഹസ്യഗന്ധിയായ സുഗന്ധദ്രവ്യമൊളുപ്പിച്ചു വച്ചതുപോലെ കട്ടിലില്‍ പരന്നു കിടന്നു” (പേജ് 128, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം). റെയില്‍വെ സ്റ്റേഷന് മാസ്റ്ററും ഭാഗ്യലക്ഷ്മിയുമായുള്ള വേഴ്ചയുടെ രാത്രിയെ ഇരുട്ടിനെ മോഹനിലാവില്‍ കുഴച്ചുകൊണ്ട് പുതിയൊരു രതിക്കൂട്ടൊരുക്കുന്നു ഇന്ദു മേനോന്.
വിചിത്രമാകുന്ന നോവല്‍ ശില്പം
നിശ്ചിത വലിപ്പമുള്ള കാന്‍വാസില്‍ അളവൊപ്പിച്ചു വരയ്ക്കുന്ന ഒരു കൃതിയല്ല ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. നോവല്‍ സാഹിത്യത്തിന്റെ പുതുഭാവുകത്വങ്ങളെ പിന്തുടരുകയോ പൊളിച്ചടുക്കുകയോ ചെയ്യാതെ ഒരുന്മാദിയുടെ മാനസ സഞ്ചാരങ്ങളെ അതേപടി കുറിച്ചുവയ്ക്കുക എന്നതുമാത്രമാണ് തന്റെ ദൗത്യം എന്ന് ഇന്ദു മേനോന് വിശ്വസിക്കുന്നു. വായനക്കാരന് 423-ാം പേജില്‍ വച്ച് ആന്റനീറ്റയുടെയും രവിവര്‍മന്റെയും പ്രണയ സഞ്ചാരച്ചുഴിയില്‍ നിന്ന് ഉണരുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ നോവല്‍ അവിടെ അവസാനിക്കുന്നില്ല. അത് ഒരുന്മാദരേഖയായി നീണ്ടുനീണ്ടുപോകുന്നു. എഴുത്തുകാരിയുടെ ഉന്മാദത്തിന്റെ ഒരു ചീന്ത് മാത്രമാണ് ഈ വിചിത്ര പുസ്തകം. അതുകൊണ്ടുതന്നെ ഈ നോവല്‍ അടുത്തകാലത്തിറങ്ങിയ നോവലുകള്‍ക്കൊപ്പം വയ്ക്കാനാവില്ല. നോവലിന്റെ പൊതുഭാവുകത്വങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കാനുമാകില്ല.
നോവല്‍ വര്‍ത്തമാനവും ഭാവിയും
ചരിത്രത്തിന്റെ പുറമ്പോക്കുഭൂമിയില്‍ പുല്ലു തിന്നു വളരുന്ന തടിച്ചുകൊഴുത്ത പശുവാണ് മലയാള നോവല്‍. ചരിത്രംതന്നെ വലിയൊരു ഫിക്ഷനായി നില്ക്കുമ്പോള് നോവലെഴുത്ത് അനായാസമാകുന്നു എന്നൊരു ഗുണമുണ്ട്. തീയതികളും അക്കങ്ങളും നിരത്തി തടിച്ചുകൊഴുക്കുന്ന ചരിത്ര നോവലുകള്‍ (ഒധലളമറധഡടഫ എധഡളധമഭ) ചരിത്രത്തെ കൂടുതല്‍ ദുര്‍മ്മേദസ്സു നിറയ്ക്കുന്നുവെന്നല്ലാതെ പല നോവലുകളും വര്‍ത്തമാനത്തിന്റെ കെടുതികള്‍ക്കെതിരെ നിലവിളിക്കുന്നില്ല. ഫിക്ഷന്റെ സാധ്യതകളെ ചില എഴുത്തുകാര്‍ ഫലപ്രദമായി വനിയോഗിക്കുന്നുണ്ടെങ്കില്‍കൂടിയും ഹിസ്റ്റോറിക്കല്‍ ഫിക്ഷന്റെ ഇട്ടാവട്ടങ്ങളില്‍ പുല്ലു തിന്നുന്ന നോവലുകള്‍ നോവലെഴുത്തിന്റെ ദിശാസൂചികള്‍ക്കുമേല്‍ സ്വന്തം മുഖമുള്ള വാള്‍പോസ്റ്ററുകള്‍ പതിപ്പിച്ച് ശ്രദ്ധനേടുന്നു. നോവലെഴുത്തിനു മുന്നോടിയായി പഴയ പത്രക്കെട്ടുകള്‍ തപ്പിയെടുക്കാന്‍ ഇന്നത്തെ നോവലിസ്റ്റുകള്‍ തട്ടിന്‍പുറത്തു കയറുന്നു, ഗൂഗിള്‍ ചെയ്യുന്നു. നോവലെഴുത്ത് ചരിത്രവസ്തുതകള്‍ നിരത്തുന്ന, രൂപപരമായി പുതിയ സങ്കേതങ്ങള്‍ അവതരിപ്പിക്കുന്ന ഒന്നാണ് എന്ന സങ്കല്പങ്ങള് ഇനിയും തകര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് ഭാവനയുടെയും ഉന്മാദത്തിന്റെയും തിരയെഴുത്തായി ഒരു നോവല്‍ ഇന്ദുമേനോന് എഴുതുന്നത്. വൈയക്തിക ഭാവനാലോകത്തിന്റെ സ്വതന്ത്രമായ തുറന്നെഴുത്താണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭാവനാരഹിതവും ചരിത്രവിരേചനവുമായ നോവലുകള്‍ക്കിടയ്ക്ക് ഈ ഉന്മാദിയായ എഴുത്തുകാരി സ്വന്തം ഭാവനയുടെ രാഷ്ട്രീയം അതിശക്തമായി ഉറപ്പിക്കുന്നുണ്ട് എന്നുതന്നെവേണം കരുതാന്‍.