തണുപ്പിന്റെ
താക്കോൽ കിലുക്കങ്ങൾ
കണ്ണുകളിലേക്ക്
ആഴ്ന്നിറങ്ങുമ്പോഴാണ്
അടുക്കി വച്ച
പാളിയടുക്കുകൾ
തുറന്നെടുക്കുക.
ഒരോർമപോലുമരുതെന്ന
കാർക്കശ്യത്തിലേക്ക്
വീടിനെ അപ്പാടെ
മറന്നു വച്ചവർ
ഒരേ നിറത്തിൽ
ചിരിവരയ്ക്കുന്നു,
പകൽപ്പച്ച മുഴുവനും
വാടാതെ നോക്കുന്നു!
തെറ്റിപ്പോയെന്നാൽ
തോറ്റുപോകുന്ന
വാക്കുകളെ
ഉരച്ചുരച്ച്
അതിഥികളെ
ആവർത്തിച്ചു മിനുക്കിയെടുക്കുന്നു,
ഒരസ്തമയത്തിനപ്പുറം
ആയുസ്സില്ലാത്ത ബന്ധത്തെ
ഉള്ളംകയ്യാൽ കോർത്തെടുക്കുന്നു.
ഇടവേളകളിലെ സമയച്ചട്ടങ്ങളിൽ
ചുവപ്പ് കലരാതെ
സൊറകൂട്ടത്തെ
കണ്ണിൽ കോരി
മണ്ണിൽ കുടയുന്നു.
നഗരം
വിളക്കുമരങ്ങൾക്കു കീഴെ
നടന്നു മടങ്ങുമ്പോൾ
അവസാനത്തെ വണ്ടിയിലേക്ക്
അടയാളപ്പെടേണ്ടതിന്
കാഴ്ചകൾക്ക് മീതെ
ഷട്ടറുകൾ വലിച്ചിടുന്നു.
ആദ്യമിറങ്ങിപ്പോവേണ്ടതിന്
അവസാനത്തെ വരിയിൽ
ചെരുപ്പുകൾ ഉപേക്ഷിച്ച്,
ഉറങ്ങിപ്പോയ
വീട്ടിലെ വിരുന്നുകാരനാവുന്നു!