അന്ത്യരംഗം കഴിഞ്ഞൂ വിമൂകമാം
അഭ്രപാളിയിൽ വീണു യവനിക
എത്ര വേഗം കഴിഞ്ഞൂ പടം ചല-
ച്ചിത്രശാലയിൽ നിന്നുമിറങ്ങി നാം
ചക്രവാളവും ശൂന്യമായ് സാഗര
തീരസന്ധ്യ വിളിച്ചുവോ നമ്മളെ
പൂർണമാകുന്നിതന്ത്യ സമാഗമ-
മെന്നു ചൊല്ലിയോ, നീൾവിരൽതുമ്പിനാൽ
നേർത്തു നേർത്തു പൊലിയും പകലിന്റെ
ദു:ഖതന്ത്രികൾ മീട്ടിപ്പതുക്കനെ
രാഗസങ്കല്പ സംഗീതധാരയാൽ
കണ്ണുനീരിനാൽ നഷ്ടസ്വപ്നങ്ങളാൽ
തിരയടങ്ങാതെ തീരം ക്ഷുബ്ധമാം
മിഴിമടക്കാം തിരിച്ചുനടക്കാം.
ഓർമയുണ്ടോ സഖീനമ്മളാദ്യം കണ്ട
സന്ധ്യതൻ കവിൾ കുങ്കുമപ്പൂവുകൾ
നിന്റെ ചുണ്ടിലെൻ ചുണ്ടിലെ തീയടർ-
ന്നാളി നീറി വിടർന്ന ചെമ്പൂവുകൾ
കാറ്റു ക്രൂരം തലോടുന്നു നമ്മെയീ-
പ്പാതകൾ മെല്ലെ രണ്ടായ് പിരിക്കുക
കണ്ടുമുട്ടുമോ എന്ന ചോദ്യത്തിനായ്
കണ്ടുമുട്ടാതിരിക്കട്ടെ ഉത്തരം
ദൂരെ വിണ്ണിൻ തമോരാശിയിൽ ശുക്ര-
താരകം വന്നുദിക്കുമ്പൊഴൊക്കെയും
നിന്റെയോർമകൾ നീറ്റുവാനെത്തിടും
നീജ്വലിക്കുമെൻ ബോധപർവങ്ങളിൽ.