ഹിന്ദി മൂല കവിത: രാജീവ് കൃഷ്ണ സക്സേന
സമൂഹത്തോട് എനിക്ക്
ആകെയുള്ള ഒരു ബന്ധം
എന്റെ ഭാര്യയിലൂടെമാത്രമാണ്.
തനിച്ച്
ആരോടും ഒന്നിനോടും
ഒരു ബന്ധമുണ്ടാക്കാൻ
ഇന്നുവരെ എനിക്കായിട്ടില്ല.
പച്ചക്കറിക്കാരൻ
പാൽക്കാരൻ
പേപ്പറുകാരൻ
അലക്കുകാരൻ
ഇവരോടൊന്നും
എനിക്ക് സംസാരിക്കാൻ
അറിയില്ല.
കഴിയില്ല…
ഇനീപ്പൊ അറിഞ്ഞാലും
ഇവരോടൊക്കെ
എന്താ ഞാൻ പറയുക?
അതൊക്കെ എന്റെ ഭാര്യ.
ഓരോരുത്തരോടും
പുഞ്ചിരിയോടെ
സ്നേഹപൂർവം
ആർജവത്തോടെ
സംസാരിച്ചുകൊണ്ടിരിക്കും
എനിക്കാണെങ്കിൽ
ഇതൊക്കെ കാണുമ്പോൾ
വല്ലാത്ത അസൂയയാണ്
എനിക്കെന്താ ഈ സാമർത്ഥ്യം
ഇല്ലാതെ പോയത്?
അയൽക്കാരോട് അവൾ
സംസാരിക്കുേമ്പാൾ
ഞാൻ തന്ത്രപൂർവം
അവിടെനിന്നും മാറിക്കളയും
അവളാകട്ടെ
എന്നെക്കുറിച്ച്
അഭിമാനപൂർവം ഇങ്ങനെ പറയും:
‘
‘അദ്ദേഹം ബിസിയാണ് വളരെ വളരെ”
ഞാനത്ര ബിസിയൊന്നുമല്ല
ഇവരോടൊക്കെ സംസാരിക്കാനും
മാത്രംസമയമൊക്കെ എന്റെ കയ്യിലുണ്ട്
പക്ഷേ…
കാതലായ പ്രശ്നം
”ഞാൻ എന്തിനെക്കുറിച്ചാണ്
ഇവരുമായി സംസാരിക്കുക?”