വൈശാഖന് എന്ന എം.കെ. ഗോപിനാഥന് നായര്‍ എഴുത്തുകാരനാവാന്‍ ആഗ്രഹിച്ചിരുന്നോ? എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്?
ഞാന്‍ ചെറുപ്പത്തിലേ എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ബാല്യത്തില്‍ ഒരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു ഞാന്‍. വീട്ടിലെ ഒരേയൊരു ആണ്‍കുട്ടി. എന്റെ അച്ഛനമ്മമാരുടെ ജോലിസംബന്ധമായ സ്ഥലംമാറ്റങ്ങള്‍ കാരണം എട്ട് സ്കൂളുകളിലായാണ് ഞാന്‍ സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഓരോ വര്‍ഷവും പുതിയ സ്കൂളിലെ ‘വരത്തന്’ കുട്ടിയായ എനിക്ക് ഒറ്റപ്പെടലിന്റെ വിഷമം അനുഭവിക്കേണ്ടിവന്നു. പിറവം എന്ന സ്ഥലത്തെ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോഴാണ് എനിക്ക് യോജിച്ച ഒരു കൂട്ടുകാരനെ കിട്ടിയത്. പാവപ്പെട്ട വീട്ടില്‍നിന്നും വരുന്ന വേണ്ടത്ര വസ്ര്തങ്ങള്‍ പോലും ഇല്ലാത്തവനും അന്തര്‍മുഖനുമായ കുര്യാക്കോസ് ആയിരുന്നു ആ കൂട്ടുകാരന്. ഞങ്ങളുടെ സൗഹൃദം രണ്ട് ഒറ്റപ്പെട്ടവരുടെ കൂട്ടുചേരലായിരുന്നു.ജീവിതത്തില്‍ ആദ്യമായി എന്നെ ഒരു വായനശാലയില്‍ കൂട്ടിക്കൊണ്ടുപോയ കുര്യാക്കോസ് എനിക്ക് വായിക്കാന്‍ ഒരു പുസ്തകവും എടുത്തുതന്നു. കെ.ദാമോദരന്റെ ‘മനുഷ്യന്’. അങ്ങനെ വായനയിലേക്ക് ഞാന്‍ എത്തി. ആ വായന എനിക്ക് എഴുത്തിനോട് ആഭിമുഖ്യം ഉണ്ടാക്കി. ഒറ്റപ്പെടലിനെ ചെറുക്കാന്‍ എഴുത്ത് സഹായകമാകും എന്ന് എനിക്ക് തോന്നിയിരിക്കാം. ആ സ്കൂളിലെ കൈയെഴുത്തു മാസികയില്‍ ഞാന്‍ ഒരു കഥയെഴുതി. കൗമുദിയുടെ വിശേഷാല്‍പ്രതിയിലെ ഒരു കഥാകവിതയാണ് പ്രേരകമായത്. ആ കവിതയിലെ കഥ അവതരിപ്പിച്ച രീതിയും കഥയുടെ പര്യവസാനവും എനിക്ക് ഇഷ്ടപ്പെട്ടില്ല. ആ കഥ ഞാന്‍ എനിക്ക് തോന്നിയ രീതിയില്‍ പുതുക്കി എഴുതി. ‘ഗായകന്’ എന്ന ആ കഥയാണ് എന്റെ ആദ്യകഥ.
എഴുത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ച, പ്രോത്സാഹിപ്പിച്ച വ്യക്തികള്‍, സാഹചര്യങ്ങള്‍? എഴുത്തില്‍ സ്വാധീനിച്ച വ്യക്തികള്‍?
കോളേജ് വിദ്യാഭ്യാസകാലത്ത് ഞാന്‍ കാര്യമായി ഒന്നും എഴുതിയില്ല. കുറെ നാടകം അഭിനയിച്ചു. കുറെ വായിച്ചു. ബിരുദപഠനം കഴിഞ്ഞ് മൂവാറ്റുപുഴയില്‍ ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി. അക്കാലത്ത് ഞാന്‍ വീണ്ടും ഒരു കഥയെഴുതി ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലേക്ക് അയച്ചു. അത് പോയപോലെ മടങ്ങിവന്നു.പക്ഷേ കഥയോടൊപ്പം ഞാന്‍ അയച്ചിരുന്ന ഇന്‍ലന്‍ഡില്‍ എം.ടിയുടെ ഒരു മറുപടിയും ഉണ്ടായിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെങ്കിലും എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത് എന്നും ആ കത്തില്‍ എഴുതിയിരുന്നു. വീണ്ടും എഴുതണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആ കത്ത് പകര്‍ന്ന ഊര്‍ജം ആണ് എനിക്ക് ലഭിച്ച ആദ്യത്തെ പ്രചോദനം. പിന്നീട് അയച്ച കഥ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഞാന്‍ വായിച്ചതും ഇഷ്ടപ്പെട്ടതുമായ നിരവധി പുസ്തകങ്ങളും എഴുത്തുകാരും എനിക്ക് പ്രചോദനമായിട്ടുണ്ട്.
കുടുംബവും കുടുംബബന്ധങ്ങളും ഗ്രാമാന്തരീക്ഷവും വൈശാഖന്റെ പ്രധാന പ്രമേയങ്ങളാണ്. എന്തെങ്കിലും പ്രത്യേക കാരണം?
കുടുംബവും ബന്ധങ്ങളും പ്രമേയമാവാന്‍ കാരണം ഇപ്പോള്‍ മനസില്‍ ജിവിതം തുടരുന്ന എന്റെ ജീവിതസഖി പദ്മയാണ്. ഗ്രാമാന്തരീക്ഷത്തില്‍ കുറച്ചുകാലം ജീവിക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. ആ ഓര്‍മകള്‍ വീണ്ടെടുക്കുവാനുള്ള ശ്രമമാണ് കഥകളില്‍ കാണുന്നത്.
വൈശാഖന്റെ കഥകളിലെ ആണ്‍നോട്ടങ്ങള്‍ സ്ര്തീയെ ഒരുപഭോഗവസ്തുവായി കാണുന്നവയല്ല. അക്കാലത്തെയും അതിനു മുന്‍പത്തെയും മറ്റു പല കൃതികളിലെയും വീക്ഷണങ്ങളില്‍ നിന്ന് അവ വേറിട്ടുനില്‍ക്കുന്നുണ്ട്. സ്ര്തീ-പുരുഷ ബന്ധങ്ങളെ കുറിച്ച് ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥാപിത മൂല്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
സ്ര്തീയെ പുരുഷന് തുല്യമായ മനുഷ്യജീവിയായിട്ടാണ് എന്നും എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നത്തെ നമ്മുടെ സമൂഹത്തെ ഏറിയ കൂറും ഭരിക്കുന്നത് ഫ്യൂഡല്‍ പുരുഷാധിപത്യ വീക്ഷണങ്ങളും അതുമൂലമുള്ള കപട സദാചാരബോധവുമാണ്. ഇത് മാറണം. ആന്തരികമായ പരിണാമം പുരുഷമനസുകളില്‍ സംഭവിക്കണം.
സ്വന്തം കഥകളില്‍ പലതിലും രാഷ്ട്രീയമുള്ളതായി തോന്നിയിട്ടുണ്ടോ? കക്ഷിരാഷ്ട്രീയമല്ല ഉദ്ദേശിക്കുന്നത്. പല കഥകളുടെയും അടിയൊഴുക്കാകുന്ന, അടിയൊഴുക്ക് മാത്രമാകുന്ന രാഷ്ട്രീയത്തെക്കുറിച്ച് പറയാമോ?
കഥകളില്‍ രാഷ്ട്രീയമുണ്ട്. സൂക്ഷ്മ രാഷ്ട്രീയം. ശബ്ദമില്ലാത്തവരും അല്ലെങ്കില്‍ നിശ്ശബ്ദരാക്കപ്പെടുന്നവരുമായവരുടെ പക്ഷത്തു നില്‍ക്കുന്നതാണ് എന്റെ കഥകളുടെ രാഷ്ട്രീയം.
എഴുത്തുകാരനാവുക (എഴുത്തുകാരിയും പെടും) എന്നതിന് ഉദ്ദേശ്യങ്ങളുണ്ടോ? ഉണ്ടാകണമോ? അതോ മനസില്‍ സ്വയമറിയാതെതന്നെ വന്നുവീഴുന്ന സര്‍ഗാത്മക പ്രവൃത്തിയാണോ എഴുത്ത്? എന്താണ് എഴുതുക എന്നതിന്റെ കെമിസ്ട്രി?
ജീവിതത്തോടുള്ള പ്രതികരണമാണ് എന്റെ എഴുത്ത്. നേട്ടങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടല്ലാതെയുള്ള ഒരു വിശുദ്ധമായ അതൃപ്തിയാണ് അതിന്റെ രസതന്ത്രം.
എഴുത്തുകാരന് രണ്ടു വ്യക്തിത്വങ്ങളുണ്ടോ? സ്വയം വിശ്വസിക്കാത്ത ഒരാശയം ഒരെഴുത്തുകാരന്റെ പ്രമേയമായിക്കൂടേ? എഴുത്തിലെ നിലപാടുകള്‍ ജീവിതത്തില്‍ പകര്‍ത്താത്ത പല വിശ്വപ്രസിദ്ധരും ഉണ്ട്.
എഴുത്തുകാരന്/കാരിക്ക് രണ്ടു വ്യക്തിത്വങ്ങള്‍ ഉണ്ടാകാം. സ്വയം വിശ്വസിക്കാത്ത ഒരാശയം പ്രമേയമാക്കാം. പക്ഷേ ആത്യന്തികമായി സ്വയം വിശ്വസിക്കുന്ന, ശരിയെന്ന് തോന്നുന്ന ഒരാശയത്തിന്റെ സാക്ഷാത്കാരമായിരിക്കും അത് അനുവാചകരില്‍ സൃഷ്ടിക്കുക. വിപരീത ദ്വന്ദങ്ങളുള്ള എഴുത്തുകാര്‍ വിശ്വപ്രശസ്തരില് ഉണ്ടായിട്ടുണ്ട്. ഞാന്‍ അങ്ങനെയല്ല.
പുരോഗമന കലാസാഹിത്യസംഘ(പു.ക.സ.)ത്തിന്റെ തലപ്പത്തിരിക്കുന്ന ആളാണല്ലോ. പു.ക.സയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പറയാമോ? രൂപീകരിക്കപ്പെട്ട കാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ പു.ക.സയുടെ പ്രസക്തി ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ടോ?
പ്രതിലോമകരവും മനുഷ്യപുരോഗതിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തടസ്സം സൃഷ്ടിക്കുന്നതുമായ ആശയങ്ങളെ ചെറുക്കുക എന്നതാണ് പുരോഗമന സാഹിത്യസംഘത്തിന്റെ മുഖ്യലക്ഷ്യം. കലാസൗന്ദര്യത്തെ ആസ്വദിക്കുന്നതിനോടൊപ്പം സത്യത്തെ തിരിച്ചറിയാനുള്ള സംവേദനശീലം ആസ്വാദകരില്‍ ഉണ്ടാക്കിയെടുക്കാനുള്ള വിവിധതരം പ്രവര്‍ത്തനങ്ങളും പു.ക.സയ്ക്കുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനം രൂപം കൊണ്ടത് ഫാസിസത്തെ ചെറുക്കുവാന്‍ വേണ്ടിയായിരുന്നു. ഇന്ന് അതിന്റെ പ്രസക്തി വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു.