കാലം നൽകിയ ശ്രദ്ധേയമായ സിനിമയാണ് മീ സിന്ധുതായ്
സപ്കൽ. സമൂഹത്തിലെ അശരണർക്കു വേണ്ടി ജീവിതം ഉഴി
ഞ്ഞുവച്ച് ജീവിക്കുന്ന മഹനീയമായ മഹാരാഷ്ട്രീയൻ വനിതയെ
പ്പറ്റിയുള്ള ജീവചരിത്രസിനിമകൂടിയാണ് മീ സിന്ധുതായ് സപ്കൽ.
മറാത്തിയിൽ പുറത്തിറങ്ങിയ ‘മീ വൻവാസി’ എന്ന പുസ്തകത്തെ
ആധാരമാക്കി മലയാളിയായ ആനന്ദ് മഹാദേവനും സഞ്ജയ്
പവാറും ചേർന്ന് രൂപപ്പെടുത്തിയ ഈ സിനിമയുടെ ചലച്ചിത്രഭാഷ്യം
ഒരുക്കിയത് ആനന്ദ് മഹാദേവൻതന്നെയാണ്. ചിത്രത്തിൽ
അഭിനയിക്കുന്നുമുണ്ട് ആനന്ദ് മഹാദേവൻ.
സിന്ധുതായിക്കൊപ്പം അമേരിക്കയിലേക്കുള്ള വിമാനയാത്രയിൽ
ഉണ്ടാകുന്ന ഓരോ സന്ദർഭങ്ങളിലൂടെ ഭൂതകാലാനുഭവങ്ങളി
ലേക്ക് പുരോഗമിക്കുന്ന ഈ ചിത്രം മറാത്തിയിൽ ഇറങ്ങിയ ചിത്ര
ങ്ങളിൽ ശ്രദ്ധേയമായ ചിത്രം കൂടിയാണ്.
ദുരന്തപൂർണമായ ജീവിതത്തിന്റെ അവസ്ഥയിൽനിന്ന് വലിയ
വിജയങ്ങളുടെ ആകാശം കീഴടക്കിയ മഹനീയ വനിതയുടെ
ഹൃദയം തൊട്ടറിയുകയാണ് ഈ ചിത്രം.
പന്ത്രണ്ടുകാരിയായ ചിന്തിയുടെ പ്രധാന ജോലി എരുമകളെ
തീറ്റിക്കുകയായിരുന്നു. ഇതിനിടയിൽ അവസരം കിട്ടിയപ്പോൾ
തൊട്ടടുത്തുള്ള വിദ്യാലയത്തിൽ അവൾ പഠിക്കാനും ആരംഭിച്ചു.
എരുമകളെ വെള്ളത്തിൽ ഇറക്കിവിട്ട് ആ സമയം ഉപയോഗിച്ചാണ്
പഠിക്കാൻ തുടങ്ങിയത്. എന്നാൽ ഇതേ കാലയളവിൽ,
പ്രായപൂർത്തിയാവുന്നതിനു മുമ്പ് മുപ്പതുകാരനായ കൃഷിക്കാരന്റെ
ഭാര്യയായി ചിന്തി മാറുകയും ചെയ്തു. കല്യാണത്തിനുശേഷം
രണ്ടു കുട്ടികളുടെ അമ്മയാവുകയും ചെയ്തു ചിന്തി. എന്നാൽ അക്ഷ
രങ്ങളെ അത്ര സ്നേഹിച്ച ചിന്തിക്ക് അതു മറക്കാനായില്ല. വീട്ടിൽ
സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പത്രത്തിലെ ഓരോ
വരിയും അരിച്ചുപെറുക്കുക അവളുടെ ഇഷ്ടമായിരുന്നു. തന്നേ
ക്കാൾ അക്ഷരമറിയുന്ന ഭാര്യയെ ശ്രീഹരി സപ്കൽ (ഉപേന്ദ്ര ലിമായെ)
പലപ്പോഴും ഭീകരമായി മർദിക്കുകയും ചെയ്തു. ഒരിക്കൽ
പ്രാദേശികമായി നടന്ന ഒരു കാര്യത്തിൽ ചിന്തി ഇടപെട്ട് അവി
ടത്തെ ജന്മിക്കെതിരെ സ്ര്തീകളെക്കൊണ്ട് നിലപാടെടുപ്പിക്കുകയും
ചെയ്തു. ദാംഡാജി അസത്കർ (ഗണേഷ് ജാദവ്) എന്ന ജന്മിക്ക്
ചിന്തിയോടുള്ള രോഷം മറ്റൊരുവിധത്തിലാണ് തീർത്തത്.
ഭർത്താവിനോട് ചിന്തി (തേജസ്വിനി പണ്ഡിറ്റ്) തന്റെകൂടെ ശയി
ച്ചിട്ടുണ്ടെന്ന കളവു പറഞ്ഞ് ചിന്തിയെ ശിക്ഷിക്കുകയായിരുന്നു.
ആ സമയത്ത് ഗർഭിണിയായിരുന്ന ചിന്തിയെ വീടിനു പുറത്താക്കു
ന്നു. കാലിത്തൊഴുത്തിൽ വച്ച് ചിന്തി ഒരു പെൺകുഞ്ഞിന് ജന്മം
നൽകുന്നു. അവിടെനിന്ന് പെറ്റുവീണ കുട്ടിയുമായി അമ്മയുടെ
സമീപത്തെത്തിയെങ്കിലും പേരുദോഷം കേൾപ്പിച്ചതിന്റെ പേരിൽ
അമ്മ(ചാരുശീല സബ്ലെ)യും കയ്യൊഴിയുന്നു. എല്ലാവരാലും
ഉപേക്ഷിക്കപ്പെട്ട ചിന്തി പിന്നീട് രണ്ടു പ്രാവശ്യം ആത്മഹത്യയ്ക്ക്
ശ്രമിക്കുന്നു. എന്നാൽ തീവണ്ടിപ്പാളത്തിൽ മാറിയോടിയതിനാലും,
പിന്നീട് കയത്തിലേക്കു ചാടി മരിക്കാൻ നോക്കുമ്പോൾ
പിഞ്ചുകുഞ്ഞിന്റെ നിലവിളിയും ചിന്തിയെ തിരികെ ജീവിതത്തി
ലേക്ക് അടുപ്പിക്കുകയാണ്. പിന്നീട് പിഞ്ചുകുഞ്ഞുമായി കാൽനടയായി
മഹാരാഷ്ട്രയിൽ നടന്ന് അഭംഗുകൾ പാടി, ദൈവസ്തുതികളുമായി
തെരുവുകുട്ടികളുടെ അമ്മയായി. മകളും അവർക്കൊപ്പംതന്നെ
വളർന്നു. ഇപ്പോൾ ആയിരത്തോളം കുട്ടികളുടെ അമ്മ
യായി ചിന്തി, സിന്ധുതായിയായി. വർഷങ്ങൾക്കുശേഷം ഭർ
ത്താവ് സിന്ധുതായിയുടെ അടുത്ത് തിരിച്ചെത്തുന്നു.
സിന്ധുതായിയുടെ കുട്ടിക്കാലം അവതരിപ്പിച്ച പരഞ്ജൽ
ഷെട്ടെ, ഇരുപതു വയസ്സു മുതൽ നാല്പതു വയസ്സുവരെയുള്ള
കാലം അവതരിപ്പിച്ച തേജസ്വിനി പണ്ഡിറ്റ്, പ്രായാവസ്ഥ അവതരിപ്പിക്കുന്ന
ജ്യോതി ചന്ദേക്കർ എന്നിവർ ഈ ചിത്രത്തിൽ ശ്രദ്ധേ
യമായ അഭിനയമാണ് കാഴ്ചവച്ചത്. മറ്റു നടന്മാരായ ഉപേന്ദ്ര ലിമായെ,
ഗണേഷ് ജാദവ്, സുഹാസ് പാൽഷിക്കർ, സ്ര്തീകഥാപാത്രങ്ങ
ളായ നീന കുൽക്കർണി, ചാരുശീല സബ്ലെ എന്നിവരും ശ്രദ്ധേ
യമായ അഭിനയംതന്നെയാണ് ചിത്രത്തിനു നൽകിയത്. സംഗീ
തവും ശ്രദ്ധേയമാണ്.
നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന്
മഹാരാഷ്ട്രാ സർക്കാരിന്റെ ഏറ്റവും നല്ല മറാത്തി ചിത്രത്തിനുള്ള
പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒരു മലയാളി സംവിധാനം ചെയ്ത മറാ
ത്തിചിത്രമെന്നതിനപ്പുറം ഈ ചിത്രത്തിന്റെ ആവിഷ്കരണരീ
തിയും ചെറിയ സംഭവങ്ങളിലൂടെ ഭൂതകാലത്തെ അവതരിപ്പിക്കു
ന്നതും മികച്ചുനിൽക്കുന്നതാണ്.
‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ’ എന്നു പറ
ഞ്ഞത് ബ്രെഹ്താണെങ്കിലും ഒരു മഹാരാഷ്ട്രീയൻ വനിത തന്റെ
ജീവിതത്തിലൂടെ അറിവിന്റെയും അനുഭവത്തിന്റെയും വിശാലഭൂമിക
കെട്ടിപ്പടുക്കുന്ന കാഴ്ച കണ്ണുനിറയാതെ നമുക്ക് കാണാനാവില്ല.
അത്ര കാരുണ്യം ഈ ചിത്രത്തിൽ ഉടനീളമുണ്ട്.