അൻപത്തിയൊന്നു വയ
സ്സിലാണത്രെ എന്റെ
മരണം. അപകടമോ
അസുഖമോ അപായപ്പെടുത്തലോ
ഒന്നുമല്ല. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ
കാലത്ത് കട്ടിലിന് താഴെ കമിഴ്ന്നു കിട
ക്കുമത്രെ.
ഇടയ്ക്ക് ഇങ്ങനെ ഇറങ്ങിക്കിട
ക്കാറ് പതിവുണ്ടല്ലോ എന്ന എണ്ണ
ത്തിൽ നീനിന്റെ അടുക്കളക്കാര്യങ്ങളി
ലേക്ക് പ്രവേശിക്കും. ഒമ്പതുമണിയായിട്ടും
ഉണരുന്നതു കാണാതെ തട്ടിവി
ളിച്ചു നോക്കുമ്പോഴാണ് കാറ്റുപോയ
കാര്യമറിയുന്നത്. ഞെട്ടലും അന്ധാളിപ്പും
ഒക്കെ ചേർന്ന് വലിയൊരു നിലവിളി.
കഴിഞ്ഞു.
പക്ഷെ എന്റെ തങ്ക
മണി നീകരയരുത്ട്ടോ… നേരത്തേ അറി
യാവുന്ന മരണമല്ലേ… അതോണ്ട്…
മാധവൻ തന്റെ മരണത്തെക്കുറിച്ച്
തങ്കമണിയോട് പറയുന്നത് അഞ്ചുകൊല്ലം
മുമ്പാണ്. ഒരു തീർത്ഥാടന
ത്തിന്റെ ഭാഗമായി മയിലാടുതുറയിലെ
വൈത്തീശ്വരൻ കോവിലിൽ പോയതായിരുന്നു.
നൂറ്റാണ്ടുകൾക്കു മുമ്പ് അഗ
സ്ത്യമുനിയാൽ എഴുതപ്പെട്ട താളിയോലയുടെ
ഏടുകൾ അവിടെയുണ്ടത്രെ. ഒരുപാട്
നേരം തിരഞ്ഞ് ഒടുക്കം തിരച്ചിൽ
മതിയാക്കി ഇറങ്ങാനൊരുങ്ങുമ്പോൾ
കിട്ടി.
അച്ഛൻ: സേതുമാധവൻ നായർ
അമ്മ: കമലാക്ഷി
ഭാര്യ: തങ്കമണി
മൂന്നു സഹോദരങ്ങൾ. രണ്ടെണ്ണം
ഇളയത്. മൂത്തത് സഹോദരി.
കുടുംബം പരമ്പരാഗതമായി കൃഷി
ക്കാർ.
എല്ലാം കൃത്യമായി ചേർന്നുവന്ന
പ്പോൾ ഏടിന്റെ വസ്തുത നിജപ്പെടുത്തി.
കഴിഞ്ഞുപോയ കാലം ഇനി തിരിച്ചുവരാത്തതിനാൽ
ഭാവി വായിക്കാൻ പറ
ഞ്ഞു. ആ വായനയിലാണ് അൻപത്തി
യൊന്നാം വയസ്സിലെ അവിചാരിത
മരണം കണ്ടത്.
നാഡീജ്യോതിഷം സത്യമാണെന്ന്
എന്താ ഉറപ്പ്?
എന്റെ അച്ഛൻ സേതുമാധവൻ
നായരും അമ്മ കമലാക്ഷിയുമാണെന്ന
തിന് എന്താ ഉറപ്പ് എന്നു ചോദിക്കുംപോലെയാണിത്.
തങ്കമണി കരഞ്ഞു.
അപ്പോൾ മാധവൻ പറഞ്ഞു.
എനിക്കിത് നിന്നോട് പറയേണ്ട
കാര്യമില്ല. ആ സമയത്തെ ഷോക്ക്
ലഘൂകരിക്കാനാണ് മുന്നറിയിപ്പു തന്ന
ത്.
പിന്നെ മാധവൻ തത്വം പറഞ്ഞു.
മരണം ഒരു സത്യമല്ലേ? എന്നായാലും
സംഭവിക്കേണ്ടത്. അതിനെ ഭയപ്പെടുന്നതിൽ
എന്തർത്ഥം?
അങ്ങനെയാണെങ്കിൽ വേലി
യോരം മണിക്കൂറുകൾ വർത്തമാനം
പറഞ്ഞുനിന്നതിനും വിരലറ്റം തൊട്ട
പ്പോൾ ജീവിതസായൂജ്യമടഞ്ഞ
തിനും ഏഴും എട്ടും പായ വരുന്ന
കത്തു കൈമാറിയതിനും കുളക്കടവിൽ
ഒളിച്ചിരുന്നതിനും പട്ടാപ്പകൽ
ജീപ്പിൽ ഒളിച്ചുചെന്ന് രജിസ്റ്റർ
വിവാഹം ചെയ്തതിനുമൊക്കെ എന്ത
ർത്ഥം?
മാധവന് അതിനുത്തരമില്ലായിരുന്നു.
മരണം മുന്നിലെത്തുമ്പോൾ മനുഷ്യൻ
മാറുമായിരിക്കും. അയാൾ
വിചാരിച്ചു. അപ്പോൾ വലിയ
അർത്ഥം കല്പിച്ച് ചെയ്ത കാര്യങ്ങൾ
അത്ര വലുതായി തോന്നിയെന്നുവരി
ല്ല. താത്വികമായിത്തീരുമായിരിക്കും
വിചാരങ്ങൾ. സൈദ്ധാന്തികതയിൽ
വേരോടുമായിരിക്കും വാക്കുകൾ.
അറിഞ്ഞിട്ടും പക്ഷെ, അറിയാ
ത്തപോലെ അഭിനയിക്കുന്നത് തങ്കമണിയോട്
ചെയ്യുന്ന തെറ്റല്ലേ?
അമ്പത്തിയൊന്നാം പിറന്നാൾ
ആർഭാടങ്ങളൊന്നുമില്ലാതെ മതി
യെന്ന് മാധവൻ പറഞ്ഞു. അവസാനത്തേതല്ലേ,
അത് ഗംഭീരമാക്കണമെന്ന്
തങ്കമണി വാശ പിടിച്ചപ്പോൾ
അവൾ സത്യത്തെ നേരിടാൻ പരുവപ്പെട്ടുകഴിഞ്ഞെന്ന്
അയാൾ തിട്ടപ്പെടു
ത്തി.
അവസാന ആഗ്രഹമല്ലേ… നട
ക്കട്ടെ.
കാലത്ത് വീട്ടിൽ ഗണപതിഹോമം,
നവഗ്രഹശാന്തി. അടുത്ത സുഹൃ
ത്തുക്കളും ബന്ധുക്കളും ചേർന്ന് ഒര
മ്പതു പേർക്ക് പിറന്നാൾ ഊണ്.
സന്ധ്യയ്ക്ക് ഭഗവതിസേവ, മന്ദത്ത്കാവിൽ
ചുറ്റുവിളക്ക്.
കേട്ടവർ കേട്ടവർ അത്ഭുതം കൂറി.
അമ്പത്തിയൊന്നാം വയസ്സിൽ
എന്തേ ഇങ്ങനെയൊരാഘോഷം?
പറയാനൊക്കുമോ, ഇതവസാനത്തെ
പിറന്നാളാണെന്ന്?
തങ്കമണി ചുണ്ടു കടിച്ച് വിതുമ്പ
ലൊതുക്കി.
ആ രാത്രി മറക്കാനേ കഴിയില്ല.
എനിക്ക് അമ്പത്തിയൊന്ന് പൂർ
ത്തിയായി. മാധവൻ പറഞ്ഞു. ഇനി
എന്നു വേണമെങ്കിൽ ഞാൻ മരണപ്പെടാം.
നിന്റെ ആശപ്പടി നാമെല്ലാം
ഗംഭീരമായി കൊണ്ടാടി. ഇനി ഒരപേക്ഷ
മാത്രം. ഞാൻ മരിച്ചുകഴി
ഞ്ഞാൽ എന്റെ തങ്കമണി കരയരുത്.
ആ നേരം കണ്ണിൽനിന്നും ഒരു
തുണ്ട് ജലം മാധവന്റെ മാറിൽ വീണു.
വീണിടം പൊള്ളി.
തങ്കമണിയുടെ കവിൾ പിടിച്ചുയർത്തി മാധവൻ കേണു.
എന്റെ പൊന്നു മണിക്കുട്ടിയല്ലേ…
കരയരുത്. നീയും കൂടി കരഞ്ഞാൽ
നമ്മുടെ മക്കൾ… അമ്മ… കൂടപ്പിറപ്പുകൾ…
അവരുടെയൊക്കെ കരച്ചിൽ
ആരു പിടിച്ചുകെട്ടും?
അങ്ങനെ മാധവന്റെ മാറിൽ തല
വച്ച് തങ്കമണി മയങ്ങി.
ആ രാത്രിതന്നെ താളിയോലയിൽ
പ്രവചിച്ചതുപോലെ മാധവൻ മരിച്ചു.
ഉറക്കത്തിൽ കട്ടിലിൽനിന്നും മറിഞ്ഞുവീണായിരുന്നു
മരണം. തെക്ക് തല വച്ചു കിടത്തിയതും കൈകാലുകൾ
ബന്ധിച്ചതും നിലവിളക്കു കൊളുത്തിവ
ച്ചതുമൊക്കെ സഹായികൾ. ബന്ധുക്കൾ.
കരച്ചിൽ കടിച്ചുപിടിച്ച് തങ്കമണി
എല്ലാത്തിനും സാക്ഷിയായി.
ശവദാഹം കഴിഞ്ഞു.
തങ്കമണി കരഞ്ഞില്ല.
എല്ലാവരും അതിശയത്തോടെ
അവളെ നോക്കി.
ഈ പെണ്ണിന് ഇത്തിരികൂടി മനുഷ്യ
പ്പറ്റില്ലേ? മരിച്ചത് ഭർത്താവല്ലേ?
സ്നേഹിച്ച് കെട്ടിയതല്ലേ? മരിക്കേണ്ട
പ്രായമാണോ?
സഞ്ചയനത്തിൽനിന്നും തുടങ്ങിയ
ക്രിയകൾ അടിയന്തിരത്തിൽ അവസാനിച്ചു.
ബന്ധുക്കൾ യാത്രയായി. സുഹൃ
ത്തുക്കൾ യാത്രയായി. മരിച്ചവരുടെ
താളുകളിലേക്ക് മാധവനും യാത്രയായി.
കുട്ടികൾ അവരുടെ തിരക്കുകളിലേക്ക്.
എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക്.
ഒരു നാൾ എന്തോ എടുക്കാൻ
വേണ്ടി തങ്കമണി അലമാര തുറന്ന
പ്പോൾ മാധവൻ ഉപയോഗിച്ചിരുന്ന പച്ച
ക്കൽ മോതിരം താഴെ വീണു. അതെടുത്ത്
അത്ഭുതത്തോടെ ഒന്നു നോക്കി.
പിന്നെ വിരലിൽ ഇട്ടു.
സിലോണിൽ നിന്നും വരുമ്പോൾ
കേശുമാമ കൊണ്ടുവന്ന മരതകമോതിരം.
ഒരു ബുധനാഴ്ചതിരുവില്വാമല
ക്ഷേത്രത്തിൽ വച്ചാണ് അത് ധരിച്ചത്.
അതിനുശേഷമാണ് ഇക്കണ്ട അഭിവൃദ്ധി
യെല്ലാമെന്ന് ഇടയ്ക്കിടെ പറയുമായിരു
ന്നു. എന്റെ കാലശേഷം നിന്റെ വിരൽ
പ്പാകത്തിലേക്ക് അത് മാറ്റിപ്പണിയണമെന്ന്
എപ്പോഴും ഓർമപ്പെടുത്തു.
തങ്കമണി മോതിരം തിരിച്ചും മറിച്ചും
നോക്കി. അതിൽ മുത്തമിട്ടു.
ഇല്ല മാധവേട്ടാ, ഞാൻ കരയില്ല…
എനിക്ക് നേരത്തേ അറിയാമായിരുന്ന
മരണമല്ലേ… കരയില്ലാട്ടോ