ഒന്ന്
അന്ന്
വൈകീട്ട് ക്ലാസ് കഴിഞ്ഞ് കുടയില്ലാതെ അലറിപ്പെയ്യുന്ന മഴയിലേക്ക് ഉള്‍പ്പട്ടിണിയുടെ തളര്‍ച്ചയോടെ ഞാന്‍ നോക്കിനില്‍ക്കെ-
എട്ടാം സ്റ്റാന്‍ഡേര്‍ഡ് ബിയിലെ എന്റെകൂടെ പഠിക്കുന്ന അവള് പേര് രമണി എനിക്കു നേരെ കുട നീട്ടി.
ഞാന്‍ സംശയിച്ചുനില്ക്കെ അവള് ലാഘവത്തോടെ പറഞ്ഞു.
”ഞാന്‍ ജീജയുടെ കുടയില്‍ പോകും”.
രമണിയുടെ കുടയില്‍ ഞാന്‍ പുരയിലെത്തി. ഇന്നും പുരയിലെത്തുമ്പോള്‍ രമണിയുടെ കുട ഞാന്‍ ഓര്‍ക്കാറുണ്ട്.
രണ്ട്
എന്നും വൈകീട്ട് ക്ലാസില്‍ വരുന്ന പെണ്‍കുട്ടിയോട് ഞാന്‍ ചോദിച്ചു.
”ഇത്തിരി നേരത്തെ പുറപ്പെട്ടാലെന്താ?”
അവള് പറഞ്ഞു: ”മഴയല്ലേ സാര്‍”
”മഴയാണോ കാരണം?”
”കാരണമല്ല സാര്‍… കാര്യം…”
ഞാന്‍ പിന്നെ ഒന്നും പറയാന്‍ പോയില്ല.
മൂന്ന്
രണ്ട് കൈയുമില്ലാത്ത ഒരു പെണ്‍കുട്ടി മഴ നനഞ്ഞ് വരുന്നു.
അവള്‍ക്ക് എന്തൊരു സന്തോഷതിമര്പ്പാണ്. ചുവന്നു തുടുത്ത മുഖത്ത് മഴയിറ്റിവീഴുമ്പോള് ചിരിച്ചുല്ലസിക്കുകയാണ് അവള്.
ആ മഴയ്ക്കു നേരെ ആദ്യമായി നീരസത്തോടെ ഞാന്‍ മുഖം തിരിച്ചു.
നാല്
മഴ കനത്തിരുന്നു.
കുടയില്‍ കല്ലുപോലെ മഴ വീണിരുന്നു.
കുട ചൂടിയ അവള് ഒപ്പമുണ്ട്.
നാട്ടുവഴിയിലൂടെ രണ്ട് കുടയിലായി നനഞ്ഞ് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
”ഒരു കുട പോരേ നമുക്ക്?”
നാണിച്ച് സമയമെടുത്ത് അവള് മൂളി.
”ഉം”
ഞങ്ങള്‍ ഒരു കുടയിലായപ്പോള് പിന്നെ വേനലായി.
അഞ്ച്
കടല്‍ കാണാന്‍ പോകാമെന്ന് പറഞ്ഞത് അവളാണ്.
ഞാന്‍ എത്തുമ്പോഴേക്കും വൈകി.
ഉഗ്രമായ കലികൊണ്ട് കടലിരമ്പി.
മഴക്കോള് കടലില്‍ പൊട്ടിവീണു.
ഭ്രാന്തു പിടിച്ചപോലെ കടല്‍ മഴയുമായി കോര്‍ത്തു.
കുട ചൂടി കടല്‍ഭിത്തിയില്‍ നില്ക്കുന്ന അവളെ ദൂരെനിന്ന് ഞാന്‍ കണ്ടു.
ചുവപ്പും വയലറ്റും കലര്‍ന്ന അവളുടെ വസ്ര്തം കാറ്റിലുലഞ്ഞു.
തിരകളുടെ പോര്‍വിമാനങ്ങള്‍ പെട്ടെന്ന് കൂട്ടമായി ആകാശത്തിലേക്ക് ഉയര്‍ന്നു.
ചുവപ്പിന്റെ, വയലറ്റിന്റെ ആ വര്‍ണരാജി പെട്ടെന്ന് മാഞ്ഞു.
ഞാന്‍ മരവിച്ചുനിന്നു.