”അച്ഛനും അമ്മയും പ്രേമിച്ചു തന്നെയല്ലേ വിവാഹം കഴിച്ചത്… പിന്നെന്താ?”
മകളുടെ ചോദ്യത്തിന് മുന്നില്‍ അച്ഛനുമമ്മയ്ക്കും വാക്കു മുട്ടി. സുഹൃത്തിനെപ്പോലെ കരുതി മകളോട് സ്വകാര്യങ്ങള്‍ വിളമ്പിയത് അബദ്ധമായെന്ന് ഇപ്പോള്‍ തോന്നി. അച്ഛനും അമ്മയും തമ്മിലുണ്ടായത് നേര്‍വഴി പ്രണയമായിരുന്നു. അതില്‍ ജാതി, മതം, വിദ്യാഭ്യാസം, കുടുംബപ്രൗഢി ഒന്നും പ്രശ്നഹേതുക്കളായിരുന്നില്ല. ജാതിചേര്ച്ചയില്ലായ്മ മാത്രം ഒരു കാരണമായി എടുത്തുകാട്ടപ്പെട്ടുവെങ്കിലും ഇത്രയും കാലം ഐക്യമായി ജീവിച്ച് അച്ഛനുമമ്മയും ആ കാരണം കാണിക്കലിനെ പൊളിച്ചെഴുതി.
മകളുടേത് നേര്‍വഴി പ്രണയമായിരുന്നില്ല. അവള് വിവാഹസ്വപ്നമായി മുന്നില്‍ വച്ചത് അവളേക്കാള്‍ നാലുവയസ്സ് പ്രായക്കമ്മിയുള്ള അവള് കണക്കു പഠിപ്പിക്കുന്ന പൊടിമീശച്ചെക്കന് പൗലോസിനെയാണ്. ട്യൂഷനെടുക്കുമ്പോള്‍ മറ്റു ശബ്ദങ്ങള്‍ ശല്യമാണെന്ന മകളുടെ പ്രഖ്യാപനത്തിന് സമ്മതിച്ച് പഠിപ്പിക്കല്‍ മുറി കുറ്റിയിടാന്‍ അനുവദിച്ചത് പൗലോസ് അവളേക്കാള്‍ ഇളയതല്ലേ എന്ന ധൈര്യം കൊണ്ടാണ്. മകള്‍ അബദ്ധങ്ങളില്‍ ചെന്നു ചാടില്ല എന്ന വിശ്വാസം കൊണ്ടും. ആ വിശ്വാസത്തെയാണ് പൗലോസ് എന്ന പീറച്ചെക്കനിലൂടെ അവള് തകര്‍ത്തിരിക്കുന്നത്. ‘ഇത് നടപ്പില്ല’ എന്ന് അച്ഛന് അടിച്ചുപറഞ്ഞപ്പോഴാണ് മകള്‍ ഈ ചോദ്യത്തിന് തിരികൊളുത്തിയത്.
”അച്ഛനും അമ്മയും പ്രേമിച്ചു തന്നെയല്ലേ വിവാഹം കഴിച്ചത്… പിന്നെന്താ?”
”നീ ഞങ്ങളെ ഉദാഹരിക്കേണ്ടാ…”
അച്ഛന് കണ്ണുരുട്ടി.
”സ്വന്തം വീട്ടില്‍ മാതൃകകളുള്ളപ്പോള്‍ ഞാന്‍ പിന്നെ….”
”അതുപോലെയാണോടീ ഇത്,” അച്ഛന് കയ്യോങ്ങാന്‍ പുറപ്പെട്ടു. ”ഇവിടെ ജാതി എന്നൊരു പ്രശ്നമില്ലേ?”
”ഒരേ ജാതിയില്‍ കെട്ടിയിട്ട് എത്രപേര്‍ തമ്മില്‍ത്തല്ലി ജീവിക്കുന്നു… അതിലും ഭേദമല്ലേ?”
മകള്‍ ഒരുപാട് അനുഭവത്തഴമ്പുള്ളവളെപ്പോലെ സംസാരിക്കുന്നതു കണ്ട് അച്ഛന് അതിശയിച്ചു. ഇങ്ങനെയെല്ലാമാണ് ഈ ചുറ്റുപാടില്‍ സംസാരിക്കേണ്ടതെന്ന് അവള്‍ക്കാരോ പാഠങ്ങള്‍ നല്കുന്നതുപോലെ തോന്നി. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അവളെക്കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നതാവും. എന്തായാലും നിന്റെ മനസ്സിലിരിപ്പ് നടക്കില്ലെന്ന് അച്ഛന് തറപ്പിച്ചു പറഞ്ഞു. അവള് എന്തിനും പോന്ന ഒരു മുഖഭാവം പുറത്തെടുത്തപ്പോള്‍ അമ്മ നയത്തില്‍ അരികിലെത്തി.
”നിന്നെക്കാള്‍ നാലു വയസ്സ് ഇളയതല്ലെ മോളേ അവന്… അതെന്താ നീ ഓര്‍ക്കാത്തത്?”
ഉടനെ മകള്‍ സച്ചിന് ടെണ്ടുല്‍ക്കറെ ഉദാഹരണമായി ഉയര്‍ത്തിപ്പൊക്കി. സച്ചിനേക്കാള്‍ അഞ്ചു വയസ്സു മൂത്തതാണ് സച്ചിന്റെ ഭാര്യ. അവര്‍ക്കെന്താ കുഴപ്പം? അഭിഷേക് ബച്ചനെന്താ കുഴപ്പം? കേരളത്തിന്റെ ഉദാഹരണമെന്ന നിലയ്ക്ക് സംവിധായകന് പത്മരാജനെയും മകള്‍ എടുത്തു കാണിച്ചു.
”ഇവരൊക്കെ അന്തസ്സായി ജീവിച്ചവരല്ലേ? പിന്നെന്താ ഞങ്ങള്‍ക്കു മാത്രമായിട്ടൊരു പ്രശ്നം?”
ഇപ്പോള്‍ അമ്മയ്ക്കും വാക്കു മുട്ടി.
മകള്‍ വിശദീകരിച്ചു. പൗലു അവരുടെ കുടുംബക്കാരെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിച്ചു കഴിഞ്ഞു. മകന്റെ ഇഷ്ടം തന്നെയാണ് അവരുടെ ഇഷ്ടവും. സമൂഹമര്യാദയെ ഓര്‍ത്ത് അവര്‍ നാളെ വീട്ടില്‍ വന്ന് അച്ഛനുമായി കാര്യം സംസാരിക്കും. അവരോട് ആദ്യം മാന്യമായി പെരുമാറുക. വേണ്ടാതീനങ്ങള് പറഞ്ഞ് അവരെ ഇറക്കിവിടാനാണ് ഉദ്ദേശ്യമെങ്കില്‍ ഇറങ്ങിപ്പോകുന്നവരുടെ കൂടെ ഒരാള്‍ കൂടി ഉണ്ടാവും.
പക്വമതിയെപ്പോലുള്ള മകളുടെ വര്‍ത്തമാനവും വാക്കുകളിലെ ധൈര്യവും കണ്ട് അച്ഛനുമമ്മയും അകമേ ഞെട്ടി. ആഴത്തില്‍ വേരോടിയതായിരിക്കും അവരുടെ പ്രേമമെന്നും ആര്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അച്ഛന് നിരൂപിച്ചു. പ്രണയത്തിന്റെ ശക്തിയായിരിക്കും വാക്കുകളുടെ വീര്യമായി പുറത്തുവരുന്നത്.
കുഞ്ഞായിരിക്കുമ്പോള്‍ ദുബായിലെ ഫ്ളാറ്റില്‍ ചെറിയ ടബ്ബിലെ ചൂടുവെള്ളത്തില്‍ മകളെ കുളിപ്പിച്ചിരുന്ന ബാല്യം അച്ഛന്റെ ഓര്‍മ്മയിലെത്തി. അവളെ റൈം പഠിപ്പിച്ചിരുന്നത്, സര്ക്കസ്സിനു കൊണ്ടുപോയത്, കളര്ക്കുപ്പായങ്ങള് വാങ്ങിക്കൊടുത്തത്, ഐസ്ക്രീമില് പിറന്നാളുകളെ മധുരമാക്കിയത് എല്ലാം നിമിഷനേരത്തില്‍ അച്ഛന് ഓര്‍ത്തെടുത്തു. അമ്മയ്ക്കുമുണ്ടായിരുന്നു അനേകം ഓര്‍മകള്‍… കുട്ടിക്കാലത്തേക്കാള്‍ അവള് വയസ്സറിയിച്ചതിനു ശേഷമുള്ള കാലത്തോടായിരുന്നു അവയ്ക്ക് സഖ്യം. മകള്‍ എന്നതിനേക്കാള്‍ ഒരു കൂട്ടുകാരിയെപ്പോലെയായിരുന്നു അവള്. എന്തു രഹസ്യവും മറയില്ലാതെ പകുത്തുവയ്ക്കാമായിരുന്ന ചങ്ങാതിക്കാരി. അവളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആ അച്ഛനമ്മമാര്‍ വിലയിരുത്തി, പരിതപിച്ചു. ആകെയുള്ള ആശ്രയമാണ് മുന്നില്‍ ഒടിഞ്ഞു തൂങ്ങി ആടുന്നത്. ഇനി എന്തിന് ഒരു ജീവിതം?
ഈ നേരം മകളും ഏതാണ്ടൊരു ആലോചനാസരണിയിലേക്ക് എടുത്തെറിയപ്പെട്ടു. തീര്‍ത്തും ഭിന്നമായ ദിനക്രമങ്ങള്, ഭക്ഷണശീലം, പ്രാര്‍ത്ഥനാമുറകള്‍ എന്നു വേണ്ട ആകെ തകിടം മറിഞ്ഞൊരു സംസ്കാരത്തിലേക്കാണ് താന്‍ കാല് വച്ചു കയറാന്‍ പോകുന്നത്. നാലു വയസ്സ് ഇളയതാണ് പൗലോസ് എങ്കിലും അടിമുടി അവന്‍തന്നെ അറിഞ്ഞു കഴിഞ്ഞു. ഇനിയൊരാള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തവിധം കവര്‍ന്നു കഴിഞ്ഞു. ഇംഗ്ലീഷില്‍ ‘ഇന്ഫാക്ച്വേഷന്’ എന്നും മലയാളത്തില്‍ ‘പ്രായത്തിന്റെ മിത്രഭ്രമം’ എന്നും വിശേഷിപ്പിക്കപ്പെടുന്ന വികാരം ഇതായിരിക്കുമോ? തന്റെ എല്ലാം അറിഞ്ഞു കഴിഞ്ഞ പൗലുവിന് ഇനിയെന്താണ് പുതുതായി അറിയാനുണ്ടാവുക? എന്നെങ്കിലും ബന്ധത്തിന് ഇടിവു തട്ടുകയും അത് ഇന്നു കാണുന്ന അനേകം വിച്ഛേദങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്താല്‍ തിരിച്ചുപോകാനായി തനിക്ക് ഏതിടമാണുള്ളത്? അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാല്‍ തന്റെ ആത്മഗതങ്ങള്‍ ഒന്നു മിണ്ടിപ്പറയാന്‍ ആരാണുള്ളത്? അല്പം മുമ്പ് അവരോട് സംസാരിച്ചതെല്ലാം വിഡ്ഢിത്തമായിപ്പോയോ? അവിവേകവും അര്‍ത്ഥശൂന്യവും അധമത്തരവുമായിപ്പോയോ?
ഒരു മുന്‍പിന്‍ വിചാരത്തില്‍ മകളുടെ ഉറക്കം മുറിഞ്ഞു. അച്ഛനെ കാണാനായി അവള് കിടക്കവിട്ടെഴുന്നേറ്റു.
ഈ നേരം ഒരു വീണ്ടുവിചാര ഭാരത്തില്‍ അച്ഛനും ഉറങ്ങാന്‍ കഴിയാതെ പാടുപെട്ടു. ഈ ബന്ധത്തെ എതിര്‍ത്താല്‍ അവള് വീടുവിട്ടിറങ്ങിപ്പോകുമെന്ന കാര്യം ഉറപ്പാണ്. അവള്‍തന്നെ മുന്നറിയിപ്പും തന്നുകഴിഞ്ഞു. അങ്ങനെ അവളിറങ്ങിപ്പോവുകയും ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്താല്‍ വയസ്സുകാലത്ത് തങ്ങള്ക്കാരാണുള്ളത്? മകള്‍ പറഞ്ഞതുപോലെ ഒരേ ജാതിയിലും ജാതകചേര്ച്ചയിലും വിവാഹിതരായവര്‍ കലഹിച്ചും കണ്ണീരില്‍ പെയ്തും കാലം തള്ളുന്നു. ആരെ വിവാഹിച്ചാലും അന്തിമമായി സ്നേഹപൂര്‍ണമായ ജീവിതംതന്നെയല്ലേ പ്രധാനം? അങ്ങനെയിരിക്കെ മകളുടെ മനോവികാരത്തെ തങ്ങള്‍ മാനിക്കാത്തതെന്ത്? ഒരു മുന്‍ധാരണയില്‍ കെട്ടിയിടപ്പെട്ട് അവളെ പാടെ എതിര്‍ത്തതെന്തിന്? നല്ല വാക്കുകള്‍ കൊണ്ട് അവളെ മൂടുകയും പൗലോസിനെ നല്ല മരുമകനായി സ്വീകരിക്കുകയുമല്ലേ വേണ്ടത്? പറഞ്ഞു പോയതെല്ലാം വാപ്പസ്സാക്കുകയും പുതിയ ജീവിതത്തിന് വേണ്ട അന്തരീക്ഷം വാഗ്ദാനം ചെയ്യുകയും അങ്ങനെ മകളെ ആവേശത്തില്‍ പൊതിയുകയും ചെയ്യാം എന്ന എണ്ണത്തില്‍ ആ അച്ഛന് കിടക്ക വിട്ടെഴുന്നേറ്റു. നേരത്തേ എഴുന്നേറ്റിരുന്ന മകള്‍ അപ്പോഴേക്കും അച്ഛന്റെ മുറിമുന്നില് എത്തിയിരുന്നു.
രാത്രിയുടെ നടുമുറ്റത്ത് അവര്‍ സന്ധിച്ചു.