കറുപ്പും ചുവപ്പും മഞ്ഞയും
കൊടിക്കൂറകൾ ഞാത്തിയിരുന്നു
കുരുത്തോലകളാൽ
അലങ്കരിച്ചിരുന്നു
അടിച്ചുവാരി അരിപ്പൊടിയാൽ
അണിഞ്ഞ്
മുറ്റമൊരുക്കിയിരുന്നു
പാട്ടുണ്ടായിരുന്നു
കാറ്റുണ്ടായിരുന്നു
തണലുണ്ടായിരുന്നു
നീയുണ്ടായിരുന്നു
വർഷങ്ങൾക്കു മുമ്പായിരുന്നു
ഒരു നാൾ
വള്ളികൾ സ്വയം താണുവന്ന്
ഒരൂഞ്ഞാൽ കെട്ടുമെന്നും
അതിൽ നിറയെ പൂക്കളുണ്ടാവുമെന്നും
നമ്മളതിലിരുന്നാടുമെന്നുമൊക്കെ
നീപറഞ്ഞതോർത്തു.
പിന്നീടുള്ള
സമ്മേളനങ്ങൾക്കും
കവിയരങ്ങിനുമൊക്കെ വേണ്ടി
എല്ലാം മാറ്റിക്കളഞ്ഞിരുന്നുവെങ്കിലും
ഉയരത്തിലുള്ള ഒരു ചില്ലയിൽ
നമ്മൾ രണ്ടുപേരും കൂടി
കഷ്ടപ്പെട്ടു തൂക്കിയ
ഒരു കൊടിക്കൂറയുടെ കഷണം മാത്രം
അടർത്തിമാറ്റപ്പെടാതെ കിടക്കുന്നത്
ഇന്നലെ അതിലേ
ഒറ്റയ്ക്കു പോയപ്പോൾ കണ്ടു.
പ്രണയത്തിന്റെ തെളിവുകളിൽ
ഏതെങ്കിലുമൊന്ന്
എപ്പോഴും ബാക്കിയാവും
എന്നോർമിപ്പിച്ചുകൊണ്ട്.