ബീച്ചുമരത്തിന്റെ ഇല തവിട്ടും മഞ്ഞ
യുമായി കെട്ടിമറിയുന്ന പുല്ലിനു നീളം
കൂടിയിട്ടുണ്ട്. വെള്ളിയാഴ്ചജോലി
കഴിഞ്ഞു വരുംവഴി സെബിൻ പുല്ലുവെ
ട്ടാനല്ല, അമ്മച്ചോറുണ്ണാനാണ് കൃത്യ
മായി വീട്ടിൽ പോകുന്നതെന്ന് ഞങ്ങൾ
അസൂയപ്പെട്ടു. കളിയാക്കുമ്പോൾ
സെബിന്റെ താടിയിലെ ചുഴി കവിളത്തേക്ക്
മാറിക്കളയും. ഷിപ്പിംഗ്
കണ്ടെയ്നറിന്റെ വ്യാപ്തിയെ മറിച്ചിട്ട്
അമ്മയുടെയും മകളുടെയും സങ്കട
ങ്ങളും സെബിനെ കെട്ടിയിടുന്നുണ്ട്.
അല്ലെങ്കിൽ പട്ടാളക്കാരന്റെ മുടി
പോലെ പറ്റെ നിൽക്കും പുല്ല്.
”പാക്കിംഗിനു സഹായിക്കാൻ പറ്റി
യില്ല ലീലാന്റി. ദേ, ഈ കുട്ടികൾടെ
പാട്ടും ഡാൻസും കഴിഞ്ഞിട്ട് ഒന്നിനും
നേരമില്ലെന്നെ!”
കാറ് റോഡിൽതന്നെ പാർക്കു
ചെയ്ത് വീടിനുള്ളിലേക്ക് കടക്കുമ്പോൾ
ക്രിസ്റ്റീനയുടെ ശബ്ദം ഉച്ചസ്ഥായിയിൽ
കേട്ടു. ഇല്ലാത്തതു മെനയുമ്പോൾ ഉറ
പ്പുവേണം. വാതിൽ തുറക്കുമ്പോൾ
സാധാരണപോലെ കറിമസാലക്കൂട്ടി
ന്റെയും ഉള്ളിയുടെയും മണം എന്നെ
സ്വീകരിക്കാൻ മുൻപിലെത്തി.
”ഡൊമിനിക്കെവിടെ?”
”കാറു പാർക്കു ചെയ്യുന്നു. ഡ്രൈവ്
വേ മുഴുവൻ വണ്ടികളല്ലേ! എല്ലാവരും
എയർപോർട്ടിലേക്ക് വരുന്നുണ്ടോ?”
അകത്തേക്ക് കടക്കുന്ന വഴി പെട്ടികളിൽ
തട്ടി മറിയാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിച്ച് ഞാൻ ചോദിച്ചുപോയി.
”കാർഗോ അയച്ചിട്ടും ഇത്രേം പെട്ടിയോ നിങ്ങൾക്ക്?”
ലീലാന്റി മറുചോദ്യം തൊടുത്തു.
”പത്തുമുപ്പതു കൊല്ലമായി കൂട്ടിവ
ച്ചതല്ലേ?
കാർഗോ അവിടെയെത്തി ക്ലിയറായി
കിട്ടാൻ സമയമെടുക്കും”.
സെബിൻ അമ്മക്കുട്ടിയായി പക്ഷം
പിടിക്കുന്നതു കാണാൻ ചന്തമുണ്ട്.
എന്തോ ഓർത്ത് പുറത്തേക്ക് തിര
ക്കിട്ടിറങ്ങിയ രവിയങ്കിൾ തിരികെ
അകത്തു കയറി തന്റെ സകല പ്രൗഢി
യോടും മേൽക്കോയ്മയോടും കൂടി
സോഫയിലിരുന്നു. അഭിജിത്തിന്റെയും
കൃഷ്ണേന്ദുവിന്റെയും അപ്പൂപ്പനും
അമ്മൂമ്മയും ഹന്നയുടെയും ആനി
ന്റെയും അപ്പൂപ്പനും അമ്മൂമ്മയുമാണ്.
മടിയിൽ കയറിയിരുന്ന് ചെവിയിൽ
തിരുമ്മി ഹന്ന ‘വൈ’ ചോദ്യങ്ങളിൽ
രവിയപ്പൂപ്പനെ കുരുക്കാൻ ശ്രമിച്ചു.
”എന്തിനാ രവിയപ്പൂപ്പൻ കേരളയി
ലേക്ക് മൂവ് ചെയ്യുന്നത്?”
”നമ്മളു ജനിച്ചുവളർന്ന സ്ഥലാ
ഏറ്റം മെച്ചം മോളൂട്ടി. അപ്പൂപ്പന്റേം
അമ്മൂമ്മേടേം പഴയ കൂട്ടുകാരും ആളുകളും
അവിടെയല്ലേ”.
”അപ്പൊ അപ്പൂപ്പനും അമ്മൂമ്മേം
എന്നും വീഗാലാൻഡില് പോവ്വോ?”
”ഹന്നമോളും ആൻമോളും കേരള
ത്തിലേക്ക് പോന്നോളൂ. മ്മക്ക് വീഗാലാ
ൻഡി പൂവാം. പാലേന്ന് ഇങ്ങടെ അപ്പ
ച്ചനേം അമ്മച്ചീനേം കൂട്ടാം”.
”ഹും… ഞാനെന്റെ സ്കൂള് മിസ്
ചെയ്യും. അടുത്തയാഴ്ചപ്രൊജക്ടു
കൊടുക്കണം”.
”അവിടേണ്ട് നല്ല സ്കൂള്. കുട്ടിക്ക്
പോവാലോ”.
”ബട്ട് നമ്മൾടെ ഫ്രണ്ട്സ് എല്ലാം
ഇവിടല്ലെ”.
”അവിടെക്കിട്ടും നല്ല ഫ്രണ്ട്സിനെ”.
”ബട്ട് അപ്പൂപ്പനല്ലേ പറഞ്ഞത് ജനി
ച്ചുവളർന്ന സ്ഥലമാണ് നല്ലതെന്ന്”.
ഹന്നയുടെ സാമർത്ഥ്യത്തിന്റെ
കൂമ്പടയ്ക്കാൻ ഞാൻ ഇടയിൽ കയറി
കുശലം ചോദിച്ചു.
”അവിടെ വീടൊക്കെ റെഡിയല്ലേ
അങ്കിളേ?”
”പിന്ന്യേ… കുറച്ചുവർഷമായി പ്രിപ്പ
യർ ചെയ്യുന്നതല്ലേ മേനോ. തറവാട്
പൊളിക്കാതെ അപ്ഗ്രേഡ് ചെയ്തു.
നിങ്ങളു നാട്ടിൽ വരുമ്പോ തീർച്ചയായും
വരണം. മോഡേൺ ഫെസിലിറ്റീസ്
എല്ലാമുണ്ട്. കുട്ടികൾക്കും ഇഷ്ടാവും”.
രവിയങ്കിളിന്റെ മുഖത്ത് വൈകി
ട്ടത്തെ വെയിലിന്റെ തിളക്കം കെട്ടിക്കിടന്നു.
സെബിനും ഞാനും കോളേജിലെ
ആദ്യത്തെ വർഷം തുടങ്ങിയ കൂട്ടുകെട്ടാണ്.
സെബിൻ അച്ഛനും അമ്മയും അനി
യത്തിയും വലിയ വീടും വീടു നിറയെ
ചോറും കറിയുമുള്ള ഭാഗ്യവാൻ. ഞാൻ
വിദ്യാർത്ഥി വിസയിൽ വന്ന് ഡോളറി
നെയും രൂപയെയും ഇടവിടാതെ
ഹരിച്ചും ഗുണിച്ചും മമ്മീടെ ചക്കയടേം
ബിരിയാണീം ഓർത്തു നടക്കുന്ന ശപ്പ
ൻ. രാത്രിയിൽ ഫിലിപ്പിനോ റൂംമേറ്റി
ന്റെ മനസ്സിലാവാത്ത ഇംഗ്ലീഷുപോലുള്ള
ഭാഷയ്ക്കും പകൽ കോളേജിലെ
മനസ്സിലാവാത്ത അമേരിക്കൻ
ഇംഗ്ലീഷിനും ഇടയിലേക്കാണ്
സെബിൻ പിള്ള പച്ചമലയാളത്തിൽ
വന്നുവീണത്. ഒറ്റയ്ക്ക് വന്നുപെട്ട മലയാളിക്കുട്ടിയെ
സെബിന്റെ അച്ഛനും
അമ്മയും ദത്തെടുത്തെന്ന് പറഞ്ഞാ
മതിയല്ലോ. പിന്നെ വിശപ്പെന്താന്നു
ഞാൻ അറിഞ്ഞിട്ടില്ല. സത്യത്തിൽ
ഇവിടുത്തെ എന്റെ ആദ്യത്തെ വീട്
ഇതാണ്.
ഊണുമുറിയിലെ തൂണിൽനിന്നും
ഒരു നൂൽ താഴേക്ക് നീണ്ടു തൂങ്ങിക്കിട
ക്കുന്നു. എല്ലാ പിറന്നാൾ ഫോട്ടോയിലും
ഈ തൂണുകൾ പതിഞ്ഞിട്ടുണ്ട്.
സെബിന്റെയും അനിയത്തിയുടെയും
പിറന്നാൾ ബാനറുകളും തോരണ
ങ്ങളും ഈ തൂണുകളിലാണ് എല്ലാവർ
ഷവും കെട്ടിയിരുന്നത്. പിറന്നാളുകാരൻ
മെഴുകുതിരിയൂതുമ്പോൾ പിന്നിൽ
നിന്ന് ഗോഷ്ടി കാണിക്കുന്ന പടങ്ങൾ
ആൽബത്തിൽ കണ്ടുപിടിച്ച് പപ്പ മഹാവികൃതി
ആയിരുന്നു എന്ന് സമർത്ഥി
ക്കാൻ ആനിനും ഹന്നയ്ക്കും ഇഷ്ടമാണ്.
വിന്നിപ്പെഗ്ഗിൽ നിന്നു വന്ന
സെബിന്റെ അനിയത്തിയും റോജർ
സായ്വും പുറത്തുപോയിരി
ക്കുകയാണെന്ന് ലീലാന്റി
പറഞ്ഞു. മകളുടെ കുട്ടികളെ
കാണാനുള്ള ആഗ്രഹം
ലീലാന്റി ഇടയ്ക്കു പറയുമെന്ന്
ക്രിസ്റ്റീന പറയും.
ഈ നസ്രാണിപ്പയ്യനോടൊന്നു
മിണ്ടാൻ പോലും
മകളെ അനുവദിക്കാതിരുന്നതിന്റെ
ഒരുഅസൂയപ്രതികാരം
അതു കേട്ടപ്പോൾ ഉണ്ടായീന്നുള്ളത്
ഞാൻ സമ്മതിച്ചുതരാം.
സെബിന്റെ ഉമയുണ്ട് ലീലാന്റിക്ക് മകളായി.
നീരാളിപോലെ കാലുകൾ നീട്ടിക്കി
ടക്കുന്ന വീട് പഴയതുപോലെ തോന്നി
യില്ല. ഒഴിഞ്ഞ കുറച്ചു വീട്ടുസാധന
ങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കൃഷ്ണേന്ദു
അമ്മൂമ്മയുടെ വിരലിൽ നിന്ന്
വിടാതെ കൂടെയുണ്ട്. അവൾക്കിന്ന്
ഹന്നയുടെയും ആനിന്റെയും കൂടെ കളി
ക്കാൻ രസം തോന്നാത്തതിൽ എനിക്ക്
അത്ഭുതം തോന്നി. അഭിജിത്ത്
അച്ഛന്റെ സഹായകനാവുകയും പെട്ടി
കളുടെ കെട്ടുകളും ലേബലും ശരിയാ
ക്കുകയും ചെയ്യുന്ന തിരക്കിലാണ്.
വീടിനു പിന്നിൽ ലീലാന്റി നട്ട പാവൽ
വള്ളികൾ തണുപ്പിൽ മഞ്ഞച്ചുപോയി
രിക്കുന്നു.
ഇത് ഞങ്ങൾ വന്ന വർഷം വാങ്ങി
യതാ. സെബിമോന് പത്തു വയസ്സേ
ഉണ്ടായിരുന്നുള്ളൂ. എല്ലാവരുടേം തുണി
ഇതിലാ വച്ചിരുന്നെ. കള
ഞ്ഞിട്ടു പോവാൻ മനസ്സു വരുന്നില്ല.
ലീലാന്റി വാത്സല്യത്തോടെ കിടപ്പുമുറി
യിലെ ഭീമാകാരൻ വലിപ്പുമേശയിൽഉഴിഞ്ഞു.
സേബിനോളമോ അതിലേറേയോ
പ്രായമുള്ള വസ്തുക്കൾ ഒരിക്കൽ
അതിൽ കുത്തിനിറച്ചിരുന്നു. മിക്ക
വാറും ഒഴിഞ്ഞ ഭിത്തിയലമാരയുടെ
മുകളിൽ ഒറ്റപ്പെട്ടിരുന്ന ഷൂസിന്റെ പഴയ
പെട്ടി ചൂണ്ടി സെബിൻ ചോദിച്ചു.
”ഇത് വേണ്ടെമ്മേ?”
”അത് നിനക്കാണ്ടാ”.
ഷൂബോക്സ് തുറന്ന് അമ്മദിന
ത്തിൽ വെട്ടിയൊരുക്കി ചമച്ച കാർഡുകളിലും
കുറെ പേപ്പറുകളിലും സെബിന്റെ വിരലുകൾ പരതി. സ്വർണ
ക്കടയുടെ ചെറിയ ഒരു ചുവന്ന ചെപ്പ്
ലീലാന്റി സെബിനു നീട്ടി.
”ദാ, മോനേ നിന്റെ കഫ് ലിങ്ക്സും.
ജുബ്ബേടെ സ്വർണ ബട്ടൻസും”.
യാത്ര അയയ്ക്കാൻ വന്ന മറ്റു സ്ര്തീകളുടെ
ഇടയിൽ നിന്ന് കെട്ടു വിടുവിച്ച്
ക്രിസ്റ്റീന എത്തി.
ആന്റീ, ഞങ്ങൾക്ക് ഇറങ്ങണേ. ഈ
കൊച്ചിന് പ്രൊജക്ട് ചെയ്യാനുണ്ട്.
കെട്ടിപ്പിടത്തവും യാത്രപറയലും
കഴിഞ്ഞിറങ്ങുമ്പോൾ കാറിന്റെ
ഹുഡിൽ വീണു കിടന്ന ബീച്ചിലകൾ
ഹന്നയും ആനും പെറുക്കിയെടുത്തു.
”പപ്പ, സാമൺ റൺ കാണാൻ
പോവാം. എനിക്ക് പ്രൊജക്ട് ഫിനിഷ്
ചെയ്യണം”.
ഹന്ന പറഞ്ഞുതീരുന്നതിനു മുൻപേ
ആൻ കോറസ് തുടങ്ങി.
”സാമൺ റൺ… സാമൺ റൺ…
സാമൺ റൺ…”
”അതെന്താന്നു നിനക്കറിയാമോടീ?”
‘salmon fish going back to where it was born. From the big sea to the river!’
കടുകിട തെറ്റാതെ ഉത്തരം പറഞ്ഞ
ഹന്നയോട് ആൻ ചേർന്നിരുന്നു.
ആനിന്റെ കൃഷ്ണമണികൾ പോളകൾ
ക്കിടയിലേക്ക് ചുരുങ്ങുന്നത് റെയർ വ്യൂ
മിററിലും ക്രിസ്റ്റീനയുടെ ചുണ്ടിലെ
വളഞ്ഞ ചിരി സൈഡ് മിററിലും ഒരേസമയം
കാണാൻ പറ്റുന്നത് എനിക്കു മാത്രമല്ലെന്ന്
ഹന്നയുടെ വിശദീകരണം
കേട്ടപ്പോൾ മനസ്സിലായി.
”അവിടെ മുട്ടയിറ്റിട്ട് സാമൺ ഫിഷ്
ചത്തുപോവും. അല്ലെങ്കിൽ ബെയർ
പിടിച്ചു തിന്നും”.
ഹന്ന ടി.വി. ഷോയിലെ ഷോട്ടുകൾ
വിവരിക്കുന്നു.
പാവം. മീങ്കുട്ടികളെ അപ്പൊ ആരു
നോക്കും?
ആനിനു സങ്കടം.
ഹിഡൻവാലിയിലെ തെളിഞ്ഞ നീർ
ച്ചാലിൽ സാമണുകളെ നന്നായി
കാണാം. പാറകളും കല്ലുകളുമായി തിട്ട
കളുള്ള സ്ഥലം നോക്കിയാണ് ഞാനിതു
തെരഞ്ഞെടുത്തത്. മുഴുത്ത മീനുകൾ
ഒഴുക്കിനെ വെല്ലുവിളിച്ച് ഉറവിടത്തി
ലേക്ക് പോവുകയാണ്. വാശിയിൽ മുകളിലെ
തിട്ടയിലേക്ക് ചാടുന്ന തടിയൻ
സാമണുകളെ കണ്ട് കുട്ടികൾ ആർത്തു
ചിരിച്ചു.
‘Don’t gve up fishy, jump jump!’
ആൻ ചാട്ടം പിഴച്ചുപോയ മീനുകളെ
പ്രോത്സാഹിപ്പിക്കുന്നത് കേട്ട് അടുത്തുനിന്നിരുന്ന
യൂറോപ്യൻ കുടുംബം
വാത്സല്യത്തോടെ ചിരിച്ചത് അവളെ
നിരുത്സാഹപ്പെടുത്തിയില്ല.
”ബ്രിസ്റ്റൽ ബോർഡ് വാങ്ങണ്ടേ?
ഡോളര്സ്റ്റോർ അടയ്ക്കുന്നതിനു മുൻപേ
പോവാം. വാ…”
ക്രിസ്റ്റീന തിരക്കുകൂട്ടിക്കൊണ്ടിരു
ന്നു. സാമണിന്റെ ജീവിതചക്രം കാർഡ്ബോർഡിൽ
വിസ്തരിച്ച് അടയാളപ്പെടു
ത്തുന്നതാണ് ഹന്നയുടെ പ്രൊജക്ട്.
അടുത്തുള്ള നീർച്ചാലുകളിൽ പോയി
സാമണുകൾ ഒഴുക്കിനെതിരെ നീന്തു
ന്നത് കാണാനും ഏല്പിച്ച് അവളുടെ
ടീച്ചർ കുട്ടികളുടെ അച്ഛനമ്മമാർക്കും
ഗൃഹപാഠം കൊടുത്തു.
മുട്ട വിരിഞ്ഞ് നദിയിൽ കളിച്ചു വളരുന്ന സാമൺ കുഞ്ഞുങ്ങൾ കൗമാരത്ത
ള്ളിച്ചയിൽ സുരക്ഷ പൊട്ടിച്ച് ഒഴുക്കിൽ
തുള്ളിക്കളിച്ചങ്ങു പൊയ്ക്കളയും. താഴേക്കൊഴുകുന്ന
വെള്ളത്തിലൂടെയുള്ള
യാത്ര എളുപ്പമാണ്. പുഴയുടെ നീളം മുഴുവൻ
അളന്ന് സമുദ്രത്തിൽ എത്തുമ്പോൾ
ഉപ്പുവെള്ളം ശുദ്ധജലം പോലെയാവുന്നു.
”സാമണിന് എങ്ങനെ അറിയാം
എപ്പോഴാ തിരികെ വരേണ്ടതെന്ന്?”
മീനുകളുടെ സമുദ്രത്തിലെ വീര
സാഹസ ജീവിതം കഴിഞ്ഞു മടങ്ങുന്ന
വൃത്തം ബോർഡിൽ അടയാളപ്പെടുത്തുമ്പോൾ
ആനിനു സംശയം.
”കുറെ വർഷം സമുദ്രത്തിൽ കിടന്ന്
പൊണ്ണത്തടിയായി ഇനിയൊന്നും
വേണ്ടാന്ന് തോന്നുമ്പൊ തിരികെ
വരും”.
”ജനിച്ച സ്ഥലത്തേക്കുതന്നെ
കൃത്യമായി പോകാൻ മീനിന് വഴിയറിയു
ന്നതെങ്ങനെയാ?”
വിക്കിപീഡിയ തപ്പിയിട്ടും ജന്തുക്ക
ളിലെ മാഗ്നെറ്റോസെപ്ഷൻ ഏഴുവയ
സ്സുകാരിക്ക് വിശദീകരിച്ചുകൊടുക്കാനുള്ള
വഴികളൊന്നും കാണാതെ ഞാൻ
തല ചൊറിഞ്ഞു. ചോദ്യങ്ങൾ കൂടി വരുമ്പോൾ
എനിക്കും സംശയമായി. വെള്ള
ത്തിൽ വീണ ആകാശത്തിനെ തട്ടിക്ക
ളിച്ചു പതയിൽ നീന്തി പോവുമ്പോൾ
മീനുകൾ മടക്കത്തിന്റെ പദ്ധതി ആസൂത്രണം
ചെയ്യുന്നുണ്ടാവുമോ? ഒഴുക്കില
ങ്ങനെ കൂട്ടുകാരൊത്ത് കടലിനെ സ്വപ്നം
കണ്ടു കണ്ട് പോവുമ്പോൾ പൊണ്ണ
നായി മടങ്ങാനുള്ള വഴികൾ അടയാളപ്പെടുത്തുന്നുണ്ടാവുമോ?
”അത്, മുട്ട വിരിയുന്നേനും മുന്നേ,
മീൻകുട്ടീടെ ബെല്ലിബട്ടന്റെ ഉള്ളിൽ മമ്മി
മീൻ അവരുടെ നാടിന്റെ മണം ഒളിപ്പിച്ചുവയ്ക്കും.
എത്ര വലുതായാലും അത്
പോവില്ല. ആ മണം സഹിക്കാൻ വയ്യാതാവുമ്പം,
മണം പിടിച്ചു, മണം പിടിച്ച്…
സാമൺ ചാടിയോടി തിരിച്ചുവരും”.
ക്രിസ്റ്റീനയിലെ കഥാകാരി ഇപ്രാവശ്യം
എന്നെ തോല്പിച്ചത് ഞാൻ ക്ഷമി
ച്ചു. വിക്കിപ്പീഡിയയ്ക്കു പറ്റാത്തതാണ്
ലോകവിവരമില്ലെന്നു ഞാൻ പ്രഖ്യാപി
ക്കുന്ന എന്റെ ഭാര്യ നിഷ്പ്രയാസം ചെയ്തത്.
കടലാഴത്തിന്റെ സങ്കീർണമിശ്രത്തിൽ
ആമഗ്നമാകുമ്പോഴും സാമണിന്റെ
പൊക്കിൾക്കൊടി മലമുകളിലെ
നദിക്കരയിലെ ഒരു ചതുരയളവിൽ ചുറ്റി
വരിഞ്ഞുകൊണ്ടിരിക്കുന്നു – കൊള്ളാം!
”മമ്മി, ഞങ്ങളെ നാട്ടിൽ കൊണ്ടാ
ക്കിയാലും മണം പിടിച്ചു പിടച്ച് ഞങ്ങളി
വിടെ തന്നെ തിരിച്ചുവരും!”
വികൃതി കാണിക്കുമ്പോഴും ചോറു
ണ്ണാൻ മടി കാണിക്കുമ്പോഴും നാട്ടിൽ
കൊണ്ടാക്കും എന്ന ക്രിസ്റ്റീനയുടെ ഭീഷണിക്കെതിരെയാണ്
ഹന്ന സ്കോർ ചെയ്യുന്നത്.
”ഉം. മൗണ്ട് സീനായ് ഹോസ്പിറ്റ
ലിന്റെ മണം. ദേ, എന്റെ ബെല്ലി ബട്ട
ണിൽ ഒളിച്ചിരിപ്പുണ്ടല്ലോ”.
ആൻ ടീഷർട്ടു പൊക്കി അവളുടെ
പൊക്കിളിൽ തൊട്ടുകാണിച്ചു. മൗണ്ട്
സീനായ് ഹോസ്പിറ്റലിന്റെ അരികിൽ
കൂടി പോവുമ്പോഴൊക്കെ ഹന്ന പറയും.
”ദേ, വാവേക്കിട്ടിയ ഹോസ്പി
റ്റൽ”.
സാമണുകൾ മടങ്ങിയെത്തുന്ന
ഭാഗം വിവരിക്കുന്ന അവസാനത്തെ
ചക്രത്തിനു പുറത്ത് ഹന്ന കരടിയുടെയും
കഴുകന്റെയും പടങ്ങൾ കലാപരമായി
അല്പം ചരിച്ച് ഒട്ടിച്ചുവച്ചു. ഒഴുക്കി
നെതിരെ നീന്തി കടമ്പകൾ ചാടിക്ക
ടന്ന് തളർന്നെത്തുന്ന സാമണുകളെ
ആഴം കുറഞ്ഞ വെള്ളത്തിൽ വേട്ടയാടാൻ
എളുപ്പമാണ്. സാമണിനെ തിന്നുകൊഴുത്ത
മടിയൻ കരടികൾ തണുപ്പുകാലം
മുഴുവൻ ഉറങ്ങിത്തീർക്കും.
ഹന്നയുടെ പ്രൊജക്ട് കഴിഞ്ഞപ്പോഴേക്കും
ഞങ്ങൾ കുടുംബത്തോടെ
ക്ഷീണിച്ചുപോയീന്നു പറഞ്ഞാൽ മതി
യല്ലോ. ഉറങ്ങാൻ കിടന്നിട്ടും ഉള്ളി
ലേക്കു നീളുന്ന പകലിനെ അടക്കാൻ
കഴിയാതെ ആൻ ചോദിച്ചു.
”കുറെ ഓൾഡ് ആവുമ്പോ പപ്പയും
മമ്മിയും കേരളത്തിലേക്ക് പോവ്വോ?”
അവളുടെ കുഞ്ഞുമൂക്ക് എന്റെ കഴു
ത്തിൽ ഇത്രയും അമർത്തിപ്പിടിച്ചിരു
ന്നാൽ ശ്വാസം മുട്ടില്ലേന്നു കരുതി
ഞാൻ അവളെ അടർത്തിമാറ്റാൻ ശ്രമി
ച്ചു. എന്തു ശക്തിയാണ് പീക്കിരി വിരലുകൾക്ക്!
എന്റെ സ്പോൺ കാൽമ കഴി
ഞ്ഞെന്ന വഴുവഴുപ്പൻ കുസൃതി മകളോട്
പറയാൻ പറ്റാതെ പരുങ്ങുമ്പോൾ
അടുത്ത ചോദ്യം വന്നു.
”കരടികളെന്താ സീയിലേക്ക്
മൈഗ്രേറ്റ് ചെയ്യാത്തെ പപ്പ? അവിടെ
ലോട്ട്സ് ഓഫ് ഫിഷ് ഉണ്ടല്ലോ”.
”കരടികൾക്കറിയാം ഈ
നെട്ടോട്ടോം പങ്കപ്പാടും ഒന്നും ആവശ്യ
മില്ലാന്ന്. കൊഴുത്ത മീനുകൾ അവശരായി
അവരുടെ വായിലേക്കുതന്നെ
വരുമെന്ന്. മുടങ്ങാതെ വന്നുകൊണ്ടിരി
ക്കുമെന്ന്”.
എല്ലാ മീനുകളും പുറപ്പെട്ടിടത്ത്
എത്തുന്നില്ല. തല തകർന്ന് തെകിള
പിളർന്ന് തീരത്ത് അടിഞ്ഞുകിടക്കുന്ന
സാമണുകൾ അടയാത്ത കൃഷ്ണമണി
കൾ കൊണ്ട് എന്നെയും സെബി
നെയും നോക്കുന്നത് ഇഷ്ടപ്പെടാതെ
ഞാൻ കണ്ണടച്ചു.