”അപ്പപ്പാ… കെന്ന് ഒങ്ങിച്ചോ… കണ്ണടയ്ക്ക്…”
കുട്ടി പറഞ്ഞു.
താഴെയിട്ട മെത്തയില്‍ അയാള്‍ കണ്ണടച്ച് അനങ്ങാതെ കിടന്നു. ഒട്ടുകഴിഞ്ഞ് കണ്ണുതുറന്നു നോക്കിയപ്പോള്‍ കുട്ടി അകലെ മാറി നിന്ന് ഉന്നം പിടിക്കുകയാണ്. അവന്റെ നില്പു കണ്ട് അയാള്‍ക്ക് ചിരിവന്നു. അത് ഭാവിക്കാതെ അയാള്‍ ഗൗരവക്കാരനായി കണ്ണുകളടച്ചു കിടന്നു. ഉന്നം ശരിയായെന്നു തോന്നിയപ്പോള്‍ കുട്ടി ഓടിച്ചെന്ന് അയാളുടെ തലയിലേക്ക് വീണു. അയാള്‍ പിടഞ്ഞു. എവിടെയൊക്കെയോ വേദനിച്ചു. അതിനിടയിലും അയാള്‍ മകളെ വിളിച്ചു. അവളപ്പോള്‍ മിക്സി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മറ്റ് ഒച്ചകളൊന്നും കടന്നു ചെല്ലാനാവാത്ത വിധം ഒരലര്‍ച്ചപോലെ മിക്സി ഓടി.
അയാള്‍ മകളെ വിളിക്കുന്നത് കണ്ട കുട്ടി തലയിണയെടുത്ത് അയാളുടെ മുഖത്തുവച്ചമര്ത്തി. അയാളുടെ ദുര്‍ബലമായ ഹൃദയം നിസ്സഹായമായി തിരക്കുകൂട്ടി. ശ്വാസത്തിനു വേണ്ടി പിടയ്ക്കുന്നതിനിടയില്‍ അയാള്‍ കുട്ടിയെ ആഞ്ഞൊന്നു തള്ളി. കുട്ടി തെറിച്ചു വീണു. ആ ദേഷ്യത്തില്‍ അവന് ഓടിച്ചെന്ന് അയാളുടെ മുഖത്ത് ചവിട്ടി. പ്രാണന് പോകുന്നപോലെ അയാള്‍ക്ക് തോന്നി. അയാള്‍ ഒന്നു ഞരങ്ങി. പിന്നെ, പാഞ്ഞുവരുന്ന കുട്ടിയെ അയാള്‍ ഒരു നോക്ക് കണ്ടു. പേടിയോടെ കണ്ണുകളിറുക്കി അടച്ച് മരണത്തിന്റെ പാളത്തിലേക്ക് അയാള്‍ മെല്ലെ തല ചായ്ച്ചു വച്ചു.