വാതിൽ പതുക്കെ തുറന്നു പ്രവേശിക്കാമോ എന്നാരാഞ്ഞ് അം അബ്ദുൽ ഖാദിറിന്റെ തല പ്രത്യേക്ഷപ്പെട്ടു. ഡോ. കാസിം തലയാട്ടി. ഖാദിറിനു പിന്നിൽ ഒരാൾ കൂടിയുണ്ട്. എനിക്കാളെ അറിയില്ല.
കോളേജിന്റെ പ്രവേശന കവാടത്തിലെ പോലീസുകാരനാണ് അം അബ്ദുൽ ഖാദിർ. ഗേറ്റിൽ, മെടഞ്ഞുണ്ടാക്കിയ ഒരു കസേരയിൽ ദിവസം മുഴുവൻ അയാൾ ഇരിക്കുന്നതു കാണാം. അയാളുടെ ജാക്കറ്റിൽ കോണിലൂടെ ഒരു തുകൽ വാർ ബന്ധിച്ചിട്ടുണ്ടാകും. അതിന്റെ അറ്റം വലതു ചുമലിൽ. അത് ലോഹക്കൊളുത്തുള്ള വലിയ ബെൽറ്റിൽ ചേർന്നിരിക്കും. വേനൽക്കാലത്ത് അയാളുടെ വസ്ത്രം വെളുത്ത പരുത്തി. തണുപ്പിൽ കറുത്ത രോമവസ്ത്രമാണ്. രണ്ടും പഴയതും മുഷിഞ്ഞതും. ഒരു പോലീസുകാരന്റെ അധികാരമോ സ്വാധീനമോ ശക്തിയോ ഒന്നും അയാളുടെ വേഷം പ്രതിഫലിപ്പിക്കുന്നില്ല. മാത്രമല്ല, പദവിക്കു ചേരാത്ത അനുകമ്പ തളംകെട്ടിയ കണ്ണുകളും സൗഹൃദഭാവവും കനത്തതെങ്കിലും വെളുത്ത മീശയും പ്രകടമായ മാന്യത വിളിച്ചോതുകയും ചെയ്യും.
”ഈ മനുഷ്യൻ അമ്മയുടെ ഡിപ്പാർട്ടുമെന്റിലെ ഒരു വിദ്യാർത്ഥിനിയുടെ മുത്തച്ഛനാണ്. ഏതെങ്കിലും ഒരു പ്രൊഫസറെ പരിചയപ്പെടുത്തിക്കൊടുക്കാൻ എന്നോടഭ്യർത്ഥിച്ചു”
അബ്ദുൽ ഖാദിർ ആഗതനെ പരിചയപ്പെടുത്തി. പിന്നെ പിരിയാൻ തുടങ്ങുന്നേരം ആ വൃദ്ധനോടു പറഞ്ഞു. ”ഇനി കുഴപ്പമില്ല. ഇവർ നിങ്ങളെ സഹായിക്കും” അയാൾ ഞങ്ങ
ളെ അഭിവാദ്യം ചെയ്ത് തിരിച്ചുപോയി.
അതിഥി തന്റെ നീണ്ട കൈ ഡോ. കാസിമിനു നേരേ നീട്ടി. ഡോക്ടർ മേശയ്ക്കു പിന്നിലെ കസേരയിലായിരുന്നു.
”ഞാൻ ഫാഹ്മി അബ്ദുൽ സത്താർ. ഒരു രക്തസാക്ഷിയുടെ പിതാവാണ്. എന്റെ പൗത്രി നാദിയ അഹമദ് ഫാഹ്മി അബ്ദുൽ സത്താർ ഇവിടെ പഠിക്കുന്നു. താങ്കൾക്കറിയാമോ?”
ചില കടലാസുകൾ പരിശോധിക്കുകയായിരുന്ന ഡോക്ടർ കാസിം അദ്ദേഹത്തോട് ഇരിക്കാൻ ആവശ്യപ്പെട്ടു. അല്പനേരം ക്ഷമിക്കാനും.
വൃദ്ധൻ എന്റെ അടുത്തിരുന്നു. ഡോ. കാസിമിന്റെ തിരക്കൊഴിയാൻ ഞാനും കാത്തിരിക്കുകയായിരുന്നു. എന്റെ തിസിസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും നിർദേശങ്ങളും അറിയണം.
ഉറച്ച ശരീരമാണെങ്കിലും നല്ല പ്രായം തോന്നിക്കുന്ന ഒരാൾ. വട്ടമുഖം. അപ്പർ ഈജിപ്തുകാരുടെ സവിശേഷതയായ കടും തവിട്ടു കാപ്പി നിറം. ഒരു പഴയ സ്യൂട്ട് ആണു വേഷം. കയ്യിൽ ഒരു പരുക്കൻ ചൂരൽ.
ഡോ. കാസിം തലയുയർത്തി.
”ശരി, ഞാൻ എന്താണ് താങ്കൾക്ക് ചെയ്തു തരേണ്ടത്?”
”ഞാൻ ഫാഫ്മി അബ്ദുൽ സത്താർ. ഒരു രക്തസാക്ഷിയുടെ പിതാവാണ്. എന്റെ പൗത്രി, നാദിയ അഹമദ് ഫാഹ്മി അബ്ദുൽ സത്താർ ഇവിടെ വിദ്യാർത്ഥിനിയാണ്”. അയാൾ ആവർത്തിച്ചു.
”ഏതു വർഷം?”
”ആദ്യ വർഷം”.
”ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഞാൻ ക്ലാസെടുക്കുന്നില്ല. ഡിപ്പാർട്ട്മെന്റ് മേധാവിയാണെങ്കിലും. അതു പോട്ടെ എന്താണ് പ്രശ്‌നം?”
വൃദ്ധൻ പരിഭ്രമത്തിനിടയിലും പുഞ്ചിരിച്ചു. ”ഇല്ല, ദൈവത്തിനു സ്തുതി! പ്രശ്‌നം ഒന്നുമില്ല. എനിക്ക് ഒന്ന് ഉറപ്പു വരുത്താനാണ്. അവൾ ക്ലാസുകൾ കൃത്യമായി ഹാജരാവുന്നില്ലേ? പഠിക്കാൻ എങ്ങനെയുണ്ട്? സ്വഭാവം നല്ല തു തന്നെയല്ലേ! പെരുമാറ്റം…? എല്ലാം ഒന്നുകൂടി ഉറപ്പ് വരുത്താനാണ്”.
”കൊല്ലാവസാനം റിസൽട്ട് വരുമ്പോൾ അറിയാം”. തന്നെ നന്നായി അറിയുന്നവർക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ ഡോ. കാസിം മുരണ്ടു.
എന്നാൽ ആഗതൻ നിർത്താനുള്ള ഭാവമില്ല. ഇത്തവണ പുഞ്ചിരിയില്ലെന്നു മാത്രം. ”എനിക്കിപ്പോൾതന്നെ അറിയണം. സത്യം! ഞാൻ അവളെ അത്ര ശ്രദ്ധിച്ചാണ് വളർത്തുന്നത്.
ഒരു കാര്യത്തിലും കുറവ് വരുത്തിയിട്ടില്ല. ഒരു രക്തസാക്ഷിയുടെ മകളാണ്. ഞാൻ പറഞ്ഞല്ലോ അല്ലേ? അവളുടെ പിതാവ് യുദ്ധത്തിൽ വീരചരമമടയുമ്പോൾ, അവളുടെ അമ്മ അവളെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. എന്റെ പേരക്കുട്ടി. നാദിയ അഹമദ് ഫാഹ്മി
അബ്ദുൽ സത്താർ, നിങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥിനിയാണ്. 1967 നവംബറിലാണ് ജനിച്ചത്. അവളുടെ ഉമ്മ, ദൈവം അവളെ ആദരിക്കട്ടെ. പിന്നെ വിവാഹം കഴിച്ചില്ല. അന്നവൾക്ക് 17 വയസ്സേ ഉള്ളുവെന്ന് ഓർക്കണം. അവളിപ്പോൾ യു.എ.ഇ.യിൽ ജോലി
ചെയ്യുന്നു. ഞാനത് പറഞ്ഞോ?”
ഡോ. കാസിം മേശപ്പുറത്തെ കടലാസുകൾ മറിച്ചു നോക്കുകയായിരുന്നു. അദ്ദേഹത്തിന് വൃദ്ധന്റെ സംസാരം മടുത്തു കഴിഞ്ഞിരുന്നു. ശ്രദ്ധിക്കുന്നേയില്ലായിരുന്നു.
”ഞാൻ അപ്പർ ഈജിപ്തിൽ നിന്നാണ്. നാദിയയോട് ഞാൻ പറഞ്ഞു: മോളേ, അറിവ് വെളിച്ചമാണ്. പക്ഷേ മൂല്യങ്ങളാണ് ആദ്യം. വെളിച്ചത്തിനും മുമ്പ്. എളിമ ആഭരണമാണ്. ആൺ സതീർത്ഥ്യരോടു സംസാരിച്ചോളു. എന്നാൽ അവർക്കു നേരേ കണ്ണുയർത്തി നോക്കരുത്. സമൂഹത്തിൽ പെരുമാറേണ്ട നിയമങ്ങളുണ്ട്. അവ ബഹുമാനിക്കണം. കണ്ണുകൾ താഴ്ത്തുക. കാഴ്ചപ്രലോഭനമാണ്. മോളേ, പിന്നെ…”
”നിങ്ങൾക്ക് ശരിക്കും എന്താണ് വേണ്ടത്?” ഡോ. കാസിമിനു ക്ഷമ നശിച്ചു. ”ഞാൻ
പറഞ്ഞല്ലോ സാർ, എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി. എന്റെ പേരക്കുട്ടിയുടെ കാര്യങ്ങൾ ഉറപ്പു വരുത്തണം”.
”എങ്ങനെ?” ഡോ. കാസിം പരുഷമായി ചോദിച്ചു. സംസാരം തുടർന്നാൽ ആ മനുഷ്യനെ ഓഫീസിൽ നിന്നും പുറത്താക്കുമെന്നു ഞാൻ ഭയപ്പെട്ടു. ദൗർഭാഗ്യകരമായ ആ സംഭവം ഭാവനയിൽ കണ്ടിരിക്കുമ്പോഴാണ് മൂന്നു വിദ്യാർത്ഥികൾ വാതിൽ മുട്ടി അകത്തു കടന്നത്. ഡോ. കാസിമിനെ കാണിക്കാൻ ഒരു പോസ്റ്റർ അവർ പിടിച്ചിരുന്നു. ഡോക്ടർ അതു വായിച്ചു ചിരിച്ചു. പിന്നെ എന്നോടു പറഞ്ഞു: ”കമീലിയ, ഇത് ശ്രദ്ധിക്കൂ.
പോർട്ട് സെയ്ദിലേക്ക് പഠനയാത്ര നടത്തുന്നതിന്റെ പരസ്യമാണ്”.”സ്വതന്ത്ര നഗരം നിങ്ങൾക്കു കൈ നീട്ടുന്നു. പോർട്ട് സെയ്ദ് ഉല്പന്നങ്ങളുടെ സാഗരം. നീന്താനും വാങ്ങാനും ഞങ്ങളോടൊപ്പം വരിക”.
പോസ്റ്റർ അംഗീകരിച്ച് ഒപ്പിട്ടു കൊടുക്കുമ്പോഴും ഡോ. കാസിം ചിരിച്ചുകൊണ്ടിരുന്നു. ഞാൻ യാത്രാസംഘത്തിൽ ചേരുന്നുണ്ടോ എന്ന് ഒരു വിദ്യാർത്ഥി ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ മറുപടി നൽകി.
കുട്ടികൾ പോയയുടൻ വൃദ്ധൻ സംസാരം പുനരാരംഭിച്ചു. ഡോ. കാസിം ഒരു നിമിഷം നടുങ്ങിയതുപോലെ. അദ്ദേഹം വൃദ്ധന്റെ സാന്നിദ്ധ്യം തീർത്തും മറന്നു കഴിഞ്ഞിരുന്നു.
”ഓ… ശരി – ടൈംടേബിളും ലക്ചറർമാരുടെ പേരും തരാമെങ്കിൽ, എനിക്ക് പറയാൻ പറ്റുമെന്നു തോന്നുന്നു…”
”ഷെഡ്യൂൾ ഹാളിൽ ഒട്ടിച്ചിട്ടുണ്ട്. ക്ലാസുകളുടെ സമയം, അദ്ധ്യാപകരുടെ പേര് എല്ലാം അതിലുണ്ടാകും”.
ഷെഡ്യൂൾ കാണിച്ചു തരാമെന്നു പറഞ്ഞ് ഞാൻ എഴുന്നേറ്റു. അയാൾ അനുഗമിച്ചു. ഷെഡ്യൂൾ അയാൾ പകർത്തുന്നതിനിടയിൽ ഞാൻ ചില നാലാം വർഷ വിദ്യാർത്ഥികളെ കണ്ടു. അവരുമായി സംസാരിച്ചു കൊണ്ടിരുന്നു. പകർത്തിക്കഴിഞ്ഞപ്പോൾ അയാൾ എന്റെയടുത്തു വന്നു നിന്നു. ഞാനും വിദ്യാർത്ഥികളും തമ്മിലുള്ള സംസാരം കഴിയാൻ കാത്തു നിന്നു.
ഇനിയെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ഞാൻ ചോദിച്ചു.
”ഷെഡ്യൂൾ പ്രകാരം ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ബുധനാഴ്ച ക്ലാസില്ല. പക്ഷേ നാദിയ എല്ലാ ബുധനാഴ്ചയും വരുന്നുണ്ടല്ലോ,” അയാൾ പറഞ്ഞു.
”നാദിയ ഏതു ഗ്രൂപ്പിലാണ്?”
”നിങ്ങളുടെ ഡിപ്പാർട്ടുമെന്റിൽ”.
”അതെനിക്കറിയാം. എന്നാൽ ഞാൻ ചോദിക്കുന്നത് അവൾ എ, ബി, സി, ഡി, ഇ, എഫ് – ഇതിൽ ഏതിൽ ആണെന്നാണ്. ആദ്യവർഷക്കാരെ ആറ് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഇതിൽ ഏതിലാണ് നാദിയ?”
”അതെനിക്കറിയില്ല”.
”പിന്നെ എങ്ങനെ പട്ടിക പകർത്തി? ആറ് വ്യത്യസ്ത പട്ടികകളുണ്ട്”.
മറുപടി പറയുന്നതിനു മുമ്പ് അയാൾ ഒരു നിമിഷം മടിച്ചു നിന്നു. പിന്നെ എന്റെ മുന്നിൽ കുനിഞ്ഞ് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. ”ക്ഷമിക്കണം. എനിക്ക് 70 കഴിഞ്ഞു. പട്ടികകളുടെ വ്യത്യാസം ഞാൻ ശ്രദ്ധിച്ചില്ല. ആദ്യം ഞാൻ എല്ലാം പകർത്താം. എന്നിട്ട് നാദിയയോട് ചോദിക്കാം അവൾ ഏതിലാണെന്ന്”.അല്പനേരം വെറുത്തെ നിന്നശേഷം അയാൾ തളർന്ന ശബ്ദത്തിൽ പറഞ്ഞു.
”എനിക്ക് 77 ആയി. എന്റെ ഭാര്യ, നാദിയയുടെ മുത്തശ്ശിക്ക് 70. നാദിയയുടെ ഉപ്പ അവൾ ജനിക്കും മുമ്പ് യുദ്ധത്തിൽ കൊല്ലപ്പെട്ടതാണ്. അവളുടെ ഉമ്മ വിദേശ രാജ്യത്തു പോയി. മക്കളെ നന്നായി വളർത്താൻ. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ഒരു കുറവും വരാൻ
പാടില്ല, എനിക്കു നിർബന്ധമാണ്”.
ഞാനയാളെ ആശ്വസിപ്പിക്കാനായി എന്തോ പറയാൻ തുടങ്ങുകയായിരുന്നു. ഒരു പെൺകുട്ടി തിളങ്ങുന്ന ചിരിയുമായിവരുന്നു. അപ്രതീക്ഷിതമായി ഒരാളെക്കണ്ടതിന്റെ ഭാവം.
”ഹലോ! ഉപ്പാപ്പ ഇവിടെ എങ്ങനെ വന്നു?”
നാദിയയ്ക്ക് പ്രസന്നഭാവം. ലളിതമായ വസ്ത്രധാരണം. കുട്ടിത്തം മാറാത്ത ഭാവം. നില്ല നീളവും. ഇരുണ്ട നിറവുമുള്ള കറുത്ത നീണ്ട മുടി കുതിരവാൽ പോലെ നേർത്ത നീല റിബൺ കൊണ്ടു കെട്ടിയിരിക്കുന്നു.
”നാദിയ, നീഏത് ഗ്രൂപ്പിലാണ്?”
”സിയിൽ. എന്തേ ചോദിച്ചത്?”
”ഞാൻ നിന്റെ ഷെഡ്യൂൾ എഴുതിയെടുക്കാൻ വന്നതാണ്. നിനക്ക് ക്ലാസ്സുള്ള ദിവസങ്ങൾ അറിയാമല്ലോ. പക്ഷേഒന്നാം വർഷം പല ഗ്രൂപ്പുകളുണ്ടെന്ന് ഞാൻ ഇന്നു കണ്ടുപിടിച്ചു”.
പെൺകുട്ടിയുടെ മുഖത്ത് പൊടുന്നനെ ഗൗരവം നിറഞ്ഞു. പിന്നെ അത് അലിഞ്ഞ് ദേഷ്യമായി. കണ്ണുകളിൽ നീർ നിറഞ്ഞു. ”പക്ഷേ ഉപ്പാപ്പ…”
”അതിനെന്താ?” അയാൾ ഇടപെട്ടു. ”എനിക്കെല്ലാം അറിയണം. നിന്റെ രക്ഷയ്ക്കാണ്. നിന്നെ മതിയാംവണ്ണം വളർത്തിയെടുക്കാനാണ്”.
പെൺകുട്ടി കീഴ്ചുണ്ട് കടിച്ച് ഒരു നിമിഷം നിശ്ശബ്ദയായി നിന്നു.
”ക്ഷമിക്കണം ഉപ്പാപ്പ. എനിക്ക് ക്ലാസുണ്ട്”. അവൾ ധൃതിയിൽ നടന്നു പോയി.
ഏതാനും അടി വച്ചതിനുശേഷം ഞങ്ങൾക്കു നേരേ തിരിഞ്ഞു കൂട്ടിച്ചേർത്തു. ”ഉപ്പാപ്പ, പോർട്ട് സെയ്ദിലേക്ക് ഒരു യാത്രയുണ്ട്. എനിക്ക് പോകണം”.
”പോർട്ട് സെയ്ദിലേക്കോ?”
”അതെ എനിക്കു പോകണം. ഞാൻ പോകും”.
പെൺകുട്ടി ധൃതിയിൽ നടന്നു. അവളുടെ ഉപ്പാപ്പ എന്റെ നേരേ കുനിഞ്ഞ് അതേ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
”നിങ്ങളും പോകുന്നുണ്ടോ?”
”തീരുമാനിച്ചിട്ടില്ല. ഞാനില്ലെങ്കിലും എന്റെ സഹപ്രവർത്തകരായ പല അദ്ധ്യാപികമാരും പോകുന്നുണ്ട്. അവരിൽ പ്രൊഫസർമാരുമുണ്ട്. പേടിക്കാനൊന്നുമില്ല”.
”എനിക്ക് ഉറപ്പു കിട്ടണം. പോർട്ട് സെയ്ദ് യാത്ര നല്ലതു തന്നെയാണ്. നാദിയയ്ക്ക് അവളുടെ രാജ്യത്തക്കുറിച്ചറിയാൻ അവസരം ലഭിക്കും. പിന്നെ…”
അയാളുടെ ശബ്ദം ഒരു മന്ത്രോച്ചാരണം പോലെ നേർത്തു. ആത്മഗതം പോലെയായി.
”ശരിയാണ്. അവൾക്ക് തന്റെ രാജ്യത്തെക്കുറിച്ച് പഠിക്കാൻ നല്ല അവസരം. അവളുടെ പിതാവ് യുദ്ധം ചെയ്ത സ്ഥലങ്ങളിൽ ചിലത് കാണാൻ ഭാഗ്യം ലഭിക്കും. ഈ രാജ്യത്തിനുവേണ്ടി പോരാടി രക്തസാക്ഷിയായവനാണല്ലോ അവളുടെ പിതാവ്…”
ഞാൻ അയാളെ അവിടെ വിട്ടു ഡോ.കാസിമിന്റെ മുറിയിലേക്കു തന്നെ മടങ്ങി.
തിസിസിനെക്കുറിച്ചുള്ള വിലയിരുത്തൽ കേൾക്കണമല്ലോ.രണ്ടു മണിക്കൂറിനു ശേഷം ഞാൻ
കോളേജിൽ നിന്നു മടങ്ങുമ്പോൾ വൃദ്ധൻ അം അബ്ദുൽ ഖാദിറിന്റെയടുത്ത് മെടഞ്ഞെടുത്ത ഒരു കസേരയിലിരിക്കുന്നതു കണ്ടു. രണ്ടു പേരും വർത്തമാനത്തിൽ മുഴുകിയിരിക്കുകയാണ്.
”ക്ലാസ് കഴിയുന്നതു വരെ നാദിയയെ കാത്തിരിക്കാമെന്നു കരുതി. ഒരുമിച്ചു വീട്ടിൽ പോകാമല്ലോ. കുറേ ദൂരെയാണ് ഞങ്ങൾ താമസിക്കുന്നത്. നീണ്ട യാത്രയാണ്” അയാൾ എന്നോടു വിശദീകരിച്ചു.
പോർട്ട് സെയ്ദിലേക്കുള്ള യാത്രയെക്കുറിച്ച് ആലോചിച്ചാണ് ഞാൻ മടങ്ങിയത്. പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
‘വിശ്രമിക്കാനും വിനോദത്തിനും ഒരവസരം. ഷാംപൂവും നൈലോൺ സ്റ്റോക്കിംഗ്‌സും വാങ്ങുകയും ചെയ്യാം’ ഞാൻ എന്നോടുതന്നെ പറഞ്ഞു.
* * *
മൊഴിമാറ്റം : വി.കെ. ഷറഫുദ്ദീൻ
റദ്‌വ അഷൗർ (Radwa Ashour)
കെയ്‌റോയിൽ 1946-ൽ ജനിച്ച റദ്‌വ അഷൗർ കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മസാച്ചു സെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആഫ്രോ-അമേരിക്കൻ സാഹിത്യത്തിൽ ഡോക്ടറേറ്റും നേടി. ഐൻഷാസ് യൂണിവേഴ്‌സിറ്റിയിൽ
പ്രൊഫസറായിരുന്നു. ഈജിപ്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. 70-കളുടെ ഒടുവിലാണ് സാഹിത്യരചന തുടങ്ങിയത്. അഞ്ചു നോവലുകളും ഒരു ചെറുകഥാ സമാഹാരവും അമേരിക്കൻ ജീവിതക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധ നോവൽ ‘ഗ്രനഡ’