1990-കളോടെ മലയാള കവിതയിൽ അനുഭവപ്പെടുവാൻ തുട
ങ്ങിയ പുതിയ കാവ്യഭാവുകത്വത്തെയാണ് പുതുകവിതാപ്രസ്ഥാനമെന്ന്
വ്യവഹരിക്കപ്പെടുന്നത്. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തി
ലെന്നപോലെ ഇക്കാലംവരെയുള്ള എഴുത്തിലും മൂല്യസങ്കല്പങ്ങ
ളിലുമെല്ലാം അധീശത്വമുറപ്പിച്ചിരിക്കുന്നത് സവർണ/പുരുഷാധി
പത്യ വ്യവസ്ഥയുടെ സൗന്ദര്യശാസ്ത്രാവബോധവും വരേണ്യ
പ്രത്യയശാസ്ത്രങ്ങളുമാണ്. ഈ അധീശത്വാധികാര വ്യവസ്ഥയുടെ
സാഹിത്യ സങ്കല്പങ്ങൾ പാർശ്വവത്കരിച്ച ജീവിതാനുഭവങ്ങ
ളെ ആവിഷ്കരിക്കാനുള്ള ധീരശ്രമങ്ങളാണ് പുതു കവിത.
ആധുനിക കാലം വരെ മലയാളകവിത കാണാതിരുന്ന തിരസ്കൃതാനുഭവങ്ങളെ
പുതുകവിത സാഹിത്യത്തിലേക്ക് സന്നിവേശിപ്പിച്ചു.
ദളിത്/സ്ത്രീ/പരിസ്ഥിതി/ആദിവാസി തുടങ്ങിയ തമസ്കരിക്ക
പ്പെട്ട ജീവിതാനുഭവങ്ങളിൽ നിന്നുള്ള ബിംബങ്ങളും വാക്കുകളും
പ്രയോഗങ്ങളും ഇക്കാലത്ത് പുതുകവിതയിലേക്ക് തിരിച്ചെത്തി.
ഇതോടെ കവിതയിൽ പുതിയൊരു ഭാവുകത്വം അനുഭവപ്പെടാൻ
തുടങ്ങി. ആധുനിക കാലത്തെ മലയാള കവിത അടയാളപ്പെടു
ത്താതെ പോയ ദളിത് ജീവിതാനുഭവങ്ങുടെ തീക്ഷ്ണസാന്നിദ്ധ്യം
എം.ബി. മനോജ്, എം.ആർ. രേണുകുമാർ, എസ്. ജോസഫ്,
സുനിൽകുമാർ എം.എസ്. തുടങ്ങിയവരുടെ കവിതകളിൽ
കാണാം. പുതുകവിത ആർജിച്ച സൂക്ഷ്മ രാഷ്ട്രീയാവബോധത്തി
ന്റെ വികാസ തലങ്ങളാണ് ഈ ദളിത് ഭാവുകത്വത്തിന്റെ കാവ്യ
രൂപങ്ങൾ. വ്യവസ്ഥാപിത മലയാള കവിതയുടെ വരേണ്യ
ഭാവുകത്വത്തെയും കാവ്യസൗന്ദര്യശാസ്ത്രത്തെയും ഇവരുടെ
കവിതകൾ പൊളിച്ചെഴുതുന്നു.
1990-കൾക്കു ശേഷം വ്യവസ്ഥാപിത കാവ്യ സങ്കല്പങ്ങളെയും
അധീശത്വാധികാരവബോധത്തെയും ഭാഷയെയും നിഷേധിച്ചു
കൊണ്ട് പുതിയ കാലത്തിന്റെ സങ്കീർണതകളെ പുതിയ
ഭാഷകൊണ്ടും ദളിത് ജീവിതാനുഭവങ്ങൾ കൊണ്ടും ഇവർ
ആവിഷ്കരിക്കുവാൻ തുടങ്ങി. കീഴാള കുടിലുകളിലെ അടുക്കളഭാഷകൊണ്ടും
വയലിറുമ്പത്തെ അനുഭവ ലോകങ്ങളിൽ നിന്നുള്ള
കാവ്യബിംബങ്ങൾകൊണ്ടും വരേണ്യഭാഷാ വ്യവഹാരങ്ങളെയും
സാഹിത്യാവബോധത്തെയും ഇവർ അപനിർമ്മിക്കാൻ തുടങ്ങി.
ഈ പുതിയ ഭാഷയും പുതിയ രചനാരീതികളും നടപ്പു കാവ്യ
ഭാഷയെയും ഭാവുകത്വത്തെയും അഴിച്ചു പണിതു.
ദളിത് ജീവിതാവസ്ഥയുടെ ആഴങ്ങളെയും സ്വത്വപരതയെയും
തീക്ഷ്ണ വർത്തമാനകാലത്തെയും സൂക്ഷ്മമായി ആവിഷ്കരിക്കു
ന്നവയാണ് എം.ആർ. രേണുകുമാറിന്റെ കവിതകൾ. കെണി
നിലങ്ങളിൽ, വിഷക്കായ്, പച്ചക്കുപ്പി തുടങ്ങിയ സമാഹാരങ്ങളി
ലെ കവിതകൾ ദളിത് ജീവിതത്തിന്റെ ജൈവീകതയെ സൗന്ദര്യാ
ത്മകമായി ആവിഷ്കരിക്കുന്നു.
കാക്ക
നിലത്തിറങ്ങും മുമ്പ്
ഉണരണം
കറവക്കാരൻ
എത്തും മുമ്പേ
ചാണകം വാരി
തൊഴുത്ത് വൃത്തിയാക്കണം.
കറവപ്പാത്രവും
എണ്ണക്കുപ്പിയും
എടുത്തു വെയ്ക്കണം
…………………………………
……………………………….
2013 ടയറധഫ ബടളളണറ 1 6
കഞ്ഞി കുടിച്ച്
പാത്രം കഴുകി വെച്ച്
വിളക്കണച്ച്
ഇടതുകൈ തലയണയാക്കി
പൊള്ളയായ് കിടക്കണം.
കാക്ക
നിലത്തിറങ്ങും മുമ്പ്
ഉണരണം. (മിണ്ടാപ്രാണി)
ഒരു ദളിതന്റെ ഒരു ദിവസത്തെ ദിനചര്യയാണ് മിണ്ടാപ്രാണി
എന്ന കവിത. വരേണ്യ ജനതയുടെ ജീവിത വ്യവഹാരങ്ങളും
ആവിഷ്കാര രൂപങ്ങളും നിത്യ പരിചിതമായ മലയാളിയുടെ
കാവ്യാനുശീലങ്ങളിൽ ദളിത് കറവക്കാരന്റെ ജീവിതാനുഭവ
ചിത്രങ്ങൾ പൊള്ളലേല്പിക്കുന്നു. കവിതയെ കുറിച്ചുള്ള എല്ലാ
വിധത്തിലുള്ള വരേണ്യ സങ്കല്പങ്ങൾക്കും അലസ മനോഭാവങ്ങ
ൾക്കും തീ കൊടുക്കുന്നവയാണ് രേണുകുമാറിന്റെ കവിതകൾ.
കവിതയെയും കാവ്യാസ്വാദനത്തെയും ആപത്കരമായ അറിവി
ലേക്കു നയിക്കുന്ന വ്യവഹാരമായി കാണുന്ന കവിതകളുടെ ഒരു
നിര സമീപകാലത്തെ മലയാളത്തിൽ വികസിച്ചു വന്നതായി
കാണാം. ആ നിരയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യങ്ങ
ളിലൊന്ന് രേണുകുമാറിന്റേതാണ് (പി.പി. രവീന്ദ്രൻ, വെഷക്കായ,
അവതാരിക പേജ് -5) . കവിതാരചനയും കവിതാസ്വാദനവും
ശക്തമായൊരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനമാണെന്ന്
തിരിച്ചറിയുന്ന കവിയാണ് രേണുകുമാർ. മൗലികമായ ഭാഷാ
പ്രയോഗത്തിലൂടെ ഒരു പുതിയ സ്വത്വകല്പനയ്ക്ക് അനുവാചകരെ
പ്രാപ്തരാക്കുന്ന പാർശ്വഭാവനയുടെ ഏറ്റവും കരുത്തുറ്റ പ്രാതിനിധ്യ
മാണ് രേണുകുമാറിന്റെ കവിത വഹിക്കുന്നതെന്ന പി.പി. രവീന്ദ്ര
ന്റെ അഭിപ്രായം ശ്രദ്ധേയമാണ്. യാഥാസ്ഥിതിക കാവ്യരചനാ
സമ്പ്രദായങ്ങളോടും വരേണ്യസൗന്ദര്യാവബോധത്തോടുമുള്ള
ഏറ്റുമുട്ടലുകൾ തന്നെയാണ് രേണുകുമാറിന്റെ കവിത.
സാമ്പ്രദായിക കാവ്യാസ്വാദനത്തിന്റെയും സങ്കല്പനങ്ങളുടെയും
അടിത്തറയിൽ വിള്ളലുകളേല്പിക്കുന്ന കവിതയാണ് നിന്നോടാെണനിക്കിഷ്ടം
രതി/ഹിംസ തുടങ്ങിയ പതിവു പ്രമേയങ്ങളിലൂടെതന്നെ
ഈ കവിത വികസിക്കുന്നു. എന്നാൽ ആവിഷ്കാര
രീതിയിലെ വ്യത്യസ്തതകൊണ്ട് ഈ കവിത വേറിട്ടു നിൽക്കുന്നു.
വലതുകൈ ഉറക്കം പിടിച്ചപ്പോൾ
ഇടതുകൈയോടു ഞാൻ പറഞ്ഞു:
നിന്നോടാണെനിക്കിഷ്ടം.
നീയാണല്ലോ
ആദ്യമായൊരുവളുടെ
പാവാടച്ചരടഴിച്ചു തന്നത്
വലതുകൈ അപ്പോഴ-
വളുടെ വായ പൊത്തുന്ന
തിരക്കിലായിരുന്നല്ലോ
…………………………………………..
…………………………………………..
ഇടതുകൈ മയങ്ങിയപ്പോൾ
വലതുകൈയോടു ഞാൻ പറഞ്ഞു
നിന്നോടാണെനിക്കിഷ്ടം
നീയാണല്ലോ
ആദ്യമായ് ഒരുവന്റെ
കഴുത്തു ഞെരിച്ചു തന്നത്.
ഇടതുകൈ അപ്പോൾ
അവന്റെ കീശയിൽ
പരതുകയായിരുന്നല്ലോ
(നിന്നോടാണെനിക്കിഷ്ടം)
കടുത്ത ജീവിതാനുഭവങ്ങളാണ് ഈ കവിയുടെ മൂലധനം.
ബാല്യകാല ദളിതാനുഭവങ്ങളുടെ പൊള്ളുന്ന വേലിയേറ്റങ്ങൾ
ഓരോ ഭാഷാചിഹ്നങ്ങളിലും കാവ്യബിംബങ്ങളിലും കവിതകളിലും
ഇരമ്പുന്നു.
പനി വരുമ്പോൾ
അമ്മയെ ഓർമ്മ വരും
മടിയിലുറക്കം
തുടയിൽ താളം
നോവുകളെ
കൊത്തിത്തിന്നുന്ന മൂളിപ്പാട്ട്
എരിവും ചൂടും
കുത്തി മറിയുന്ന ചുക്കുകാപ്പി
പൊടിയരിക്കഞ്ഞി
നാരങ്ങാ അച്ചാർ
……………………………….
……………………………..
പനി മാറിയാൽ
അപ്പനെ ഓർമ്മ വരും
കപ്പക്കറിയുടേയും
മത്തിപ്പീരയുടേയും മഞ്ഞ
പൊള്ളിച്ച കരിമീന്റെ മൊരി
പച്ചക്കുപ്പിയിലെ കള്ളിന്റെ മണം
(പച്ചക്കുപ്പി)
അച്ഛൻ അമ്മയെ മർദിക്കുമ്പോഴും സ്നേഹിക്കുമ്പോഴും
മറ്റൊരിടമില്ലാത്തതിനാൽ മുറിയുടെ മൂലയ്ക്കും അലമാരയുടെ
പിറകു വശത്തും പത്തായത്തിന്റേയും ഭിത്തിയുടേയും ഇടയി
ലുള്ള കറുത്ത വിള്ളലുകളിലും കവി ഒളിച്ചിരുന്നു. ഇരുട്ടും ഇരുട്ടു
മുറികളും ഒരു കാലത്തെ ദളിതർക്കുള്ള താവളങ്ങളായിരുന്നു.
അവർ എപ്പോഴും ഇരുട്ടിന്റെ ലോകത്തായിരുന്നു. ഇരുട്ടായിരുന്നു
അവർക്ക് പ്രിയം. വെളിച്ചവും പുറംലോകവും പൊതു ഇടങ്ങളും
ദളിതർക്ക് നിഷേധിക്കപ്പെട്ടിരുന്നല്ലോ. എന്നാൽ ഇന്ന് അവസ്ഥ
മുഴുവൻ മാറി. പുതിയ കാലത്തെയും പഴയ കാലത്തെയും വീടി
നെക്കുറിച്ചുള്ള മറക്കാനാവാത്ത ഓർമകൾ ‘ഓർമയെക്കുറിച്ച് ഒരു
കവിത’യിൽ ആവിഷ്കരിക്കുന്നു.
പുതിയ വീട്ടിൽ
ഒളിച്ചിരിക്കാൻ ഇടങ്ങളില്ല
ഭാര്യയോ കുട്ടികളോ
ഒച്ചയെടുക്കുമ്പോൾ
എനിക്ക് പഴയ വീടും
പറമ്പും ഓർമ്മ വരും
(ഓർമ്മയെക്കുറിച്ച് ഒരു കവിത)
ഓർമകളുടെ പെരുമഴകൾ രേണുകുമാറിന്റെ കവിതകളുടെ
ഇന്ധനമാണ്. കവിയുടെ സ്വത്വാവബോധത്തിന്റേയും എഴുത്തി
ന്റേയും രാഷ്ട്രീയ സാമൂഹ്യ നിലപാടുകളെയും നിർണയിക്കു
ന്നതും ഇതേ ഓർമകൾ തന്നെ.
അലിഞ്ഞുപോകില്ല
ചില പാടുക-
ളൊരു പെരുമഴയിലും
പിഴുതെടുക്കില്ല
ചില ചുവടുക-
ളൊരു വെള്ളപ്പാച്ചിലും
കെടുത്തുകയില്ല
ചില നാളങ്ങളെ
2013 ടയറധഫ ബടളളണറ 1 7
ഒരു കാറ്റിൻ കരുത്തും
പേറുകയില്ല
ചില വാക്കുകളെ
ഒരു ഭാഷയുടെ ലിപിയും
(അനന്യം)
വരേണ്യ സമൂഹവും വ്യവസ്ഥാപിതമായ സാഹിത്യവിചാരങ്ങ
ളും പാർശ്വവത്കരിച്ച വൈവിധ്യാനുഭവങ്ങളും ഭാഷാവ്യവഹാര
ങ്ങളും ദളിത് ജീവിതാവസ്ഥയുടെ സൂക്ഷ്മഭാവങ്ങൾ അഴിച്ചു
പണിയുന്നത് രേണുകുമാറിന്റെ കവിതകളിൽ കാണാം.
പുൽത്തകിടി തുരന്ന്
ചെമ്മണ്ണു നീക്കി
ചെളിമണ്ണു നീക്കി
കരിമണ്ണു കണ്ട്
വേനക്ക് പെണ്ണുങ്ങൾ
കൈകൊണ്ട് കുഴി കുത്തി
പുളിവെള്ളം കോരിക്കുടിച്ച
പാടത്തെത്താനെനിക്ക്
അര നൂറ്റാണ്ടെങ്കിലും വേണം
(വീഴുന്നിടം)
അപരിചിതമായൊരു ദളിത് ജീവിതകാഴ്ചയാണ് ‘ഐസ്
ബ്രേക്കിങ്’ എന്ന കവിത.
ചീനച്ചട്ടിയിലിട്ട്
ഉണക്കുമ്പോൾ
അടിവസ്ത്രം കരിഞ്ഞ
കഥ പറഞ്ഞ്
ചിരിച്ച് മണ്ണ് തപ്പുന്നു
(ഐസ് ബ്രേക്കിങ്)
ദളിത് അനുഭവലോകം സൗന്ദര്യാത്മകമായി അടയാളപ്പെടു
ത്തിയതോടെ പുതുകവിത ബഹുസ്വരമാകുകയും കൂടുതൽ
ജനാധിപത്യവത്കരിക്കപ്പെടുകയുമുണ്ടായി. പുതിയ കർതൃത്വങ്ങ
ളുടെ ഭാഷയും ജീവിതാവസ്ഥയും കാഴ്ചകളും സർഗാത്മകമായി
ആവിഷ്കരിച്ച രേണുകുമാറിന്റെ കവിതകൾ നമ്മുടെ പൊതു
ബോധത്തിലെ വരേണ്യ/അധീശത്വ സൗന്ദര്യ ശാസ്ത്രത്തെയും
കാവ്യഭാവുകത്വത്തെയും കീഴ്മേൽ മറിച്ചിടുന്നു.
അരിയിലെ
കല്ലുകൾ പോല
മറവികൾക്കിടയിൽ
അങ്ങിങ്ങായി ഓർമ്മകൾ
(ഓർമ്മയുടെ നിഴൽ)
കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകളിലെ പോലെ ഓർമകൾ
രേണുകുമാറിന്റെ കവിതകളിൽ തിളച്ചുയരുന്നു. പൊള്ളിയുരുകുന്ന
ഓർമകളെ ഈ കവിതകൾ ചരിത്രവത്കരിക്കുന്നു. ചരിത്രം
നിശ്ശബ്ദമാക്കിയവരുടെ ഓർമകളിൽ നിന്ന് മൂർച്ച കൂട്ടിയ അമ്പുകളാണ്
രേണുകുമാറിന്റെ കവിതകൾ. പൂപ്പൽ, വെള്ളപ്പൊക്കം,
പെയ്ത്, പച്ചക്കുപ്പി, അറ്റുപോകുന്നു, മഴക്കൂട്ടം, ഓർമ്മകളുടെ
നിഴൽ, കണ്ടുപിടുത്തം, മറന്നിട്ടില്ല, ഇല്ലികളിൽ മാത്രം അടിക്കുന്ന
കാറ്റുകൾ തുടങ്ങിയവയെല്ലാം ദൈന്യതയും ദുരിതവും നിറഞ്ഞ
ബാല്യകാലാനുഭവങ്ങളുടെ തീവ്രാവിഷ്കാരങ്ങളാണ്. തന്റെ
പാരമ്പര്യവും ഭൂതകാലാനുഭവങ്ങളും വർണക്കാഴ്ചകളുടേയോ
ആഘോഷത്തിമിർപ്പിന്റേയോ അല്ലെന്ന് തിരിച്ചറിയുന്ന കവിതയാണ്
പൂപ്പൽ.
ഒരു രാത്രി
ഉറങ്ങിയെണീറ്റപ്പോൾ
ബ്ലാക്ക് ആന്റ് വൈറ്റ്
ആയിപ്പോയി മൾട്ടി കളർ ജീവിതം.
…………………………………………..
…………………………………………..
ചുവരിലെ
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയിൽ
അപ്പന്റെയും അമ്മയുടെയും
ഇടയിൽ പൂപ്പൽ പിടിച്ച്
ഒരു മൂന്നു വയസ്സുകാരൻ
പിണങ്ങി തലകുനിച്ചു നില്പുണ്ട്.
(പൂപ്പൽ)
പാടവരമ്പിലൂടെ നടന്ന് പുഴക്കരയിൽ പരൽമീനിനെയും
വരാൽ മീനിനെയും കണ്ട് മഴയോടൊപ്പം ജീവിക്കുന്ന ഈ
കവിയുടെ കവിതകൾ (രേണുകുമാറിന്റെ മുഴുവൻ കവിതകളിലും
മഴ ബിംബങ്ങളുടെ നിറസാന്നിദ്ധ്യം കാണാം). ദളിത് ഗ്രാമീണ
ചിത്രങ്ങളുടെയും ഗ്രാമഭാഷയുടെയും ഭംഗിയും കരുത്തും സമൃദ്ധി
യും കാഴ്ചവയ്ക്കുന്നു. മായാത്ത ഓർമകളുടെ രേഖാചിത്രങ്ങൾ
രേണുകുമാർ കവിതയിൽ കോറിയിടുന്നു. കേരളീയ പൊതുബോധത്തത്തിൽ
ആഴ്ന്നിറങ്ങി നിൽക്കുന്ന സവർണ/വരേണ്യ കാവ്യ
ബിംബങ്ങളെയും പദാവലികളെയും ഈ കവി ബോധപൂർവം
തിരസ്കരിക്കുന്നു. മഴനൂല് മണ്ണിനോടും ഇലപ്പച്ച പുഴുവിനോടും
പറയുന്ന ഭീകര യാഥാർത്ഥ്യങ്ങളുടെ മന്ത്രധ്വനികൾ ഇതിനുമുമ്പ്
ഒരു കവിതയിലും നാം കേട്ടിട്ടില്ല. സ്വന്തം ചുറ്റുപാടുകളിലും
വ്യക്ത്യാനുഭവങ്ങളിലും കൺമുമ്പിൽ കാണുന്ന ജീവജാലങ്ങളി
ലും പ്രാദേശികതയിലും വികേന്ദ്രീകരണത്തിലും മാത്രം ശ്രദ്ധയൂ
ന്നുന്ന പുതുകവിതയുടെ ഭാവപരിസരം രേണുകുമാറിന്റെ
കവിതകൾ സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്നു.
ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ നമ്മുടെ ഭാഷാ
പ്രയോഗങ്ങളും നിത്യോപയോഗ വസ്തുക്കളും സാമൂഹ്യ സാംസ്കാരിക
ചിഹ്നങ്ങളുമെല്ലാം നാം ഉപയോഗിക്കാതായി. അതോടെ
അവ നമുക്കുതന്നെ അന്യമായി തുടങ്ങി. അന്യഗ്രഹ വൃത്താന്തം
എന്ന കവിത കേരളീയ സംസ്കാരത്തിന്റെ പൈതൃകത്തെയും
തനിമയെയും പാരമ്പര്യത്തെയും മറക്കുന്ന മലയാളികൾക്കുള്ള
ഒരു മുന്നറിയിപ്പാണ്. പിടിയൂരിപ്പോയ പിച്ചാത്തിയും നാക്കു
തേഞ്ഞു തീർന്ന ചിരവയും അരഞ്ഞരഞ്ഞ് വയറൊട്ടിയ അമ്മിക്ക
ല്ലും മരയുരലും വക്കൊടിഞ്ഞ മുറവും കൊരണ്ടിയും ഉലക്കയുമെല്ലാം
പുതിയ ജീവിത സാഹചര്യങ്ങളിൽ നമ്മളിൽനിന്നും
അപ്രത്യക്ഷമായി. ഇടങ്ങഴി, നാഴി, തവി, ഭസ്മത്തൊട്ടി
കോളാമ്പി, മൊന്ത തുടങ്ങിയ വീട്ടുപകരണങ്ങളെല്ലാം ഇന്നു
മ്യൂസിയം വസ്തുക്കളായി മാറി. നാക്കു തേഞ്ഞുതീർന്ന ചിരവത്ത
ടി/മുട്ടുകാലിൽ നിന്ന് അപേക്ഷിച്ചു/കൊത്തിക്കീറി വിറകെങ്കിലും
ആക്കണമേ എന്ന്. അരഞ്ഞരഞ്ഞ് വയറൊട്ടിയ അമ്മിക്കല്ല്/ഉപ്പും
മുളകുമേൽക്കാതെ/തരിശു കിടന്നു. വക്കൊടിഞ്ഞ മുറം/
പേറ്റിക്കളഞ്ഞ കല്ലിനെയും പതിരിനേയുമോർത്ത് തന്നത്താൻ
താളം പിടിച്ചു. മൂന്നുകാലിൽ മുടന്തി മുടന്തി വാതിൽക്കലോളമെ
ത്തി ഒരു കൊരണ്ടി പത്തായത്തിലേക്കു തന്നെ തിരിച്ചുപോയി.
പിടിയൂരിപ്പോയ പിച്ചാത്തി മുറ്റത്തേക്കിറങ്ങി അലക്കു കല്ലിന്റെ
ചുവട്ടിൽ മണ്ണിൽ പൂണ്ടുകിടന്ന് പ്രാർത്ഥിച്ചു/തുരുമ്പെടുത്തു
പോകണമേ എന്ന്. അന്യഗ്രഹവൃത്താന്തം എന്ന കവിതയിലെ
ഈ കാഴ്ചകളും വാർത്തകളും നമ്മൾതന്നെയും നമ്മുടെ മണ്ണിൽ
നിന്നും ഭാഷയിൽ നിന്നും സംസ്കാരത്തിൽനിന്നും അന്യപ്പെട്ടുപോകുന്നുവെന്ന
വസ്തുത വിളിച്ചു പറയുന്ന കവിതയാണ്. ആഗോള
കുത്തക മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും
അധിനിവേശത്തിൽ ഓരോ അടുക്കളയും ഇന്ന് കമ്പോള/
ഉപഭോഗ മുതലാളിത്തത്തിന്റെ പ്രദർശനശാലകളായി മാറുന്നു.
2013 ടയറധഫ ബടളളണറ 1 8
ഓരോ അടുക്കളയും ഇന്ന് സൂപ്പർമാർക്കറ്റുകളുടെ ചെറിയ പതിപ്പുകളാണ്.
മണ്ണിൽ നിന്നും ഭാഷയിൽ നിന്നും സാംസ്കാരിക പാരമ്പ
ര്യത്തിൽനിന്നും അകലുന്ന മനുഷ്യൻ ഇന്നു കേവലം മറ്റൊരു ചലി
ക്കുന്ന ഉപകരണമാണ്. പുത്തൻ കൊളോണിയലിസത്തിന്റെയും
കമ്പോള മുതലാളിത്തത്തിന്റെയും അധിനിവേശ രൂപങ്ങളെയും
അതിന്റെ നവലിബറൽ പ്രത്യയശാസ്ത്രത്തെയും പ്രതിരോധിക്കു
ന്ന ശക്തമായൊരു കവിതയാണ് അന്യഗ്രഹവൃത്താന്തം. ആധി
പത്യ/അധികാര വ്യവസ്ഥ ചവിട്ടിത്താഴ്ത്തിയവന്റെ ഓർമകളും
മുറിവേറ്റവന്റെ വേദനകളും നീതി നിഷേധിക്കപ്പെട്ടവന്റെ ആത്മ
രോഷങ്ങളും ചരിത്രം നിശ്ശബ്ദമാക്കപ്പെട്ട മർദിതന്റെ കേൾ
ക്കാതെ പോയ ഒച്ചകളും ഈ കവി കേൾക്കുന്നു.
ഓരോ
ചവിട്ടടിയിലും
ഒരാൾ
തുടിക്കുന്നുവെന്ന
നേര്
എന്റെ കാലുകളെ
പൊള്ളിക്കുന്നു
ഓരോ പുല്ലിലും
ഒരാൾ
ചുവയ്ക്കുന്നുവെന്ന
അറിവ്
എന്റെ
നാവിനെ
വറ്റിക്കുന്നു
(വ്രണിത ലിപി)
ദളിതരും ഇതര പാർശ്വവത്കൃതരും മറ്റും അഭിമുഖീകരിക്കുന്ന
പൊതുവായ സാമൂഹ്യപ്രശ്നങ്ങളെ രേണുകുമാറിന്റെ കവിത
പ്രതിനിധാനം ചെയ്യുന്നു. കറുത്തവരും പെണ്ണുങ്ങളും ദളിതരും
എല്ലാം അവരുടെ ശബ്ദം കേൾപ്പിക്കുന്നത് വിഭാഗീയത ഉണ്ടാക്കാനല്ല,
അവരിവിടെയുണ്ടെന്ന് ലോകത്തെ അറിയിക്കുകയാണ്
(പച്ചക്കുപ്പി, പേജ് 79) കവിയുടെ ലക്ഷ്യം. എരിയുന്ന നേരുകളും
കരിയുന്ന കാഴ്ചകളും രേണുകുമാറിന്റെ കവിതകളിൽ ആത്മരോഷത്തോടെ
തിളച്ചുമറിയുന്നു. നാഴികകല്ലുകളിൽ മറുഭാഷയുടെ
വ്രണിതലിപികൾ കോറിയിടുകയും ഗുഹാചിത്രങ്ങളിൽ ഉരുൾ
പൊട്ടലിന്റെ വിത്ത് ഒളിപ്പിച്ചവയ്ക്കുകയുമാണ് കവി.
ഒരു തരി മണ്ണ്
കാൽച്ചുവട്ടിലുണ്ടെങ്കിൽ
താനേ നിവർന്നു നിൽക്കാനാവും
(ഉണക്ക്)
എന്നുറക്കെ വിളിച്ചുപറയുന്ന ഈ കവിതകൾ ദളിത് രാഷ്ട്രീയ
ത്തിന്റെ ചങ്കുറപ്പും ദളിതാവബോധത്തിന്റെ മറുഭാഷണവും
സൗന്ദര്യശാസ്ത്രവുമാണ്.
എല്ലാ കാലുകളിലും
കൊടുങ്കാറ്റ്
ആവേശിക്കുന്നതുവരെ
എല്ലാ കടലുകളെയും
കറുപ്പ് വിഴുങ്ങുന്നതുവരെ
ഞങ്ങൾ ഉറങ്ങുന്നില്ല.
(മുഴുമിപ്പിക്കാത്ത മുപ്പതുകളിൽ)
പച്ചമണ്ണിന് ഉടലുകൊണ്ട് തണൽ നൽകുന്ന രേണുകുമാറിന്റെ
കവിതകൾ പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെയും ദളിത്
സൗന്ദര്യവിചാരങ്ങളുടെയും പ്രതിരോധപാഠങ്ങളാണ്.